പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനം വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ബിജെപി ഒരുമുഴം മുന്നേ എറിഞ്ഞതാണെന്നു മനസിലാക്കാൻ പ്രത്യേകിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല. ഇപ്പോൾതന്നെ 'സുരേഷ് ഗോപിയെ വിജയിപ്പിക്കൂ' എന്ന ചുവരെഴുത്തുകൾ തൃശൂരിൽ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. കേരളത്തിൽ ഒരുപക്ഷേ തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ച, അത് തുറന്നു പറഞ്ഞ, തനിക്ക് മത്സരിക്കണം എന്നാവർത്തിച്ചാവശ്യപ്പെട്ട രാഷ്ട്രീയക്കാരനാണ് സുരേഷ് ഗോപി. കഴിഞ്ഞതവണ തൃശൂരിൽ സുരേഷ് ഗോപി ഉണ്ടാക്കിയ ഓളം കാരണവും, എവിടെ ചെന്നാലും നാലാള് കൂടുമെന്നുറപ്പുള്ള സിനിമാ നടൻ കൂടിയായതുകൊണ്ടും, താൻ വേണമെന്ന് പറഞ്ഞാൽ തിരഞ്ഞെടുപ്പിൽ സീറ്റ് തരാതിരിക്കാൻ ബിജെപിക്ക് സാധിക്കില്ലെന്ന് സുരേഷ് ഗോപിക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ തന്റെ സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിക്കുന്ന കേരളത്തിലെ ആദ്യത്തെ സ്ഥാനാർഥികൂടിയാണ് സുരേഷ്‌ഗോപി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾ സ്ഥാനാർഥിനിർണയം പോലും പൂർത്തിയാക്കാത്ത സാഹചര്യത്തിൽ ആദ്യംതന്നെ സുരേഷ്‌ഗോപിയെ മുന്നിൽ നിർത്തി നരേന്ദ്രമോദിയെ രംഗത്തിറക്കി കളം പിടിക്കാൻ ബിജെപി നടത്തുന്ന ഈ ശ്രമം ഫലം കാണുമോ എന്നതാണ് ചോദ്യം. കഴിഞ്ഞ ദിവസമാണ് അയോധ്യയിലെ റോഡ് ഷോയിലൂടെ നരേന്ദ്രമോദി ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. എന്താണ് ബിജെപി ഈ തിരഞ്ഞെടുപ്പിലിറക്കാൻ പോകുന്ന തുറുപ്പുചീട്ട് എന്ന് വ്യക്തമാക്കി തന്നെയാണ് അവർ മുന്നോട്ടു പോകുന്നത്. ദേശീയ തലത്തിൽ എവിടെ നിന്ന് തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കണമെന്ന് അവർക്കറിയാം. അതിനോട് ചേർത്ത് പറഞ്ഞാൽ കേരളത്തിലും എവിടെനിന്ന് പ്രചരണം ആരംഭിക്കണമെന്നും അവർക്കറിയാം. എങ്ങനെയെങ്കിലും സുരേഷ്‌ഗോപിയെ വിജയിപ്പിച്ചെടുക്കുക. ആ വിജയത്തിലൂടെ ബിംബമാകുന്ന സുരേഷ്‌ഗോപിയെ ഉയർത്തിക്കാട്ടി മറ്റു തിരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കുക എന്നതാണ് ബിജെപിയുടെ ഉദ്ദേശ്യം. ഈ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെങ്കിലും വിജയിക്കണം എന്നുള്ളതാണ് അവരുടെ ആവശ്യം. അതിലൂടെ പലതിലേക്കും പിടിച്ച് കയറാം എന്ന ആഗ്രഹം അവർക്കുണ്ട്.
ഒരു മാധ്യമപ്രവർത്തകയുടെ ശരീരത്തിൽ സമ്മതമില്ലാതെ പിടിക്കുകയും അത് ന്യായീകരിക്കുകയും, പിന്നീട് അതിന്റെ പേരിൽ മറ്റു മാധ്യമപ്രവർത്തകരെ പരിഹസിക്കുകയും ചെയ്ത സുരേഷ് ഗോപിയെ ഒരാളൊഴിയാതെ മുഴുവൻ ബിജെപി പ്രവർത്തകരും തങ്ങളുടെ നേതാവായി കാണുന്നു എന്നിടത്തുതന്നെ ആ സംഘടന സുരേഷ് ഗോപി മുന്നോട്ടു വയ്ക്കുന്ന ആൺ അഹന്തയെ എത്രത്തോളം ആശ്ലേഷിക്കുന്നുണ്ട് എന്ന് കാണാനാകും. അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്നാഗ്രഹിക്കുന്ന, സ്ത്രീകളോട് താൻ എങ്ങനെ പെരുമാറുമെന്നു കാണിച്ചുതന്ന ഒരാൾ തന്നെയാണ് തങ്ങളുടെ നേതാവ് എന്നവർ അംഗീകരിച്ചു കഴിഞ്ഞു.
മറ്റു രണ്ട് മുന്നണികളും ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല എന്നിടത്ത് സുരേഷ്‌ഗോപിക്ക് വോട്ടു ചോദിച്ച് ചുവരെഴുത്തുകൾ ഉയർന്നത് ബിജെപിക്ക് എന്തെങ്കിലും മേൽക്കൈ തിരഞ്ഞെടുപ്പിൽ നൽകുമോ എന്ന ചോദ്യം പ്രധാനപ്പെട്ടത്താണ്. എന്നാൽ ഇതുവരെയുള്ള കേരളത്തിലെ തിരഞ്ഞെടുപ്പ് രീതികൾ ശ്രദ്ധിച്ചാൽ ഈ പരിപാടിയിലൂടെ പ്രത്യേകിച്ച് എന്തെങ്കിലും ബിജെപിക്ക് നേടാൻ സാധിക്കുമെന്ന് കരുതാൻ സാധിക്കില്ല. കേരളം തങ്ങൾ പിടിക്കുമെന്ന ആത്മവിശ്വാസം ബിജെപിക്കു നൽകിയ ശബരിമല സംഭവം നടന്നതിന് ശേഷമാണ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പും, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പും നടന്നത്. രണ്ടു തവണയും ബിജെപിയും സുരേഷ് ഗോപിയും മൂന്നാം സ്ഥാനത്തേക്ക് പോയി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ടി എൻ പ്രതാപനുമായി ഒരു ലക്ഷത്തിലധികം വോട്ടിനു പിന്നിലായിരുന്നു സുരേഷ് ഗോപി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെറിയ മാർജിനിലാണെങ്കിലും സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് തന്നെയായിരുന്നു. വിജയിയച്ചത് സിപിഐ സ്ഥാനാർഥി പി ബാലചന്ദ്രനാണ്.
സിപിഐയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട മണ്ഡലമാണ് തൃശൂർ. ഇരുപതിൽ നാല് സീറ്റുകളാണ് സിപിഐക്ക് ലഭിക്കുക. അതിൽ ആ സംഘടന അതിന്റെ എല്ലാവിധ സംവിധാനങ്ങളും കരുത്തും ഉപയോഗപ്പെടുത്തി ഇത്തവണ കളത്തിലിറങ്ങാൻ പോകുന്നത് തൃശൂരായിരിക്കും. ബിജെപി രണ്ടും കല്പിച്ചിറങ്ങുന്ന സാഹചര്യത്തിൽ സിപിഐയും തങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതായാണ് മനസിലാക്കേണ്ടത്. ഇത്തവണ വി എസ് സുനിൽ കുമാറായിരിക്കും തൃശൂരിൽ എൽഡിഎഫ് സ്ഥാനാർഥിയെന്ന വാർത്തകളാണ് വരുന്നത്. സുനിൽ കുമാറും സിപിഐ നേതൃത്വവും കഴിഞ്ഞ ദിവസങ്ങളിലായി തൃശൂരിൽ സജീവമായി തിരഞ്ഞെടുപ്പ് പ്രാരംഭപ്രവർത്തനങ്ങളിൽ വ്യാപൃതരാണ്. കഴിഞ്ഞ ദിവസം കേരള വർമ കോളേജിൽ എഐഎസ്എഫിന്റെ നേതൃത്വത്തിൽ ഒരു പരിപാടി സംഘടിപ്പിക്കപ്പെട്ടിരുന്നു. 'ഓർമ്മച്ചോപ്പ്' എന്നായിരുന്നു പരിപാടിയുടെ പേര്. കേരള വർമ കോളേജിലെ എഐഎസ്എഫ് പ്രവർത്തകരായിരുന്ന പൂർവ വിദ്യാർഥികളുടെ ഒത്തു ചേരലായിരുന്നു പരിപാടി. അതിൽ വി എസ് സുനിൽ കുമാർ പങ്കെടുക്കുകയും, തന്റെ പണ്ടത്തെയും ഇപ്പോഴത്തെയും സഹപ്രവർത്തകർക്കുമുന്നിൽ വൈകാരികമായി സംസാരിച്ചതായുമുള്ള വിവരങ്ങൾ പുറത്തു വരുന്നുണ്ട്.
യുഡിഎഫ് സ്ഥാനാർഥിയായി ഇപ്പോൾ പുറത്തു കേൾക്കുന്ന പേര് ടി എൻ പ്രതാപന്റെതാണ്. വി എസ് സുനിൽ കുമാറും ടി എൻ പ്രതാപനും ഒരുപോലെ തൃശൂരുകാരുടെ ജനപ്രതിനിധികളായി നിന്നവരാണ്. അതുകൊണ്ടുതന്നെ അത്രയെളുപ്പത്തിൽ സുരേഷ് ഗോപിയെ പോലൊരു സിനിമാതാരത്തിന് തകർക്കാൻ സാധിക്കുന്നതല്ല അവരുടെ ജനകീയത. എന്നാൽ ഒരു വിവാദത്തിനു പിറ്റേദിവസമാണ് നരേന്ദ്രമോദി തൃശൂരിലേക്ക് വരുന്നത് എന്നത് പ്രധാനപ്പെട്ട കാര്യമാണ്. മന്ത്രി സജി ചെറിയാൻ, പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത വൈദികരെ കുറിച്ച് നടത്തിയ പരാമർശമാണ് വിവാദമായത്. 'മുന്തിരി വാറ്റും കേക്കും കിട്ടിയപ്പോൾ ബിഷപ്പുമാർക്കെല്ലാം രോമാഞ്ചമായി, മണിപ്പുരിനെ കുറിച്ച് ഒരു വാക്കു പോലും ചോദിച്ചില്ല' എന്നായിരുന്നു സജി ചെറിയാന്റെ പരാമർശം. മന്ത്രിക്കെതിരെ കെസിബിസി രംഗത്തെത്തിയതോടെ വീഞ്ഞു കേക്കും പരാമര്‍ശം അവര്‍ക്ക് വേദനയുണ്ടാക്കിയെങ്കില്‍ പിന്‍വലിക്കുകയാണെന്നു മന്ത്രി പറഞ്ഞു. ഈ സംഭവം നടന്നതിന്റെ പിറ്റേദിവസമാണ് പ്രധാനമന്ത്രി തൃശൂരിലെത്തുന്നത്. മിക്കവാറും ക്രിസ്തീയ സഭാ നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്താനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ തവണ പ്രധാനമന്ത്രി കൊച്ചിയിൽ വന്നപ്പോഴും ക്രിസ്‌തീയ സഭാ നേതാക്കളെ നേരിൽക്കണ്ടിരുന്നു. മന്ത്രിയുടെ പ്രസ്താവനയെ തുടർന്ന് ഇത്തവണ കൂടിക്കാഴ്ച നടക്കുകയാണെങ്കിൽ അത് വളരെ നിർണായകമായിരിക്കുമെന്നും വിലയിരുത്തലുകളുണ്ട്.
സാധാരണ പൊതുയോഗങ്ങൾക്കപ്പുറം കഴിഞ്ഞ തവണയും ഇത്തവണയും മോദിക്കുവേണ്ടി പ്രത്യേക പരിപാടികൾ ബിജെപി ഒരുക്കിയിരുന്നു. കഴിഞ്ഞ തവണ അത് യുവം പരിപാടിയായിരുന്നെങ്കിൽ, ഇത്തവണ മഹിളാ സംഗമമാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്. രണ്ട് ലക്ഷത്തോളം സ്ത്രീകൾ പങ്കെടുക്കുന്ന മഹാസമ്മേളനമാണിതെന്നാണ് പറയുന്നത്. വനിതാ സംവരണ ബില്ല് പാസാക്കിയതിന് പ്രധാനമന്ത്രിക്ക് കേരള ബിജെപി നൽകുന്ന സ്വീകരണമാണ് മറ്റൊന്ന്. കേവലം പ്രധാനമന്ത്രിയുടെ സന്ദർശനം എന്നതിനപ്പുറം ഒരു തീം ബേസ്ഡ് സന്ദർശനമാക്കി മാറ്റാനാണ് ബിജെപി ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
അയോധ്യയിൽ നിന്നു നരേന്ദ്രമോദി നേരെ വരുന്നത് തൃശൂരിലേക്കാണ് എന്ന പ്രാധാന്യം എന്തായാലും ഈ വരവിനുണ്ട്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിധിയെന്താകുമെന്നത്, കേവലം സുരേഷ്‌ഗോപിയെ മാത്രം സംബന്ധിക്കുന്ന കാര്യം മാത്രമല്ല, അത് ബിജെപിയുടെതന്നെ ഭാവി നിർണയിക്കുന്നതാവും. കറുവണ്ണൂരുൾപ്പെടെയുള്ള സംഭവങ്ങളുയർത്തിക്കാണിച്ച് ആദ്യം മുതൽതന്നെ സുരേഷ്‌ഗോപി മണ്ഡലത്തിൽ സജീവമായുണ്ടായിരുന്നു എന്നത് ശരിയാണ്. എന്നാൽ അഴിമതിയാരോപണങ്ങൾ സോളാർ ആരോപണങ്ങൾക്ക് ശേഷം കാര്യമായി ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യം ബാക്കിയുണ്ട്. ബിജെപിക്ക് 2019ലും 2021ലും സൃഷ്ടിക്കാൻ സാധിക്കാത്ത വിജയം സുരേഷ്‌ഗോപിയെ മുന്നിൽ നിർത്തി ഇത്തവണ നേടാൻ സാധിക്കുമോ എന്നത് കണ്ടറിയേണ്ടതുണ്ട്.