ഏതൊരു തർക്കവും കോടതിയിലെത്തുമ്പോൾ, പ്രതിഭാഗം വക്കീലിനറിയാം തർക്കസംഗതിയിലെ നിജസ്ഥിതി എന്താണെന്ന്. വാദിഭാഗത്തിന്റെ വക്കീലിനും അതറിയാം. പ്രതിഭാഗവും വാദിഭാഗവും അവരവരുടെ കയ്യിലുള്ള തെളിവുകൾ നിരത്തി ശക്തമായി തങ്ങളുടെ പക്ഷത്തിന് വേണ്ടി വാദിക്കും. സംശയാതീതമായി കുറ്റം തെളിയിക്കാൻ വാദിഭാഗത്തിന് ആയിട്ടില്ലെന്ന് പ്രതിഭാഗം വക്കീൽ വാദിക്കും. യാതൊരു സംശയവുമില്ലാതെ പ്രതിക്കെതിരെ ഉള്ള കുറ്റം തെളിഞ്ഞിരിക്കുന്നു എന്നു വാദിഭാഗവും വാദിക്കും. വിട്ടയക്കണമെന്ന് പ്രതിഭാഗവും പരമാവധി ശിക്ഷ കൊടുക്കണമെന്ന് വാദിഭാഗവും പറയും. കോടതി മുറിയിൽ നിരന്തരം ജഡ്ജിമാർ നേരിടുന്ന ഈ പ്രതിസന്ധിയെ കുറിച്ചാണ് ഡൽഹി ഹൈക്കോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ് ജെ ആർ മിധ തന്റെ വിടവാങ്ങൽ പ്രഭാഷണത്തിൽ പറഞ്ഞത്. " In the Court of justice, both the parties know the truth. It's the Judge who is on trial". ഇത് സർവ്വസാധാരണമായ കോടതി വ്യവഹാരങ്ങളുടെ കഥയാണ്.
സംശയത്തിന്റെ നിഴലിലാകുന്നവർ അതാരായാലും സ്വയം ഒഴിവാകുന്നില്ലെങ്കിൽ അവരെ ഒഴിവാക്കി നിർത്തുന്നതാണ് ഭംഗിയും ഔചിത്യവും. എവിടെയും അതാണ് ശരി.
സ്ത്രീയുമായി ബന്ധപ്പെട്ട ലൈംഗികപീഡന പരാതികളിൽ പതിവായി ഇരയോടൊപ്പം ചേർന്നുനിൽക്കുന്ന സ്ത്രീവാദികളിൽ ചിലർ ഈ അടുത്ത കാലത്ത് മറുപക്ഷം ചേരുകയും മറുപക്ഷത്തിന് വേണ്ടി ഘോരമായി വാദിക്കുകയും ചെയ്യുകയുണ്ടായി. ശരിയാണ്, എല്ലായ്പോഴും ഇര സ്ത്രീ തന്നെ ആയിക്കൊള്ളണമെന്നില്ല. സ്ത്രീവാദിയായത് കൊണ്ടുമാത്രം ഒരാൾ സ്ത്രീയോടൊപ്പം തന്നെ എല്ലായ്‌പോഴും നിലപാടെടുത്തു കൊള്ളണമെന്നുമില്ല. അതൊക്കെ വ്യക്തിയുടെ കാഴ്ചയുടെയും വിലയിരുത്തലുകളുടെയും സ്വാതന്ത്ര്യം. അതിൽ ചോദ്യമില്ല. ഈ സാഹചര്യത്തിലാണ് പാഠഭേദം മാസികയുടെ സെപ്തംബർ ലക്കം എഡിറ്റോറിയൽ വായിക്കാനിടയായത്.
'നിരപരാധിത്വം ഒരു മനുഷ്യനെക്കുറിച്ചുള്ള സ്വാഭാവിക അനുമാനവും കുറ്റകൃത്യം അയാളുടെ പേരിൽ തെളിയിക്കപ്പെടേണ്ടതുമാണ് എന്നത് പ്രാഥമികമായ മനുഷ്യാവകാശമാണ് ' എന്ന് പാഠഭേദം എഡിറ്റോറിയൽ ശരിയായിത്തന്നെ പറയുന്നു. ഇതിൽ യാതൊരു സംശയവുമില്ല. പ്രതിക്കും വാദിക്കും ഒരേ പോലെ applicable ആയ കാര്യം തന്നെ. പക്ഷേ, എല്ലായ്പോഴും എല്ലാ പീഡനകേസുകളിലും നമ്മുടെ നിലപാട് ഇത് തന്നെയായിരുന്നുവോ? മറ്റനേകം പ്രശ്നങ്ങളിലും ഇതേ മനുഷ്യാവകാശ പരിഗണന കൊടുത്തിട്ടുണ്ടോ ? പാഠഭേദം തുടരുന്നു ,''ഒരു ആഭ്യന്തര അന്വേഷണ സംവിധാനവും നിയമക്കോടതി തന്നെയും പ്രഥമദൃഷ്ട്യാ കുറ്റക്കാരനായി കാണാത്ത ഒരാളെ, ശബ്ദകോലാഹലത്തിന്റെ വ്യാപ്തിയുടെ പേരിൽ കുറ്റവാളിയായി പരിഗണിക്കണം, ഏതെങ്കിലും നിയമ സംവിധാനം എന്നെങ്കിലും അത്തരമൊരു നിഗമനത്തിൽ എത്തിയാലോ എന്ന സാധ്യതയുടെ പേരിൽ അയാളെ മാറ്റിനിർത്തണമെന്ന വിചിത്രയുക്തിക്കു കീഴടങ്ങാൻ പാഠഭേദം വിസമ്മതിക്കുന്നു". ഇതെങ്ങനെ ശരിയാകും? ഇവിടെ ചില പ്രശ്നങ്ങളുണ്ട്.
ഒന്നാമതായി, അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ മാത്രമിരിക്കുന്ന ഒരു കേസിൽ പ്രതിക്ക് മുൻകൂർ ജാമ്യം ലഭിച്ചു എന്നതുകൊണ്ടു മാത്രം 'പ്രഥമദൃഷ്ട്യാ' കുറ്റക്കാരനല്ല എന്ന പാഠഭേദത്തിന്റെ കണ്ടെത്തൽ നിലനിൽക്കുന്നതല്ല. പ്രതി ചേർക്കപ്പെട്ട വ്യക്തി ഇപ്പോഴും സംശയത്തിന്റെ നിഴലിൽ തന്നെയാണെന്ന് ചുരുക്കം.
രണ്ടാമത്, ശബ്ദ കോലാഹലത്തിന്റെ വ്യാപ്തിയാണ്. അതൊരാളെ കുറ്റക്കാരനാക്കുവാനോ കുറ്റക്കാരനല്ലാതാക്കുവാനോ ഉപയോഗിച്ചു കൂടാ. തങ്ങളുടെ ഭാഗത്തിന്റെ 'സത്യങ്ങൾ' സ്ഥാപിക്കാൻ വേലിക്കിരുപുറവും നിന്ന് പ്രഖ്യാപിത സ്ത്രീവാദികൾ കോടതി മുറിയിലെന്നത് പോലെ വാദവും മറുവാദവുമായി ശബ്ദ കോലാഹലമുണ്ടാക്കി തമ്മിലടിക്കുകയാണ്. സമൂഹത്തിൽ ഉന്നതനിലയിലുള്ളവരും ഭാഷാശക്തിയും ചിന്താശേഷിയും കൊണ്ട് സാംസ്കാരിക ഇടങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുമാണിവരെല്ലാം. ഇവിടെ സാധാരണ പൊതുജനം ജസ്റ്റിസ് മിഥയുടെ അവസ്ഥയിലായിപ്പോകുന്നു.
കോടതിയിൽ എത്തിയ വിഷയം കോടതിയിൽ ഒരു തീർപ്പാക്കുന്നതു വരെ ക്ഷമിക്കുന്നതാണ് ഉചിതം.
ഓരോ കേസെടുക്കുമ്പോഴും വക്കീലിന് ഒരു ന്യായം കാണും. അതിലെ ന്യായാന്യായങ്ങൾ വിലയിരുത്താൻ ഒരു അമ്പയറുമുണ്ടാകും. പക്ഷേ കോടതിമുറിക്ക് വെളിയിൽ നടക്കുന്ന ഇത്തരം പക്ഷംചേർന്നുള്ള പോരടിക്കലിൽ ആർക്കാണ് അമ്പയറാകാനാവുക? ന്യായാന്യായങ്ങൾ വിലയിരുത്താനാവുക? വ്യക്തിനിഷ്ഠമായി മാത്രം, വസ്തുതകളെ സമീപിക്കുമ്പോൾ നഷ്ടമാകുന്നത് സമൂഹത്തിൽ അവർക്കും അവരുടെ നിലപാടുകൾക്കും ഉണ്ട് എന്നവർ അഭിമാനിക്കുന്ന സ്വീകാര്യതയാണ്. ഇക്കാലമത്രയും ലോകത്തെവിടെയുമുള്ള ഇരയായ സ്ത്രീയോടൊപ്പമെന്ന നയം പ്രഖ്യാപിച്ചിരുന്നവർ പെട്ടെന്ന് എന്തോ കണ്ട് ഭയന്നിട്ടെന്ന പോലെ മറുഭാഗം ചേരുന്നു. നിലപാട് അതാകാം. പക്ഷേ, പിന്തുടർന്നു പോന്ന നിലപാടുകളുമായി ഒരു നൈരന്തര്യം ദൗർഭാഗ്യവശാൽ കാണുന്നില്ല. വളരെ ഗൗരവമേറിയ വിഷയത്തെ കുറിച്ചുള്ള തർക്കങ്ങൾ വെറുമൊരു വേലിക്കൽപോരിന്റെ തലത്തിലേക്ക് ചെന്നെത്തിയിരിക്കുന്നു എന്നത് സങ്കടകരമാണ്.
പ്രഖ്യാപിത സ്ത്രീവാദികൾ കോടതി മുറിയിലെന്നതു പോലെ വാദവും മറുവാദവുമായി ശബ്ദ കോലാഹലമുണ്ടാക്കി തമ്മിലടിക്കുന്നു
ആരോഗ്യകരമായ സംവാദസാധ്യതകൾ തുറന്നു വരണം. അത് നല്ലതു തന്നെ. കോടതിയിൽ എത്തിയ വിഷയം കോടതിയിൽ ഒരു തീർപ്പാക്കുന്നതു വരെ ക്ഷമിക്കുന്നതാണ് ഉചിതം. അല്ലാതെയുള്ളതൊക്കെ വേലിക്കൽ നിന്നുള്ള പരസ്പരപുലഭ്യം പറച്ചിൽ മാത്രമാകും. നഷ്ടപ്പെടുന്നത് വിശ്വാസ്യതയാണ്. ഇതൊക്കെ പറയുമ്പോഴും ഒരു കാര്യമുണ്ട്. സംശയത്തിന്റെ നിഴലിലാകുന്നവർ അതാരായാലും സ്വയം ഒഴിവാകുന്നില്ലെങ്കിൽ അവരെ ഒഴിവാക്കി നിർത്തുന്നതാണ് ഭംഗിയും ഔചിത്യവും . എവിടെയും അതാണ് ശരി.