OPINION

ഭരണഘടനയെ ചോദ്യം ചെയ്യുന്ന ഇടപെടലുകളാണെന്ന ബോധ്യത്തില്‍ നിന്നാവണം മുസ്ലിം വിരുദ്ധതയെ പ്രതിരോധിക്കേണ്ടത്

സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സഹകരണത്തിന്റെയും ബഹുമാനത്തിന്റെയും മാനവികതയുടെയും മുദ്രാവാക്യങ്ങളാണ് ഇസ്ലാമിന്റെ മുഖമുദ്ര

മുഫീദ തസ്നി

ഇസ്ലാമിനോളം പഴക്കമുള്ള ആശയമാണ് ഇസ്ലാമോഫോബിയ എന്നത് കഴിഞ്ഞകാല ചരിത്രങ്ങളും വര്‍ത്തമാനകാല സംഭവങ്ങളും നമുക്ക് ബോധ്യപ്പെടുത്തി തരുന്നുണ്ട്. മനുഷ്യ ജീവിതത്തിലെ ഓരോ ഘട്ടങ്ങളെയും അതിസൂക്ഷ്മമായി സ്പര്‍ശിക്കുന്ന മനോഹരവും സമഗ്രവും അതിലേറെ സ്വാഭാവികവുമായ ഒരു പ്രത്യയശാസ്ത്രമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സഹകരണത്തിന്റെയും ബഹുമാനത്തിന്റെയും മാനവികതയുടെയും മുദ്രാവാക്യങ്ങളാണ് ഇസ്ലാമിന്റെ മുഖമുദ്ര. എന്നാല്‍ ഏറെ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ തീവ്രവാദം, സ്ത്രീവിരുദ്ധം, ഭീകരപ്രവര്‍ത്തനം, ദേശവിരുദ്ധം, അസഹിഷ്ണുത, അപരിഷ്‌കൃതം, തുടങ്ങി നിരവധി ആരോപണങ്ങളിലൂടെ ഇസ്ലാം പേടി സൃഷ്ടിച്ച് മുസ്ലിംകളോട് വെറുപ്പ് വളര്‍ത്തി മറ്റുള്ളവരെ അവരില്‍ നിന്നകറ്റുക എന്ന അജണ്ട ലോകത്തെമ്പാടും വിവിധ രൂപങ്ങളിലും രീതികളിലും നടപ്പിലാക്കി കൊണ്ടിരിക്കുന്നുണ്ട്.

ഇന്ത്യയില്‍ സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയില്‍ നിന്നും വേര്‍പ്പെടുത്തിക്കൊണ്ട് ഇസ്ലാമോഫോബിയയെ വായിക്കാന്‍ കഴിയില്ല

ഹിജാബ് വേണോ, വിദ്യാഭ്യാസം വേണോ എന്ന ഈ കാലം കണ്ട ഏറ്റവും നീചമായ ചോദ്യത്തിന് സക്ഷിയാവേണ്ടി വന്നിട്ടുള്ള ജന സമൂഹമാണ് നമ്മള്‍. സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ മൂലം പത്ത് മില്ല്യണിലധികം വിദ്യാര്‍ത്ഥികള്‍ പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാതെ പുറത്തു നില്ക്കുന്ന ഇന്ത്യയിലാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ ഹനിക്കുകയും ഒപ്പം സമൂഹത്തില്‍ ഭിന്നത വര്‍ധിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള ചോദ്യങ്ങളും ഇടപെടലുകളും ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയില്‍ നിന്നും വേര്‍പ്പെടുത്തിക്കൊണ്ട് ഇസ്ലാമോഫോബിയയെ വായിക്കാന്‍ കഴിയില്ല.

ഗോരക്ഷാ മാതൃകാ കൊലപാതകങ്ങള്‍ എന്ന പേരില്‍ മുസ്ലീങ്ങളും ദളിതരും വ്യാപകമായി ആക്രമിക്കപ്പെടുന്നതില്‍ തുടങ്ങി ദളിത്- ആദിവാസി-മുസ്ലിം പിന്നോക്ക വിഭാഗങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ നിരന്തരമായി റദ്ദ് ചെയ്യുകയും , വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി മുസ്ലിംകള്‍ ചരിത്രത്തിന് കൊടുത്ത സംഭാവനകള്‍ ഒഴിവാക്കി പാഠപുസ്തകങ്ങള്‍ മാറ്റി എഴുതുകയും, മുസ്ലിമല്ലാതിരിക്കുക എന്നത് പൗരത്വം കിട്ടാനുള്ള അടിസ്ഥാന യോഗ്യതയായി പരിഗണിച്ചു കൊണ്ടുള്ള പൗരത്വ ഭേദഗതി നിയമങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയും, അതില്‍ പ്രതിഷേധിച്ച മുസ്ലിം വിദ്യാര്‍ത്ഥികളെ നിരന്തരമായി വേട്ടയാടുകയും വിദ്യാര്‍ത്ഥിനികളെ ബുള്ളി ഭായ് ആപ്പിലൂടെ വില്‍പ്പനയ്ക്ക് വെക്കുകയും വരെ ചെയ്ത നീചമായ പ്രവര്‍ത്തികള്‍ ഇവിടെ നടക്കുന്നു.

എല്ലാവിധ വിയോജിപ്പുകളും ദേശവിരുദ്ധമാണെന്ന മുദ്ര കുത്തലുകള്‍ക്കൊപ്പം ഒരു വിഭാഗം മാത്രം നിരന്തരമായി അവരുടെ ദേശക്കൂറ് ബോധ്യപ്പെടുത്തേണ്ടി വരുന്നു. 'ജയ് ശ്രീറാം'വിളിക്കാത്തതിന്റെ പേരിലുള്ള കൊലകള്‍ , ഭീകരമായ വര്‍ഗീയ കലാപങ്ങള്‍ , ലക്ഷദ്വീപ് പോലുള്ള മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും വിശ്വാസവും നോക്കി നിരന്തരം ഒരു വിഭാഗം ആക്രമിക്കപ്പെട്ടു കൊണ്ടെയിരിക്കുന്നു. സംഘപരിവാര്‍ ശക്തികള്‍ സകല മേഖലയിലും പിടി മുറുക്കുമ്പോള്‍ ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കുന്നതിനായി ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങളും ചലിക്കുന്നു.

കേരളത്തില്‍ ഇസ്ലാമോഫോബിക് ആശയങ്ങളെ വേരുറപ്പിക്കാതിരിക്കാന്‍ ഒരു പരിധി വരെ പ്രതിരോധിച്ചു നിര്‍ത്താന്‍ ഇവിടുത്തെ മനുഷ്യര്‍ക്ക് സാധിക്കുന്നുണ്ട്

മുസ്ലിംകളുമായി അടുത്തിടപഴകാനും അവരെ അനുഭവിച്ചറിയാനും കൂടുതല്‍ അവസരം ലഭിച്ചത് കൊണ്ടാവാം കേരളത്തില്‍ ഇസ്ലാമോഫോബിക് ആശയങ്ങളെ വേരുറപ്പിക്കാതിരിക്കാന്‍ ഒരു പരിധി വരെ പ്രതിരോധിച്ചു നിര്‍ത്താന്‍ ഇവിടുത്തെ മനുഷ്യര്‍ക്ക് സാധിക്കുന്നുണ്ട്. എന്നിരുന്നാലും കടുത്ത വംശീയത പേറുന്ന സെക്കുലര്‍ ലിബറല്‍ ഇടങ്ങളില്‍ മനപൂര്‍വ്വമായ ചില പൊതു ബോധങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്, ലിബറലിസ്റ്റുകളുടെ മതേതര മുഖം മൂടിക്കുള്ളില്‍ ഒളിപ്പിച്ചുവെച്ച വംശീയതയും ന്യൂനപക്ഷ വിരുദ്ധതയും പലപ്പോഴായി പുറത്തുവരുന്നത് ഒരു സമൂഹത്തിന്റെ വിശ്വാസ സംഹിതയെ ലക്ഷ്യം വെച്ച് അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും നിരന്തരം പ്രചരിപ്പിക്കുന്നതിലൂടെയാണ്, കൂടുതലും ഈ വംശീയതയ്ക്ക് ഇരയാവുന്നത് മുസ്ലിം സ്ത്രീകളാണ്. ഭീതിതമായ പൗരോഹിത്യത്തിന്റെ തടവറയിലാണ് എന്ന് പ്രചരിപ്പിച്ച് അവരുടെ രക്ഷകരാവാന്‍ ശ്രമിക്കുന്നു, അവളുടെ വസ്ത്രത്തെ പ്രാകൃതമെന്ന് വിളിച്ച് അപമാനിക്കുന്നു. മുസ്ലിം നൊസ്റ്റു പ്രകടമാക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതും വിശ്വാസത്തെ കുറിച്ച് സംസാരിക്കുന്നതും, അവരെ ഒന്നിനും കൊള്ളാത്തവരായി മുദ്ര കുത്താനുള്ള കാരണമാക്കുന്നുണ്ട്

ഇതൊക്കെ ഏതെങ്കിലും ഒരു മത വിഭാഗത്തിന്റെ മാത്രം പ്രശ്‌നമായി കാണാതെ ഭരണഘടന അനുവദിച്ചു തരുന്ന അവകാശങ്ങളെ ഹനിക്കല്‍ മുഴുവന്‍ ഇന്ത്യക്കാരെയും ബാധിക്കുമെന്ന വിശാലമായ കാഴ്ചപ്പാടില്‍ നിന്നാണ്, ഹിജാബിനാല്‍ മാത്രം തകരുന്ന മതേതര മൂല്യം അപകടമാണ് എന്ന ബോധ്യത്തില്‍ നിന്നാണ്, ജനാധിപത്യ ഇന്ത്യയുടെ പ്രശ്‌നമാണ് ഭരണഘടനയെ ചോദ്യം ചെയ്യുന്ന ഇടപെടലുകളാണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന ഉത്തരവാദിത്വ ബോധത്തില്‍ നിന്ന് കൊണ്ടാണ് ഇത്തരം മുസ്ലിം വിരുദ്ധതയ്ക്ക് എതിരെയുള്ള പ്രതിരോധം സാധ്യമാവേണ്ടത്. അതിന് മാറിയ രാഷ്ട്രീയത്തെ കുറിച്ചുള്ള നിരന്തര സംവാദങ്ങള്‍ സാധ്യമാകേണ്ടതുണ്ട്. പുതിയ കാലത്തെ രാഷ്ട്രീയത്തെക്കുറിച്ച് നമ്മള്‍ സംസാരിക്കേണ്ടത് സഫൂറ സര്‍ഗറിനോടും ഉമര്‍ ഖാലിദിനോടും ഗുല്‍ഷിഫയോടും മീരാന്‍ ഹൈദര്‍നോടും അലനോടും താഹയോടുമാണ് , അവരുടെ ജീവിതാനുഭവങ്ങള്‍ തന്നെയാണ് ഇന്നത്തെ രാഷ്ട്രീയം. പുതിയ കാലത്തെ ക്യാമ്പസുകളോടാണ്, കത്തിയെരിഞ്ഞ കടയുടെ മുന്നില്‍ നിസ്സഹായനായി ഇരിക്കുന്ന രാജസ്ഥാനിലെ കൗരളിയിലെ ഉസ്മാനോട്, കശ്മീരിലെ ആസിഫ ഭാനുവിന്റെ കുടുംബത്തോട്, ഗുജറാത്ത് വംശഹത്യയുടെ ഇര ബില്‍ക്കീസ് ഭാനുവിനോട്, ധാത്രിയിലെ മുഹമ്മദ് അഹ്ലാഖിന്റെ കുടുംബത്തോട് , നജീബിന്റെ ഉമ്മയോട്.....ഇങ്ങനെ പിടി തരാതെ നീളുന്നുണ്ട് ഇരകളുടെ പട്ടിക.

സ്വത്വം തിരഞ്ഞ് അപരവല്‍ക്കരിക്കപ്പെടുന്ന ഈ കാലത്ത് യുവജനങ്ങളിലാണ് പ്രതീക്ഷ. പുതിയ മാതൃകകള്‍ സൃഷ്ടിച്ചു കൊണ്ട് പുതിയ ഭാഷയില്‍ ലോകത്തോട് സംവദിക്കാന്‍ സാധിക്കേണ്ടതുണ്ട്. രാഷ്ട്രീയ ഭാവുകത്വത്തിലും സാമൂഹ്യ കാഴ്ചപ്പാടുകളിലും മാറ്റം വരുത്തുന്ന രീതിയില്‍ എല്ലാവരെയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള പുതിയ കാലത്തെ വ്യത്യസ്തതയാണ് ജനാധിപത്യത്തിന്റെ സ്വഭാവമാകേണ്ടത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി തുടങ്ങിയ മൂല്യങ്ങളായിരിക്കണം പുതിയ ജനാധിപത്യ രാഷ്ട്രത്തെ മുന്നോട്ടു നയിക്കേണ്ടത്. 2019ല്‍ ന്യൂസിലാന്‍ഡില്‍ മുസ്ലിം പള്ളികളില്‍ ഉണ്ടായ വെടിവെപ്പില്‍ ഒരു ശതമാനത്തില്‍ താഴെയുള്ള മര്‍ദ്ദിത ന്യൂനപക്ഷത്തെ, മുസ്ലീങ്ങളെ ചേര്‍ത്തുപിടിച്ച ജസീന്ത ആര്‍ഡനെ പോലുള്ള ന്യൂസ്ലാന്‍ഡ് മാതൃകകള്‍ ലോകത്തുണ്ട്. സ്വത്വം തെരഞ്ഞു അപരവല്‍ക്കരിക്കപ്പെടുന്ന കാലത്ത് ഹിന്ദു ഹിന്ദുവായും മുസ്ലിം മുസ്ലിമായും ക്രിസ്ത്യാനി ക്രിസ്ത്യാനിയായും സ്വത്വത്തില്‍ നില നിന്നുകൊണ്ടുള്ള പരസ്പര ബഹുമാനത്തോടെയുള്ള ആരോഗ്യകരമായ സൗഹൃദങ്ങളുള്ള തുല്യ നീതിയുള്ള ഒരു രാഷ്ട്രം തന്നെയാണ് സ്വപ്നം . അവിടെ വെറുപ്പിന്റെ രാഷ്ട്രീയം തുടച്ചു മാറ്റാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി