OPINION

കെ ജി ജോര്‍ജ്: കഥാപാത്രങ്ങളുടെ ഗ്രേ ഏരിയകളില്‍ ആനന്ദം കണ്ടെത്തിയ സ്വപ്നാടകന്‍

ഇത്രമേല്‍ മനുഷ്യമനസുകളെ അപഗ്രഥിച്ച മറ്റേത് സിനിമാക്കാരനാണ് ലോകസിനിമയിലുള്ളത്?

ജീവൻ

മലയാളത്തിലെ എക്കാലത്തെയും മികച്ച ചലച്ചിത്രകാരന്‍ ആരെന്ന ചോദ്യത്തിന്, സിനിമാ വിദ്യാര്‍ത്ഥിയായ കാലംതൊട്ട്, എന്റെ ഒരേയൊരു മറുപടി കെ ജി ജോര്‍ജ് എന്നായിരിക്കും. യവനിക, ഉള്‍ക്കടല്‍, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, മേള, ആദാമിന്റെ വാരിയെല്ല്, ഇരകള്‍, പഞ്ചവടിപ്പാലം, മറ്റൊരാള്‍... പ്രമേയം കൊണ്ടും ആഖ്യാനശൈലികൊണ്ടും ഇത്രയും വേറിട്ടുനില്‍ക്കുന്ന ഫിലിമോഗ്രഫി. ഇത്രമേല്‍ മനുഷ്യമനസുകളെ അപഗ്രഥിച്ച മറ്റേത് സിനിമാക്കാരനാണ് ലോകസിനിമയിലുള്ളത്?

അതുകൊണ്ടുതന്നെയാണ് ഇന്ത്യന്‍ എക്‌സ്പ്രസില്‍ മുഴുവന്‍സമയ പത്രപ്രവര്‍ത്തകനാവാന്‍ തീരുമാനിച്ച ആദ്യ ദിവസം അദ്ദേഹവുമായുള്ള അഭിമുഖം ഞാന്‍ തരപ്പെടുത്തിയതും എഡിറ്ററോട് വാശിപിടിച്ച് അതിന് തുനിഞ്ഞിറങ്ങിയതും. കുറേക്കാലം സിനിമ ചെയ്യാതിരിക്കുന്ന കെ ജി ജോര്‍ജിനെ ഇപ്പോള്‍ ഇന്റര്‍വ്യൂ ചെയ്യുന്നതില്‍ എന്താണ് യുക്തിയെന്ന സാമാന്യബോധമുള്ള ചോദ്യമായിരുന്നു എനിക്കുനേരെ ഉയര്‍ന്നത്. കെ ജി ജോര്‍ജ് എപ്പോഴാണ് പ്രസക്തനല്ലാത്തതെന്നായിരുന്നു എന്റെ മറുപടി. ചിലപ്പോള്‍ സാമാന്യബുദ്ധിക്കപ്പുറമായിരിക്കാം ജോര്‍ജ് എനിക്കുമുന്നില്‍ തുറന്നുവച്ച സിനിമാലോകം.

സംവിധായകനായിരുന്നില്ലെങ്കില്‍ എന്താവുമായിരുന്നുവെന്ന ചോദ്യത്തോട് ഒരുപക്ഷേ മനഃശാസ്ത്രജ്ഞന്‍ ആയേനെയെന്ന മറുപടി ഒട്ടും അത്ഭുതപ്പെടുത്തുന്നതായിരുന്നില്ല

എറണാകുളത്ത് വെണ്ണലയ്ക്കടുത്തുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തിയപ്പോള്‍ ഏകാന്തത താളംകെട്ടി നില്‍ക്കുന്നുണ്ടായിരുന്നു. പ്രയാധിക്യവും രോഗവും അദ്ദേഹത്തിന്റെ ശരീരത്തെ ഏറെ തളര്‍ത്തിയിരുന്നു. പില്‍ക്കാലത്ത് മലയാള സിനിമകളിലെ മനഃശാസ്ത്രജ്ഞരായ കഥാപാത്രങ്ങളില്‍ ക്ലീഷേയായി മാറിയിരുന്ന അദ്ദേഹത്തിന്റെ ലക്ഷണമൊത്ത ബുള്‍ഗാന്‍ താടി ഒരു കാലത്തിന്റെ സ്മരണിക മാത്രമായാണ് അവശേഷിച്ചിരുന്നത്.

കെ ജി ജോര്‍ജിന്റെ സിനിമകളെ ആസ്പദമാക്കി ലിജിന്‍ ജോസ് സംവിധാനം ചെയ്ത 81/2 ഇന്റര്‍ കട്ട്‌സ് എന്ന ഡോക്യുമെന്ററിയില്‍ 'ഇദ്ദേഹത്തിനെ സിനിമയെടുക്കാനല്ലാതെ വേറെ ഒന്നിനും കൊള്ളൂല്ല' എന്ന് പറഞ്ഞത് ജോര്‍ജിന്റെ ഭാര്യയും പിന്നണി ഗായികയുമായ സെല്‍മ ജോര്‍ജ് (ശരദിന്ദു മലര്‍ദീപ നാളം മീട്ടി എന്ന പാട്ട് കേള്‍ക്കാത്ത എത്ര മലയാളികളുണ്ട്?) തന്നെയായിരുന്നു. സെല്‍മ പറഞ്ഞത് ഓര്‍മിച്ചപ്പോഴാണ് ജോര്‍ജ് ഒരു ചെറുചിരിയോടെ ഓര്‍മകളുടെ അടരുകള്‍ ചികയുന്നത്.

പിന്നീടുള്ള മണിക്കൂറുകളില്‍ ഫെഡറിക്കോ ഫെലിനിയെന്ന ഇറ്റാലിയന്‍ മാസ്റ്ററെ പ്രണയിച്ച പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥിയുടെ ഉത്സാഹമായിരുന്നു ആ കണ്ണുകളില്‍. അനാരോഗ്യം അദ്ദേഹത്തിന്റെ സംസാരശേഷിയെ ഏറെ ബാധിച്ചിരുന്നുവെങ്കിലും താന്‍ പങ്കുവയ്ക്കുന്ന ആശയങ്ങള്‍ക്ക് അത് തടസമാകുമെന്ന ആശങ്ക അദ്ദേഹത്തിന് തെല്ലുമില്ലായിരുന്നു.

ജോര്‍ജിന്റെ കഥാപാത്രങ്ങളില്‍ നന്മതിന്മകളോ ഹീറോയോ വില്ലനോ ഇല്ലായിരുന്നു. അത്തരം ബൈനറികള്‍ക്ക് അപ്പുറം അവരിലെ ഗ്രേ ഏരിയകളിലായിരുന്നു അയാളിലെ സ്വപ്നാടകന്‍ ആനന്ദം കണ്ടെത്തിയത്

തന്റെ സിനിമകളെക്കുറിച്ച്, സിനിമാലോകത്തെ കുറിച്ച്, സ്വാധീനങ്ങളെക്കുറിച്ച് എല്ലാം സംസാരിക്കുമ്പോള്‍ കണ്ടത് മലയാളം കണ്ട ഏറ്റവും പ്രതിഭാശാലിയായ സംവിധായകനെ മാത്രമായിരുന്നില്ല, മറിച്ച് തന്റെ ഇന്നലെകളോട് തനിക്കുമാത്രം സാധ്യമായ ശൈലിയില്‍ നിഷ്‌ക്രിയത പുലര്‍ത്തുന്ന ഒരു വയോധികനെയാണ്. അപ്പോഴും ആഖ്യാനത്തിന്റെ രസക്കൂട്ടുകള്‍ ചേര്‍ക്കാന്‍ അയാളിലെ ചലച്ചിത്രകാരനിലെ കുസൃതി മുഖത്ത് നിറഞ്ഞുനിന്നിരുന്നു.

മതമോ ദൈവമോ സമൂഹം തന്നെയോ അന്നും ഇന്നും തന്നെ അലട്ടുന്നില്ലെന്ന് പറയാന്‍ എഴുപതുപിന്നിട്ട അയാളിലെ യൗവനത്തിന് ആശങ്കയില്ലായിരുന്നു. സമൂഹം, കുടുംബം, വ്യവസ്ഥ എന്നിവയോടെല്ലാം കലഹിക്കുകയെന്നത് താന്‍ ജീവിതത്തോട് തന്നെ പുലര്‍ത്തിയ സത്യസന്ധതയെന്ന് പറയുമ്പോള്‍ അതിന്റെ ആവിഷ്‌കരണം മാത്രമാണ് തന്റെ സിനിമകളെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തുകയായിരുന്നു.

സംവിധായകനായിരുന്നില്ലെങ്കില്‍ എന്താവുമായിരുന്നുവെന്ന ചോദ്യത്തോട് ഒരുപക്ഷേ മനഃശാസ്ത്രജ്ഞന്‍ ആയേനെയെന്ന മറുപടി ഒട്ടും അത്ഭുതപ്പെടുത്തുന്നതായിരുന്നില്ല. മനുഷ്യര്‍ എന്നും തനിക്ക് സബ്ജക്റ്റുകളായിരുന്നെന്ന് ജോര്‍ജ് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സഹധര്‍മിണിയുടെ വാക്കുകള്‍ തന്നെയാണ് എന്റെ തലയില്‍ മുഴങ്ങിക്കേട്ടത്. കെ ജി ജോര്‍ജിന് ചുറ്റുമുള്ളതെല്ലാം സബ്ജക്റ്റുകള്‍ മാത്രമായിരുന്നു. അതുകൊണ്ടാണ് മനഃശാസ്ത്രജ്ഞന്റെ കണിശതയോടെ അദ്ദേഹം കഥാപാത്രങ്ങളുടെ മനോദൃശ്യങ്ങള്‍ (mindscapes) പകര്‍ത്തിയത്. മനസ്സുകളെ ഇത്രത്തോളം അപഗ്രഥിച്ച മറ്റേതെങ്കിലും സിനിമാക്കാരന്‍ ചരിത്രത്തില്‍ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ?

അതിനാല്‍ തന്നെ ജോര്‍ജിന്റെ കഥാപാത്രങ്ങളില്‍ നന്മതിന്മകളോ ഹീറോയോ വില്ലനോ ഇല്ലായിരുന്നു. അത്തരം ബൈനറികള്‍ക്ക് അപ്പുറം അവരിലെ ഗ്രേ ഏരിയകളിലായിരുന്നു അയാളിലെ സ്വപ്നാടകന്‍ ആനന്ദം കണ്ടെത്തിയത്. ജീവിതത്തെ തിരിഞ്ഞുനോക്കുമ്പോള്‍ വേദനയുള്ള സത്യങ്ങള്‍ പറയാനാണ് താന്‍ ശ്രമിച്ചതെന്ന് ജോര്‍ജ് ആവര്‍ത്തിച്ചപ്പോള്‍ മറ്റൊരാളിലെ സുശീലയും മേളയിലെ രഘുവും ഇരകളിലെ ബേബിയുമെല്ലാം നിശബ്ദത ശ്രോതാക്കളായി എനിക്ക് കൂട്ടിരിക്കുന്നുണ്ടായിരുന്നോ? യവനികയിലെ അയ്യപ്പന്റെ താളപ്പെരുപ്പം കാത്തുകെട്ടിയിരിപ്പുണ്ടായിരുന്നോ?

കെ ജി ജോര്‍ജിന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ മനസ്സില്‍ ആദ്യം വന്നത് ഈ ചോദ്യങ്ങളായിരുന്നു. ഉത്തരങ്ങള്‍ തിരയാന്‍ ഇനി ആ സിനിമകള്‍ മാത്രം. വേദനയുള്ള സത്യങ്ങള്‍ നിറഞ്ഞ ആ സ്വപ്നവും അവസാനിച്ചിരിക്കുന്നു. പ്രിയപ്പെട്ട സംവിധായകാ മനസ്സുകള്‍ സബ്ജക്റ്റുകളാവാനില്ലാത്ത ലോകത്ത് ഇനി നിങ്ങള്‍ക്ക് ഉറങ്ങാം, സമാധാനത്തോടെ...

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ