OPINION

ദേവിയുടെ കപ്പിത്താനായ ഇസ്ലാം വിശ്വാസി, ക്ഷേത്രം രക്ഷിച്ച മുസ്ലിം യോദ്ധാവ്- ഇതാണ് യഥാർത്ഥ കേരള സ്റ്റോറി

വിഭാഗീയതയുടെയും വെറുപ്പിൻ്റെയുമല്ല, സഹവർത്തിത്വത്തിൻ്റെതാണ് കേരളീയ പാരമ്പര്യമെന്ന് ചരിത്രകാരനായ മനു എസ് പിള്ള

മനു എസ് പിള്ള

അന്നപൂര്‍ണേശ്വരി ദേവി കാശിയില്‍നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്തത് സ്വര്‍ണ ബോട്ടിലായിരുന്നുവെന്നാണ് ഐതിഹ്യം. അന്നപൂര്‍ണശ്വേരി ദേവിയോടൊപ്പം ഉപദേവതകളും ഉണ്ടായിരുന്നു. എന്നാല്‍ ഐതിഹ്യത്തില്‍ കൗതുകകരമായിട്ടുള്ളത് ദേവിയോടൊപ്പം മുസ്ലിങ്ങളും ബുദ്ധന്മാരും ഉണ്ടായിരുന്നു എന്നതാണ്, എന്തിന് ബോട്ടിന്റെ കപ്പിത്താനും ഇസ്ലാം മതവിശ്വാസിയായിരുന്നു. പിന്നീട് ദേവിയെ ചെറുകുന്നില്‍ പ്രതിഷ്ഠിച്ചു. ആ ദേവീക്ഷേത്രം ഇപ്പോഴും അവിടെയുണ്ട്. ദേവിയെ പുതിയ ആസ്ഥാനത്ത് സുരക്ഷിതമായി എത്തിച്ച ഇസ്ലാം മതവിശ്വാസിയായ കപ്പിത്താനെ ഖബറടക്കിയ സ്ഥലത്താണ് ഓളിയങ്കര മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ദേവീക്ഷേത്രത്തിന് തൊട്ടടുത്ത്.

കേരള സംസ്‌കാരത്തില്‍ താത്പര്യമുള്ളവര്‍ക്ക് ഇത്തരം കഥകള്‍ യഥേഷ്ടം ലഭ്യമാണ്. ഇവിടെ സാധാരണ മനുഷ്യര്‍ മാത്രമല്ല, ദേവീ -ദേവതകളും മറ്റ് വിശ്വാസങ്ങളുമായി സഹവര്‍ത്തിച്ചിരുന്നു. സവര്‍ണ ദൈവങ്ങളുമായി ബന്ധമുള്ള ഗോത്ര ദൈവങ്ങള്‍ മാത്രമല്ല, ഹിന്ദു ദൈവങ്ങളുമായി ബന്ധമുള്ള ക്രൈസ്തവ വിശുദ്ധന്മാരെയും കാണാന്‍ കഴിയും. കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലം എല്ലാ സമുദായങ്ങള്‍ക്കും ഇടം നല്‍കി. 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന മാമാങ്ക മഹോത്സവത്തില്‍ മുസ്ലിങ്ങള്‍ ഭാഗഭാക്കായിരുന്നു.  തെക്കന്‍ കേരളത്തിലാണെങ്കില്‍, നസ്രാണി ക്രിസ്ത്യാനികളാല്‍ 'വിശുദ്ധ'മാക്കപ്പെട്ട എണ്ണ മാത്രമേ പല ഹിന്ദു അടുക്കളകളിലും അക്കാലത്ത് പ്രവേശിപ്പിക്കപ്പെട്ടിരുന്നുള്ളൂ.

ഒരു വ്യാപാര പ്രദേശമെന്ന നിലയിലും അറേബ്യ, ചൈന എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള ദേശമെന്ന നിലയിലും പലതരം വിശ്വാസങ്ങള്‍ക്കും കേരളത്തില്‍ ഇടമുണ്ടായി എന്നത് അത്ഭുതമുള്ള കാര്യമല്ല. ബ്രാഹ്‌മണരും, അറബ് വംശജരും കേരളത്തിലെത്തിയത് കുടിയേറ്റക്കാരായാണ്. ബ്രാഹ്‌മണര്‍ക്ക് പരശുരാമന്‍ ഈ ഭൂമി ദാനമായി നല്‍കിയതാണെന്നുള്ള ഐതിഹ്യമുണ്ട്. അറബികള്‍ ഒരു രാജകുടുംബാംഗത്തെ ഇസ്ലാമിലേക്ക് മാറ്റി അദ്ദേഹം മെക്കയിലേക്ക് പോയെന്നുമാണ് കഥ. സെയ്ന്റ് തോമസ് കേരളത്തിലെത്തിയപ്പോള്‍ ഇവിടെ വാസമുറപ്പിച്ച ജൂതന്മാരെ കണ്ടുവെന്നും കൊടുങ്ങല്ലൂരിലെ ദേവിയുമായി ചര്‍ച്ച നടത്തിയെന്നുമാണ് ക്രൈസ്തവ ഐതിഹ്യം.

ഈ കഥയില്‍ രണ്ടുപേരും മുസ്ലിങ്ങളാണ്. വ്യത്യാസം ഒരാള്‍ മലയാളിയും മറ്റേയാള്‍ കൈയേറ്റക്കാരനാണെന്നതുമാണ്. ദേശത്തോടുള്ള വിധേയത്വമാണ്, വിശ്വാസമല്ല പ്രധാനമെന്നതാണ് ഈ കഥ വ്യക്തമാക്കുന്നത്. ഇതെല്ലാം കേരളത്തെ കാല്‍പനികവത്കരിക്കാന്‍ പറയുന്നതല്ല

ഐതിഹ്യം തീര്‍ച്ചയായും വസ്തുതകളല്ല. എന്നാല്‍ ജനങ്ങള്‍ എന്താണ് ചിന്തിച്ചിരുന്നതെന്നും അവര്‍ ലോകത്തെ എങ്ങനെയാണ് കണ്ടതെന്നതിനെക്കുറിച്ചുമുള്ള സൂചനകള്‍ അത് നല്‍കുന്നുണ്ട്.  ചെറുവത്തൂര്‍ വീരഭദ്രാ ക്ഷേത്രത്തില്‍ പോയാല്‍ അവിടെ കൈ ഇല്ലാത്ത ഒരു യോദ്ധാവിനെ ചിത്രീകരിച്ച ഓട്ടുഫലകം കാണാം. ദേവിയുടെ സഹായിയായിരുന്ന മുസ്ലിം യോദ്ധാവിന്റേതാണ് ഇതെന്നാണ് കഥ. മറ്റൊരു പുനരാഖ്യാന പ്രകാരം, ടിപ്പു സുല്‍ത്താന്റെ ആക്രമണത്തില്‍നിന്ന് ക്ഷേത്രത്തെ സംരക്ഷിക്കാന്‍ സഹായിച്ചത് ഈ മുസ്ലിം യോദ്ധാവാണ്. അതാണ് അദ്ദേഹത്തിന്റെ കൈകാലുകള്‍ വെട്ടിമാറ്റപ്പെടാന്‍ കാരണമെന്നാണ് കഥ.  ഈ കഥയില്‍ രണ്ടുപേരും മുസ്ലിങ്ങളാണ്. വ്യത്യാസം ഒരാള്‍ മലയാളിയും മറ്റേയാള്‍ കൈയേറ്റക്കാരനാണെന്നതുമാണ്. ദേശത്തോടുള്ള വിധേയത്വമാണ്, വിശ്വാസമല്ല പ്രധാനമെന്നതാണ് ഈ കഥ വ്യക്തമാക്കുന്നത്. ഇതെല്ലാം കേരളത്തെ കാല്‍പ്പനികവത്കരിക്കാന്‍ പറയുന്നതല്ല. വൈവിധ്യങ്ങളെ സ്വീകരിച്ചുവെന്നതിന് അര്‍ത്ഥം, എല്ലാ ഭിന്നതകളും അവസാനിച്ചുവെന്നല്ല. ജാതി, ഹിന്ദുക്കളെ മാത്രമല്ല, ക്രിസ്ത്യാനികളെയും ബാധിച്ചു. സഹസ്രാബ്ദങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്ന നസ്രാണികള്‍ പുതുതായി മതം മാറിയെത്തിയവരെ അകറ്റി നിര്‍ത്തി.

ചെറുവത്തൂര്‍ വീരഭദ്രാ ക്ഷേത്രം
ചേര്‍ത്തുനിര്‍ത്തലുകള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നതിനേക്കാള്‍ അവയെ ഇല്ലാതാക്കുന്നത് കൂടുതല്‍ ആകര്‍ഷകമാക്കുന്ന ഈ കാലത്ത്, ഇന്ത്യന്‍ തീരത്തെ ഈ രജത മേഖല അതിനെതിരായ ഫലപ്രദമായ മരുന്നാകുമെന്നാണ് പ്രതീക്ഷ

1921ലെ മാപ്പിള ലഹളയ്ക്ക് പല കാരണങ്ങളുമുണ്ടായിരുന്നു. തീവ്ര മതബോധം അക്രമാസക്തമാകുന്നതും അവിടെ കണ്ടു. തിരുവിതാംകൂര്‍ നാട്ടുരാജ്യത്തെ രാഷ്ട്രീയം ബ്രാഹ്‌മണര്‍, നായന്മാര്‍, ക്രിസ്ത്യാനികള്‍, ഈഴവര്‍ എന്നിങ്ങനെ സമുദായങ്ങള്‍ക്ക് ചുറ്റും കറങ്ങി.   ഇങ്ങനെയൊക്കെയാണെങ്കിലും സഹിഷ്ണുതയായിരുന്നു, സംഘര്‍ഷമായിരുന്നില്ല പൊതുവിലുള്ള ചാലക ശക്തി. വിശ്വാസങ്ങള്‍ വൈവിധ്യങ്ങളായ സാമൂഹ്യാവസ്ഥയോട് പൊരുത്തപ്പെട്ടു. അതുകൊണ്ട് തന്നെ, 1920 കളില്‍ തിരുവിതാംകൂര്‍ മഹാറാണി ഹിന്ദു ദൈവങ്ങള്‍ക്ക് മുന്നിലെന്നതുപോലെ ക്രിസ്ത്യന്‍ ദേവാലയത്തിലും പ്രാര്‍ത്ഥന നടത്തുന്നത് അത്ഭുതമായിരുന്നില്ല. വര്‍ഷങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ശേഷം അവര്‍ക്ക് കുട്ടി ജനിച്ചതിന്റെ ഭാഗമായി ആറ്റിങ്ങല്‍ ക്ഷേത്രത്തിന് കൊടിമരം സമര്‍പ്പിച്ചപ്പോള്‍ ക്രൈസ്തവ ദേവാലയത്തിന് വെള്ളിക്കുരിശും സമര്‍പ്പിച്ചു. രാജ്ഞിയെ സംബന്ധിച്ച്  ഇത് രണ്ടും വിശ്വാസത്തിന്റെ ഭാഗമായിരുന്നു.

മനു എസ് പിള്ള

വടക്കന്‍ കേരളത്തിലെ നേര്‍ച്ചകളെ നിരീക്ഷിച്ചാല്‍ ബോധ്യമാകുന്ന കാര്യം വിശുദ്ധരെയും വീരപുരുഷരേയും ആദരിക്കാനുള്ള മുസ്ലിം നേര്‍ച്ചകളില്‍ പങ്കാളിയാകുന്ന ആനകളും വാദ്യമേളക്കാരും തന്നെയാണ് ക്ഷേത്രങ്ങളിലെ ചടങ്ങുകളിലും പങ്കാളികളാവുന്നത് എന്നതാണ്. ഹിന്ദുക്കള്‍ കോഴികളെ നേര്‍ച്ച നല്‍കുമ്പോള്‍ ക്രിസ്ത്യാനികള്‍ വിശുദ്ധരെ ആദരിക്കാനും അതുതന്നെ ചെയ്യുന്നു. ഹിന്ദു രാജാക്കന്മാര്‍ ദാനം ചെയ്ത ഭൂമിയിലാണ് പല ക്രിസ്ത്യന്‍ പള്ളികളും മുസ്ലിം ആരാധനാലയങ്ങളും സിനഗോഗും നിലകൊള്ളുന്നത്.  ആചാരപരമായ കാര്യങ്ങളില്‍ ചിലത് ഇപ്പോഴും നിലനിര്‍ത്തിപോരുന്നുണ്ട്. ചേന്ദമംഗലത്തെ പാലിയം കുടുംബം 17-ാം നൂറ്റാണ്ടില്‍ സ്ഥാപിതമായ വല്ലാര്‍പാടം പള്ളിയുമായി ചെയ്യേണ്ട കടമകള്‍ ഇപ്പോഴും ചെയ്യുന്നുവെന്നാണ് അറിയുന്നത്. 

ചെറിയ ഭിന്നതകളും അപഭ്രംശങ്ങളും പുതിയ വിഭാഗീയതകള്‍ സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ആയുധങ്ങളാക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. അവയൊന്നും നമ്മള്‍ ആരാണെന്നും എന്താവണമെന്നതിനെക്കുറിച്ചുമുള്ള സമാധാനപരമായ വ്യാഖ്യാനങ്ങളല്ല നല്‍കുന്നത്

കൊളോണിയല്‍ കാലത്ത് സ്വത്വബോധങ്ങള്‍ മറ്റൊരു തരത്തില്‍ ശക്തമായതോടെ എല്ലാ ഭാഗത്തുനിന്നും ഇത്തരം ബന്ധങ്ങള്‍ മറച്ചുവെയ്ക്കപ്പെട്ടുവെന്നത് വാസ്തവമാണ്. ചങ്ങനാശ്ശേരിയ്ക്കടുത്ത് നീലംപേരൂരില്‍ ക്ഷേത്രത്തിനടുത്ത് ഒരു ബുദ്ധരാജാവിന്റെ സ്മാരക മന്ദിരമുണ്ടായിരുന്നു. ആ പ്രതിമയില്‍ അതിശയകരമെന്ന് പറയട്ടെ, ഒരു കുരിശും സ്ഥാപിക്കപ്പെട്ടിരുന്നു. ഈ ക്ഷേത്രത്തില്‍ ഒരു നൂറ്റാണ്ടുമുമ്പ് വരെ രഥോല്‍സവത്തില്‍ ആദ്യം രഥം വലിച്ചിരുന്നത് ക്രിസ്ത്യാനികളായിരുന്നു. ഇതിനുപുറമെ അവര്‍ക്ക് ക്ഷേത്രത്തില്‍  ആചാരപരമായ പല ഉത്തരവാദിത്വങ്ങളും നിര്‍വഹിക്കാന്‍ ഉണ്ടായിരുന്നു.  എന്നാല്‍ ഈ ആചാരങ്ങളോട് പ്രതികൂല മനോഭാവം പുലര്‍ത്തിയ ഒരു പാതിരിയുടെ നിര്‍ദ്ദേശത്താല്‍ ഈ സമ്പ്രദായം അവസാനിപ്പിക്കുകയായിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും പാരമ്പര്യമായി നടന്ന പലതും ഓര്‍ത്തെടുക്കേണ്ടതും വീണ്ടെടുക്കേണ്ടതുമാണ്. ഇതൊക്കെ ഓരോ മലയാളിയുടെയും സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണ്. ഒരു കേരളീയന്‍ എന്താണ് എന്ന് നിര്‍വചിക്കുന്നതിന് ഇതൊക്കെ ആവശ്യമാണ്. എന്നെ സംബന്ധിച്ച് ഇതാണ് യഥാര്‍ത്ഥ കേരള സ്റ്റോറി.  ചെറിയ ഭിന്നതകളും അപഭ്രംശങ്ങളും പുതിയ വിഭാഗീയതകള്‍ സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ആയുധങ്ങളാക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. അവയൊന്നും നമ്മള്‍ ആരാണെന്നും, എന്താവണം എന്നതിനെക്കുറിച്ചുമുള്ള സമാധാനപരമായ വ്യാഖ്യാനങ്ങളല്ല നല്‍കുന്നത്. ചേര്‍ത്തുനിര്‍ത്തലുകള്‍  പ്രോല്‍സാഹിപ്പിക്കപ്പെടുന്നതിനെക്കാള്‍ അവയെ ഇല്ലാതാക്കുന്നത് കൂടുതല്‍ ആകര്‍ഷകമാക്കുന്ന ഈ കാലത്ത് ഇന്ത്യന്‍ തീരത്തെ ഈ രജത മേഖല, അതിനെതിരായ ഫലപ്രദമായ മരുന്നാകുമെന്നാണ് ഞാന്‍ കരുതുന്നത്

കടപ്പാട്: (ചരിത്രകാരനായ മനു എസ് പിള്ള ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ ലേഖനത്തിൻ്റെ പരിഭാഷ)

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ