കോടിയേരി ബാലകൃഷ്ണന്‍ 
OPINION

പോലീസ് സേനയുടെ മന്ത്രി സഖാവ്

കേരള പോലീസിനും സേനാംഗങ്ങള്‍ക്കും ഒരിക്കലും മറക്കാന്‍ കഴിയാത്ത ആഭ്യന്തര മന്ത്രിയാണ് കോടിയേരി ബാലകൃഷ്ണന്‍

ജേക്കബ് പുന്നൂസ്

കേരള പോലീസിനും സേനാംഗങ്ങള്‍ക്കും ഒരിക്കലും മറക്കാന്‍ കഴിയാത്ത ആഭ്യന്തര മന്ത്രിയാണ് കോടിയേരി ബാലകൃഷ്ണന്‍. പോലീസ് സേനയുടെ അന്തസും ആത്മാഭിമാനവും ഗണ്യമായി ഉയര്‍ത്താന്‍ അദ്ദേഹം സ്വീകരിച്ച നടപടികള്‍ കേരളത്തിലെ പോലീസ് ചരിത്രത്തിലെ സുവര്‍ണ ഏടുകളായി അവശേഷിക്കും. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിലവിലുണ്ടായിരുന്ന പതിവ് പോലീസുകാരായി ജോലിക്ക് കയറുന്ന മിക്കവാറും എല്ലാപേരും അതെ പോസ്റ്റില്‍ തന്നെ വിരമിക്കുന്ന രീതിയായിരുന്നു. അതായത് ഇരുപതുകളില്‍ ജോലിക്ക് കയറി അതെ റാങ്കില്‍ അന്‍പത്തി അഞ്ചാം വയസില്‍ വിരമിക്കുന്ന അവസ്ഥ.

പോലീസ് സേനയുടെ അന്തസും ആത്മാഭിമാനവും ഗണ്യമായി ഉയര്‍ത്താന്‍ അദ്ദേഹം സ്വീകരിച്ച നടപടികള്‍ കേരളത്തിലെ പോലീസ് ചരിത്രത്തിലെ സുവര്‍ണ ഏടുകളായി അവശേഷിക്കും.

വി എസ് അച്യുതാനന്ദന്‍ ഗവണ്‍മെന്റില്‍ ആഭ്യന്തര, ടൂറിസം വകുപ്പ് മന്ത്രിയായി 2006 - ഇല്‍ ചുമതലയേറ്റ കോടിയേരി ആദ്യം കൈക്കൊണ്ട തീരുമാനങ്ങളിലൊന്ന് നിശ്ചിത കാലയളവ് സര്‍വീസ് പൂര്‍ത്തിയാക്കിയ പോലീസുകാര്‍ക്ക് പ്രൊമോഷന്‍ നല്‍കാനുള്ള വ്യവസ്ഥയുണ്ടാക്കുകയായിരുന്നു. സര്‍വീസില്‍ 15 വര്‍ഷം പൂര്‍ത്തിയായാല്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ആയും 23 വര്‍ഷം പൂര്‍ത്തിയായാല്‍ എ എസ് ഐ ആയും പോലീസുകാരായി സേവനം ആരംഭിക്കുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്ന അവസ്ഥ ഇന്ത്യയില്‍ തന്നെ ആദ്യമായിരുന്നു. 2006 ഓഗസ്റ്റില്‍ പതിനായിരം പോലീസ് സേനാംഗങ്ങള്‍ക്ക് ഒരുമിച്ചു പ്രൊമോഷന്‍ അനുവദിച്ചത്, ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പല മുതിര്‍ന്ന ഓഫീസര്‍മാരുടെയും ഉപദേശം അവഗണിച്ച് ഉറച്ച തീരുമാനം എടുത്തത് കൊണ്ട് മാത്രമാണ്.

സേനയിലെ ആയിരക്കണക്കിന് അംഗങ്ങളുടെ ആത്മാഭിമാനം പലമടങ്ങ് ഉയര്‍ത്തുന്ന ഈ തീരുമാനത്തിന്റെ ഗുണഭോക്താക്കള്‍ സേനാംഗങ്ങളുടെ കുടുംബാംഗങ്ങള്‍ കൂടിയായിരുന്നു. സേനയെ ഒന്നടങ്കം പ്രചോദിപ്പിക്കാന്‍ സഹായിച്ച ഒരു തീരുമാനമായിരുന്നു അത്.

ന്യായമായ അവകാശങ്ങളെല്ലാം അംഗീകരിച്ചു കൊടുത്തിരുന്ന അദ്ദേഹം അച്ചടക്ക ലംഘനവും അഴിമതിയും പൊറുക്കുവാന്‍ കൂട്ടാക്കിയിരുന്നില്ല

പെരുമാറ്റത്തില്‍ അതീവ സൗമ്യനായിരുന്ന അദ്ദേഹം തീരുമാനങ്ങളില്‍ നീതിമാനും കര്‍ക്കശക്കാരനുമായിരുന്നു. പോലീസ് സേനാംഗങ്ങളുടെ ന്യായമായ അവകാശങ്ങളെല്ലാം അംഗീകരിച്ചു കൊടുത്തിരുന്ന അദ്ദേഹം അച്ചടക്ക ലംഘനവും അഴിമതിയും പൊറുക്കുവാന്‍ കൂട്ടാക്കിയിരുന്നില്ല. പുത്തൂര്‍ ഷീല വധക്കേസും തുടര്‍ന്നുണ്ടായ കസ്റ്റഡി മരണവും സേനയെ പിടിച്ചുലച്ചപ്പോള്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് കോടിയേരി നിര്‍ദേശിച്ചത്. അദ്ദേഹം മന്ത്രിയായിരിക്കുമ്പോള്‍ നടന്ന അതീവ നിര്‍ഭാഗ്യകരമായ ഒരു സംഭവം ചെറിയതുറ വെടിവയ്പായിരുന്നു. സ്ഥലത്തില്ലായിരുന്ന അദ്ദേഹം സംഭവം അറിഞ്ഞ മാത്രയില്‍ മടങ്ങിയെത്തുകയും പരമാവധി വേഗത്തില്‍ പ്രശനങ്ങള്‍ പരിഹരിക്കാന്‍ സാധ്യമായ രീതികളില്‍ ശ്രമിക്കുകയും ചെയ്തു. ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട അദ്ദേഹത്തിന്റെ തീരുമാനം അന്നത്തെ പ്രതിനിഷേധത്തെ ഒരളവു വരെ തണുപ്പിക്കാന്‍ സഹായിച്ചു.

സമഗ്രമായ കേരള പോലീസ് ആക്ട് നിയമസഭയില്‍ അവതരിപ്പിച്ചതും പാസ്സാക്കിയതും കോടിയേരിയായിരുന്നു

സമഗ്രമായ കേരള പോലീസ് ആക്ട് നിയമസഭയില്‍ അവതരിപ്പിച്ചതും പാസ്സാക്കിയതും കോടിയേരിയായിരുന്നു. ശബരിമലയിലെ വിര്‍ച്വല്‍ ക്യു സംവിധാനം പോലീസ് ആരംഭിക്കുന്നതും തീരദേശ പോലീസ് രൂപവല്‍ക്കരിക്കുന്നതും കടലില്‍ പട്രോള്‍ നടത്താനുള്ള ബോട്ട് പൊലീസിന് വാങ്ങി നല്കുന്നതുമൊക്കെ അദ്ദേഹം മന്ത്രിയായിരുന്ന കാലത്താണ്.

ഇന്ന് സുപരിചിതമായ തണ്ടര്‍ ബോള്‍ട്ട് സേന രൂപീകരിക്കുന്നതും കോടിയേരിയുടെ കാലത്താണ്. ആഭ്യന്തര സുരക്ഷ വിഭാഗം പോലീസില്‍ രൂപീകരിക്കുന്നതും അതിന്റെ ചുമതലയില്‍ ഒരു ഇന്‍സ്പെക്ടര്‍ ജനറല്‍ റാങ്കിലെ ഓഫിസറെ നിയമിക്കുന്നതും അക്കാലത്തു തന്നെയാണ്.

തണ്ടര്‍ ബോള്‍ട്ട് സേന രൂപീകരിച്ചു

തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കു നേരെയും അതിശക്തമായ നടപടികളാണ് അദ്ദേഹം കൈക്കൊണ്ടിരുന്നത്. ബിനാനിപുരം, വാഗമണ്‍ കേസുകളും കളമശേരി ബസ് കത്തിക്കല്‍ കേസിന്റെ അന്വേഷണവുമെല്ലാം തീവ്രവാദ പ്രസ്ഥാനങ്ങളെ മുളയിലേ നുള്ളണമെന്ന നിശ്ചയദാര്‍ഢ്യത്തില്‍ നിന്നുണ്ടായതാണ്.

ജനമൈത്രി പോലീസ് സംവിധാനം 2007-ഇല്‍ നടപ്പാക്കുന്നതും ആദ്യ വര്‍ഷങ്ങളില്‍ ഏറ്റവും ഫലപ്രദമായി തന്നെ മുന്നോട്ടുകൊണ്ടുപോകുന്നതിലും കോടിയേരി എന്ന ആഭ്യന്തര മന്ത്രിയുടെ പ്രത്യേക ശ്രദ്ധ പതിഞ്ഞിരുന്നു. സ്റ്റുഡന്റ് പോലീസ് കോര്‍പ് രൂപീകരിക്കണമെന്ന നിര്‍ദേശത്തെ സീനിയര്‍ ഓഫിസര്‍മാര്‍ പലരും എതിര്‍ത്തപ്പോഴും പോലീസിന്റെ സൗഹൃദ സാന്നിധ്യം വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ഉപകരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. തീരദേശത്തെ ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി തീരദേശ സുരക്ഷാ സമിതി തീരദേശ പഞ്ചായത്തുകളില്‍ രൂപീകരിക്കുന്നത് 2010-ലാണ്. എത്രപേര്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നറിയില്ല, അതിനുശേഷം നമ്മുടെ തീരദേശത്ത് കലാപങ്ങളുണ്ടായിട്ടേ ഇല്ല.

അദ്ധ്യാപകനായി സ്‌കൂളിലും അയല്‍ക്കാരനും ബന്ധുവുമായി വീട്ടിലും വിശ്വസ്തനായ കാവല്‍ക്കാരനായി തെരുവുകളിലും പോലീസിനെ എത്തിച്ച്, രൂഢമൂലമായ ഭയത്തിന്റെ പ്രതിച്ഛായ സേനയില്‍ നിന്ന് നീക്കം ചെയ്തതാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സംഭാവനയെന്ന് കാലം വിലയിരുത്തും.

(കോടിയേരി ആഭ്യന്തര മന്ത്രി ആയിരുന്നപ്പോള്‍ സംസ്ഥാന പോലീസ് മേധാവിയായിരുന്നു ലേഖകന്‍)

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം