OPINION

ഐഎസ് അല്ല ഹമാസ്; സമീകരണം ഗാസയിലെ ക്രൂരപ്രതികാരത്തെ ന്യായീകരിക്കാനുള്ള ഇസ്രയേലിന്‍റെ ഗൂഡതന്ത്രം

'സയണിസ്റ്റ് ശത്രുക്കൾ' എന്ന് വിശേഷിപ്പിക്കുന്ന ഇസ്രയേലിന്റെ പിടിയിൽനിന്ന് പലസ്തീനെ മോചിപ്പിക്കുകയാണ് ഹമാസിന്‍റെ പ്രഖ്യാപിത ലക്ഷ്യം

മുഹമ്മദ് റിസ്‌വാൻ

ഹമാസ് എന്ന സംഘടന ഐ എസ് ഐ എസ് പോലെയൊരു ഭീകരവാദ പ്രസ്ഥാനമാണെന്ന് സ്ഥാപിക്കാനാണ് ഒക്ടോബർ ഏഴിലെ സബ്ബത്ത് ആക്രമണത്തിനുശേഷം ഇസ്രയേൽ കിണഞ്ഞ് പരിശ്രമിക്കുന്നത്. അതിന് അമേരിക്കയുടെയും ചില യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണയും അവർക്കുണ്ട്. തീവ്ര വലതുപക്ഷ പാർട്ടികളും ഇതേ നിലപാട് പുലർത്തുന്നവരാണ്.

ഇസ്രയേലും സഖ്യകക്ഷികളും ഒക്ടോബർ ഏഴിന് പിന്നാലെ മുന്നോട്ടുവച്ച മുദ്രാവാക്യമായിരുന്നു 'ഹമാസ് എന്നാൽ ഐഎസ്ഐഎസ്' എന്നത്. ഇത് പിന്നീട് സാമൂഹ്യമാധ്യമങ്ങളിലെ ട്രെൻഡിങ് ഹാഷ്ടാഗായായി മാറി. പിന്നാലെ ഹമാസിനെ ഐഎസ്ഐഎസുയുമായി സമീകരിച്ച് യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമെല്ലാം രംഗത്തെത്തി.

ഹമാസിന്റെ പ്രവൃത്തി ഐ എസ് ഐ എസിന്റേതിനേക്കാൾ മോശമെന്നായിരുന്നു ലോയ്ഡ് ഓസ്റ്റിന്റെ പ്രസ്താവന. അൽ ഖ്വയിദയെയും ഐഎസ്ഐഎസിനുമെതിരെ അന്തരാഷ്ട്ര സഖ്യങ്ങൾ യോജിച്ചപോലെ ഹമാസിനെതിരെയും പ്രവർത്തിക്കണമെന്നായിരുന്നു മാക്രോണിന്റെ ആഹ്വാനം. ഹമാസിനെതിരെ അങ്ങനെയൊരു സഖ്യമുണ്ടാക്കാൻ ഫ്രാൻസ് സന്നദ്ധമാണെന്ന് വാക്കും മാക്രോൺ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് നൽകിയിരുന്നു. എന്നാൽ ഹമാസിനെ ഐ എസ് ഐ എസുമായി സമീകരിക്കാൻ കഴിയുന്ന എന്തെങ്കിലും സാമ്യതകൾ അവർ തമ്മിലുണ്ടോ?

നെതന്യാഹു മാക്രോണിനൊപ്പം

പ്രത്യയശാസ്ത്ര ഭിന്നതകൾ

ഹമാസ് എന്ന പലസ്തീനിയൻ സംഘടനയെ ഒരിക്കലും ഐ എസ് ഐ എസായി ചിത്രീകരിക്കാൻ കഴിയില്ലെന്നാണ് പശ്ചിമേഷ്യൻ രാഷ്ട്രീയ വിദഗ്ധരും തീവ്രവാദവിരുദ്ധ സംഘടനകളും ഏകകണ്ഠമായി അഭിപ്രായപ്പെടുന്നത്. അതിന് നിരവധി കാരണങ്ങളും അവർ മുന്നോട്ടുവയ്ക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടത് ഇരുസംഘടനകളുടെയും പ്രത്യയശാസ്ത്ര അടിത്തറയാണ്. ഹമാസ് എന്നത് പലസ്തീൻ വിമോചനത്തിനായി പ്രവർത്തിക്കുന്ന നാഷണലിസ്റ്റ് ഇസ്ലാമിസ്റ്റ് പ്രസ്ഥാനമാണ്. ഐ എസ് ഐ എസ് ആകട്ടെ സാർവത്രിക "ഇസ്ലാമിക രാഷ്ട്രം" വേണമെന്ന തീവ്ര ആശയവുമായി പ്രവര്‍ത്തിക്കുന്ന അന്തർദേശീയ പാൻ-ഇസ്ലാമിസ്റ്റ് പ്രസ്ഥാനവും. ആകെയുള്ള സമാനത രണ്ടു സംഘടനകകളും ഇസ്ലാമിസ്റ്റ് ആശയധാര പിന്തുടരുന്ന സായുധ സംഘടനകൾ ആണെന്നത് മാത്രം.

ഐ എസിൽനിന്ന് വ്യത്യസ്തമായി എല്ലാ മതവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സംഘടനയാണ് ഹമാസ്. ഗാസയിലെ മുസ്ലിം ഇതര വിഭാഗങ്ങളെയോ ആരാധനാലയങ്ങളെയോ ലക്ഷ്യം വയ്ക്കുന്ന ആക്രമണങ്ങൾ ഒന്നും ഹമാസ് ഇതുവരെ നടത്തിയിട്ടില്ല

ഹമാസിനെ സംബന്ധിച്ചിടത്തോളം അവരുടെ ആവശ്യങ്ങൾ പ്രാദേശികമായി പലസ്തീനെന്ന പ്രവിശ്യയിൽ മാത്രം ഒതുങ്ങുന്നതാണ്. 'സയണിസ്റ്റ് ശത്രുക്കൾ' എന്ന് അവർ വിശേഷിപ്പിക്കുന്ന ഇസ്രയേലിന്റെ പിടിയിൽനിന്ന് പലസ്തീനെ മോചിപ്പിക്കുകയാണ് അവരുടെ പ്രഖ്യാപിത ലക്ഷ്യം. മറ്റ് രാജ്യങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ താത്പര്യപ്പെടുന്ന സംഘമല്ല ഹമാസെന്നും 2017ൽ പുതുക്കിയ ചാർട്ടർ വ്യക്തമാക്കുന്നുണ്ട്. ഷിയാ ഭരണകൂടമായ ഇറാന്റെ പിന്തുണയുള്ളതിനാൽ വിശ്വാസത്യാഗികളായാണ് ഐ എസ് ഹമാസിനെ കാണുന്നതെന്ന് വാഷിങ്ടൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നിയർ ഈസ്റ്റ് പോളിസിയുടെ ആരോൺ സെലിൻ പറയുന്നു.

ഗാസൻ ജനതയേ ഭീകരന്മാരായും ഐ എസിനെ പോലെ തിന്മകളുടെ ഉറവിടങ്ങളായും ചിത്രീകരിക്കുന്നത് ഇസ്രയേലിന്റെ ക്രൂരപ്രതികാര നടപടികൾക്ക് ന്യായീകരണം കണ്ടെത്താനാണെന്നാണ് ന്യൂയോർക്ക് യൂണിവേഴ്സിറ്റിയുടെ അബുദാബി കാമ്പസിലെ മിഡിൽ ഈസ്റ്റ് പൊളിറ്റിക്സ് പ്രൊഫസർ മോണിക്ക മാർക്ക്സിന്റെ കാഴ്ചപ്പാട്. പലസ്തീനിയൻ വിമോചനത്തിന് വേണ്ടി സായുധപോരാട്ടങ്ങൾ നടത്തുന്ന സംഘടന എന്നതിനപ്പുറത്തേക്ക് ഹമാസിന്റെ ഇസ്ലാമിക് സ്വഭാവവും ദൈവശാസ്ത്രപരമായ ബോധ്യങ്ങളും പ്രാധാന്യം അർഹിക്കുന്നില്ലെന്നും അവർ പറയുന്നു.

ഹമാസ് നേതാവ് ഖാലിദ് മിശാല്‍

ഐ എസിൽനിന്ന് വ്യത്യസ്തമായി എല്ലാ മതവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സംഘടനയാണ് ഹമാസ്. ഗാസയിലെ മുസ്ലിം ഇതര വിഭാഗങ്ങളെയോ ആരാധനാലയങ്ങളെയോ ലക്ഷ്യം വയ്ക്കുന്ന ആക്രമണങ്ങൾ ഒന്നും ഹമാസ് ഇതുവരെ നടത്തിയിട്ടില്ല. മതപരമായി യാഥാസ്ഥിതിക നിലപാടാണ് ഹമാസ് പുലർത്തുന്നതെങ്കിലും തീവ്രനിലപാടുകാരല്ല. മറുഭാഗത്ത് ഐ എസ് ആകട്ടെ ഹിജാബ് ധരിക്കാതെ പുറത്തിറങ്ങുന്നതും പോപ് സംഗീതം കേൾക്കുന്നതുമൊക്കെ വിലക്കുന്ന തീവ്രസംഘടനയാണ്. മുസ്ലിം വിഭാഗങ്ങളിലെ വ്യത്യസ്ത ആശയധാരകളെ ഉൾപ്പെടെ കൊന്നുതള്ളിയ ചരിത്രവും ഐ എസിനുണ്ട്.

ഹമാസ് ഒരു സാമൂഹിക- രാഷ്ട്രീയ- സായുധ സംഘടനയാണ്. ഖസ്സം ബ്രിഗേഡാണ് ഇവരുടെ സായുധ വിഭാഗം. ഹറകത്ത് അൽ-മുഖാവമത്ത് അൽ-ഇസ്ലാമിയയുടെ ചുരുക്കപ്പേരാണ് ഹമാസ്

ഇസ്രയേലിന്റെ അധിനിവേശവും ഹമാസിന്റെ ഉദയവും

ഐക്യരാഷ്ട്ര സഭ പോലും ഹമാസിനെ ഇതുവരെ ഭീകരവാദ സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട് 2007 മുതൽ ഗാസ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് ഹമാസ്. ഇസ്രയേൽ ദശാബ്ദങ്ങളായി തുടരുന്ന അധിനിവേശങ്ങളുടെ ദുരിതങ്ങളിൽനിന്നാണ് ഹമാസ് എന്ന സംഘടന ഉദയം കൊള്ളുന്നത്. 1973-ലാണ് ചാരിറ്റി സംഘടനയെന്ന നിലയിൽ ഹമാസിന്റെ ആദ്യകാല പ്രവർത്തനം ആരംഭിക്കുന്നത്. സാമൂഹികസേവന രംഗത്ത് സജീവമായിരുന്ന സംഘടനയെ അക്കാലത്ത് സാമ്പത്തികമായി ഇസ്രയേൽ പോലും പിന്തുണച്ചിരുന്നു.

ഗാസ

1987ലാണ് സംഘടന സ്ഥാപിതമാകുന്നത്. 1993 -95 ലെ ഓസ്ലോ അമാധാന ഉടമ്പടികൾ പരാജയപ്പെട്ടത് ഹമാസിന് വലിയ പിന്തുണ അക്കാലത്ത് നേടിക്കൊടുത്തു. ഇന്ന് ഹമാസ് ഒരു സാമൂഹിക- രാഷ്ട്രീയ- സായുധ സംഘടനയാണ്. ഖസ്സം ബ്രിഗേഡാണ് ഇവരുടെ സായുധ വിഭാഗം. ഹറകത്ത് അൽ-മുഖാവമത്ത് അൽ-ഇസ്ലാമിയയുടെ ചുരുക്കപ്പേരാണ് ഹമാസ്.

നിരന്തരം ഇസ്രയേൽ ആക്രമണങ്ങൾക്കും അടിച്ചമർത്തലുകൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന ജനതയാണ് ഗാസയിലേത്. ഈ സാഹചര്യങ്ങൾ മുതലെടുത്താണ് ഹമാസ് തങ്ങളുടെ സേനയെ വളർത്തുന്നത്. അതുകൊണ്ടുതന്നെ ഹമാസിനെ ഇല്ലാതാക്കണമെങ്കിൽ ഇസ്രയേലിന്റെ അധിനിവേശം അവസാനിപ്പിച്ച് പലസ്തീനികൾക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക മാത്രമാണ് ഏകവഴി.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം