ഗാന്ധിജിയ്ക്ക് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൻ്റെ കാലത്ത് നേരിടേണ്ടി വന്ന ഏറ്റവും പ്രബലനായ എതിരാളി ആരായിരുന്നു. സ്വാഭാവികമായും ബ്രീട്ടീഷുകാർ എന്ന് പറയാം. എന്നാൽ ഗാന്ധി അസ്വസ്ഥനും പലപ്പോഴും നിസ്സാഹയനുമായി പോയത് അംബേദ്ക്കറുടെ മുന്നിലാണെന്ന് പറയാം. ഇരുധ്രുവങ്ങളിലായിരുന്നു രണ്ട് പേരും.
ഗാന്ധിജി കൊല്ലപ്പെട്ടപ്പോള്‍ അംബേദ്ക്കര്‍ അനുശോചിച്ചിരുന്നില്ലെന്നാണ് ശശി തരൂര്‍ തന്റെ പുതിയ പുസ്തകത്തില്‍ പറയുന്നത്. (Ambedkar- A Life) വിലാപയാത്രയില്‍ നടന്നതിന് ശേഷം അദ്ദേഹം പിന്‍വാങ്ങി. അതിനുള്ള കാരണങ്ങളും ശശി തരൂര്‍ യുക്തിഭദ്രമായി തന്നെ പുതിയ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. ഡോ. ധനഞ്ജയ് കീറിനെ ഉദ്ധരിച്ചാണ് അംബേദ്ക്കറുടെ സവിശേഷമായ പെരുമാറ്റത്തെ ശശി തരൂര്‍ അടയാളപ്പെടുത്തുന്നത്.
ഗാന്ധിയും അംബേദ്ക്കറും തമ്മില്‍ നിലനിന്നിരുന്ന രാഷ്ട്രീയവും ദാര്‍ശനികവുമായ എതിര്‍പ്പിന്റെ തീവ്രത ഇതിലടങ്ങിയിട്ടുണ്ട്.
കൊല്ലപ്പെട്ടിട്ട് 77 വര്‍ഷത്തിന് ശേഷം ഗാന്ധിയെ പരമാര്‍ശിക്കുമ്പോള്‍ അംബേദ്ക്കറെ മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്നായിരിക്കുന്നു. ഗാന്ധിയെ, ഭക്തിയോടെ മാത്രമല്ലാതെ, സമഗ്രമായി ഉള്‍ക്കൊള്ളാന്‍, അംബേദ്ക്കറെയും അദ്ദേഹം മഹാത്മാവിനെതിരെ നടത്തിയ രാഷ്ട്രീയമായ എതിര്‍പ്പുകളെയും മനസ്സിലാക്കാതെ പറ്റില്ല
1955 ന് അബേദ്ക്കര്‍ ബി ബി സിക്ക് നല്‍കിയ അഭിമുഖത്തില്‍ മഹാത്മാഗാന്ധിടെ മിസ്റ്റര്‍ ഗാന്ധി എന്നായിരുന്നു അഭിസംബോധന ചെയ്തത്.
മഹാത്മാവെന്ന് ഗാന്ധിയെ വിളിക്കാന്‍ താന്‍ തയ്യാറാല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം ഇന്ത്യയുടെ ചരിത്രത്തിലെ ഒരു എപ്പിസോഡ് മാത്രമാണ് അല്ലാതെ ഒരു യുഗ പുരുഷനല്ലെന്നുമായിരുന്നു അംബേദ്ക്കറുടെ നിലപാട്.
രാഷ്ട്രപിതാവായ ഗാന്ധിജിക്ക്, സാമൂഹ്യനീതിയെന്തെന്ന് ഇന്ത്യൻ രാഷ്ട്രീയത്തെ ബോധ്യപ്പെടുത്തിയ അംബേദ്കര്‍ എങ്ങനെ എതിരാളിയായി മാറി?
സാമൂഹികവും സാമ്പത്തികവുമായ വിഷയങ്ങളിലെ ഗാന്ധിയന്‍ കാഴ്ച്ചപ്പാടിനെ അപകടകരമായാണ് അബേദ്ക്കര്‍ കണ്ടത്.
തികഞ്ഞ ഹിന്ദു വായിരുന്നു ഗാന്ധി. സനാതാന ഹിന്ദുവായി ജനിച്ചതില്‍ അഭിമാനിച്ച മനുഷ്യന്‍. ജാതി വ്യവസ്ഥ അനിവാര്യമാണെന്ന് കരുതിയ വ്യക്തി. ജാതിയില്‍ വലിയ മൂല്യം കാണുകയും അതിനുവേണ്ടി പരസ്യമായി വാദിക്കുകയും ചെയ്ത് വ്യക്തി. അതേസമയം ജാതി വിഭജനങ്ങളുണ്ടാക്കുന്ന അസ്പര്‍ശ്യതകളെ സ്‌നേഹം കൊണ്ട് മറികടക്കാമെന്ന കരുതിയ ആദര്‍ശവാദി.
പിന്നീട് ജാതി എന്ന പദമൊഴിവാക്കി വര്‍ണ്ണത്തിലേക്ക് കുടിയേറിയ ഗാന്ധി അപ്പോഴും ജാതീയതയെ അനുകൂലിച്ചു. ഗാന്ധിയ്ക്ക് ഹിന്ദുമതവും അതിലെ ജാതിവ്യവസ്ഥയും അതെല്ലാം സാധ്യമാക്കിയ സ്മൃതികളും വേദങ്ങളും പവിത്രമായിരുന്നുവെങ്കില്‍ അംബേദ്ക്കറിന് അതൊക്കെ ഭീകരതയുടെ ചേംബറുകളായിരുന്നു. അനിഹിലേഷന്‍ ഓഫ് കാസ്റ്റ് എന്ന തന്റെ വിഖ്യാത പ്രബന്ധത്തില്‍ അദ്ദേഹം ഹിന്ദുയിസം അധഃസ്ഥിത വിഭാഗത്തെ സംബന്ധിച്ച് ഭീകരതയുടെ കേന്ദ്രമെന്നാണ് വിശേഷിപ്പിച്ചത്. അംബേദ്ക്കറിന്റെ പ്രശസ്തമായ വാക്കുകള്‍ ഇങ്ങനെ:
ഗ്രാമങ്ങൾ അറിവില്ലായ്മയുടെയും ഇടുങ്ങിയ ചിന്താഗതിയുടെയും വർഗീയതയുടെയും കേന്ദ്രങ്ങളായിരുന്നു അംബേദ്ക്കറിന്.
'Hinduism is a veritable chamber of horrors. The sanctity and infallibility of the Vedas, Smritis and Shastras, the iron law of caste, the heartless law of karma and the senseless law of status by birth are to the untouchables veritable instruments of torture which Hinduism has forged against untouchables.'
ഇന്ത്യയെന്ന മാതൃ രാജ്യത്തെക്കുറിച്ച് ഗാന്ധിജി പറഞ്ഞപ്പോള്‍ അധഃസ്ഥിതരായ തങ്ങളക്കങ്ങനെയാരു മാതൃ ഭൂമിയില്ലെന്നതായിരുന്നു അംബേദക്കറിൻ്റെ പ്രതികരണം.
1931 ല്‍ അംബേദ്ക്കറെ കണ്ടപ്പോള്‍ കോണ്‍ഗ്രസിനെതിരെ അദ്ദേഹം നടത്തിയ വിമര്‍ശനത്തെക്കുറിച്ച് ഗാന്ധി ചോദിച്ചു.
കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയെന്നാല്‍ സ്വന്തം രാജ്യത്തെ വിമര്‍ശിക്കുകയെന്ന രീതിയിലായിരുന്നു ഗാന്ധിജി കണ്ടത്. ഇതിന് മറുപടിയായാണ് തങ്ങള്‍ക്ക് മാതൃരാജ്യമില്ലെന്ന് അംബേദ്ക്കര്‍ പറഞ്ഞത്.
'I have No Homeland. You say I ve got a Homeland, but still I Repent that I am without it. How Can I call this Land My Own Homeland and this Religion my own, Wherein We are Treated Worse than Cats and Dogs.'
ആധുനിക നാഗരികതക്കും യന്ത്രവത്കരണത്തിനുമെതിരായിരുന്നു ഗാന്ധി. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് ഗാന്ധി പറഞ്ഞപ്പോൾ അംബേദ്ക്കറുടെ നിലപാട് നേരെ തിരിച്ചായിരുന്നു. ഭരണഘടന നിർമ്മാണ സഭയിലെ ചർച്ചയിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു:
What is the village but a sink of localism, a den of ignorance, narrow-mindedness and communalism”
ഗ്രാമങ്ങൾ അറിവില്ലായ്മയുടെയും ഇടുങ്ങിയ ചിന്താഗതിയുടെയും വർഗീയതയുടെയും കേന്ദ്രങ്ങളായിരുന്നു അംബേദ്ക്കറിന്.
ജാതിക്കെതിരെയുള്ള അംബേദ്കറുടെ നിലപാടുകൾ ഉടലെടുത്തത് തൊട്ടുകൂടാത്ത വ്യക്തിയാണെന്ന അദ്ദേഹത്തിന്റെ വ്യക്തിപരമായ അനുഭവത്തില്‍ നിന്നും അതിൽനിന്നുണ്ടായ സാമൂഹ്യശാസ്ത്ര വിശകലനത്തില്‍ നിന്നുമാണ്. 1916-ലെ കാസ്റ്റ്‌സ് ഇന്‍ ഇന്ത്യ എന്ന ലേഖനത്തില്‍, സ്ത്രീകളുടെ ലൈംഗികതയുടെ (എന്‍ഡോഗാമി) നിയന്ത്രണം ജാതി വ്യവസ്ഥയിലേക്ക് നയിക്കുന്നതെങ്ങനെയെന്ന് സ്ഥാപിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു., കാലക്രമേണ, ദലിതരെ ചൂഷണം ചെയ്യുന്നതിന്റെ കേന്ദ്രബിന്ദു ഹിന്ദു മതമാണെന്നും ഹിന്ദുമതം ഇല്ലാതാകുമ്പോള്‍ തൊട്ടുകൂടാത്തവര്‍ക്ക് വിമോചനം ലഭിക്കുമെന്നും അംബേദ്കര്‍ മനസ്സിലാക്കി. 1936-ല്‍ ലാഹോറില്‍ ജാട്ട്-പത് തോഡക് മണ്ഡലം സംഘടിപ്പിച്ച ജാതിവിരുദ്ധ സമ്മേളനത്തില്‍ അധ്യക്ഷനാകാന്‍ അംബേദ്കറെ ക്ഷണിച്ചു. ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് സവര്‍ണ്ണ ജാതിക്കാര്‍ എന്ന് വിളിക്കപ്പെടുന്നവരെ ബോധവല്‍ക്കരിക്കുക എന്നതായിരുന്നു സമ്മേളനത്തിന്റെ ഉദ്ദേശ്യം. എന്നാല്‍ അദ്ദേഹമതില്‍ പങ്കെടുത്തില്ല കാരണം ജാതിയെ ഉന്മൂലനം ചെയ്യുക എന്നത് മാത്രമായിരുന്നില്ല അംബേദ്കറിന്റെ വാദം. മറിച്ച് ഹിന്ദു മതത്തില്‍ നിന്നിറങ്ങി വരണമെന്നതായിരുന്നു. സ്മൃതികളും ശ്രുതികളും കത്തിച്ചു കളയാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.ഇതിന്റെ ഭാഗമായാണ് 1927 ഡിസംബര്‍ 25 ന് മഹാരാഷ്ട്രയിലെ മഹദില്‍ ജനങ്ങളെ അണിനിരത്തി മനുസ്മൃതി കത്തിച്ചത്.
ഹിന്ദു മതത്തെയും വേദങ്ങളെയും മറ്റ് മതഗ്രന്ഥങ്ങളെയും നിരാകരിക്കുന്നതായിരുന്നു അംബേദ്കറുടെ ആശയങ്ങള്‍ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ആശയങ്ങള്‍ക്ക് ഹിന്ദുമതതില്‍ യാതൊരു പ്രസക്തിയുമില്ലെന്നും അംബേദ്കര്‍ വിശ്വസിച്ചു. അമേരിക്കന്‍ പഠന കാലത്തിലൂടെ അദ്ദേഹം ലിബറല്‍ മൂല്യങ്ങളുടെ വ്യക്തവായി. ഈ മൂല്യങ്ങള്‍ അദ്ദേഹം കണ്ടെത്തിയത് പിന്നീട് ബുദ്ധമതത്തിലായിരുന്നു. തന്റെ ജീവിതത്തിന്റെ അവസാന രണ്ട് മാസങ്ങളില്‍ അദ്ദേഹം ഒരു ബുദ്ധമത വിശ്വാസിയായതും ഹിന്ദുയിസത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായിട്ടായിരുന്നു. 'ഞാന്‍ ജനിച്ചത് തൊട്ടുകൂടായ്മയുടെ കറയോടെയാണ്, പക്ഷേ ഞാന്‍ ഒരിക്കലും ഒരു ഹിന്ദുവായി മരിക്കില്ല' എന്ന് ഒരു പൊതു പ്രഭാഷണത്തില്‍ അംബേദ്കര്‍ പ്രഖ്യാപി ച്ചിരുന്നു.
ബുദ്ധമതത്തിലേക്കുള്ള പരിവര്‍ത്തനം, അല്ലെങ്കില്‍ ഹിന്ദു മതം ഉപേക്ഷിക്കുക എന്നത് മാത്രമാണ് ജാതി പ്രശ്‌നത്തിനുള്ള ഏക പരിഹാരമെന്ന് അംബേദ്കര്‍ വിശ്വസിച്ചു. ജാതിയേയും ഹിന്ദുമതത്തേയും ഗാന്ധി വ്യത്യസ്തമായാണ് വീക്ഷിച്ചത് . ഹിന്ദുമതത്തിന്റെയും ജാതിയുടെയും അംബേദ്കറൈറ്റ് അടിസ്ഥാനവല്‍ക്കരണത്തിന് എതിര്‍ ചേരിയിലായിരുന്നു ഗാന്ധി. തൊട്ടുകൂടാത്തവരുടെ ദുരവസ്ഥ ഗാന്ധി മനസ്സിലാക്കി, ഈ പ്രശ്‌നം പരിഹരിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ സമീപനം അംബേദ്കറിന്റേതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. ,'വര്‍ണ്ണ' സമ്പ്രദായത്തിന്റെ ഭക്തനായിരുന്നു ഗാന്ധി, തൊഴില്‍ നിര്‍ണയതിന് അടിസ്ഥാനമായി അദ്ദേഹം ജാതിയെ വീക്ഷിച്ചു.
യംഗ് ഇന്ത്യയില്‍ ഗാന്ധി എഴുതി ''ഒരു മനുഷ്യന്‍ തന്റെ ഉപജീവനത്തിനായി പൂര്‍വ്വികരുടെ തൊഴില്‍ പിന്തുടരുക എന്നതാണ് വര്‍ണ്ണ നിയമം. അതിനാല്‍ വര്‍ണ്ണം ഒരു തരത്തില്‍ പാരമ്പര്യ നിയമമാണ്. വര്‍ണ്ണം ഹിന്ദുക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഒന്നല്ല, മറിച്ച് അവരുടെ ക്ഷേമത്തിനായുണ്ടാക്കിയ നിയമമായിരുന്നു . ഇത് മനുഷ്യ നിര്‍മ്മിതമല്ല പ്രകൃതി നിയമമാണ് - ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ നിയമം പോലെ എപ്പോഴും നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതുമായ പ്രവണതയാണിത് .''
ഈ ഭിന്നത തന്നെയാണ് ഇരട്ട മണ്ഡലത്തിനെതിരെ ശക്തമായ നിലപാടെടുത്ത് അംബേദ്ക്കറെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഗാന്ധിയെ ശക്തനാക്കിയത്. അധസ്ഥിതര്‍ക്ക് പ്രത്യേക മണ്ഡലം എന്നത് ഹിന്ദുമതത്തെ തകര്‍ക്കുന്നതായാണ് ഗാന്ധിജിയ്ക്ക് അനുഭവപ്പെട്ടത്. എന്നാല്‍ അംബേദ്ക്കറെ സംബന്ധിച്ച് അത് സാമൂഹ്യനിതീയുടെ അദ്യപടിയായിരുന്നു. എന്നാല്‍ ഗാന്ധിജിയുടെ നിരാഹാര സമരം എന്ന അതിശക്തമായ സമര മുറയ്ക്ക് മുന്നില്‍ അംബേദ്ക്കറിന് കീഴടങ്ങേണ്ടിവന്നു.
പെറി ആന്റെഴ്‌സണെ പോലുള്ളവര്‍ ഗാന്ധി അംബേദ്ക്കറെ കരാറിലേക്ക് ബലാല്‍ക്കാരമായി കൊണ്ടുവരികയാണെന്ന് നിരീക്ഷിച്ചിട്ടുണ്ട്. എന്തായാലും ഈ കരാറോടെ അംബേദ്ക്കര്‍ അധസ്ഥിത വിഭാഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവായി അംഗീകരിക്കപ്പെടുകയായിരുന്നു. അതുവഴി തുടര്‍ന്നും ഗാന്ധിയുടെ ഏറ്റവും ശക്തനായ വിമര്‍ശകനും.