OPINION

ജാതി സെന്‍സസും സംവരണവും തിരഞ്ഞെടുപ്പ് അജണ്ട നിര്‍ണയിക്കുമ്പോള്‍

ജനസംഖ്യ സെന്‍സസിനൊപ്പം ജാതി സെന്‍സസും വേണമെന്നും നിയമനിര്‍മാണ സഭകളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പാക്കണമെന്നുമുള്ള കോണ്‍ഗ്രസിന്റെ ആവശ്യം ബി ജെ പിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്

കെ സുനിൽ കുമാർ

നരേന്ദ്ര മോദി അധികാരത്തില്‍ വന്ന 2014 മുതല്‍ ദേശീയ രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പുകളിലും മുഖ്യ അജണ്ട നിശ്ചയിച്ചിരുന്നത് ബി ജെ പിയായിരുന്നു. 2019ല്‍ മോദി വിജയം ആവര്‍ത്തിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പിലും രാഷ്ട്രീയ അജണ്ട നിശ്ചയിച്ചത് സംഘപരിവാര്‍ തന്നെ. 2024ലും മൂന്നാമതും വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് മുന്നാക്ക സംവരണം നടപ്പാക്കിയും പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ വനിത സംവരണ ബില്‍ അവതരിപ്പിച്ചും ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചും അവര്‍ അജണ്ട നിശ്ചയിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പ്രതീക്ഷിച്ചതില്‍നിന്ന് വ്യത്യസ്തമാണ് ദേശീയ രാഷ്ട്രീയത്തിലെ അപ്രതീക്ഷിത മാറ്റങ്ങള്‍.

കോണ്‍ഗ്രസ് ദേശീയനേതൃത്വം അഖിലേന്ത്യ തലത്തില്‍ ജനസംഖ്യ സെന്‍സസിനൊപ്പം ജാതി സെന്‍സസ് കൂടി നടപ്പാക്കണമെന്നും നിയമനിര്‍മാണ സഭകളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പാക്കണമെന്ന ആവശ്യമുന്നയിക്കുന്നതും ബി ജെ പിക്കും മോദി സര്‍ക്കാരിനും വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തെ എങ്ങനെ മറികടക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ബിജെപി നേതൃത്വം

നിതീഷ് കുമാറും തേജസ്വി യാദവും നയിക്കുന്ന ബിഹാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവിട്ടതും വനിത സംവരണത്തില്‍ ഒ ബി സി സംവരണം വേണമെന്ന പ്രതിപക്ഷ ആവശ്യവും പുതിയ രാഷ്ട്രീയ അജണ്ടക്കാണ് വഴിതുറന്നത്. 2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നവംബറില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോഴാണ് ഈ മാറ്റം. രാജസ്ഥാനിലും ഛത്തിസ്‌ഗഢിലും ജാതി സെന്‍സസ് നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ബി ജെ പിയെ പുറത്താക്കിയ കര്‍ണാടകത്തില്‍ 2015ല്‍ നടത്തിയ ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട്, ഒഡിഷ സര്‍ക്കാരുകളും ഇതേ നീക്കത്തിലാണ്.

കോണ്‍ഗ്രസ് ദേശീയനേതൃത്വം അഖിലേന്ത്യ തലത്തില്‍ ജനസംഖ്യ സെന്‍സസിനൊപ്പം ജാതി സെന്‍സസ് കൂടി നടപ്പാക്കണമെന്നും നിയമനിര്‍മാണ സഭകളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പാക്കണമെന്ന ആവശ്യമുന്നയിക്കുന്നതും ബി ജെ പിക്കും മോദി സര്‍ക്കാരിനും വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തെ എങ്ങനെ മറികടക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ബിജെപി നേതൃത്വം. ജാതി സെന്‍സസ് രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ഗൂഢാലോചനയാണ് എന്ന് ആരോപിച്ച് നരേന്ദ്ര മോദിയും ബി ജെ പിയും പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് ജനങ്ങളോട് വിശദീകരിക്കുക എളുപ്പമല്ലെന്ന് അവര്‍ക്കറിയാം. ജാതി സെന്‍സസ് എന്ന ആവശ്യത്തെ പൂര്‍ണമായി തള്ളിപ്പറയുന്നത് വഴി ബി ജെ പി, ഒ ബി സി വിഭാഗങ്ങളില്‍നിന്ന് അകലാന്‍ കാരണമാകും. നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചാല്‍ സവര്‍ണവിഭാഗങ്ങളുടെ എതിര്‍പ്പിന് കാരണമാകും. ഏത് തരത്തിലാകും ബി ജെ പി ഈ പ്രതിസന്ധിയോട് പ്രതികരിക്കുകയെന്ന് വ്യക്തമായിട്ടില്ല. പൗരത്വനിയമ ഭേദഗതിക്കെതിരായ സമരങ്ങളും കര്‍ഷകസമരവും മണിപ്പൂര്‍ വംശഹത്യക്കെതിരായ പ്രതിഷേധങ്ങളും മോദിസര്‍ക്കാരിന് കാര്യമായ തലവേദന സൃഷ്ടിച്ചെങ്കിലും വോട്ട് നഷ്ടത്തെക്കുറിച്ച് അത്രയേറെ ആശങ്കയുണ്ടാക്കിയിരുന്നില്ല. എന്നാല്‍ ജാതി സെന്‍സസില്‍ സ്ഥിതി വ്യത്യസ്തമാണ്.

ജാതി സെന്‍സസിനെയും പിന്നാക്ക സംവരണത്തെയും എതിര്‍ത്തിരുന്ന കോണ്‍ഗ്രസ് തന്നെ അതിന്റെ പ്രധാന വക്താക്കളായി മാറിയെന്നതാണ് ശ്രദ്ധേയമായ കാര്യം

കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും കര്‍ണാടകയില്‍ അധികാരം നഷ്ടപ്പെട്ടതിനൊപ്പം 28 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് പ്രതിപക്ഷ സഖ്യം രൂപീകരിച്ചതോടെയാണ് ബി ജെ പിയുടെ പ്രതീക്ഷകള്‍ക്ക് വലിയ തോതില്‍ മങ്ങലേറ്റ് തുടങ്ങിയത്. സഖ്യരൂപീകരണത്തിന് നേതൃത്വം നല്‍കിയ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായ ബിഹാര്‍, ജാതി സെന്‍സസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോടെ ദേശീയരാഷ്ട്രീയത്തില്‍ പുതിയ അജണ്ട നിശ്ചയിക്കപ്പെട്ടു. നിതീഷ് മുന്നോട്ടുവച്ച ജാതി സെന്‍സസ് കോണ്‍ഗ്രസും ഇന്ത്യ സഖ്യത്തിലെ ഭൂരിപക്ഷം പാര്‍ട്ടികളും ഏറ്റെടുത്തു. നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ മിസോറാം ഒഴികെയുള്ള രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, തെലങ്കാന എന്നീ നാലിടത്തും ജാതി സെന്‍സസും പിന്നാക്ക സംവരണവും മുഖ്യ വിഷയമാകുമെന്ന് തീര്‍ച്ചയാണ്. ഒരര്‍ത്ഥത്തില്‍ 90കളിലെ മണ്ഡല്‍- കമണ്ഡല്‍ രാഷ്ട്രീയ ഏറ്റുമുട്ടലിന്റെ മടങ്ങിവരവാണ് ഇതെന്ന് പറയാം.

എന്നാല്‍ ശ്രദ്ധേയമായ ഒരു കാര്യം ജാതി സെന്‍സസിനെയും പിന്നാക്ക സംവരണത്തെയും എതിര്‍ത്തിരുന്ന കോണ്‍ഗ്രസ് തന്നെ അതിന്റെ പ്രധാന വക്താക്കളായി മാറിയെന്നതാണ്. 1953 ജനുവരി 29നാണ് ജവഹര്‍ലാല്‍ നെഹ്രു സര്‍ക്കാര്‍ രാജ്യത്തെ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനും അവരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് നിർദേശങ്ങള്‍ നല്‍കുന്നതിനുമായി കാക കലേക്കര്‍ കമ്മിഷനെ നിയോഗിച്ചത്. 1955 മാര്‍ച്ച് 30ന് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഒന്നര ദശാബ്ദത്തോളം മൗനം പാലിച്ച സര്‍ക്കാര്‍ 1961ല്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു. റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്ന് പിന്നാക്ക വിഭാഗങ്ങളുടെ ജനസംഖ്യ വ്യക്തമായി മനസിലാക്കി അവരുടെ സാമൂഹിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ജാതി സെന്‍സസ് നടപ്പാക്കണമെന്നായിരുന്നു.

പിന്നീട് അടിയന്തരാവസ്ഥയ്ക്കുശേഷം അധികാരത്തില്‍ വന്ന ജനത സര്‍ക്കാരാണ് 1979 ജനുവരി ഒന്നിന് ബിപി മണ്ഡല്‍ അധ്യക്ഷനായ രണ്ടാം പിന്നാക്ക കമ്മിഷനെ നിയോഗിക്കുന്നത്. കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ ജനത സര്‍ക്കാര്‍ അധികാരത്തില്‍നിന്ന് പുറത്തായി. 1980ല്‍ ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണത്തിന് പുറമെ ജാതി സെന്‍സസ് നടപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. 1931ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ഒടുവിലത്തെ ജാതി സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് മണ്ഡല്‍ കമ്മിഷന്‍ മറ്റ് പിന്നാക്കവിഭാഗങ്ങളുടെ ജനസംഖ്യ 52 ശതമാനമെന്ന് കണക്കാക്കി 27 ശതമാനം ഒ ബി സി സംവരണം ശിപാര്‍ശ ചെയ്തത്. അതിനുശേഷം പിന്നാക്കക്കാരുടെ ജനസംഖ്യ കൃത്യമായി കണക്കാക്കാന്‍ കഴിയാത്തതിനാലാണ് ജനസംഖ്യ കണക്കെടുപ്പിനൊപ്പം ജാതി സെന്‍സസ് കൂടി നടത്തണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കമ്മിഷന്റെ ഒരു നിര്‍ദേശവും പരിഗണിച്ചില്ല.

1989ല്‍ അധികാരത്തില്‍ വന്ന വി പി സിങ് സര്‍ക്കാരാണ് ഒരു ദശാബ്ദം അലമാരയില്‍ പൊടിപിടിച്ചിരുന്ന മണ്ഡല്‍ കമ്മിഷന്‍ ശിപാര്‍ശ അനുസരിച്ച് 27 ശതമാനം ഒ ബി സി സംവരണം നടപ്പാക്കുന്നതായി പ്രഖ്യാപിച്ചത്. 1990 ആഗസ്റ്റ് ഏഴിന് പാര്‍ലമെന്റില്‍ വി പി സിങ് നടത്തിയ പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തുവന്നു. മണ്ഡല്‍ വിരുദ്ധ സമരങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കൊപ്പം കോണ്‍ഗ്രസും അണിചേര്‍ന്നിരുന്നു. മണ്ഡല്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ സമൂഹം ജാതിയുടെ പേരില്‍ വിഭജിക്കപ്പെടുമെന്നായിരുന്നു സംവരണത്തെ എതിര്‍ത്ത കോണ്‍ഗ്രസും ബി ജെ പിയും പറഞ്ഞത്.

ഇപ്പോള്‍ 30 വര്‍ഷത്തിനുശേഷം ജാതി സെന്‍സസും സംവരണവും നടപ്പാക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ തങ്ങളുടെ അടിത്തറ തോണ്ടിയ കോണ്‍ഗ്രസ് തെറ്റ് തിരുത്താനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്റെ സാമൂഹിക അടിത്തറ സവര്‍ണര്‍ മാത്രമല്ല, ഭൂരിപക്ഷം വരുന്ന ദലിതരും പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളുമാണെന്ന വസ്തുതയാണ് അവര്‍ വൈകിയെങ്കിലും തിരിച്ചറിയുന്നത്

എന്നാല്‍ യു പിയും ബിഹാറും അടക്കം ഉറച്ച കോട്ടകളായിരുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ അടിത്തറ ഇളകുന്നതിലേക്കാണ് ഈ നിലപാട് എത്തിച്ചത്. അവിടെ ഒരു വശത്ത് മണ്ഡല്‍ രാഷ്ട്രീയത്തിലൂടെ ജനത പരിവാറിന്റെ പ്രാദേശിക രൂപങ്ങളും ബി എസ് പിയും ശക്തിപ്രാപിച്ചു. മറുവശത്ത് രാമജന്മഭൂമി പ്രസ്ഥാനത്തിലൂടെയും വര്‍ഗീയ ധ്രുവീകരണത്തിലൂടെയും ബി ജെ പിയും സംഘപരിവാര്‍ സംഘടനകളും ശക്തിപ്പെട്ടു. ദേശീയരാഷ്ട്രീയം മണ്ഡല്‍ -കമണ്ഡല്‍ രാഷ്ട്രീയമായി വിഭജിക്കപ്പെടുകയും സംഘര്‍ഷപ്പെടുകയും ചെയ്ത കാലമായിരുന്നു 90കള്‍. മണ്ഡല്‍ രാഷ്ട്രീയവും ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയവും ശക്തമായപ്പോള്‍ കോണ്‍ഗ്രസിന്റെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോയി. 1990 ഓഗസ്റ്റ് ഏഴിന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച അവിശ്വാസപ്രമേയത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും ഒന്നിച്ച് വോട്ട് ചെയ്തതോടെ വി പി സിങ് സര്‍ക്കാര്‍ നിലംപതിച്ചു. ജനതപരിവാര്‍ തന്നെ പരസ്പരം പോരടിക്കുകയും ശിഥിലമാകുകയും ബി എസ് പി ദുര്‍ബലപ്പെടുകയും ചെയ്തപ്പോള്‍ പിന്നാക്ക- ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ ഹിന്ദുത്വരാഷ്ട്രീയം പടര്‍ത്തി ബി ജെ പി വേരുറപ്പിച്ചു. എങ്കിലും ദേശീയ തലത്തില്‍ അപ്രസക്തമായെങ്കിലും സംസ്ഥാനങ്ങളില്‍ പിന്നാക്ക രാഷ്ട്രീയത്തെ പൂര്‍ണമായി ഇല്ലാതാക്കാന്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് കഴിയാത്തുകൊണ്ടാണ് യു പിയിലും ബിഹാറിലും ഒഡിഷയിലുമെല്ലാം ജനതാദളിന്റെ പ്രാദേശിക വകഭേദങ്ങളും ഡി എം കെയുമെല്ലാം അവശേഷിക്കുന്നത്.

ഇപ്പോള്‍ 30 വര്‍ഷത്തിനുശേഷം ജാതി സെന്‍സസും സംവരണവും നടപ്പാക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ തങ്ങളുടെ അടിത്തറ തോണ്ടിയ കോണ്‍ഗ്രസ് തെറ്റ് തിരുത്താനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്റെ സാമൂഹിക അടിത്തറ സവര്‍ണര്‍ മാത്രമല്ല, ഭൂരിപക്ഷം വരുന്ന ദലിതരും പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളുമാണെന്ന വസ്തുതയാണ് അവര്‍ വൈകിയെങ്കിലും തിരിച്ചറിയുന്നത്. 90കളില്‍ ബാബറി മസ്ജിദ് തകര്‍ത്ത് മുന്നേറിയ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ഒരു പരിധിവരെ പ്രതിരോധം തീര്‍ത്തത് മണ്ഡല്‍ രാഷ്ട്രീയമായിരുന്നു. എന്നാല്‍ രണ്ട് തവണ തുടര്‍ച്ചയായി വിജയിച്ച ബി ജെ പി സഖ്യവും സംഘപരിവാര്‍ രാഷ്ട്രീയവും ഇപ്പോള്‍ പതിന്മടങ്ങ് ശക്തമാണ്.

2024ലെ തിരഞ്ഞെടുപ്പ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ജീവന്മരണ പോരാട്ടത്തിന്റെ ഘട്ടമാണ്. അത് നഷ്ടപ്പെട്ടാല്‍ മറ്റൊരവസരം ലഭിക്കുമോയെന്ന് പോലും അവര്‍ ആശങ്കപ്പെടുന്നു. ബി ജെ പി നിശ്ചയിക്കുന്ന അജണ്ടകളില്‍ കുടുങ്ങിയാല്‍ കരകയറുക എളുപ്പമാകില്ലെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തിരിച്ചറിയുന്നുണ്ട്. ഈ ഘട്ടത്തിലാണ് ജാതി സെന്‍സസും പിന്നാക്ക സംവരണവും അജണ്ടയായി പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നത്. വരുന്ന തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിയുടെ ഹിന്ദു ഏകീകരണത്തെ നേരിടാന്‍ കഴിയുന്ന ഒരു സോഷ്യല്‍ എൻജിനീയറിങ് സാധ്യതയായി കോണ്‍ഗ്രസും ഇന്ത്യ സഖ്യവും അതിനെ കാണുന്നുവെന്ന് വേണം കരുതാന്‍.

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം

കള്ളപ്പണ കേസില്‍ അറസ്റ്റ്, ചംപയ് സോറന്റെ ബിജെപി പ്രവേശനം; ഈ വിജയം ഹേമന്ത് സോറന്റെ ആവശ്യമായിരുന്നു

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി