തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൗരി ലക്ഷ്മി ഭായിയുടെ പ്രസ്താവനകളും പ്രസംഗങ്ങളുമെല്ലാം മുന്‍പില്ലാത്ത വിധം നമുക്കിടയില്‍ ചുറ്റിക്കറങ്ങുന്ന കാലമാണിത്. ജനാധിപത്യം അമ്പേ മനുഷ്യവിരുദ്ധമായൊരു സംഗതിയാണെന്നും രാജാധിപത്യം, കള്ളവും ചതിവും പൊളിവചനകളുമില്ലാത്ത സുന്ദര സുരഭില കാലമായിരുന്നുവെന്നുമാണ് എല്ലാത്തിന്റെയും ഉള്ളടക്കം. ഹിന്ദു മഹാ സമ്മേളനത്തിലെ പ്രസംഗമാണ് അക്കൂട്ടത്തില്‍ ഒടുവിലത്തേത്. ക്ഷേത്ര പ്രവേശന വിളംബരത്തോടെയാണ് നാട്ടില്‍ ഹിന്ദു ഐക്യത്തിന് തുടക്കമായതെന്ന് ഗൗരി ലക്ഷ്മി ഭായി പറയുന്നു.
രാജഭരണമെന്ന കെട്ടകാലം അവസാനിച്ചിട്ട് ഏഴ് പതിറ്റാണ്ട് കഴിഞ്ഞു. നൂറ്റാണ്ടുകാലം മനുഷ്യരെ അടക്കി ഭരിച്ച ഒരു കുടുംബത്തില്‍ ആ അധികാരങ്ങള്‍ ഒന്നുമില്ലാതെ നില്‍ക്കേണ്ടി വരുന്ന മുതിര്‍ന്ന പൗരയുടെ ഇച്ഛാഭംഗം മാത്രമായി ഗൗരി ലക്ഷ്മി ഭായിയുടെ വാക്കുകളെ നാം തള്ളിക്കളയാറുണ്ട്. എന്നാല്‍ അങ്ങനെ ചിരിച്ചു തള്ളുന്ന വിഴുപ്പുകളെല്ലാം അത്യുഗ്രന്‍ പ്രചാരണോപാധികളാക്കി മാറ്റുന്ന ഒരു കൂട്ടര്‍ ഇന്ന് നമുക്കൊപ്പമുണ്ടെന്നത് നാം പലപ്പോഴും മറക്കുന്നു.
ഭൂതകാലത്തിന്റെ അടയാളങ്ങളെ ഒന്നൊന്നായി അടര്‍ത്തിമാറ്റുകയും പകരം ചരിത്രത്തെ തങ്ങള്‍ക്കനുകൂലമായ വിധം നുണകളാല്‍ വികൃതമാക്കുകയും ചെയ്യുന്ന ഹിന്ദുത്വ ഫാസിസത്തിന്റെ ഉപയോഗിക്കാവുന്ന ഒരു ബിംബമാണ് തിരുവിതാംകൂറിലെ മുന്‍ രാജകുടുംബം.
ആ ഇരുണ്ടകാലത്തെ പീഡനങ്ങളും ചൂഷണങ്ങളും ഏറ്റുവാങ്ങിയിട്ടില്ലാത്ത ഇന്നത്തെ മനുഷ്യരില്‍ ചിലര്‍ക്കെങ്കിലും രാജഭരണം സമൃദ്ധിയുടെയും സകല നന്മകളുടെയും കാലമാണ്. അവര്‍ മഹാറാണിയുടെ പ്രസംഗങ്ങളില്‍ കോരിത്തരിച്ചിരിക്കുന്നു. അവിടെയാണ് കേരളത്തിലെ ജനാധിപത്യ സംവിധാനത്തെ കഴിയുന്നത്ര വികൃതമായി ചിത്രീകരിക്കേണ്ടതും അതിലും മെച്ചപ്പെട്ട ഭരണ സംവിധാനവും സാമൂഹ്യക്രമവും ഇവിടെ നിലനിന്നിരുന്നെന്ന് വരുത്തിത്തീര്‍ക്കേണ്ടതും ഇന്ന് ഗൗരി ലക്ഷ്മി ഭായിയുടെ മാത്രം ആവശ്യമല്ലെന്ന് നാം ഓര്‍ക്കേണ്ടത്.
കീഴ്ജാതിക്കാരന് വഴിനടക്കാന്‍ സാധിക്കാതിരുന്ന, അക്ഷരം പഠിക്കാന്‍ അനുവാദമില്ലാതിരുന്ന, മാറ് മറയ്ക്കാനും സവര്‍ണന്റെ കിണറ്റില്‍ നിന്ന് വെള്ളം കോരാനും സാധിക്കാതിരുന്ന കാലത്തെയാണ് ഗൗരി ലക്ഷ്മി ഭായി മഹത്വവല്‍ക്കരിക്കുന്നത്. രാജകുടുംബാംഗങ്ങളുടെ പ്രസംഗങ്ങള്‍ കേട്ടാല്‍ സ്വാതന്ത്ര്യസമരവും നവോഥാന പോരാട്ടങ്ങളും ചരിത്രത്തിലെ വലിയ തെറ്റുകളായേ തോന്നു. 1807ല്‍ ഫ്രാന്‍സിസ് ബുക്കാനന്‍ പ്രസിദ്ധീകരിച്ച A Journey from Madras through the Countries of Mysoreല്‍ അന്നത്തെ കേരളത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു. ' ഏതാനും ദരിദ്രര്‍, കൂടുതലും ഈഴവ ജാതിയിലുള്ളവര്‍, കുടിയാന്മാരായി ഏല്‍പ്പിച്ച് കിട്ടിയ ഭൂമിയില്‍ സ്വന്തമായി പ്രയത്‌നിച്ച് കൃഷിയിറക്കുന്നു. എന്നാല്‍ ബ്രാഹ്‌മണര്‍ ഒരിക്കലും ഒരധ്വാനവും ചെയ്യുകയില്ല. ' മധ്യതിരുവിതാംകൂറിലെ പുലയ വിഭാഗത്തില്‍പെടുന്ന മനുഷ്യരെക്കുറിച്ച് ചര്‍ച്ച് മിഷനറി സഭയിലെ റവറന്റ് ജോര്‍ജ് മാത്തന്‍ എഴുതിയത് ഇങ്ങനെയാണ് ' 1850 ഡിസംബര്‍ അഞ്ചാം തീയതി ഞാന്‍ ജനങ്ങളെ സന്ദര്‍ശിച്ച കൂട്ടത്തില്‍ കുറെ പുലയരുമായി സംസാരിക്കാനിടവന്നു. ഇവരോളം നികൃഷ്ട സ്ഥിതിയിലുള്ളവര്‍ വേറെ എങ്ങും ഉള്ളതായി ചരിത്രത്തിലെങ്ങും കാണ്മാനില്ല, അവരെ തൊടുകയോ അവരുടെ അടുക്കല്‍ ചെല്ലുകയോ ചെയ്താല്‍ അശുദ്ധപ്പെട്ടുപോകും എന്ന് മറ്റുള്ളവര്‍ വിചാരിക്കത്തക്കവണ്ണം അവര്‍ അത്ര നീചന്മാരാണെന്നു എണ്ണപ്പെട്ടുവരുന്നു. അവരെ കന്നുകാലികളെ പോലെ വില്‍ക്കുകയും വാങ്ങുകയും അവരോടു ക്രൂരമായി പെരുമാറുകയും ചെയ്യുന്നു. ഇവരെ 18 രൂപ വിലയ്ക്ക് വില്‍ക്കാന്‍ കഴിയുന്നു....'
തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ് അന്ന് നാട് ഭരിച്ചിരുന്നത്. 1889 ലെ സര്‍ക്കാര്‍ രേഖകള്‍ പ്രകാരം തിരുവിതാംകൂറില്‍ മാസത്തില്‍ പത്ത് രൂപയോ അതിനു മുകളിലോ ശമ്പളം വാങ്ങിയിരുന്നവര്‍ 3170. അതില്‍ പരദേശി ബ്രാഹ്‌മണര്‍ ഉള്‍പ്പെടുന്ന പരദേശി ഹിന്ദുക്കള്‍ - 1444, മലയാള ശൂദ്രര്‍ (നായര്‍) - 1575, നാഞ്ചിനാട്ട് ശൂദ്രര്‍ - 75, നസ്രാണിമാര്‍ - 76, ഈഴവരടങ്ങുന്ന അവര്‍ണ ജാതിക്കാര്‍ - 0. അന്ന് രാജ്യം ഭരിച്ചിരുന്നത് മൂലം തിരുനാള്‍ രാമ വര്‍മ. പലതരം നികുതികള്‍ നിലനിന്നിരുന്ന രാജഭരണ കാലത്ത് മുലക്കരവും സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗമായിരുന്നു. സ്ത്രീകള്‍ മാറ് മറയ്ക്കരുതെന്ന നിയമം ലംഘിക്കുന്നവര്‍ക്കു മേലാണ് മുലക്കരം ചുമത്തിയിരുന്നത്. മുലയുടെ വലുപ്പമനുസരിച്ച് കരത്തിന്റെ തുക നിശ്ചയിക്കാനുള്ള അധികാരം പാര്‍വത്യക്കാരന്‍ എന്ന അക്കാലത്തെ വില്ലേജ് ഓഫീസര്‍ക്ക്.
മാറുമറച്ചതിന്റെ പേരില്‍ ചേര്‍ത്തലയില്‍ ഒരു കര്‍ഷക തൊഴിലാളിയുടെ വീട്ടില്‍ ഉദ്യോഗസ്ഥന്‍ നികുതി പിരിക്കാനായി ചെന്നതും ധീരയായ ആ ഈഴവ യുവതി പ്രതിഷേധ സൂചകമായി തന്റെ മുലകള്‍ അരിഞ്ഞെടുത്ത് അയാള്‍ക്ക് മുന്നില്‍ എറിഞ്ഞു കൊടുത്തതും പിടഞ്ഞു മരിച്ചതും നമുക്കറിയാം. നങ്ങേലിയുടെ വീട് പിന്നീട് അറിയപ്പെട്ടത് മുലച്ചിപ്പറമ്പെന്നാണ്. മലയാളത്തിലെ ആദ്യ സിനിമ വിഗതകുമാരന്റെ ആദ്യ പരസ്യ പ്രദര്‍ശനം നടന്നത് തിരുവനന്തപുരം ക്യാപിറ്റോള്‍ തീയറ്ററിലാണ്. സിനിമ കാണാന്‍ തടിച്ചുകൂടിയവരില്‍ അതിലഭിനയിച്ച നായിക പി കെ റോസിയുമുണ്ടായിരുന്നു. കാണികളില്‍ ചിലര്‍ റോസിയെ തിരിച്ചറിയുകയും ദളിതയാണെന്നതിന്റെ പേരില്‍ തീയറ്ററില്‍ കയറ്റാതെ അടിച്ചോടിക്കുകയും ചെയ്തു. തറവാടിയായ നായര്‍ സ്ത്രീയുടെ വേഷമാണ് റോസി ചെയ്തതെന്ന് അറിഞ്ഞ സവര്‍ണ പ്രമാണിമാര്‍ പിന്നീട് അവരുടെ വീടിനു തീയിട്ടു. ജീവനില്‍ കൊതിയുള്ളതിനാല്‍ മലയാളത്തിന്റെ ആദ്യ നായിക തമിഴ്നാട്ടിലേക്ക് പലായനം ചെയ്തു. വിഗതകുമാരന്‍ പ്രദര്‍ശിപ്പിച്ച ക്യാപിറ്റോള്‍ തീയറ്ററില്‍ നിന്ന് തിരുവിതാംകൂര്‍ കൊട്ടാരത്തിലേക്ക് വിരലില്‍ എണ്ണാവുന്ന കിലോമീറ്ററുകള്‍ മാത്രമായിരുന്നു ദൂരം. ഗൗരി ലക്ഷ്മി ഭായി അമ്മാവന്‍ എന്ന് വിളിക്കാറുള്ള, കാലു കുത്തുന്നിടത്തെല്ലാം മഴ പെയ്യിക്കുന്നുവെന്ന് അവര്‍ ഇക്കാലത്തും കരുതുന്ന, ചിത്തിര തിരുനാള്‍ ബാലരാമ വര്‍മയായിരുന്നു അന്ന് രാജ്യം ഭരിച്ചിരുന്നത്.
1888 ലാണ് ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് അവര്‍ണര്‍ക്ക് വേണ്ടി ശിവ പ്രതിഷ്ഠ നടത്തുന്നത്. പിന്നീട് 1927വരെ 51 ക്ഷേത്രങ്ങള്‍ ഗുരു പ്രതിഷ്ഠിച്ചു. എല്ലാം ക്ഷേത്ര പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന കീഴ്ജാതിക്കാര്‍ക്ക് വേണ്ടി. 1924ലാണ് വൈക്കം ക്ഷേത്രത്തിനു സമീപത്തെ വഴികളില്‍ അവര്‍ണ ഹിന്ദു വിഭാഗക്കാര്‍ക്കും സഞ്ചാര സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് വൈക്കം സത്യാഗ്രഹം നടക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രം എല്ലാ ഹിന്ദുക്കള്‍ക്കുമായി തുറന്നു നല്‍കണമെന്നാവശ്യപ്പെട്ട് 1931ല്‍ ഗുരുവായൂര്‍ സത്യാഗ്രഹവും നടന്നു. ഈ കാലങ്ങളിലോ അതിനു മുന്‍പോ ഒരിക്കല്‍ പോലും അയിത്തം നിര്‍മാര്‍ജനം ചെയ്യണമെന്നും ജാതിയുടെ പേരില്‍ നിലനിന്നിരുന്ന വിവേചനങ്ങള്‍ ഇല്ലാതാക്കണമെന്നും തോന്നാതിരുന്ന തിരുവിതാംകൂര്‍ ഭരണാധികാരികള്‍ക്ക് 1936ല്‍ ക്ഷേത്രപ്രവേശന വിളംബരം നടത്തേണ്ടി വന്നത് എന്തുകൊണ്ടാണ്? മഹാരാജാവിന്റെ ധൈര്യമോ കനിവോ അല്ല, അധികാരം നഷ്ടമാകുമോയെന്നുള്ള ഭയമാണ് ക്ഷേത്രപ്രവേശന വിളംബരത്തിന് കാരണം.
നൂറ്റാണ്ടുകളായി ജാതിയുടെ പേരിലുള്ള വിവേചനങ്ങള്‍ നേരിടുന്ന മനുഷ്യര്‍ കൂട്ടത്തോടെ മതപരിവര്‍ത്തനത്തെക്കുറിച്ച് ചിന്തിച്ചു. തെക്കന്‍ തിരുവിതാംകൂറിലെ നാടാര്‍ സമുദായത്തില്‍ വലിയൊരു വിഭാഗം ക്രിസ്ത്യാനികളായി. ഇവരുടെ ജീവിതത്തില്‍ മിഷണറിമാര്‍ പരിഷ്‌കാരങ്ങള്‍ വരുത്തി. 1812-ല്‍ ബ്രിട്ടീഷ് റസിഡന്റ് കേണല്‍ മണ്‍റോ ക്രിസ്ത്യന്‍ നാടാര്‍ സ്ത്രീകള്‍ക്ക് മാറു മറയ്ക്കാന്‍ അനുമതി നല്‍കി. 1896 ല്‍ ശ്രീമൂലം തിരുനാളിന് സമര്‍പ്പിച്ച ഈഴവ മെമ്മോറിയലില്‍ ഇങ്ങനെ പറയുന്നു. ''നാടൊട്ടുക്കും ദിവസംപ്രതി പരിഷ്‌കാരങ്ങള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്തും അടിയങ്ങള്‍ക്ക് ഈ വക കഷ്ടാവസ്ഥകളില്‍ നിന്നും നിവൃത്തിയുണ്ടാകണമെങ്കില്‍ അടിയങ്ങള്‍ പൊന്നുതിരമേനിയുടെ രാജ്യമായ സ്വരാജ്യത്തേയോ പൊന്നുതിരുമേനിയുടെ മതമായ സ്വമതത്തേയോ ഉപേക്ഷിച്ചാലല്ലാതെ പാടില്ലെന്ന് വന്നിരിക്കുന്നത് എത്രമാത്രം വ്യസനകരമായ ഒരു സംഗതിയാണെന്ന് അടിയങ്ങള്‍ക്ക് തിരുവുള്ളമുണര്‍ത്തിക്കാന്‍ കഴിയുന്നതല്ല.'' തിരുവിതാംകൂറില്‍ ജനസംഖ്യയില്‍ മുന്നിലുള്ള ഈഴവരില്‍ നല്ലൊരു വിഭാഗം ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഹിന്ദുമതം ഉപേക്ഷിച്ച് ക്രിസ്തുമതത്തില്‍ ചേരാനുള്ള ശ്രമം നടത്തി. ഈഴവരുടെ മതപരിവര്‍ത്തന സംരംഭമെന്ന പേരില്‍ സി വി കുഞ്ഞിരാമന്‍ രചിച്ച പുസ്തകം സവര്‍ണര്‍ക്കിടയില്‍ പരിഭ്രാന്തിയുണ്ടാക്കി.
ഹിന്ദുമതം ഉപേക്ഷിച്ച് ക്രിസ്തമതത്തില്‍ ചേരുന്നതാണ് ഈഴവര്‍ക്ക് ഗുണമെന്ന് പുസ്തകത്തില്‍ പറഞ്ഞിരുന്നു. ഈഴവര്‍ ക്രിസ്തുമതത്തിലേക്ക് വരുമ്പോള്‍ എന്തൊക്കെ സൗകര്യമൊരുക്കണമെന്ന് പള്ളികളിലും ചര്‍ച്ചകള്‍ തുടങ്ങി. സഹോദരന്‍ അയ്യപ്പന്റെ അധ്യക്ഷതയില്‍ ചങ്ങാനാശേരിയില്‍ നിരവധി പേര്‍ പങ്കെടുത്ത മത പരിവര്‍ത്തനം സമ്മേളനം നടന്നതോടെ തിരുവിതാംകൂറില്‍ ഏതു നിമിഷത്തിലും ഒരു മതപരിവര്‍ത്തനം നടന്നേക്കുമെന്ന പ്രതീതിയുണ്ടായി. തിരുവിതാംകൂറില്‍ പതിനൊന്ന് ലക്ഷം ഈഴവര്‍ ക്രിസ്ത്യാനികളാകുമെന്നും തിരുവിതാംകൂര്‍ ഒരു ക്രൈസ്തവരാജ്യമായിത്തീരുമെന്നും അഭ്യൂഹങ്ങള്‍ പരന്നു. ഈഴവരെ കൂട്ടത്തോടെ ക്രിസ്തുമതത്തില്‍ ചേര്‍ക്കാന്‍ സമുദായ നേതാവായ സി വി കുഞ്ഞിരാമനും പ്രൊട്ടസ്റ്റന്റ് ബിഷപ്പ് മൂറും തമ്മില്‍ ധാരണയായതായി അന്നത്തെ ദിവാന്‍ സര്‍ സി പിയ്ക്ക് ഒരു രഹസ്യവിവരവും കിട്ടി. ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുന്നൊരു രാജ്യത്ത് എങ്ങനെ ഒരു ഹിന്ദു രാജാവിന് അധികാരത്തില്‍ തുടരാനാകുമെന്ന ആശങ്കയാണ് ഒടുവില്‍ ക്ഷേത്ര പ്രവേശന വിളംബരത്തിലേക്ക് നയിച്ചത്. എന്തായാലും അവര്‍ണര്‍ക്ക് ക്ഷേത്ര പ്രവേശനം നല്‍കേണ്ടി വന്നതില്‍ രാജാവിന് വലിയ വിഷമമുണ്ടായിരുന്നെന്നും ഇതേച്ചൊല്ലി അദ്ദേഹം ഏറെനാള്‍ ദിവാന് മുഖം കൊടുത്തിരുന്നില്ലെന്നും പറയപ്പെടുന്നു. നൂറ്റാണ്ടുകള്‍ നീണ്ട രാജഭരണ കാലത്തെ വിരലിലെണ്ണാവുന്ന നീചകൃത്യങ്ങള്‍ മാത്രമാണ് മുകളില്‍ സൂചിപ്പിച്ചിട്ടുള്ളത്. ഇത്തരം സംഭവങ്ങള്‍ വേറെയുണ്ട്. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചതോടെ ജനാധിപത്യം വിഭാവനം ചെയ്യുന്ന വിശാലമായ സ്വാതന്ത്ര്യവും സാമൂഹ്യനീതിയും തിരുവിതാംകൂറുകാരും അനുഭവിച്ചു തുടങ്ങി.
പക്ഷേ ചരിത്രം മറ്റൊന്നായിരുന്നെങ്കിലോ? തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാതെ ഒരു സ്വതന്ത്ര രാജ്യമായി മാറിയിരുന്നെങ്കിലോ? അതാണ് എസ് ഹരീഷിന്റെ ഓഗസ്റ്റ് 17 എന്ന നോവല്‍, തിരുവിതാംകൂറിന്റെ പ്രതി ചരിത്രം. ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ കിഴക്കേക്കോട്ടയില്‍ കാവിയില്‍ വലംപിരി ശംഖ് അടയാളപ്പെടുത്തിയ പതാക ഉയര്‍ത്തുന്നതോടെ തിരുവിതാംകൂര്‍ എന്ന ഹിന്ദു രാജ്യം യാഥാര്‍ഥ്യമാകുന്നു. സര്‍ സി പിയുടെ നേതൃത്വത്തില്‍ നടന്ന ചരടുവലികളാണ് തിരുവിതാംകൂറിനെ ഇന്ത്യയില്‍ ലയിക്കാതെ ഹിന്ദു രാജ്യമായി മാറാന്‍ സഹായിച്ചത്. അതിന് പാകിസ്ഥാന്റെയും ഹിന്ദു മഹാ സഭയുടെയും ആര്‍ എസ് എസിന്റെയും പിന്തുണ ഉണ്ടെന്നതാണ് വിരോധാഭാസം. ഒരേ സമയം ഹിന്ദു എന്ന പൊതുവികാരത്തെ ഉണര്‍ത്തി നിര്‍ത്തിയും അതെ സമയം സവര്‍ണ സമുദായത്തിന് മേല്‍ക്കോയ്മയും അവര്‍ണര്‍ക്ക് വിവേചനങ്ങളും നിലനില്‍ക്കുന്ന രാജ്യമായും തിരുവിതാംകൂറിനെ മാറ്റാന്‍ നോവലില്‍ സി പിയ്ക്ക് തുടര്‍ന്നും കഴിയുന്നു. പശു, രാമന്‍, അയോധ്യ തുടങ്ങിയ ബിംബങ്ങളെ കൂട്ടുപിടിച്ച് ഭൂരിപക്ഷ മനസ് കീഴടക്കുകയും ആ വൈകാരികതയെ നരേന്ദ്ര മോദിയെന്ന പുതിയ ബിംബ നിര്‍മിതിയിലേക്ക് ലയിപ്പിക്കുകയും ചെയ്യുന്ന ഹിന്ദുത്വ ഫാസിസത്തിന്റെ അതെ പദ്ധതിയാണ് സര്‍ സി പി തിരുവിതാംകൂറിലും അവതരിപ്പിക്കുന്നത്. കെ സി എസ് മണിയുടെ നേതൃത്വത്തില്‍ തനിക്ക് നേരെ നടന്ന ആക്രമണത്തെ ദിവാന്‍ സി പി ചാരന്മാരെ ഉപയോഗിച്ച് തടയുന്നു. അക്രമിയായ ഹിന്ദു നാമധാരി കെ സി എസ് മണി ചിത്രത്തിലെ ഇല്ലാതാവുകയും ക്രിസ്ത്യാനിയായ വര്‍ഗീസിനെയും മുസ്ലിമായ മുഹമ്മദ് ബഷീറിനെയും പ്രതികളാക്കുകയും ചെയ്യുന്നു. കൊലപ്പെടുത്താന്‍ ശ്രമിച്ചത് മഹാരാജാവിനെയാണെന്നും അതിനെ മുന്നില്‍ നിന്ന് തടഞ്ഞത് ദിവാനാണെന്നും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു. രാജാവിനോടും റാണിയോടുമുള്ള ജനങ്ങളുടെ ഭക്തിയും വൈകാരിക അടുപ്പവും സി പി അയാള്‍ക്കും അയാളുടെ രാഷ്ട്രീയ പദ്ധതിക്കും അനുകൂലമാക്കി മാറ്റുന്നു. അന്നോളം ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ ആഗ്രഹിച്ചിരുന്ന ജനങ്ങളെക്കൊണ്ട്, മുസ്ലിങ്ങള്‍ക്ക് പ്രത്യേക രാജ്യം വേണമെങ്കില്‍ ഹിന്ദുക്കള്‍ക്കും പ്രത്യേക രാജ്യം അനുവദിക്കണമെന്ന് മുദ്രാവാക്യം വിളിപ്പിക്കുന്നു. അങ്ങനെ തിരുവിതാംകൂര്‍ എന്ന ഹിന്ദു രാജ്യം നിലവില്‍ വരുന്നു. ശേഷം പ്രായപൂര്‍ത്തി വോട്ടവകാശം ഇല്ലാതാകുന്നു, ഗോവധ നിരോധനം വരുന്നു, പശുവിനെ വളര്‍ത്താനുള്ള അവകാശം ബ്രാഹ്‌മണര്‍ മുതല്‍ നായര്‍ വരെയുള്ള സവര്‍ണ വിഭാഗത്തിന് മാത്രമാകുന്നു. സവര്‍ണരുടെ അനുമതിയോടെ അവര്‍ണര്‍ക്ക് പശുവിനെ വളര്‍ത്താമെങ്കിലും പാല്‍ കറക്കാനുള്ള അവകാശമുണ്ടായിരിക്കുന്നതല്ല. പോലീസ് മേധാവിയോട് അനിഷ്ടകരമായ ചോദ്യമുന്നയിച്ച പത്രപ്രവര്‍ത്തകന്‍ അശ്ലീല പുസ്തകം കയ്യില്‍ സൂക്ഷിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെടുന്നു. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപ ചടങ്ങ് രാജ്യത്തിന്റെ ഔദ്യോഗിക ആഘോഷമാകുന്നു. മുറജപ ചടങ്ങുകള്‍ കഴിയുന്നത് വരെ അധഃകൃത ജാതിയില്‍പ്പെടുന്നവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ലെന്നു ഗവണ്മെന്റ് ഉത്തരവിറങ്ങുന്നു. മുറജപത്തിനെത്തുന്ന ബ്രാഹ്‌മണര്‍ക്ക് പാര്‍ക്കാന്‍ നഗരത്തിലെ അവര്‍ണരെ കുടിയൊഴിപ്പിക്കുന്നു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും തിരുവിതാംകൂര്‍ പട്ടാളവും തമ്മില്‍ സംഘര്‍ഷം നടക്കുന്നതിനിടെ വൈക്കത്ത് ഒരു സ്‌കൂള്‍ അസംബ്ലിയിലേക്ക് ബോംബാക്രമണമുണ്ടാകുന്നു. അത് ഇന്ത്യ നടത്തിയ ആക്രമണമെന്ന് പ്രചരിപ്പിക്കപ്പെടുന്നു. തിരുവിതാംകൂറില്‍ ദേശീയ വികാരം ആളിക്കത്തുന്നു. മഹാരാജാവിന്റെ സ്ഥാനം കൊട്ടാരത്തിനുള്ളില്‍ മാത്രമായി ഒതുങ്ങുകയും സര്‍ സി പി ദിവാന്‍ പദവിയില്‍ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക് ഉയരുകയും ചെയ്യുന്നു. അക്രമോത്സുക ദേശീയതയ്ക്ക് എരിവ് പകര്‍ന്ന് സി പി ഇടയ്ക്കിടെ ' പട്ടാള വേഷത്തിലെത്തി ' ജനങ്ങളെ അഭിസംബോധന ചെയ്യുന്നു. തിരുവിതാംകൂറില്‍ ഹിന്ദു മഹാ സഭയുടെ ശാഖകള്‍ ആരംഭിക്കുന്നു. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഹിന്ദു മതപാഠശാലകള്‍ തുറക്കുന്നു. രാജ്യത്തെ മുഴുവന്‍ സസ്യാഹാരത്തിലേക്ക് നയിക്കുന്നതിന്റെ തുടക്കമായി ക്ഷേത്രങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മാംസാഹാരം നിരോധിക്കുന്നു. ഏറ്റവുമൊടുവിലായി ക്ഷേത്ര പ്രവേശന വിളംബരത്തിലാണ് മാറ്റം വരുത്തുന്നത്. പത്മനാഭ സ്വാമി ക്ഷേത്രവും ഏറ്റുമാനൂരും വൈക്കവുമുള്‍പ്പെടെ 21 പ്രധാന ക്ഷേത്രങ്ങളെ വിളംബരത്തില്‍ നിന്ന് ഒഴിവാക്കുന്നതായി സര്‍ക്കാര്‍ ഉത്തരവിറക്കുന്നു. അവയ്ക്ക് ചുറ്റുമുള്ള പൊതുഗതാഗതവും നിരോധിക്കുന്നു.
ഇങ്ങനെ ഹരീഷ് തിരുവിതാംകൂറിന്റെ പ്രതിചരിത്രം ഭാവന ചെയ്യുകയാണ്. വാസ്തവത്തില്‍ നമ്മുടെ ഭൂതകാലത്തിന്റെ സങ്കല്‍പ്പ ചരിത്രമല്ല എഴുത്തുകാരന്‍ പറയുന്നത്. ഓഗസ്റ്റ് പതിനേഴ് വര്‍ത്തമാനകാല ഇന്ത്യയുടെ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുന്നത്. ഭാവി ഇന്ത്യ ഏതു ദിശയില്‍ സഞ്ചരിച്ചേക്കുമെന്ന ആശങ്കയാണ് പങ്കിടുന്നത്. പക്ഷേ വെറുതെ ഒന്നോര്‍ത്ത് നോക്കു, ഏഴ് പതിറ്റാണ്ടു മുന്‍പ് തിരുവിതാംകൂര്‍ ഒരു സ്വതന്ത്ര രാജ്യമായി മാറിയിരുന്നെങ്കിലോ? ഗൗരി ലക്ഷ്മി ഭായിയും കുടുംബവും ഭരിക്കുന്ന നാട്ടില്‍ ഹരീഷ് ഭാവന ചെയ്തതല്ലാതെ മറ്റെന്താണ് സംഭവിക്കുക. ഈ എഴുത്ത് അവസാനിപ്പിക്കുന്നത് തിരുവനന്തപുരം കുന്നുംപാറയിലെ സുബ്രഹ്‌മണ്യ ക്ഷേത്രത്തിന്റെ മുറ്റത്തിരുന്നാണ്. അവര്‍ണര്‍ക്ക് ക്ഷേത്ര പ്രവേശനം നിക്ഷേധിച്ചിരുന്ന 1896ല്‍ ശ്രീനാരായണ ഗുരു അവര്‍ക്കുവേണ്ടി പ്രതിഷ്ഠിച്ച ക്ഷേത്രമാണിത്. വെള്ളക്കാരെയും ടിപ്പുവിനെയും തിരിച്ചോടിച്ച ഹിന്ദു രാജ്യമാണ് തിരുവിതാംകൂറെന്ന് കഴിഞ്ഞ ദിവസം ഗൗരി ലക്ഷ്മി ഭായി ഊറ്റം കൊള്ളുന്നത് നാം കണ്ടല്ലോ. ആ പ്രസ്താവന ആരെ ലാക്കാക്കിയാണെന്നു നമുക്കറിയാം. എന്തായാലും അതേ തിരുവിതാംകൂറിലിരുന്നാണ് പരമേശപവിത്രപുത്രനെന്നു ക്രിസ്തുവിനെയും കരുണാവാന്‍ നബിമുത്തു രത്‌നമെന്നു പ്രവാചകനെയും വിശേഷിപ്പിച്ച് ഗുരു അനുകമ്പാദശകം എഴുതിയതെന്നു മഹാറാണിക്ക് അറിയില്ലായിരിക്കാം