OPINION

പൊരുതിത്തോറ്റ കോണ്‍ഗ്രസിന്റെ വിജയം

ജോഡോ യാത്രയിലും ഗുജറാത്തിലും എല്ലാ ശ്രദ്ധയും പാർട്ടി ദേശീയ നേതൃത്വം കൊടുത്തപ്പോൾ, പ്രചാരണം സ്വയം ഏറ്റെടുത്ത പ്രാദേശിക പ്രവർത്തകർ കോൺഗ്രസിന്റെ വിഭവശേഷി കൂടിയാണ് പ്രഖ്യാപിച്ചത്

മിനി മോഹൻ

മാധ്യമങ്ങളിലെ നിലവിലെ വാര്‍ത്താപരസ്യങ്ങളുടെ ബഹളങ്ങള്‍ മാറ്റി വെച്ച് പരിശോധിക്കുകയാണെങ്കില്‍, ഏറെക്കുറെ മോദി ഒറ്റയ്ക്ക് പ്രതിനിധാനം ചെയ്യുന്ന ബിജെപിക്ക് എതിരെ ഏറ്റവും ഫലപ്രദമായ പ്രതിപക്ഷമാകാന്‍ കഴിയുന്നത് കോണ്‍ഗ്രസിന് തന്നെയാണെന്ന് ബോധ്യമാകും. നിലവിലെ അതിന്റെ രാഷ്ട്രീയനീക്കങ്ങളോ സംഘടനാപ്രവര്‍ത്തനമോ കുറ്റമറ്റതാണെന്ന അര്‍ത്ഥത്തിലല്ല. മറിച്ച്, മതാവേശത്തില്‍ ഭ്രമിച്ച് മറ്റെല്ലാ യഥാര്‍ത്ഥ പ്രശ്‌നങ്ങളേയും രാഷ്ട്രീയതലത്തില്‍ അവഗണിച്ച ന്യൂനപക്ഷത്തില്‍ കവിഞ്ഞ സംഖ്യയുള്ള വോട്ടര്‍മാരുടെ പിന്തുണയോടെ കുതിച്ചിരുന്ന ഹിന്ദുത്വയുടെ താമരരഥം മുടന്തുവാന്‍ ഇനിയധികം താമസിക്കില്ലെന്ന ഗുജറാത്ത് തെരഞ്ഞെടുപ്പു ഫലത്തിന്റെ ആധാരത്തിലാണത്.

മതബോധം പരസ്യമായി തന്നെ പ്രകടിപ്പിക്കുന്ന സവര്‍ണ്ണ-ഇടത്തരം ഹിന്ദു-ജാതി സമുദായങ്ങള്‍ നിര്‍ണ്ണായകമായ ഗുജറാത്തില്‍ അത്തരമൊരു സമീപനം തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്കുമെന്ന് അറിഞ്ഞു തന്നെയായിരുന്നു മതേതരത്വത്തില്‍ അടിയുറച്ച്, ഹിന്ദുത്വ രാഷ്ട്രീയത്തെ അതിന്റെ സ്വന്തം തട്ടകത്തില്‍ കോണ്‍ഗ്രസ് നേരിട്ടത്

ഗുജറാത്തില്‍ സമീപകാലത്തൊന്നും ഇല്ലാത്ത വിധത്തില്‍ പട പൊരുതിയാണ് കോണ്‍ഗ്രസ് പരാജയപ്പെട്ടത്. പ്രത്യേകിച്ചും ഗ്രാമീണതലത്തില്‍ സാധാരണ പ്രവര്‍ത്തകര്‍ നടത്തിയ പ്രചാരണം സംഘടനയുടെ പുനരുജ്ജീവനത്തിന് ഉയിരേകുന്നതാണ്. സവര്‍ണ്ണ-നഗര വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശശി തരൂരിനെ നിയോഗിച്ചില്ലെന്ന ആരോപണമൊക്കെ മാറ്റി വെച്ചാല്‍, ദേശീയ തലത്തില്‍ ശ്രദ്ധേയരായ അനവധി നേതാക്കള്‍ ഗുജറാത്തില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സജീവമായി ഉണ്ടായിരുന്നു. എങ്കിലും ദേശീയനേതൃത്വത്തിന്റെ മേല്‍നോട്ടം മാത്രം നിലനിര്‍ത്തി പ്രാദേശികപ്രവര്‍ത്തകരെ മുമ്പില്‍ നിര്‍ത്തിയായിരുന്നു എല്ലാ തയ്യാറെടുപ്പുകളും നടത്തിയത്. വന്‍തോതില്‍ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാനാകുന്ന രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവർ പ്രചാരണത്തില്‍ പിന്‍സീറ്റില്‍ മാത്രമാണുണ്ടായിരുന്നത്. അതുപോലെ തന്നെ, കാലങ്ങളായി ആക്ഷേപിക്കപ്പെടുന്ന മൃദുഹിന്ദുത്വ ആശയങ്ങളെ ബോധപൂര്‍വ്വം ഒഴിവാക്കി, മതേതരമായ മുദ്രാവാക്യങ്ങളും വാഗ്ദാനങ്ങളുമായി മാത്രമാണ് പ്രാദേശികനേതൃത്വം കളത്തിലിറങ്ങിയത്. മതബോധം പരസ്യമായി തന്നെ പ്രകടിപ്പിക്കുന്ന സവര്‍ണ്ണ-ഇടത്തരം ഹിന്ദു-ജാതി സമുദായങ്ങള്‍ നിര്‍ണ്ണായകമായ ഗുജറാത്തില്‍ അത്തരമൊരു സമീപനം തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്കുമെന്ന് അറിഞ്ഞു തന്നെയായിരുന്നു മതേതരത്വത്തില്‍ അടിയുറച്ച്, ഹിന്ദുത്വ രാഷ്ട്രീയത്തെ അതിന്റെ സ്വന്തം തട്ടകത്തില്‍ കോണ്‍ഗ്രസ് നേരിട്ടത്. അത് വ്യക്തവും കൃത്യവുമായ രാഷ്ട്രീയബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയായിരുന്നു. ഈ തെരഞ്ഞെടുപ്പിനല്ല, വര്‍ഗ്ഗീയരാഷ്ട്രീയത്തിനെതിരെ പരസ്യനിലപാടെടുത്ത കോണ്‍ഗ്രസിന് ന്യൂനപക്ഷങ്ങളെ വരുംകാലത്ത് കൂടെ നിര്‍ത്താനാകുമെന്നാണ് അതിന്റെ മെച്ചം.

എല്ലാ അര്‍ത്ഥത്തിലും ബിജെപി പരാജയപ്പെടേണ്ട തെരഞ്ഞെടുപ്പായിരുന്നു ഇത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രഖ്യാപിക്കുന്ന വാഗ്ദാനങ്ങള്‍ക്ക് അപ്പുറത്ത് സാമ്പത്തിക അസമത്വവും ദാരിദ്ര്യവും കൂടി കൊണ്ടിരിക്കുന്ന ഗുജറാത്തില്‍ എടുത്തു പറയാനായി യാതൊന്നും നിലവിലെ ഭരണാധികാരികള്‍ക്ക് ഇല്ലായിരുന്നു. മോര്‍ബിയിലെ തൂക്കുപാലം തകര്‍ന്നപ്പോള്‍ അവിടുത്തെ അഴിമതിയുടെ ആഴങ്ങള്‍ വെളിപ്പെട്ടതുമാണ്. പക്ഷെ, അതിനെയെല്ലാം മറികടക്കുന്ന വൈകാരിക വര്‍ഗ്ഗീയ പ്രചാരണമാണ് ബിജെപി പുറത്തെടുത്തത്.

ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ സ്വീകരിച്ചാദരിച്ച ബിജെപിയുടെ മറുഭാഗത്ത് ആ വിഷയത്തെ തെരഞ്ഞെടുപ്പ് അജണ്ടയാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. എന്നാല്‍ ആ വിഷയത്തില്‍ ഉടനീളം മൗനം പൂണ്ടിരിക്കാനാണ് ആപ് ശ്രമിച്ചത്. ഏകീകൃത സിവില്‍ കോഡിന് ഗുജറാത്തില്‍ ഭരണപരമായ പച്ചക്കൊടി ബിജെപി കാണിച്ചപ്പോള്‍, അതിനെ തെരുവുകളില്‍ ചോദ്യം ചെയ്തത് കോണ്‍ഗ്രസ് മാത്രമാണ്.

ഒരു സംഘടനയുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ വിലയിരുത്താന്‍ അവര്‍ ഏറ്റവുമധികം കടന്നാക്രമിക്കുന്നത് എന്തിനെയാണ് എന്ന് പരിശോധിച്ചാല്‍ മതി. അങ്ങനെ നോക്കുമ്പോള്‍ തെരഞ്ഞെടുപ്പ് വിജയത്തിനായി ഉണ്ടാക്കുന്ന താല്‍ക്കാലിക അജണ്ടകള്‍ക്കപ്പുറത്ത്, സംഘടനകളുടെ രാഷ്ട്രീയത്തെ വിലയിരുത്തേണ്ടതുണ്ട്. ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ സ്വീകരിച്ചാദരിച്ച ബിജെപിയുടെ മറുഭാഗത്ത് ആ വിഷയത്തെ തെരഞ്ഞെടുപ്പ് അജണ്ടയാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. എന്നാല്‍ ആ വിഷയത്തില്‍ ഉടനീളം മൗനം പൂണ്ടിരിക്കാനാണ് ആപ് ശ്രമിച്ചത്.

ഏകീകൃത സിവില്‍ കോഡിന് ഗുജറാത്തില്‍ ഭരണപരമായ പച്ചക്കൊടി ബിജെപി കാണിച്ചപ്പോള്‍, അതിനെ തെരുവുകളില്‍ ചോദ്യം ചെയ്തത് കോണ്‍ഗ്രസ് മാത്രമാണ്. എന്നാല്‍ അത് രാജ്യവ്യാപകമായി നടപ്പാക്കാന്‍ ആപ് വെല്ലുവിളിക്കുകയാണുണ്ടായത്. ഒരു സമുദായത്തെ പാഠം പഠിപ്പിച്ചെന്ന വര്‍ഗ്ഗീയത മുറ്റിയ ബിജെപി പ്രചാരണങ്ങളെ എതിര്‍ക്കാന്‍ ആപിന് താല്‍പര്യമുണ്ടായിരുന്നില്ല. ദില്ലിയില്‍ മുസ്ലീം വിരുദ്ധ കലാപങ്ങളുണ്ടായപ്പോള്‍ അതിനെ രാഷ്ട്രീയമായി നേരിടാത്ത ആപിന്റെ അജണ്ടകളും മുഖംമൂടികളും പകല്‍ പോലെ വ്യക്തമായിരുന്നു. കറന്‍സി നോട്ടുകളില്‍ ദൈവങ്ങളുടെ പടം വെക്കാന്‍ ആവശ്യപ്പെട്ട ആപിന് ഹിന്ദുത്വയുടെ രാഷ്ട്രീയഫാസിസം അധികാരത്തില്‍ തുടരുന്നതല്ല പ്രശ്‌നം; മറിച്ച് തീവ്രഹിന്ദുത്വം ഉപയോഗിച്ചായാലും സ്വയം അധികാരത്തില്‍ ഉയരണമെന്നത് മാത്രമാണ്.

എന്നാല്‍ ആപ്പിന്റെ മതദേശീയതയെ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ചോദ്യം ചെയ്യുന്നില്ല. കാരണം ഹിന്ദുരാഷ്ട്രത്തിന്റെ ഭാവിക്ക് ആപ് ഒരു തടസ്സമല്ല; മറിച്ച് മുതല്‍ക്കൂട്ടാണ്. മതപരമായ ചേരിതിരിവുകള്‍ സമ്പൂര്‍ണമാകേണ്ട ഹിന്ദുത്വ ഇന്ത്യക്ക് തടസ്സമാകുന്നതും വെല്ലുവിളി ഉയര്‍ത്തുന്നതും കോണ്‍ഗ്രസിന്റെ നേതൃത്തിലുള്ള ദ്രാവിഡ-ഇടതുപക്ഷ-സോഷ്യലിസ്റ്റ് കക്ഷികളാകുമെന്ന് തിരിച്ചറിയുന്നവര്‍ക്ക് ആപ്പോ ഒവൈസിയുടെ പാര്‍ട്ടിയോ ഒന്നും ഒരിക്കലും ശത്രുപക്ഷത്ത് ആവുകയില്ല. അതുകൊണ്ടുതന്നെ കോര്‍പ്പറേറ്റ് മാധ്യമങ്ങളും താഴേത്തട്ട് വരെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളും വഴി അനുകൂലമായ രാഷ്ട്രീയ പ്രചാരണങ്ങള്‍ അവര്‍ക്കെല്ലാം എപ്പോഴും സാധ്യമായിരുന്നു. പ്രചാരണത്തിലുടനീളം മറ്റു കക്ഷികള്‍ക്ക്, പ്രത്യേകിച്ചും കോണ്‍ഗ്രസിന്, തടസ്സങ്ങളുണ്ടാക്കുന്നതില്‍ ഈ സംവിധാനങ്ങള്‍ മത്സരിക്കുകയും ചെയ്തു. മറിച്ച്, തെരഞ്ഞെടുപ്പു ഫണ്ടോ മാധ്യമപിന്തുണയോ ഇല്ലാതിരുന്ന കോണ്‍ഗ്രസിന് തങ്ങളുടെ പ്രവര്‍ത്തകരുടെ വ്യക്തിപരമായ പ്രചാരണത്തിന് അപ്പുറത്ത് അനുകൂലമായ ഘടകങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.

തെരഞ്ഞെടുപ്പു ഫണ്ടോ മാധ്യമപിന്തുണയോ ഇല്ലാതിരുന്ന കോണ്‍ഗ്രസിന് തങ്ങളുടെ പ്രവര്‍ത്തകരുടെ വ്യക്തിപരമായ പ്രചാരണത്തിന് അപ്പുറത്ത് അനുകൂലമായ ഘടകങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.

സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗത്തിന്റെ പുതിയ നിലവാരങ്ങള്‍ തെരഞ്ഞെടുപ്പിനനുകൂലമായി ഒരുക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. പുതിയൊരു തെരഞ്ഞെടുപ്പ് കമ്മീഷന്‍ തട്ടികൂട്ടിയതും വെറുതെ ആയിരുന്നില്ല. വോട്ട് ചെയ്യാനായി റോഡ് ഷോ ഒരുക്കി വന്ന പ്രധാനമന്ത്രിക്കെതിരെ നിശബ്ദരായ അധികാരികള്‍ എല്ലാം ഉണ്ടായിട്ടും കോണ്‍ഗ്രസിന്റെ അടിത്തറയെ ഗുജറാത്തില്‍ ഇല്ലാതാക്കാനൊന്നും ഇപ്പോഴും കഴിഞ്ഞിട്ടില്ല. അടി പതറി, പ്രത്യാശകളെല്ലാം നഷ്ടപ്പെട്ട് തികഞ്ഞ അനിശ്ചിതത്വത്തില്‍ ആണ്ടു കിടക്കുന്ന സാധാരണക്കാര്‍, കാടിളക്കി നടത്തുന്ന ക്ഷേമപദ്ധതികളുടെ വാഗ്ദാനത്തില്‍ വിശ്വസിച്ചു പോകുന്നത് സ്വാഭാവികമാണ്. അങ്ങനെയൊരു പ്രചാരണം കൂടി നടത്തുന്ന ആപ്പിനെ അവര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്യും. പക്ഷെ അടിസ്ഥാന വിഷയങ്ങളെ രാഷ്ട്രീയമായി അഭിസംബോധന ചെയ്യാത്ത പ്രസ്ഥാനങ്ങളെ ഏറെകാലം താലോലിക്കാന്‍ അവര്‍ തയ്യാറാവുകയുമില്ല. ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ദളിത്-മുസ്ലീം വോട്ടുകള്‍ ആപ്പില്‍ നിന്നകലുന്നത് അതുകൊണ്ടു തന്നെയാണ്. അധികാരവും പണവും തരാതരത്തില്‍ ഉപയോഗിച്ച്, പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മറ്റ് ജനപ്രതിനിധികളെ കൂടി വശത്താക്കുന്ന റിസോര്‍ട്ട് രാഷ്ട്രീയമെല്ലാം കണ്ടു നില്‍ക്കുന്ന സാധാരണക്കാര്‍ തീര്‍ച്ചയായും അവര്‍ക്ക് യോജിച്ച രാഷ്ട്രീയപ്രസ്ഥാനത്തെ കണ്ടെത്താന്‍ പരിശ്രമിക്കുകയാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. അതിനായി ആപ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് അവര്‍ വോട്ട് ചെയ്തേക്കും; എങ്കിലും അതൊന്നും ശാശ്വതമാവുകയില്ല.

കോണ്‍ഗ്രസ്-മുക്ത ഭാരതം യാഥാര്‍ഥ്യമാകണമെങ്കില്‍ ബിജെപിക്ക് എതിര്‍വശത്ത് ദേശീയതലത്തില്‍ തന്നെ ഒരു പ്രതിപക്ഷ കക്ഷി ആവശ്യമാണെന്ന് കോര്‍പ്പറേറ്റ് രാഷ്ട്രീയവ്യാപാരികള്‍ക്ക് ബോധ്യമായിട്ടുണ്ട്. കേവലം ബിജെപിയുടെ വിജയം കൊണ്ട് ആ ലക്ഷ്യം സാക്ഷാത്ക്കരിക്കാനാകില്ല. അതിനായി ക്ഷേമരാഷ്ട്രീയ അജണ്ടകളില്‍ നിലയുറപ്പിക്കുന്ന, കോണ്‍ഗ്രസിന്റെ ലിബറല്‍ വോട്ടുകള്‍ പിടിച്ചെടുക്കാനാകുന്ന ഒരു പുതിയ രാഷ്ട്രീയപ്രസ്ഥാനം തന്നെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞവര്‍ ആ സ്ഥാനത്തേക്ക് ഉയര്‍ന്നു വരാനുള്ള ആപ്പിന്റെ സാധ്യത പ്രോത്സാഹിപ്പിക്കും. അങ്ങനെ വരുമ്പോള്‍ രാമക്ഷേത്രവും ശിവലിംഗവും ഹിജാബും പോലുള്ള വൈകാരിക പ്രശ്‌നങ്ങള്‍ മാത്രം വിഷയമാക്കുന്ന രീതിയില്‍ ആപും ബിജെപിയും മറ്റും ഉയര്‍ത്തി കാണിക്കപ്പെടും. ആ വിഷയങ്ങളില്‍ തീവ്രത എത്രമാത്രം ആകാമെന്ന വിഷയത്തില്‍ അവര്‍ പരസ്പരം പോരടിക്കും. അവിടെയെല്ലാം നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഇനിയും പരാജയപ്പെടും. പക്ഷെ ആത്യന്തികമായി തങ്ങള്‍ക്ക് യോജിച്ച ഒരു പ്രസ്ഥാനത്തെ ജനങ്ങള്‍ തെരഞ്ഞെടുക്കുമെങ്കില്‍ കോണ്‍ഗ്രസ് വിജയിക്കുക തന്നെ ചെയ്യും.

ഗുജറാത്തിന് പുറത്ത് ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ അവിടെ കോണ്‍ഗ്രസിനും ബിജെപിക്കും രണ്ട് സീറ്റുകള്‍ കിട്ടി. ഡല്‍ഹിയിലും ഹിമാചലിലും തങ്ങളുടെ മുഴുവന്‍ ശേഷിയും മോദിയുടെ സാനിധ്യവും ഉപയോഗപ്പെടുത്തിയിട്ടും ബിജെപി പരാജയപ്പെട്ടു. വര്‍ഗ്ഗീയത തെറിച്ചു നിന്ന പ്രചാരണമായിരുന്നു ഹിമാചലില്‍ അവര്‍ നടത്തിയത്. എന്നാല്‍ കോണ്‍ഗ്രസിനെ ചലിപ്പിച്ചത് സാധാരണ പ്രവര്‍ത്തകരായിരുന്നു. പ്രിയങ്കാ ഗാന്ധിയും സച്ചിന്‍ പൈലറ്റും വന്നു പോയതല്ലാതെ, ഒരു ദേശീയ നേതാക്കളും അവിടെ കാര്യമായ പ്രചാരണത്തിന് വന്നിട്ടില്ല. ജോഡോ യാത്രയിലും ഗുജറാത്തിലും എല്ലാ ശ്രദ്ധയും പാര്‍ട്ടി ദേശീയ നേതൃത്വം കൊടുത്തപ്പോള്‍, പ്രചാരണം സ്വയം ഏറ്റെടുത്ത പ്രാദേശിക പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ വിഭവശേഷി കൂടിയാണ് പ്രഖ്യാപിച്ചത്. മോദിയുടെ വ്യക്തിപ്രഭാവത്തിലല്ലാതെ ഇന്ന് വരെ ബിജെപിക്ക് തെരഞ്ഞെടുപ്പ് ജയിക്കാനായിട്ടില്ല. ഗുജറാത്തിലെ ഓരോ മണ്ഡലത്തിലും ബിജെപിയുടെ യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി തന്നെ ആയിരുന്നു. മോദിയും അമിത് ഷായും നേരിട്ട് ചരടു വലിച്ച്, പണമിറക്കിയാണ് അവിടെ ബിജെപി കളം നിറഞ്ഞു നിന്നത്. അവിടുത്തെ നഗര-മധ്യവര്‍ഗ്ഗ വോട്ടുകള്‍ പിടിക്കാന്‍ ആപ്പും മുസ്ലീം വോട്ടുകള്‍ പിടിക്കാന്‍ ഓവൈസിയും ഉണ്ടായിരുന്നു. ഇപ്പുറത്ത് പുതിയൊരു സംസ്ഥാനനേതൃത്വത്തെ വാര്‍ത്തെടുക്കുന്ന പരിശ്രമത്തിലാണ് കോണ്‍ഗ്രസ്. അതിന്റെ ബാലാരിഷ്ടതകളൊക്കെ ഉണ്ടായിട്ടും കോണ്‍ഗ്രസ് മെലിഞ്ഞിട്ടേ ഉള്ളൂ; ഇല്ലാതായിട്ടില്ല. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ഇനിയും കുറയാനില്ല. അതിനാല്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പ് കറ തീര്‍ന്ന കോണ്‍ഗ്രസുകാരെ കണ്ടെത്തിയ അവസരം കൂടിയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കോണ്‍ഗ്രസിന്റെ കാഹളധ്വനിയാണത്.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി