എകെ ആന്റണി, വയലാര്‍ രവി 
OPINION

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലെ ചിരിക്കഥകള്‍

വീഴ്ത്തപ്പെട്ട ആന്റണിയും, വാഴ്ത്തപ്പെട്ട വയലാര്‍രവിയും

ജോർജ്ജ് പുളിക്കൻ

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസി(ഐ)ല്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരു തിരഞ്ഞെടുപ്പിനു കൂടി കുഴല്‍വിളി ഉയരുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായതുകൊണ്ടാകും ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പ് കോണ്‍ഗ്രസില്‍ അത്യപൂര്‍വമാണ്. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് തന്റെ ജീവിതകാലത്ത് ഒരു തിരഞ്ഞെടുപ്പിലെങ്കിലും പങ്കെടുക്കാനോ, കുറഞ്ഞപക്ഷം കാണാനോ ഭാഗ്യമുണ്ടാകുന്നതു തന്നെ വലിയ പുണ്യമാണ്.  25 കോടിയുടെ ലോട്ടറിയടിക്കുന്നതിലും വലിയ മഹാഭാഗ്യം.

ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് തന്റെ ജീവിതകാലത്ത് ഒരു തിരഞ്ഞെടുപ്പിലെങ്കിലും പങ്കെടുക്കാനോ, കുറഞ്ഞപക്ഷം കാണാനോ ഭാഗ്യമുണ്ടാകുന്നതു തന്നെ വലിയ പുണ്യമാണ്. 

കേരളത്തില്‍ ഏറ്റവും ഒടുവില്‍ സംഘടനാ തിരഞ്ഞെടുപ്പു നടന്നത് 1992 ജനുവരി 31-നാണ്.  എന്നു വെച്ചാല്‍ മൂന്നുപതിറ്റാണ്ടു മുമ്പ്.  തിരഞ്ഞടുപ്പിന്റെ തലേന്നുവരെ ചക്കരയും ഈച്ചയുമായി കഴിഞ്ഞിരുന്ന വയലാര്‍ രവിയും എകെ ആന്റണിയും തമ്മിലാണ് അതില്‍ കൊമ്പുകോര്‍ത്തത്. രണ്ടുപേര്‍ക്കും വേണ്ടി വമ്പന്‍മാര്‍ തന്നെ കയറുവലിച്ചു. എ ഗ്രൂപ്പുകാരുടെയെല്ലാം കണ്‍കണ്ട ദൈവമായിരുന്ന എകെ ആന്റണിയെയും ഉദ്ദിഷ്ടകാര്യമധ്യസ്ഥനായ വയലാര്‍ രവിയെയും രണ്ടു ചേരിയിലാക്കിയത് കെ കരുണാകരന്‍ എന്ന കളരിഗുരുക്കളുടെ അടവുകളായിരുന്നു.

വയലാറും വയലാര്‍ രവിയും തമ്മിലുള്ള ബന്ധംപോലും കരുണാകരന്റെ ഐ ഗ്രൂപ്പുമായി ഇല്ലാതിരുന്ന വയലാര്‍ രവിയെ കരുണാകരന്‍ വീഴ്ത്തിയത് പുതുതായി ചിട്ടപ്പെടുത്തിയ പൂജപ്പുര അടവിലൂടെയായിരുന്നു. സംഘടനാതിരഞ്ഞെടുപ്പിന്റെ പേരില്‍ ഗ്രൂപ്പുമൂപ്പന്‍മാരുടെ നേതൃത്വത്തില്‍ അണികള്‍ അടിവെച്ചടിവെച്ചു മുന്നേറിക്കൊണ്ടിരുന്ന കാലം. ഈ സമയത്ത് പൂജപ്പുര ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വയലാര്‍രവി. രവിയുടെ നിത്യസന്ദര്‍ശകനായിരുന്നു മുഖ്യമന്ത്രിയായിരുന്ന കെ കരുണകരന്‍. സുഖവിവരം അന്വേഷിച്ചെത്തിയിരുന്ന കരുണാകരന്‍ കഥയറിയാതെ ആട്ടം കണ്ടിരുന്ന പലരെയും സ്വതസിദ്ധമായ ശൈലിയില്‍ കണ്ണിറുക്കി കാണിച്ചു. വയലാര്‍രവിയുടെ കിടപ്പു കണ്ടവര്‍ക്കുപോലും സംഗതിയുടെ കിടപ്പ് മനസിലായില്ല.
എന്തിനേറെപ്പറയുന്നു ആശുപത്രിവിട്ട വയലാര്‍ജിയുടെ തുടര്‍ന്നുള്ള ഉഴിച്ചിലും പിഴിച്ചിലുമെല്ലാം ഐ ഗ്രൂപ്പിന്റെ കൂടാരത്തിലായി. ആന്റണി ഗ്രൂപ്പിനുവേണ്ടി ഉമ്മന്‍ ചാണ്ടി മണ്ടിനടന്നപ്പോള്‍ കരുണാകര ഭക്തരായ ഐ ഗ്രൂപ്പുകാരും കേരളം മുഴുവന്‍ ചാണ്ടിനടന്നു. എതിര്‍പക്ഷത്തിന്റെ സ്ഥാനാര്‍ഥി എകെ ആന്റണി തന്നെ എന്നുറപ്പിച്ചപ്പോഴും കരുണാകരന്‍ സ്വന്തം സ്ഥാനാര്‍ഥി ആരെന്ന് പ്രഖ്യാപിച്ചിരുന്നില്ല.

തിരഞ്ഞടുപ്പിന്റെ തലേന്നുവരെ ചക്കരയും ഈച്ചയുമായി കഴിഞ്ഞിരുന്ന വയലാര്‍ രവിയും എകെ ആന്റണിയും തമ്മിലാണ് അതില്‍ കൊമ്പുകോര്‍ത്തത്.

അപ്പോഴേക്കും ജി കാര്‍ത്തികേയനും കെ മുരളീധരനുമൊക്കെ വേണ്ടി വെളുത്തപുക വിടാനായി ഗ്രൂപ്പു പാചകക്കാര്‍ അടുപ്പുകൂട്ടിതുടങ്ങിയിരുന്നു.  ഈ സമയത്താണ് ആന്റണിയെയും കൂട്ടരെയും അമ്പരപ്പിച്ചുകൊണ്ട് വയലാര്‍ രവിയെ കരുണാകരന്‍ കച്ചയുടുപ്പിച്ചത്. അങ്ങനെ എകെ ആന്റണിയും വയലാര്‍ രവിയും മപ്പടിച്ചു ഗോദയിലെത്തി. വോട്ടെടുപ്പിനു തൊട്ടുമുമ്പ് റഫറിയായി കളിനിയന്ത്രിച്ചിരുന്ന കരുണാകരന്‍ ഏന്തോ രഹസ്യം പറയാനായി ആന്റണിയുടെ അടുത്തേക്ക് ചെന്നു. ആന്റണിയാകട്ടെ എന്നോട് ഇനി നാടകം വേണ്ട എന്നു പൊട്ടിത്തെറിച്ച് വെട്ടിത്തിരിഞ്ഞു. അത് കരുണാകരന് അല്പം ക്ഷീണമായിപ്പോയി. അതോടെ പൊരിഞ്ഞപോരാട്ടമായി. തിരുവനന്തപരുത്ത് മുസ്ലീം അസോസിയേഷന്‍ ഹാളില്‍വെച്ചു നടന്ന തിരഞ്ഞെടുപ്പില്‍ എ.കെ ആന്റണിയെ മലര്‍ത്തിയടിച്ചുകൊണ്ട് എ ഗ്രൂപ്പുകാരനായിരുന്ന വയലാര്‍ രവി ഐ ഗ്രൂപ്പുകാരുടെ കെ.പി.സി.സി പ്രസിഡന്റായി. ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ വയലാര്‍ രവി കരുണാകര ഗുരുക്കളുടെ കാല്‍തൊട്ടുവന്നിച്ചു.

രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍ എന്നുരുവിട്ട് കരുണാകരന്‍ പുതിയ ശിഷ്യനെ അനുഗ്രഹിച്ചു. ആന്റണി വിശ്വാസികള്‍ അതോടെ സമയമാം രഥത്തില്‍ എന്ന പാട്ടു മൂളിക്കൊണ്ട് സ്വന്തം വീടുകളിലേക്ക് യാത്രയായി. അങ്ങനെ വയലാര്‍ രവി വാഴ്ത്തപ്പെട്ടവനും ആന്റണി വീഴ്ത്തപ്പെട്ടവനുമായി.

കോണ്‍ഗ്രസിന്റെ അവസാനത്തെ സംഘടനാ തിരഞ്ഞെടുപ്പ് അതോടെ ചരിത്രത്തിന്റെ ഭാഗമായി. അതിനുശേഷം ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും കുഴിയിലേക്കെന്ന പോലെ കോണ്‍ഗ്രസുകാര്‍ തിരഞ്ഞെടുപ്പിലേക്ക് കാലെടുത്തുവെയ്ക്കുമെങ്കിലും, അപ്പോഴൊക്കെ അക്കൊല്ലം ഭരണിക്ക് പാട്ടൊന്നും വേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റില്‍ നിന്നു കമ്പിവരും. അതോടെ പാര്‍ട്ടി ജനാധിപത്യം വീണ്ടും സ്വാഹ. ഏതോ പക്ഷിക്ക് എന്തോ വരുമ്പോലെ തിരഞ്ഞെടുപ്പുവരുമെന്നു കരുതി കോണ്‍ഗ്രസുകാര്‍ കാത്തിരിക്കുന്നതു മാത്രം മിച്ചം.

മസാല ദോശ തിന്നാനുള്ളതാണ് അലമാരയില്‍ സൂക്ഷിക്കാനുള്ളതല്ല

1969- ല്‍  നടന്ന കേരളത്തിലെ സംഘടാനാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസില്‍ മറ്റൊരു പാര്‍ട്ടിക്കുതന്നെ ജന്മംകൊടുത്തുകളഞ്ഞു. അന്ന് ടി.ഒ.ബാവയെ എല്ലാവരും ചേര്‍ന്ന് കെ.പി.സി.സി.പ്രസിഡന്റാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിനെതിരെ കോണ്‍ഗ്രസിലെ യുവനേതാവായിരുന്ന എം.എ.ജോണ്‍ രംഗത്തിറങ്ങി. അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍തന്നെ അദ്ദേഹം തീരുമാനിച്ചു. മുതിര്‍ന്ന നേതാക്കളെല്ലാം കാര്യം നിസാരമെന്നു കരുതിയെങ്കിലും പ്രശ്നം ഗുരുതരമായി. നേതാക്കളുടെ അനുനയതന്ത്രങ്ങള്‍ക്കൊന്നും വഴങ്ങാതെ ജോണ്‍ മത്സരത്തില്‍ ഉറച്ചുനിന്നു. അതോടെ, ഒപ്പമുണ്ടായിരുന്ന ജനാധിപത്യവാദികളായ യുവതുര്‍ക്കികളെല്ലാംകൂടി, യേശുക്രിസ്തുവിനെ പത്രോസ് എന്നപോലെ മൂന്നല്ല മുപ്പതുപ്രാവശ്യം ജോണിനെ തള്ളിപ്പറഞ്ഞു. അതൊടുവില്‍ ജോണിന് കോണ്‍ഗ്രസില്‍ നിന്നു പുറത്തേക്കുള്ള വഴി തുറന്നു. ടിഒ ബാവ കെപിസിസി പ്രസിഡന്റായതിനു പിന്നാലെ ജോണിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ജോണ്‍ പക്ഷേ, വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. അദ്ദേഹം സ്വന്തമായി ഒരു സംഘടന തന്നെ ഉണ്ടാക്കി കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു. അത് പരിവര്‍ത്തവാദി കോണ്‍ഗ്രസ് എന്നറിയിപ്പെട്ടു.

ചൈനയില്‍ നൂറുപൂക്കള്‍ വിരിയിച്ചസഖാവ് മാവോ സെ തൂങ്ങിനെ അനുകരിച്ചു നടത്തിയ ആശയപ്രചാരണ രീതിയായിരുന്നു പരിവര്‍ത്തനവാദികളുടേതും. അതിങ്ങനെ പോയി- അച്ചടക്കം അടിമത്തമല്ല. പരിപാടിയിലുള്ള പിടിവാശിയാണ് പരിവര്‍ത്തനവാദിയുടെ പടവാള്‍.  അധികാരം പൂജിക്കാനുള്ള വിഗ്രഹമല്ല, പ്രയോഗിക്കാനുള്ള ആയുധമാണ്. പരിവര്‍ത്തനം കോണ്‍ഗ്രസിലൂടെ മാത്രം. എല്ലാ സൂക്തങ്ങളും അവസാനിച്ചിരുന്നത് എം.എ.ജോണ്‍ നമ്മേ നയിക്കും എന്ന സൂക്തത്തോടെയാമുദ്രാവാക്യത്തോടെയായിരുന്നു - ഇത്തരത്തിലുള്ള ജോണ്‍സൂക്തങ്ങള്‍ കേരളത്തിലെ ചുവരുകളിലെല്ലാം നിറഞ്ഞു.
അതിരില്ലാത്ത ആ ആദര്‍ശനിഷ്ഠ അനുഭവിച്ചറിഞ്ഞ യുവാക്കളില്‍ വലിയൊരു വിഭാഗം പരിവര്‍ത്തനവാദികളായി. അങ്കം ജയിച്ചെന്ന് അഹങ്കരിച്ചുനടന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെല്ലാം അങ്കലാപ്പായി. അവര്‍ രാത്രിയുടെ മറവില്‍ ജോണിന്റെ സൂക്തങ്ങള്‍ക്ക് താഴെ സൂത്രപ്പണികള്‍ ഒപ്പിച്ചു - മസാല ദോശ തിന്നാനുള്ളതാണ്, അത് അലമാരയില്‍ വെയ്ക്കാനുള്ളതല്ല - എന്നൊക്കെ കളിയാക്കി. ജോണിനെ ചെറുതാക്കാനായിരുന്നു അവരുടെ ശ്രമമെങ്കിലും ജോണ്‍ വലുതായിക്കൊണ്ടിരുന്നു.

പക്ഷേ, ജോണിന്റെ വിപ്ലവം നൂറുപൂക്കള്‍ വിരിയിച്ചില്ല. അദ്ദേഹത്തിന്റെ പലതരം പിടിവാശികള്‍, ഒടുവില്‍ പരിവര്‍ത്തന വാദികള്‍ക്കിടയിലും പ്രശ്നങ്ങളുണ്ടാക്കി. അങ്ങനെ സംഘടന പിരിച്ചുവിടാന്‍ ജോണ്‍ തീരുമാനിച്ചു. പരിവര്‍ത്തനവാദികളാകട്ടെ ജോണിനെ പാര്‍ട്ടിക്കു പുറത്താക്കി. യേശുകൃസ്തുവിനെ ക്രിസ്തുമതത്തില്‍ നിന്നു പുറത്താക്കും പോലെ. അന്ന് കേരളത്തിലെ ഒരു പത്രം കൊടുത്ത തലക്കെട്ട് ഇങ്ങനെ - എം.എ.ജോണ്‍ ഇനി നമ്മേ നയിക്കില്ല.

ഐ ആം നോട്ട് പട്ടീല്‍, ഐആം ഹരിഹര കംബോല്‍ജ

കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരളീയരെ മുഴുവന്‍ കുടുകുടാ ചിരിപ്പിച്ച തിരഞ്ഞെടുപ്പാണ് 1963 ഒക്ടോബര്‍ ആറിന് അരങ്ങേറിയത്. ആര്‍ ശങ്കറാണ് അന്ന് മുഖ്യമന്ത്രി. പ്രസിഡന്റായിരുന്ന സികെ ഗോവിന്ദന്‍നായര്‍ ഒഴിഞ്ഞതിനെത്തുടര്‍ന്നായിരുന്നു തിരഞ്ഞെടുപ്പു വേണ്ടിവന്നത്. ഔദ്യോഗിക വിഭാഗത്തിലെ കെപി മാധവന്‍നായരും ശങ്കര്‍ - ചാക്കോ അച്ചുതണ്ടിന്റെ സ്ഥാനാര്‍ഥി എംസി ചാക്കോയും തമ്മിലായിരുന്നു മത്സരം.

എറണാകുളം ടൗണ്‍ ഹാളായിരുന്നു തിരഞ്ഞെടുപ്പിന്റെ വേദി. ഗുജറാത്തില്‍ നിന്നുള്ള മുന്‍മന്ത്രി ഹരിഹര കംബോല്‍ജയാണ് ഹൈക്കമാണ്ടിന്റെ തിരഞ്ഞെടുപ്പു നിരീക്ഷകനായി എത്തിയത്.
ആ ദിവസം തിരഞ്ഞെടുപ്പു നടന്നാല്‍ ജയിക്കില്ലെന്ന തോന്നല്‍ ശങ്കര്‍- ചാക്കോ അച്ചുതണ്ടിനുണ്ടായിരുന്നു. അവര്‍ തിരഞ്ഞെടുപ്പ് കലക്കാന്‍ കച്ചകെട്ടിയിറങ്ങി. സി.കെ.ഗോവിന്ദന്‍നായരുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക ഗ്രൂപ്പും സജീവമായിരുന്നു. തിരഞ്ഞെടുപ്പു ദിവസം കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ അഹിംസ വെടിഞ്ഞു. അടി, പൊരിഞ്ഞയടി. ഹാളിലെ ഇരുമ്പുകസേരകള്‍ അന്തരീക്ഷത്തിലാകെ ഉഗ്രശ്ബദം മുഴക്കിക്കൊണ്ട് പാറിപറന്നു. ഗാന്ധിയന്മാരില്‍ ചിലര്‍ ഏറുകൊള്ളാതിരിക്കാന്‍ കീഞ്ഞുപാഞ്ഞപ്പോള്‍ മറ്റുചിലര്‍ പാത്തുംപതുങ്ങിയും തമ്മിലടിച്ചു. ചിലര്‍ കൂട്ടിയിടിച്ചു. സംഘര്‍ഷം മൂത്തുപെരുത്തപ്പോള്‍ സമാധാനിപ്പിക്കാനായി ഗാന്ധിവചനങ്ങളുമായി വേദിയിലിരുന്ന ഹരിഹര കംബോല്‍ജ എഴുന്നേറ്റു. ഈ സമയം കോണ്‍ഗ്രസിന്റെ  ഭാവി വാഗ്ദാനമായ ഒരു കെപിസിസി അംഗം കംബോല്‍ജയെ നോക്കി അലറി - ഇരിക്കെടാ പട്ടി അവിടെ. അദ്ദേഹം ഉടനെ പറഞ്ഞു - ഐ ആം നോട്ട് പട്ടീല്‍, ഐ ആം ഹരിഹര കംബോല്‍ജ.
അക്കഥ ഇങ്ങനെയാണ്.

ഹരിഹര കംബോല്‍ജക്കു മുമ്പ് കേരളത്തിന്റെ ചുമതല എസ്കെ പാട്ടീല്‍ എന്ന നേതാവിനായിരുന്നു. ആളുമാറിയതറിയാതെ കെപിസിസി അംഗം ബഹുമാനത്തോടെ തന്നെ പാട്ടീല്‍ എന്നു വിളിക്കുകയാണ് എന്നാണ് കംബോല്‍ജ കരുതിയത്. അതാണ് ഞാന്‍ പാട്ടീലല്ല ഹരിഹര കംബോല്‍ജയാണ് എന്ന് അദ്ദേഹത്തെക്കൊണ്ട് പറയിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ