OPINION

ഖാർഗെ, നവമാധ്യമ രാഷ്ട്രീയക്കാർക്കിടയിലെ വ്യത്യസ്തൻ

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയുന്നത് കോണ്‍ഗ്രസിനെ അറിയുന്നതിന് തുല്യവും ഇന്ത്യയെ അറിയുന്നതിനു സമാനവുമാണ്

ഡോ പ്രവീൺ സാകല്യ

പൊതുപ്രവര്‍ത്തനം സമൂഹ മാധ്യമങ്ങള്‍ വഴിയില്‍ കൂടെ കൂടി നടക്കാന്‍ തുടങ്ങിയപ്പോള്‍ നവ സമൂഹമാധ്യമങ്ങളില്‍ പുതുതലമുറയുടെ പ്രയാണത്തോട് മല്ലിടാത്തതുകൊണ്ട് നവതലമുറയ്ക്ക്, വിശിഷ്യ സമൂഹമാധ്യമ കൂട്ടായ്മകള്‍ക്ക് ഖാര്‍ഗെയെ അത്രത്തോളം പരിചിതമാകാന്‍ വഴിയില്ല. പൊതുപ്രവര്‍ത്തനരംഗത്ത് ആറ് ദശാബ്ദക്കാലത്തെ പ്രതിബദ്ധതയും ജനപക്ഷ നിലപാടും അചഞ്ചലമായ ആദര്‍ശവും ഒപ്പം കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തോട് സ്‌നേഹവും ആദരവും പ്രകടിപ്പിച്ചിട്ടുള്ള ഒരു മഹനീയ വ്യക്തിത്വമാണ് മല്ലികാര്‍ജുന ഖാര്‍ഗെ. ബൂത്തു തലം മുതല്‍ പ്രവര്‍ത്തിച്ചു പടിപടിയായി ദേശീയരംഗത്തു ജനപിന്തുണയോടു കൂടി എത്തിച്ചേര്‍ന്ന നേതാവാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

അഭിഭാഷകവൃത്തിയില്‍ ഉടനീളം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും സാമൂഹികനീതിക്കു വേണ്ടിയും അടിച്ചമര്‍ത്തലുകള്‍ക്കെ തിരെയും തൊഴില്‍ ശാലകളിലെ തൊഴിലാളികളുടെ ക്ഷേമത്തിനായും പ്രവർത്തിച്ചു

പ്രാരംഭ ജീവിതം

കര്‍ണാടക സംസ്ഥാനത്തിലെ ബിടാര്‍ ജില്ലയിലെ ബാല്‍ക്കി പ്രവിശ്യയില്‍ വാരവട്ടി എന്ന സ്ഥലത്ത് മാപ്പന്ന ഖാര്‍ഗെയുടെയും സഭാവ ഖാര്‍ഗെയുടെയും മകനായി ജനനം. ഗുല്‍ബര്‍ഗയിലുള്ള ന്യൂട്ടന്‍ വിദ്യാലയത്തില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ഖാര്‍ഗെ അവിടുത്തെ ഗവൺമെന്റ് കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി. പിന്നീട് ഗുല്‍ബര്‍ഗയിലെ സേത് ശങ്കര്‍ലാല്‍ ലഹോട്ടി വിദ്യാലയത്തില്‍നിന്ന് നിയമപഠനം പൂര്‍ത്തീകരിച്ചു. പിന്നീട് സുപ്രീം കോടതി ജഡ്ജിയായിരുന്ന ശിവരാജ് പാട്ടീലിന്റെ കീഴില്‍ നിയമം അഭ്യസിക്കുകയും കോടതികളില്‍ മികച്ച അഭിഭാഷകനായി പേരെടുക്കുകയും ചെയ്തു. അഭിഭാഷകവൃത്തിയില്‍ ഉടനീളം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും സാമൂഹികനീതിക്കു വേണ്ടിയും അടിച്ചമര്‍ത്തലുകള്‍ക്കെ തിരെയും തൊഴില്‍ ശാലകളിലെ തൊഴിലാളികളുടെ ക്ഷേമത്തിനായും അഭിഭാഷകജീവിതം അദ്ദേഹം സ്വയം സമര്‍പ്പിച്ചു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ
പഠനോപകരണങ്ങളും ഉച്ച ഭക്ഷണങ്ങളും ഇല്ലാതെ വൈഷമ്യം അനുഭവിക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ച ഒരു വിദ്യാര്‍ത്ഥി നേതാവായിരുന്നു ഖാര്‍ഗെ

ഗുല്‍ബര്‍ഗയില്‍ ഉള്ളവരും കര്‍ണാടകയില്‍ ഉള്ളവരും അദ്ദേഹത്തെ ഫീസില്ലാ വക്കീല്‍ എന്ന് പലപ്പോഴും സ്‌നേഹപൂര്‍വ്വം വിളിച്ചിട്ടുണ്ട്. ഗുല്‍ബര്‍ഗ ഗവണ്‍മെന്റ് കോളേജില്‍ ബിഎക്ക് പഠിക്കുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ഖാര്‍ഗെ സജീവമായിരുന്നു. സൗമ്യമായ സ്വഭാവവും പ്രസന്നതയുള്ള മുഖവും തീപ്പൊരി പ്രസംഗങ്ങളും നിലപാടുകളും വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഖാര്‍ഗെയെ സജീവമാക്കി.വിദ്യാര്‍ത്ഥികളുടെ അനവധി നിരവധി ആവശ്യങ്ങള്‍ക്കും ശക്തമായ സമരങ്ങള്‍ക്കും ഖാര്‍ഗെ നേതൃത്വം നല്‍കി. പഠനോപകരണങ്ങളും ഉച്ച ഭക്ഷണങ്ങളും ഇല്ലാതെ വൈഷമ്യം അനുഭവിക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ച ഒരു വിദ്യാര്‍ത്ഥി നേതാവ് കൂടിയായിരുന്നു ഖാര്‍ഗെ. ഈ പ്രവര്‍ത്തനങ്ങളുടെ എല്ലാം മികവില്‍ അദ്ദേഹം കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.പല വ്യവസായ-വാണിജ്യ സ്ഥാപനങ്ങളും അവയുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മദ്ധ്യസ്ഥനായി ഖാര്‍ഗെയെ ക്ഷണിച്ചിട്ടുണ്ട്. പല വ്യവസായ സ്ഥാപനങ്ങളുടെയും നിയമോപദേഷ്ടാവ് കൂടിയായിരുന്നു ഖാര്‍ഗെ.

തദ്ദേശ ഭരണ മന്ത്രിയായിരുന്ന ഖാർഗെ പിന്നോക്കാവസ്ഥയിലുള്ള പ്രദേശങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു

ഖാര്‍ഗെ 1961 ല്‍ ഇന്ത്യയുടെ മഹാപ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രവര്‍ത്തന മികവ് കണക്കിലെടുത്ത് ആ വര്‍ഷം തന്നെ അദ്ദേഹത്തെ ഗുല്‍ബര്‍ഗ കോണ്‍ഗ്രസ് പ്രാദേശിക കമ്മിറ്റിയുടെ അധ്യക്ഷനായി തിരഞ്ഞെടുത്തു .1972 ല്‍ കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുര്‍മിത്കല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് നിയമസഭാംഗമായി.1976ല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി അദ്ദേഹം ചുമതല ഏറ്റെടുത്തു. മികച്ച നിയമസഭാ സാമാജികനായും മന്ത്രിയായും പേരെടുത്ത ഖാര്‍ഗെ 1978 ല്‍ ഗുര്‍മിത്കല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും ജനപ്രതിനിധിയായി വമ്പിച്ച ഭൂരിപക്ഷത്തോടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.അന്നത്തെ മന്ത്രിസഭയില്‍ തദ്ദേശ ഭരണ മന്ത്രിയായും അദ്ദേഹം ചുമതല വഹിച്ചു. പിന്നോക്കാവസ്ഥയിലുള്ള പ്രദേശങ്ങളുടെ ഉന്നമനത്തിനായി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ഇന്നും കര്‍ണാടകയിലെ ജനങ്ങള്‍ സ്‌നേഹത്തോടെ സ്മരിക്കുന്നു.

പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ 1980 ൽ കോൺഗ്രസ് പാർട്ടി അദ്ദേഹത്തെ റവന്യൂ മന്ത്രിയാക്കി. മന്ത്രിയായിരിക്കെ നിരവധിയായ ഭൂപ്രശ്നങ്ങൾ കണ്ടെത്തുകയും അതിനുള്ള പരിഹാരങ്ങൾ നിർദേശിക്കുകയും  ഭരണപരമായി  അത് നടപ്പിൽ വരുത്തുകയും  ചെയ്തു .ഭൂമിയില്ലാത്തവർക്ക് വ്യവസ്ഥാപിതമായി പട്ടയങ്ങൾ വിതരണം ചെയ്തത് അദ്ദേഹത്തെ പ്രശസ്തനാക്കി.1983ലും 85 ലും നിയമസഭയിലേക്ക് മത്സരിച്ച   ഖാർഗെ മികച്ച ഭൂരിപക്ഷത്തോടു വീണ്ടും വിജയിച്ച ഖാർഗെ കർണാടകയിലെ പ്രതിപക്ഷ ഉപനേതാവായി മാറി.1989 ൽ അഞ്ചാമതും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഖാർഗെ 1990 ൽ ബംഗാരപ്പ മന്ത്രിസഭയിലെ റവന്യൂ മന്ത്രിയായി ചുമതലയേറ്റെടുത്തു. റവന്യൂ വകുപ്പിലും തദ്ദേശഭരണ സ്ഥാപനങ്ങളിലും ഭൂപ്രശ്നങ്ങളിലും നിരവധി പരിണാമങ്ങൾ ഈ സമയങ്ങളിൽ കർണാടകയിൽ ഉണ്ടായി. പിന്നീട് വന്ന വീരപ്പമൊയ്‌ലി മന്ത്രിസഭയിലും സഹകരണവും വ്യവസായവും ഉൾപ്പെടെ നിരവധി വകുപ്പുകൾ കൈകാര്യം ചെയ്തു. പിന്നീട് 1994ലും 99ലും നിയമസഭാംഗമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.1994 ൽ കർണാടകയുടെ പ്രതിപക്ഷ നേതാവായതും നിരവധി ജനകീയ പ്രശ്ങ്ങൾ  ഏറ്റെടുത്തു , സർക്കാരുകളുടേയും അധികാരികളുടേയും കണ്ണ് തുറപ്പിച്ചതും  മികച്ച പ്രവർത്തനം കാഴ്ച വെച്ചതും  ദക്ഷിണ ഇന്ത്യയിലെ മാധ്യമങ്ങൾ ഇപ്പോഴും ഓർക്കുന്നു.

1999 ല്‍ ചുണ്ടിനും കപ്പിനും ഇടയിലാണ് അദ്ദേഹത്തിന് കര്‍ണാടക മുഖ്യമന്ത്രിപദം നഷ്ടമായത്.2004ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഖാര്‍ഗെ ഗതാഗത ജലവിഭവ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചു. ഈ കാലയളവിലാണ് കര്‍ണാടകയിലെ പൊതുഗതാഗത സംവിധാനം ഘടനാപരമായി ഏറെ മെച്ചപ്പെട്ടത്.കര്‍ണാടകയിലെ ഉള്‍പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന ജല പ്രതിസന്ധികള്‍ക്ക് അതിനൂതന പദ്ധതികള്‍ വിഭാവനം ചെയ്തത്, കുടിവെള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചത് ഖാര്‍ഗെ ആയിരുന്നു.

ഖാര്‍ഗെ ചുമതല ഏറ്റെടുത്തതിന് ശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപിയെയും ജനതാദള്‍ സെക്യൂലറിനെയും നിലംപരിശാക്കി കോണ്‍ഗ്രസ് വമ്പിച്ച മുന്നേറ്റമുണ്ടാക്കി

എന്നും കോണ്‍ഗ്രസിന്റെ വിശ്വസ്തന്‍

ഒന്നോ രണ്ടോ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചവര്‍ പോലും ഇല്ലാത്ത ജനപിന്തുണ പെരുപ്പിച്ചുകാട്ടി പാര്‍ട്ടിയെ ഭീഷണിപ്പെടുത്തുന്ന പുതിയ കാലഘട്ടത്തില്‍ ഖാര്‍ഗെ കോണ്‍ഗ്രസ് ആദര്‍ശങ്ങളുടെ വിധേയ വിശ്വസ്തനായി. ഒരിക്കല്‍പോലും പാര്‍ട്ടിയെയോ പാര്‍ട്ടി നിലപാടുകളെയൊ തള്ളിപ്പറയുകയോ എതിര്‍ക്കുകയോ പാര്‍ട്ടി ശത്രുക്കളെ പുകഴ്ത്തി അവരുടെ നിലപാടുകളെ പ്രകീര്‍ത്തിക്കുകയൊ ചെയ്യാത്ത കോണ്‍ഗ്രസ് ഭരണഘടന ഹൃദയത്തില്‍ സൂക്ഷിച്ച മനുഷ്യസ്‌നേഹിയായ നേതാവായിരുന്നു ഖാര്‍ഗെ. അതുകൊണ്ടുതന്നെ 2005 അദ്ദേഹത്തെ തേടി കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനം എത്തി .ഖാര്‍ഗെ ചുമതല ഏറ്റെടുത്തതിന് ശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപിയെയും ജനതാദള്‍ സെക്യൂലറിനെയും നിലംപരിശാക്കി കോണ്‍ഗ്രസ് വമ്പിച്ച മുന്നേറ്റമുണ്ടാക്കി .

2008ല്‍ ചെറിയ ഭൂരിപക്ഷത്തിന് കര്‍ണാടക കോണ്‍ഗ്രസിനെ കൈവിട്ടപ്പോള്‍ ചിറ്റാപ്പൂര്‍ മണ്ഡലത്തില്‍നിന്ന് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു കര്‍ണാടകത്തിലെ നിയമസഭയുടെ പ്രതിപക്ഷനേതാവായി മാറി.2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഖാര്‍ഗെ ഗുല്‍ബര്‍ഗ ലോകസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച് തോല്‍വികള്‍ ഇല്ലാത്ത രാഷ്ട്രീയ തെരഞ്ഞെടുപ്പുകളിലെ പത്താമത്തെ വിജയവും സ്വന്തമാക്കി. 2014ല്‍ ഇന്ത്യയില്‍ ബിജെപി തരംഗം ഉണ്ടായപ്പോള്‍ പോലും ബിജെപിയെ 75000 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് ഗുല്‍ബര്‍ഗ മണ്ഡലം നിലനിര്‍ത്തി. അതേത്തുടര്‍ന്ന് ലോകസഭയില്‍ പാര്‍ട്ടിയുടെ നേതാവായി മാറിയ ഖാര്‍ഗെ അദ്ദേഹതിന്റെ ജനപിന്തുണയും ജനവിശ്വാസവും അടിവരയിട്ട് തെളിയിച്ചു. ഇപ്പോള്‍ രാജ്യസഭയുടെ പ്രതിപക്ഷനേതാവായി തുടരുകയും ചെയ്യുന്നു.

സാമൂഹിക പ്രവര്‍ത്തനങ്ങള്‍

രാഷ്ട്രീയ മണ്ഡലത്തില്‍ സജീവമാകുമ്പോഴും ഖാര്‍ഗെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു.കര്‍ണാടക ആസ്ഥാനമായുള്ള നിരവധി സന്നദ്ധ സംഘടനകളുടെ തലവനാണ് ഖാര്‍ഗെ . കര്‍ണാടക ആസ്ഥാനമായുള്ള സിദ്ധാര്‍ഥ് വിഹാര്‍ ട്രസ്റ്റിന്റെ അദ്ധ്യക്ഷനായിരുന്നു.അതോടൊപ്പം തന്നെ കര്‍ണാടകയിലെ നാടക-സിനിമാ സമിതികളുടെ സംഘാടക സമിതി അംഗം കൂടിയാണ് അദ്ദേഹം.ജനപ്രതിനിധി ആയിരിക്കുമ്പോള്‍ തന്നെ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടഅടിസ്ഥാനവര്‍ഗ്ഗ തൊഴിലാളികളുടെ ക്ഷേമത്തിനായും സാമ്പത്തിക ഉന്നമനത്തിനായും പൊരുതിയ നേതാവായിരുന്നു ഖാര്‍ഗെ. തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് നിര്‍ണായകമായ ഫണ്ട് വിനിയോഗം ഉണ്ടാവാന്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിയ വ്യക്തിത്വമായിരുന്നു ഖാര്‍ഗെ. സമൂഹമാധ്യമങ്ങളില്‍ ന്യൂജനറേഷന്‍ തരംഗങ്ങള്‍ സൃഷ്ടിക്കുകയൊ പ്രഭാഷണങ്ങള്‍ കൊണ്ടോ വാക്കുകള്‍ കൊണ്ടോ ഹൈപ്പുകള്‍ കൊണ്ടോ, സമൂഹ മാധ്യമങ്ങള്‍ വഴി ട്രെന്‍ഡിങ്ങുകള്‍ നടത്തുന്ന നവമാധ്യമ രാഷ്ട്രീയക്കാര്‍ക്കിടയില്‍ വ്യത്യസ്തനാണ് ഖാര്‍ഗെ എന്ന ജനനേതാവ് .

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി