OPINION

അടിയന്തരാവസ്ഥ മുതല്‍ ഇപ്പോള്‍ കശ്മീര്‍ വരെ, ശക്തമായ 'ഭരണകൂട' തീരുമാനങ്ങള്‍ക്ക് കോടതി അംഗീകാരം നല്‍കുമ്പോള്‍

അടിയന്തരാവസ്ഥ മുതൽ കശ്മീർ വിധിയിൽ വരെ പൊതുവിൽ കാണുന്നത് ഭരണകൂടം ശക്തമാകുമ്പോൾ അതിന്റെ നയത്തോട് പൊരുത്തപ്പെട്ടുപോകുന്ന സുപ്രീംകോടതിയെ ആണ്

എന്‍ കെ ഭൂപേഷ്

ലോകത്തെ ഏറ്റവും ശക്തമായ സുപ്രീം കോടതിയാണ് ഇന്ത്യയുടേതെന്ന് പറയാറുണ്ട്. ജഡ്ജിമാരെ നിയമിക്കുന്നതിലടക്കമുള്ള അവകാശമുള്ളതുകൊണ്ടുകൂടിയാവണം ഇത്തരമൊരു വിശേഷണം കൈവരാന്‍ കാരണം. 1990 കളിലാണ്  ജഡ്ജിമാരെ നിയമിക്കാനുള്ള അവകാശമടക്കം സുപ്രീംകോടതി തിരിച്ചുപിടിച്ചത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ദുര്‍ബലമാകുന്ന അവസരങ്ങളില്‍ 'ശക്തി'പ്പെടുന്ന നീതിന്യായ സംവിധാനം, എല്ലായ്‌പ്പോഴും അതേ അധികാരം കാണിക്കാറില്ലെന്നതിനും ചരിത്രത്തില്‍ ഉദാഹരണങ്ങളുണ്ട്, അടിയന്തരാവസ്ഥ മുതല്‍ കശ്മീര്‍ വരെ.  അത്തരം അവസരങ്ങളിലൊക്കെ, സര്‍ക്കാരിന്റെ നിലപാടുകളെ ഉയര്‍ത്തിപ്പിടിക്കുകയാണ് സുപ്രീം കോടതി ചെയ്തത്.   

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍വന്നതിന് തൊട്ടുപിന്നാലെ 2019 ഓഗസ്റ്റ് അഞ്ചിനാണ്, ഭരണഘടനാ പ്രകാരം ജമ്മു കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക അവകാശങ്ങള്‍ എടുത്തുകളഞ്ഞത്. അപ്പോള്‍ തന്നെ വിവിധ ഹര്‍ജികള്‍ ഇതിനെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും നാല് വര്‍ഷത്തിനുശേഷമാണ് ഇതുസംബന്ധിച്ച വിധി വരുന്നത്. പൂര്‍ണമായും സര്‍ക്കാരിന്റെ തീരുമാനങ്ങളെ അംഗീകരിക്കുകയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുളള അഞ്ചംഗ ബഞ്ച്  ചെയ്തത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ കേസിൽ വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച്

രാഷ്ട്രപതി ഭരണകാലത്ത് കേന്ദ്രം എടുക്കുന്ന നടപടികള്‍ എല്ലാം ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നാണ് കശ്മീർ വിധിന്യായത്തിൽ ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് വിധിന്യായത്തില്‍ ചൂണ്ടികാട്ടിയത്. അങ്ങനെ ചെയ്താല്‍ ഭരണം നിശ്ചലാവസ്ഥയില്‍ ആയിപോകുമെന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. പൗരന്മാരുടെ അവകാശങ്ങളെ സംരക്ഷിക്കേണ്ട കോടതി തന്നെ ഇത്തരമൊരു നിലപാടെടുക്കുമ്പോള്‍ ഭൂരിപക്ഷാധിപത്യമുള്ള ഒരു അവസ്ഥയില്‍ എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. അതുപോലെ ഒരു സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റാന്‍ പാര്‍ലമെന്റിന് കഴിയുമോ എന്ന കാര്യത്തിലും സുപ്രീം കോടതി തീരുമാനം പറഞ്ഞിട്ടില്ല. ഇതും ഭാവിയില്‍ ഏതൊക്കെ രീതിയിലാണ് ഇന്ത്യയുടെ ഫെഡറല്‍ ഘടനയെ ബാധിക്കുമെന്നത് കണ്ടറിയേണ്ടതാണ്.

ഇന്ദിരാഗാന്ധിയുടെ അടിയന്തരവാസ്ഥക്കാലമാണ് എക്‌സിക്യൂട്ടീവിന്റെ താല്‍പ്പര്യത്തിന് നീതിപിഠം വഴങ്ങുന്നതിന്റെ കാഴ്ച ഏറ്റവും പ്രകടമായത്. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലേക്ക് നയിച്ചത് അലഹബാദ് ഹൈക്കോടതി വിധിയായിരുന്നു. ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന കേസിലെ ഉത്തരവാണ് രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പുറപ്പെടുവിക്കാന്‍ കാരണമായത്. എന്നാല്‍ അക്കാലത്ത് ഹൈക്കോടതികളും സുപ്രീം കോടതിയും ഒരേ പോലെയായിരുന്നില്ല പല കാര്യങ്ങളിലും ചിന്തിച്ചിരുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉടന്‍ തന്നെ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതിനെതിരെ പൗരന്മാര്‍ക്ക് കോടതിയെ സമീപിക്കാന്‍ കഴിയില്ലെന്ന ഉത്തരവ് രാഷ്ട്രപതി ഇറക്കി. വ്യാപകമായ അറസ്റ്റിനെതിരെ വിവിധ ഹൈക്കോടതികള്‍ ഹൈബിയസ് കോര്‍പസ് പെറ്റീഷനുകള്‍ സ്വീകരിച്ചിരുന്ന സമയം കൂടിയായിരുന്നു അത്. ഹൈക്കോടതികള്‍ പലപ്പോഴും നിയമവിരുദ്ധമായ അറസ്റ്റിനെതിരെ രംഗത്തുവരികയും ചെയ്തു. ഹൈക്കോടതികള്‍ പലപ്പോഴും സര്‍ക്കാരിന്റെ അമിതാധികാരത്തിനെതിരെ വിധി പുറപ്പെടുവിച്ചുകൊണ്ടിരിക്കുമ്പോള്‍ സുപ്രീം കോടതിയുടേത് സര്‍ക്കാര്‍ അനുകൂല നീക്കമായിരുന്നു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുള്ള ഉത്തരവ്
സര്‍ക്കാരിന്റെ സമീപനത്തിനെതിരെ വിധിയെഴുതിയ ഖന്നയെ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഒഴിവാക്കുകയായിരുന്നു ഇതേത്തുടര്‍ന്ന് ഖന്ന രാജിവെച്ചു. പിന്നീട് ന്യയോര്‍ക്ക് ടൈംസ് ഖന്നയുടെ രാജിയെക്കുറിച്ച് ഇങ്ങനെ എഴുതി,''പരമാധികാരം കിട്ടിയശേഷമുള്ള പതിനെട്ട് വര്‍ഷത്തിൽ ഇന്ത്യ നിലനിര്‍ത്തിയ സ്വാതന്ത്ര്യം തിരിച്ചുപിടിക്കുകയാണെങ്കില്‍ ആരെങ്കിലും തീര്‍ച്ചയായും സുപ്രീം കോടതി ജഡ്ജി എച്ച് ആര്‍ ഖന്നയ്ക്ക് വേണ്ടി സ്മാരകം പണിയണം.'' അങ്ങനെ അടിയന്തരാവസ്ഥക്കാലത്ത് സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക്, അത് മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന കാര്യത്തിലായാലും സുപ്രീം കോടതി അംഗീകാരം നല്‍കി.

കുപ്രസിദ്ധമെന്ന് പലരും വിശേഷിപ്പിക്കുന്ന എഡിഎം ജബല്‍പൂര്‍ കേസില്‍ വിധി ഇത്തരത്തിലുള്ളതായിരുന്നു. മൗലികാവാകശങ്ങള്‍ റദ്ദാക്കപ്പെട്ടതിനാല്‍ പൗരന്മാര്‍ക്ക് കോടതിയില്‍ അവകാശ നിഷേധങ്ങള്‍ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു അഞ്ചംഗ ബഞ്ചിന്റെ വിധി. അന്ന് ചീഫ് ജസ്റ്റിസായിരുന്ന എ എന്‍ റേ, ജസ്റ്റിസ് എച്ച് ആര്‍ ഖന്ന,  എം എച്ച് ബെഗ്, വൈ വി ചന്ദ്രചൂഡ്, പി എന്‍ ഭഗവതി എന്നിവരുടേതായിരുന്നു വിധി. എന്നാല്‍ ഭൂരിപക്ഷ വിധിയോട് ജസ്റ്റിസ് എച്ച് ആര്‍ ഖന്ന വിയോജിച്ചുകൊണ്ട് മൗലികാവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ടു.  യഥാര്‍ത്ഥത്തില്‍ എ എന്‍ റേയ്ക്ക് ശേഷം സുപ്രീം കോടതി ചീഫ് ജസ്റ്റിസാവേണ്ടിയിരുന്നത് ഖന്നയായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ സമീപനത്തിനെതിരെ വിധിയെഴുതിയ ഖന്നയെ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഒഴിവാക്കുകയായിരുന്നു ഇതേത്തുടര്‍ന്ന് ഖന്ന രാജിവെച്ചു.  പിന്നീട് ന്യയോര്‍ക്ക് ടൈംസ് ഖന്നയുടെ രാജിയെ  കുറിച്ച് ഇങ്ങനെ എഴുതി,''പരമാധികാരം കിട്ടിയശേഷമുള്ള പതിനെട്ട് വര്‍ഷങ്ങളില്‍ ഇന്ത്യ നിലനിര്‍ത്തിയ സ്വാതന്ത്ര്യം തിരിച്ചുപിടിക്കുകയാണെങ്കില്‍ ആരെങ്കിലും തീര്‍ച്ചയായും സുപ്രീം കോടതി ജഡ്ജി എച്ച് ആര്‍ ഖന്നയ്ക്കുവേണ്ടി സ്മാരകം പണിയണം.'' അങ്ങനെ അടിയന്തരാവസ്ഥക്കാലത്ത് സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക്, അത് മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന കാര്യത്തിലായാലും സുപ്രീം കോടതി അംഗീകാരം നല്‍കി.

ജസ്റ്റിസ് എച്ച് ആര്‍ ഖന്ന

ശക്തമായ സര്‍ക്കാരുകള്‍ അധികാരത്തില്‍ വരുമ്പോള്‍ കോടതികള്‍ അവരോടൊപ്പം നില്‍ക്കുന്നതിന്റെ ഉദാഹരണമായാണ് അയോധ്യയില്‍ ബാബ്‌റി മസ്ജിദ് പൊളിച്ച് ക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്‍കിയ വിധിയെ  പലരും കണ്ടത്. 400 വര്‍ഷത്തിലേറെബാബ്റി മസ്ജിദ് നിലനിന്ന സ്ഥലത്താണ്  രാമന്‍ ജനിച്ചതെന്ന വിശ്വാസത്തെ ആധാരമാക്കിയാണ് സുപ്രീംകോടതി വിധി പറഞ്ഞത്. 1992 ല്‍ പള്ളി പൊളിച്ചത് തെറ്റാണെന്ന് പറഞ്ഞുകൊണ്ടു തന്നെയായിരന്നു വിധി. കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ബിജെപിയുടെ അടിസ്ഥാന നയമായിരുന്നു അയോധ്യയില്‍ ബാബ്‌റി മസ്ജിദ് നിലനിന്ന സ്ഥലത്ത്  രാമക്ഷേത്രം നിര്‍മിക്കുകയെന്നത്. അന്നും ഭരണഘടന ബഞ്ചിലെ മുഴുവന്‍ അംഗങ്ങളും വിധിന്യായത്തോട് യോജിച്ചു. എന്നാല്‍ പതിവിന് വിരുദ്ധമായി വിധി ആരാണ് എഴുതിയതെന്ന് അതില്‍ രേഖപ്പെടുത്തിയുമില്ല.

ബാബ്‌റി മസ്ജിദ് തകർക്കുന്നതിന്റെ ദൃശ്യം

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം പോലെ തന്നെ ബിദജെപിയുടെ അടിസ്ഥാന നയങ്ങളില്‍ ഉള്‍പ്പെട്ടതായിരുന്നു കശ്മീരിന് പ്രത്യേക പദവി നല്‍കിയിട്ടുള്ള  370-ാം വകുപ്പ് റദ്ദാക്കണമെന്നത്. രണ്ടാം തവണ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സര്‍ക്കാര്‍ അത് നടപ്പാക്കുകയും ചെയ്തു. സര്‍ക്കാരിന്റെ പ്രധാന വാദങ്ങളെല്ലാം അംഗീകരിച്ചുകൊണ്ടാണ് സുപ്രീംകോടതി ഭരണഘടനയുടെ 370-ാം വകുപ്പ് താല്‍ക്കാലികമാണെന്നും അത് റദ്ദാക്കിയതില്‍ തെറ്റില്ലെന്നും വിധിച്ചത്. ഇതോടെ ബിജെപി കാലാകാലമായി മുന്നോട്ടുവെച്ച മറ്റൊരു സമീപനത്തിന് കൂടി കോടതി അംഗീകാരമായിരിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും

ഇനി അവശേഷിക്കുന്നത് ഏകീകൃത സിവില്‍ കോഡാണ്. ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ നേരത്ത പ്രഖ്യാപിച്ചിരുന്നു. 
ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളുമായി ബന്ധപ്പെട്ട ഇത്തരം കേസുകളില്‍ മാത്രമല്ല, മോദി സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷമുള്ള നിരവധി കേസുകളിലും സുപ്രീംകോടതി എടുത്ത തീരുമാനങ്ങള്‍ സര്‍ക്കാരിന് അനുകൂലമായിരുന്നു. റാഫേല്‍ ഇടപാടില്‍ അന്വേഷണംആവശ്യപ്പെട്ടുള്ള ഹര്‍ജി, ആധാര്‍ കേസ്, തുടങ്ങിയവ ഉദാഹരണം. ജഡ്ജി ലോയയുടെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷണം വേണ്ടെന്ന വിധി മറ്റൊരു ഉദാഹരണം.  ഇതിനകം തന്നെ വ്യാപകമായ വിമര്‍ശനത്തിന് ആധാരമായ ഇലക്ടറല്‍  ബോണ്ടുകളെ ചോദ്യം ചെയ്ത് നല്‍കിയ കേസില്‍ ഇതുവരെ സുപ്രീം കോടതി തീരുമാനമെടുത്തിട്ടില്ല. പൗരത്വനിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലും സ്ഥിതി മറ്റൊന്നല്ല

ഭരണകുടത്തിന്റെ മൂന്ന് തൂണുകളില്‍ ഒന്നാണ് നീതിന്യായ രംഗം. ഇതില്‍ ലജിസ്ലേച്ചര്‍ ശക്തമാകുമ്പോള്‍ അതിന് വിധേയപ്പെടുകയെന്നത് നീതിന്യായ വ്യവസ്ഥയുടെ ഒരു രീതിയാണോയെന്നത് പലപ്പോഴും ഉയര്‍ന്നുവന്നിട്ടുള്ള ഒരു ചോദ്യമാണ്. സമീപകാല വിധികള്‍ ഈ ചോദ്യത്തെ പ്രസ്‌ക്തമാക്കുന്നു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി