OPINION

ഇസ്രയേൽ - പലസ്തീൻ: കേരളത്തിലെ 'സംഘർഷങ്ങൾ' നൽകുന്ന വിപൽസന്ദേശങ്ങൾ

സ്വതന്ത്ര ചിന്തവാദികൾ നീതിയിലും സമത്വത്തിലും എങ്ങനെയാണ് രാഷ്ട്രീയം സജ്ജമാകുന്നത് എന്ന് അത്മവിമർശനം നടത്തേണ്ട കാലം കൂടിയാണിത്.

ഡോ. ടി കെ ജാബിർ

ഇസ്രയേൽ - പലസ്തീൻ സംഘർഷം നടക്കുന്നത് ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയാണ്. പക്ഷെ ഈ കൊച്ചു കേരളത്തിൽ അത് നടക്കുന്ന പ്രതീതി സൃഷ്ടിക്കുന്നു ഈ ആഗോളവത്കൃത ലോകം. സോഷ്യൽ മീഡിയ അതിന് നല്ല ഉപാധികളായി മാറുന്നു. മലയാളികൾ രണ്ടേ രണ്ടു വിഭാഗമായി മാറി ഇപ്പോൾ പരസ്‌പരം തർക്കിക്കുന്നു, ആക്ഷേപിക്കുന്നു, നിന്ദിക്കുന്നു, വെറുക്കുന്നു, മാനസികമായി അകലുന്നു. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യാ വളർച്ച  മലയാളിയെ ഒന്നിപ്പിക്കുകയാണോ അതോ അകറ്റുകയാണോ ചെയ്തത് എന്ന് അന്വേഷിക്കുവാൻ പറ്റിയ ഒരു സന്ദർഭമാണിത്.

ജ്ഞാനോദയവും നവോത്ഥാനവും  ആധുനികതയും നടക്കുന്ന സന്ദർഭത്തിൽ തന്നെ യൂറോപ്പ് സാഹിത്യത്തിലൂടെയും വാമൊഴിയായും ജൂതരെ അപരവൽക്കരിച്ച് ക്രമേണ കായികമായി ഇല്ലാതാക്കി കൊണ്ടിരുന്നത് ഇവിടെ ഓർമ്മ വരുന്നു. വിശ്വസാഹിത്യ കാരനായ ഷേക്സ്പിയറും, വോൾട്ടയറും ഇതിൽ പങ്കാളിത്തം വഹിച്ചിട്ടുള്ളതിന് ചരിത്രം സാക്ഷിയാണ്. അതേ യൂറോപ്പിലാണ്  ആഗോള മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ ഉണ്ടായത്. നിരവധി വൈരുധ്യങ്ങളും വിരോധാഭാസങ്ങളും അവിടെ ദർശിക്കാവുന്നതാണ്.  

അഥവാ ജൂതരെ  ഒരു വിധത്തിലും രക്ഷപെടുവാൻ അനുവദിക്കില്ലാ എന്ന് തീരുമാനിച്ച് ഉറപ്പിച്ച പോലെയായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ യൂറോപ്യൻ വംശീയതയുടെ ശത്രുത

ന്യുനപക്ഷ വിഭാഗത്തോടുള്ള കടുത്ത മുൻധാരണകളും വെറുപ്പും ചരിത്രത്തിൽ രക്തപങ്കിലമായ ഏടുകൾ തീർത്ത അതീവ ഗൗരവതരമായ ഒരു സാമൂഹ്യ ചരിത്ര സാഹചര്യത്തെ  ഐലൻ പപ്പേ എന്ന ജ്യൂയിഷ് പണ്ഡിതൻ Contemporary Middle East: Israel (2018 ) എന്ന ഗ്രന്ഥത്തിൽ മുന്നോട്ട് വയ്ക്കുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ചാൾസ് ഡാർവിൻ പരിണാമ സിദ്ധാന്തം പ്രസിദ്ധപ്പെടുത്തിയത്. പരിണാമ സിദ്ധാന്തം വന്ന് അധികം താമസിയാതെ സെമിറ്റിക് വിരുദ്ധത റഷ്യയിൽ ഈ സിദ്ധാന്തത്തിന്റെ പേരിൽ അരങ്ങേറിയിട്ടുണ്ട്. അഥവാ അതിജീവന ശേഷിയുള്ളത് അതിജീവിക്കുന്നു (survival of the fittest) എന്ന ആശയത്തെ  റഷ്യയിലെ സാറിസ്റ്റ് ഭരണകൂടം പിന്തുണയ്ക്കുകയുണ്ടായി. അഥവാ ജൂതർ യൂറോപ്പിന് കൊള്ളാത്തവരാണ് എന്ന് ഭരണകൂടങ്ങൾ തന്നെ പ്രഖ്യാപിക്കുകയുണ്ടായി. ഇത് കൂടുതൽ സജീവമായിരുന്നത് ജർമ്മനി, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ ആയിരുന്നു. മറ്റൊരു പ്രധാനപ്പെട്ട വസ്തുത, ജൂതരെ പരമ്പരാഗത ജീവിതം നയിക്കുവാനോ, ആഗോള സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലോ പങ്കാളിയായി സെമിറ്റിക് വിരുദ്ധത ഇല്ലാതാക്കുവാനുള്ള  ഉള്ള അവസരങ്ങൾ പോലും  ജൂതർക്ക് നിഷേധിക്കപ്പെട്ടിരുന്നു. അഥവാ ജൂതരെ  ഒരു വിധത്തിലും രക്ഷപെടുവാൻ അനുവദിക്കില്ലാ എന്ന് തീരുമാനിച്ച് ഉറപ്പിച്ച പോലെയായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ യൂറോപ്യൻ വംശീയതയുടെ ശത്രുത. എന്തിന്? ഈ കേരളത്തിൽ 2009 മുതൽ ഓടിക്കൊണ്ടിരിക്കുന്ന "ലൗ ജിഹാദ്" എന്ന നാടകം, 1930 കളിൽ ഹിറ്റ്ലർ ഓടിച്ച് വിജയിപ്പിച്ച നാടകമാണ്. "വെള്ള തലമുടിയുള്ള, പൂച്ച കണ്ണുള്ള ജൂത പയ്യന്മാർ നമ്മുടെ പെൺകുട്ടികളെ പ്രേമം നടിച്ച് തട്ടിയെടുത്ത് നശിപ്പിക്കും, ജാഗ്രത പാലിക്കുക" ഇത് ഹിറ്റ്ലർ വിളംബരം ചെയ്ത ഒന്നാണ്. ചരിത്രം പരിശോധിക്കുക.

ഇസ്രയേലിലെ ജൂതര്‍ സ്വയം പര്യാപ്തത നേടിയ സമൂഹമാണ്. അവര്‍ക്ക് തീവ്ര വെറുപ്പിന്റെ ഇന്ത്യന്‍ പിന്തുണ ആവശ്യമില്ലെന്നതാണ് വസ്തുത. മാത്രമല്ല അവര്‍ പൊതുവേ ഒരു സാമുദായിക വംശശുദ്ധിയില്‍ വിശ്വസിക്കുകയും അത് പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്

കേരളത്തിലാണോ ഇസ്രയേലും പലസ്തീനും ?

അപൂർവ്വമായ ഒരു സന്ദർഭമാണിത്. ഇന്ത്യയിൽ ഏറ്റവും അധികം പലസ്തീൻ ഇസ്രയേൽ വിഷയം ഇത്ര തീവ്രമായ രൂപത്തിൽ ചർച്ച ചെയ്യപ്പെടുന്നത് ഈ കേരളത്തിൽ തന്നെ. സംശയം വേണ്ട. കേരളത്തിൽ ഇന്ന് പൊതുവേ ഒരു ഇസ്രായേൽ / ജൂത പ്രേമം അതിവേഗം വളരുന്നു. അതിന് കാരണം ജൂതരോടുള്ള സ്നേഹമോ പ്രതിപത്തിയോ അല്ല, മുസ്ലിംകളോടെയുള്ള വിരോധമാണ് കാരണം.

ഈ വിഷയത്തിൽ പാലസ്തീൻറെ ഭാഗം കേൾക്കാതെ, ഇസ്രയേലിന്റെ പക്ഷം മാത്രം കേട്ട് കൊണ്ട് മുസ്‌ലിം ഒഴികെയുള്ള പൊതു സമൂഹം ഏതാണ്ട് ഒരുമിച്ച് ഇസ്രയേലിന് വേണ്ടി ജയ് വിളിക്കുന്നു. ആർത്ത് അട്ടഹസിക്കുന്നു. ഇസ്രയേലിന്റെ അകത്തുള്ള, പലസ്തീനിൽ ഉള്ള , അതിൻറെ രാഷ്ട്രീയ പശ്ചാത്തലം അറിയാതെയുള്ള കോലാഹലം മാത്രമാണിത്. നീതി, സമത്വം, ജനാധിപത്യം, മതേതരത്വം എന്നീ മൂല്യങ്ങൾ മുൻപിൽ വച്ച് കൊണ്ട് ഈ വിഷയം സംസാരിക്കുവാൻ ഇവിടെ ആരൊക്കെ തയ്യാറുണ്ട് എന്നതാണ് അടിസ്ഥാന പ്രശ്നം. ഇതിൽ ആർക്കും താല്പര്യം ഉണ്ടാവില്ല. കാരണം ഈ വെറുപ്പ് ഉണ്ടായത് തന്നെ ആ മൂല്യങ്ങളെ വെറുക്കുന്നത് കൊണ്ട് കൂടിയാണ്.

'യൂറോപ്യന്‍സിന്റെ പശ്ചാത്താപമാണ് ഇസ്രയേല്‍ . അതിന്റെ ബലിമൃഗമാണ് പലസ്തീന്‍'
കവി എസ് ജോസഫ് (2023)

ഇസ്രയേലിലെ ജൂതര്‍ സ്വയം പര്യാപ്തത നേടിയ സമൂഹമാണ്. അവര്‍ക്ക് തീവ്ര വെറുപ്പിന്റെ ഇന്ത്യന്‍ പിന്തുണ ആവശ്യമില്ലെന്നതാണ് വസ്തുത. മാത്രമല്ല അവര്‍ പൊതുവേ ഒരു സാമുദായിക വംശശുദ്ധിയില്‍ വിശ്വസിക്കുകയും അത് പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. പലസ്തീനികളുടെ ദേശീയതയും അസ്തിത്വവും സമ്മതിച്ചു കൊടുക്കുവാന്‍ വേണ്ടിയുള്ള പതിറ്റാണ്ടുകള്‍ നീണ്ട പഴയ ഒരു രാഷ്ട്രീയ പ്രശ്നമാണ് പലസ്തീന്‍ - ഇസ്രയേല്‍ സംഘര്‍ഷം.

അത് കൂടാതെ 1948 - ല്‍ അമേരിക്കയും ബ്രിട്ടനും ഗൂഢാലോചനയിലൂടെ ഇസ്രയേല്‍ എന്ന രാഷ്ട്രം സ്ഥാപിക്കുമ്പോള്‍ മാത്രമാണ് എടുത്തു പറയത്തക്ക സംഘര്‍ഷങ്ങള്‍ ജൂതരും മുസ്ലിംകളും തമ്മില്‍ ഉണ്ടാകുന്നത്. അതുവരെയും ജൂതരെ ഏറ്റവും അധികം അംഗീകരിച്ച, ഉള്‍ക്കൊണ്ട സമൂഹമാണ് മുസ്ലിം സമൂഹം. എന്നാല്‍ ആധുനിക യൂറോപ്പ് ജൂതരെ നൂറ്റാണ്ടുകള്‍ വേട്ടയാടി കൊന്നു തള്ളി, ഒടുവില്‍ 1940 കളില്‍ അവിടന്ന് പുറന്തള്ളി പലസ്തീനില്‍ കുടിയിരുത്തുകയാണ് ചെയ്തത്. 1948 -ല്‍ ഇസ്രയേല്‍ സ്ഥാപിച്ച ശേഷം ആഹ്വനം കാലത്താണ് ജൂതരോടുള്ള ക്രൈസ്തവരുടെ ശത്രുത കുറഞ്ഞു വന്നത്. അതുവരെയും കടുത്ത ശത്രുത ജൂതരോട് പാലിച്ചിരുന്നു. യൂറോപ്പിലെ കാത്തലിക് ക്രിസ്റ്റ്യാനിറ്റിയുടെ അതിജീവന ഭീഷണിയാണ് ജൂതര്‍ എന്ന അതിക്രൂരമായ സെമിറ്റിക് വിരുദ്ധത സഭ സൃഷ്ടിച്ചെടുത്തതാണ് ആണ് എന്ന് The Popes Against Jews (2001) എന്ന ഗ്രന്ഥത്തില്‍ ചരിത്രകാരന്‍ ഡേവിഡ് ഐ കെര്‍ട്‌സര്‍ സഭയില്‍ നിന്നുള്ള ഞെട്ടിക്കുന്ന തെളിവുകള്‍ കൊണ്ട് വിവരിക്കുന്നുണ്ട്. സഭ ആധുനികതയ്ക്കെതിരേ നടത്തിയ ദീര്‍ഘമായ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണിത് എന്നും കെര്‍ട്‌സര്‍ പറയുന്നു.

മലയാളം കവി എസ് ജോസഫ് ഈ സംഘര്‍ഷ സമയത്ത് എഴുതിയ ചെറു കവിത നൂറ് ശതമാനം സത്യസന്ധമാണ്. കവിത ഇതാണ്.

'യൂറോപ്യന്‍സിന്റെ

പശ്ചാത്താപമാണ് ഇസ്രയേല്‍ .

അതിന്റെ

ബലിമൃഗമാണ് പാലസ്തീന്‍'(2023)

അതൊരിക്കലും ജൂത-മുസ്ലിം മത പ്രശ്‌നമല്ല. അതൊന്ന് മനസ്സിലാക്കുവാന്‍ ശ്രമിക്കുക പോലും ചെയ്യാതെ തീവ്ര വെറുപ്പിന്റെ മനോനിലയിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണ് മലയാളികള്‍. സ്വതന്ത്ര - യുക്തി വാദ പ്രസ്ഥാനക്കാര്‍ ഈ വെറുപ്പിന്റെ കാമ്പയിനില്‍ മുന്നിലാണ് എന്നുള്ളത് ബൗദ്ധിക സത്യസന്ധതയുള്ള മലയാളികളെയൊക്കെ ആശ്ചര്യപ്പെടുത്തുന്നു.

സുരക്ഷിത ഇടമെന്ന് പൊതുവെ വിശ്വസിച്ച് പോരുന്ന കേരളത്തില്‍ അത്തരം കൊലവെറി ധാരാളമായി കേട്ടു തുടങ്ങിയിരിക്കുന്നു

ഇന്ത്യയില്‍ പൊതുവെ വിഭജനനന്തരം മുസ്ലിംകള്‍ക്കെതിരെ ഇതേ ശത്രുത മനോഭാവവും, കൂട്ടക്കൊലകളും നടപ്പിലാക്കപ്പെട്ടിരുന്നു. ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് അതില്‍ വന്‍ പങ്കാളിത്തം ഉണ്ടായിരുന്നു. എന്നാല്‍ സുരക്ഷിത ഇടമെന്ന് പൊതുവെ വിശ്വസിച്ച് പോരുന്ന കേരളത്തില്‍ അത്തരം കൊലവെറി ധാരാളമായി കേട്ടു തുടങ്ങിയിരിക്കുന്നു. ഇതില്‍ ഏറ്റവും ഞെട്ടിപ്പിക്കുന്ന സംഗതി എന്തെന്നാല്‍ മതാതീത മാനവികത പ്രഖ്യാപിക്കുവാന്‍ മുന്നിട്ടിറങ്ങിയ യുക്തിവാദികള്‍/ നാസ്തികര്‍ എന്ന വിഭാഗത്തില്‍ നിന്നും ഈ വിദ്വേഷം കൂടുതലായി കാണാം എന്നുള്ളതാണ്.

വേട്ടക്കാര്‍ക്ക് ഇരയെ തയ്യാറാക്കി കൊടുക്കുന്ന വിധത്തില്‍ ആണ് ഇവരുടെ വാക്കുകളും നടപടികളും. മതാതീത രാഷ്ട്രീയം / മാനവികത പറയുന്നവര്‍ തങ്ങളുടെ ആശയ പ്രചാരണത്തിന് വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകയെന്നുള്ളത് എന്ത് രാഷ്ട്രീയമാണ് വളര്‍ത്തുന്നത് എന്ന് അവര്‍ ചിന്തിക്കേണ്ടതാണ്. ഉദാര ജനാധിപത്യം(liberal democracy) എന്തെന്നത് ഇവിടെ മതാതീത രാഷ്ട്രീയം പറയുന്നവര്‍ ആലോചിക്കേണ്ടതാണ്. പാശ്ചാത്യ ലിബറല്‍ ജനാധിപത്യത്തിന് ഒരു സുപ്രധാന ദിശാ നിര്‍ണ്ണയം തന്നെ നല്‍കിയ ജോണ്‍ റോള്‍സിന്റെ A Theory of Justice (1971 ) എന്ന ഗ്രന്ഥം ഒരുവട്ടമെങ്കിലും ഇവര്‍ വായിക്കേണ്ടതാണ്. സ്വയം അടഞ്ഞ പ്യൂപ്പകള്‍ ആയി തുടരുവാനാണോ ലിബറല്‍ മതേതര സമൂഹം മിനക്കെടേണ്ടത്? ഓസ്ട്രേലിയന്‍ ബാലസാഹിത്യകാരനായ John Marsden, തന്റെ The Dead of Night എന്ന നോവലില്‍ എഴുതിയ വാക്യങ്ങള്‍ ആണ് ഇവിടെ ഓര്‍മ്മ വരുന്നത് - 'We kill all the caterpillars, then complain there are no butterflies.' വെറുപ്പ്, സംഘര്‍ഷത്തിന്റെ ആദ്യ പടി ഇതെല്ലാം ആസൂത്രിത, പ്രകോപന നടപടികളാണ്.

ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള എല്ലാ വര്‍ഗീയ സംഘര്‍ഷങ്ങളുടെയും തുടക്കം, അന്യ മത-സമുദായത്തെ കുറിച്ചുള്ള തികഞ്ഞ അജ്ഞതയും, അവിശ്വാസവും, തെറ്റിദ്ധാരണകളും മൂലമാണ്.

രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയാണെങ്കില്‍ അതാണ് ഉത്തമമെന്നും, പുതിയ രാഷ്ട്രീയ മുന്നേറ്റം അതിലൂടെ സാധ്യമാകും എന്ന് വിചാരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ ആരൊക്കെയുണ്ടോ അവരൊക്കെ തന്നെ ഇതിന്റെ പിന്നിലുണ്ടെന്നത് നൂറ് ശതമാനം സത്യമായ വസ്തുതയാണ്. ഈ വസ്തുത സമാധാന കാംക്ഷികളായ, ജനാധിപത്യ-മതേതര വിശ്വാസികളായ സകലരും തിരിച്ചറിയുടേണ്ടതും അതിനുള്ള പരിശ്രമം അടിയന്തിരമായ തുടങ്ങേണ്ടതുമാണ്. അതിന് വ്യക്തമായ ഉത്തരവാദിത്തവും നേതൃത്വവും വഹിക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണ്.

കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടക്കുവാന്‍ ഉള്ള സാധ്യതകള്‍ ഉരുത്തിരിയുന്നുണ്ട് എന്ന റിപോര്‍ട്ടുകള്‍ അവഗണിക്കുവാന്‍ പാടുള്ളതല്ല. ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള എല്ലാ വര്‍ഗീയ സംഘര്‍ഷങ്ങളുടെയും തുടക്കം, അന്യ മത-സമുദായത്തെ കുറിച്ചുള്ള തികഞ്ഞ അജ്ഞതയും, അവിശ്വാസവും, തെറ്റിദ്ധാരണകളും മൂലമാണ്. അവര്‍ നമ്മെ ആക്രമിക്കും, അവര്‍ നമ്മുടെ സ്വത്തുക്കള്‍ അപഹരിക്കുന്നു, അവര്‍ നീചരാണ്, ഇങ്ങനെ പോകുന്നു വര്‍ഗീയ ലഹളയുടെ അടിസ്ഥാന വ്യവഹാരങ്ങള്‍. ഇവിടെ വസ്തുത വേറൊന്നായിരിക്കുമെന്നുള്ളത് ഉറപ്പാണ്. പക്ഷെ, ആരും ആ നേരത്ത് വസ്തുത പരിശോധന ആഗ്രഹിക്കില്ല, മറിച്ച് വൈകാരിക നേട്ടങ്ങള്‍ക്കായിരിക്കും മുന്‍തൂക്കം നല്‍കുക. വൈകാരികമായ ആവേശം തീര്‍ക്കുക എന്നതിലാണ് വര്‍ഗീയ സംഘര്‍ഷമുണ്ടാകുന്നതും, അതിന്റെ വക്താക്കളായ രാഷ്ട്രീയക്കാര്‍ അവരുടെ രാഷ്ട്രീയ മൂലധനം കണ്ടെത്തുന്നതും. കേരളത്തില്‍ ഏതാണ്ട് എല്ലായിടത്തും, സൈബര്‍ ഇടങ്ങളില്‍ പ്രത്യേകിച്ചും മുസ്ലിം എന്ന അപരനെ പ്രതിസ്ഥാനത്ത്, നിര്‍ത്തി വന്‍ തോതിലുള്ള വെറുപ്പിന്റെ വ്യവഹാരങ്ങള്‍ രൂപപ്പെടുന്നു. ഇതിനെ പ്രതിരോധിക്കുന്ന സെക്കുലര്‍ ഇടങ്ങള്‍ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പുറമേയ്ക്ക് ചിരിക്കുമെങ്കിലും അകമേയ്ക്ക് വെറുപ്പാണ്. കേരളത്തിലെ ഏത് സാമൂഹ്യ ഇടത്തിലും ഇപ്പോള്‍ ഇത് ലളിതമായി തിരിച്ചറിയാം.

കേരളത്തിന്റെ ഉത്പന്നം വെറുപ്പ് മാത്രമാകുമോ?

കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി (2001 - സെപ്റ്റംബര്‍ മുതല്‍) സാമൂഹ്യ പരിണാമങ്ങള്‍ക്ക് ഒട്ടേറെ വിധേയമായിരിക്കുന്നു കേരളം. സാമൂഹ്യ സുരക്ഷയ്ക്ക് ഇപ്പോഴും വലിയ വിള്ളലുകള്‍ വീണിട്ടില്ല എങ്കിലും ചില ആസന്നമായ പ്രതിസന്ധികള്‍ കാണാതിരിക്കുവാനാകില്ല. മലയാളികള്‍ വലിയൊരളവില്‍ മതേതര സമൂഹമായി നിലനിന്നു വന്നതിനാല്‍ ആണ് കേരളത്തില്‍ സാമൂഹ്യ സുരക്ഷാ നിലനിന്നത്. ഇന്നത്തെ അവസ്ഥയില്‍ കേരളത്തില്‍ ഒരു മുസ്ലിം വിരുദ്ധ കലാപം ഉണ്ടായാല്‍ കേരള പൊതു ബോധം അത് ഒരു സ്വാഭാവിക പരിണതി എന്ന് പരിഗണിക്കുകയും അവര്‍ ആ ശിക്ഷയ്ക്ക് അര്‍ഹരായിരുന്നു എന്ന ഒരു തീര്‍പ്പിലെത്തുകയും ചെയ്യുമെന്നുള്ളത് നിസ്സംശയമാണ്. മതേതര ബോധ്യങ്ങളും സഹിഷ്ണുതയും തിരിച്ചറിവുകളും അതിവേഗം നഷ്ടപ്പെടുത്തുവാന്‍ തുടങ്ങിയിരിക്കുന്നു. അതാണ് ഒന്നാമത്തെ പ്രശ്നം. മുസ്ലിംകള്‍ വെറുക്കേണ്ടവരെന്ന വ്യവഹാരം കഴിഞ്ഞ ഒരു പത്ത് വര്‍ഷത്തിനിടയില്‍ പൊതുസമ്മതിലഭിച്ചു കൊണ്ടിരിക്കുന്നു. അത് അപ്രതീക്ഷിത പരിണിതിയല്ല. ദേശീയത വ്യവഹാരങ്ങള്‍ ശാക്തീകരിക്കപ്പെട്ടിരിക്കുന്നത് അത്തരം അപര വിദ്വേഷത്തിലാണ്.

കേരളത്തിലെ അഞ്ചാം മന്ത്രി വിവാദവും തുടര്‍ന്ന് ക്രമേണയായി സോഷ്യല്‍ മീഡിയ വഴി വര്‍ഗീയ-വെറുപ്പ് വ്യവഹാരങ്ങള്‍ അവിരാമമായി തുടരുന്നു. കാരണമായി അതില്‍ നിരവധി അന്താരാഷ്ട്ര രാഷ്ട്രീയ പ്രശ്‌നങ്ങളും ഉപയോഗപ്പെടുത്തുന്നു. അതില്‍ പ്രധാനപ്പെട്ട ചിലതാണ്, ഐഎസ്ഐഎസ് (2014), പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍, താലിബാന്‍ (2021) എന്നിവ. സമുദായങ്ങള്‍ തമ്മില്‍വെറുപ്പും അവിശ്വാസവും അവിശ്വസനീയമായ തോതില്‍ വര്‍ധിച്ച് വന്നിട്ടുണ്ട്. മുഖ്യമായും മുസ്ലിം സമുദായമാണ് പ്രതിസ്ഥാനത്ത് നിര്‍മ്മിക്കപ്പെട്ടത്. സാമൂഹ്യ സുരക്ഷയ്ക്ക് ഒന്നാമതായി വേണ്ടതാണ് വിവിധ മത സമൂഹങ്ങള്‍ തമ്മിലുള്ള പരസ്പര വിശ്വാസം. ആ വിശ്വാസം ഒരു ആത്മ ബന്ധത്തിന്റെയും ആത്മാര്‍ത്ഥതയുടെയും കൂടിയാണ്. വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യം ഏത് സമുദായത്തിന്റെ ഭാഗത്തു നിന്നായാലും അതീവ ഗുരുതരമാണ്. അഥവാ പിന്നെയുള്ളത് പരസ്പര സംശയമാണ്. ആ അവസ്ഥയെന്നത് പലവിധ കെട്ടുകഥകളിലും മനുഷ്യര്‍ വിശ്വസിക്കുവാന്‍ തുടങ്ങും. വസ്തുതയെന്തെന്ന് അറിയുവാന്‍ ആരും ശ്രമിക്കാതെ, അപര വെറുപ്പിലും വൈകാരിക പ്രതികാരണങ്ങളിലും ആശ്രയമര്‍പ്പിക്കും. വലിയ ദുരന്തത്തിന് മുന്നോടിയാണ് അത്. കേരളത്തില്‍ ഇത്രയും സെക്കുലര്‍ സമൂഹം ഉണ്ടാകുന്നതിനുള്ള കാരണമായി കാനഡയിലെ ഡെല്‍ഹൌസി യൂണിവേഴ്സിറ്റിയിലെ മലയാളി പ്രൊഫസര്‍ നിസിം മന്നത്തുകാരന്‍ Communism, Subaltern Studies and Postcolonial Theory: The Left in South India (2021) എന്ന ഗ്രന്ഥത്തില്‍ പറയുന്നത് കേരളത്തില്‍ മതത്തിനതീതമായി ആളുകള്‍ സമുദായ പാര്‍ട്ടികളെ വിമര്‍ശന ബുദ്ധിയോടെ കാണുന്നതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ സാന്നിധ്യവുമാണ്. മതേതരത്വം എന്നത് ഒരു വിഭാഗത്തിന്റെ മാത്രം ബാധ്യതയായ ഒരു രാഷ്ട്രീയ ആദര്‍ശമല്ല. ഭൂരിപക്ഷ-ന്യൂനപക്ഷ ഭേദമില്ലാതെ മതേതരത്വത്തോട് ബാധ്യത പ്പെട്ടിരിക്കണം.

സ്വതന്ത്ര ഇന്ത്യയില്‍ വര്‍ഗീയ വല്‍ക്കരണ പ്രക്രിയയും, യുദ്ധാത്മക ദേശീയതയും പലയിടത്തും നടപ്പിലായത് സര്‍ക്കാറിന്റെയോ ഭരണ കക്ഷിയുടെയോ താല്‍പര്യത്തില്‍ ആയിരുന്നു എന്ന് ഇന്ത്യയിലെ വിഖ്യാത സാമൂഹ്യ ശാസ്ത്രജ്ഞന്‍ രജനി കോത്താരി State against Democracy: In Search of Human Governance (1989) എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടക്കുമ്പോള്‍ ദേശീയ ഉദ്ഗ്രഥനവും ഐക്യവും നടക്കുന്നു എന്ന സങ്കല്‍പ്പം ഇവിടെയുണ്ടായിട്ടുണ്ട് എന്നത് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു മതത്തിനെതിരേയോ, ഒരു സമുദായത്തിനെതിരെയോ നടക്കുന്ന ഇത് ദേശീയ ഉദ്ഗ്രഥനത്തിന്റെ (national integration ) പേരിലാണ് നടത്തപ്പെടുന്നത്. ഇതൊരു പുതിയ തരം പൊളിറ്റിക്സ് ആണ്. ഭയപ്പെടുത്തുന്ന, ഭീഷണി പെടുത്തുന്ന, വിയോജിക്കുന്നവരെ നിയമ വിരുദ്ധരാക്കുന്ന , മധ്യവര്‍ഗ്ഗ സമൂഹത്തെ ആത്മ നിര്‍വീര്യമാക്കുന്ന ഒന്നാണിത് എന്നും കോത്താരി പറയുന്നു. ഇവിടെ മൂന്ന് ദശകങ്ങള്‍ക്ക് ശേഷമുള്ള അദ്ധേഹത്തിന്റെ നിരീക്ഷണത്തില്‍ മധ്യ വര്‍ഗ്ഗത്തെ കുറിച്ചുള്ളതില്‍ മാത്രമായിരിക്കും മാറ്റം വന്നിട്ടുള്ളത്. കാരണം, ഇന്നത്തെ മധ്യ വര്‍ഗ്ഗം കേരളത്തില്‍ ആ അപര വിദ്വേഷ രാഷ്ട്രീയത്തില്‍ അതിശയകരമായ വിധത്തില്‍ രാജിയായിരിക്കുന്നു.

ഭൂരിപക്ഷ വര്‍ഗീയത സമം ന്യൂനപക്ഷ വര്‍ഗീയത എന്ന സമവാക്യം കേരളത്തിന്റെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ രൂപം കൊണ്ടുവന്നിട്ടുള്ള ഒരു വ്യവഹാരമാണ്. കാരണം, ഒന്നാമത്തേത് രണ്ടാമത്തേതിനെ അനേകമിരട്ടി ഭക്ഷിക്കുവാന്‍ ശേഷിയുള്ള ഒന്നാണ്. അത് കൊണ്ട് തന്നെ ഭൂരിപക്ഷ വര്‍ഗീയത ഇല്ലാതാകേണ്ടതുണ്ട് (അതായത് രാഷ്ട്രത്തിന്റെ മതേതരവല്‍ക്കരണം). ന്യൂനപക്ഷ വര്‍ഗീയതയും ഇവിടെ ഒരു സാമൂഹ്യ സുരക്ഷാ ഭീഷണി തന്നെയാണ്. വര്‍ഗീയത എല്ലാ സമുദായത്തിലുമുണ്ട്. ഇല്ലെന്ന് വാദിക്കുന്നത് ഒരു രാഷ്ട്രീയ വഞ്ചനയാണ്. എന്തായാലും ന്യൂനപക്ഷ വര്‍ഗീയത ഇല്ലാതായാല്‍, അഥവാ ന്യൂനപക്ഷങ്ങള്‍ എല്ലാ വിഭാഗങ്ങളും മതേതര ആധുനിക സമൂഹങ്ങള്‍ ആയി പരിവര്‍ത്തനം നടത്തിയാലും ഇവിടെ രാഷ്ട്രത്തിന്റെ നിലനില്‍പിന് തന്നെ ഭീഷണിയാകുന്ന, ഭൂരിപക്ഷ വര്‍ഗീയത ഇല്ലാതാകുന്നില്ല. ഇന്ത്യന്‍ സോഷ്യോളജിസ്റ്റ് ടി എന്‍ മദന്‍ ഇതേ വാദം, Modern Myths, Locked Minds: Secularism & Fundamentalism in India(2009 ) എന്ന ഗ്രന്ഥത്തില്‍ ഉന്നയിക്കുന്നുണ്ട്. അതിന് രാഷ്ട്രം തന്നെ, ശക്തമായ നിയമ വാഴ്ചാ നടപടികളിലൂടെ മുന്നോട്ട് സഞ്ചരിക്കണം. ന്യൂനപക്ഷ വര്‍ഗീയത കൊണ്ടല്ല ഭൂരിപക്ഷ വര്‍ഗീയത ഉണ്ടായത്. ന്യൂനപക്ഷ വര്‍ഗീയതയ്ക്ക് ഭൂരിപക്ഷ വര്‍ഗീയതയെ പെട്ടന്ന് സ്‌ഫോടനാത്മകമായ രൂപത്തില്‍ എത്തിക്കുവാന്‍ കഴിയുമെന്നുള്ളതും ഒരു വസ്തുതയാണ്. പക്ഷെ ഭൂരിപക്ഷ വര്‍ഗീയത ഇല്ലാതാകുമ്പോള്‍ (അതായത് രാഷ്ടത്തിന്റെ മതേതരവല്‍ക്കരണം), ന്യൂനപക്ഷ വര്‍ഗീയത സ്വാഭാവികമായും ഇല്ലാതാകും.

സ്വതന്ത്ര ചിന്തവാദികള്‍ നീതിയിലും സമത്വത്തിലും എങ്ങനെയാണ് രാഷ്ട്രീയം സജ്ജമാകുന്നത് എന്ന് അത്മവിമര്‍ശനം നടത്തേണ്ട കാലം

1958 -ലെ ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി സമ്മേളനത്തില്‍ നെഹ്റു പറഞ്ഞു. ''ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷ വര്‍ഗീയതയെക്കാള്‍ അപകടകരം. കാരണം ഭൂരിപക്ഷ വര്‍ഗീയത ദേശീയതയോടൊപ്പം പ്രവര്‍ത്തന സജ്ജമാകുന്നു. അങ്ങനെ വര്‍ഗീയത നമ്മില്‍ രൂഢമൂലമാണ്. കേവലമായ ഒരു പ്രകോപനത്തിലൂടെ അത് പെട്ടന്ന് പുറത്ത് വരും. വളരെ ആദരിക്കപ്പെടുന്ന വ്യക്തികള്‍ പോലും അതില്‍ ഉത്തേജിതരായി ബാര്‍ബേറിയന്‍ മാരെ പോലെ പെരുമാറും. വര്‍ഗീയതയെ കുറിച്ചും മതേതരത്വത്തെ കുറിച്ചും ധാരാളം സംവാദങ്ങള്‍ നടത്തപ്പെട്ടിരിക്കുന്നു. പക്ഷെ മതേതരത്വം സിവില്‍ സൊസൈറ്റിയില്‍ (പൊതു സമൂഹത്തില്‍) എങ്ങനെ നടത്തപ്പെടുന്നു എന്നതിനെ സംബന്ധിച്ച് ഊന്നല്‍ നല്കപ്പെടുന്നില്ല എന്ന് അചിന്‍ വിനായക് എന്ന പ്രഗത്ഭ ഇന്ത്യന്‍ സാമൂഹ്യ ശാസ്ത്രജ്ഞന്‍ The Rise of Hindu Authoritarianism: Secular Claims, Communal Realities (2017) എന്ന ഗ്രന്ഥത്തില്‍ പറയുന്നു. ജര്‍മന്‍ - ജ്യൂയിഷ് പൊളിറ്റിക്കല്‍ ഫിലോസഫര്‍ ആയിരുന്നു ഹന്നാ ആരെന്റ് (Hannah Arendt 1906 -1975). ഹിറ്റ്‌ലറിന്റെ കൂട്ടക്കൊലയെ അതി ജീവിച്ച, രക്ഷപെട്ട ഏറ്റവും പ്രശസ്തരില്‍ ഒരാള്‍. ഒരു സ്ത്രീ ആയിരുന്നതിനാല്‍ ഫിലോസഫര്‍ ആയിട്ടോ ആ ഗണത്തിലോ ഉള്‍പ്പെടുത്താത്തതിന് ഹന്നയ്ക്ക് തികഞ്ഞ അസന്തുഷ്ടി ഉണ്ടായിരുന്നു. മാത്രമല്ല, ഫിലോസഫി ഒരു ആണത്തത്തിന്റെത് (അക്കാലത്തേത്) എന്ന് പോലും പ്രമുഖ ജര്‍മന്‍ ജേര്‍ണലിസ്റ്റ് ആയ ഗുന്തര്‍ ഗൗസുമായുള്ള ദീര്‍ഘമായ അഭിമുഖത്തില്‍ അവര്‍ പറയുകയുണ്ടായി. ഇവിടെ ഇന്ത്യന്‍/ കേരള മുസ്ലിം പ്രശ്നം ചര്‍ച്ച ചെയ്യുമ്പോള്‍ അവര്‍ ഒരു ജ്യൂയിഷ് ആയിരുന്നതിന്റെ സ്വത്വ പ്രശ്നത്തെ സമീപിച്ചത് എങ്ങിനെയെന്ന് വിശദമാക്കുന്നത് ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്.

'ഇപ്പോള്‍ ഒരു വ്യക്തി ജൂതന്‍ എന്നുള്ള നിലയില്‍ അക്രമിക്കപ്പെട്ടാല്‍ പ്രതിരോധിക്കേണ്ടത് ജൂതന്‍ എന്ന നിലയില്‍ തന്നെയാണ്. അല്ലാതെ, ജര്‍മ്മന്‍ കാരനെന്ന നിലയിലോ, ആഗോള പൗരന്‍ എന്ന നിലയിലോ, മനുഷ്യാവകാശ സംരക്ഷകന്‍ എന്നനിലയിലോ, വേറെന്തെങ്കിലും രൂപത്തിലോ അല്ല....' ESSAYS UNDERSTANDING (1930-1954) Formation, Exile, and Totalitarianism(1994). ഇത് വലിയൊരു രാഷ്ട്രീയ പ്രഖ്യാപനമാണ്. പക്ഷെ കേവല മതാധിഷ്ഠിത സ്വത്വ രാഷ്ട്രീയ പ്രസ്ഥാനമല്ല ഇതിന് പരിഹാരമായി ആരെന്റ് നിര്‍ദേശിക്കുന്നത്. ജനാധിപത്യത്തിന്റെ വക്താക്കളാകുക നീതിയിലധിഷ്ഠിതമായ മതേതര രാഷ്ട്രീയത്തില്‍ മാത്രമാണ് ഇന്ത്യയ്ക്ക് പ്രതീക്ഷയുള്ളു. ഏതൊരു രൂപത്തിലുള്ള മതാധിഷ്ഠിത രാഷ്ട്രീയവും ഒരു സംസ്‌കാരത്തിന്റെ തന്നെ ഉന്മൂലനത്തില്‍ ആയിരിക്കും പര്യാവസാനിക്കുക. കേവല വാചാടോപങ്ങള്‍ ഉപരിപ്ലവമായ, പുകമറകള്‍ മാത്രമാണ്. ജനാധിപത്യവല്‍ക്കരണം എന്നത് ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു യാഥാര്‍ഥ്യമാണ്.

ഇന്ത്യയുടെ പ്രത്യേക രാഷ്ട്രീയ സന്ദര്‍ഭത്തില്‍ മതേതര രാഷ്ട്രീയത്തിന്റെ പങ്കെന്താണ് എന്ന വിഷയത്തില്‍ ഒരു പൊതു അന്വേഷണം നടത്തേണ്ടതുണ്ട്. അതോടൊപ്പം മതം-ആധുനികത ചര്‍ച്ചകള്‍, സാമൂഹ്യ പരിണാമങ്ങള്‍, സാമൂഹ്യ സഹവര്‍ത്തിത്വം, ബഹുസ്വരത എന്നിവയെയും വിവിധ മത സമുദായങ്ങള്‍ പരസ്പരം സഹിഷ്ണുതയില്‍ കഴിയേണ്ട ആവശ്യകതയെയും നിര്‍ബന്ധമായും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിപ്പിക്കപ്പെടണം. കേരളത്തിലെ സകല മത പഠന സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഒരു പഠനം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് അതില്‍ ചര്‍ച്ചകള്‍ക്ക് ഇടമുണ്ടാക്കുക. മത പഠന സ്ഥാപനങ്ങളില്‍ മറ്റു മതങ്ങളെ കുറിച്ചുള്ള താരതമ്യ പഠനങ്ങള്‍ ഏര്‍പ്പെടുത്തുക. ആധുനിക ലോക രാഷ്ട്രീയമുണ്ടായതിന്റെ ചരിത്രം, യുദ്ധങ്ങളും രാഷ്ട്രീയ പരിണാമങ്ങളും, നവോത്ഥാനം, ജ്ഞാനോദയം ഇവയെ സംബന്ധിച്ച പാഠഭാഗങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തുക എന്നത് സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. കൂടാതെ സ്വതന്ത്ര ചിന്തവാദികള്‍ നീതിയിലും സമത്വത്തിലും എങ്ങനെയാണ് രാഷ്ട്രീയം സജ്ജമാകുന്നത് എന്ന് അത്മവിമര്‍ശനം നടത്തേണ്ട കാലം കൂടിയാണിത്. അല്ലാത്ത പക്ഷം നരഹത്യകള്‍ക്ക് സഹകാരികള്‍ എന്ന വിളിപ്പേരുകള്‍ക്ക് ചരിത്രം അവര്‍ക്കെതിരേ സാക്ഷ്യം പറയുമെന്ന് ഉറപ്പാണ്. ചരിത്രം അത് പഠിപ്പിക്കുന്നുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ