OPINION

യൂട്യൂബർമാരെ പൂട്ടാനൊരുങ്ങുന്ന സിനിമാക്കാർക്ക് അബൂബക്കറെ ഓർമയുണ്ടോ?

എം കെ നിധീഷ്

ഈയിടെ ഞാൻ തിരുവനന്തപുരത്ത് ഒരു പത്രപ്രവർത്തക സുഹൃത്തിനെ കാണാൻ വീട്ടിൽ ചെന്നപ്പോൾ പുള്ളി കഷ്ടപ്പെട്ട് ഒരു താല്പര്യവുമില്ലാതെയിരുന്ന് ലാപ്ടോപ്പിൽ ടൈപ്പ് ചെയ്യുകയാണ്— ഒരു മലയാള നടൻ അഭിനയിക്കുന്ന ഹിന്ദി വെബ് സീരിസിന്റെ പ്രോമോഷനുവേണ്ടി പുള്ളിയുടെ ചാനലും അതിന്റെ നിർമാതാക്കളും കൂടി കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഒരു നിശ്ചിത എണ്ണം ആർട്ടിക്കിളുകളും അഭിമുഖങ്ങളും അതിന്റെ ഭാഗമായി ചാനലിന്റെ വെബ്സൈറ്റിനുവേണ്ടി ചെയ്യണം. ലക്ഷങ്ങളാണ് പ്രതിഫലം. ചുരുക്കത്തിൽ പെയ്ഡ് ന്യൂസ്. എത്തിക്സ് മാറ്റിവച്ചാൽ, ഇതിൽ നിയമവിരുദ്ധമായി ഒന്നുമില്ല.

സിനിമ നിർമാതാക്കൾ മുഖ്യധാരാ മാധ്യമങ്ങൾക്ക് (ടെലിവിഷൻ, ചാനൽ, പത്രം എല്ലാം പെടും) പണം നൽകി അവരുടെ സിനിമകളെ പ്രൊമോട്ട് ചെയ്യിപ്പിക്കാറുണ്ടെന്നത് അവയില്‍ പണിയെടുത്തിട്ടുള്ള എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഈയടുത്ത് ഇറങ്ങിയ പരാജയപ്പെട്ട സിനിമകളുടെ മുഖ്യധാരാ മാധ്യമങ്ങളുടെ റിവ്യൂ എടുത്ത് നോക്കിയാൽ നിങ്ങൾക്കും അത് മനസ്സിലാവും— ദി ഹിന്ദു, ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്, ന്യൂസ്‌മിനുട്ട് എന്നീ ഇംഗ്ലീഷ് മാധ്യമങ്ങൾ ഒഴികെ ഒട്ടുമിക്ക മാധ്യമങ്ങളുടെയും റിവ്യൂസും നിങ്ങൾ കണ്ട സിനിമയും തമ്മിൽ വലിയ ബന്ധമുണ്ടാവില്ല.

വിദ്വേഷം പരത്താനും പണം തട്ടാനുംവേണ്ടി നടത്തുന്ന ഓൺലൈൻ സിനിമ നിരൂപണങ്ങൾ എതിർക്കപ്പെടേണ്ടതുണ്ട്. എന്നാൽ അതിന്റെ പേരിൽ എല്ലാവിധ വിമർശനങ്ങൾക്കെതിരെയും സംഘടിതമായി പോലീസ് നടപടി സ്വീകരിക്കേണ്ടതില്ല

അതുകൊണ്ട് സിനിമ നല്ലതോ മോശമോ എന്നൊരാൾ സത്യസന്ധമായി വിളിച്ച് പറയുന്നത്, അത് ഓൺലൈനിലാണെങ്കിലും തീയേറ്ററിന്റെ പുറത്താണെങ്കിലും മുഖ്യധാരാ മാധ്യമങ്ങളെ സാമ്പത്തികമായി സ്വാധീനിക്കുന്ന കാര്യമാണ്. ഈ സംഘർഷം മറച്ചുവച്ച്, യൂട്യൂബർമാർക്കെതിരെ ഒരുതരം അക്രമണോത്സുകതയോടെ വാർത്തകൾ കൊടുക്കുകയും അതിന് പിന്നാലെ പോലീസ് നടപടി വരുമ്പോൾ "നമ്മുടെ ഇംപാക്ട്" എന്നൊക്കെ പറയുന്നത്, സ്ഥാപനങ്ങളുടെ സ്വാർഥ താല്പര്യങ്ങൾക്ക് വേണ്ടിയുള്ള പ്രതികാര നടപടിയായി ജനം കണ്ടാൽ കുറ്റം പറയാനാവില്ല.

വിദ്വേഷം പരത്താനും പണം തട്ടാനുംവേണ്ടി നടത്തുന്ന ഓൺലൈൻ സിനിമ നിരൂപണങ്ങൾ എതിർക്കപ്പെടേണ്ടതുണ്ട്. എന്നാൽ അതിന്റെ പേരിൽ എല്ലാവിധ വിമർശനങ്ങൾക്കെതിരെയും സംഘടിതമായി പോലീസ് നടപടി സ്വീകരിക്കേണ്ടതില്ല. അത് ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞ ഫാസിസമാണ്. അത് സംബന്ധിച്ച് ചലച്ചിത്ര നിർമാതാക്കളും കുറച്ച് കാര്യങ്ങൾ മനസിലാക്കേണ്ടതുണ്ട്.

അശ്വന്ത് കോക്കിനെപ്പോലുള്ള യൂട്യൂബർമാരെ സംബന്ധിച്ചിടത്തോളം അധിക്ഷേപങ്ങളും അപകീർത്തികരമായ പരാമർശങ്ങളും കൊച്ചുവർത്തമാനമല്ല. 'സാധാരണക്കാരന്റെ' റിവ്യൂ എന്ന നിലയിൽ കോക്ക് നിർമിക്കുന്ന ബ്രാൻഡിങിന്റെ മർമമാണത്. അതിന്റെ പ്രഹരശേഷി കൂടാനാവാം അദ്ദേഹം വളരെ കാഷ്വലായി അധിക്ഷേപിക്കുന്നത്. അതിന്റെ സ്വീകാര്യത ഒന്നിനുവേണ്ടിയും സമരസപ്പെടാതെ നിരൂപണങ്ങൾ നടത്തണമെന്ന പ്രേക്ഷകരുടെ ആഗ്രഹമാണ്. ഇന്റർനെറ്റ് നൽകുന്ന സ്വാതന്ത്യത്തെയും യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോം വരുമാനത്തെയും ആശ്രയിക്കുന്ന ഇവർക്ക് മുഖ്യധാരയെ പോലെ സിനിമാവ്യവസായത്തിന് കോട്ടം തട്ടാതിരിക്കാൻ മോശം സിനിമകളെ പുകഴ്ത്തി പറയേണ്ട ആവശ്യമില്ല.

അശ്വന്ത് കോക്

പുതിയ ഇത്തരം പ്രവണതകളെ അവഗണിക്കുകയും അവയോട് പോരടിക്കുകയും ചെയ്യുന്നതിന് പകരം അവയെ പഠിക്കുകയും അംഗീകരിക്കുകയുമാണ് വേണ്ടത്. അതിലൂടെ കാഴ്ചക്കാർക്ക് അവരുടെതന്നെ ഏറ്റവും കടുത്ത സിനിമാ പ്രതികരണങ്ങളില്‍ ജാഗ്രത പുലർത്താൻ സാധിക്കും. ഒപ്പം ഇത്തരം റിവ്യൂ കാണുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ ഇനിയുമെത്ര ദൂരം പോകണമെന്ന് സിനിമാപ്രവർത്തകർക്കു മനസിലാക്കുകയും ചെയ്യാം.

പിന്നെ അവനവനെ പ്രകാശിപ്പിക്കാൻ സിനിമയെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇതൊന്നും അവരെ ബാധിക്കുന്ന കാര്യമേയല്ല. അന്താരാഷ്ട്ര പ്രദർശനങ്ങളിൽ ഈയിടെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട മലയാള സംവിധായകരിൽ ഒരാളായ ഡോൺ പാലത്തറ പറഞ്ഞ ഒരനുഭവം പറയാം. മുഴുനീളം ഒരു മരണവീട്ടിൽ നടക്കുന്ന കാര്യങ്ങൾ കാണിക്കുന്ന ഡോണിന്റെ ആദ്യ സിനിമ 'ശവം' തൃശൂരില്‍ പ്രദർശിപ്പിച്ച് കഴിഞ്ഞ ഉടൻ മദ്യപിച്ചെത്തിയ ഒരു ചേട്ടൻ ഡോണിനോട് ചൂടായി; "തന്റെ നാട് എവിടെയാ" അയാൾ ചോദിച്ചു; "ഇടുക്കി" ഡോൺ പറഞ്ഞു; അയാള്‍ കയർത്തു: "ആ അവിടെ ഇതൊക്കെ നടക്കും, ഇവടാണെ തന്നെ തല്ലിയേന്നേ," ചേട്ടൻ ചൂടോടെ റിവ്യൂ പാസാക്കി. "പുള്ളിയുടെ വിചാരം ഇത് നടന്ന സംഭവമാണെന്നായിരുന്നു. മരണവീട് ഷൂട്ട് ചെയ്തത് പുള്ളിയ്ക്ക് ഇഷ്ടപ്പെട്ടില്ല. "ഇതിലും വല്യ അവാർഡ് കിട്ടാനുണ്ടോ," ഡോൺ ഒരിക്കൽ പറയുകയുണ്ടായി.

ഡോൺ പാലത്തറ

റിവ്യൂ കാരണം സിനിമ തകരുമോ? റിവ്യൂവിൽ അധിക്ഷേപിക്കാമോ?

കേരളത്തിന് പ്രൊഫഷണൽ സിനിമാ നിരൂപകരുടെ ഒരു നീണ്ട ചരിത്രമുണ്ട്. അതിലെ എല്ലാവരും മര്യാദയുടെ ഭാഷയിൽ മാത്രം കാര്യങ്ങൾ അവതരിപ്പിക്കുന്നവർ ആയിരുന്നില്ല. അവരുടെ അഭിപ്രായങ്ങൾ സിനിമയെ ബാധിക്കാതെയുമിരുന്നില്ല.

മലയാളത്തിലെ ഏറ്റവും പഴയ പ്രൊഫഷണൽ സിനിമാ നിരൂപകരിൽ ഒരാളായ കോഴിക്കോടന്റെ നിരൂപണങ്ങളിലെ 'നന്നായില്ല' എന്ന പ്രയോഗം ഒരു സിനിമയുടെ കച്ചവടത്തെ സാരമായി ബാധിക്കുമായിരുന്നുവെന്ന് നിരൂപകനായ ജിപി രാമചന്ദ്രൻ എഴുതിയിട്ടുണ്ട്. പിന്നീടുവന്ന ഒരുകൂട്ടം നിരൂപകർ, അധികവും 1970കളിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളിൽ നിന്നുള്ളവർ, നിരൂപണമെന്ന് കണ്ടത് ലോകസിനിമയും മലയാളം സിനിമയും തമ്മിലുള്ള പോരാട്ടമായിരുന്നിട്ടായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. അവരുടെ ചർച്ചകളിൽ ജനകീയ സിനിമാ സംസ്കാരത്തെക്കാൾ ഇടംപിടിച്ചത് ലോകസിനിമയും ആർട്ട്-ഹൗസ് ചിത്രങ്ങളുമായിരുന്നു.

ഷണ്മുഖദാസ്

സിനിമകളെ സാമൂഹികമായും രാഷ്ട്രീയമായും നിരൂപണം നടത്തുന്ന ഒരു വലിയ വിഭാഗം എഴുത്തുകാരാണ് പിന്നീട് നിരൂപകരെന്ന പേരിൽ ശ്രദ്ധിക്കപ്പെട്ടത്. ഷണ്മുഖദാസ്, വിജയകൃഷ്ണൻ, ചിന്ത രവി എന്നിവരെരെയൊക്കെ ഈ കൂട്ടത്തിൽ പെടുത്താം. ഇവരെല്ലാം സിനിമയെ ആഴത്തിലുള്ള പഠനങ്ങൾക്ക് വിമർശനവിധേയമാക്കുകയാണ് (film criticism) ചെയ്തത്, റിവ്യൂയിങ്ങ് അല്ല. ഇവരുടെ എഴുത്തിൽ പോപുലർ സിനിമ പലപ്പോഴും കടന്നുവരുന്നത് സിനിമ സംബന്ധിച്ച പഠനങ്ങളുടെ ഭാഗമായിട്ടോ സമകാലിക രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ചോ സമൂഹത്തെപറ്റിയോ ഒക്കെയുള്ള മുന്നറിയിപ്പ് കഥകൾക്കൊപ്പമായിരുന്നു.

പോപുലർ സിനിമ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയാണത് സൃഷ്ടിച്ചത്. സത്യത്തിൽ ഏതാണ്ട് രണ്ട് പതിറ്റാണ്ടായി, ഇറങ്ങുന്ന ആഴ്ചതന്നെ അതാത് പോപുലർ സിനിമകളെ പറ്റി വിശകലനപരവും സത്യസന്ധവും രസകരവുമായ റിവ്യൂകൾ മലയാളത്തിൽ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. പെയ്ഡ് പ്രമോഷൻ തുടങ്ങിയ കാലം മുതൽ മുഖ്യധാര മാധ്യമങ്ങളുടെ നാവടക്കാൻ സിനിമ നിർമാതാകൾക്ക് സാധിച്ചിട്ടുണ്ട്— ഏകമാനമായ "നല്ലത്" എന്ന തൽക്ഷണ അവലോകനങ്ങൾക്ക് അപ്പുറം അവർക്കൊന്നും ചെയ്യാൻ സാധിക്കുന്നില്ല. ഇടക്കാലത്ത് ചിത്രഭൂമി സത്യസന്ധമായ അഭിപ്രായങ്ങൾ എഴുതി ചില പരീക്ഷണങ്ങൾ നടത്തിയെങ്കിലും വളരെ പെട്ടെന്ന് നിർത്തി. കച്ചവട താല്പര്യങ്ങൾക്ക് എതിരായതാവാം കാരണം. ഈ വിടവ് പിന്നെ നികത്തുന്നുത് ഓൺലൈൻ നിരൂപണകരാണ്.

അശ്വന്ത് കോക്കൊക്കെ വരുന്നതിനും മുൻപ് ബ്ലോഗുകളുടെ ഒരു കാലമുണ്ടായിരുന്നു. അബൂബക്കറിനെ പോലെയുള്ള നിരൂപകരുമായി താരതമ്യപ്പെടുത്തിയാൽ കോക്ക് ഒരു വിശുദ്ധനാണെന്ന് തോന്നിപ്പോകും. അത്തരത്തിലായിരുന്നു അബൂബക്കറിന്റെ നിരൂപണങ്ങൾ.

സിനിമാ നിരൂപണത്തെ ഒരു പൊളിറ്റിക്കൽ ടൂളായി മാറ്റുന്നതിൽ അബൂബക്കറോളം വിജയിച്ച മലയാളി നിരൂപകരുണ്ടോയെന്ന് സംശയമാണ്. അങ്ങേയറ്റം രസകരവും പ്രകോപനപരവുമായിരുന്നു അബൂബക്കറിന്റെ നിരൂപണങ്ങൾ. അബൂബക്കറിന്റെ ചില തലക്കെട്ടുകൾ നോക്കാം:

അൻവർ - നീരദങ്ങളിൽ നിന്ന് മലം പെയ്യുമ്പോൾ; അർജുനൻ സാക്ഷി - ഐ അവ്വക്കർ സെക്കന്റ് ഇറ്റ്!

അവൻ ഇവൻ - ബീഫ് തിന്നാമോ രാജാവേ

ക്രിസ്ത്യൻ ബ്രദേഴ്സ് - സോറി ഫ്രണ്ട്സ്, ജാതി ചോദിക്കും പറയുകയും ചെയ്യും!

ഡബിൾസ് - പ്രേക്ഷകനും മമ്മൂട്ടിക്കും ഇത് ട്രബിൾസ്

എന്തിരൻ - എന്തിരിനെടേയ് ഈ പടമെന്നു ചോദിക്കരുത്

കുടുംബശ്രീ ഉഗ്രൻ - പക്ഷെ 25 കൊല്ലം ലേറ്റായി പോയി

പയ്യൻസ്, ഒരാൺ പന്നിപ്പടം അല്പം പ്രാഞ്ചിപ്പോയ ലോക സിനിമ അഥവാ, കൈവെട്ടു കാലത്തെ പുണ്യാളന്മാർ

റോസ് - ഇനി മുതൽ ഇംഗ്ളീഷ് സിനിമ മോഷ്ടിക്കുന്നവർ ഫെഫ്കയിലറിയിക്കണം!

സീനിയേഴ്സ് - ഇത്തിരി കടലപ്പിണ്ണാക്ക്, ഇത്തിരി എള്ളുമ്പിണ്ണാക്ക്

ദി ട്രെയിൻ - ആന മുക്കുന്നതു കണ്ട് ജയരാജു മുക്കിയാൽ

ഉറുമി - മലയാളിക്ക് ഇതു തന്നെ കിട്ടണം

(തലക്കെട്ടുകൾക്ക് ജി പി രാമചന്ദ്രന്റെ ബ്ലോഗിന്ന് നന്ദി. ഒറിജിനൽ റിവ്യൂസ്, അത് പബ്ലിഷ് ചെയ്യുന്ന malayal.am എന്ന സൈറ്റ് നിലവിൽ ഇല്ലാത്തത് കൊണ്ട് ലഭിക്കുന്നില്ല)

അപകീർത്തി, ഭീഷണി, ഉപദ്രവം എന്നിവയ്‌ക്കെതിരെ ഈ രാജ്യത്ത് ആർക്കും പോലീസിനെ സമീപ്പിക്കാം. പക്ഷേ കേവലമായ അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത ഒരു രാജ്യത്ത്, വിയോജിപ്പുകളെ ക്രിമിനൽവൽക്കരിച്ചുകൊണ്ട് ചില മോശം ഓൺലൈൻ പെരുമാറ്റങ്ങളെ ഒഴിവാക്കാമെന്നാണ് സിനിമ വ്യവസായം പ്രതീക്ഷിക്കുന്നതെങ്കിൽ, അവർ അറിയാതെ തന്നെ കളമൊരുക്കുന്നത് ഒരുപക്ഷേ ഇതിലും ഭീകരമായ യൂട്യൂബ് റാഡിക്കലുകൾക്കായിരിക്കും

സഭ്യതയുടെ അതിരുകൾ തേടി പോകുന്ന നർമം. ഇടയ്ക്കിടെ അബൂബക്കർ ചലച്ചിത്ര പഠനവും പടച്ചുവിട്ടിരുന്നു. ബുദ്ധിജീവി മലയാളി സിനിമാ പഠനത്തിന്റെ സ്പൂഫായോ സിനിമാ ബിംബങ്ങളുടെ പ്രകോപനപരമായ പുനർനിർമാണമായോ ഒക്കെ കാണാവുന്ന പഠനങ്ങളായിരുന്നു അബൂബക്കറിന്റേത്. പൃഥ്വിരാജ് കണ്ടുപിടിച്ച പത്താമത്തെ ഭാവം (പൃഥ്വിരാജിന്റെ പല കഥാപാത്രങ്ങളും കൊണ്ടാടിയിരുന്ന പുച്ഛഭാവത്തെ പറ്റി), പദ്മരാജന്റെ പൂച്ച് പുറത്ത് ചാടുന്നു (പദ്മരാജൻ സിനിമകൾ സൂക്ഷിച്ച് പരിശോധിച്ചാൽ ജാതീയത കണ്ടെത്താമെന്ന അവകാശവാദം) എന്നൊക്കെയായിരുന്നു അവയുടെ തലക്കെട്ടുകൾ (ഓർമയിൽ നിന്ന്, ചിലപ്പോൾ തെറ്റുണ്ടാവാം).

ഇതെല്ലാം മനപ്പൂർവമാണെന്നാണ് ഞാൻ കരുതുന്നത്. അബൂബക്കറിന്ന് പറയാനുള്ള രാഷ്ട്രീയത്തെ സിനിമയിലൂടെ പറയാനാണ് ഈ എഴുത്തുകൾ ഉപയോഗിച്ചത്. അത് വ്യക്തിപരമായ അധിക്ഷേപിമായി ചിലർക്ക് തോന്നാം. സറ്റയറായും കാണാം. എങ്കിലും എന്തായാലും ആ എഴുത്തിന്റെ രാഷ്ട്രീയ ശരിയെ പറ്റിയുള്ള ചർച്ചകൾ പോലും സിനിമയെ വെറും കച്ചവട ചരക്കെന്നത്തിൽ നിന്ന് ഉപരിയായി നിലനിർത്തി.

ഒരു പടം കണ്ടിട്ട് തനിക്ക് തോന്നുന്നത് ശക്തമായി വെളിപ്പെടുത്തുമെന്നതാണ് കോക്കിന്റെ ഗ്യാരന്റി— അതായത് അയാളുടെ മുൻവിധികളെ, അയാളുടെ സിനിമാ ആസ്വാദനത്തിലൂടെ, നമുക്ക് കാണിച്ച് തരുമെന്ന്. അതിലെന്താണ് പ്രശ്നം?

സത്യത്തിൽ അബൂബക്കർ എന്ന പേരിൽ ഒരാളില്ലായിരുന്നു. ആരാധകരുടെ രോഷം ക്ഷണിച്ചുവരുത്തുമെന്ന് നേരത്തെ മനസ്സിലാക്കിയ മിടുക്കന്മാരായ മൂന്നോ നാലോ പേർ ഇത്തരം നിരൂപണങ്ങൾ നടത്താൻ വേണ്ടി മാത്രം സൃഷ്‌ടിച്ച കഥാപാത്രമായിരുന്നു അബൂബക്കർ. പ്രധാനമായും എഴുതിയിരുന്നതായി ഞാൻ മനസിലാക്കിയത് ഇന്ന് എഴുത്തുകാരനും അധ്യാപകനുമായ അൻവർ അബ്ദുല്ലയാണ്. അദ്ദേഹം പിന്നീട് നികേഷ് കുമാർ റിപ്പോർട്ടർ ടിവി ആരംഭിച്ചപ്പോൾ 'റിവേഴ്‌സ് ക്ലാപ്' എന്ന സിനിമ നിരൂപണം അവതരിപ്പിച്ചിരുന്നു. എന്നാൽ ഈ പരിപാടി പെട്ടെന്നുതന്നെ ചാനൽ നിർത്തി. ചാനലിന്റെ കച്ചവടത്തെ ബാധിച്ചതാണ് പരിപാടി അവസാനിപ്പിക്കാൻ കാരണമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഒരു സന്ദർഭത്തിൽ ചിരിയും മറ്റൊന്നിൽ അധിക്ഷേപവും തോന്നിക്കുന്ന അബൂബക്കറുടെ നിരൂപണങ്ങളുടെ ഒരു ഗുണമായി എനിക്ക് തോന്നിയത് വംശീയവും സാമൂഹികവും സാമ്പത്തികവുമായ മുൻവിധികളെക്കുറിച്ചുള്ള നമ്മുടെ മനോഭാവങ്ങളെ തിരിച്ചറിയാൻ, സിനിമ ഒരു ടൂളായ് ഉപയോഗിച്ചെന്നതാണ്. ആ മനോഭാവങ്ങളെ സിനിമ പൂർണമായും അവഗണിക്കുന്നത് കണ്ടെത്തുന്നതിലും, സ്വയം പക്ഷം പിടിക്കുന്നതിലൂടെ അതിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കുന്നതുമായിരുന്നു അബൂബക്കറുടെ വിജയം.

കോക്കിൽ ആരോപിക്കുന്ന അവഹേളന നിരൂപണത്തിന്റെ ഒരു മുൻകാല രൂപം അബൂബക്കറിൽ കാണാം. ഒരു പടം കണ്ടിട്ട് തനിക്ക് തോന്നുന്നത് ശക്തമായി വെളിപ്പെടുത്തുമെന്നതാണ് കോക്കിന്റെ ഗ്യാരന്റി— അതായത് അയാളുടെ മുൻവിധികളെ, അയാളുടെ സിനിമാ ആസ്വാദനത്തിലൂടെ, നമുക്ക് കാണിച്ച് തരുമെന്ന്. അതിലെന്താണ് പ്രശ്നം? ആകപ്പാടെ എനിക്കതിൽ പ്രശ്നമായി തോന്നിയത് അത് അബൂബക്കറേക്കാൾ ഒരുപാട് താഴെയാണെന്നതാണ്— അബൂബക്കർ പക്ഷം പിടിച്ചത് ഒരു രാഷ്ട്രീയം പറയാനാണ്, കോക്കിന്റേത് വ്യക്തിഗതമായ മുൻവിധികളെ മുൻ നിർത്തി മാത്രമുള്ള പക്ഷം ചേരലാണ്.

ഇനി വൃത്തികെട്ട വിശേഷണങ്ങൾ ഉപയോഗിക്കുന്നതാണ് പ്രശ്നമെങ്കിൽ അധിക്ഷേപങ്ങൾക്ക് ശാശ്വതമായ ഒരു പ്രഭാവം എന്നും ഉണ്ടാകും— വംശീയ, ലൈംഗിക അധിക്ഷേപം സംസാരിക്കുന്ന കഥാപാത്രങ്ങൾ സിനിമയിൽ തുടരുന്നപോലെ. ഇത് രണ്ടും പ്രേക്ഷകരെ അവരുടേതായ ഒരു പുനർമൂല്യനിർണയ പ്രക്രിയയിലേക്ക് നിർബന്ധിതരാക്കുമെന്നതാണ് ലോകമെങ്ങും ഉള്ള ചരിത്രം— അധിക്ഷേപങ്ങൾ കേൾക്കാൻ ആളില്ലാതെയാവുമ്പോൾ അത് താനെ നില്‍ക്കും.

ഭീഷണി, ഉപദ്രവം എന്നിവയ്‌ക്കെതിരെ ഈ രാജ്യത്ത് ആർക്കും പോലീസിനെ സമീപ്പിക്കാം. പക്ഷേ കേവലമായ അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത ഒരു രാജ്യത്ത്, വിയോജിപ്പുകളെ ക്രിമിനൽവൽക്കരിച്ചുകൊണ്ട് ചില മോശം ഓൺലൈൻ പെരുമാറ്റങ്ങളെ ഒഴിവാക്കാമെന്നാണ് സിനിമ വ്യവസായം പ്രതീക്ഷിക്കുന്നതെങ്കിൽ, അവർ അറിയാതെതന്നെ കളമൊരുക്കുന്നത് ഒരുപക്ഷേ ഇതിലും ഭീകരമായ യൂട്യൂബ് റാഡിക്കലുകൾക്കായിരിക്കും. കോക്കിനെ താങ്ങാൻ പറ്റാത്ത ഇവരെങ്ങെനെ അബൂബക്കർമാരെ താങ്ങും?

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും