OPINION

കേരളത്തിന്റെ ' ലൗ ജിഹാദ് ' സ്റ്റോറി

ലൗ ജിഹാദ് എന്ന വ്യാജ ആരോപണം കേരളത്തിൽ എന്നു മുതലാണ് പ്രചരിപ്പിച്ചു തുടങ്ങിയതെന്ന് വിശദീകരിക്കുന്നു മാധ്യമപ്രവർത്തകയായ ലേഖിക

ഷബ്ന സിയാദ്

2009 ന്റെ മധ്യത്തിലാണ് മലയാളികള്‍ക്ക് അത്ര പരിചയമില്ലാതിരുന്ന ലൗ ജിഹാദെന്ന പദം കേട്ടു തുടങ്ങുന്നത്. പത്തനംതിട്ട സ്വദേശിയായ ഷഹന്‍ഷാ എന്ന ഇരുപത്തി മൂന്നുകാരന്റെ പേരുമായി ബന്ധപ്പെട്ടാണ് ലൗ ജിഹാദ് കഥകളുടെ തുടക്കം. പത്തനംതിട്ടയിലെ കോളേജ് വിദ്യാര്‍ഥിയാണ് ഷഹന്‍ഷയും സുഹൃത്ത് സിറാജുദ്ദീനും. ഇവരുടെ സുഹൃത്തക്കളായ മുസ്ലിമല്ലാത്ത രണ്ട് പെണ്‍കുട്ടികള്‍ ഇവരുടെ പ്രേരണ മൂലം ഇസ്ലാം മതത്തില്‍ ആകൃഷ്ടരായെന്നായിരുന്നു വിവാദം. പിന്നീട് ഇവര്‍ വിവാഹം കഴിക്കാനും തീരുമാനിക്കുന്നു. സാധാരണ പോലെ കേസ് പോലീസിനും കോടതിക്കും മുന്നിലെത്തുന്നു. ഹൈക്കോടതിയില്‍ ഈ രണ്ട് യുവാക്കളുടെ ജാമ്യാപേക്ഷ എത്തുമ്പോള്‍ പെണ്‍കുട്ടികള്‍ പറയുന്നു ഭര്‍ത്താക്കന്മാരോടൊപ്പം പോവാകാനാണ് ആഗ്രഹമെന്ന്. എന്നാല്‍ മതംമാറ്റ, ഭീകരവാദ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അവരെ, മാതാപിതാക്കളുടെ അപേക്ഷയെത്തുടര്‍ന്നു താത്കാലികമായി മാതാപിതാക്കളോടൊപ്പം കോടതി വിട്ടു. പെണ്‍കുട്ടികള്‍ക്ക് നമസ്‌കരിക്കാനും നോമ്പുപിടിക്കാനുമുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്ന പെണ്‍കുട്ടികളുടെ ആഗ്രഹവും ഹൈക്കോടതി അംഗീകരിച്ചു. രണ്ടാം തവണ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പെണ്‍കുട്ടികള്‍ മൊഴി മാറ്റി. മാതാപിതാക്കള്‍ക്കൊപ്പം പോയാല്‍ മതിയെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഇതെന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചില്ല.

ചില പോലീസുകാര്‍ കേസ് ഡയറിയില്‍ എഴുതിച്ചേര്‍ത്ത വിവരങ്ങളാണു തെളിവില്ലാത്ത കുറേ സന്ദേഹങ്ങളായി പിന്നീട് കേരളത്തില്‍ പാടി നടന്നത്

എല്ലാ മതവിഭാഗങ്ങളിലേക്കും പ്രണയവിവാഹം ചെയ്തു മതംമാറുക എന്നത് അത്ര അസാധാരണമല്ലെന്നിരിക്കെ, ഈ കേസിനൊരു പ്രത്യേകത കൈവന്നു. അന്വേഷണത്തില്‍ ഈ പെൺകുട്ടികള്‍ക്ക് ഇസ്ലാമിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും അവര്‍ അതിന്റെ പഠിതാക്കളായിരുന്നുവെന്നുമുള്ള തെളിവുകള്‍ ലഭിച്ചിരുന്നു. വസ്ത്രധാരണത്തില്‍ വന്ന മാറ്റവും നമസ്‌കാരശീലവും ശ്രദ്ധിച്ച കോളേജ് മാനേജ്‌മെന്റ് വീട്ടുകാരെ ഇക്കാര്യം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഈ പെണ്‍കുട്ടികളുടെ ബന്ധുക്കളിലൊരാള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥനായ പശ്ചാത്തലത്തില്‍ ചില പോലീസുകാര്‍ കേസ് ഡയറിയില്‍ എഴുതിച്ചേര്‍ത്ത വിവരങ്ങളാണു തെളിവില്ലാത്ത കുറേ സന്ദേഹങ്ങളായി പിന്നീട് കേരളത്തില്‍ പാടി നടന്നത്. പെണ്‍കുട്ടികള്‍ ഹൈക്കോടതിയില്‍ നല്‍കിയ, സ്വമേധയാ മതം മാറിയെന്നും ഭര്‍ത്താക്കന്മാരോടൊത്തു കഴിയാനാഗ്രഹിക്കുന്നുവെന്നുമുള്ള മൊഴികളെ തമസ്‌കരിച്ചു. ജന്മഭൂമിയുടെ ചുവടുപിടിച്ച മറ്റു ചില പ്രധാന പത്രങ്ങളും 'ലൗ ജിഹാദ്' പ്രചാരണം ഏറ്റെടുത്തുവെങ്കിലും വിഷയത്തെ പെട്ടെന്നു ചൂടുപിടിപ്പിച്ചത് കേരള കാത്തലിക് ബിഷപ്‌സ് കൗൺസിലിന്റെ കീഴിലുള്ള സോഷ്യല്‍ ഹാര്‍മണി ആൻഡ് വിജിലന്‍സ് കമ്മിഷൻ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ എഴുതിയ 'പ്രണയ മതതീവ്രവാദം; മാതാപിതാക്കള്‍ ജാഗരൂകരാവണം' എന്ന ലേഖനമാണ്.

ലേഖനം തുടങ്ങുന്നതു ഇങ്ങനെയായിരുന്നു: ''തീവ്രവാദത്തിന് പ്രണയത്തിന്റെ മുഖം നല്‍കി പുതിയൊരു യുദ്ധമുഖം തുറക്കുകയാണ് ലൗജിഹാദ്, റോമിയോ ജിഹാദ് എന്നൊക്കെ അറിയപ്പെടുന്ന പ്രസ്ഥാനങ്ങള്‍. വിശുദ്ധയുദ്ധം എന്നാണു ജിഹാദിനു നല്‍കിയിരിക്കുന്ന വിശദീകരണം.''

''മതപരിവര്‍ത്തനങ്ങളുടെ കണക്കുകള്‍ ഞെട്ടിക്കുന്നവയാണ്. 2860ഓളം പേരെയാണ് ഇത്തരത്തില്‍ മതംമാറ്റിയിട്ടുള്ളത്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 705 സംഭവങ്ങളിലാണ്,'' എന്നും ഇവര്‍ പ്രചരിപ്പിച്ചു.

ഇത്തരം ജിഹാദില്ലന്നായിരുന്നു 2009 ഒക്ടോബറിൽ ഡിജിപി ജേക്കബ് പുന്നൂസ് നല്‍കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എന്നാല്‍ പിന്നീടും പല തവണ ലൗ ജിഹാദെന്ന ആരോപണം കേരളം കേട്ടു

ഹൈക്കോടതിയിലെ ജസ്റ്റിസ് കെ ടി ശങ്കരന് ലൗ ജിഹാദെങ്ങാനും കേരളത്തിലുണ്ടോയെന്ന് സന്ദേഹം ഉണ്ടാക്കുകയും പോലീസിനോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു. പക്ഷെ ഇത്തരം ജിഹാദില്ലന്നായിരുന്നു 2009 ഒക്ടോബറിൽ ഡിജിപി ജേക്കബ് പുന്നൂസ് നല്‍കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എന്നാല്‍ പിന്നീടും പല തവണ ലൗ ജിഹാദെന്ന ആരോപണം കേരളം കേട്ടു. ഹാദിയ എന്ന പെണ്‍കുട്ടിയുടെ മതംമാറ്റവും കോടതി നടപടികളും കത്തിനില്‍ക്കുന്ന വേളയിലും ഇതേ ആരോപണങ്ങള്‍ ഉയര്‍ന്നു. മുസ്ലിം റോമിയോമാരും ജിഹാദികളും കാമ്പസില്‍ വിലസുന്നെന്ന തരത്തില്‍ നിറം പിടിപ്പിച്ച കഥകള്‍ മെനഞ്ഞു. 2017 ല്‍ വീണ്ടും ലൗ ജിഹാദ് കേള്‍ക്കുന്നത് ഇതര മതത്തിലുള്ളവരെ പ്രണയിച്ചതിന്റെ പേരില്‍ ഹിന്ദു പെണ്‍കുട്ടികളെ തടവറയിലാക്കുന്ന തൃപ്പൂണിത്തുറയിലെ യോഗ സെന്ററുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടര്‍ന്നാണ്. എല്ലാ മിശ്രവിവാഹങ്ങളെയും ലൗ ജിഹാദെന്നും ഘര്‍വാപസിയെന്നും വിളിക്കുന്നത് എന്തിനാണെന്നായിരുന്നു ഹൈക്കോടതി ഈ വിഷയം പരിഗണിച്ചപ്പോള്‍ ചോദിച്ചത്. വിവാഹങ്ങളെ ഇത്തരത്തില്‍ ഉദ്വേഗജകമായ രീതിയില്‍ അവതരിപ്പിക്കരുതെന്നും കോടതി പറഞ്ഞു. സംസ്ഥാനത്ത് 4000 പെണ്‍കുട്ടികളെ ലവ്ജിഹാദിന് ഇരയാക്കിയിട്ടുണ്ടെന്നും യോഗാകേന്ദ്രത്തെ കക്ഷി ചേര്‍ത്ത് വാദം കേള്‍ക്കണമെന്നും അവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ എന്തിനാണ് കഥകള്‍ പറഞ്ഞുണ്ടാക്കുന്നതെന്നായിരുന്നു കോടതി ചോദിച്ചത്. അതോടെ ആ ആരോപണവും ഒരു പരിധി വരെ ഒതുങ്ങി.

2018 ല്‍ കമല്‍ സംവിധാനം ചെയ്ത ആമിയെന്ന സിനിമ എത്തിയപ്പോഴും ' ലൗ ജിഹാദ്' ഹൈക്കോടതിയിലെത്തി. യഥാര്‍ഥ വസ്തുതകളെ വളച്ചൊടിക്കാനോ മറച്ചുവയ്ക്കാനോ അവകാശമില്ലെന്നും മാധവിക്കുട്ടിയുടെ മതം മാറ്റം കേരളത്തില്‍ വേരുപിടിച്ച ലൗ ജിഹാദിന്റ തുടക്കക്കാലമാണെന്നതുമുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ഇതും കോടതി തള്ളി. അതേവർഷം തന്നെ പത്തനംതിട്ട സ്വദേശിനിയായ യുവതിയെ മതംമാറ്റി വിവാഹം കഴിച്ച് ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതി മുഹമ്മദ് റിയാസിന്റെ ജാമ്യപേക്ഷയിലും ഹൈക്കോടതി ലൗ ജിഹാദിനെതിരായിരുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം