OPINION

മുലകൾക്ക് എന്നെക്കാളും ഓർമ കാണും വഷളൻ നോട്ടങ്ങളെ, കടന്നുപിടിക്കലുകളെ

സ്ത്രീശരീരത്തിന്റെ രാഷ്ട്രീയം സംസാരിക്കുന്ന ചില സിനിമകളെങ്കിലും മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും മുലകളെ മാത്രം കേന്ദ്രീകരിച്ച് കഥ പറയുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ ചിത്രമാകും ബി 32 മുതൽ 44 വരെ

ലക്ഷ്മി പത്മ

ഞാനെന്റെ സ്ത്രീസ്വത്വത്തിൽ ഏറ്റവും അഭിമാനിക്കുന്നത് ഒരുപക്ഷേ എന്റെ മുലകളെ ഓർത്താവും. ഓരോ സ്ത്രീ രൂപങ്ങളിലും ഞാനേറ്റവും മനോഹാരിത കാണുന്നതും മുലകളിൽ തന്നെ. മുല വളരാൻ അക്ഷമയോടെ കാത്തിരുന്നിട്ടുണ്ട് കുട്ടിക്കാലത്ത്. എന്റെ അമ്മൂമ്മയുടെ പോലെ വലിയ തൂങ്ങിയ മുലകൾ വേണമെന്നാഗ്രഹിച്ച ആ കാലം, അഴകളവുകളുടെ പട്ടികയ്ക്ക് വെളിയിലാണ്. വല്ലപ്പോഴും വീട്ടിൽ വരുന്ന അമ്മൂമ്മയുടെ അമ്മിഞ്ഞ പിടിച്ച് കിടന്നുറങ്ങാൻ ആ കാലത്ത് ഞാനും കസിൻ ഊർമിളയും മത്സരിച്ചിരുന്നു. അമ്മമാരുടെ സാരി വാരിച്ചുറ്റി അമ്മയായും ടീച്ചറായും വേഷം കെട്ടുന്ന ഓരോ പെൺകുഞ്ഞും ഗൂഢമായെങ്കിലും ആഗ്രഹിക്കുന്നുണ്ടാകും മുല ഒന്നു വളർന്നുകിട്ടാൻ. പ്രണയത്തിലും ലൈംഗികതയിലും ഓരോ സ്ത്രീയും ഏറ്റവും പരിഗണന ആഗ്രഹിക്കുന്ന അവയവവും എന്റെ കാഴ്ചപ്പാടിൽ മുലകളാണ്.

ചുരുക്കിപ്പറഞ്ഞാൽ സ്ത്രീ ശരീരത്തിൽ ഏറ്റവും അരക്ഷിതാവസ്ഥ അനുഭവിക്കുന്ന അവയവം ഏതെന്ന് ചോദിച്ചാൽ എന്റെ ആദ്യ ഉത്തരം മുലകൾ എന്നാണ്

പക്ഷേ ഞാനടക്കം പല സ്ത്രീകളും അഭിമാനത്തോടെ, ലേശം അഹങ്കാരത്തോടെ പേറുന്ന ഈ അവയവം പുറത്തേക്കിറങ്ങിയാൽ പിന്നെ ഞങ്ങൾക്ക് വലിയ ബാധ്യതയായി തീരാറുണ്ട്. തുറിച്ചുനോട്ടങ്ങൾ കൊണ്ട്, അശ്ലീല കമന്റുകൾ കൊണ്ട്, ദ്വയാർത്ഥ പ്രയോഗങ്ങൾ കൊണ്ട് ഒക്കെ അരുതാത്തതെന്തോ താൻ വഹിച്ചുകൊണ്ട് നടക്കുന്നുവെന്ന തോന്നൽ ഓരോ പെൺകുഞ്ഞിലും ഉണ്ടാക്കാൻ നവോത്ഥാന കേരളത്തിനായിട്ടുണ്ട്. ആ നേട്ടത്തിലേക്ക് നമ്മളെയെത്തിക്കുന്നതിൽ ആണിനും പെണ്ണിനും ഒരു പോലയുണ്ട് പങ്ക്.

ബസിലോ ട്രെയിനിലോ പൊതുവഴിയിലോ ഒരിക്കലെങ്കിലും മുലകൾക്ക് നേരെ കടന്നുപിടിത്തങ്ങളോ സ്പർശനങ്ങളോ ഏൽക്കാത്ത ഏതെങ്കിലും സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെങ്കിൽ അവർ അനുഗ്രഹീതർ

''നീയെന്താ ഷോളിടാത്തെ , ക്ലീവേജൊക്കെ കാട്ടി ആരെ മയക്കാനാ… ഇതൊന്നും നമ്മുടെ ഓഫീസിൽ പറ്റില്ലട്ടോ... 'ഇങ്ങനെ ശരീരം പ്രൊജക്ട് ചെയ്യുന്ന വേഷം ഒന്നും എന്റെ ക്ലാസിൽ അനുവദിക്കില്ല', ഇമ്മാതിരി വർത്തമാനങ്ങളിലൂടെ സദാചാരത്തിന്റെ അസ്കിതയുള്ള അയലത്തെ അമ്മായിമാരും സഹപ്രവർത്തകകളും ടീച്ചർമാരും വനിതാ ഹോസ്റ്റൽ വാർഡൻമാരും എല്ലാം അവരവരുടെ കർത്തവ്യം ഓരോ കാലങ്ങളിലും യഥാവിധി നിറവേറ്റി വരുന്നു. ഈ ചോദ്യങ്ങളിലൂടെ സ്വന്തം പുരയ്ക്കാണ് കൊള്ളിവയ്ക്കുതെന്ന് എന്തുകൊണ്ടോ ഈ 'മഹിളാ രത്നങ്ങൾ' ഒരു കാലത്തും മനസിലാക്കാറുമില്ല.

വാത്സല്യരൂപേണ ആലിംഗനം ചെയ്യാനെത്തുന്ന എത്ര കൈകൾ ബോധപൂർവമല്ലെന്ന വ്യാജേന പെൺകുട്ടികളുടെ മുലകളിലേക്ക് നീളാറുണ്ട്

ബസിലോ ട്രെയിനിലോ പൊതുവഴിയിലോ വച്ച് ഒരിക്കലെങ്കിലും മുലകൾക്ക് നേരെ കടന്നുപിടിത്തങ്ങളോ സ്പർശനങ്ങളോ എൽക്കാത്ത ഏതെങ്കിലും സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെങ്കിൽ അവർ അനുഗ്രഹീതർ. ഒറ്റയ്ക്കുള്ള യാത്രകളിൽ ഒരു കൈ തങ്ങളുടെ മുലകളെ തൊടാൻ നീണ്ടുവന്നേക്കാമെന്ന അരക്ഷിത ബോധം അലട്ടാത്ത എത്ര പെണ്ണുങ്ങളുണ്ടാകും? ട്രെയിനിൽ എതിർ സീറ്റിൽ ആണൊരുത്തൻ ഉറങ്ങാതിരുന്നാൽ പിന്നെ എന്നെ സംബന്ധിച്ച് ഉറക്കമെന്നത് വെറും സ്വപ്നം മാത്രമാകും. ബസിൽ പാട്ടൊക്കെ കേട്ട് ചാഞ്ഞുചരിഞ്ഞ് ഇരിക്കുന്നതിനടുത്ത് ഒരു അപരിചിതൻ വന്നിരുന്നാൽ അവന്റെ കൈ എന്റെ മുലകളെ ഉരസുമോ എന്ന ആശങ്കയാകും പിന്നീടങ്ങോട്ട്. എല്ലാ സ്വാസ്ഥ്യവും റദ്ദ് ചെയ്ത് സീറ്റിന് മുൻവശത്തേക്ക് ആഞ്ഞിരുന്ന് കൈ കക്ഷത്തോട് ചേർത്തുപിടിച്ച് മുലയ്ക്ക് കവചം തീർക്കുന്ന എന്നോട് എനിക്ക് തന്നെ വല്ലാതെ സഹതാപം തോന്നാറുണ്ട്.

വാത്സല്യരൂപേണ ആലിംഗനം ചെയ്യാനെത്തുന്ന എത്ര കൈകൾ ബോധപൂർവമല്ലെന്ന വ്യാജേന പെൺകുട്ടികളുടെ മുലകളിലേ ക്ക് നീളാറുണ്ട്. ആ കൈകൾ സ്വന്തം ബന്ധുക്കളുടേയോ സ്വന്തക്കാരുടേതോ ആയാലോ. ആ അസുഖകരമായ സ്പർശം കുറച്ചുകാലത്തേക്കെങ്കിലും പെൺകുട്ടികളെ ആത്മവിശ്വാസമില്ലാത്തവരാക്കും. ചുരുക്കിപ്പറഞ്ഞാൽ സ്ത്രീ ശരീരത്തിൽ ഏറ്റവും അരക്ഷിതാവസ്ഥ അനുഭവിക്കുന്ന അവയവം ഏതെന്ന് ചോദിച്ചാൽ എന്റെ ആദ്യ ഉത്തരം മുലകൾ എന്നാണ്.

ശ്രുതി ശരണ്യം സംവിധാനം ചെയ്ത B 32 മുതൽ 44വരെ എന്ന സിനിമ കഴിഞ്ഞദിവസമാണ് കണ്ടത്. മുലകൾ മുലയൂട്ടൽ എന്ന വാക്കിൽനിന്ന് വേർപെടുത്തിയാൽ പിന്നെ വലിയ അശ്ലീലമായി പരിഗണിക്കുന്ന ഒരു സമൂഹത്തിൽ മുലയളവുകളെ തന്റെ സിനിമയുടെ തലക്കെട്ടും ഉപതലക്കെട്ടുകളുമാക്കിയ സംവിധായികയ്ക്ക് വിപ്ലവാഭിവാദ്യം.

ആറ് സ്ത്രീകൾക്ക് അവരുടെ മുലകൾ സൃഷ്ടിക്കുന്ന വെല്ലുവിളികൾ ആറ് തരത്തിലാണ്. ഞാൻ മുകളിൽ പറഞ്ഞ അരക്ഷിതാവസ്ഥകൾ സിനിമയിലെ ഒരു ഘടകം മാത്രം. ചിത്രത്തിൽ ലിംഗസ്വത്വം സംബന്ധിച്ച ചോദ്യത്തിന് With Boobs and Without Boobs എന്ന് ഉത്തരം പറയുന്ന ശരാശരിയിലും ഒരുപാട് താഴെയുള്ള കുട്ടിയാണ് ഇന്നും കേരള സമൂഹം.

മുലകൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെപ്പറ്റി കഴിഞ്ഞ ദിവസം എഫ്ബിയിൽ എഴുതിയപ്പോഴും ചിത്രത്തിനെതിരെ പൊതുവിലും ഉയരുന്ന ചില കമന്റ്കൾ ആ പിൻബഞ്ചിലെ കുട്ടിയുടെ അറിവില്ലായ്മ വീണ്ടും വീണ്ടും വെളിപ്പെടുത്തുന്നു.

പടം എങ്ങനെയുണ്ടെന്ന ചോദ്യത്തോട് ‘’ഓ… കപ്പ് ശരിയായാൽ നീളം പറ്റില്ല, നീളം പറ്റിയാൽ കപ്പ് ഓകെയാവില്ല എന്ന് മനസിലായി," എന്ന് സിനിമയിലെ തന്നെ ഡയലോഗ് കടം കൊണ്ട് ഒരു വഷളൻ തമാശ തട്ടിവിടുന്ന പുരുഷ സുഹൃത്തിനെ രക്ഷിക്കാൻ ഒരു ബി 32 കൊണ്ടാവില്ല. പാഡഡ് ബ്രേയ്സിയറുകളും വലുപ്പം വർധിപ്പിക്കാനുമുള്ള ശസ്ത്രക്രിയയുക്കെ പെണ്ണുങ്ങൾ ചെയ്യുന്നത് എന്തിനാണെന്ന് ഒരു നാണവുമില്ലാതെ ഒരു കൂട്ടർ പിന്നെയും ചോദിക്കുകയാണ്.

പാഡഡ് ബ്രാകൾ ധരിക്കുന്നതോ മുലകളുടെ വലുപ്പം കൂട്ടുന്നതോ മുലകളെ തുറിച്ചുനോക്കാനും അവയിലേക്ക് കടന്നുകയറാനുമുള്ള ലൈസൻസാണെന്ന് ധരിക്കുന്ന വലിയൊരു വിഭാഗം നമുക്ക് ചുറ്റുമുണ്ടെന്നത് തന്നെ എന്തൊരു അപകടകരമായ അവസ്ഥയാണ്.

സ്ത്രീ ശരീരത്തിന്റെ രാഷ്ട്രീയം സംസാരിക്കുന്ന ചില സിനിമകളെങ്കിലും മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും മുലകളെ മാത്രം കേന്ദ്രീകരിച്ച് കഥ പറയുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ ചിത്രമാകും ബി 32 മുതൽ 44 വരെ. കുടുംബത്തിനും കുട്ടികൾക്കും കൂട്ടുകാർക്കും പ്രണയിക്കുന്നവർക്കുമൊപ്പമൊക്കെ കേരളം കാണേണ്ട ചിത്രമാണ് B 32 മുതൽ 44വരെ.

ചിത്രം ഒടിടിയിൽ വരുമെന്ന് ഓർത്ത് ആരും തീയറ്ററിൽ പോയി കാണാതിരിക്കരുത്. കാരണം ചിത്രം ഒടിടിയിൽ വരില്ല. KSFDC നിർമിച്ച ചിത്രം സർക്കാർ ഒടിടിയി ൽ റിലീസ് ചെയ്യുമെന്നാണ് പറയുന്നത്. അതിനൊക്കെ ഒരു പക്ഷേ ഇനിയും കൂടുതൽ സമയമെടുത്തേക്കാം. അതുകൊണ്ട് സമയം പാഴാക്കാതെ നമുക്ക് തീയേറ്ററുകളിൽ ബി 32 വിന് ടിക്കറ്റെടുക്കാം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ