OPINION

ജനാധിപത്യവാദികൾ ഗാന്ധിയുടെ വിലാപയാത്ര പ്രതീകാത്മകമായി പുനർ സൃഷ്ടിക്കണം; ഫാസിസ്റ്റുകൾ അത് ഭയക്കും

വിനോദ് കൃഷ്ണ

ഓരോ അരിമണിയിലും അത് കഴിക്കാൻ പോകുന്ന ആളിന്റെ പേരെഴുതി വച്ചിട്ടുണ്ടാവുമെന്ന് പറയുന്നതുപോലെ ഓരോ വെടിയുണ്ടയിലും ആരുടെ പ്രാണന്റെ ചോരയാണ് പുരളുകയെന്നു നിശ്ചയിച്ചിട്ടുണ്ടാവും. ഗോഡ്‌സെ 9mm ബെരേറ്റ പിസ്റ്റളിൽ ലോഡ് ചെയ്ത ഉണ്ടകളിൽ ഗാന്ധിജിയുടെ പേരുണ്ടായിരുന്നു!

ഹിംസാത്മക ബ്രാഹ്മണിസം സ്വതന്ത്ര ഇന്ത്യയിൽ നടപ്പാക്കിയ ആദ്യത്തെ രാഷ്ട്രീയ പദ്ധതിയാണ് ഗാന്ധിവധം. മതേതര ഇന്ത്യയുടെ തലസ്ഥാനത്താണ് ഗാന്ധി കൊല്ലപ്പെടുന്നത്. അന്ന് മരണത്തിന്റെ നഗരമായിരുന്നു ഡൽഹി. വിഭജനത്തിന്റെ മുറിവുകളേറ്റ മനുഷ്യർ തെരുവുകളിൽ മരിച്ചുവീഴുന്നുണ്ടായിരുന്നു. പലായനദുഃഖവും ദാരിദ്ര്യവും ആധിയും മാത്രം കൈമുതലായ മനുഷ്യരുടെ ചാവുനിലമായി ഡൽഹി മാറിയിരുന്നു. ഗാന്ധിയുടെ നിരാഹാരസമരമാണ് ഈ അവസ്ഥയ്ക്ക് ശമനമുണ്ടാക്കിയത്. പക്ഷേ ആ സമാധാനദൂതൻ ക്രമസമാധാനം തിരിച്ചുകിട്ടിയ അന്തരീക്ഷത്തിൽതന്നെ രക്തസാക്ഷിയായി. വെറുപ്പിനും വിദ്വേഷത്തിനുമെതിരെ നിലകൊണ്ട മനുഷ്യൻ വെറുപ്പിന്റെ ആയുധത്തിന് ഇരയായി. ഈ കൊലപാതകം ഡൽഹിയുടെ മാത്രമല്ല ഇന്ത്യയുടെതന്നെ വെളിച്ചം കെടുത്തി. സ്വതന്ത്ര ഇന്ത്യയിൽ ഔദ്യോഗികമായി ഫാസിസ്റ്റുകൾ പിറന്ന ദിവസം കൂടിയാണ് ജനുവരി 30.

ഇന്ത്യൻ കറൻസികളില്‍നിന്ന് ഗാന്ധി ഈ 10 വർഷത്തിനിടയിലും അപ്രത്യക്ഷമാകാതിരുന്നത്, ഗാന്ധിക്ക് പകരം പുതിയ പാർലമെന്റിന് മുന്നിൽ സവർക്കറുടെ പ്രതിമ വരാതിരുന്നത് ജീവിച്ചിരുന്ന ഗാന്ധിയുടെ ചരിത്രത്തെക്കാൾ, മിലിറ്റന്റ് ഹിന്ദുത്വ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെ പേടിക്കുന്നതുകൊണ്ടാണ്
മഹാത്മാഗാന്ധിയുടെ വിലാപയാത്ര

1948ലെ പുതുവർഷത്തിലാണ് ഡൽഹി, ലോകം കണ്ട ഏറ്റവും വലിയ ശവഘോഷയാത്രയ്ക്കും സാക്ഷിയായത്. ഹൈന്ദവ ഫാസിസ്റ്റുകൾ ഉണ്ടാക്കുന്ന വ്യാജ ചരിത്രത്തെയും ബോധമലിനീകരണത്തെയും മായ്ച്ചു കളയാൻ ഉതകുന്നതാണ് ഗാന്ധി വിലാപയാത്രയുടെ സാമൂഹ്യമായ ഓർമ. ഫാസിസ്റ്റ് വിരുദ്ധ സമരമെന്ന നിലയിൽ പ്രതീകാത്മകമായി ജനുവരി 31ന് ജനാധിപത്യ വിശ്വാസികൾക്ക്, അവരെ വിശ്വാസത്തിൽ എടുക്കുന്ന സംഘടനകൾക്ക് ഗാന്ധിയുടെ ശവഘോഷയാത്ര പുനഃസൃഷ്ടിക്കാവുന്നതാണ്. രഥയാത്ര പോലെയാവില്ല അത്, അമ്പല നിർമിതിയിൽ അല്ല ഇന്ത്യയുടെ നവനിർമിതിയിലാവും അത് കലാശിക്കുക.

ജീവിച്ചിരുന്ന ഗാന്ധിയെക്കാൾ ഹൈന്ദവ ഫാസിസ്റ്റുകൾ പേടിക്കുന്നത് കൊല്ലപ്പെട്ട ഗാന്ധിയെയാണ്. ഇന്ത്യൻ കറൻസികളില്‍ നിന്ന് ഗാന്ധി ഈ 10 വർഷത്തിനിടയിലും അപ്രത്യക്ഷമാകാതിരുന്നത്, ഗാന്ധിക്ക് പകരം പുതിയ പാർലമെന്റിന് മുന്നിൽ സവർക്കറുടെ പ്രതിമ വരാതിരുന്നത് ജീവിച്ചിരുന്ന ഗാന്ധിയുടെ ചരിത്രത്തെക്കാൾ, മിലിറ്റന്റ് ഹിന്ദുത്വ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെ പേടിക്കുന്നതുകൊണ്ടാണ്. ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ ഓർമ ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള താക്കോലാണ്. ഗാന്ധിക്ക് പകരംവയ്ക്കാൻ സംഘപരിവാരങ്ങൾക്ക് സവർക്കർ മതിയാവില്ല.

മഹാത്മാഗാന്ധി അവസാന പൊതുയോഗത്തിൽ പങ്കെടുക്കുന്നതിനിടെ (കൊല്ലപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ്)

ഡൽഹിയിലെ അൽബുക്കർ റോഡിൽ സ്ഥിതിചെയ്യുന്ന ബിർള ഹൗസിലാണ് ഗാന്ധിജി കൊല്ലപ്പെടുന്നത്. എന്നും വൈകുന്നേരം അവിടെ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്നിരുന്ന സർവമത പ്രാർഥനയിൽ പങ്കെടുക്കാൻ എല്ലാ വിഭാഗത്തിലുംപെട്ട ആയിരങ്ങൾ എത്താറുണ്ടായിരുന്നു. മിക്കവരും അഭയാർഥികൾ. ഡൽഹിയിലെ ബോധവും അബോധവും ആയ മനുഷ്യർ. കീറിപ്പറിഞ്ഞ ജീവിതങ്ങളായിരുന്നു കൂടുതലും. ഗാന്ധിയെ കാണുമ്പോൾ ജീവിതത്തിൽ എന്തോ നേടിയത് പോലെ അനുഭവപ്പെടാൻ വരുന്നവർ. അദ്ദേഹത്തിന്റെ ഭൗതികശരീരം കാണാനും ബിർള ഹൗസിലേക്ക് ജനപ്രവാഹമുണ്ടായി. ശരിക്കും ജനപ്രളയം. അദ്ദേഹം വെടിയേറ്റുവീണ സ്ഥലത്തെ ചോരപുരണ്ട മണ്ണ് വരെ ആളുകൾ വാരിക്കൊണ്ടുപോയിരുന്നു. ദൈവത്തിന്റെ ചോര സൂക്ഷിക്കുന്നതുപോലെ അത് അവർ സൂക്ഷിച്ചു. 

ഗാന്ധിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുപോകാനുള്ള വാഹനം ഒരുക്കുക വലിയ ദൗത്യമായിരുന്നു. കൂടിനിൽക്കുന്ന ആളുകൾക്ക് കാണാൻ ഉതകുംവിധത്തിൽ ഭൗതികദേഹം പ്രദർശിപ്പിക്കേണ്ടതുണ്ടല്ലോ. മാത്രമല്ല മഹാത്മാഗാന്ധിക്ക് യന്ത്രങ്ങളോടുണ്ടായിരുന്ന എതിരഭിപ്രായവും മാനിക്കേണ്ടതുണ്ടായിരുന്നു

ഗാന്ധി കൊല്ലപ്പെട്ട വാർത്തയറിഞ്ഞ് ആബാലവൃദ്ധം ജനങ്ങളാണ് ബിർള ഹൗസിലേക്ക് ഒഴുകിയെത്തിയത്. പുതിയ ഡൽഹിയിൽ നിന്നും ഓൾഡ് ഡൽഹിയിൽ നിന്നും മാത്രമല്ല സമീപപ്രദേശത്തെ ഗ്രാമങ്ങളിൽനിന്നു പോലും ആളുകൾ കാൽനടയായി ബിർള ഹൗസിലേക്ക് നീങ്ങി. അൽ ബുക്കർ റോഡ് അധികാരികൾക്ക് സീൽ ചെയ്യേണ്ടിവന്നു. എന്നിട്ടും ജനപ്രവാഹം തടയാനായില്ല. അവസാനം അധികാരികൾ ഗാന്ധിയുടെ ഭൗതികശരീരം ജനങ്ങൾക്ക് കാണാൻ പാകത്തിൽ ബിർള ഹൗസിന്റെ മട്ടുപ്പാവിൽ പൊതുദർശനത്തിനു വച്ചു. ജനസാഗരത്തെ ഭേദിച്ച് ബിർള ഹൗസിൽ കടക്കാൻ പ്രധാനമന്ത്രി നെഹ്റുവിനുപോലും പ്രയാസപ്പെടേണ്ടി വന്നു. അന്ന് ഡൽഹി ഏറ്റവും കൂടുതൽ കേട്ട മുദ്രാവാക്യം 'മഹാത്മാഗാന്ധി അമർ രഹേ' എന്നാണ്. കണ്ണീർ വാർത്തുകൊണ്ട് ജനങ്ങൾ മഹാത്മാഗാന്ധിക്ക് തെരുവുകളിൽ ഉടനീളം ജയ് വിളിച്ചു. ജാതിയും മതവും വെറുപ്പും മറന്ന് ആളുകൾ കണ്ണീർ വാർത്തു. ആരും തൊഴിലെടുക്കാൻ പോയില്ല. കടകളടച്ച് ആളുകൾ പ്രതിഷേധിച്ചു.

ഗാന്ധിജിയുടെ വിലാപയാത്ര കാണാന്‍ തടിച്ചുകൂടിയ ജനം

യമുന നദിയിൽനിന്ന് കൊണ്ടുവന്ന ജലത്തിലാണ് അന്ന് അർധരാത്രി ഗാന്ധിയുടെ ഭൗതികശരീരം കുളിപ്പിച്ചത്. നമുക്ക് സ്വാതന്ത്ര്യം കിട്ടിയതും അർധരാത്രിയിൽ ആയിരുന്നുവല്ലോ.!

പൂമെത്തയിൽ കിടത്തിയ ശരീരത്തിന്റെ അരികിൽ നെയ്യ് തിരിയിട്ട വിളക്കുകൾ തെളിഞ്ഞു. അടുത്ത ഇരുപതോളം ബന്ധുക്കൾ ചുറ്റിലുമുണ്ടായിരുന്നു. മതകീർത്തനങ്ങളാൽ മുറി മുഖരിതമായി. രാവിലെ ആറിന് ബിർള ഹൗസിന്റെ ഗേറ്റ് തുറന്നപ്പോൾതന്നെ ജനങ്ങൾ ഇരച്ചുകയറി. രാത്രി മുഴുവൻ അൽബുക്കർക്ക് റോഡിൽ ക്യൂ നിന്ന് തളർന്ന മനുഷ്യർ. തങ്ങളുടെയും തങ്ങളുടെ രാജ്യത്തിന്റെയും വിധി മാറ്റി എഴുതിയ ഗാന്ധിജിയെക്കുറിച്ച് മാത്രമേ അവരാ ഒറ്റനിൽപ്പിൽ ഓർത്തിട്ടുണ്ടാവുകയുള്ളൂ.

ഗാന്ധി വെടിയേറ്റ് കൊല്ലപെട്ടപ്പോൾ രാഷ്ട്രത്തോട് സംസാരിച്ച അതേ നെഹ്റു, പിറ്റേന്ന് ശവഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ ഒരു രാഷ്ട്രീയ തീരുമാനമെടുത്തിരുന്നു

ഗാന്ധിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുപോകാനുള്ള വാഹനം ഒരുക്കുക വലിയ ദൗത്യമായിരുന്നു. കൂടിനിൽക്കുന്ന ആളുകൾക്ക് കാണാൻ ഉതകുംവിധത്തിൽ ഭൗതികദേഹം പ്രദർശിപ്പിക്കേണ്ടതുണ്ടല്ലോ. മാത്രമല്ല മഹാത്മാഗാന്ധിക്ക് യന്ത്രങ്ങളോടുണ്ടായിരുന്ന എതിരഭിപ്രായവും മാനിക്കേണ്ടതുണ്ടായിരുന്നു. ഒരു സായുധവാഹനമാണ് അവസാനം ഇതിനായി നിശ്ചയിക്കപ്പെട്ടത്. വണ്ടിയുടെ ചെയ്സ് അഴിച്ചുമാറ്റി പുതിയൊരു സൂപ്പർ സ്ട്രക്ചർ ഘടിപ്പിച്ചു. നാലു വശത്തും ഇരിക്കാനുള്ള സൗകര്യവും ഒരുക്കി. വലിച്ചുകൊണ്ടു പോകാൻ നാല് കമ്പക്കയർ കെട്ടിയിരുന്നു. ഗാന്ധിയുടെ വിശ്വാസ സംഹിതയ്ക്ക് അനുസൃതമായാണ് എല്ലാം ചെയ്തത്. എൻജിൻ പ്രവർത്തിപ്പിച്ചിരുന്നില്ല. 50 സൈനികരാണ് ഓരോ കമ്പയും വലിച്ചത്.

4000 ട്രൂപ്പുകൾ, ആയിരം വ്യോമസൈനികർ, ആയിരം പോലീസുകാർ,100 നേവിക്കാർ എന്നിവരും വിലാപയാത്രയിലുണ്ടായിരുന്നു. കരസേനാ റെജിമെന്റാണ് കാര്യങ്ങൾ നിയന്ത്രിച്ചത്. രജപുത്രാ റൈഫിൾസ്, മദ്രാസ് റെജിമെന്റ്, ബംഗാൾ സപ്പേഴ്സ് & മൈനേഴ്സ്, ഇന്ത്യൻ സിഗ്നൽ കോർപ്പ്സ്, ആർ ഐ എ എസ് സി, സായുധവാഹന വ്യൂഹം, ഗവർണർ ജനറലിന്റെ ബോഡിഗാർഡായ മൗണ്ട് കാവലറി തുടങ്ങിയവരാണ് വിലാപയാത്ര നയിച്ചത്. ജാമിയ ഉൽ ഉലമയുടെ വോളണ്ടിയർമാർ, അഗ്നിശമന സേനയുടെ ബ്രിഗേഡ്, ബോയ് സ്കൗട്ട് തുടങ്ങിയവരും കാര്യങ്ങൾ നിയന്ത്രിക്കാനുണ്ടായിരുന്നു.

ബിർള ഹൗസിൽനിന്ന് യമുനയുടെ തീരം വരെയുള്ള ശവ ഘോഷയാത്രയിൽ ഗാന്ധിയുടെ നാമം മുഴങ്ങി നിന്നു, 'മഹാത്മാഗാന്ധി കീ ജയ്'.

തിക്കും തിരക്കും കൂട്ടിയ ജനങ്ങളെ നിയന്ത്രിക്കാൻ കുതിര പോലീസ് പാടുപെട്ടു. ചിലയിടങ്ങളിൽ ലാത്തിവീശേണ്ടിവന്നു. അവിടെയെല്ലാം ഗാന്ധിയന്മാർ ഇടപെട്ട് രംഗം ശാന്തമാക്കി. ഹെൻറി കാർട്ടിയർ ബ്രസ്സൺ (Henri Cartier-Bresson) എടുത്ത വിലാപയാത്രയുടെ ഫോട്ടോഗ്രാഫുകൾ ഇന്നും ലോകത്തോട് വലിയ സത്യങ്ങൾ വിളിച്ചുപറയുന്നുണ്ട്. ഗാന്ധിക്കേറ്റ മുറിവ് നാമിന്നും കാണുന്നത് അദ്ദേഹം പകർത്തിയ ചിത്രങ്ങളിലൂടെയാണ്. 

ഗാന്ധി വെടിയേറ്റ് കൊല്ലപെട്ടപ്പോൾ രാഷ്ട്രത്തോട് സംസാരിച്ച അതേ നെഹ്റു, പിറ്റേന്ന് ശവഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ ഒരു രാഷ്ട്രീയ തീരുമാനമെടുത്തിരുന്നു, ഗാന്ധിയുടെ ശവഘോഷയാത്ര ബിർള ഹൗസിൽനിന്ന് യമുന തീരത്തേക്ക് നീങ്ങുമ്പോൾ ഗാന്ധിയുടെ ഭൗതികശരീരം തുണികൊണ്ട് പൊതിയരുത്.

ഫാസിസ്റ്റുകൾ മൂന്ന് ഉണ്ട കൊണ്ട് ഇല്ലാതാക്കിയ ബാപ്പുവിന്റെ ശരീരത്തിലെ മുറിവുകൾ ജനം കാണട്ടെ. ഏത് പ്രത്യയശാസ്ത്രമാണ് ബാപ്പുവിനെ ഇല്ലാതാക്കിയതെന്ന് ലോകം അറിയട്ടെ. ഈ തീരുമാനത്തിന്റെ ഭാഗമായി ഘോഷയാത്രയിൽ പങ്കെടുത്ത 10 ലക്ഷത്തിലധികം ആളുകൾ ഗാന്ധിയുടെ മുറിവുകൾ കണ്ടു. ഹിന്ദുത്വദേശീയതയുടെ ഭീകരത കണ്ടു. ഈ സാമൂഹ്യമായ ഓർമ, ക്ഷേത്രം പാർലമെന്റ് ആവുകയും പാർലമെന്റ് ക്ഷേത്രമാവുകയും ചെയ്യുന്ന കാലത്ത് നമുക്കും ഉണ്ടാവണം. സംഘപരിവാറിനെതിരെയുള്ള സമരത്തിന് അത് ആക്കം കൂട്ടും. പല ജാതിമതവിശ്വാസികളുടെ സംഗമം കൂടിയായിരുന്നു ഗാന്ധിജിയുടെ ശവഘോഷയാത്ര. സെക്കുലർ ഇന്ത്യ എങ്ങനെ ആയിരിക്കണമെന്ന് അതിൽ പങ്കെടുത്ത ആളുകളുടെ വികാരങ്ങൾ ലോകത്തിന് വെളിപ്പെടുത്തിക്കൊടുത്തു.

ലോകപ്രശസ്തനായ റേഡിയോ ബ്രോഡ്കാസ്റ്റർ മേൽവില്ലേ ഡെ മെല്ലോ ആ വാനിലിരുന്ന് ഏഴുമണിക്കൂർ നിർത്താതെ നൽകിയ ലൈവ് കമന്റ്റേറ്ററി ചരിത്രമാണ്. ലോകത്തെ സകല പത്രങ്ങളുടെയും തലക്കെട്ട് ഗാന്ധിയുടെ കൊലപാതകമായിരുന്നു

1948ൽ ഗാന്ധിജിയുടെ ശവഘോഷയാത്രക്കൊപ്പം നീങ്ങിയ വാഹനങ്ങളിലൊന്ന് ഓൾ ഇന്ത്യ റേഡിയോയുടെ വാൻ ആയിരുന്നു. ലോകപ്രശസ്തനായ റേഡിയോ ബ്രോഡ്കാസ്റ്റർ മേൽവില്ലേ ഡെ മെല്ലോ (Melville de Mellow) ആ വാനിലിരുന്ന് ഏഴുമണിക്കൂർ നിർത്താതെ നൽകിയ ലൈവ് കമന്റ്റേറ്ററി ചരിത്രമാണ്. മതനിരപേക്ഷ ഇന്ത്യയുടെ ആത്മാവ് പേറുന്നതായിരുന്നു അദ്ദേഹത്തിന്റെ കമന്റ്ററികൾ. നാം ഒന്നാണെന്നുള്ള ബോധം അത് ജനങ്ങളിൽ ഉണ്ടാക്കി. ബഹുസ്വരതയുടെ ശക്തിപ്രകടനം കൂടിയായി മാറി ലോകം കണ്ട ഏറ്റവും വലിയ ആ വിലാപയാത്ര.

ഇന്ന് സ്ഥിതി വഷളാണെന്ന് നമുക്കറിയാം. ആകാശവാണി നുണ പറയാനുള്ള പ്ലാറ്റ്ഫോം ആയി മാറി. മൻകി ബാത്ത് പോലുള്ള പരിപാടികളാണ് അതിൽ. അങ്ങോട്ട് പറയുന്നത് കേട്ടാൽ മതി ഇങ്ങോട്ട് ഒന്നും പറയണ്ട എന്ന തത്വം റേഡിയോയുടേതാണ്. അതൊരു ജനാധിപത്യ രീതിയല്ല. നമ്മുടെ പ്രധാനമന്ത്രി തുടരുന്നത് റേഡിയോയുടെ ഈ രീതിയാണ്. മനുഷ്യപ്പറ്റില്ലാത്തവർക്ക് പെട്ടെന്ന് റേഡിയോ ആവാൻ കഴിയും. മൻ കി ബാത്ത് ഒരു റേഡിയോ പരിപാടിയാണ്. ഇവിടെ ഒരാളുടെ മനസ്സിന്റെ കാര്യങ്ങളെ പറയാൻ നിർവാഹമുള്ളൂ. അത് കേട്ടുകൊള്ളണം.

മൻ കി ബാത്ത് 100 എപ്പിസോഡുകൾ പിന്നിട്ടുവല്ലോ,ചരിത്രം തന്നെ! 830 കോടിയാണത്രെ ഈ റേഡിയോ പരിപാടിക്കായി യൂണിയൻ ഗവൺമെന്റ് ചെലവഴിച്ചത്. ഈ കണക്കുകൾ ട്വീറ്റ് ചെയ്തതിന് ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് മേധാവിക്കെതിരെ ഗുജറാത്ത് പോലീസ് കേസെടുത്തിരുന്നു.

ഏപ്രിൽ 30നാണ് മൻ കി ബാത്തിന്റെ 100-ാം എപ്പിസോഡ് എയർ ചെയ്തത്. 30 മിനുറ്റ് വീതമുള്ള എപ്പിസോഡുകൾ 2014ലാണ് ആദ്യം തുടങ്ങിയത്. യുപിയിൽ സംഘപരിവാർ അനുയായികൾ റേഡിയോയുടെ തനി സ്വഭാവം പുറത്തെടുത്തത് ഈയിടെയാണ്. നൂറാം എപ്പിസോഡ് യുപിയിലെ 100 മദ്രസകളിലും മഹല്ലുകളിലും മജിലിസുകളിലും കേൾപ്പിക്കണമെന്ന് തീട്ടൂരമിറക്കി. എഫ് എം ട്യൂൺ ചെയ്തു വച്ച് എല്ലാവർക്കും മൻ കി ബാത്ത് കേൾക്കേണ്ടിവന്നു. ഇതാണ് ജനത്തിന്റെ വിധി. ഫാസിസ്റ്റുകളുടെ ഇന്ത്യയിൽ റേഡിയോ ഒരു ഏകാധിപതിയാണ്.

ഗാന്ധി നമ്മുടെ രാഷ്ട്രപിതാവാണ്. പക്ഷേ നവീന ഇന്ത്യയിലെ വംശഹത്യയുടെ പിതാക്കന്മാർ ആരാണെന്ന് ജനങ്ങൾക്കറിയാം. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ഐതിഹാസിക സമരജീവിതം ഓർത്തുവയ്ക്കുന്നവർക്ക്. ഗാന്ധിയെ കൊല്ലാൻ കൂട്ടുനിന്നവരുടെ പ്രത്യയശാസ്ത്രം ഉള്ളിൽ പേറുന്ന ഒരാൾ, ഗാന്ധിസ്മൃതിയിൽ പുഷ്പാർച്ചന അർപ്പിക്കുമ്പോൾ അതൊരു പ്രശ്നമായി നിങ്ങൾക്ക് തോന്നുന്നില്ലെങ്കിൽ, നിങ്ങളുടെ യുക്തിയെ ഫാസിസ്റ്റുകൾ ഇല്ലാതാക്കിയെന്ന് വേണം കരുതാൻ. നഷ്ടപ്പെട്ട ചരിത്രബോധത്തെയും യുക്തിയെയും തിരിച്ചുപിടിക്കാനുള്ള ശക്തി ഗാന്ധിജിയുടെ വിലാപയാത്രയിലൂടെ കടന്നുപോകുമ്പോൾ ഒരാൾക്ക് കിട്ടും.

മഹാത്മാ ഗാന്ധി

ഗാന്ധിജിയുടെ വിശ്വാസപ്രമാണങ്ങളെ മാനിക്കുന്നത് കൂടിയായിരുന്നു ജനപങ്കാളിത്തത്തോടെ നടന്ന വിലാപയാത്ര ചടങ്ങ്. പ്രകൃതിയും അതിന് കൂട്ടുനിന്നുവെന്ന് വേണം കരുതാൻ. യന്ത്രവൽകൃത യുഗത്തിനെതിരായ ഗാന്ധി വിമാനത്തിൽ കയറാൻ ഒരിക്കലും കൂട്ടാക്കിയിരുന്നില്ല. വിമാനം കണ്ടുപിടിച്ച റൈറ്റ് സഹോദരന്മാരിൽ ഒരാളായ, ഓർവില്ലെ റൈറ്റ് (Orville Wright) അന്തരിച്ചത് ഗാന്ധിജി വിടപറഞ്ഞ അതേ ദിവസമാണ്. ഗാന്ധിയുടെ കൊലപാതക വാർത്തകൾക്കിടയിൽ അദ്ദേഹത്തിന്റെ മരണവാർത്ത മുങ്ങിപ്പോയി. ലോകത്തെ സകല പത്രങ്ങളുടെയും തലക്കെട്ട് ഗാന്ധിയുടെ കൊലപാതകമായിരുന്നു. മഹാന്മാർ ജീവിച്ചിരുന്നാലും മരിച്ചാലും കാവ്യനീതി പ്രവർത്തിക്കും. ഗാന്ധിയെക്കുറിച്ചുള്ള ഓർമ ഫാസിസ്റ്റുകൾക്കെതിരായ സമരമാകുന്നത് അതുകൊണ്ടാണ്.

ഡൽഹിയിലെ ഗാന്ധി സ്മൃതി

യമുനയുടെ തീരത്തുള്ള രാജ്ഘട്ട് ഗാന്ധി അന്തിയുറങ്ങുന്ന ശവകുടീരം മാത്രമല്ല, ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയെ തകർക്കാൻ ശ്രമിച്ചവർക്കെതിരെയുള്ള സ്മാരകം കൂടിയാണ്. ഫാസിസ്റ്റുകൾ അവിടെ ചെന്ന് പുഷ്പാർച്ചന അർപ്പിക്കുന്നുണ്ടെങ്കിലും ഡൽഹി നഗരം ഇപ്പോഴും അഹിംസയുടെ പ്രാണന് കാവൽ നിൽക്കുന്നു. 'മരണത്തിന്റെ നഗരം' എന്ന ദുഷ്പേര് അതിന് ഇനിയും തൂത്തുകളയേണ്ടതുണ്ട്.

ഗാന്ധിയെ കൊല്ലാൻ ഉപയോഗിച്ച തോക്കിന്റെ പേരാണ് 9mm ബെരേറ്റ എന്ന് നമുക്കറിയാം. മിലിറ്റന്റ് ഹിന്ദുത്വ രാജ്യം ഭരിക്കുമ്പോൾ അവർ ആളുകളെ തമ്മിലടിപ്പിക്കാൻ ഗൺ കൾച്ചർ കൊണ്ടുവരാൻ ശ്രമിക്കുന്നുവെന്നു വേണം കരുതാൻ. ഈ ഭരണകൂടം 9mm ബെരേറ്റ നിർമിക്കാൻ അനുമതി നൽകിയിട്ടുണ്ട്. Make in India പദ്ധതിയുടെ കീഴിൽ ചെന്നെയിലെ പ്ലാന്റിൽനിന്ന് കല്യാണി ഗ്രൂപ്പ്‌ തോക്ക് നിർമിച്ചു വിപണിയിലെത്തിക്കും. ഓൺലൈനിൽ മരുന്നുകൾ വാങ്ങാൻ കിട്ടില്ല. പക്ഷേ സമീപ ഭാവിയിൽ തോക്ക് കിട്ടും.

ഗാന്ധിയെ വധിക്കാൻ കൂട്ടുപോയ മാസ്റ്റർ ബ്രെയിൻ നാരായൺ ആപ്തെ പൂനയിലും മറ്റും റൈഫിൾ ക്ലബ്‌ നടത്തിയിരുന്നു. അതിന്റെ തുടർച്ചയാണ് രാജ്യത്തെ ഗൺ കൾച്ചറിലേക്ക് നയിക്കുന്ന ഈ തീരുമാനങ്ങൾ. ഒരുവശത്ത് ഗാന്ധിയെക്കൊന്ന പ്രത്യയശാസ്ത്രത്തിന്റെ കൈകൾതന്നെ അദ്ദേഹത്തിന്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തുകയും അതേ തോക്ക് നിർമിക്കാൻ അനുമതി നൽകുകയും ചെയ്യുന്നു. പുരോഗമനപരമായതെല്ലാം അന്ധവിശ്വാസമാണെന്ന് വിശ്വസിക്കുന്ന ഇന്ത്യൻ ഫാസിസ്റ്റുകളുടെ ചരമഗീതം കുറിക്കാൻ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ ഓർമ ധാരാളം മതി.

ഗാന്ധി വധത്തെ അധികരിച്ച് എഴുതിയ 9 എം എം ബരേറ്റ എന്ന നോവലിന്റെ സൃഷ്ടാവാണ് ലേഖകൻ

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം