OPINION

പ്രതിപക്ഷമുക്ത ഭാരതത്തിലേക്കുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ 'അവിശുദ്ധയുദ്ധം'

എത്ര കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതിപക്ഷമുക്ത ഭാരതത്തിലേക്കുള്ള യാത്ര ബിജെപി തുടരുന്നതെന്നത് തിരഞ്ഞെടുപ്പ് തീയിതികള്‍ പ്രഖ്യാപിച്ചശേഷവും തുടരുന്ന അറസ്റ്റുകളും അടിച്ചമര്‍ത്തലും വ്യക്തമാക്കുന്നു

പ്രമോദ് പുഴങ്കര

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മാര്‍ച്ച് 21ന് അറസ്റ്റ് ചെയ്തതോടെ ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ ബിജെപി സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നീക്കം ഒരു വൃത്തം പൂര്‍ത്തിയാക്കിയിരിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ചശേഷവും തുടരുന്ന ഈ അറസ്റ്റുകളും അടിച്ചമര്‍ത്തലും എത്ര കൃത്യമായ ആസൂത്രണത്തോടെയും സമയബന്ധിതവുമായാണ് ബിജെപി തങ്ങളുടെ പ്രതിപക്ഷ മുക്ത ഭാരതത്തിലേക്കുള്ള യാത്ര തുടരുന്നതെന്ന് ഒന്നുകൂടി തെളിയിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത് തടവിലിടുന്നത്. അത് അഴിമതിക്കെതിരായ ബിജെപിയുടെ പോരാട്ടത്തിന്റെ ഭാഗമായൊന്നുമല്ലെന്നും ഇന്ത്യയിലെ എല്ലാ വിധത്തിലുള്ള മതേതര പ്രതിപക്ഷ ശബ്ദങ്ങളെയും ഇല്ലാതാക്കുകയെന്ന ലക്ഷ്യം വെച്ചാണെന്നും തിരിച്ചറിയാന്‍ മോദി സര്‍ക്കാരിന്റെ കഴിഞ്ഞ പത്തു വര്‍ഷം ധാരാളമാണ്.

മോദി സര്‍ക്കാരിന്റെ കഴിഞ്ഞ ഒരു ദശാബ്ദത്തെ ഭരണത്തിന്റെ മുഖ്യ അജണ്ടകളിലൊന്ന് ഹിന്ദുത്വ രാഷ്ട്രീയത്തിനും അതിന്റെ സര്‍ക്കാരിനുമെതിരായ എല്ലാവിധ രാഷ്ട്രീയ പ്രതിഷേധങ്ങളെയും ഭരണകൂടത്തിന്റെ പല രൂപത്തിലുള്ള മര്‍ദകസംവിധാനങ്ങളെക്കൊണ്ട് അടിച്ചമര്‍ത്തുകയും ഇല്ലാതാക്കുകയും ചെയ്യുക എന്നതായിരുന്നു.

2014-ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇ ഡി അന്വേഷിച്ച കേസുകളില്‍ 95 ശതമാവും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയാണ്. 2014-നും 2022-നും ഇടയില്‍ ഇഡി വാതിലില്‍ മുട്ടിയവരില്‍ 121-ല്‍ 115 പേരും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളാണ്

തിരഞ്ഞെടുപ്പ് അടുക്കുന്തോറും അതിനെ മറ്റൊരുതരത്തില്‍ അട്ടിമറിക്കാനാണ് ബിജെപിയും മോദി സര്‍ക്കാരും ശ്രമിക്കുന്നത്. ഇതാകട്ടെ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ അടുത്തകാലത്തൊന്നും നേരിട്ടില്ലാത്ത ആക്രമണമാണ്. തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ രാഷ്ട്രീയനേതൃത്വത്തെ പലവിധ കാരണങ്ങള്‍ കാണിച്ച് തടവിലിടുകയെന്ന വളരെ പ്രകടമായ സമഗ്രാധിപത്യ ഭരണകൂട ആക്രമണം ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയെ അതിന്റെ ഏറ്റവും ദുര്‍ബലമായ ചരിത്രാവസ്ഥയിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്. അന്വേഷണങ്ങളും പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വത്തെ മാത്രം തേടിയെത്തുമ്പോള്‍ അതിനെയൊക്കെ അഴിമതിക്കെതിരായ വിശുദ്ധയുദ്ധമായി വ്യാഖ്യാനിക്കുന്നത് അസംബന്ധമായിരിക്കും. വളരെ ആസൂത്രിതമായി മോദി സര്‍ക്കാര്‍ നടത്തുന്ന ഈ പ്രതിപക്ഷ വേട്ട മുഖ്യധാര രാഷ്ട്രീയകക്ഷികളെ മാത്രമല്ല ലക്ഷ്യമിടുന്നത്. സമൂഹത്തിലെ എല്ലാ തരത്തിലുള്ള മതേതര ജനാധിപത്യ പ്രതിഷേധത്തെയും അതില്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ട്.  

2014-ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇഡി അന്വേഷിച്ച കേസുകളില്‍ 95 ശതമാവും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയാണ്. 2014-നും 2022-നും ഇടയില്‍ ഇഡി വാതിലില്‍ മുട്ടിയവരില്‍ 121-ല്‍ 115 പേരും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഈ പ്രക്രിയ വളരെ പ്രകടമായ രീതിയിലായിരുന്നു. അതായത് ബിജെപിയെ എതിര്‍ക്കുകയോ അല്ലെങ്കില്‍ അവരുമായി സഖ്യത്തിന് തയ്യാറാവുകയോ ചെയ്യാത്ത ഏത് രാഷ്ട്രീയ നേതൃത്വത്തെയും തടവിലിടാനുള്ള വഴിയായി കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം. ആം ആദ്മി പാര്‍ട്ടിയില്‍നിന്നുള്ള ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭ എംപി സഞ്ജയ് സിങ് തുടങ്ങി ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി നേതാവും മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയടക്കമുള്ളവര്‍ തടവിലാണ്. തെലങ്കാനയില്‍ ബിജെപിയുമായി ബിആര്‍എസ് സഖ്യത്തിലേര്‍പ്പെട്ടിരുന്നുവെങ്കില്‍ ഇതാകുമായിരുന്നില്ല അവസ്ഥ.

കെജ്‌രിവാളിന്റെ അറസ്റ്റോടെ ഈ വേട്ട പുതിയൊരു തലത്തിലേക്കെത്തിയിരിക്കുന്നു. ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയെ ഇത്തരത്തില്‍ മാപ്പുസാക്ഷികളുടെ ദുര്‍ബ്ബല ആരോപണങ്ങളുടെയും മൊഴികളുടെയും ഊഹാപോഹങ്ങളെന്നു പറയാവുന്ന നിഗമനങ്ങളുടെയും അടിസ്ഥാനത്തില്‍ തടവിലാക്കാമെങ്കില്‍ പ്രതിപക്ഷത്തുള്ള ഒരു രാഷ്ട്രീയ നേതാവും സുരക്ഷിതരല്ലെന്ന പ്രകടമായ ഭീഷണിയാണ് ബിജെപി മുഴക്കുന്നത്

എന്നാല്‍ ബിജെപിക്കു മുന്നില്‍ കീഴടങ്ങുന്നതോടെ ഇഡി അന്വേഷണവും വേട്ടയും ഒറ്റയടിക്ക് നിലയ്ക്കും. ബിജെപിയുടെ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ ശാരദ ചിട്ടി ഫണ്ട് കേസില്‍ സിബിഐ, ഇഡി അന്വേഷണം നേരിടുകയായിരുന്നു. അതോടെ ശര്‍മയ്ക്ക് ആര്‍ഷഭാരത സംസ്‌ക്കാരത്തില്‍ വിശ്വാസമേറി, നേരെപോയി ബിജെപിയില്‍ ചേര്‍ന്നു, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സലാം പറഞ്ഞു മടങ്ങിപ്പോയി. ശര്‍മ അസമിലെ ബിജെപി മുഖ്യമന്ത്രിയായി. നാരദ ഒളികാമറ വിവാദത്തെത്തുടര്‍ന്ന് അന്വേഷണം നേരിട്ടിരുന്ന തൃണമൂല്‍ നേതാക്കളായ സുവേന്ദു അധികാരിയും തപസ് റോയിയും ബിജെപിയില്‍ ചേര്‍ന്നതോടെ അന്വേഷണം നിലച്ചു. സുവേന്ദു പശ്ചിമ ബംഗാള്‍ നിയമസഭയിലെ ബിജെപി പ്രതിപക്ഷ നേതാവായി.

മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍, നാരായണ്‍ ഭുജ്‌പാല്‍ തുടങ്ങി നിരവധി നേതാക്കളാണ് ഇതേ മാതൃകയില്‍ ബിജെപിയില്‍ ചേര്‍ന്ന് വിശുദ്ധരായത്. അജിത് പവാര്‍ ബിജെപിയെ പിന്തുണച്ചുകൊണ്ട് സര്‍ക്കാരുണ്ടാക്കാന്‍ എന്‍സിപി പിളര്‍ത്തിയതും നിരവധി അന്വേഷണങ്ങളില്‍നിന്ന് തലയൂരാനാണ്. ഗോവയിലെ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിനെതിരെ കടലാസ് കമ്പനികള്‍ വഴി കോഴവാങ്ങി അഴിമതി നടത്തിയതിനെതിരെ ഇഡി അന്വേഷണം തുടങ്ങി. 2022-ല്‍ മറ്റ് കോണ്‍ഗ്രസ് എംഎല്‍എ-മാരെയും കൂട്ടി കാമത്ത് ബിജെപിയില്‍ ചേര്‍ന്നു. അന്വേഷണം നിലച്ചു. തങ്ങള്‍ക്കെതിരായ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം മുറുകിയപ്പോള്‍ ആന്ധ്രയിലെ തെലുഗുദേശം കക്ഷിയുടെ രാജ്യസഭ എംപിമാരായ സി എം രമേശും വൈ എസ് ചൗധരിയും 2021 ജൂണില്‍ ബിജെപിയില്‍ ചേര്‍ന്നു. ഇഡി പിന്നീട് ആ വഴിക്ക് പോയതേയില്ല.

കെജ്‌രിവാളിന്റെ അറസ്റ്റോടെ ഈ വേട്ട പുതിയൊരു തലത്തിലേക്കെത്തിയിരിക്കുന്നു. ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയെ ഇത്തരത്തില്‍ മാപ്പുസാക്ഷികളുടെ ദുര്‍ബ്ബല ആരോപണങ്ങളുടെയും മൊഴികളുടെയും ഊഹാപോഹങ്ങളെന്നു പറയാവുന്ന നിഗമനങ്ങളുടെയും അടിസ്ഥാനത്തില്‍ തടവിലാക്കാമെങ്കില്‍ പ്രതിപക്ഷത്തുള്ള ഒരു രാഷ്ട്രീയ നേതാവും സുരക്ഷിതരല്ലെന്ന പ്രകടമായ ഭീഷണിയാണ് ബിജെപി മുഴക്കുന്നത്. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറന്‍ അറസ്റ്റിനു മുമ്പ് രാജിവെച്ചതുകൊണ്ടാണ് തടവിലാവുന്ന ആദ്യ മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ മാറിയത്. ഇനിയത്തെ ഊഴം മമത ബാനര്‍ജിയോ എം കെ സ്റ്റാലിനോ ആകാമെന്നത് അതിശയോക്തി കലര്‍ന്ന കണക്കുകൂട്ടലല്ല.

തിരഞെടുപ്പിനു മുമ്പുള്ള കാലത്തെല്ലാം കുറ്റകരമായ അലസതയിലും അവസരവാദത്തിലും മുന്നണിക്കൂട്ടിയിരുന്ന ഈ രാഷ്ട്രീയകക്ഷികള്‍ തിരഞ്ഞെടുപ്പ് കാലത്ത് പറയുന്ന രാഷ്ട്രീയം ജനങ്ങള്‍ക്ക് അര്‍ത്ഥശൂന്യമായ ശബ്ദങ്ങള്‍ മാത്രമായിമാറുന്ന പ്രതീതിയുണ്ട്. എന്നാല്‍ ഈ അടിസ്ഥാനദൗര്‍ബ്ബല്യം നിലനില്‍ക്കുമ്പോള്‍ത്തന്നെ ഇന്ത്യ സഖ്യത്തിന്റെ രൂപീകരണവും അതിനെത്തുടര്‍ന്ന് ബി ജെ പിക്കെതിരെ ദേശീയതലത്തില്‍ തിരഞ്ഞെടുപ്പില്‍ ഒരു പ്രതിരോധവും ഏറ്റുമുട്ടലും സാധ്യമാണെന്ന ധാരണയുണ്ടായതും വസ്തുതയാണ്

പുറമേയ്ക്ക് അതിശക്തമെന്ന് തോന്നിക്കുമെങ്കിലും ചെറിയ പാളിച്ചകളോ പ്രവണതകളിലെ വ്യതിയാനമോ പോലും വലിയ ആഘാതമുണ്ടാക്കാവുന്ന ഒന്നാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് സാധ്യതകള്‍. അത് ബിജെപിയുടെ ആഗ്രഹത്തിനും പ്രതീക്ഷയ്ക്കും നിലവിലെ പുറംപ്രകടനങ്ങള്‍ക്കും അനുസരിച്ച് പോവുകയാണെങ്കില്‍ മൂന്നാമതൊരു തവണകൂടി അധികാരത്തിലെത്തുകയെന്നത് മോദിക്കും ബിജെപിക്കും അത്ര ബുദ്ധിമുട്ടുള്ള കാര്യമാകില്ല. എന്നാല്‍ അത് എല്ലായ്‌പ്പോഴും അങ്ങനെയായിരിക്കണമെന്നില്ല എന്നൊരു അപകടസാധ്യത ബിജെപിയും സംഘപരിവാറും മണക്കുന്നുണ്ട്. അതുകൊണ്ടാണ് ഒരു അപായസാധ്യതയും ബാക്കിനിര്‍ത്താതെ ജനാധിപത്യത്തിന്റെ അടിസ്ഥാനങ്ങളിലൊന്നായ തിരഞ്ഞെടുപ്പ് പ്രക്രിയയയെ തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പും അതിനിടെ നടത്തിപ്പ് കാലത്തിലുമായി അട്ടിമറിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

മോദി സര്‍ക്കാരിനും ബിജെപിക്കുമെതിരായ പ്രതിപക്ഷ രാഷ്ട്രീയ സഖ്യമെന്നത് തിരഞ്ഞെടുപ്പ് കാലത്തുമാത്രം പ്രത്യക്ഷപ്പെടുന്നൊരു കാര്യമായതുകൊണ്ട് അതിനു ജനങ്ങളില്‍ വേണ്ടത്ര വിശ്വാസ്യതയുണ്ടാക്കാന്‍ കഴിയുന്നില്ലെന്നത് വസ്തുതയാണ്. തിരഞെടുപ്പിനു മുമ്പുള്ള കാലത്തെല്ലാം കുറ്റകരമായ അലസതയിലും അവസരവാദത്തിലും മുന്നണിക്കൂട്ടിയിരുന്ന ഈ രാഷ്ട്രീയകക്ഷികള്‍ തിരഞ്ഞെടുപ്പ് കാലത്ത് പറയുന്ന രാഷ്ട്രീയം ജനങ്ങള്‍ക്ക് അര്‍ത്ഥശൂന്യമായ ശബ്ദങ്ങള്‍ മാത്രമായിമാറുന്ന പ്രതീതിയുണ്ട്. എന്നാല്‍ ഈ അടിസ്ഥാനദൗര്‍ബ്ബല്യം നിലനില്‍ക്കുമ്പോള്‍ത്തന്നെ ഇന്ത്യ സഖ്യത്തിന്റെ രൂപീകരണവും അതിനെത്തുടര്‍ന്ന് ബിജെപിക്കെതിരെ ദേശീയതലത്തില്‍ തിരഞ്ഞെടുപ്പില്‍ ഒരു പ്രതിരോധവും ഏറ്റുമുട്ടലും സാധ്യമാണെന്ന ധാരണയുണ്ടായതും വസ്തുതയാണ്. എത്രയൊക്കെ അവഗണിച്ചാലും തങ്ങള്‍ക്കെതിരെ എന്തെങ്കിലും തരത്തിലുള്ള ജനവികാരം ഉയരുകയാണെങ്കില്‍ അതിനെ വോട്ടുകളുടെ രൂപത്തില്‍ സ്വീകരിക്കാന്‍ പാകത്തില്‍ എതിരാളികള്‍ തയ്യാറാകുന്നത് ബിജെപിയെ ഭയപ്പെടുത്തുന്നുണ്ട്. ഇന്ത്യ തിളങ്ങുന്നുവെന്ന പരസ്യവാചകവുമായി ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട വാജ്‌പേയി സര്‍ക്കാരിന് നേരിട്ട പരാജയം ബിജെപി മറക്കുന്നില്ല.

അതുകൊണ്ടുതന്നെ ഇന്ത്യ സഖ്യത്തിന്റെ നേതാവായിരുന്ന, തങ്ങളുടെ മുന്‍ സഖ്യകക്ഷി ജനതാദള്‍ (യു) തലവന്‍ നിതീഷ് കുമാറിനെ വീണ്ടും തങ്ങളുടെ കൂട്ടത്തിലേക്ക് കൊണ്ടുവരാന്‍ ബിജെപി കിണഞ്ഞുശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമുള്ള ബിജെപി കൂടുതല്‍ ആത്മവിശ്വാസത്തോടെ 2024-ലെ തിരഞ്ഞെടുപ്പില്‍ മൂന്നാമൂഴത്തിലേക്ക് പ്രവേശിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും എല്ലാ സംസ്ഥാനങ്ങളിലും സഖ്യകക്ഷികള്‍ക്കുവേണ്ടി ഓടിനടക്കുകയാണ്. ആന്ധ്രയില്‍ ടിഡിപിയുമായി സഖ്യത്തിലെത്തി. തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയുടെ പനീര്‍സെല്‍വം വിഭാഗവും ശശികല-ദിനകര കക്ഷിയുമായും സഖ്യചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നു. ഒഡിഷയില്‍ ബിജു ജനതാദളുമായുള്ള സഖ്യചര്‍ച്ച സീറ്റ് പങ്കുവെക്കല്‍ തര്‍ക്കത്തില്‍ നിലവില്‍ പൊളിഞ്ഞെങ്കിലും ലോക്‌സഭയില്‍ ബിജു ജനതാദളിന്റെ പിന്തുണ അവര്‍ ഉറപ്പാക്കുന്നുണ്ട്.

തങ്ങള്‍ക്കനുകൂലമായ ഒരു പ്രവണത തിരഞ്ഞെടുപ്പിലുണ്ടായില്ലെങ്കില്‍ 2019-ല്‍ ലഭിച്ച 303 സീറ്റ്‍ നിലനിര്‍ത്തുകയെന്നത് ബിജെപിയെ സംബന്ധിച്ച് ഇത്തവണ അത്ര സുഗമമായ കാര്യമല്ല. ബിജെപി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഹിന്ദി പശുപ്രദേശത്ത് അവരുടേത് പരമാവധി പ്രകടനമായിരുന്നു. ഉത്തര്‍പ്രദേശില്‍ 80-ല്‍ 62 സീറ്റ് നേടി ബിജെപി. രണ്ടു സീറ്റ് സഖ്യകക്ഷിയായ അപ്ന ദളിനും ലഭിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്‌ഗഡ് എന്നീ സംസ്ഥാനങ്ങളിലെ 65 സീറ്റില്‍ 61-ഉം ബിജെപി വിജയിച്ചു. ഗുജറാത്തില്‍ 26 സീറ്റും ബിജെപി നേടി. തെക്കേ ഇന്ത്യയിലെ ഏക ബിജെപി സ്വാധീന കേന്ദ്രമായ കര്‍ണാടകയില്‍ 25 സീറ്റാണ് അവര്‍ക്ക് ലഭിച്ചത്. ഒരു സീറ്റ് ബിജെപി പിന്തുണച്ച സ്വതന്ത്രന്‍ ജയിച്ചു. ബംഗാളില്‍ അട്ടിമറി വിജയങ്ങളോടെ 18 സീറ്റ് ബിജെപിക്ക് കിട്ടി. മഹാരാഷ്ട്രയില്‍ ബിജെപിക്ക് 23-ഉം സഖ്യകക്ഷി ശിവസേനയ്ക്ക് 18-ഉം സീറ്റു‍ം ലഭിച്ചു. അതായത് തങ്ങളുടെ പരമാവധി പ്രകടനമായിരുന്നു ബിജെപി കാഴ്ചവെച്ചത്. ഇതിനെ മുന്നോട്ടുകൊണ്ടുപോകാവുന്ന രാഷ്ട്രീയ കാലാവസ്ഥയൊന്നും നിലവിലില്ലെന്നതാണ് വസ്തുത. ദുര്‍ബ്ബലമായ പ്രതിപക്ഷവും ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കുന്ന പ്രചണ്ഡ പ്രചാരണത്തിന്റെ ഭാഗമായ അജയ്യതയുമാണ് ബിജെപിയുടെ പ്രതീക്ഷ. നാനൂറ് സീറ്റെന്നൊക്കെയുള്ള ആഗ്രഹം തങ്ങളുടെ അപായഭീതിയെ മറച്ചുപിടിക്കാന്‍കൂടി വേണ്ടിയാണ് എന്നതാണ് വസ്തുത.

തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിനേല്‍ക്കുന്ന തിരിച്ചടി മാത്രമേ ഇനി തങ്ങളുടെ ഭരണഘടനാ സംരക്ഷണ ചുമതല വീണ്ടെടുക്കാന്‍ സുപ്രീം കോടതിയെ പ്രാപ്തരാക്കൂയെന്നതാണ് യാഥാര്‍ഥ്യം

പ്രതിപക്ഷത്തിനേരെയുള്ള ആക്രമണം എല്ലാ വിധത്തിലുള്ള ജനാധിപത്യമര്യാദകളെയും ലംഘിച്ചുകൊണ്ട്, രാജ്യത്തെ നിയമസംവിധാനത്തെ ദുരുപയോഗം ചെയ്തുകൊണ്ട് നടത്തുന്നത് തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാനാണ്. തങ്ങള്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ പ്രതിപക്ഷമെന്ന സങ്കല്പനം തന്നെ കേവലം ഏറാന്മൂളികളുടെ മറ്റൊരു കോമാളിത്തം എന്ന നിലയിലേക്ക് മാറ്റുമെന്നതിന്റെ ശക്തമായ സൂചനകള്‍ ബിജെപി നല്‍കിക്കഴിഞ്ഞു. വൈഎസ്ആര്‍ കോണ്‍ഗ്രസും ബിജു ജനതാദളും പോലെ മോദി സര്‍ക്കാരിന് വിധേയരായി നില്‍ക്കുന്ന പ്രതിപക്ഷത്തെയാണ് അവര്‍ ഒരു നാടകത്തിനുവേണ്ടി ആഗ്രഹിക്കുന്നത്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന ബിജെപിയുടെ അടുത്ത അജണ്ട പ്രാവര്‍ത്തികമാക്കുന്നതോടെ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍നിന്നുള്ള വെല്ലുവിളികളെയും ഫലപ്രദമായി അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. രാജ്യത്തെ രാഷ്ട്രീയ ചലനങ്ങള്‍ പൂര്‍ണമായും സര്‍വശക്തനും സര്‍വാധികാരിയുമായ നരേന്ദ്ര മോദി എന്ന ഏകനേതാവിലും സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ സര്‍വവ്യാപിയായ ആഖ്യാനങ്ങളിലും കൊളുത്തിയിടുന്നതോടെ ഇന്ത്യയെ രൂപപ്പെടുത്തിയ ബഹുസ്വര, ഭാഷാ സമൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ജനാധിപത്യവൈവിധ്യത്തിന്റെ രാഷ്ട്രീയാശയത്തെ അവസാനിപ്പിക്കാനാണ് അവരുടെ പദ്ധതി. ഇതത്ര അകലെയുള്ള സംഗതിയല്ല എന്ന് നമ്മളിപ്പോള്‍ തിരിച്ചറിയുന്നുണ്ട്.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നീക്കം സുപ്രീം കോടതി ശരിവെച്ചതോടെ ഇന്ത്യയിലെ ഒരു സംസ്ഥാനവും അതിന്റെ ഭാഷാടിസ്ഥാനത്തിലുള്ള അസ്തിത്വത്തില്‍ സുരക്ഷിതരല്ലെന്ന നില വന്നു. ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമായി തരം താഴ്ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് ഭരണഘടനാ സാധുത നല്‍കുകയും അതുമായി ബന്ധപ്പെട്ട നിര്‍ണയക ഭരണഘടനാപ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടുകയും ചെയ്ത സുപ്രീം കോടതി ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഭരണകൂട നടപടികളെ അലോസരപ്പെടുത്താതിരിക്കുകയെന്ന നിലപാടാണ് തുടര്‍ന്നത്. തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിനേല്‍ക്കുന്ന തിരിച്ചടി മാത്രമേ ഇനി തങ്ങളുടെ ഭരണഘടനാ സംരക്ഷണ ചുമതല വീണ്ടെടുക്കാന്‍ സുപ്രീം കോടതിയെ പ്രാപ്തരാക്കൂയെന്നതാണ് യാഥാര്‍ത്ഥ്യം.

ഇത്തരത്തിലുള്ള ഏതെങ്കിലും തിരിച്ചടിക്കുള്ള എല്ലാ സാധ്യതകളെയും അവസാനിപ്പിക്കുന്നതിനാണ് തിരഞ്ഞെടുപ്പിന് മുമ്പായുള്ള ഈ അറസ്റ്റുകളിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. രാജ്യത്തെ തിരഞ്ഞെടുപ്പ് മുഖ്യധാരാ രാഷ്ട്രീയത്തിന് പുറത്തുള്ള വിമത പ്രതിഷേധ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നത് കര്‍ക്കശമായി സമാന്തരപാതയില്‍ നടക്കുന്നുണ്ടായിരുന്നു. ഭീമ കൊറേഗാവ്, ഡല്‍ഹി കലാപം തുടങ്ങിയ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി മനുഷ്യാവകാശ, രാഷ്ട്രീയ പ്രവര്‍ത്തകരെയാണ് തടവിലിട്ടിരിക്കുന്നത്. യാതൊരുവിധ അടിസ്ഥാനവുമില്ലാത്ത കള്ളക്കേസുകളില്‍ കുടുക്കി രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകരെ തടവിലടയ്ക്കുന്നത് എന്നെങ്കിലും ശിക്ഷിക്കാമെന്ന കണക്കുകൂട്ടലില്‍ പോലുമല്ല. പരമാവധി കാലം വിചാരണ പോലുമില്ലാതെ ജാമ്യം നിഷേധിച്ചുകൊണ്ട് തടവറയിലിടുന്നതിനാണ്. ഒപ്പംതന്നെ പൊതുസമൂഹത്തിനൊരു താക്കീതുകൂടിയാണത്. വെള്ളം കുടിക്കാന്‍ ഒരു കുഴലുപോലും നല്‍കാതെയാണ് സ്റ്റാന്‍ സ്വാമി എന്ന ഭീമ കൊറേഗാവ് കേസിലെ വയോവൃദ്ധനായ തടവുകാരനെ ഭരണകൂടം തടവറയ്ക്കുള്ളില്‍ കൊന്നത്. വര്‍ഷങ്ങള്‍ തടവില്‍ക്കിടന്നാണ് സുധ ഭരദ്വാജിനും ആനന്ദ് തെല്‍തുംബ്ഡെയ്ക്കുമൊക്കെ ജാമ്യം ലഭിച്ചത്. മറ്റുള്ളവര്‍ ഇപ്പോഴും തടവിലാണ്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കള്ളക്കേസില്‍ അകത്താക്കിയ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷകള്‍ തള്ളുകയാണ്. പത്തു വര്‍ഷം തടവില്‍ക്കിടന്നതിനു ശേഷമാണ് മാവോവാദിയെന്ന പേരില്‍ ശിക്ഷിക്കപ്പെട്ട പ്രൊഫസര്‍ സായിബാബയും അഞ്ചുപേരും നിരപരാധികളാണെന്ന ഹൈക്കോടതി വിധി വന്ന് പുറത്തിറങ്ങിയത്. ഇതുപോലെ നൂറുകണക്കിന് മനുഷ്യരാണ് ജനാധിപത്യവിരുദ്ധമായ യുഎപിഎ നിയമത്തിനു കീഴില്‍ തടവില്‍ക്കിടക്കുന്നത്.

കോണ്‍ഗ്രസ് ദുര്‍ബലമാവുകയും രാജ്യത്തെ വലതുപക്ഷ പാളയത്തില്‍ ചെറിയ വിള്ളലുകള്‍ ഭാവിയിലുണ്ടാവുകയും ചെയ്താല്‍ ജനങ്ങള്‍ക്ക് തിരിയാവുന്നൊരു ബിംബമായി മറ്റൊരു സമാനകക്ഷി ഉണ്ടാകരുതെന്നുകൂടി ബിജെപിക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ടുകൂടിയാണ് ആം ആദ്മി പാര്‍ട്ടിയെ അതിന്റെ ശക്തിക്കപ്പുറമുള്ള നിലയില്‍നിര്‍ത്തിക്കൊണ്ട് ഏറ്റുമുട്ടാന്‍ ബിജെപി മുതിരുന്നത്

ഇത്തരത്തില്‍ അതിഭീകരമായ രീതിയില്‍ പൗരാവകാശ ലംഘനം അരങ്ങേറുമ്പോള്‍ ഇന്ത്യയിലെ മുഖ്യധാര പ്രതിപക്ഷം സൗകര്യപ്രദവും തന്ത്രപരവുമായ നിശബ്ദത പാലിച്ചുവെന്നതാണ് വസ്തുത. ഇപ്പോള്‍ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ ഒന്നൊന്നായി അറസ്റ്റ് ചെയ്യുമ്പോഴാണ് ബിജെപി മറ്റൊരു രാഷ്ട്രീയകക്ഷിയും കേവലമായ ദുരധികാരസംഘവുമല്ലെന്നും അത് പ്രതിപക്ഷത്തെ അനുവദിക്കാത്ത, സമഗ്രാധിപത്യത്തിന്റെ ഭാഷയില്‍ മാത്രം സംസാരിക്കാനറിയുന്ന, ഹിന്ദുത്വ രാഷ്ട്രീയത്തെ രാജ്യത്തിന്റെ ഔദ്യോഗിക ചലനമന്ത്രമാക്കുന്ന തികഞ്ഞ ഫാസിസ്റ്റ് കക്ഷിയാണെന്നും അതിന് യാതൊരുവിധത്തിലുള്ള ജനാധിപത്യ ന്യായങ്ങളും ബാധകമല്ലെന്നും ഇന്ത്യയിലെ പ്രതിപക്ഷം തിരിച്ചറിയുന്നത്. അവരുമായി അതേ കാലിനിയമങ്ങളില്‍ കളിക്കാന്‍ ശ്രമിക്കുന്നതിലെ വങ്കത്തം ഇന്ത്യന്‍ പ്രതിപക്ഷം തിരിച്ചറിയുന്നത് വളരെ വൈകിയാണ്. അരവിന്ദ് കെജ്‌രിവാള്‍ ബിജെപിയുടെ അതേ കളിനിയമങ്ങളില്‍ കളിക്കാന്‍ ശ്രമിച്ച രാഷ്ട്രീയക്കാരനാണ്. അതുതന്നെയാണ് രാഷ്രീയകക്ഷിയെന്ന നിലയില്‍ ബിജെപിയുടെ തത്‌സ്ഥിതിയെ വെല്ലുവിളിക്കാന്‍ പ്രാപ്തമല്ലെങ്കിലും ദീർഘകാലാടിസ്ഥാനത്തില്‍ തങ്ങള്‍ക്കു നേരെയുയരാവുന്ന വെല്ലുവിളിയായി അവര്‍ ആം ആദ്മി കക്ഷിയെ കാണുന്നതിന്റെ കാരണവും.

ബിജെപി ജയ് ശ്രീറാമെന്ന് ആക്രോശിക്കുമ്പോള്‍ ഹനുമാന്‍ ചാലിസ പാടി മറ്റൊരു ഹിന്ദു ഭൂമികയുണ്ടാക്കാനാണ് കെജ്‌രിവാള്‍ ശ്രമിച്ചത്. പൗരത്വനിയമ ഭേദഗതിക്കെതിരായ സമരക്കാലത്ത് അതിനെ പിന്തുണയ്ക്കാന്‍ അവര്‍ തയ്യാറായില്ല. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെയും അവര്‍ ന്യായീകരിച്ചു. തത്വത്തില്‍ ബിജെപിയുടെ ഭൂരിപക്ഷ മതരാഷ്ട്രീയത്തെ അതിലെ മുസ്ലിം വിരുദ്ധതയുടെ പ്രകടമായ ഹിംസയെ ഒഴിവാക്കി സ്വാംശീകരിക്കുകയും ബിജെപിക്ക് വോട്ടുചെയ്യുന്ന മധ്യവര്‍ഗത്തെ തങ്ങള്‍ക്കൊപ്പമാക്കാനുമാണ് ആം ആദ്മി ശ്രമിച്ചത്. ചെറിയ വിജയങ്ങള്‍ അവര്‍ക്കുണ്ടാവുകയും ചെയ്തു. കോണ്‍ഗ്രസ് ദുര്‍ബലമാവുകയും രാജ്യത്തെ വലതുപക്ഷ പാളയത്തില്‍ ചെറിയ വിള്ളലുകള്‍ ഭാവിയിലുണ്ടാവുകയും ചെയ്താല്‍ ജനങ്ങള്‍ക്ക് തിരിയാവുന്നൊരു ബിംബമായി മറ്റൊരു സമാനകക്ഷി ഉണ്ടാകരുതെന്നുകൂടി ബിജെപിക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ടുകൂടിയാണ് ആം ആദ്മി പാര്‍ട്ടിയെ അതിന്റെ ശക്തിക്കപ്പുറമുള്ള നിലയില്‍നിര്‍ത്തിക്കൊണ്ട് ഏറ്റുമുട്ടാന്‍ ബിജെപി മുതിരുന്നത്.

കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പില്‍നിന്നു വ്യത്യസ്തമായി, തര്‍ക്കങ്ങളും പൊഴിഞ്ഞുപോക്കുമൊക്കെയുണ്ടെങ്കിലും പ്രതിപക്ഷ കക്ഷികള്‍ ഒരു തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയിട്ടുണ്ട്. ബിജെപിക്കെതിരായ നിലപാടില്‍ പരസ്പര മത്സരത്തിനിടയിലും അവയില്‍ മിക്ക കക്ഷികളും ഉറച്ചുനില്‍ക്കുന്നുമുണ്ട്. ഇതത്ര ചെറിയ കാര്യമല്ല. ഇത് ബിജെപിയെ വിറളിപിടിപ്പിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. അതിന്റെകൂടി വെപ്രാളമാണ് നമ്മളിപ്പോള്‍ കാണുന്ന പ്രത്യക്ഷത്തിലുള്ള ആക്രമണങ്ങള്‍

ഇത്രയൊക്കെയുള്ളപ്പോഴും ഒരു മാസത്തിനുള്ളില്‍ ആരംഭിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന് രാജ്യം മുഴുവന്‍ ചലിപ്പിക്കാവുന്നൊരു പുതിയ ആഖ്യാനം കണ്ടെത്താന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. 2014-ല്‍ യുപിഎ സര്‍ക്കാരിനെതിരായ വമ്പന്‍ അഴിമതിയാരോപണങ്ങളും നരേന്ദ്ര മോദിയെന്ന രക്ഷകബിംബവും കോര്‍പറേറ്റ് സഹായവും കൂടിയാണ് ബിജെപിയെ അധികാരത്തിലേറ്റിയത്. 2019-ല്‍ പുല്‍വാമ-ബാല്‍ക്കോട്ട് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ക്ഷുദ്രമായ അതിദേശീയത സംഘപരിവാര്‍ ഉപയോഗിച്ചു. പ്രതിപക്ഷ നിരയിലാകട്ടെ യാതൊരുവിധ ഐക്യവുമുണ്ടായിരുന്നുമില്ല. കോണ്‍ഗ്രസ് തങ്ങളുടെ ആനപ്പുറത്തിരുന്ന തഴമ്പ് തപ്പിയായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടത്. നരേന്ദ്ര മോദിയുടെ സര്‍വശക്ത ബിംബത്തിന് പാകമായ ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയവും കോര്‍പ്പറേറ്റുകളുടെ കയ്യയച്ചുള്ള സഹായവുമൊക്കെ അത്തവണയും സഹായിച്ചു. എന്നാല്‍ 2024-ല്‍ എത്തുമ്പോള്‍ തിരഞ്ഞെടുപ്പിനെ ആകെ സ്വാധീനിക്കാവുന്ന ഒരു ആഖ്യാനം രൂപപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത. വളരെ വിഭാഗീയമായ വിഷയങ്ങളില്ലെങ്കില്‍ തങ്ങള്‍ക്ക് ഗുണം ചെയ്യില്ലെന്ന് ബിജെപിക്ക് ഉത്തമബോധ്യമുണ്ട്. പൗരത്വനിയമ ഭേദഗതി ചട്ടങ്ങള്‍ തിരഞ്ഞെടുപ്പിന് മുമ്പായി വിജ്ഞാപനം ചെയ്തത് അത്തരമൊരു നീക്കമാണ്. എന്നാല്‍ ബംഗാളിലെ നിലവിലെ സീറ്റുകള്‍ നിലനിര്‍ത്താനുള്ള ഒരു സാധ്യത നല്‍കിയേക്കാം എന്നതില്‍ക്കവിഞ്ഞ് ഇത്തവണ പൗരത്വനിയമ ഭേദഗതി വലിയ ചലനങ്ങളുണ്ടാക്കാനുള്ള സാധ്യത കുറവാണ്.

അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയും ഹിന്ദി പ്രദേശത്തിനപ്പുറം സഞ്ചരിക്കാനും അവിടെത്തന്നെ വലിയ തരംഗമുണ്ടാക്കാനും പ്രാപ്തമായിട്ടില്ലെന്ന ആശങ്കയും അവര്‍ക്കുണ്ട്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പില്‍നിന്നു വ്യത്യസ്തമായി, തര്‍ക്കങ്ങളും പൊഴിഞ്ഞുപോക്കുമൊക്കെയുണ്ടെങ്കിലും പ്രതിപക്ഷ കക്ഷികള്‍ ഒരു തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയിട്ടുണ്ട്. ബിജെപിക്കെതിരായ നിലപാടില്‍ പരസ്പര മത്സരത്തിനിടയിലും അവയില്‍ മിക്ക കക്ഷികളും ഉറച്ചുനില്‍ക്കുന്നുമുണ്ട്. ഇതത്ര ചെറിയ കാര്യമല്ല. ഇത് ബിജെ പിയെ വിറളിപിടിപ്പിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. അതിന്റെകൂടി വെപ്രാളമാണ് നമ്മളിപ്പോള്‍ കാണുന്ന പ്രത്യക്ഷത്തിലുള്ള ആക്രമണങ്ങള്‍.

തിരഞ്ഞെടുപ്പ് ബോണ്ട് വിഷയത്തില്‍ സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത് രാജ്യത്തെ കോര്‍പ്പറേറ്റുകളും ബിജെ പിയും തമ്മിലുള്ള നാഭീനാളബന്ധമാണ്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനാവശ്യമായ പാര്‍ട്ടി ഫണ്ട് ആദായനികുതി പ്രശ്നങ്ങള്‍ കാണിച്ചു മരവിപ്പിച്ച നടപടി വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയെ പ്രതിപക്ഷ മുക്തമാക്കാനുള്ള പരിപാടിയുടെ ആസൂത്രണത്തിന്റെ സൂക്ഷ്മതയാണ് കാണിക്കുന്നത്. ഒരു വശത്ത് കോര്‍പ്പറേറ്റ് പണമുപയോഗിച്ച് ബിജെ പി തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ മറുവശത്ത് തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാനാവശ്യമായ പ്രതിപക്ഷ കക്ഷികളുടെ സാമ്പത്തികശേഷിയെ ഞെരുക്കുകയെന്നതാണ് തന്ത്രം.

ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയം അതിന്റെ എല്ലാവിധ ജനാധിപത്യ നാട്യങ്ങളെയും അതിവേഗത്തില്‍ കയ്യൊഴിയുകയാണ്. ഇന്ത്യയുടെ എല്ലാവിധ മതേതര, ബഹുസ്വര സ്വഭാവത്തെയും അത് ഒന്നൊന്നായി അവസാനിപ്പിക്കുകയാണ്. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളെയും അവയുടെ ദുര്‍ബലമെങ്കിലും നിലവിലുള്ള സ്വയംഭരണാവകാശങ്ങളെയും അതിവേഗം ഇല്ലാതാക്കുകയാണ്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, ഒരു നേതാവ്, ഒരു ഭാഷ എന്ന ഫാഷിസ്റ്റ് സമഗ്രാധിപത്യ ഭരണത്തിലേക്ക് ഏതാനും ചുവടുകള്‍ മാത്രമാണ് നാം നില്‍ക്കുന്നത്. തിരഞ്ഞെടുപ്പ് പോലും അക്കാര്യത്തില്‍ തങ്ങള്‍ക്കൊരു വിഘാതമാകരുതെന്ന് സംഘപരിവാറിന് നിര്‍ബന്ധമുണ്ട്. അതാണ് നമ്മളിപ്പോള്‍ കാണുന്നത്. എതിരാളികളുടെ സന്ധിയില്ലെന്നത് സംഘപരിവാര്‍ സംശയമില്ലാതെ വ്യക്തമാക്കുന്നു. അതുമാത്രമാണ് ഇപ്പോള്‍ ജനാധിപത്യ ചേരിയുടെ പ്രതീക്ഷ. കാരണം അത് ഈ രാജ്യത്തെ പോരാട്ടത്തിന്റെ നിലകളില്‍ കൃത്യമായ നിലപാടെടുക്കാന്‍ ജനാധിപത്യ, മതേതര സംഘങ്ങളെ നിര്‍ബന്ധിതരാക്കുന്നു. ജനാധിപത്യസംവാദത്തിന് സാധ്യത നല്‍കാത്ത സമ്പൂര്‍ണ വിധേയത്വം മാത്രം ആവശ്യപ്പെടുന്ന ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയം ഇന്ത്യയെ ഒത്തുതീര്‍പ്പുകളില്ലാത്ത യുദ്ധത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. തങ്ങള്‍ക്കൊപ്പമില്ലാത്ത എല്ലാവരും എതിര്‍പക്ഷത്താണെന്ന് സംഘപരിവാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. നിങ്ങള്‍ തയ്യാറായാലും ഇല്ലെങ്കിലും നിങ്ങള്‍ ആക്രമിക്കപ്പെടും. അതുകൊണ്ടുതന്നെ ആയുധം തീരുമാനിക്കാനുള്ള അവസരം മാത്രമേ നിങ്ങള്‍ക്ക് കാലം തരുന്നുള്ളൂ.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം