തുറന്നെഴുത്തുകളുടെ അപോസ്തലയാണ് ഇക്കുറി സാഹിത്യ നൊബേൽ സമ്മാനിതയായ ആനി എർണോ. ആത്മസാഹിത്യത്തെ (auto-fiction) ഉത്തമസാഹിത്യത്തിന്റെ ഉത്തുംഗതയിലേക്ക് നയിച്ചതിൽ ഈ ഫ്രഞ്ച് എഴുത്തുകാരി വഹിച്ച പങ്ക് ചെറുതല്ല. അവനവന്റെ ജീവിതത്തെ എഴുതുക എന്നതാണ് ഈ സാഹിത്യ ശാഖിയുടെ പ്രത്യേകത. ആത്മകഥ, ഫിക്ഷൻ എന്നിങ്ങനെ രണ്ട് ആഖ്യാനരൂപങ്ങളെ ആത്മസാഹിത്യം അഥവാ ഓട്ടോഫിക്ഷൻ സംയോജിപ്പിക്കുന്നു.
മാർസെൽ പ്രൂസ്റ്റിന്റെ ‘ഇൻ സെർച്ച് ഓഫ് ലോസ്റ്റ് ടൈം’ ആത്മസാഹിത്യത്തിന്റെ ആദ്യകാലത്തെ മാതൃകയാണ്. 1977 ൽ തന്റെ നോവൽ ഫിൽസിനെ വിശേഷിപ്പിക്കാൻ സെർജ് ഡൂബ്രോവ്സ്കിയുടെ ശ്രമമാണ് ആത്മസാഹിത്യം എന്ന ലിറ്റററി ഷാനറിന്റെ പിറവിക്ക് നിദാനം. എലിസബത്ത് ഹാർഡ്‌വിക്കിന്റെ ‘സ്ലീപ്‌ലെസ് നൈറ്റ്‌സ്’ (1979), ക്രിസ് ക്രൗസിന്റെ ‘ഐ ലവ് ഡിക്ക്’ (1997) എന്നീ നോവലുകളിലൂടെ ഈ സാഹിത്യശാഖ ജനപ്രിയമായി. എന്നാൽ, കാൾ ഒവേ ക്നോസഗാർഡ്, എഡ്‌വേഡ് ലൂയി, റേച്ചൽ കസ്‌ക്, ഷീല ഹെയ്തി, ബെൻ ലെർനെർ തുടങ്ങിവർ നടപ്പുകാലത്ത് ഈ എഴുത്തിനെ ഉജ്ജ്വലമാക്കുന്നവരാണ്. നോർവീജിയൻ എഴുത്തുകാരൻ കാൾ ഒവേ കനോസഗാർഡിന്റെ ‘മൈ സ്ട്രഗിൾസ്’ എന്ന നോവൽ സീരീസ് ആണ് ഈ ഷാനറിനെ കുറച്ചുകൂടി ജനകീയമാക്കിയത്.
ഓരോ പുസ്തകവും എഴുതി അവസാനിപ്പിക്കുമ്പോൾ എന്നിൽ കടുത്ത ഉത്കണ്ഠ ഉണ്ടാവും. എഴുതിയതൊക്കെ പുസ്തകമാവുമ്പോൾ ഞാനെന്ന എഴുത്തുകാരിയെ, എൻ്റെ ജീവിതത്തെ വായനക്കാരാവുമല്ലോ വിധിക്കുക. എന്റെ ഇതുവരെയുള്ള ജീവിതത്തെ അവർ വായിക്കുമ്പോൾ, വിലയിടുമ്പോൾ എനിക്ക് തെല്ല് നാണക്കേട് തോന്നുന്നു. പലപ്പോഴും, എന്റെ പുസ്തകം എഴുതി അവസാനിക്കുമ്പോൾ ഞാൻ മരിച്ചുപോയേക്കുമെന്ന ഭയം എന്നെ പിടികൂടുന്നു”.
എന്നാൽ, ഓർമ്മകളെ അങ്ങനെ അടുക്കി വെക്കുമ്പോൾ പോലും ഒരു എഴുത്തുകാരൻ അല്ലെങ്കിൽ എഴുത്തുകാരിക്ക് ഭാവനയിൽ ചിലകാര്യങ്ങൾ ഒരുക്കേണ്ടി വരുന്നുണ്ട്.. ഭൂതകാലത്തെ ഒരു ഫോട്ടോഗ്രാഫിക് ഓർമ്മകളോടെ തെളിമയോടു കൂടി എഴുതാൻ കഴിയുമോ? അവർ അനുഭവിച്ച ജീവിതത്തെ എഴുതുമ്പോൾ ഒരല്പം ഭാവന കൂടി വേണ്ടിവരുന്നുണ്ട്. ഭാവന കൂടി കലരാത്ത ആ എഴുത്ത് അപൂർണ്ണമായിരിക്കുമെന്നും അല്ലാത്ത പക്ഷം അത് വായനക്കാരെ അകറ്റിക്കളയുമെന്നുമാണ് എന്റെ തോന്നൽ. ആനി എർണോയുടെ എല്ലാ പുസ്തകങ്ങളും ഇത്തരത്തിൽ ആത്മസാഹിത്യ രചനകളാണ്. എന്നാൽ, അത് ഓട്ടോഫിക്ഷൻ ശാഖയിൽ പെടുന്നതല്ല എന്നതാണ് എർണോ പറയുന്നത്. അങ്ങനെ തന്റെ സൃഷ്ടികളെ കള്ളിവത്കരിക്കുന്നതിനു അവർ എതിരാണ്. “ഞാൻ എന്റെ ഓർമ്മകളിൽ നിന്ന് യാഥാർത്ഥ്യം വേർതിരിച്ചെടുത്താണ് എഴുതുന്നത്”, അവർ പറയുന്നു. എർണോയുടെ പുസ്തകങ്ങൾ സമീപകാലത്തു 'പ്രസിദ്ധീകരിച്ചിരിക്കുന്നത് ഫിറ്റ്‌സ്‌ഗെരാൽഡോ എഡിഷൻസ് ആണ്. യു.കെ. ആസ്ഥാനമായുള്ള ഫിറ്റ്‌സ്‌ഗെരാൽഡോ എഡിഷൻസ്' ലോകത്തിലെ വിവിധ ഭാഷകളിലെ ഭാവനാത്മകവും നൂതനവുമായ രചനകളെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര പ്രസിദ്ധീകരണശാലയാണ്. 2014 ൽ മാത്രം ആരംഭിച്ച ഈ പ്രസിദ്ധീകരണശാല നിലവിൽ മൂന്ന് നൊബേൽ സമ്മാനിതരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വെത്‌ലാന അലക്‌സ്യേവിച്ച്, ഓൾഗ ടോകാർചുക്ക്, ഇപ്പോൾ ആനി എർണോ. അവരുടെ പുസ്തകങ്ങളുടെ പുറംചട്ടക്ക് ചില പ്രത്യേകതകളുണ്ട്. ചിത്രങ്ങളൊന്നുമില്ലാത്ത, നീല പുറംചട്ടകളും വെള്ള പുറംചട്ടകളും മാത്രമായിട്ടാണ് ഫിറ്റ്‌സ്‌ഗെരാൽഡോ പുസ്തകങ്ങളിറക്കുന്നത്. നീല ഫിക്ഷൻ പുസ്തകങ്ങളും വെള്ള നോൺ -ഫിക്ഷൻ പുസ്തകങ്ങളുമാണ്. ആനിയുടെ എല്ലാ പുസ്തകങ്ങളും വെള്ള പുറംചട്ടയോടെയാണ് വരുന്നത്.
എർണോ തന്റെ 45 -ാം വയസ്സിലാണ് ഗൗരവമായി എഴുതിത്തുടങ്ങുന്നത്. അതിനു മുൻപേ അവർ ആത്മകഥാത്മകമായ നോവലുകൾ എഴുതിയിട്ടുണ്ട്. അതൊക്കെ പക്ഷേ, എഴുത്തുകാരിയെന്ന നിലയിൽ അവരെ തൃപ്തിപ്പെടുത്തിയിരുന്നില്ല. അവർക്ക് എഴുത്തെന്നത് വേദനാജനകമായ ഒരു അനുഭവമാണ്. അതുപോലെ തന്നെ അത് അവർക്ക് നാണക്കേടുമാണ്. ‘സിമ്പിൾ പാഷൻ’ എന്ന പുസ്തകത്തിന്റെ അവസാനത്തിൽ ആനി എഴുതുന്നുണ്ട്. “ഓരോ പുസ്തകവും എഴുതി അവസാനിപ്പിക്കുമ്പോൾ എന്നിൽ കടുത്ത ഉത്കണ്ഠ ഉണ്ടാവും. എഴുതിയതൊക്കെ പുസ്തകമാവുമ്പോൾ ഞാനെന്ന എഴുത്തുകാരിയെ, എൻ്റെ ജീവിതത്തെ വായനക്കാരാവുമല്ലോ വിധിക്കുക. എന്റെ ഇതുവരെയുള്ള ജീവിതത്തെ അവർ വായിക്കുമ്പോൾ, വിലയിടുമ്പോൾ എനിക്ക് തെല്ല് നാണക്കേട് തോന്നുന്നു. പലപ്പോഴും, എന്റെ പുസ്തകം എഴുതി അവസാനിക്കുമ്പോൾ ഞാൻ മരിച്ചുപോയേക്കുമെന്ന ഭയം എന്നെ പിടികൂടുന്നു”.
ആനി തന്റെ ജീവിതത്തെ തുറന്നെഴുതുമ്പോൾ അവർ അനുഭവിക്കുന്ന വിമോചനത്തെയാണ് അവരുടെ ഓരോ പുസ്തകത്തിലും അടയാളപ്പെടുത്തുന്നത്. തന്റെ ജീവിതത്തിലെ ഏടുകൾ അവരെഴുതുമ്പോൾ അതുവരെ അനുഭവിച്ച തിക്കുമുട്ടലിൽ നിന്ന് അവർ വിമോചിതയാകുമെന്ന് അവർ ധരിക്കുന്നു. “ഞാൻ തുറന്നെഴുതുകയായിരുന്നു. അതിന്റെ വരുംവരായ്മകളെക്കുറിച്ചു ഓർത്തതേ ഇല്ല. എന്നാൽ, ഓരോ പുസ്തകവും എഴുതി ഒടുവിലെത്തുമ്പോൾ ഞാൻ തെല്ല് ആശ്ചര്യത്തോടെയും നാണക്കേടോടെയും കൂടിയാകും അതിനെ നോക്കുക”, അവർ എഴുതുന്നു. ആ നാണക്കേടിനെയും അതിജീവിച്ചു അവർ എഴുതിയത് എന്ത് കൊണ്ടാകും? തന്റെ ജീവിതം എഴുത്തിലൂടെ അനാവൃതമാക്കുന്നതിലൂടെ താൻ അനുഭവിച്ച ജീവിതത്തിന്റെ തീക്ഷ്ണതയെ അതിജീവിക്കാൻ കഴിയുമെന്ന് അവർ വിശ്വസിച്ചു. “ഞാനെഴുതുന്നത് ഞാൻ ഒറ്റക്കായതു കൊണ്ടാണ്. എന്റെ ജീവിതത്തിലെ ശൂന്യതയെ മറികടക്കാൻ ഞാൻ എഴുത്തിൽ അഭയം തേടുന്നു. എന്റെ ജീവിതത്തിലെ എല്ലാ ഓർമ്മകളെയും, 58 ലെ ഫ്രാൻസിലെ രാഷ്ട്രീയാവസ്ഥയെ, അവിചാരിതമായി ഗർഭം പേറി നിയമത്തിനെതിരായി ഗർഭച്ഛിദ്രം നടത്തിയത്, മാതാപിതാക്കളുടെ സ്നേഹത്തിന്റെ നാളുകളെക്കുറിച്ച്, അച്ഛനെക്കുറിച്ച്, മറവിരോഗം പിടിപെട്ട അമ്മയെക്കുറിച്ച്, പ്രണയ കാമനകളുടെ നാളുകളിലെ ജീവിതത്തെക്കുറിച്ച്. അങ്ങനെ, എന്റെ ജീവിതത്തിലെ അസഹനീയമായ ഓർമ്മകളെ തുരത്താൻ എഴുത്തായിരുന്നു എനിക്ക് മറുമരുന്ന്”, ആനി എഴുതുന്നു. പക്ഷെ, ആനി എർണോവിന് എഴുത്ത് മറുമരുന്നായില്ല, കിട്ടാതെ പോയ സ്നേഹത്തിനോടുള്ള കലഹമായി അവർക്ക് എഴുത്ത്. തന്റെ ജീവിതം അവരോടു തുറന്നു പറയുമ്പോഴൊക്കെ തന്റെ കാമുകന്മാർ തന്നെ ഉപേക്ഷിച്ചു പോകുന്നതിൽ അവർ ആശ്ചര്യപ്പെട്ടു. സങ്കടങ്ങളുടെ പെരുമഴയിൽ അവർ അങ്ങനെ തുടരെ നനഞ്ഞുകൊണ്ടിരുന്നു. അവിടെയൊക്കെ എഴുത്ത് അവർക്ക് അത്താണിയായി.
ഫ്രാൻസിലെ ജനകീയരായ എഴുത്തുകാരിൽ പ്രമുഖയാണ് ആനി എർണോ. ഇടക്കിടെയുള്ള പരിഭാഷയിലൂടെ ഇംഗ്ലീഷ് വായനക്കാർക്കും അവർ സുപരിചിതയാണ്. അവരുടെ നൊബേൽ വിജയം ഒരു ആശ്ചര്യമൊന്നുമല്ല. തന്റെ ജീവിതത്തെ സൂക്ഷ്മമായി രേഖപ്പെടുത്തിയ ആനിയുടെ എഴുത്തിലെ സത്യസന്ധത എത്രയോ വർഷങ്ങൾക്കു മുൻപേ വായനക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. “ഞാൻ അംഗീകരിക്കപ്പെടുക എന്നത് ഫ്രഞ്ച് സാഹിത്യലോകത്തില ത്ര എളുപ്പമായിരുന്നില്ല. എന്റെ എഴുത്തുകളെ നിരൂപകർ മാനിച്ചതേയില്ല. മറിച്ച്, അവരൊക്കെ തരം കിട്ടുമ്പോഴൊക്കെ എന്നെ കളിയാക്കുകയും ചെയ്യുമായിരുന്നു. ഫ്രഞ്ച് കലാലോകം ആണുങ്ങളുടെ വരുതിയിലാണ്. അതൊന്നും അങ്ങനെ മാറാൻ പോകുന്നില്ല”, അവർ എഴുതി. വിമർശനങ്ങൾക്ക് അവർ പക്ഷേ ചെവി കൊടുത്തില്ല. വായനക്കാർ, പ്രത്യേകിച്ച് സ്ത്രീ വായനക്കാർ അവർക്ക് നിരന്തരം കത്തുകളെഴുതി. അവർക്ക് പിന്നിൽ പ്രചോദനമായി ആ വായനക്കാർ നിന്നു. അവർക്ക് ആനി ഒരു തികഞ്ഞ കലാപകാരി കൂടിയായിരുന്നു.
ആനിയുടെ പുസ്തകങ്ങൾ ഫ്രഞ്ച് സമൂഹത്തിലെ സ്ത്രീയുടെ ഭൂതകാലം പറയുന്നതാണെങ്കിലും, അതൊക്കെ അക്കാലത്തെ രാഷ്ട്രീയ-സാമൂഹിക രേഖാചിത്രങ്ങൾ കൂടിയാണ്. യുദ്ധാനന്തര ഫ്രാൻസിലെ താഴ്ന്ന ക്ലാസ് യുവത്വത്തെക്കുറിച്ച് "ദി ഇയേഴ്‌സിൽ" അവർ എഴുതുന്നുണ്ട്. എളിമയുള്ളതും വിശദാംശങ്ങൾ നിറഞ്ഞതുമായ അവരുടെ എഴുത്തിന്റെ ശക്തി തന്നെ മിനുക്കിയെടുത്ത ചെറുവാക്യങ്ങളിലൂടെ കഥ പറയുന്ന രീതിയാണ്. റേച്ചൽ കസ്‌കിന്റെയും ഷീല ഹെറ്റിയുടെയും രോഷം നിറഞ്ഞ സൃഷ്ടികളിൽ ആനി എർണോയുടെ സ്വാധീനം നമുക്ക് കാണാനാവും.
ആത്മകഥയെഴുത്തിൽ ഒരു വിസ്ഫോടനമാണ് ആനി എർണോ എന്നാണ് എഡ്‌വേഡ് ലൂയി എന്ന ഫ്രഞ്ച് എഴുത്തുകാരൻ അവരെ വിശേഷിപ്പിക്കുന്നത് "ഹാപ്പനിംഗ്" പറയുന്നത് അബോർഷൻ നിരോധിച്ച ഫ്രാൻസിൽ അവിചാരിതമായി ഗർഭം ധരിക്കേണ്ടി വന്ന അവിവാഹിതയായ സ്ത്രീയുടെ ജീവിതമാണ്. അബോർഷൻ നിയമവിധേയമാക്കുന്നതിലെ പോരാട്ടത്തിലും ആനി എർണോ വലിയ പങ്ക് വഹിച്ചു. തന്റെ കൗമാരകൂതൂഹലങ്ങളും ലൈംഗിക സാഹസികതയുമൊക്കെയാണ് "എ ഗേൾസ് സ്റ്റോറി". അച്ഛനെക്കുറിച്ചുള്ളതാണ് “എ മാൻസ് പ്ലേസ്”, അമ്മയുടെ അൽഷിമേഴ്‌സ് രോഗത്തെക്കുറിച്ചുള്ളതാണ് “ഐ റിമൈൻ ഇൻ ഡാർക്‌നെസ്സ്”, “ഗെറ്റിങ് ലോസ്റ്റ്” ആണ് ഏറ്റവും അവസാനമായി പുറത്തിറങ്ങിയ പുസ്തകം. 1988 മുതൽ 1990 വരെയുള്ള ഡയറി എൻട്രികൾ ആണത്. സോവിയറ്റ് നയതന്ത്രജ്ഞനായ ഒരാളുമായി അവരുടെ പ്രണയമാണ് അതിന്റെ ഇതിവൃത്തം. ഫ്രാൻസിലെ സബ് അർബൻ പ്രവിശ്യയിയായ സെർജിയിലാണ് എഴുത്തിൽ സജീവമാകുന്ന 1970 കളുടെ മദ്ധ്യകാലം മുതൽ അവർ താമസിച്ചു വരുന്നത്.
നൊബേൽ കിട്ടുമ്പോൾ ഉച്ചയൂണിന് ഒരുങ്ങുകയായിരുന്നു ആനി. അടുക്കളയിലെ റേഡിയോ ഓൺ ചെയ്തു വെച്ചിരുന്നു. ആർക്കായിരിക്കും നെബേൽ എന്നറിയാനുള്ള കൗതുകമായിരുന്നുവത്രേ അപ്പോൾ അവരുടെ മനസ്സിൽ. “പുതിയ തലമുറ എന്നെ അറിയാൻ വായിക്കണമെന്ന് തോന്നുന്ന പുസ്തകം ‘ദി ഇയേഴ്സ്’ ആണ്. യുവ എഴുത്തുകാർ നന്നായി വായിക്കണം. നല്ല എഴുത്തുക്കൾക്കു വേണ്ടി സത്യസന്ധമായി എഴുതാൻ ശ്രമിക്കുകയാണ് പുതിയ തലമുറ ചെയ്യേണ്ടത്.”, അവർ പറയുന്നു.