OPINION

തമിഴ് ഹൃദയങ്ങളിലെ ‘സ്റ്റാലിൻ’ഗ്രാഡ്

വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ ഉപദേശം കേൾക്കുന്ന, അവരുടെ നല്ല നിർദേശങ്ങൾ തിരിച്ചറിഞ്ഞ് നടപ്പാക്കാൻ ശ്രമിക്കുന്ന ഭരണാധികാരിയാണ് ഇന്ന് എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

അരുണ്‍ റാം

ഊതിക്കാച്ചിയ പൊന്ന് എന്ന് ഇന്ത്യയിൽ ഒരു രാഷ്ട്രീയ നേതാവിനെ ഇന്ന് വിശേഷിപ്പിക്കാൻ കഴിയുമെങ്കിൽ അത് തമിഴ്‌നാട് മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം തലൈവരുമായ എം കെ സ്റ്റാലിനെയാണ്. മുത്തുവേൽ കരുണാനിധിയെന്ന വടവൃക്ഷത്തിന്റെ തണലിൽ ആറ് പതിറ്റാണ്ടോളം കർശന ശിക്ഷണം ലഭിച്ച ശേഷമാണ് സ്റ്റാലിൻ പാർട്ടിയുടെയും സംസ്ഥാനത്തിന്റെയും തലപ്പത്തേക്ക് കടന്നിരുന്നത്. ഇംഗ്ലണ്ടിലെ ചാൾസ് രാജാവിന്റേതിന് സമാനമായ ഈ നീണ്ട കാത്തിരിപ്പുവേളയ്ക്കിടെ ഒരിക്കൽ പോലും നിരാശയോ അസഹിഷ്ണുതയോ പ്രകടിപ്പിക്കാതെ നിന്ന സ്റ്റാലിൻ ആ കാലഘട്ടം കരുണാനിധിയുടെ ആവനാഴിയിലെ അസ്ത്രങ്ങൾ ഓരോന്നായി പതിയെ സ്വന്തമാക്കാൻ വേണ്ടി ഉപയോഗിക്കുകയായിരുന്നു.

കരുണാനിധിയെന്ന വടവൃക്ഷത്തിന്റെ തണൽ ഇല്ലാതാകുന്ന നിസഹായതയിൽ നിന്ന് പുറത്തുകടക്കുക, രണ്ടാമത്തേത് സംസ്ഥാന ഭരണം തിരിച്ചുപിടിക്കുകയും മാതൃകാ മുഖ്യമന്ത്രിയായി പ്രവർത്തിക്കുകയും ചെയ്ത്, അണികൾക്ക് തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിൽ കലൈഞ്ജർക്ക് ഒരു തെറ്റും പറ്റിയില്ലെന്ന സന്ദേശം നൽകുക. ഈ രണ്ടു വെല്ലുവിളികളെയും അദ്ദേഹം സമർഥമായി അതിജീവിച്ചുവെന്നു തന്നെ പറയാം.

ഇന്ന് 70 വയസ് തികയുന്ന സ്റ്റാലിൻ തന്റെ ജന്മദിനാഘോഷം പോലും രാജ്യത്തെ പ്രതിപക്ഷ ഐക്യനിരയുടെ ശക്തി വിളിച്ചോതാനുള്ള വേദിയാക്കി മാറ്റി അസാധാരണമായ സ്റ്റേറ്റ്സ്മാൻഷിപ് പ്രകടിപ്പിക്കുകയാണ്. ജന്മദിനത്തിന്റെ പേരിൽ യാതൊരു ആഡംബരവും പാടില്ലെന്ന ശാസന അണികൾക്ക് നൽകിയിട്ടാണ് തന്റെ സപ്തതി തീർത്തും പൊളിറ്റിക്കൽ ആയി തന്നെ ആഘോഷിക്കാൻ അദ്ദേഹം തീരുമാനിച്ചത്. പക്ഷെ, ചെന്നൈയിലെ ഇന്നത്തെയും ഇന്നലത്തേയും കാഴ്ചകൾ ഈ രാഷ്ട്രീയ ആഘോഷവും ആഡംബരത്തിന്റെയും പ്രകടനപരതയുടെയും വേദിയായി മാറുന്നതാണ്.

2018 ഓഗസ്റ്റിൽ കരുണാനിധി അന്തരിച്ചപ്പോൾ വല്ലാത്തൊരു അനാഥത്വം അനുഭവിച്ച്‌ പതറിനിന്ന സ്റ്റാലിനെയല്ല നാലര വർഷത്തിനിപ്പുറം നമ്മൾ കാണുന്നത്. അന്ന് അദ്ദേഹത്തിന് നേരിടേണ്ടിയിരുന്നത് രണ്ടു വെല്ലുവിളികളായിരുന്നു; ആദ്യത്തേത്, കരുണാനിധിയെന്ന വടവൃക്ഷത്തിന്റെ തണൽ ഇല്ലാതാകുന്ന നിസഹായതയിൽ നിന്ന് പുറത്തുകടക്കുക, രണ്ടാമത്തേത് സംസ്ഥാന ഭരണം തിരിച്ചുപിടിക്കുകയും മാതൃകാ മുഖ്യമന്ത്രിയായി പ്രവർത്തിക്കുകയും ചെയ്ത്, അണികൾക്ക് തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിൽ കലൈഞ്ജർക്ക് ഒരു തെറ്റും പറ്റിയില്ലെന്ന സന്ദേശം നൽകുക. ഈ രണ്ടു വെല്ലുവിളികളെയും അദ്ദേഹം സമർഥമായി അതിജീവിച്ചുവെന്നു തന്നെ പറയാം.

ഈ വർഷം ഡിഎംകെ നേതൃനിരയിൽ സ്റ്റാലിൻ എത്തിയിട്ട് 50 വർഷം തികയുന്ന വേളയുമാണ്. 1973 ലാണ് അദ്ദേഹം ഡിഎംകെ ജനറൽ കൗൺസിൽ അംഗമാകുന്നത്. യുവജന സംഘടനയിലായിരുന്നു ആദ്യകാലത്തെ പ്രവർത്തനങ്ങൾ. അടിയന്തരാവസ്ഥക്കാലത്ത് ജയിൽ ശിക്ഷ അനുഭവിച്ച സ്റ്റാലിന് ഭരണപരമായ ചുമതലകൾ വഹിക്കാൻ വേണ്ടി പിന്നെയും 20 വർഷം കാത്തിരിക്കേണ്ടി വന്നു. 1996 ലാണ് അദ്ദേഹം ചെന്നൈ മേയർ ആകുന്നത്. 2002 -ൽ മേയർ പദവിയിൽ രണ്ടാമൂഴം. തൊട്ടടുത്ത വർഷം ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ആകുന്നതോടെയാണ് കലൈഞ്ജരുടെ സിംഹാസനം സ്റ്റാലിന് തന്നെയായിരിക്കും എന്ന തോന്നൽ അണികളിൽ ശക്തമാകുന്നത്. തീർച്ചയായും, അത് ഒരു സ്വാഭാവിക തിരഞ്ഞെടുപ്പ് അല്ലായിരുന്നു. സ്റ്റാലിന്റെ ജ്യേഷ്ഠൻ മു ക മുത്തുവിനെ ആദ്യം സിനിമയിൽ എംജിആറിന്റെ എതിരാളിയാക്കാനും പിന്നീട് രാഷ്ട്രീയത്തിൽ ഇറക്കാനും പിന്നീട് കരുണാനിധി തയ്യാറാക്കിയ തിരക്കഥ പാളിപ്പോയിരുന്നു. മറ്റൊരു സഹോദരൻ അളഗിരിയും അടുപ്പക്കാരും കുടുംബത്തിനുള്ളിൽ ഉയർത്തിയ എതിർപ്പിനെ മറികടന്നാണ് സ്റ്റാലിന് അവസരം നല്കാൻ കലൈഞ്ജർ തീരുമാനിക്കുന്നത്.

മേയർ എന്ന നിലയിൽ നടത്തിയ പ്രവർത്തനമാണ് സ്റ്റാലിന് ജനഹൃദയങ്ങളിൽ സ്ഥാനമുണ്ടാക്കി കൊടുത്തത്. 2006-ൽ കരുണാനിധി മന്ത്രിസഭയിൽ അദ്ദേഹം അംഗമായി; അതായത്, ഡിഎംകെ നേതാവായി പ്രവർത്തനം തുടങ്ങി 30 വർഷത്തിന് ശേഷം. അടുത്തിടെ മന്ത്രിയായ സ്റ്റാലിന്റെ മകൻ ഉദയനിധി അതുവരെ രാഷ്ട്രീയത്തിൽ ചെലവഴിച്ചത് കേവലം ഒന്നര വർഷം മാത്രമായിരുന്നുവെന്നത് ഇതിനൊപ്പം ചേർത്തുവായിക്കണം. മന്ത്രി എന്ന നിലയിൽ പൂർണമായും പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടായിരുന്നപ്പോഴും തന്റെ വിശ്വസ്തരായ ഏറ്റവും മികച്ച ഉദ്യോഗസ്ഥരുടെ ഒരു ടീമിനെയായിരുന്നു കരുണാനിധി സ്റ്റാലിനൊപ്പം നിയോഗിച്ചത്. അദ്ദേഹത്തിന്റെ പ്രവർത്തനം എപ്പൊഴും അച്ഛന്റെ റഡാറിനുള്ളിൽ തന്നെ ആയിരുന്നു.

ഒരു സ്ലോ ലേണർ ആണ് സ്റ്റാലിൻ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്നാൽ അതിന്റെ ഗുണവശങ്ങൾ അദ്ദേഹം ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ ഉപദേശം കേൾക്കുന്ന, അവരുടെ നല്ല നിർദേശങ്ങൾ തിരിച്ചറിഞ്ഞ് നടപ്പാക്കാൻ ശ്രമിക്കുന്ന ഭരണാധികാരിയാണ് സ്റ്റാലിൻ. ഇപ്പോൾ പോലും രഘുറാം രാജനും എസ്തർ ഡഫ്‌ളോയും ഒക്കെ അടങ്ങുന്ന ഒരു ഉപദേശക സമിതി അദ്ദേഹത്തിനുണ്ട്. അവരുടെ നിർദേശങ്ങൾ ഭരണത്തെ സ്വാധീനിക്കുന്നുമുണ്ട്.

കരുണാനിധിക്കൊപ്പം സ്റ്റാലിന്‍

എല്ലാ പദവികളും കാത്തിരുന്ന് ലഭിച്ച ആളെന്ന നിലയിൽ സ്റ്റാലിൻ ഏറെ പക്വമതിയായിട്ടുണ്ട്. കിടപ്പ് രോഗിയായി കഴിഞ്ഞിരുന്നപ്പോഴും പാർട്ടിയുടെ നേതൃത്വം സ്റ്റാലിന് നല്കാൻ കരുണാനിധി തയാറായിരുന്നില്ല. 2016-ൽ തിരഞ്ഞെടുപ്പ് പ്രചാരണം അദ്ദേഹത്തിന്റെ ചുമതലയായിരുന്നു. പക്ഷെ, ജയലളിതയ്ക്ക് മുന്നിൽ കനത്ത തോൽവി ഏറ്റുവാങ്ങാനായിരുന്നു വിധി. ആ പരാജയത്തിൽ നിന്നും ധാരാളം പാഠങ്ങൾ സ്റ്റാലിൻ പഠിച്ചു. കേവല രാഷ്ട്രീയത്തിനുപരി, ആദർശാധിഷ്ഠിത നിലപാടുകൾക്ക് മേൽക്കൈ നൽകുന്ന പ്രചരണ രീതിയാവും സുസ്ഥിര വിജയത്തിന്റെ അടിത്തറ എന്ന തിരിച്ചറിവാണ് 2021-ൽ എഐഡിഎംകെ ബിജെപിയുടെ ബി ടീം ആണെന്ന തരത്തിലുള്ള പ്രചാരണം കൊണ്ടുവരാൻ കാരണം. ദ്രാവിഡ രാഷ്ട്രീയത്തിന് ദഹിക്കാത്ത ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വ്യാപാരികളാണ് എതിർ കക്ഷി എന്ന് വരുത്തിത്തീർക്കുന്നതിലും വലിയ പ്രചാരണം എന്താണുള്ളത്?

സ്റ്റാലിന്‍ മകന്‍ ഉദയനിധിക്കൊപ്പം

ഒരു ഭരണാധികാരി എന്ന നിലയിലും തന്റെ വർഷങ്ങളുടെ അനുഭവ സമ്പത്ത് ഫലപ്രദമായി ഉപയോഗിക്കുന്ന സ്റ്റാലിനെയാണ് നമുക്ക് കാണുവാൻ കഴിയുക. പളനിവേൽ ത്യാഗരാജനെ ധനമന്ത്രി ആക്കിയതിലും ഭരണമേറ്റയുടൻ സംസ്ഥാനത്തിന്റെ ധനസ്ഥിതി വളരെ മോശമാണെന്ന് പറയുന്ന ധവളപത്രം പുറപ്പെടുവിക്കുന്നതിലുമൊക്കെ നമുക്ക് ഭരണ നൈപുണ്യത്തിന്റെ തിളക്കം കാണുവാൻ കഴിയും. എന്നാൽ ഈ പ്രതിസന്ധിയിലും ജനങ്ങളെ അദ്ദേഹം സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നുണ്ട്. 2030 ആകുമ്പോഴേക്കും വൺ ട്രില്യൻ ഇക്കോണമി ആയി തമിഴ്‌നാടിനെ വികസിപ്പിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. അതിലൂടെ 30 ലക്ഷം തൊഴിൽ കൂടുതൽ സൃഷ്ടിക്കാൻ കഴിയുമെന്നും അവകാശവാദമുണ്ട്. മാറി മാറി വന്ന സർക്കാരുകൾ ചെന്നൈയിൽ പുതിയ ഫാക്ടറികളും മറ്റുമായി വികസനം കൊണ്ടുവരുമെങ്കിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളെ അവഗണിക്കുകയായിരുന്നു പതിവ്. എന്നാൽ തമിഴ്‌നാടിന്റെ ആകമാന വികസനം എന്ന ലക്ഷ്യമാണ് സ്റ്റാലിൻ സർക്കാർ ഇപ്പോൾ മുന്നോട്ടുവയ്ക്കുന്നത്. അതിനായി കൃഷി പ്രോത്സാഹിപ്പിക്കാനുള്ള ധാരാളം നടപടികൾ കൈക്കൊണ്ടു. കഴിഞ്ഞ വർഷം 10 മുതൽ 12 ലക്ഷം വരെ ഹെക്ടറിൽ പുതുതായി കൃഷിയിറക്കിയെന്നാണ് കണക്ക്.

അതേസമയം തന്നെ, സംസ്ഥാനത്തെ ഗുരുതരമായ സാമ്പത്തിക അവസ്ഥ ചൂണ്ടിക്കാട്ടിക്കൊണ്ട് ഭൂനികുതി, ബസ് ചാർജ്, പാൽ വില ഒക്കെ കൂട്ടിയിട്ടുമുണ്ട്. അത് ജനങ്ങൾക്ക് മനസിലാകുമെന്ന് സ്റ്റാലിൻ വിശ്വസിക്കുമ്പോഴും ചത്തു കിടന്ന പ്രതിപക്ഷത്തിന് ജീവൻ നൽകുന്ന നടപടിയായി എന്ന് കരുതുന്നവരുമുണ്ട്.

ജനങ്ങളുടെ രോഷം മാത്രമല്ല, ഡൽഹിയിലെ സർക്കാരിന് കേന്ദ്ര ഏജൻസികളെ എപ്പോൾ വേണമെങ്കിലും ഇറക്കി കളിക്കാൻ കഴിയുന്ന തരത്തിലുള്ള സാഹചര്യമാണ് അഴിമതി നിയന്ത്രിച്ചില്ലെങ്കിൽ ഉണ്ടാവുക

ഇനിയുള്ള വർഷങ്ങളിൽ സ്റ്റാലിന് നേരിടേണ്ടി വരാവുന്ന വെല്ലുവിളി സ്വന്തം പാർട്ടിയിൽ നിന്ന് തന്നെയാവും. ധാർഷ്ട്യത്തിന് കുപ്രസിദ്ധി നേടിയവരാണ് ഡിഎംകെ നേതാക്കളും അണികളും. താഴെത്തട്ടിൽ ഡിഎംകെ നേതാക്കളുടെ ധാർഷ്ട്യം ഇപ്പോൾ തന്നെ വാർത്തകളായും പരാതിയായും വന്നു തുടങ്ങിയിട്ടുണ്ട്. ജില്ലാ നേതാക്കൾ പലരും കരുണാനിധിയുടെ സമകാലികരായതിനാൽ ഇവരുടെ മേൽ കർശന നിയന്ത്രണം ഏർപ്പെടുത്തുക സ്റ്റാലിന് വലിയ വെല്ലുവിളിയാകും. അതിനൊപ്പം കാണേണ്ടതാണ് ഭരണത്തിലെ അഴിമതിയും. തമിഴ്‌നാട്ടിൽ അഴിമതി, ഭരണത്തിന്റെ കൂടെപ്പിറപ്പാണെന്ന് പറയുമെങ്കിലും അതിന്റെ തോത് അടുത്തിടെ ഏറെ വർധിച്ചിട്ടുണ്ടെന്നാണ് കേൾക്കുന്നത്. കൈക്കൂലി നല്കാൻ കഴിയാതെ റോഡ് പണി നിർത്തി വേറെ ബിസിനസിലേക്ക് തിരിഞ്ഞ കരാറുകാർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ജനങ്ങളുടെ രോഷം മാത്രമല്ല, ഡൽഹിയിലെ സർക്കാരിന് കേന്ദ്ര ഏജൻസികളെ എപ്പോൾ വേണമെങ്കിലും ഇറക്കി കളിക്കാൻ കഴിയുന്ന തരത്തിലുള്ള സാഹചര്യമാണ് അഴിമതി നിയന്ത്രിച്ചില്ലെങ്കിൽ ഉണ്ടാവുക.

ഇന്ന് നടക്കുന്ന ജന്മദിന സമ്മേളനത്തിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പങ്കെടുക്കുന്നുണ്ട്. കോൺഗ്രസാണ് ബിജെപിക്ക് ബദൽ എന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർഥിയാവണം എന്നും ആദ്യം പറഞ്ഞ പ്രമുഖ സംസ്ഥാന കക്ഷി ഡിഎംകെയാണ്. 1967ൽ കോൺഗ്രസിനെ എന്നത്തേക്കുമായി തമിഴ്‌നാട് ഭരണത്തിൽ നിന്ന് കെട്ടുകെട്ടിച്ച പാർട്ടി കാലത്തോട് ചെയ്യുന്ന പ്രായശ്ചിത്തമാവാം ഒരു പക്ഷെ ഇപ്പോഴത്തെ മഹാമനസ്കത. ഡൽഹിയിൽ 100 സീറ്റ് നേടി കോൺഗ്രസ് നയിക്കുന്ന മുന്നണിയിൽ 40 സീറ്റിന്റെ വിലപേശൽ ശക്തിയുള്ള പാർട്ടിയായാണ് ഡിഎംകെയെ സ്റ്റാലിൻ വിഭാവന ചെയ്യുന്നത്. അതേസമയം തന്നെ, ദേശീയ തലത്തിൽ 'ബ്രാൻഡ് സ്റ്റാലിൻ' പതിയെ നിർമിച്ചെടുക്കുകയെന്ന കർമം കൃത്യമായി നടക്കുന്നുമുണ്ട്. ഇന്നലെ കമൽ ഹസൻ ഉദ്‌ഘാടനം ചെയ്ത പ്രദർശനത്തിൽ സ്റ്റാലിൻ അടിയന്തരാവസ്ഥ കാലത്ത് അനുഭവിച്ച പീഡനം വിശദീകരിക്കുന്ന കലാസൃഷ്ടികൾ വരെയുണ്ട്. മമത ബാനർജിക്കും കെ സി ആറിനും കെജ്രിവാളിനുമൊപ്പം നിൽക്കുന്ന ദേശീയ നേതാവായി തന്നെയാണ് സ്റ്റാലിൻ തന്നെ കാണുന്നത്. ഡൽഹിയിൽ കിങ് ആകാനല്ല, കരുണാനിധിയെ പോലെ കിങ് മേക്കറായി തിളങ്ങാനാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

(മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമാണ് ലേഖകൻ. ഇപ്പോൾ ചെന്നൈ ടൈംസ് ഓഫ് ഇന്ത്യ റസിഡന്റ് എഡിറ്റർ)

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ