'ആത്മകഥയില്‍ നിറയുന്ന ചരിത്ര നിഷേധങ്ങള്‍' എന്ന പേരില്‍ പിഎസ് ശ്രീകലയുടെ ദീര്‍ഘമായ വിമര്‍ശ ലേഖനം സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ചതായി കണ്ടു. കെ കെ കൊച്ചിന്റെ 'ദളിതനും' എം കുഞ്ഞാമന്റെ 'എതിരു'മാണ് വിമര്‍ശവിധേയമായ ഗ്രന്ഥങ്ങള്‍. അയ്യങ്കാളി ഗാന്ധിജിയോട് നടത്തിയ സംഭാഷണമധ്യേ തന്റെ അഭിലാഷമെന്ന് മഹാത്മ സൂചിപ്പിച്ച പത്ത് ബിഎക്കാരില്‍ രണ്ടാളുകള്‍ എന്ന് നമുക്ക് ശങ്കയേതുമില്ലാതെ ഉറക്കപ്പറയാവുന്നവരാണ് കെ കെ കൊച്ചും ഡോ. എം കുഞ്ഞാമനും. പേരുകൊണ്ടുപോലും അധസ്ഥിതത്വം ദ്യോതിപ്പിക്കുന്ന രണ്ടാളുകളെന്നും അവരെക്കുറിച്ച് പറയാം.
തിരുവിതാംകൂറിലെ കീഴാളരായ പുലയ സമുദായത്തില്‍ പിറന്നയാളാണ് കൊച്ച്. മലബാറിലെ കീഴാളരില്‍ കീഴാളരായ പാണന്‍ സമുദായത്തിലാണ് എം കുഞ്ഞാമന്‍ ജനിച്ചത്. പുലയര്‍ അംഗസംഖ്യയിലും ജീവിത നിലവാരത്തിലും മെച്ചമായിരുന്നെങ്കില്‍ പാണര്‍ പതിതത്വത്തിന്റെ അങ്ങേയറ്റത്താണ്. കുഞ്ഞാമന്‍ വിവരിക്കുന്ന ജീവിത സാഹചര്യം ഞാന്‍ കണ്ടിട്ടുള്ളത് കാസര്‍ഗോട്ടെ കൊറഗര്‍ക്ക് മാത്രമാണ്. ഇന്നും കൊറഗര്‍ വള്ളികൊണ്ട് കൊട്ടമെടയുന്നു, പാണര്‍ അന്ന് ഓല കൊണ്ട് കുട കെട്ടുന്നു എന്നാരു വ്യത്യാസം മാത്രം. പാണന്‍ പറയടായെന്ന് കുഞ്ഞാമന്റെ അധ്യാപകന്‍ പറഞ്ഞപ്പോള്‍ തന്റെ പേര് വിളിക്കണമെന്ന് തിരിച്ച് പറഞ്ഞതിന് 'നിന്നെ ജാതിപ്പേര് വിളിച്ചാല്‍ എന്താടാ' എന്ന് അലറിക്കൊണ്ട് അയാള്‍ ചെകിട്ടത്തടിച്ചതായാണ് അദ്ദേഹം പറയുന്നത്.
1970 കളിലാണ് ഞാന്‍ പ്രൈമറി വിദ്യാഭ്യാസം ചെയ്യുന്നത്. നാലാം ക്ലാസില്‍ എന്നെ കണക്ക് പഠിപ്പിച്ചിരുന്ന വേലായുധന്‍ മാഷ് തൂവെള്ള ഖദര്‍ ധരിച്ചുവരുന്നയാളായിരുന്നു. അദ്ദേഹം ബോര്‍ഡില്‍ കണക്കെഴുതിയിട്ടിട്ട് ആദിവാസിക്കുട്ടികളെ ചൂണ്ടി 'പറയടാ കുറുമാ' എന്നു പറഞ്ഞിരുന്നു. കുഞ്ഞാമന്റെ അനുഭവ വിവരണം വായിച്ചപ്പോള്‍ ,നാലാം ക്ലാസില്‍ എന്റെ അരികിലിരുന്ന് മാഷുടെ ജാതിപ്പേര് വിളി കേട്ട് ചൂളിയ, ഉത്തരം പറയാനാകാതെ അടി വാങ്ങിയ മാധവന്‍ എന്ന ആദിവാസി വിദ്യാര്‍ത്ഥിയെ ഞാന്‍ ഓര്‍ത്തുപോയി.
ജാതി ജന്മിനാടുവാഴിത്തമെന്ന് കമ്യുണിസ്റ്റുകാര്‍ വ്യവഹരിക്കുകയും എന്നാല്‍ ആ അധീശത്വ വ്യവസ്ഥയും അതിന്റെ പ്രത്യയശാസ്ത്ര രൂപങ്ങളും ഇല്ലാതെയാവണമെങ്കില്‍ വിപ്ലവം വിജയിക്കണമെന്നുള്ള വിശ്വാസമാണ് ഇവിടത്തെ യഥാര്‍ത്ഥ പ്രശ്‌നം. ജാതിവ്യവസ്ഥക്കെതിരെയായിരുന്നു കേരളീയ നവോത്ഥാനം നിലകൊണ്ടത്. ഭൂമിയും വിദ്യാഭ്യാസവും ഭരണവും അധഃസ്ഥിത ജാതികള്‍ക്കും വേണമെന്നതായിരുന്നു അതിന്റെ മുദ്രാവാക്യം.
വ്യത്യസ്ത ശൈലികളിലാണ് രണ്ട് ആത്മകഥകളും എഴുതപ്പെട്ടത്. 'എതിര്' 150 പേജിലൊതുങ്ങുമ്പോള്‍ 'ദലിതന്‍' 400 പേജില്‍ നിറയുന്നു. കൊച്ചു കൊച്ചു വാചകങ്ങളില്‍ ചരിത്രം അഭിവ്യഞ്ജിപ്പിക്കുന്ന ശൈലിയാണ് 'എതിരി'ന്റെ സവിശേഷത. വാമൊഴിയിലായതു കൊണ്ടാവാം ആ ആറ്റിക്കുറുക്കലിനു പറ്റിയത്. വരമൊഴിയിലായിട്ടും ദലിതനില്‍ വൃഥാ സ്ഥൂലത കാര്യമായുണ്ടായിട്ടില്ല. ഉത്തരഭാഗത്ത് നമുക്കത് അല്പം തോന്നുന്നത് സമരജീവിതത്തെക്കുറിച്ചുള്ള വിവരങ്ങളായതിനാലാണ്. മുത്തങ്ങയോ ചെങ്ങറയോ പോലുള്ള ബൃഹത്തായ സമരങ്ങളേക്കാള്‍ അത്ര തന്നെ പ്രാധാന്യമുള്ള കൊച്ചു കൊച്ചു സമരങ്ങളിലായിരുന്നു കെ കെ കൊച്ചിന്റെ നേതൃത്വം. ഭൗതികമായാണ് ഈ വിശേഷണം നിലനില്‍ക്കുന്നതെങ്കിലും ബൗദ്ധികമായ ഔന്നത്യമാര്‍ന്ന സമരങ്ങളാണവയൊക്കെ. വിസ്തരഭയത്താലവയെക്കുറിച്ചിവിടെ എടുത്തു പറയുന്നില്ല.
'ബൃഹദാഖ്യാനങ്ങളില്‍ രാജാക്കന്മാരും കൊട്ടാരങ്ങളും പടയോട്ടങ്ങളുമാണുള്ളത്. പരിചാരകരും ചതഞ്ഞരയുന്ന മനുഷ്യരും ഭാരം വലിച്ചു തളര്‍ന്നു വീഴുന്ന മൃഗങ്ങളുമില്ല. ചരിത്ര സൃഷ്ടാക്കള്‍ ഈ അവഗണിതരും അദൃശ്യരാക്കപ്പെട്ടവരും കൂടിയാണ്. സ്ഥൂല ലോകത്തോടൊപ്പം ബഹിഷ്‌കൃതമായ സൂക്ഷമ ലോകത്തിനും ഇടം കിട്ടേണ്ടതുണ്ട്' എന്ന അന്ത്യാക്ഷരങ്ങളോടെയാണ് ദലിതന്‍ അവസാനിക്കുന്നത്. അതില്‍ ശൈലിയും പ്രത്യയശാസ്ത്രവും ഉള്ളടങ്ങിയിട്ടുണ്ട്.
കൊച്ചും കുഞ്ഞാമനും നടത്തുന്നത് ചരിത്രനിഷേധമെന്നാണ് നേരത്തെ സൂചിപ്പിച്ച മലയാളം വാരികയിലെ ശ്രീകലയുടെ ലേഖനം ആരോപിക്കുന്നത്. ഇതാണ് രസകരം. ചരിത്രമല്ല ഇവിടത്തെ പ്രതിപാദ്യം. ജാതി ജന്മിനാടുവാഴിത്തമെന്ന് കമ്യുണിസ്റ്റുകാര്‍ വ്യവഹരിക്കുകയും എന്നാല്‍ ആ അധീശത്വ വ്യവസ്ഥയും അതിന്റെ പ്രത്യയശാസ്ത്ര രൂപങ്ങളും ഇല്ലാതെയാവണമെങ്കില്‍ വിപ്ലവം വിജയിക്കണമെന്നുള്ള വിശ്വാസമാണ് ഇവിടത്തെ യഥാര്‍ത്ഥ പ്രശ്‌നം. ജാതിവ്യവസ്ഥക്കെതിരെയായിരുന്നു കേരളീയ നവോത്ഥാനം നിലകൊണ്ടത്. ഭൂമിയും വിദ്യാഭ്യാസവും ഭരണവും അധഃസ്ഥിത ജാതികള്‍ക്കും വേണമെന്നതായിരുന്നു അതിന്റെ മുദ്രാവാക്യം. അയ്യങ്കാളിയെ മഹാത്മാവാക്കുന്നത് ആ സമരനായകത്വമാണ്. അദ്ദേഹം തുടങ്ങിവച്ച നവോത്ഥാനത്തിന്റെ തുടര്‍ച്ച കമ്യൂണിസ്റ്റ് കാരുടേതാണെന്ന അവകാശവാദത്തെയാണ് കൊച്ചും കുഞ്ഞാമനും തങ്ങളുടെ ജീവിതകഥകൊണ്ട് നിഷേധിക്കുന്നത് അല്ലെങ്കില്‍ വെല്ലുവിളിക്കുന്നത്.
കുട്ടനാടടക്കമുള്ള തിരുവിതാംകൂറില്‍ വിമോചനസമരം കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെയുള്ള കോണ്‍ഗ്രസ് സമരം മാത്രമായിരുന്നില്ലെന്ന് കൊച്ച് നിരീക്ഷിക്കുന്നു. അത് സവര്‍ണ ക്രിസ്ത്യാനികളും നായന്മാരും അധഃസ്ഥിതരായ ഈഴവര്‍ക്കും പുലയര്‍ക്കുമെതിരെ നടത്തിയ അതിക്രമം കൂടിയായിരുന്നു. അതിന്റെ നേരനുഭവമുള്ളയാളാണ് ഗ്രന്ഥകാരന്‍
ഭൂപരിഷ്‌കരണത്തെ നമ്പൂതിരിമാര്‍ക്കുവേണ്ടി അട്ടിമറിച്ചുവെന്ന ഒരാരോപണം 'ദലിതനി' ല്‍ ഉണ്ട്. സമാനമായ ഒന്ന് യോഗക്ഷേമസഭയിലെ നമ്പൂതിരിപ്പാടിന്റെ ഒരു പ്രസംഗത്തെ ചൊല്ലിയും ഉണ്ട്. കൊച്ചിന്റെ വെല്യാച്ചന്‍ കാര്യസ്ഥനായിരുന്ന നെയ്തശേരി മനയുമായി ഇ എം എസിന് ആര്യാ അന്തര്‍ജനം മുഖേന ഒരു ബന്ധം ഉണ്ടായിരുന്നു പോലും. അദ്ദേഹവും വി.ആര്‍ കൃഷ്ണയ്യരുമൊക്കെ മനയില്‍ വന്ന് താമസിക്കാറും സംഭാവന പിരിക്കാറുമുണ്ടായിരുന്നുവെന്നും പറയുന്നു. ഇക്കാര്യങ്ങള്‍ വെല്യാച്ചനില്‍നിന്ന് കൊച്ചിന് ലഭിച്ച നേരറിവാകാനാണ് സാധ്യത. തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ഇതുമായി ചേര്‍ത്തു വെക്കുമ്പോള്‍ സി അച്യുതമേനോന്റെ ആത്മകഥയിലെ ഭൂപരിഷ്‌കരണത്തെ അട്ടിമറിക്കാന്‍ നമ്പൂതിരിപ്പാട് അരുനിന്നു എന്ന ആക്ഷേപം ശരിയാണെന്ന് പറയേണ്ടിവരുമെന്നാണ് കൊച്ച് പറയുന്നത്. ഭൂപരിഷ്‌കരണം നിയമമാകുന്നത് ഇ എം എസ് മുഖ്യമന്ത്രിയായിരിക്കുമ്പോഴല്ല അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് നെയ്തശേരി മനക്കാര്‍ ഭൂപരിഷ്‌കരണ ബില്ല് വരുന്നതിനു മുമ്പേ കുടിയാന്‍മാരെ കുടിയിറക്കുന്നതും രണ്ടര ഏക്കറില്‍ കുടിയിരുത്തുന്നതും ആയിരം ഏക്കറോളം തുണ്ടാക്കി വില്‍ക്കുന്നതുമൊക്കെ മേല്‍ ചൊന്ന ബന്ധവത്തില്‍നിന്ന് കിട്ടിയ മുന്നറിവില്‍ നിന്നായിരിക്കില്ല എന്നനുമാനിക്കാന്‍, ഏതായാലും വസ്തുതകളൊന്നുമില്ല. ഇതു മാത്രമല്ല കൊച്ചിനെതിരെയുള്ള ആരോപണം. അദ്ദേഹം വിമോചന സമരത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ലേഖിക അടക്കമുള്ള ചില കമ്യൂണിസ്റ്റുകളെ പ്രകോപിപ്പിക്കുന്നത്. കുട്ടനാടടക്കമുള്ള തിരുവിതാംകൂറില്‍ വിമോചന സമരം കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെയുള്ള കോണ്‍ഗ്രസ് സമരം മാത്രമായിരുന്നില്ലെന്ന് കൊച്ച് നിരീക്ഷിക്കുന്നു. അത് സവര്‍ണ ക്രിസ്ത്യാനികളും നായന്മാരും അധഃസ്ഥിതരായ ഈഴവര്‍ക്കും പുലയര്‍ക്കുമെതിരെ നടത്തിയ അതിക്രമം കൂടിയായിരുന്നു. അതിന്റെ നേരനുഭവമുള്ളയാളാണ് ഗ്രന്ഥകാരന്‍. അന്നതിനെ ചെറുക്കാന്‍ കഴിയാതിരുന്നത് അക്രമികള്‍ പള്ളിയുടേയും എന്‍ എസ് എസിന്റെയും നേതൃത്വത്തില്‍ സാമുദായികമായി സംഘടിതരായിരുന്നതു പോലെ അധസ്ഥിതര്‍ക്ക് സംഘടിക്കാനുള്ള അവകാശം ഇ എം എസിന്റെയും തോമസ് ഐസക്കിന്റെയും (മാര്‍ക്‌സിസം പറയുകയും മാര്‍ക്‌സിസ്റ്റ് വിരുദ്ധ ഭരണാധികാരികളായി അനവധി കാലം വിരാജിക്കുകയും ചെയ്തതിനാലാകാം ആ വിശേഷണം അവര്‍ക്കു നല്‍കിയത്) പാര്‍ട്ടിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി നല്‍കിയില്ലെന്നും അതുകൊണ്ടാണ് വിമോചനസമരം വിജയിച്ചതെന്നും കൊച്ച് സമര്‍ത്ഥിക്കുന്നുണ്ട്. ഇ എം എസിനെ ഗുരുനാഥനായാണ് കുഞ്ഞാമന്‍ കാണുന്നത്. എം എല്‍ എയായിരുന്ന ഇ എം എസ് അധഃസ്ഥിതരുടെ കൂരകളിലെ ചാണകം മെഴുകിയ തിണ്ണയിലിരുന്നത് കണ്ടപ്പോഴുണ്ടായ 'ഇലക്ട്രിഫൈയിങ് ഇഫക്ടി'നെ പറ്റിയും അദ്ദേഹം അനുസ്മരിക്കുന്നു. ഇ എം എസ് നേരിട്ട് കുഞ്ഞാമനോട് പറയുന്നുണ്ട് താന്‍ വിമര്‍ശാധീതനായ ദൈവമല്ലെന്ന്... ഇ എം എസ് ഉപകാരമില്ലാത്ത എം എല്‍ എയായിരുന്നെന്നും മാര്‍ക്‌സിസത്തിന്റെ ആദ്യകാല വക്താവായ ഒരു പരിഭാഷകനായിരുന്നെന്നും കുഞ്ഞാമന്‍ ശരിയായി തന്നെ നിരീക്ഷിക്കുന്നു. ഇ എം എസിനെ ഇകഴ്ത്തിക്കൊണ്ടല്ല മറിച്ച് ബഹുമാനിച്ചുകൊണ്ടാണ് അദ്ദേഹം ഇതൊക്കെ പറയുന്നത്. പക്ഷേ ഇ എം എസിനെ ദൈവമായും പാര്‍ട്ടിയെ മതമായും കാണുന്നവര്‍ക്കൊരിക്കലുംഅതുള്‍ക്കൊള്ളാനാകില്ല.
രണ്ടു ഗ്രന്ഥകര്‍ത്താക്കളാലും പരാമര്‍ശിതനായ ചരിത്ര പുരുഷനായിരുന്നു ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാടെന്ന ഇ എം എസ്. ബ്രാഹ്‌മണനായി ജനിക്കുകയും കമ്യൂണിസ്റ്റായി ജീവിക്കുകയും ചെയ്ത അദ്ദേഹം സ്വാമി ആനന്ദതീര്‍ത്ഥനെപ്പോലെയോ യു ആര്‍ അനന്തമൂര്‍ത്തിയെപ്പോലെയോ ബ്രാഹ്‌മണിസ്റ്റ് മൂല്യനിരാസം ജീവിതത്തില്‍ പാലിച്ച ഒരാളല്ല. പേരിനൊപ്പമുള്ള ജാതി വാല്‍ കമ്യൂണിസ്റ്റായിരുന്നിട്ടുപോലും എ കെ ജിയെപ്പോലെ മുറിച്ചു മാറ്റിയുമില്ല. പൂണുലുപേക്ഷിച്ചതും നോണ്‍വെജിറ്റേറിയനായതും മാത്രമാണപവാദം. ഇ എം എസിനെ വിമര്‍ശിച്ചതും നിഷേധിച്ചതുമാണ് ചരിത്രനിഷേധമെങ്കില്‍ എന്തു പറയും! വര്‍ഗ്ഗസമരത്തെയും വര്‍ഗ്ഗനിലപാടിനെയും അംഗീകരിക്കാതെ ജാതിവാദം ഉയര്‍ത്തുന്നുവെന്നതാണ് രണ്ട് ആത്മകഥാകാരന്മാര്‍ക്കുമെതിരെ ഉയര്‍ത്തുന്ന വലിയ വിമര്‍ശനം. ഇതുകേട്ടാല്‍ തോന്നും കൊച്ച് പുലയവാദവും കുഞ്ഞാമന്‍ പാണനിസവുമാണുയര്‍ത്തുന്നതെന്ന്. ശ്രേണീവത്കൃതമായ അസമത്വത്തിലൂടെ ജാതികളെ കീഴാളവും മേലാളവുമാക്കുന്ന പ്രക്രിയയില്‍ കീഴാളരോടൊപ്പം നില്‍ക്കുകയെന്നത് ജാതിവാദമാകുന്നതെങ്ങനെ? ഇപ്പോള്‍ തന്നെ സവര്‍ണ സംവരണത്തിന്റെ കാര്യമെടുക്കുക. അത് പാവപ്പെട്ടവര്‍ക്കുള്ള സാമ്പത്തിക സംവരണമാണെന്നാണ് പറയുന്നത്. സവര്‍ണരിലെ നിശ്ചിത ജാതികളെന്നു പറയുമ്പോള്‍ അവിടെ ജാതിയില്ലെന്നാണ് കമ്യൂണിസ്റ്റുകാര്‍ പോലും പറയുന്നത്! എന്‍ എസ് എസ് പറയുന്നതുപോലെ ഒരു ജാതിയെ മാത്രം കണ്ടുള്ള ഉദീരണങ്ങളല്ല ഇവരുടേത്. അയിത്തം, വിശപ്പ്, ദാരിദ്ര്യം, നിരക്ഷരത, പാര്‍പ്പിടം വസ്ത്രമില്ലായ്മ അങ്ങനെ അസമത്വത്തിന്റെയും ഇല്ലായ്മകളുടെയും കാര്യത്തില്‍ പാണനും പറയനും പുലയനുമൊക്കെ വ്യത്യസ്ത ജാതിയാണെങ്കിലും ഒരു വര്‍ഗമോ സമുദായമോ ആണ്. അതിന്റെ രാഷ്ട്രീയം പറയുന്നവര്‍ ജാതിരാഷ്ട്രീയക്കാരാണെന്നാണ് വിവക്ഷ. പാശ്ചാത്യ സിദ്ധാന്തങ്ങളുടെ കള്ളറകളിലെ വ്യാജ നിര്‍മിതികളായി മനുഷ്യരെക്കാണുന്ന രാഷ്ട്രീയം വര്‍ഗ്ഗരാഷ്ട്രീയവും. ബോംബെയിലെ തൊഴിലാളിസമരവുമായി ബന്ധപ്പെട്ട് ഈ കമ്യൂണിസ്റ്റ് ഉഡായിപ്പിനെ അംബേദ്കര്‍ പണ്ടേ തകര്‍ത്തതാണ്. കൊച്ചും കുഞ്ഞാമനും അതിന്റെ പിന്‍തലമുറ രാഷ്ട്രീയം പിന്‍പറ്റുന്നവരാണ്, ആ മൂലാഗ്രം. മാര്‍ക്‌സിസം പഠിക്കാതെ ജാതിവാദമുന്നയിക്കുന്ന കേവല സ്വത്വവാദികളാണ് കൊച്ചും കുഞ്ഞാമനുമെന്നാണ് കമ്യൂണിസ്റ്റെന്ന് പറയുന്ന ചിലരുടെ തെറ്റിദ്ധാരണ. ചെറുപ്രായത്തില്‍ തന്നെ മാര്‍ക്‌സിന്റെ സമ്പൂര്‍ണ കൃതികളും വായിച്ചിട്ടുള്ള ആളാണ് കുഞ്ഞാമന്‍. വര്‍ഗേതര പ്രസ്ഥാനങ്ങളെയും വിമോചനമുന്നേറ്റങ്ങളെയും അവഗണിച്ചതാണ് മാര്‍ക്‌സ് ചെയ്ത തെറ്റെന്ന് കുഞ്ഞാമന്‍ നിരീക്ഷിക്കുന്നുണ്ട്. അതേ തെറ്റാണ് നവോത്ഥാനാനന്തരം കേരളത്തില്‍ കമ്യൂണിസ്റ്റുകള്‍ ചെയ്തത്. വിമോചനസമരത്തെ ചെറുത്തുതോല്‍പ്പിക്കാനാവാത്ത കമ്യൂണിസ്റ്റ് നിസഹായാവസ്ഥയെക്കുറിച്ചുള്ള കൊച്ചിന്റെ നിരീക്ഷണവും ഇതുമായി ചേര്‍ത്തുവായിക്കണം. അക്കാദമിക്കായി കുഞ്ഞാമനും പ്രായോഗികമായി കെ കെ കൊച്ചുമൊക്കെ പഠിച്ചത്ര മാര്‍ക്‌സിസം പഠിച്ചവര്‍ കേരളത്തില്‍ കുറവാണ്. മനുഷ്യന്റെ ഏറ്റവും വലിയ അനുഭവം വിശപ്പാണെന്നും ദാരിദ്ര്യo ഇല്ലായ്മ ചെയ്യലാണ് ഏറ്റവും വലിയ പ്രവര്‍ത്തനമെന്നുമുള്ള അടിസ്ഥാന ചിന്തയില്‍ കെട്ടിപ്പടുത്ത രാഷ്ട്രീയമാണിവരുടേത്. അതുകൊണ്ടു തന്നെ രണ്ടാളും യൗവനാരംഭത്തില്‍ തന്നെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ആകൃഷ്ടരാകുന്നു. ഒരാള്‍ അക്കാദമിക മേഖലയിലും മറ്റേയാള്‍ എഴുത്തിലും കേന്ദ്രീകരിക്കുന്നു. രണ്ടാളും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ തുടങ്ങി നക്‌സലൈറ്റ് പ്രസ്ഥാനവുമായി ആശയപരമായി സഹകരിക്കുന്നു. രണ്ടാളും മൗലികമായി ഉയര്‍ത്തിപ്പിടിക്കുന്നത് ദലിത്- ആദിവാസി രാഷ്ട്രീയമാണ്. അംബേദ്കറെപ്പോലെ ജാതീയതയുടെ ദുരന്തപാതകള്‍ കടന്നുവന്നതിനാല്‍ ഇവര്‍ രണ്ടു പേരും ജാതിവിരുദ്ധതയാണ് പിന്‍പറ്റുന്നത് അല്ലാതെ ജാതീയതയല്ല. എയര്‍ ഇന്ത്യയാണോ ഇന്‍ഡിഗോയാണോ നല്ലതെന്ന് ചര്‍ച്ച ചെയ്യുന്ന വര്‍ഗരാഷ്ട്രീയക്കാരാണ് കുഞ്ഞാമനെയും കൊച്ചിനെയും ജാതിവാദികളും സ്വത്വ രാഷ്ട്രീയക്കാരുമാക്കി അവഹേളിക്കുന്നതാണ് ചരിത്രത്തിന്റെ വൈതാളിക പ്രഹസനം.