ബുദ്ധ-ജൈന സംസ്‌കാരങ്ങളുടെയും കീഴാള ബഹുജന സംസ്‌കൃതിയുടെയും സംഗമ ഭൂമിയായിരുന്നു കൊടുങ്ങല്ലൂര്‍ പട്ടണം. അതിന്റെ സിരാ കേന്ദ്രമായി കൊടുങ്ങല്ലൂര്‍ കാവും. വ്യത്യസ്ത ജാതി വിഭാഗങ്ങളുടെ ആചാര അനുഷ്ഠാന വിശ്വാസ പാരമ്പര്യങ്ങള്‍ കൊടുങ്ങല്ലൂരിനെ സംസ്‌കാരിക മേളനങ്ങളുടെ സംഗമ ഭൂമിയായി നിലനിര്‍ത്തിയിരുന്നു. ഈ സാംസ്‌കാരിക ഭൂമികയുടെ ചരിത്രത്തിലെ പ്രധാന കേന്ദ്രമായി കൊടുങ്ങല്ലൂര്‍ കുരുംബക്കാവ് നിലക്കൊണ്ടു. കൊടുങ്ങല്ലൂരിലെ ദേവതയ്ക്ക് ബൗദ്ധവും ജൈനവുമായ പാരമ്പര്യ വേരുകളുണ്ടെന്ന് ചരിത്രപരമായി വാദിക്കപ്പെടുന്നുണ്ട്. അതിരിക്കെ തന്നെ ബ്രാഹ്മണേതരമായ അനുഷ്ഠാന പാരമ്പര്യങ്ങളുടെ ബഹു സംസ്‌കാര സ്ഥലി ക്ഷേത്രവത്ക്കരിക്കപ്പെട്ടതിന്റെ ചരിത്രം ആഴത്തില്‍ പഠന വിധേയമാക്കേണ്ടിയിരിക്കുന്നു.
കേരളത്തിലെ കാളീ ആരാധനയ്ക്ക് ബഹുജനോന്മുഖമായ ഒരാരാധനാ വഴക്കം നിലവിലുണ്ടായിരുന്നു. അത് ഇന്ന് പ്രചരിക്കുന്ന നിലയില്‍ ശുദ്ധ വെജിറ്റേറിയന്‍ സംസ്‌കാരത്തിലോ അയിത്ത സാമൂഹ്യ വ്യവസ്ഥയിലോ തീര്‍ത്തും നിലീനമായ ഒന്നായിരുന്നില്ല. കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണരാകട്ടെ ചരിത്രത്തിലെ ഒരു സവിശേഷ ഘട്ടം വരെ ഭദ്രകാളി പൂജകള്‍ നിര്‍വഹിച്ചിരുന്നുമില്ല. കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണര്‍ കാളീപൂജകള്‍ കേന്ദ്രമാക്കിയുള്ള ഒരനുഷ്ഠാന ഗ്രന്ഥം രചിക്കുന്നത് പന്ത്രണ്ടാം നൂറ്റാണ്ടിന് ശേഷമാണ്. കാളീപൂജകള്‍ നിര്‍വഹിച്ചിരുന്ന അടികള്‍, മൂസത്, പിടാരര്‍ തുടങ്ങിയ ജാതി വിഭാഗങ്ങളെ ബ്രാഹ്മണരായി നമ്പൂതിരി ബ്രാഹ്‌മണര്‍ അംഗീകരിച്ചിരുന്നില്ല. ശാക്തേയ പൂജകള്‍ അനുത്തമമായ പൂജാ മാര്‍ഗമാണെന്ന് ശാങ്കരസ്മൃതി വിലയിരുത്തുന്നതിന്റെ കാരണം നമ്പൂതിരി ബ്രാഹ്‌മണര്‍ ചരിത്രത്തിന്റെ ഒരു സവിശേഷ ഘട്ടം വരെ കാളീപൂജകളെ ഹീനമായി അടയാളപ്പെടുത്തിയതിനാലാണ്.
പൊതുവായി നോക്കിയാല്‍ തന്ത്ര പാരമ്പര്യത്തില്‍ മാംസം നിഷിദ്ധാഹാരമായിരുന്നില്ല എന്നും കാണാം. എന്നാല്‍ നമ്പൂതിരി ബ്രാഹ്മണര്‍ രചിച്ച കേരളത്തിലെ തന്ത്ര ഗ്രന്ഥങ്ങളില്‍ മാംസം പുറത്താക്കപ്പെട്ടു. മാംസം തന്നെ സമ്പൂര്‍ണ അശുദ്ധ വസ്തുവായി മുദ്ര കുത്തപ്പെടുകയും ചെയ്തു.
വൈഖാനസ ധര്‍മ സൂത്രത്തില്‍ കാളീപൂജകള്‍ അനുഷ്ഠിക്കേണ്ടത് സവര്‍ണരല്ലാത്ത പാരശവര്‍ എന്ന സങ്കര ജാതി മനുഷ്യരാണെന്ന് വ്യക്തമാക്കുന്നുണ്ട്. പ്രസിദ്ധമായ ദക്ഷിണേന്ത്യന്‍ മാതൃതന്ത്ര ഗ്രന്ഥമായ ബ്രഹ്മയാമളത്തിലും കാളീപൂജകള്‍ക്കധികാരി പാരശവരാണന്ന് സംശയലേശമെന്യേ പ്രസ്താവിക്കുന്നു. എന്നാല്‍ ദക്ഷിണേന്ത്യന്‍ ബ്രഹ്മയാമളത്തെ പിന്തുടര്‍ന്ന് കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണര്‍ പന്ത്രണ്ടാം നൂറ്റാണ്ടിന് ശേഷം രചിച്ച മാതൃസദ്ഭാവം, ശേഷസമുച്ചയം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ അവര്‍ണര്‍ക്ക് അധികാരമുണ്ടായിരുന്ന പൂജാ പാരമ്പര്യത്തെ തമസ്‌കരിച്ചു കൊണ്ട് അത് ബ്രാഹ്മണ്യ കേന്ദ്രീകൃതമാക്കി തീര്‍ത്തു.
ഇന്ന് പ്രചുര പ്രചാരത്തിലുള്ളതു പോലെ കാളീപൂജകള്‍ ശുദ്ധ വെജിറ്റേറിയന്‍ സംസ്‌കാരത്തില്‍ അധിഷ്ഠിതവുമായിരുന്നില്ല. ബ്രഹ്മയാമളം അനുസരിച്ച് പൂജകള്‍ നിര്‍വഹിച്ചു പോന്നിരുന്ന കര്‍ണാടകത്തിലെ നൊളംബാ വാടിയിലുള്ള കോലാരമ്മ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച തോറും ആടിനെ ഉള്‍പ്പെടെ ബലി നല്‍കിയിരുന്ന കുജവാര ബലികള്‍ അനുഷ്ഠിച്ചു പോന്നിരുന്നു. മദ്യം നിവേദിക്കലും അനുഷ്ഠാനത്തിന്റെ സുപ്രധാന ഭാഗമായിരുന്നു. കോലാരമ്മ ക്ഷേത്രത്തിലെ രാജരാജ ചോളന്റെ പത്താം ഭരണവര്‍ഷത്തിലുള്ള ശിലാശാസനത്തില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തരേന്ത്യന്‍ ബ്രഹ്മയാമളത്തില്‍ സാധകന്‍ ഭക്ഷിക്കേണ്ട മാംസ ഭക്ഷണത്തിന്റെ നീണ്ട പട്ടിക തന്നെ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഇതില്‍ പശു, പോത്ത്, ആട്, കോഴി തുടങ്ങിയ വിവിധ മാംസ ഇനങ്ങളെ പറ്റി പരാമര്‍ശിക്കുന്നുണ്ട്. പൊതുവായി നോക്കിയാല്‍ തന്ത്ര പാരമ്പര്യത്തില്‍ മാംസം നിഷിദ്ധാഹാരമായിരുന്നില്ല എന്നും കാണാം. എന്നാല്‍ നമ്പൂതിരി ബ്രാഹ്മണര്‍ രചിച്ച കേരളത്തിലെ തന്ത്ര ഗ്രന്ഥങ്ങളില്‍ മാംസം പുറത്താക്കപ്പെട്ടു. മാംസം തന്നെ സമ്പൂര്‍ണ അശുദ്ധ വസ്തുവായി മുദ്ര കുത്തപ്പെടുകയും ചെയ്തു. കാളീപൂജകള്‍ കേരളത്തില്‍ ക്ഷേത്രവത്ക്കരിക്കപ്പെട്ടതിന്റെ ഉത്തമ നിദര്‍ശനമാണിത്.
കാവുകള്‍, ക്ഷേത്രമായി മാറുമ്പോൾ കാവുകളുടെ യഥാര്‍ഥ അവകാശികള്‍ പുറത്താക്കപ്പെടുകയും ഉത്തമ പൂജാരികളായി നമ്പൂതിരി ബ്രാഹ്മണ്യം രംഗപ്രവേശം ചെയ്യുകയും ചെയ്തു. അവര്‍ണ ജനസമുദായങ്ങളെ പുറന്തള്ളുന്ന സവര്‍ണ സംവരണം ഈ ബ്രാഹ്മണ്യ പുറന്തള്ളല്‍ യുക്തിയുടെ പുതിയ ഫലമാണ്.
കാവുകള്‍ ക്ഷേത്രമായി മാറുന്നത് ബ്രാഹ്മണ്യ സ്വാംശീകരണ പ്രക്രിയയുടെ ഭാഗമായിട്ടാണ്. ഇതിലൂടെ കാവുകളുടെ യഥാര്‍ഥ അവകാശികള്‍ പുറത്താക്കപ്പെടുകയും ഉത്തമ പൂജാരികളായി നമ്പൂതിരി ബ്രാഹ്മണ്യം രംഗപ്രവേശം ചെയ്യുകയും ചെയ്തു. ചരിത്രത്തില്‍ സംഭവിച്ച ഈ മാറ്റം കേരളത്തില്‍ എല്ലാ രംഗങ്ങളിലും അരങ്ങേറി എന്നതാണ് വസ്തുത. അവര്‍ണ ജനസമുദായങ്ങളെ പുറന്തള്ളുന്ന സവര്‍ണ സംവരണം ഈ ബ്രാഹ്മണ്യ പുറന്തള്ളല്‍ യുക്തിയുടെ പുതിയ ഫലമാണ്. ഇങ്ങനെ നോക്കുമ്പോള്‍ കൊടുങ്ങല്ലൂര്‍ 'കാവില്‍ ' നിന്നും കൊടുങ്ങല്ലൂര്‍ ' ക്ഷേത്ര ' ത്തിലേക്കുള്ള ദൂരം ദൈര്‍ഘ്യമേറിയ ഹിംസാധിഷ്ഠിതമായ ബ്രാഹ്മണ്യവത്ക്കരണ പ്രക്രിയയുടെ ചരിത്രത്തെയാണ് കെട്ടഴിച്ചിടുന്നത് .