OPINION

വായ്പാ പരിധി വെട്ടിക്കുറയ്ക്കൽ: കേന്ദ്രതീരുമാനത്തിന് പിന്നിൽ രാഷ്ട്രീയം, ലക്ഷ്യം കേരളമെന്ന ആശയത്തെ ഇല്ലാതാക്കൽ

കേരളത്തിൻ്റെ വായ്പാ പരിധി വെട്ടിക്കുറച്ചത് വിവാദമായിരിക്കുകയാണ്. ഇത് ഫെഡറലിസത്തിനെതിരാണെന്നും ധനകേന്ദ്രീകരണമാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നും കണക്കുകളുടെ അടിസ്ഥാനത്തിൽ വാദിക്കുന്നു ഗവേഷകനായ ലേഖകൻ

എം ഗോപകുമാർ

ഫെഡറലിസത്തിന്റെ അടിസ്ഥാനശിലകളില്‍ പ്രധാനമാണ് ധനവിന്യാസത്തിലെ നീതി. ഭരണഘടന ഫെഡറല്‍ ധനവിന്യാസത്തിനു സ്വതന്ത്ര സംവിധാനമാണ് വ്യവസ്ഥ ചെയ്തത്. ധനകേന്ദ്രീകരണം ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തെ അപകടപ്പെടുത്തുമെന്ന ആശങ്ക ഭരണഘടനാ നിര്‍മാണവേളയില്‍ തന്നെ ഉയര്‍ന്നിരുന്നു. ഏറിയ പങ്കും നികുതി അധികാരങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഈ ആശങ്കയുടെ പ്രതിഫലനമാണ് നികുതി പങ്കുവയ്ക്കുന്നതിനുള്ള സ്വതന്ത്ര ഭരണഘടനാ സംവിധാനമായ ധനക്കമ്മീഷന്‍. നികുതി പങ്കുവയ്പ് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏതെങ്കിലും സംവിധാനത്തെ ഏല്‍പ്പിക്കുകയല്ല ഭരണഘടന ചെയ്തത്. മറിച്ച് അനുച്ഛേദം 280 പ്രകാരം സ്വതന്ത്രമായ ധനക്കമ്മീഷനെ ചുമതലപ്പെടുത്തുകയാണ് ചെയ്തത്. ധനക്കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ തന്നെ ഭരണഘടന വ്യവസ്ഥ ചെയ്തു. എന്നാല്‍ ഓരോ ഘട്ടത്തിലും രാഷ്ട്രപതി നിശ്ചയിക്കുന്ന മറ്റു കാര്യങ്ങളും പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടുത്താമെന്ന വ്യവസ്ഥ പില്‍ക്കാലത്ത് കേന്ദ്രസര്‍ക്കാരുകള്‍ ദുരുപയോഗം ചെയ്യുന്നതാണ് കണ്ടത്. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയകക്ഷിയുടെ പ്രത്യയശാസ്ത്ര സമീപനങ്ങളും സാമ്പത്തികനയവും സംസ്ഥാനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള ഉപകരണമായി ധനക്കമ്മീഷനുകളെ മാറ്റുന്ന നില വന്നു. ഈ സമീപനത്തിന്റെ സൃഷ്ടിയാണ് ധന ഉത്തരവാദിത്ത നിയമങ്ങളും യാന്ത്രിക ധനസൂചക നിര്‍ണയങ്ങളും.

യാന്ത്രിക ധനസൂചകങ്ങളുടെ രാഷ്ട്രീയം

പൊതു ധനകാര്യത്തിന്റെ 'പവിത്രമായ' മനദണ്ഡങ്ങളായി റവന്യൂക്കമ്മിയും ധനക്കമ്മിയും മറ്റും മാറുന്ന ചിത്രം ഇങ്ങനെ വന്നു ചേരുന്നതാണ്. യാന്ത്രികമായ കമ്മിക്കണക്കുകള്‍ സര്‍ക്കാരിന്റെ, പ്രത്യേകിച്ച് സംസ്ഥാന സര്‍ക്കാരുകളുടെ, ധന ആരോഗ്യത്തിന്റെ ഏക സൂചകമായി മാറുന്ന വ്യവഹാര രീതിയാണ് പിന്നീട് കാണുന്നത്. ശതമാനക്കണക്കില്‍ നിഷ്‌കര്‍ഷിക്കപ്പെടുന്ന ഈ സൂചകങ്ങളുടെ പവിത്രത എങ്ങനെ വരുന്നുവെന്ന ചോദിക്കുന്നതുപോലും ധന അരാജകത്വത്തിന്റെ അടയാളമായി മാറി. ധനഅച്ചടക്കം വേണ്ട എന്നൊന്നുമല്ല വാദിക്കുന്നത്. അതേസമയം ഈ യാന്ത്രികനിര്‍ണയം ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്ര നിര്‍മിതിയാണെന്നു തന്നെ മറന്നുകൊണ്ടുള്ള ആഖ്യാനങ്ങളാണ് നടക്കുന്നതെന്നു പറയുകയാണ്. സമ്പദ്ഘടനയിലും സമൂഹവ്യവഹാരങ്ങളിലും സര്‍ക്കാര്‍ എത്രത്തോളം ഇടപെടണം? മിനിമം ഇടപെടലാണോ അഭിലഷണീയം? അതായത് ഒരു പോലീസ് സ്റ്റേറ്റ് എന്നതില്‍ കവിഞ്ഞ് നാടിന്റെ ഭാവിയില്‍ നിശ്ചിത രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഇടപെടേണ്ടതുണ്ടോ? അതിന്റെ കാര്യമില്ല, അതു വിപണിയും മറ്റും നോക്കിക്കൊള്ളുമെന്നു വന്നാല്‍ സര്‍ക്കാര്‍ ഇടപെടല്‍ മിനിമം മതി. ഈ സര്‍ക്കാരിന് യാന്ത്രിക ധനസൂചകങ്ങളില്‍ കുടുങ്ങിക്കിടക്കാം. അതല്ല, സമ്പദ് ഘടനയില്‍ രാഷ്ട്രീയലക്ഷ്യത്തോടെ ഇടപെടുകയെന്നതാണ് അജണ്ടയെങ്കില്‍ ധനപരമായ യാന്ത്രികത അസ്വീകാര്യമാകും. ധനസൂചകങ്ങളുടെ നമ്പറില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ യാന്ത്രികത. ഒരു മഹാമാരി നാടിനെ പിടികൂടി മനുഷ്യര്‍ പലായനം ചെയ്യുന്ന സ്ഥിതിയിലും ഈ യാന്ത്രിക ധനയുക്തികള്‍ എടുത്തുവച്ച് പയറ്റുന്ന രീതി ആഘോഷിക്കപ്പെടുന്നത് കാണാം. ആഹാരവും ചികിത്സയും കടംവാങ്ങി നല്‍കി തലമുറകളെ കടത്തിലാക്കിയില്ലേയെന്ന ചോദ്യം ഇതാണ് വിളംബരം ചെയ്യുന്നത്.

രാഷ്ട്രീയ - സാമ്പത്തിക നയങ്ങളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന സംവിധാനമാണ് സംസ്ഥാന സര്‍ക്കാരുകള്‍. അവയുടെ മാന്‍ഡേറ്റ് ഈ സമീപനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുക എന്നതാണ്. അവയ്ക്കു ഫിസ്‌കല്‍ റെസ്‌പോൺസിബിലിറ്റി ഇല്ല, അവ നിരുത്തരവാദ സംവിധാനങ്ങളാണെന്നതും അവര്‍ സാമന്തന്മാരെപ്പോലെ അനുസരിച്ചുകൊള്ളണം, ഇല്ലെങ്കില്‍ അടിച്ചേല്‍പ്പിക്കുമെന്നതും എല്ലാം ധന, രാഷ്ട്രീയ അമിത കേന്ദ്രീകരണത്തിന്റെ യുക്തികളാണ്.

ഇന്ത്യ ഒരു ബഹുസ്വര രാജ്യമാണെന്നതു പോലെ തന്നെ, നമ്മുടെ വികസനദശകളിലുള്ള വൈജാത്യവും അതിപ്രധാനമാണ്. അല്ലെങ്കില്‍ ഈ ബഹുസ്വരതയില്‍ വികസന വൈജാത്യവും ഉള്‍പ്പെടുമെന്നു കാണണം. ഏതൊരു വികസനമേഖല എടുത്താലും രാജ്യത്തിനാകമാനം ഒരേപോലെ തുന്നിവയ്ക്കാവുന്ന രീതികളില്ലെന്നതു മനസ്സിലാക്കണം. ഇവിടെയാണ് യാന്ത്രികമായ ധന മാനദണ്ഡങ്ങള്‍ രാഷ്ട്രീയമായി അസ്വീകാര്യമാകുന്നത്. രാഷ്ട്രീയ - സാമ്പത്തിക നയങ്ങളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന സംവിധാനമാണ് സംസ്ഥാന സര്‍ക്കാരുകള്‍. അവയുടെ മാന്‍ഡേറ്റ് ഈ സമീപനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുകയെന്നതാണ്. അവയ്ക്കു ഫിസ്‌കല്‍ റെസ്‌പോൺസിബിലിറ്റി ഇല്ല, അവ നിരുത്തരവാദ സംവിധാനങ്ങളാണെന്നതും അവര്‍ സാമന്തന്മാരെപ്പോലെ അനുസരിച്ചുകൊള്ളണം, ഇല്ലെങ്കില്‍ അടിച്ചേല്‍പ്പിക്കുമെന്നതും എല്ലാം ധന, രാഷ്ട്രീയ അമിത കേന്ദ്രീകരണത്തിന്റെ യുക്തികളാണ്.

എടുത്താല്‍ പൊങ്ങാത്ത സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ എന്തിനാണ് തലയിലേറ്റുന്നതെന്ന കേന്ദ്ര ഭരണകക്ഷി നേതാവിന്റെ ചോദ്യം ഈ രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്ന ഒന്നാണ്. കേന്ദ്ര സര്‍ക്കാര്‍ വായ്പാ അനുമതി തരുന്നില്ലെന്നു പറയുമ്പോള്‍ നിങ്ങള്‍ എന്തിനാണ് ഈ വായ്പയും കാത്തിരിക്കുന്നതെന്നു ചോദിക്കുന്ന പൊതുബോധ നിര്‍മിതിയാണ് ഇവിടെ നടക്കുന്നത്. പൊതു ധനകാര്യത്തില്‍ deficit financing എന്നു പറയുന്നത് വ്യക്തികള്‍ കടം എടുക്കുന്നത് പോലെയല്ലെന്നു പറഞ്ഞാലും ഈ പൊതുബോധ നിര്‍മിതി തുടര്‍ന്നുകൊണ്ടേ ഇരിക്കും. അറിഞ്ഞോ അറിയാതെയോ മുകളില്‍ പറഞ്ഞ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ധര്‍മമാണ് ഈ ആഖ്യാനങ്ങള്‍ നിര്‍വഹിക്കുന്നത്.

വെട്ടിക്കുറയ്ക്കുന്നത് വികസനവും ക്ഷേമവും

ധന ഉത്തരവാദിത്ത നിയമങ്ങള്‍ വഴി അടിച്ചേല്‍പ്പിക്കുന്ന യാന്ത്രിക ധനസൂചകങ്ങളെ രാഷ്ട്രീയമായി എതിര്‍ക്കുമ്പോഴും ഈ ചട്ടക്കൂടില്‍നിന്ന് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാപരമായി ബാധ്യസ്ഥമാണ്. റവന്യൂ ധനക്കമ്മികളും ആകെ ബാധ്യതയും എല്ലാം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ക്രമീകരിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സ്റ്റേറ്റിന് തോന്നുംപടി വായ്പയെടുക്കാനാകില്ല, കേന്ദ്ര സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. ധന ഉത്തരവാദിത്ത നിയമങ്ങള്‍ അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ഒറ്റയടിക്ക് കൈവരിക്കുകയെന്ന സമീപനം ധനകാര്യ കമ്മീഷനുകള്‍ തന്നെ സ്വീകരിച്ചിട്ടില്ല.

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ മുന്നോട്ടുവച്ച റോഡ് മാപ്പ് പ്രകാരം 2025-26 ല്‍ കേന്ദ്ര സര്‍ക്കാര്‍ റവന്യൂക്കമ്മി 2.8 ശതമാനമാക്കണമെന്നാണ് നിര്‍ദേശിക്കുന്നത്. ധനക്കമ്മി ഇതേ വര്‍ഷം നാല് ശതമാനാവും ആകെ കടബാധ്യത 56.6 ശതമാനമാക്കണം എന്നുമാണ് നിഷ്‌കര്‍ഷിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ ധനക്കമ്മി 2022-23 ല്‍ 3.5 ശതമാനമാകാമെന്നും തുടര്‍ന്ന് ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനത്തില്‍ നിര്‍ത്തണംമെന്നുമാണ് ധനക്കമ്മീഷന്‍ നിര്‍ദേശം. അതേസമയം 2023-2024 ല്‍ വൈദ്യുത വിതരണ കമ്പനികളുടെ ഘടനാപരമായ പരിഷ്‌കരണത്തിനു വിധേയമായി 0.5 ശതമാനം അധിക വായ്പയും ധനക്കമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക രാഷ്ട്രീയ നയങ്ങള്‍ സംസ്ഥാനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ധനക്കമ്മീഷനെ ആയുധമാക്കുന്ന രീതിയാണ് ഇത്. നിയമപ്രകാരം റവന്യൂക്കമ്മി 0 ആക്കുകയും വേണം. ഈ റോഡ് മാപ്പ് വച്ച് കേന്ദ്രസര്‍ക്കാരിന്റെ കമ്മിക്കണക്കുകള്‍ നോക്കിയാലോ? 2022-23 ലെ റവന്യൂക്കമ്മി 4.1 ശതമാനവും ധനക്കമ്മി 6.4 ശതമാനവുമാണ്. ബജറ്റ് വെളിപ്പെടുത്തല്‍ അനുസരിച്ചു തന്നെ ആകെ കടം ദേശീയ വരുമാനത്തിന്റെ 57 ശതമാനമാണ്.

കേരളത്തിന് 2022-2023 ല്‍ ഈ റോഡ് മാപ്പ് പ്രകാരം 3.5 ശതമാനം വായ്പ്പ അനുവദിക്കണമല്ലോ? കേന്ദ്രം അനുവാദം തന്നത് എത്രയാണ്? അക്കൗണ്ടന്റ് ജനറല്‍ പുറത്തുവിട്ട താല്‍ക്കാലിക ധനസൂചകങ്ങള്‍ പ്രകാരം ധനക്കമ്മി 2.22 ശതമാനമായി കുറഞ്ഞു. ധനക്കമ്മി 2.22 ശതമാനമായി കുറയുമ്പോള്‍ എന്താണ് സംഭവിക്കുന്നത്. ഇങ്ങനെ കുറഞ്ഞ 0.78 ശതമാനം വായ്പയെന്നു പറഞ്ഞാല്‍ എത്ര രൂപ വരും? 7939.40 കോടി രൂപ. നാം ബജറ്റ് ചെയ്ത 3.61 ശതമാനവുമായി തട്ടിച്ചു നോക്കിയാല്‍ എത്ര രൂപ കുറയും? 1.39 ശതമാനമാണ് കുറഞ്ഞത്.അത് 14148. 42 കോടി രൂപ വരും. നമ്മുടെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ചെലവ് ആണ്ടില്‍ 9500-10000 കോടി രൂപയാണെന്നു മനസ്സിലാക്കുമ്പോഴാണ് ഈ തുകയുടെ വലുപ്പം വ്യക്തമാകുന്നത്. കേരളത്തിലെ മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന പൊതു പ്രതീതി എന്താണ്? റിസര്‍വ് ബാങ്ക് നല്‍കുന്ന കൈവായ്പയായ ways and means advance ഉം overdraft ഉം പോലും എന്തോ മഹാ അപരാധമാണ് എന്നതല്ലേ? ചുരുക്കത്തില്‍ ഇതു പോലും എടുക്കാന്‍ പറ്റാത്ത ഒരു യാഥാസ്ഥിതിക കെട്ടുപാടില്‍ നാം പെടുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലമെന്താണ്? അനിവാര്യമായ ചെലവുകള്‍ക്കു പണം സമയത്ത് കണ്ടെത്താന്‍ കഴിയാത്ത നില വരും.

കിഫ്ബി എറ്റെടുത്ത പദ്ധതികളിൽ 21346 കോടി രൂപയുടെത് വരുമാനം ഉണ്ടാക്കുന്ന പദ്ധതികളാണ്. പദ്ധതികളാണ് ( 28.88% )
നേരത്തെ സംസ്ഥാനത്തിന്റെ കടപരിധിയെന്നതു പൊതുകടമായിരുന്നു. 2017 ആയപ്പോഴേക്കും ട്രഷറിയില്‍ ആളുകള്‍ സൂക്ഷിയ്ക്കുന്ന പണവും ഇതില്‍പ്പെടുമെന്നായി. ഇപ്പോള്‍ അവിടെനിന്ന് പിന്നെയും പോകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പയും കടപരിധിയില്‍ ഉള്‍പ്പെടുത്തുമെന്നായിരിക്കുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷം 3.5 ശതമാനം വായ്പയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നാണ് ധനക്കക്കമ്മീഷന്‍ ശുപാര്‍ശ. അങ്ങനെ കേരളം പൊതുകടം വഴിയുള്ള (Public Debt) വായ്പാ വരുമാനമായി ബജറ്റ് ചെയ്തത് 28,552 കോടി രൂപയാണ്. ഇതാണ് കേന്ദ്ര ധനമന്ത്രാലയം 15,390 കോടി രൂപയായി വെട്ടിക്കുറച്ചത്. ഇനി മൂന്ന് ശതമാനമേ അനുവദിക്കൂയെന്നു വന്നാല്‍ തന്നെ 8,000 കോടി രൂപയാണ് ഒറ്റയടിക്ക് കുറയ്ക്കുന്നത്. നികുതിയിലും ഗ്രാന്റിലും അനുഭവിക്കുന്ന വിവേചനത്തോടൊപ്പം ഈ കെടുതി കൂടി അടിച്ചേല്‍പ്പിക്കുകയാണ്.

എന്താണ് ന്യായം?

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പ കുറവ് ചെയ്യുകയാണെന്ന ന്യായമാണല്ലോ പറയുന്നത്? ബജറ്റിനു പുറത്തുള്ള വായ്പ അഥവാ Extra budgetary Resources എന്നതിനു നിയതമായ അര്‍ത്ഥമുണ്ട്. ബജറ്റിലെ ചെലവുകള്‍ ചെയ്യാന്‍ ബജറ്റിന് പുറത്തുനിന്ന് കണ്ടെത്തുന്ന പണമെന്നതാണ് ഇതിന്റെ അര്‍ത്ഥം. അനുവദിച്ച വായ്പാ പരിധി (net borrowing ceiling - NBC) കേരളം ലംഘിക്കുന്നു. കള്ളത്തരത്തില്‍ കടം മേടിക്കുന്നു. അതിനുള്ള കുറുക്കു വഴിയാണ് കിഫ്ബി. കിഫ്ബിയുടേത് off Budget borrowing/Extra Budgetary Resources ആണ്. അതു ഞങ്ങള്‍ പിടിക്കും. ഇതാണല്ലോ കേന്ദ്രം പറയുന്നത്. നേരത്തെ സംസ്ഥാനത്തിന്റെ കടപരിധി എന്നതു പൊതുകടമായിരുന്നു. 2017 ആയപ്പോഴേക്കും ട്രഷറിയില്‍ ആളുകള്‍ സൂക്ഷിയ്ക്കുന്ന പണവും ഇതില്‍പ്പെടുമെന്നായി. ഇപ്പോള്‍ അവിടെനിന്ന് പിന്നെയും പോകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പയും കടപരിധിയില്‍ ഉള്‍പ്പെടുത്തുമെന്നായിരിക്കുന്നു.

എന്താണീ off Budget borrowing? കേന്ദ്ര സര്‍ക്കാരിന്റെ Status Paper on Government Debt നിര്‍വചിക്കുന്നതിങ്ങനെയാണ്. മുതലും പലിശയും ബജറ്റില്‍നിന്ന് നല്‍കേണ്ടുന്ന പൊതു മേഖലാ വായ്പകളാണ് off Budget borrowing എന്നുപറയുന്നത്. കിഫ്ബി വായ്പയുടെ മുതലും പലിശയും നല്‍കുന്നതു ബജറ്റില്‍ നിന്നല്ലല്ലോ? പിന്നെ എങ്ങനെയാണ് തിരിച്ചടവ്? സര്‍ക്കാര്‍ കിഫ്ബിക്ക് നിശ്ചിത നികുതി വിഹിതം നല്‍കുന്നുണ്ട്. കിഫ്ബി ഏറ്റെടുത്ത പദ്ധതികളില്‍ വരുമാനം ഉണ്ടാക്കുന്നവയമുണ്ട്. 21,346 കോടി രൂപയുടെ പദ്ധതികള്‍ ഇത്തരം revenue generating പദ്ധതികളാണ് (28.88%). ഇവയില്‍നിന്ന് ഇതുവരെ 1000 കോടിയോളം രൂപ വരുമാനം ലഭിച്ചിട്ടുമുണ്ട്. ഇതാണ് തിരിച്ചടവ് മാര്‍ഗം. അപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍വചനപ്രകാരം കിഫ്ബി വായ്പ off Budget borrowingല്‍ പെടില്ല. എന്നാല്‍ ഇതും പറഞ്ഞു കേരളത്തെ വരിഞ്ഞു മുറുക്കാനിറങ്ങുന്ന കേന്ദ്രസര്‍ക്കാരിന്റെ annuity ബാധ്യത 2022-23 ല്‍ 44051 കോടി രൂപയായിരുന്നു. ( 2021-22 വരെയുള്ള കുടിശിക 38,775.72 കോടി രൂപയും തന്‍വര്‍ഷ ബാധ്യത 5,275.88 കോടി രൂപയും. വാര്‍ഷിക ഗഡു ബാധ്യതയാണിത്. ആകെ annuity commitment 8.5 ലക്ഷം കോടി രൂപയാണ്. NHAI റോഡു പണിയാന്‍ എടുക്കുന്ന കടം കേന്ദ്രത്തിന്റെ ബാധ്യതയില്‍ കാണിക്കുക പോലുമില്ല. കിഫ്ബിയുടേത് അണാ പൈസാ നോക്കി വെട്ടും. NHAI ടോള്‍ പിരിക്കും. കിഫ്ബി ടോള്‍ പിരിക്കില്ല. ബജറ്റിലെ പദ്ധതികള്‍ക്കുവേണ്ടി 2020-21 വരെ കേന്ദ്രം എടുത്ത extra budgetary resources 1,38,536 കോടി രൂപയാണെന്നതും നാം മനസ്സിലാക്കണം. വികസനവും ക്ഷേമവും വെട്ടിക്കുറച്ച് കേരളത്തെ വരിഞ്ഞുമുറുക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ടതില്ലാത്ത സെസ്സുകളും സര്‍ച്ചാര്‍ജുകളും നിരന്തരം കൂട്ടി കീശ വീര്‍പ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ഇതിന്റെ ഏറ്റവും മോശം സ്ഥിതിയാണ് പെട്രോളിയം നികുതിവര്‍ദ്ധനവില്‍ കാണുന്നത്. കൂട്ടുന്നതില്‍ ഗണ്യമായ പങ്കും സംസ്ഥാനങ്ങളുമായി പങ്കു വയ്‌ക്കേണ്ടതില്ലാത്ത ഇനങ്ങളില്‍ പെടുത്തും. 2018 ല്‍ കേന്ദ്രസര്‍ക്കാരിന്റെ ആകെ റവന്യൂ വരവില്‍ (GRR) ഏതാണ്ടു 12 ശതമാനമായിരുന്നു സെസ്സുകളും സര്‍ച്ചാര്‍ജുകളും. 2023 ല്‍ ഇതു 22 ശതമാനമായി. എന്താണിതു കാണിക്കുന്നത്?
കേരളം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം നല്‍കിയ വിഹിതം 11,283 കോടി രൂപയാണ്. ഇതിനെ ആര്‍ ബി ഐ റിപ്പോര്‍ട്ട് എടുത്തുപറഞ്ഞിട്ടുണ്ട്

നികുതി വിഹിതത്തിലെ വിവേചനം

വരുമാന നികുതിയും മറ്റുമായി കേരളം കൊടുക്കുന്ന നികുതിയില്‍ നമുക്കു തിരികെ കിട്ടുന്നത് എത്ര വരും? കേരളത്തില്‍നിന്ന് കേന്ദ്രം പിരിക്കുന്ന ഓരോ രൂപ നികുതിയില്‍നിന്നും കേരളത്തിനു തിരികെ കിട്ടുന്നത് 57 പൈസ മാത്രം. The Hindu ദിനപത്രം പ്രസിദ്ധീകരിച്ച ഡേറ്റ പോയിന്റ് ഇതിന്റെ കണക്കുകള്‍ കൊടുത്തിരുന്നു. Central Excise, Customs പിരിവുകള്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സംസ്ഥാന അടിസ്ഥാനത്തില്‍ ഈ കണക്കുകള്‍ ലഭ്യമല്ലാത്തതിനാലാണ് ഇവ ചേര്‍ക്കാതിരുന്നത്. അതുകൂടി ചേരുമ്പോള്‍ ഈ സ്ഥിതി കൂടുതല്‍ മോശമാകാനാണല്ലോ സാധ്യത. ഒരു രൂപ നികുതി കൊടുക്കുമ്പോള്‍ ബിഹാറിന് 7.06 രൂപയും ഉത്തർപ്രദേശിന് 2.73 രൂപയും തിരികെ കിട്ടുന്നു. പത്താം ധനകാര്യക്കമ്മീഷന്‍ തീര്‍പ്പുപ്രകാരം കേരളത്തിന്റെ വിഹിതം 3.88 ശതമാനമായിരുന്നു? ഇപ്പോഴത്തെ ധനക്കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്കാകെ അഞ്ചു കൊല്ലം കൊണ്ട് വീതിച്ചു നല്‍കുന്ന നികുതി വിഹിതം 42,24,760 കോടി രൂപയാണ്. ഇതില്‍ കേരളത്തിനു കിട്ടുന്നത് 81,326 കോടി രൂപ. 1.92 ശതമാനം. പത്താം ധനക്കമ്മീഷന്‍ മാനദണ്ഡപ്രകാരമുള്ള 3.88 ശതമാനം അനുവദിച്ചിരുന്നെങ്കില്‍ 1,63,920 കോടി രൂപ കിട്ടുമായിരുന്നു. 82,594 കോടി രൂപയാണ് നഷ്ടം, പ്രതിവര്‍ഷം 16.518 കോടി രൂപ. മറ്റിനങ്ങളിലെ നഷ്ടം വേറെയുമുണ്ട്. എന്തിന്, ജനസംഖ്യാനുപാതികമായി നോക്കിയാല്‍ തന്നെ കേരളത്തിന് 8,000 കോടി രൂപയുടെ പ്രതിവര്‍ഷ നഷ്ടമാണുണ്ടാകുന്നത്. കേന്ദ്ര ധനക്കമ്മീഷന്‍ തീര്‍പ്പുപ്രകാരമുള്ള നികുതി വിഹിതത്തില്‍ എത്ര sharp ആയ ഇടിവാണ് പത്താം ധനക്കമ്മീഷന്‍ മുതല്‍ ഇങ്ങോട്ടു സംഭവിച്ചത്? നാം കൈവരിച്ച നേട്ടങ്ങള്‍ സംസ്ഥാനത്തെ പ്രശ്‌നരഹിത പ്രദേശമാക്കി മാറ്റുകയല്ല ചെയ്യുന്നത്, പുതിയ തലമുറ വികസനപ്രശ്‌നങ്ങള്‍ ഉയര്‍ത്തുക കൂടിയാണ് ചെയ്യുന്നത്. ഈ വൈജാത്യം അംഗീകരിക്കാതെ ധനവിന്യാസം നടത്തുന്ന രീതിയാണ് കേരളം നേരിടുന്ന പ്രധാന ധനപരാധീനത. അപ്പോഴും ഒരു തരം ഔദാര്യവുമല്ല കേരളം ചോദിക്കുന്നത്. നമ്മുടെ അര്‍ഹതപ്പെട്ട വിഹിതമാണ്.

കീശ വീര്‍പ്പിക്കുന്ന കേന്ദ്രം

കൂടുതല്‍ ദരിദ്രമായ സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുന്നത് കുറയ്ക്കാതെ തന്നെ ഈ നീതി കൈവരിക്കാനാകും. പക്ഷേ കൂടുതല്‍ കൂടുതല്‍ വരുമാനം സ്വന്തം പോക്കറ്റിലാക്കുകയെന്നതാണ് കേന്ദ്രം ചെയ്തു കൊണ്ടിരിക്കുന്നത്. അപ്പോള്‍ ഈ നീതി അസാധ്യമാകുന്നുവെന്നതാണ് പ്രതിസന്ധി. സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ടതില്ലാത്ത സെസ്സുകളും സര്‍ച്ചാര്‍ജുകളും നിരന്തരം കൂട്ടി കീശ വീര്‍പ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിന്റെ ഏറ്റവും മോശം സ്ഥിതിയാണ് പെട്രോളിയം നികുതി വര്‍ദ്ധനവില്‍ കാണുന്നത്. കൂട്ടുന്നതില്‍ ഗണ്യമായ പങ്കും സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ടതില്ലാത്ത ഇനങ്ങളില്‍ പെടുത്തും. 2018 ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ആകെ റവന്യൂ വരവില്‍ (GRR) ഏതാണ്ടു 12 ശതമാനമായിരുന്നു സെസ്സുകളും സര്‍ച്ചാര്‍ജുകളും. 2023 ല്‍ ഇതു 22 ശതമാനമായി. എന്താണിത് കാണിക്കുന്നത്? കൂടുതല്‍ ധനക്കേന്ദ്രീകരണമാണ് കേന്ദ്ര സര്‍ക്കാരിന്റെ അജണ്ട. അവരുടെ രാഷ്ട്രീയനിലപാടിന് അനുസരിച്ചുള്ള വിനാശകരമായ രീതിയാണിത്. അവര്‍ ഒരു തരത്തിലും വൈവിധ്യത്തെയും വൈജാത്യങ്ങളെയും അംഗീകരിക്കുന്നില്ല. ഈ അമിത ധനകേന്ദ്രീകരണമാണ് അവരുടെ രാഷ്ട്രീയത്തിന് പിന്‍ബലമേകുന്ന പ്രധാന ആയുധം. ഇതിനെയാണ് കേന്ദ്രം നല്‍കുന്ന ഔദാര്യമെന്ന തരത്തില്‍ ഇവിടെ പ്രചരിപ്പിക്കപ്പെടുന്നത്. ഈ രാഷ്ട്രീയം കേരളത്തിനു മാത്രമല്ല, ഫെഡറലിസത്തിനുതന്നെ അപകടകരമാണ്.

നുണ പ്രചരിപ്പിക്കുന്ന ആഖ്യാനങ്ങള്‍

നമ്മുടെ എല്ലാ വാദഗതികളെയും തോല്‍പ്പിക്കാന്‍ പറയുന്ന കാര്യം കടം വാങ്ങി റവന്യൂ ചെലവു ചെയ്യുന്ന സംസ്ഥാനമാണ് കേരളം എന്നതാണ്? എന്താണ് വസ്തുത? 2022-2023 ലെ കണക്കുകള്‍ എന്തു പറയുന്നുവെന്ന് നോക്കാം. AGയുടെ 2023 മാര്‍ച്ച് വരെയുള്ള താല്‍ക്കാലിക കണക്കുകളാണ് ആധാരമാക്കുന്നത്. നമ്മുടെ ആകെ റവന്യൂ ചെലവ് 1,39,360 കോടി രൂപയായിരുന്നു. റവന്യൂ വരുമാനമോ? 132536 കോടി രൂപ. എത്രയാണ് വ്യത്യാസം? 6,824 കോടി രൂപ. ഇതു നമ്മുടെ സംസ്ഥാന ആഭ്യന്തര വരുമാനമായ 10,17,872 കോടി രൂപയുടെ എത്ര ശതമാനം വരും? 0.67 ശതമാനം.ഇതാണ് AG യുടെ കണക്കുകള്‍ പ്രകാരമുള്ള 2022-2023 ലെ റവന്യൂക്കമ്മി.

ഇവിടെ മറ്റൊരു കണക്കുകൂടി പ്രസക്തമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ബജറ്റ് വിഹിതം 11,283 കോടി രൂപയാണ്. ഇതു റവന്യൂ ചെലവിലാണ് കണക്കെഴുതുന്നത്. ഈ സഹായം കൊണ്ടു തദ്ദേശഭരണ സ്ഥാപനങ്ങള്‍ എങ്ങനെയാണ് ശക്തിപ്പെടുന്നതെന്നും അവര്‍ നാടിന്റെ പ്രശ്‌നങ്ങളില്‍ ഇടപ്പെടുന്നതെങ്ങനെയെന്നും റിസര്‍വ് ബാങ്ക് 2020-2021 ലെ ബജറ്റ് അവലോകന പഠനത്തില്‍ പ്രത്യേകമായി പറഞ്ഞിട്ടുണ്ട്. അതില്‍ നിന്നും ഉദ്ധരിക്കുന്നതാണ് ഉചിതം. ''Kerala's efforts in the last two and a half decades to empower LSGs through devolution of both financial resources and political and administrative power has strengthened the resource base of these institutions and this leaves them in a better position to deal with COVID 19.''

ഈ ചെലവു നാം എങ്ങനെ കാണണം? ഇതു നിത്യനിദാന ചെലവാണോ? ഇതു ആകെ റവന്യൂ ചെലവില്‍നിന്ന് കുറച്ചാല്‍ കഴിഞ്ഞ കൊല്ലത്തെ റവന്യൂ കമ്മി എത്ര വരും. കമ്മി മാറി റവന്യൂ മിച്ചമാകും. ഏതാണ്ടു 1.1 ശതമാനം റവന്യൂ മിച്ചം. കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ കേരളമെന്ന വിപുലമായ ആശയത്തിന്റെ ഒരു ഘടകമാണ്. ഇതുപോലെ നിരവധി ഘടകങ്ങള്‍ ചേരുന്നതാണ് കേരളമെന്ന രാഷ്ട്രീയ ആശയം. പള്ളിക്കൂടങ്ങളും ആശുപത്രികളും റേഷന്‍ കടകളും ക്ഷേമപെന്‍ഷനും പശ്ചാത്തല സൗകര്യ നിര്‍മിതിയും എല്ലാം ചേരുന്ന ഈ ആശയത്തെ വെല്ലുവിളിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. അതിനെതിരായ പൊതു പ്രതിരോധം നാടിന്റെ ആവശ്യമാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ