OPINION

കലയെ നിരന്തര കലാപസ്ഥലമാക്കിയ ഗൊദാര്‍ദ്

ഏത് കലാവിഷ്‌കാരത്തിലും രാഷ്ട്രീയമുണ്ട് എന്ന് വെട്ടിതുറന്ന് പറഞ്ഞു ഗൊദാര്‍ദ്. അത് സൂചനകളിലൂടെയാണ് ആവിഷ്‌കൃതമാക്കുകയെന്ന് അദ്ദേഹം കാട്ടിത്തരുകയും ചെയ്തു.

എം എ ബേബി

ഴാങ് ലുക് ഗൊദാര്‍ദ് -(1930-2022) വിശേഷണങ്ങള്‍ക്ക് പിടിതരാത്ത കലാലോകത്തെ സര്‍ഗാത്മക കലാപകാരിയാണ്. ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കി കൊണ്ടിരിക്കുന്ന അനന്തസാധ്യതകളെ ഇത്രമാത്രം ചലച്ചിത്രകലയില്‍ ഉപയോഗപ്പെടുത്തിയവര്‍ വേറെ അധികമില്ല. ആറു പതിറ്റാണ്ടുകള്‍ നീണ്ടുകിടക്കുന്ന അദ്ദേഹത്തിന്റെ രചനാത്മകമായ ഇടപെടലുകള്‍ ചലച്ചിത്രകലയെ എപ്രകാരമൊക്കെ മാറ്റിമറിച്ചു എന്നത് ഒട്ടേറെ പഠനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇനിയും സൂക്ഷമമായ അപഗ്രഥനം അര്‍ഹിക്കുന്ന ഗണത്തില്‍പ്പെട്ടതാണ് അവയോരോന്നും. അദ്ദേഹത്തിന്റെ രചനകള്‍ക്ക് കഥാഖ്യാന സ്വഭാവമുണ്ട്. എന്നാല്‍ നമ്മുടെ സാമാന്യ സങ്കല്‍പ്പങ്ങളെ ആവിഷ്‌കാരത്തിലെ അട്ടിമറികള്‍ കൊണ്ട് അമ്പരപ്പിക്കുകയും ചിന്തിപ്പിക്കുകയും വ്യത്യസ്ത അനുഭൂതി തലങ്ങളിലേയ്ക്ക് ആസ്വാദകരെ ആനയിക്കുകയും ചെയ്യുക ഗൊദാര്‍ദിന്റെ സവിശേഷരീതി അന്യാദൃശമാണ്.

ലിറ്റില്‍ സോള്‍ജിയര്‍ ചിത്രത്തില്‍ നിന്ന്

ഏതു കലാവിഷ്‌കാരത്തിലും രാഷ്ട്രീയമുണ്ട് എന്ന് വെട്ടിതുറന്ന് പറഞ്ഞു ഗൊദാര്‍ദ്. എന്നാല്‍ അത് സൂചനകളിലൂടെയാണ് ആവിഷ്‌കൃതമാക്കുകയെന്ന് അദ്ദേഹം കാട്ടിത്തരുകയും ചെയ്തു. 1961-ല്‍ സാക്ഷാത്ക്കരിച്ച ചെറുപടയാളി എന്ന ചിത്രം ( little soldier) ഫ്രഞ്ച് കോളനിയായിരുന്ന അള്‍ജീരിയയുടെ പശ്ചാത്തലത്തിലുള്ളതായിരുന്നു. ഫ്രഞ്ചുകാര്‍ 1963 വരെ ഇതിന് പ്രദര്‍ശനാനുമതി നല്‍കിയിരുന്നില്ല.

1967-ല്‍ പുറത്തിറങ്ങിയ ലാ ചിനോയിസില്‍ നിന്ന്

1967 രചിച്ച ലാചിനോയീസ് എന്ന ചലച്ചിത്ര സൃഷ്ടി ആ കാലഘട്ടം നിരീക്ഷിച്ച രാഷ്ട്രീയാനുഭവങ്ങളെ വിശകലന വിധേയമാക്കുന്നു. കാറല്‍മാക്‌സിന്റെ ആശയവും മാവോ സേതുങ്ങിന്റെ സാംസ്‌കാരിക വിപ്ലവവും ഒരു കൂട്ടം ചെറുപ്പക്കാരുടെ ജീവിതത്തില്‍ എങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്ന് ഗൊദാര്‍ദ് അതിലൂടെ ദൃശ്യവത്കരിക്കുന്നു. എനിക്കും നിങ്ങള്‍ക്കും അതില്‍ നിന്ന് എന്താണ് വായിച്ചെടുക്കാനാകുക എന്നത് നമ്മെക്കൂടി ആശ്രയിച്ചിരിക്കുന്നു. അലസമായ ഒരു പരിചരണമല്ല നല്ല സിനിമ ആവശ്യപ്പെടുന്നത് എന്നു കൂടിയാണ് ഗൊദാര്‍ദ് തന്റെ രചനകളിലൂടെ നമ്മെ ഓര്‍മിപ്പിക്കുന്നത്.

ചൂഷണ വിമര്‍ശനത്തിനാണ് പ്രത്യക്ഷവും പരോക്ഷവുമായി തന്റെ രചനകളെ ഗൊദാര്‍ദ് ആശ്രയിക്കുന്നത്. തന്റെ കൂടി ചലച്ചിത്ര രചനകളിലൂടെ ആ കലാരൂപത്തെ പാടെ മാറ്റിമറിയ്ക്കുന്നതില്‍ അനല്പമായ സംഭാവന നല്‍കി എന്നതാണ് ഗൊദാര്‍ദ് കലയുടെയും ദര്‍ശനത്തിന്റെയും മേഖലയില്‍ നടത്തിയ ഏറ്റവും വലിയ ഇടപെടല്‍.

ചലച്ചിത്ര കലയുടെ ഷേക്‌സ്പിയര്‍ എന്നാണോ പിക്കാസോ എന്നാണോ ഗൊദാര്‍ദിനെ വിശേഷിപ്പിക്കേണ്ടത് ? അവര്‍ രണ്ടും മറ്റു പലരും ചേര്‍ന്ന് ഒരു സര്‍ഗ്ഗ വിസ്മയം എന്ന് പറയുന്നതാകും ശരി. അദ്ദേഹത്തിന്റെ ചലച്ചിത്ര സൃഷ്ടികള്‍ക്കിടയില്‍ പ്രത്യക്ഷ രാഷ്ട്രീയ പ്രസ്താവനകള്‍ ചുവരെഴുത്തായും റേഡിയോ വാര്‍ത്തയായും സംഭാഷണമായും കടന്നുവരും. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന്റെ e=mc2 എന്ന സമവാക്യവും മൊസാര്‍ട്ടിന്റെ സംഗീതവും പിക്കാസോയുടെ പെയിന്റിങ്ങും പ്രത്യക്ഷപ്പെടും. അതൊന്നും സൂത്രവിദ്യകളായല്ല; ഗൊദാര്‍ദിന്റെ സര്‍ഗ്ഗ പ്രതിഭയില്‍ നിന്നും സൗന്ദര്യ ബോധത്തില്‍ നിന്നും സ്വഭാവികമായി സംഭവിക്കുന്ന അന്യോന്യത്തിന്റെ അസാധാരണമായ ആവിഷ്‌കാരമാണവ. അതുകൊണ്ട് ചലച്ചിത്ര കലയുടെ ജയിംസ് ജോയിസ് എന്നും- ആവിഷ്‌കാര ശൈലിയുടെ നൂതനത്വത്തെ മാത്രം മുന്‍നിര്‍ത്തി ഗൊദാര്‍ദിനെ വിശേഷിപ്പിക്കാമെന്നും തോന്നുന്നു.

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ വേദിയില്‍, ശാരീരിക കാരണങ്ങളാല്‍ എത്തിച്ചേരാനാകാതെ പോയെങ്കിലും, സമഗ്ര സംഭാവനപുരസ്‌കാരം ഗൊദാര്‍ദിന് സമര്‍പ്പിക്കാന്‍ കേരളത്തിനു സാധിച്ചത് അത്യന്തം അഭിമാനകരമാണ്. സമഗ്ര സംഭാവന പുരസ്‌കാരം സാര്‍ത്ഥകമായി.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം