OPINION

'തര്‍ക്കമൊക്കെ വാര്‍ത്തയില്‍ മാത്രം, കാനഡയില്‍ ഞങ്ങള്‍ സേഫാണ്'

ഇന്ത്യ - കാനഡ ബന്ധത്തില്‍ ഉലച്ചിലിന് കാരണമായ ഹര്‍ദീപ് സിങ് നിജ്ജാർ വധം നടന്ന ബ്രിട്ടീഷ് കൊളംബിയയിലെ സറെയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ജീവിതത്തെക്കുറിച്ച് എഴുതുകയാണ് അവിടെ വിദ്യാര്‍ഥിയായ ലേഖിക

സൂര്യ വി

കാനഡ മലയാളികളുടെ വാഗ്ദത്തഭൂമിയായി മാറിയിട്ട് അധികകാലമായിട്ടില്ല. കാനഡയിലേക്ക് സ്ഥിരതാമസം (പി ആര്‍) ലഭിച്ച് പോകുന്നവരുടെയും സ്റ്റുഡന്റ് വിസയില്‍ പോകുന്നവരുടെയും എണ്ണം പ്രതിവര്‍ഷം വര്‍ധിക്കുകയാണ്. ഗള്‍ഫിലെ സ്വദേശിവത്കരണവും കോവിഡിനുശേഷമുള്ള തൊഴില്‍ നഷ്ടവും സാമ്പത്തികമാന്ദ്യവും കാനഡയിലേക്കുള്ള കുടിയേറ്റം വര്‍ധിപ്പിച്ചു. എന്ത് ജോലി ചെയ്തിട്ടാണെങ്കിലും ജീവിതം കരുപ്പിടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലക്ഷക്കണക്കിന് മലയാളികള്‍ കാനഡയെന്ന പുതിയ പറുദീസയിലേക്ക് എത്തുന്നത്.

ജൂണ്‍ 18നാണ് നിജ്ജാര്‍ കൊല്ലപ്പെടുന്നത്. ജൂണ്‍ 20 നാണ് ഞങ്ങള്‍ ഇവിടെയെത്തുന്നത്. ഒരു രാഷ്ട്രീയ കൊലപാതകം നടന്നതിന്റെ യാതൊരുവിധ കോലാഹലങ്ങളും ഇവിടെയുണ്ടായിരുന്നില്ല. വളരെ ശാന്തമായ അന്തരീക്ഷം

ഞാനും അതേ ലക്ഷ്യത്തോടെ തന്നെ കാനഡയിലേക്ക് എത്തിയതാണ്. പത്തുവര്‍ഷം നീണ്ട മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടാണ് ഇവിടേക്ക് സ്റ്റുഡന്റ് വിസയില്‍ കുടുംബവുമൊത്ത് എത്തിയത്. നിലവില്‍ ബ്രിട്ടീഷ് കൊളംബിയയിലെ സറെയ് (Surrey) എന്ന സ്ഥലത്താണ് താമസം. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ്ങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് യു എസ് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന സെറേയ് നഗരം വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. ഞങ്ങള്‍ താമസിക്കുന്നിടത്തുനിന്ന് നാല് കിലോമീറ്റര്‍ ദൂരം മാത്രമേ നിജ്ജാര്‍ കൊല്ലപ്പെട്ട ഗുരുദ്വാരയിലേക്കുള്ളൂ. ജൂണ്‍ 18നാണ് നിജ്ജാര്‍ കൊല്ലപ്പെടുന്നത്. ജൂണ്‍ 20 നാണ് ഞങ്ങള്‍ ഇവിടെയെത്തുന്നത്. ഒരു രാഷ്ട്രീയ കൊലപാതകം നടന്നതിന്റെ യാതൊരുവിധ കോലാഹലങ്ങളും ഇവിടെയുണ്ടായിരുന്നില്ല. വളരെ ശാന്തമായ അന്തരീക്ഷം.

ബ്രിട്ടീഷ് കൊളംബിയയിലെ മിനി ഇന്ത്യ എന്നാണ് സറെയ് അറിയപ്പെടുന്നത്. ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെ കാലത്തുതന്നെ കുടിയേറിപ്പാര്‍ത്ത പഞ്ചാബികളുടെ കോട്ടയാണ് സറെയ്. ചുരുക്കി പറഞ്ഞാല്‍ കാനഡയിലെ 'പഞ്ചാബി ഹൗസ്'. സൂപ്പര്‍ മാര്‍ക്കറ്റുകളും കടകളുമെല്ലാം ഇന്ത്യയിലേതിന് സമാനം. മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ബ്രിട്ടീഷ് കൊളംബിയയിലേക്ക് ആദ്യമായി വരുമ്പോള്‍ താമസിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലൊന്നാണ് സറെയ്. നാട്ടില്‍നിന്ന് മാറിനില്‍ക്കുന്ന പ്രതീതിയില്ലാത്തത് തന്നെ കാരണം.

കാനഡയിലെ സാഹചര്യം സംബന്ധിച്ച നാട്ടിലെ ഭൂരിഭാഗം വാര്‍ത്തകളും അന്യാവശ്യ ഭീതിപരത്തുന്നതും വസ്തുനിഷ്ഠമല്ലാത്തതുമാണ്. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ ഉലച്ചിലുണ്ട്, എന്നാല്‍ അതൊന്നും ജനജീവിതത്തെ ബാധിച്ചിട്ടില്ല

പുതിയൊരു രാജ്യത്ത് എത്തിയ കൗതുകം ആവോളമുണ്ടായിരുന്നതുകൊണ്ട് നടന്നും ബസ്സിലുമൊക്കെയായി മിക്ക ദിവസവും സറെയ് ചുറ്റിക്കാണാനിറങ്ങാറുണ്ടായിരുന്നു. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ ഇവിടെ വേനലാണ്. സെപ്റ്റംബര്‍ പകുതിയോടെയാണ് തണുപ്പ് തുടങ്ങുന്നത്. വേനല്‍ക്കാലം കാനഡയിലുള്ളവരെ സംബന്ധിച്ച് ആഘോഷകാലമാണ്. ക്യാംപിങ്ങും ട്രെക്കിങ്ങുമൊക്കെയുള്ള വെക്കേഷന്‍ കാലം. നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്ററുകളോ പ്രചരണങ്ങളോ പ്രതിഷേധങ്ങളോ ഒന്നും തന്നെ ആ സമയത്ത് കണ്ടിരുന്നില്ല. ജനജീവിതം സാധാരണ പോലെയായിരുന്നു. ഓഗസ്റ്റ് അവസാനത്തോടെ സറെയില്‍ ചിലയിടങ്ങളില്‍ ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ മാസം ഖലിസ്ഥാന്‍ അനുകൂലികള്‍ രണ്ടോ മൂന്നോ റാലികള്‍ സംഘടിപ്പിച്ചിരുന്നു.

ക്ലാസിന്റെയും പഠനത്തിന്റെയും തിരക്കിലേക്ക് ഞാനും കടന്നു. എന്നാല്‍ കഴിഞ്ഞ മാസം മുതല്‍ പതിവില്ലാതെ നിരവധി ബന്ധുക്കളും സുഹൃത്തുക്കളും ''അവിടെ പ്രശ്‌നം എന്തെങ്കിലുമുണ്ടോ? എല്ലാവരും സുരക്ഷിതരല്ലേ?'' എന്നുള്ള മെസേജുകളും ഫോണ്‍ കോളുകളും വരുന്നത്. അപ്പോഴാണ് ഇവിടെ എന്താണ് പ്രശ്‌നമെന്നറിയാന്‍ നാട്ടില്‍നിന്നുള്ള വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നത്. അതില്‍ ഭൂരിഭാഗം വാര്‍ത്തകളും അന്യാവശ്യ ഭീതിപരത്തുന്നതും വസ്തുനിഷ്ഠമല്ലാത്തതുമാണ്. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ ഉലച്ചിലുണ്ട്, എന്നാല്‍ അതൊന്നും ജനജീവിതത്തെ ബാധിച്ചിട്ടില്ല.

ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ തീര്‍ത്തും നയതന്ത്രപരമാണെന്നും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്താല്‍ തീരാവുന്ന പ്രശ്‌നങ്ങള്‍ മാത്രമേയുള്ളൂവെന്നുമാണ് ബ്രിട്ടീഷ് കൊളംബിയയില്‍ പത്ത് വര്‍ഷമായി താമസിക്കുന്ന ലൈസന്‍സ്ഡ് ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റ് കൃഷ്ണാനന്ദ് നായര്‍ പറയുന്നത്. ''കാനഡയിലെ ജനജീവിതത്തെ ഇതൊന്നും ബാധിച്ചിട്ടില്ല. കാനഡയിലേക്ക് ഇനി വിദ്യാര്‍ഥികള്‍ വരുന്നത് സംബന്ധിച്ച് അനാവശ്യമായ ആശങ്കയും ഭീതിയും പടര്‍ന്നിട്ടുണ്ട്. നിലവില്‍ കാനഡ ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് യാതൊരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ല. വിദ്യാര്‍ഥികളെ ഇനി ഇവിടേക്ക് സ്വീകരിക്കില്ലെന്നൊക്കെയുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അതിലൊന്നും യാതൊരു കഴമ്പുമില്ല. ഇവിടെ പ്രത്യേകിച്ച് പ്രതിഷേധങ്ങളോ പ്രക്ഷോഭങ്ങളോ നടക്കുന്നില്ല. കാനഡയിലേക്ക് ഉപരിപഠനത്തിനും ജോലിക്കും സ്ഥിരതാമസത്തിനുമായി അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല,'' കൃഷ്ണാനന്ദ് പറഞ്ഞു.

കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് കാനഡ. കുടിയേറി പാര്‍ത്തവരില്‍ ഭൂരിപക്ഷവും പഞ്ചാബികളാണ്. പതിനഞ്ച് വര്‍ഷമായി കാനഡയില്‍ താമസിക്കുന്ന കുല്‍ദീപ് കൗര്‍ ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെ: ''ഇത്തരം രാഷ്ട്രീയ വിഷയങ്ങള്‍ ഒരിക്കലും സാധാരണ ജനങ്ങളുടെ ജീവിതത്തെ ബാധിക്കാറില്ല. ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനാകില്ല. പക്ഷേ ഇത്തരം രാജ്യാന്തര വിഷയങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ മുന്‍കൈയെടുക്കുന്ന രാജ്യമാണ് കാനഡ. മുന്‍പ് ചൈനയുമായും യു എ ഇയുമായും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. അതെല്ലാം രമ്യമായി പരിഹരിച്ചിട്ടുമുണ്ട്. കാനഡയെ സംബന്ധിച്ച് ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റവും വിദ്യാര്‍ഥി വിസയും പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് പ്രശ്‌നം രൂക്ഷമാകാതിരിക്കാന്‍ കാനഡ ശ്രമിക്കുമെന്ന് തന്നെയാണ് വിശ്വാസം.''

ബ്രിട്ടീഷ് കൊളംബിയയില്‍ മാത്രമല്ല കാനഡയിലെ മറ്റ് പ്രവിശ്യകളിലും ക്രമസമാധാന പ്രശ്‌നങ്ങളില്ല

മുപ്പത്തിമൂന്ന് വര്‍ഷമായി കാനഡയില്‍ താമസിക്കുന്ന, ഡ്രൈവറായി ജോലി നോക്കുന്ന രഘുജിത്തും കുടിയേറ്റം കാനഡയ്ക്ക് ഗുണം മാത്രമേ ചെയ് ചെയ്തിട്ടുള്ളൂവെന്ന പക്ഷക്കാരനാണ്. പഞ്ചാബിലെ ജലന്ധറില്‍നിന്നാണ് രഘുജിത്ത് കാനഡയിലെത്തുന്നത്. കാനഡയില്‍ ഇപ്പോള്‍ കാണുന്ന വികസനത്തിന്റെ കാരണം കുടിയേറ്റമാണെന്ന് രഘുജിത്ത് പറയുന്നു. രഘുജിത്തിന്റെ മൂന്ന് മക്കളും കനേഡിയന്‍ പൗരന്മാരാണ്. ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് രഘുജിത്തും ഭാര്യയും പൗരത്വം സ്വീകരിച്ച് ഇവിടെ സ്ഥിര താമസമാക്കുകയായിരുന്നു.

ബ്രിട്ടീഷ് കൊളംബിയയില്‍ മാത്രമല്ല കാനഡയിലെ മറ്റ് പ്രവിശ്യകളിലും ക്രമസമാധാന പ്രശ്‌നങ്ങളില്ല. സറെയ് പോലെ തന്നെ പഞ്ചാബികള്‍ നിരവധിയുള്ള സ്ഥലമാണ് ബ്രാംപ്റ്റണ്‍. കഴിഞ്ഞ വര്‍ഷമാണ് കൊല്ലം സ്വദേശിയായ ശാരിയും കുടുംബവും ബ്രാംപ്റ്റണിലെത്തുന്നത്. നാട്ടില്‍നിന്നുള്ള ഫോണ്‍ കോളുകളും മെസേജുകളും തുരുതുരാ വന്നപ്പോള്‍ മാത്രമാണ് വാര്‍ത്ത എന്താണെന്നുപോലും അറിഞ്ഞതെന്ന് ശാരി പറഞ്ഞു.

കാനഡയിലേക്ക് ഇന്ത്യക്കാര്‍ വരുന്നത് തടയാനുള്ള ഗൂഢാലോചനയാണോ മാധ്യമവാര്‍ത്തളെന്നാണ് ചെങ്ങന്നൂര്‍ സ്വദേശിയായ രാജേഷിന്റെ സംശയം

ആറു വര്‍ഷമായി ബ്രാംപ്റ്റണിന് സമീപം താമസിക്കുന്ന വ്യക്തിയാണ് ആലപ്പുഴ സ്വദേശിയായ ക്രിയേറ്റീവ് ആര്‍ട്ടിസ്റ്റ് അഞ്ജു പിള്ള. അഞ്ജുവിന്റെ പ്രതികരണം ഇങ്ങനെ:''കഴിഞ്ഞയാഴ്ചയില്‍പ്പോലും ഏതാനും പഞ്ചാബി സുഹൃത്തുക്കളുടെ കൂടെ ബ്രാംപ്റ്റണില്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്നു. അവരാരും ഇത്തരം വിഷയങ്ങള്‍ ഗൗനിക്കാറില്ല. മാധ്യമങ്ങള്‍ എന്തിനാണ് അനാവശ്യ ഭീതി പരത്തുന്നതെന്ന് മനസിലാകുന്നില്ല.''

കാനഡയിലേക്ക് ഇന്ത്യക്കാര്‍ വരുന്നത് തടയാനുള്ള ഗൂഢാലോചനയാണോ മാധ്യമവാര്‍ത്തളെന്നാണ് ചെങ്ങന്നൂര്‍ സ്വദേശിയായ രാജേഷിന്റെ സംശയം.

കാനഡയിലിപ്പോള്‍ ശരത് കാലമാണ്. ഇവിടുത്തെ ഏറ്റവും സുന്ദരമായ ഋതുക്കളിലൊന്ന്. വേനല്‍ക്കാലത്തില്‍നിന്ന് തണുപ്പ് കാലത്തിലേക്കുള്ള മാറ്റം. മഞ്ഞുപുതപ്പിലേക്ക് കാനഡ മറയുന്നതിന് മുന്‍പ് ശരത്കാല ഭംഗിയാസ്വദിക്കുന്ന തിരക്കിലാണ് ഇവിടെയുള്ള ഓരോരുത്തരും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ