ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയന്‍ സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത തലത്തിലേക്ക് വളര്‍ന്നു പടര്‍ന്നിരിക്കുന്നു. ഏതെങ്കിലുമൊരു സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള വാര്‍ത്താസമ്മേളനം നടത്തുക എന്നത് ഇതേവരെ കേട്ടുകേള്‍വിയില്ലാത്ത സംഭവമായിരുന്നു. ഇടതുപക്ഷം ഗവര്‍ണര്‍ പദവിയോട് എക്കാലത്തും വിപ്രതിപത്തി പുലര്‍ത്തിയിട്ടുണ്ടെങ്കിലും അതൊന്നും ഇത്തരത്തിലൊരു കോഴിപ്പോരിലേക്ക് വളര്‍ന്നിരുന്നില്ല. കേരളചരിത്രത്തില്‍ ഇതിനുമുമ്പുണ്ടായ വിവാദമായ ഗവര്‍ണര്‍ - സര്‍ക്കാര്‍ തര്‍ക്കങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
1957-ല്‍ ആദ്യ സര്‍ക്കാരിന്റെ കാലത്തുതന്നെ ഇതിന് തുടക്കം കുറിച്ചു. അന്ന് രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഇ.എം.ശങ്കരന്‍നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലേറിയത് ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസിനെ ഒന്നാകെ ഞെട്ടിച്ചുകളഞ്ഞു. ബി.രാമകൃഷ്ണ റാവുവായിരുന്നു ആദ്യ ഗവര്‍ണര്‍. രണ്ട് സീറ്റെന്ന ചെറിയ ഭൂരിപക്ഷത്തെ അട്ടിമറിച്ച് എങ്ങനെയും സര്‍ക്കാരിനെ താഴെയിറക്കാനുള്ള നീക്കത്തിന് തുടക്കം മുതല്‍ കോണ്‍ഗ്രസ് കോപ്പുകൂട്ടി. അതിന് ചില സ്വതന്ത്ര എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമം വരെ അവര്‍ നടത്തിനോക്കി. സര്‍ക്കാരിനെതിരെയുള്ള ഇത്തരം നീക്കങ്ങളുടെ ചുക്കാന്‍ അവര്‍ ഏല്പിച്ചത് ഗവര്‍ണര്‍ രാമകൃഷ്ണ റാവുവിനെത്തന്നെയായിരുന്നു.
ആംഗ്ലോ- ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദ്ദേശം ചെയ്യുന്നത് മുതല്‍ തുടങ്ങി ഗവര്‍ണറുടെ ഇടപെടല്‍. സര്‍ക്കാരിനോട് ആലോചിക്കാതെ അദ്ദേഹം ഡബ്ലു.എച്ച് ഡിക്രൂസിനെ അദ്ദേഹം ആംഗ്ലോ-ഇന്ത്യന്‍ പ്രതിനിധിയാക്കി. സംസ്ഥാനത്തിന്റ ആദ്യ ഡി.ജി.പിയായി എന്‍.ചന്ദ്രശേഖരന്‍നായരെ നിയമിച്ചതും മുഖ്യമന്ത്രിയുമായി കൂടിയാലോചിക്കാതെയായിരുന്നു. ഒടുവില്‍ ക്രമസമാധാനത്തകര്‍ച്ചയുടെ പേരില്‍ ഇ.എം.എസ്.സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള ശുപാര്‍ശ വരെ സര്‍ക്കാരില്‍ ഗവര്‍ണറുടെ ഇടപെടല്‍ തുടര്‍ന്നുകൊണ്ടിരുന്നു
1977 മുതല്‍ അഞ്ച് വര്‍ഷക്കാലം കേരളത്തിലെ ഏഴാമത്തെ ഗവര്‍ണറായിരുന്ന ജ്യോതി വെങ്കിടാചലവും ഇടതുപക്ഷവിമര്‍ശനം ഏറ്റുവാങ്ങി. സംസ്ഥാനത്തെ ആദ്യ വനിതാ ഗവര്‍ണറായിരുന്ന ജ്യോതി വെങ്കിടാചലമാണ് അധികം മുഖ്യമന്ത്രിമാരെ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചതും. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗവര്‍ണറായി എത്തിയ അവര്‍ തുടര്‍ന്ന് പി.കെ.വാസുദേവന്‍നായര്‍, സി.എച്ച് മുഹമ്മദ് കോയ, ഇ.കെ.നായനാര്‍, കെ.കരുണാകരന്‍ എന്നിവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കെ.കരുണാകരന്റെ കുപ്രസിദ്ധമായ കാസ്റ്റിംഗ് മന്ത്രിസഭയെ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചതും ഇവരായിരുന്നു. കാസ്റ്റിംഗ് മന്ത്രിസഭയെ പല്ലും നഖവും ഉപയോഗിച്ചു എതിര്‍ത്ത പ്രതിപക്ഷം ആ മന്ത്രിസഭ വീണയുടനെ പുതിയ മന്ത്രിസഭ ഉണ്ടാക്കാനുള്ള നീക്കം ആരംഭിച്ചു.
എന്നാല്‍, ഈ സമയം സംസ്ഥാനത്തില്ലാതിരുന്ന ഗവര്‍ണര്‍ ജ്യോതിവെങ്കിടാചലം അത്തരമൊരവസരം പ്രതിപക്ഷത്തിനു നല്‍കാതെ സര്‍ക്കാരിനെ പരിച്ചുവിട്ടു. അത് വലിയ പരിഹാസത്തിനും പ്രതിഷേധത്തിനും കാരണമായി. ഇ.കെ.നായനാര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അവരെ കളിയാക്കിയപ്പോള്‍ സി.പി.ഐ നേതാവ് കണിയാപുരം രാമചന്ദ്രന്‍ ജ്യോതി വെങ്കിടാചലം എന്നതിനു പകരം പ്രസംഗങ്ങളില്‍ 'ചതി വന്‍കിട ശല്യം' എന്നുവരെ വിശേഷണം കൊഴുപ്പിച്ചു.
1988-ല്‍ സംസ്ഥാനത്തിന്റെ ഒമ്പതാമത്തെ ഗവര്‍ണറായി വന്ന രാം ദുലാരി സിന്‍ഹയും സര്‍ക്കാരുമായി ഏറ്റുമുട്ടി. സംസ്ഥാന നിയമസഭ അവര്‍ക്കെതിരെ ശാസനാപ്രമേയം പാസാക്കുന്ന അവസ്ഥ വരെയുണ്ടായി. അന്ന് ഇ.കെ.നായനാരായിരുന്നു മുഖ്യമന്ത്രി. കെ.കരുണാകരന്‍ പ്രതിപക്ഷനേതാവും. കേരള സര്‍വകലാശാല സെനറ്റിലേക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്തതിനെച്ചൊല്ലിയാണ് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള സംഘര്‍ഷം ഉടലെടുത്തത്. സര്‍ക്കാര്‍ കൊടുത്ത അംഗങ്ങളുടെ പട്ടികയില്‍ മറ്റാരുടെയോ ബാഹ്യസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മാറ്റം വരുത്തിയതാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. ശാസനാപ്രമേയമൊക്കെ നിയമസഭ പാസാക്കിയെങ്കിലും അവര്‍, താന്‍കൊടുത്ത പട്ടികയില്‍ മാറ്റമൊന്നും വരുത്തിയില്ല.
അടുത്ത ഊഴം 17-ാമത്തെ ഗവര്‍ണര്‍ ആര്‍.എസ്.ഗവായിയുടേത് ആയിരുന്നു. വി.എസ്.അച്യുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്താണ് സംഭവം. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം അവഗണിച്ച് എസ്.എന്‍.സി.ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതാണ് വിവാദമായത്. ലാവലിന്‍ കരാര്‍ ഒപ്പിടുമ്പോള്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി കൊടുക്കരുതെന്നായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം.
ഇങ്ങനെ കാലങ്ങളായി കൊണ്ടും കൊടുത്തും മുന്നേറിയ ഗവര്‍ണര്‍ - സര്‍ക്കാര്‍ പോരാണ് ഒടുവില്‍ സകല സീമകളും ലംഘിച്ച് പൊതുനിരത്തിലെ പോരാട്ടമായി മാറിയത്.