ഈജിപ്തിലെ ഷാം ഇല്‍ ഷെയ്ക്കിലായിരുന്നു COP-27 കാലാവസ്ഥാ ഉച്ചകോടി നടന്നത്. ഇതില്‍ ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഉത്തരവാദിത്വം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ മേല്‍ കെട്ടിവയ്ക്കാന്‍ ഒരു ശ്രമം നടന്നു. യുണൈറ്റഡ് നേഷന്‍സ് ഫ്രെയിംവര്‍ക് ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ (UNFCC) കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചു തീരുമാനങ്ങളെടുക്കുന്ന സമിതിയാണ് കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് എന്ന COP- 27 ഉച്ചകോടി സംഘടിപ്പിച്ചത്.
ആഗോളതാപനവും കാലാവസ്ഥാ മാറ്റവും യാഥാര്‍ഥ്യങ്ങളാണ്. ആരാണ് ഇതിന്റെ ഉത്തരവാദികള്‍? COP- 27 ല്‍ ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളെപ്പോലെ വളരെ വൈകി മാത്രം വികസനത്തിന്റെ പാതയിലേക്ക് വന്ന രാജ്യങ്ങളെയും ഉത്തരവാദികളാക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടന്നു.
യുണൈറ്റഡ് നേഷന്‍സ് ഫ്രെയിംവര്‍ക് ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ (UNFCC) കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചു തീരുമാനങ്ങളെടുക്കുന്ന സമിതിയാണ് കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് എന്ന COP- 27 ഉച്ചകോടി സംഘടിപ്പിച്ചത്.
ആഗോളതാപനത്തിന്റെ ചരിത്രപരമായ ഉത്തരവാദികള്‍ (historical polluters)സമ്പന്ന രാജ്യങ്ങള്‍ തന്നെ! മറ്റു കാര്യങ്ങള്‍ പരിഗണിക്കാതെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഏറ്റവുമധികം പുറന്തള്ളുന്ന ആദ്യ 20 രാജ്യങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമ്പന്ന രാഷ്ട്രങ്ങളുടെ ശ്രമം മറ്റ് വികസ്വര രാജ്യങ്ങളുടെ പിന്തുണയോടെ ഇന്ത്യ തടഞ്ഞു.
സമ്പന്ന രാഷ്ട്രങ്ങള്‍ സാങ്കേതിക വിദ്യയുടെയും ഫണ്ടിന്റെയും ലഭ്യത വര്‍ധിപ്പിക്കാതെ ലഘൂകരണ പ്രവൃത്തികളിലൂടെ (Mitigation Works Programme) കാലാവസ്ഥാ ലക്ഷ്യങ്ങള്‍ പരിഷ്‌കരിക്കാന്‍ തങ്ങളെ പ്രേരിപ്പിക്കുമെന്ന ആശങ്ക വികസ്വര രാജ്യങ്ങള്‍ക്കുണ്ടായിരുന്നു. സമ്പന്ന രാഷ്ട്രങ്ങള്‍ അവരുടെ ജീവിത ശൈലി മാറ്റാന്‍ തയാറല്ല. പകരം, മറ്റ് രാജ്യങ്ങളില്‍ ചെലവ് കുറഞ്ഞ ബദലുകള്‍ തിരഞ്ഞു കൊണ്ടിരിക്കുകയാണ്. പാവപ്പെട്ട രാജ്യങ്ങളെ ലഘൂകരണത്തിന്റെ (mitigation) കാര്യം പറഞ്ഞു പേടിപ്പിക്കാനും ''കാര്‍ബണ്‍ ഓഫ്‌സെറ്റ് ക്രെഡിറ്റ്'' കൊണ്ടു വന്നു പിഴിയാനുമാണ് ഇപ്പോഴും ശ്രമം.
കാലാവസ്ഥാ മാറ്റത്തെ വരുതിയില്‍ നിര്‍ത്താന്‍ അഞ്ചു കാര്യങ്ങള്‍
1. പൊരുത്തപ്പെടല്‍ (adaptation)
2. ലഘൂകരണം (mitigation)
3. പണം മുടക്കല്‍ (finance)
4. സാങ്കേതിക വിദ്യയുടെ കൈമാറ്റം (Technology transfer)
5. ശേഷി നിര്‍മാണം (capacity building)
ഇവയില്‍ പൊരുത്തപ്പെടലും, ലഘൂകരണവുമാണ് പ്രധാനം. മറ്റുള്ളവ ഇവ നടപ്പിലാക്കാനുള്ള അനുസാരികള്‍ മാത്രമാണ്. കാലം തെറ്റി വരുന്ന മഴ, വെള്ളപ്പൊക്കം, വരള്‍ച്ച, ഇവയെ നേരിടുന്നതിന് ദരിദ്ര രാജ്യങ്ങള്‍ക്ക് കോടിക്കണക്കിന് തുക പൊരുത്തപ്പെടലിന്റെ ഭാഗമായി ചെലവഴിക്കേണ്ടി വരും. അതിനിടയില്‍ അവരോടു കാര്‍ബണ്‍ ലഘൂകരണം കൂടി ഉടന്‍ ചെയ്യണമെന്ന് പറയുന്നത് നീതിയല്ല.
1850 മുതല്‍ 2019 വരെയുള്ള ചരിത്രപരമായ കാര്‍ബണ്‍ പുറന്തള്ളലില്‍ ഇന്ത്യയുടെ പങ്ക് 3.0 ശതമാനമാണ്. അതേസമയം, ഏറ്റവും വലിയ പങ്ക് ആഗോളതലത്തില്‍ യുഎസ്എയുടെതാണ്, 25 ശതമാനം! യൂറോപ്യന്‍ യൂണിയന്‍ 17 ശതമാനവുമായി രണ്ടാം സ്ഥാനത്തുണ്ട്. ചൈന മൊത്തം തള്ളലിന്റെ 13 ശതമാനവുമായി മൂന്നാം സ്ഥാനത്തുണ്ട്. റഷ്യ ഏഴു ശതമാനം, ഇന്തോനേഷ്യയും ബ്രസീലും ഒരു ശതമാനം വീതം. വികസ്വര രാഷ്ട്രങ്ങള്‍ എല്ലാം കൂടി 0.5 ശതമാനം. ലോക ജനസംഖ്യയില്‍ വെറും അഞ്ചു ശതമാനം മാത്രമുള്ള യുഎസ്എയാണ് ആഗോള മലിനീകരണത്തില്‍ 25 ശതമാനത്തിനും ഉത്തരവാദി.
COP 27 നു മുന്നോടിയായി യുഎന്‍ഇപി പുറത്തു വിട്ട ഏറ്റവും പുതിയ കണക്കു പ്രകാരം 2020 ല്‍ ലോക പ്രതിശീര്‍ഷ കാര്‍ബണ്‍ പുറന്തള്ളല്‍ (കാര്‍ബണ്‍ പാദമുദ്ര- carbon footprint) 6.3 ടണ്‍ (CO2e) ആണ്. ഇന്ത്യയുടേത് 2.4 ടണ്‍ മാത്രമാണ്. ആഗോള ശരാശരിയുടെ ഏതാണ്ട് മൂന്നിലൊന്നു മാത്രമാണിത്. അതേസമയം, യുഎസിന്റേത് 14 ടണ്ണാണ്. റഷ്യ 13 ടണ്‍, ചൈന 9.7 ടണ്‍, ബ്രസീല്‍ 7.5 ടണ്‍ , ഇന്തോനേഷ്യ 7.5 ടണ്‍, യൂറോപ്യന്‍ യൂണിയന്‍ 7.2 ടണ്‍ എന്നിങ്ങനെയാണ് കണക്കുകള്‍. ഒരു രാജ്യമോ, സ്ഥാപനമോ, വ്യക്തിയോ എത്ര മാത്രം ഹരിത ഗൃഹവാതകങ്ങള്‍ക്കാണ് ഉത്തരവാദി എന്നു പറയുന്നതാണ് കാര്‍ബണ്‍ പാദമുദ്ര. വികസ്വര രാഷ്ട്രങ്ങളുടെ ശരാശരി പാദമുദ്ര 2.3 ടണ്‍ മാത്രമാണ്.
ഇതിനിടെ 'ഗ്ലോബല്‍ കാര്‍ബണ്‍ ബജറ്റ് റിപ്പോര്‍ട്ട് 2022' എന്നൊരു സ്വതന്ത്ര റിപ്പോര്‍ട്ട് പുറത്തു വന്നു. ഇതനുസരിച്ച്, 2021-ല്‍ ലോകത്തെ കാര്‍ബണ്‍ പുറന്തള്ളലിന്റെ പകുതിയിലധികവും ചൈന (31 ശതമാനം), യുഎസ് (14 ശതമാനം), യൂറോപ്യന്‍ യൂണിയന്‍ (8 ശതമാനം) എന്നിവരുടെ സംഭാവനയാണ് . നാലാം സ്ഥാനത്ത്, ഏഴു ശതമാനവുമായി ഇന്ത്യയും. 2022-ല്‍ ചൈനയിലും (0.9 ശതമാനം) യൂറോപ്യന്‍ യൂണിയനിലും (0.8 ശതമാനം) കാര്‍ബണ്‍ തള്ളല്‍ കുറയുമെന്ന് റിപ്പോര്‍ട്ട് കണക്കാക്കുന്നു. എന്നാല്‍, യുഎസില്‍ 1.5 ശതമാനവും ഇന്ത്യയില്‍ ആറു ശതമാനവും വര്‍ധനയുണ്ടാകും. ഇതാണ് സമ്പന്ന രാഷ്ട്രങ്ങളെ വിറളി പിടിപ്പിക്കുന്നതെന്നു തോന്നുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2022-ല്‍ ലോകത്ത് കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ ഏറ്റവുമധികം വര്‍ധനയക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുമെന്നും പറയുന്നുണ്ട്. കല്‍ക്കരി (അഞ്ചു ശതമാനം വര്‍ധന), എണ്ണ (10 ശതമാനം വര്‍ധന) എന്നിവ കാരണം കാര്‍ബണ്‍ തള്ളല്‍ 2022-ല്‍ ഇന്ത്യയില്‍ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട് പറ യുന്നത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2022-ല്‍ ലോകത്ത് കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ ഏറ്റവുമധികം വര്‍ധനയക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുമെന്നും പറയുന്നുണ്ട്.
കല്‍ക്കരിയുടെ ഉപയോഗം ഘട്ടംഘട്ടമായി നിര്‍ത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. എന്നാല്‍ കല്‍ക്കരി ഉടനെ വേണ്ടന്നു വയ്ക്കാന്‍ ഇന്ത്യക്കാവില്ല. ജനസമാന്യത്തിന് അടച്ചുറപ്പുള്ള വീട് വേണം, റോഡ് വേണം, ഊര്‍ജ്ജം വേണം. ഇതൊന്നും കാര്‍ബണ്‍ ലഘൂകരണം വഴി നേടാവുന്നതല്ല. ഇന്ത്യന്‍ ജനസംഖ്യ 2023-ല്‍ ചൈനയെ കടത്തി വെട്ടുമെന്ന് കേള്‍ക്കുന്നു. അതായത് ഭക്ഷ്യോത്പാദനവും വര്‍ധിപ്പിക്കേണ്ടി വരും. സമ്പന്ന രാഷ്ട്രങ്ങള്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റാതെ ഇന്ത്യയെ പ്പോലുള്ള രാജ്യങ്ങളെ മാത്രം ലക്ഷ്യമിട്ട് ലഘൂകരണം നടത്തിയിട്ട് ഒരു പ്രയോജനവുമില്ല. ലക്ഷം കോടികള്‍ പണച്ചെലവുള്ള പരിപാടിയാണ് ലഘൂകരണം.
ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ വികസനത്തിന്റെ പാതയില്‍ വന്നതാണ് ഇപ്പോഴത്തെ സര്‍വ കുഴപ്പത്തിന്റെയും കാരണം. ശരിയാണ്, വൈദേശിക ആധിപത്യത്തില്‍ നിന്നും മോചനം നേടി സാമ്പത്തികമായി ഉയരുന്നത് തന്നെയാണ് കാരണം. survival emission, luxury emission എന്നീ പ്രയോഗങ്ങളുടെ അര്‍ഥം മനസിലാക്കിയാല്‍ സംഗതി പിടികിട്ടും.
ആഗോളതലത്തില്‍ ആകെ കാര്‍ബണ്‍ തള്ളലിന്റെ ഏഴു ശതമാനം ഇന്ത്യയുടെ കണക്കില്‍ വരുന്നെങ്കില്‍ ലോക ജനസംഖ്യയുടെ 18 ശതമാനം ഇവിടുണ്ട് എന്ന് ഓര്‍ക്കണം.
ആഗോളതലത്തില്‍ ആകെ കാര്‍ബണ്‍ തള്ളലിന്റെ ഏഴു ശതമാനം ഇന്ത്യയുടെ കണക്കില്‍ വരുന്നെങ്കില്‍ ലോക ജനസംഖ്യയുടെ 18 ശതമാനം ഇവിടുണ്ടെന്ന് ഓര്‍ക്കണം. ഇന്ത്യയേപ്പോലുള്ള രാജ്യങ്ങളുടെത് survival emission ആണ്. അതേ സമയം, സമ്പന്ന രാഷ്ട്രങ്ങളുടേത് luxury emission ആണ്. ഇന്ത്യ അവകാശപ്പെടുന്നത് പോലെ, ലോകം മുഴുവന്‍ ഇന്ത്യക്കാരുടെ ശരാശരി പ്രതിശീര്‍ഷ കാര്‍ബണ്‍ ഉപഭോഗത്തിലേക്കെത്തിയാല്‍ (ആഗോള ശരാശരിയുടെ മൂന്നിലൊന്ന്), എല്ലാ കാലാവസ്ഥാ കുഴപ്പങ്ങളും വരുതിയില്‍ നിര്‍ത്താം. താപനില വര്‍ധനവ് 1.5 ഡിഗ്രിക്ക് താഴെ തന്നെ വരും!
COP27 കാര്യമായ നേട്ടങ്ങളൊന്നുമില്ലാതെ അവസാനിച്ചു. നാശനഷ്ടങ്ങള്‍ക്കുള്ള ഒരു ഫണ്ട് ( Loss and damage fund) അംഗീകരിക്കപ്പെട്ടുവെന്നതാണ് ഒരു നേട്ടം. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇത് കിട്ടില്ലെന്നും പറഞ്ഞു കഴിഞ്ഞു.