മുസ്ലീം ലീഗിന്റെ എഴുപത്തഞ്ചാം വാർഷിക വേളയിൽ നാടെങ്ങും മുഴങ്ങുന്നത് അത്യുക്തിയുടെ തലത്തിലേക്ക് പലപ്പോഴും വീഴുന്ന പുകഴ്ത്തലുകളാണ്. സ്വാതന്ത്ര്യാനന്തരം പാർട്ടിയുടെ പുനരുദ്ധാരണം നടന്ന മദിരാശിയിലെ പഴയ ബാങ്ക്വിറ്റ് ഹാളിൽ വീണ്ടും ലീഗ് നേതാക്കൾ സംഗമിക്കുന്നു. ദേശീയ രാഷ്ട്രീയത്തിൽ പാർട്ടിയുടെ അടിയന്തര കടമകൾ സംബന്ധിച്ച് സംവദിക്കുന്നു. ന്യൂനപക്ഷ താല്പര്യങ്ങൾ സംരക്ഷിക്കാനായി ഒരു ദേശീയ മതേതര ബദലിനായി പാർട്ടി പ്രതിജ്ഞാബദ്ധമാണ് എന്ന് അതിന്റെ നേതാക്കൾ പ്രഖ്യാപിക്കുകയും ചെയ്ത് കഴിഞ്ഞു.
സുഷുപ്തിയിൽ കഴിയാൻ ലീഗിന് സാധിക്കുമോ? അത്തരമൊരു പാർട്ടിയെ ചുമക്കാൻ സമുദായം എത്രകാലം തയ്യാറാകും? മുസ്ലീം ലീഗിന്റെ പ്ലാറ്റിനം ജൂബിലി വേളയിൽ പ്രസക്തമാകുന്നത് ഇത്തരം ചോദ്യങ്ങളാണെന്ന് ലീഗിന്റെ ചരിത്രം രചിച്ച മാധ്യമപ്രവർത്തകൻ എൻ പി ചെക്കുട്ടി
എന്നാൽ എന്താണ് ഈ ജൂബിലി വേളയിൽ നാട്ടിൽ കാണപ്പെടുന്ന യാഥാർഥ്യം? ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഏഴ് പതിറ്റാണ്ട് കാലത്തെ ചരിത്രത്തിൽ ന്യൂനപക്ഷ പ്രാതിനിധ്യം ഏറ്റവും കുറഞ്ഞ ലോക്‌സഭകളിൽ ഒന്നാണ് ഇപ്പോൾ നിലവിലുള്ളത്. ഇന്ത്യൻ മുസ്ലീം സമുദായം അറബ് ലോകത്തെ മുഴുവൻ രാജ്യങ്ങളിലെയും ജനസംഖ്യയെ കവച്ചുവയ്ക്കുന്ന കാലമാണിത്. എന്നാൽ 20 ശതമാനത്തിലേറെ മുസ്ലീം ജനസംഖ്യയുള്ള ഉത്തർ പ്രദേശും പശ്ചിമ ബംഗാളും അടക്കമുള്ള സംസ്ഥാനങ്ങളിൽ അവർ അധികാര സംവിധാനത്തിന്റെ ഓരങ്ങളിൽപ്പോലും ഇടമില്ലാതെയാണ് കഴിയുന്നത്. മുസ്ലീം ലീഗിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന നേട്ടങ്ങൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും കേരളത്തിലെ പരിമിതിമായ ഒരു വൃത്തത്തിലാണ് എന്ന പരമയാഥാർഥ്യം ബാക്കി നിൽക്കുന്നു.
1948 മാർച്ചിൽ ലീഗിന്റെ പുനരുദ്ധാരണം സംബന്ധിച്ച ചർച്ചകൾ നടക്കുന്ന വേളയിൽ അതായിരുന്നില്ല പാർട്ടിയുടെ നേതാക്കൾ മുന്നോട്ടുവച്ച ആശയം. വിഭജനാനന്തരം, ഇന്ത്യയിൽ അവശേഷിച്ച മുസ്ലീം സമുദായം കടുത്ത പ്രതിസന്ധിയിലാണെന്നും അവർക്ക് രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മണ്ഡലങ്ങളിൽ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരുന്ന ഒരു നേതൃത്വത്തിന്റെ അനിവാര്യതയുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുകയുണ്ടായി. അതിനാൽ ദേശീയതലത്തിൽ മുസ്ലീങ്ങളുടെ നാനാമുഖമായ പുരോഗതിക്ക് ഊന്നൽ നൽകിയുള്ള നയപരിപാടികൾ പാർട്ടി ആവിഷ്കരിക്കും എന്നാണ് അന്നത്തെ പ്രമേയത്തിൽ പാർട്ടി ഉറപ്പിച്ച് പറഞ്ഞത്.
1906ൽ ധാക്കയിൽ രൂപം കൊണ്ട അഖിലേന്ത്യാ മുസ്ലീം ലീഗ് എന്ന പ്രസ്ഥാനം ഇന്ത്യയുടെ വിഭജനത്തിലേക്ക് നയിച്ച ദ്വിരാഷ്ട്ര വാദത്തിന്റെ വക്താവായാണ് മുപ്പതുകൾക്ക് ശേഷം അവതരിച്ചത്
എന്തായിരിക്കണം മുസ്ലീം ലീഗിന്റെ അടിസ്ഥാനപരമായ നയപരിപാടികൾ എന്നതിനെ കുറിച്ച് അന്നുതന്നെ വലിയ ഭിന്നതകൾ പാർട്ടിയിൽ നിലനിന്നിരുന്നു. 1906ൽ ധാക്കയിൽ രൂപം കൊണ്ട അഖിലേന്ത്യാ മുസ്ലീം ലീഗ് എന്ന പ്രസ്ഥാനം ഇന്ത്യയുടെ വിഭജനത്തിലേക്ക് നയിച്ച ദ്വിരാഷ്ട്ര വാദത്തിന്റെ വക്താവായാണ് മുപ്പതുകൾക്ക് ശേഷം അവതരിച്ചത്. 1937ൽ ബ്രിട്ടീഷ് ഭരണത്തിൽ ഇന്ത്യൻ പ്രവിശ്യാ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ വന്ന മന്ത്രിസഭകളിൽ ലീഗിന്റെ പങ്കാളിത്തം സംബന്ധിച്ച ഉറപ്പുകൾ കോൺഗ്രസ് പാലിച്ചില്ല എന്നതാണ് മുഹമ്മദലി ജിന്നയെയും ലീഗ് നേതൃത്വത്തെയും പ്രകോപിപ്പിച്ചത്.
ഇന്നത്തെ ഉത്തർ പ്രദേശ് അടങ്ങുന്ന പഴയ യുണൈറ്റഡ് പ്രൊവിൻസിൽ ലീഗിന് മന്ത്രിസഭയിൽ പ്രതിനിധ്യം നൽകാമെന്ന് കോൺഗ്രസ് വാഗ്‌ദാനം നൽകിയിരുന്നു. എന്നാൽ ജവാഹർലാൽ നെഹ്‌റു അത് അട്ടിമറിച്ചു എന്നാണ് ജിന്ന ആരോപിച്ചത്. മന്ത്രിസഭയിൽ അവർക്ക് പ്രാതിനിധ്യം കിട്ടിയതുമില്ല. കോൺഗ്രസിനാകട്ടെ, രണ്ടുവർഷം മാത്രമാണ് ഭരണം സാധ്യമായത്. 1939ൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇന്ത്യൻ നേതാക്കളുമായി ചർച്ച ചെയ്യാതെ ഇന്ത്യയെ യുദ്ധത്തിൽ പങ്കാളിയാക്കി ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടം പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മന്ത്രിസഭകൾ രാജിവച്ചു. തുടർന്ന് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം വന്നു, കോൺഗ്രസ് നേതാക്കൾ ജയിലിലായി.
1942-47 കാലത്തെ ഇന്ത്യൻ രാഷ്ട്രീയം ഇന്നും രാജ്യത്ത് കടുത്ത വൈകാരിക പ്രതികരണങ്ങൾ സൃഷ്ടിക്കുന്ന അനുഭവങ്ങളുടെ ഒരു കാലമായിരുന്നു. അന്നാണ് ലീഗിന്റെ ദ്വിരാഷ്ട്ര സിദ്ധാന്തം പ്രായോഗികതലത്തിൽ അനുഭവവേദ്യമായത്. ജിന്ന പ്രഖ്യാപിച്ച ഡയറക്റ്റ് ആക്ഷൻ രാജ്യത്തെങ്ങും ചോരപ്പുഴയാണ് ഒഴുക്കിയത്. ലീഗിനെ ചോദ്യം ചെയ്യുന്നവർ ഇസ്ലാമിനെയാണ് ചോദ്യം ചെയ്യുന്നത് എന്നാണ് അതിന്റെ നേതാക്കൾ പ്രഖ്യാപിച്ചത്. വിഭജനത്തെ എതിർത്ത സുന്നി മതപണ്ഡിത പ്രസ്ഥാനം ജംഇയ്യത്തുൽ ഉലമായേ ഹിന്ദിന്റെ അഭിവന്ദ്യനേതാക്കളെ ചീമുട്ടയെറിഞ്ഞ മതരാഷ്ട്രീയക്കാരുടെ ഇളകിയാട്ടത്തിന്റെ കാലമാണത്. അതിന്റെ കരിനിഴലിൽ നിന്നും ഒരിക്കലും ലീഗിന് വിമോചനം ഉണ്ടായില്ല.
അത്തരമൊരു പശ്ചാത്തലത്തിലാണ് അന്നത്തെ മദ്രാസ് പ്രവിശ്യയുടെ തലസ്ഥാനമായ മദിരാശി നഗരത്തിൽ ഇന്ത്യയിൽ അവശേഷിച്ച ലീഗ് ദേശീയ സമിതി അംഗങ്ങളുടെ യോഗം മദ്രാസ് പ്രവിശ്യാ അധ്യക്ഷനായിരുന്ന മുഹമ്മദ് ഇസ്മായിൽ സാഹിബ് വിളിച്ച് ചേർക്കുന്നത്. അതിനായി അദ്ദേഹത്തെ നിയോഗിച്ചത് മൂന്നുമാസം മുമ്പ് കറാച്ചിയിൽ ചേർന്ന അവിഭക്ത മുസ്ലീം ലീഗിന്റെ അവസാനത്തെ ദേശീയ സമിതി യോഗമായിരുന്നു. ഇന്ത്യയിൽ നിന്ന് ഏതാനും അംഗങ്ങൾ മാത്രമാണ് അതിൽ പങ്കെടുത്തത്. അന്നാണ് അവിഭക്ത ലീഗ് കൗൺസിൽ പിരിച്ചുവിടാനും പാകിസ്താനിലും ഇന്ത്യയിലും ലീഗ് വെവ്വേറെ രാഷ്ട്രീയ പ്രസ്ഥാനങ്ങളായി പുനഃസംഘടിപ്പിക്കാനും നിശ്ചയിച്ചത്.
ഒഴുക്കിനെതിരെ നീന്തിക്കൊണ്ടാണ് മുഹമ്മദ് ഇസ്മായിൽ ആദ്യ യോഗം സ്വതന്ത്ര ഇന്ത്യയിൽ സംഘടിപ്പിച്ചത്. ഇന്ത്യയിലെ മുസ്ലീം സമുദായം തീർത്തും ഒറ്റപ്പെട്ടതും കടുത്ത പ്രതിസന്ധികളിൽ ഉഴലുന്നതുമായ അവസ്ഥയിലായിരുന്നു. അവർക്ക് നേതാക്കൾ ഉണ്ടായിരുന്നില്ല. മുസ്ലീം സമുദായം ജനസംഖ്യാപരമായി ഏറ്റവും ശക്തമായിരുന്ന ഉത്തരേന്ത്യൻ പ്രവിശ്യകളിലാണ് ഈ നേതൃരാഹിത്യം കഠിനമായി അനുഭവപ്പെട്ടത്. മിക്കവാറും നേതാക്കളെല്ലാം അനുയായികളെ വഴിയിൽ തള്ളി പാക്കിസ്താനെന്ന പുതു ശാദ്വലഭൂമിയിലേക്ക് കുടിയേറിക്കഴിഞ്ഞിരുന്നു.
പുതിയ രാജ്യത്തിന്റെ നേതൃമണ്ഡലത്തിലും അധികാര വ്യവസ്ഥയിലും തങ്ങൾക്ക് കിട്ടാനിടയുള്ള പദവികളിലായിരുന്നു അവരുടെ നോട്ടം. അതിനാൽ മലബാറിൽ നിന്ന് ലീഗിന്റെ ചിഹ്നത്തിൽ ദേശീയ അസംബ്ലിയിലേക്ക് ജയിച്ച അബ്ദുസത്താർ സേട്ടു മുതൽ സ്വാതന്ത്ര്യത്തിന്റെ അർദ്ധരാത്രിയിൽ നെഹ്രുവിനോടും ഡോ. എസ് രാധാകൃഷ്ണനോടുമൊപ്പം രാജ്യത്തെ അഭിസംബോധന ചെയ്ത യുപിയിൽ നിന്നുള്ള പ്രമുഖ നേതാവ് ചൗധരി ഖാലിക്ക് ഉസ്മാൻ വരെയുള്ള നേതാക്കൾ പുതു ഭരണകൂടത്തിന്റെ കേന്ദ്രമായ കറാച്ചിയിലേക്ക് കെട്ടുകെട്ടി. അവരിൽ പലരും പാകിസ്താനി ഭരണകൂടത്തിൽ മെച്ചപ്പെട്ട പദവികൾ നേടി. പിന്നീട് പഞ്ചാബിലെയും സിന്ധിലെയും ഭൂപ്രഭുക്കളും അവരുടെ നിയന്ത്രണത്തിലുള്ള സേനാ മേധാവികളും പാക് ഭരണകൂടത്തെ പൂർണമായും റാഞ്ചിയപ്പോൾ ഇന്ത്യയിൽ നിന്ന് പോയവർ അവിടെയും അഗതികളായി. ചിലരെങ്കിലും തങ്ങളുടെ ദുർഗതിയെ പഴിച്ചു ആത്മകഥകളെഴുതി കാലം കഴിച്ചു.
മൊത്തം 33 പേർ പങ്കെടുത്ത മദിരാശി യോഗത്തിൽ തുടക്കത്തിൽ തന്നെ പുനഃസംഘടനയെ എതിർക്കുന്ന ഒരു പ്രമേയമാണ് ചർച്ചയ്ക്ക് വന്നതെന്ന് ലീഗിന്റെ ആദ്യകാലം സംബന്ധിച്ച വളരെ പ്രസക്തമായ ഒരു അക്കാദമിക പഠനം തയ്യാറാക്കിയ അമേരിക്കൻ പണ്ഡിതൻ തിയഡോർ റൈറ്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്
അങ്ങനെയുള്ള പശ്ചാത്തലത്തിലാണ് ലീഗിന്റെ ഇന്ത്യയിലെ രണ്ടാം വരവ്. ഇന്ത്യൻ ഭരണകൂടം അതിനെ സംശയത്തോടെയാണ് വീക്ഷിച്ചത്. രാജ്യത്തിന്റെ വിഭജനത്തിന് ലീഗും മുസ്ലീം സമുദായവുമാണ് ഉത്തരവാദികൾ എന്ന പ്രചാരണം പ്രചണ്ഡമായ നിലയിൽ മുഴങ്ങി. അതിനെ ചെറുക്കാൻ ശേഷിയുള്ള ഒരു ബുദ്ധിജീവി മണ്ഡലം അന്ന് മുസ്ലീം സമുദായത്തിൽ അവശേഷിച്ചിരുന്നുമില്ല. മുസ്ലീങ്ങൾ വിറകുവെട്ടികളും വെള്ളംകോരികളും ആയി ഓരങ്ങളിൽ കഴിഞ്ഞുകൂടി. അതിനാൽ ലീഗിനെ പുനഃസംഘടിപ്പിക്കാനുള്ള നീക്കം വളരെ സാഹസികമായിരുന്നു എന്നുതന്നെ പറയണം. വടക്കേ ഇന്ത്യൻ മുസ്ലീം നേതാക്കൾ പൊതുവിൽ അതിനോട് വിയോജിച്ചു. ഇന്ത്യയിൽ അവശേഷിച്ചവരിൽ മിക്കവാറും പേർ യോഗത്തിൽ നിന്ന് വിട്ടുനിന്നു. മൊത്തം 33 പേർ പങ്കെടുത്ത മദിരാശി യോഗത്തിൽ തുടക്കത്തിൽ തന്നെ പുനഃസംഘടനയെ എതിർക്കുന്ന ഒരു പ്രമേയമാണ് ചർച്ചയ്ക്ക് വന്നതെന്ന് ലീഗിന്റെ ആദ്യകാലം സംബന്ധിച്ച വളരെ പ്രസക്തമായ ഒരു അക്കാദമിക പഠനം തയ്യാറാക്കിയ അമേരിക്കൻ പണ്ഡിതൻ തിയഡോർ റൈറ്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കോഴിക്കോട്ട് നിന്നുള്ള വ്യാപാര പ്രമുഖനും മദ്രാസ് നിയമസഭാ അംഗവുമായിരുന്ന പി പി ഹസ്സൻകോയ കൊണ്ടുവന്ന പ്രമേയത്തെ മദിരാശിയിലെ എം എസ് എ മജീദ് പിന്താങ്ങി. എന്നാൽ മലബാറിൽ നിന്നുള്ള ബി പോക്കർ, കെ ഉപ്പി, കെ എം സീതി, അബ്‌ദുറഹ്‌മാൻ ബാഫഖി തങ്ങൾ തുടങ്ങിയ നേതാക്കൾ പ്രമേയത്തെ എതിർത്തു. ഇന്ത്യൻ മുസ്ലീങ്ങളെ സംബന്ധിച്ച് ലീഗിന്റെ പുനഃസംഘടന അനിവാര്യമാണ് എന്ന നിലപാടാണ് അവർ സ്വീകരിച്ചത്.
അതിനാൽ മലബാറിൽ നിന്നുതന്നെയുള്ള പി കെ മൊയ്തീൻകുട്ടി അവതരിപ്പിച്ച ഒരു സമവായ പ്രമേയത്തിൽ ലീഗിന്റെ പ്രധാന ലക്ഷ്യം മുസ്ലീങ്ങളുടെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസപരമായ പുരോഗതിയായിരിക്കും എന്നാണ് സൂചിപ്പിച്ചത്. അതിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ പിന്നീട് 1951ൽ പാർട്ടിയുടെ നയവും ഭരണഘടനയും അംഗീകരിച്ച സന്ദർഭത്തിലാണ് വ്യക്തമാക്കിയത്. അതിനകം പ്രമേയകാരനായ മൊയ്‌തീൻകുട്ടി അടക്കം പലരും പാർട്ടി വിട്ടുപോയിരുന്നു. 1952ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം കുറ്റിപ്പുറത്ത് നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. (നമ്മുടെ പൊതുമരാമത്ത് മന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയന്റെ ജാമാതാവുമായ മുഹമ്മദ് റിയാസ് ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവാണ്. 1942 വരെ കോൺഗ്രസിൽ പ്രവർത്തിച്ച മൊയ്തീൻകുട്ടി കെപിസിസിയിൽ പിളർപ്പ് വന്നപ്പോൾ ഒരു വിഭാഗത്തിന്റെ അധ്യക്ഷനായിരുന്നു. പിന്നീടാണ് അദ്ദേഹം ലീഗിലെത്തിയത്. വൈകാതെ അവിടം വിടുകയും ചെയ്തു).
1957ൽ തിരഞ്ഞെടുപ്പ് കാലത്ത് കോഴിക്കോട് വെസ്റ്റ് ഹിൽ മൈതാനിയിൽ (ഇന്നത്തെ വിക്രം മൈതാനി) നെഹ്‌റു നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി ലീഗിനെ വിശേഷിപ്പിച്ചത് “ക്വിസ്‌ലിംഗ്” എന്നാണ്. അഞ്ചാംപത്തി എന്നാണ് അതിന്റെ അർഥം. ലീഗിന് ഇന്ത്യയോടല്ല, ഒരു അയൽരാജ്യത്തോടാണ് പ്രണയം എന്നാണ് അദ്ദേഹം അതിലൂടെ ആരോപിച്ചത്
കോൺഗ്രസുമായി അടുപ്പം സ്ഥാപിച്ച് ഭരണകൂടത്തിന്റെ എതിർപ്പ് ശമിപ്പിക്കുക എന്ന നയമാണ് ലീഗിന്റെ ആദ്യത്തെ രണ്ടു പതിറ്റാണ്ടുകളിൽ മുഹമ്മദ് ഇസ്മായിൽ സ്വീകരിച്ചത്. ആദ്യമൊന്നും നെഹ്‌റു അയഞ്ഞില്ല. 1957ൽ തിരഞ്ഞെടുപ്പ് കാലത്ത് കോഴിക്കോട് വെസ്റ്റ് ഹിൽ മൈതാനിയിൽ (ഇന്നത്തെ വിക്രം മൈതാനി) നെഹ്‌റു നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി ലീഗിനെ വിശേഷിപ്പിച്ചത് “ക്വിസ്‌ലിംഗ്” എന്നാണ്. അഞ്ചാംപത്തി എന്നാണ് അതിന്റെ അർഥം. ലീഗിന് ഇന്ത്യയോടല്ല, ഒരു അയൽരാജ്യത്തോടാണ് പ്രണയം എന്നാണ് അദ്ദേഹം അതിലൂടെ ആരോപിച്ചത്.
അത്തരം ആരോപണങ്ങളിൽ നിന്ന് സ്വയം അഗ്നിശുദ്ധി വരുത്തി പൊതുമണ്ഡലത്തിൽ മുഖ്യധാരയുടെ ഇഷ്‍ടപാത്രമായി മാറാനുള്ള ലീഗിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് അന്ന് ഇഎംഎസ് സർക്കാരിനെതിരെ എൻഎസ്എസും കത്തോലിക്കാ സഭയും കോൺഗ്രസ്-പിഎസ്‌പി പിന്തുണയോടെ വിമോചനസമരം നടത്തിയപ്പോൾ ലീഗും അതിന്റെ ഭാഗമായത്. അവർക്ക് അതിൽ നേട്ടമൊന്നും കിട്ടാനില്ലായിരുന്നു. നായന്മാർക്ക് ഭൂപരിഷ്കരണത്തിൽ ഭൂമി നഷ്ടപ്പെടുമെന്ന ഭീതിയുണ്ടായിരുന്നു. കത്തോലിക്കർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുണ്ടശ്ശേരിയും സംഘവും കൊണ്ടുപോകുമെന്ന ഭീതിയും. എന്നാൽ ലീഗിനെ സംബന്ധിച്ച് അങ്ങനെ സംരക്ഷിക്കാൻ ജന്മിത്ത ഭൂമിയോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും അവരുടെ അനുയായികൾ കോൺഗ്രസ് പതാകയുമായി തങ്ങളുടെ പച്ചക്കൊടി കൂട്ടിക്കെട്ടി സമരത്തിന് ഇറങ്ങിയത് പഴയൊരു പാപക്കറ കഴുകിക്കളഞ്ഞു അധികാര വ്യവസ്ഥിതിയിലേക്കുള്ള പാത സുഗമമാക്കുക എന്ന കണക്കുകൂട്ടലിൽ തന്നെയാവണം.
എന്നാൽ അവിടെയും ലീഗിന് താങ്ങായി നിന്നത് കോൺഗ്രസ് ആയിരുന്നില്ല. മറിച്ച് അവർ അധികാരത്തിൽ നിന്ന് ഇറക്കിവിട്ട ഇഎംഎസ് നമ്പൂതിരിപ്പാട് തന്നെയായിരുന്നു. അദ്ദേഹമാണ് 1965ലെ തിരഞ്ഞെടുപ്പിൽ ലീഗുമായി ബന്ധങ്ങൾ സ്ഥാപിച്ചത്. പിന്നീട് 1967ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സപ്തകക്ഷി മന്ത്രിസഭ വന്നപ്പോൾ ലീഗിന് ആദ്യമായി മന്ത്രിസ്ഥാനവും കിട്ടി. സി എച്ച് മുഹമ്മദ് കോയയും അഹമ്മദ് കുട്ടി കുരിക്കളും മന്ത്രിമാരായി. രണ്ടുവർഷം കഴിഞ്ഞ് മുന്നണിയിൽ സിപിഐയും ആർ എസ് പിയുമായി കൂട്ടുചേർന്ന് കുറുമുന്നണിയുണ്ടാക്കി ഇഎംഎസ് മന്ത്രിസഭയെ വീണ്ടും ഇറക്കുമ്പോൾ ലീഗിന് നേട്ടങ്ങൾ ഒരുപാടുണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനം മലപ്പുറം ജില്ലയും കാലിക്കറ്റ് സർവകലാശാലയും തന്നെ. മുസ്ലീങ്ങൾക്കെതിരെ നിലനിന്ന പല വിവേചനങ്ങളും അന്നത്തെ സർക്കാരാണ് ഇല്ലാതാക്കിയത്. സംവരണത്തിന്റെ ആനുകൂല്യം സമുദായത്തിന് ന്യായമായ വിധം ലഭ്യമാക്കിയതും അതേ സർക്കാർ തന്നെ.
ഇന്ത്യയിൽ ഇന്ന് മുസ്ലീം സമുദായം എവിടെയെങ്കിലും തലയുയർത്തി നിന്ന് മറ്റുള്ളവരോട് തോളോടുതോളുരുമ്മി അന്തസോടെ ജീവിക്കുന്നുണ്ടെങ്കിൽ അത് കേരളത്തിലാണ്. അതിന് കാരണം ഭരണകൂടത്തിൽ ലീഗിനുണ്ടായ ദീർഘമായ പ്രാതിനിധ്യവും അവകാശങ്ങൾ ചോദിച്ച് വാങ്ങാനുള്ള അവരുടെ ശേഷിയും തന്നെയാണ്.
പിന്നീടുള്ള കാലത്ത് മുസ്ലീം ലീഗ് കേരളത്തിലെ മുഖ്യധാരാ രഷ്ട്രീയത്തിന്റെ ഭാഗമായി തുടർന്നു. ലീഗില്ലാതെ കേരളത്തിൽ ഭരണമില്ല എന്നാണ് അക്കാലത്ത് സി എച്ച് പ്രസംഗിച്ചത്. അതിന് മറുപടി കൊടുത്തതും എന്നും അവർക്ക് താങ്ങും തണലുമായി നിന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തന്നെ. 1987ൽ പുതിയൊരു ''ക്ളീൻ സ്ളേറ്റിൽ'' (അഖിലേന്ത്യാ ലീഗിനെ ഇറക്കിവിട്ടതിനെ ന്യായീകരിച്ച് നായനാരുടെ പ്രയോഗം) എൽഡിഎഫ് ഭരണത്തിൽ വന്നപ്പോൾ ലീഗിന് അധികാരത്തിന്റെ ഇടനാഴിയിൽ ഇടം അല്പംപോലും ഇല്ലാത്ത സ്ഥിതിയും കേരളം കണ്ടു. എന്താണ് ലീഗിന്റെ രാഷ്‌ട്രീയവും ഭരണപരവുമായ ഈടുവയ്പ്? അവരുടെ നേട്ടങ്ങൾ ചില്ലറയല്ല. ഇന്ത്യയിൽ ഇന്ന് മുസ്ലീം സമുദായം എവിടെയെങ്കിലും തലയുയർത്തി നിന്ന് മറ്റുള്ളവരോട് തോളോടുതോളുരുമ്മി അന്തസോടെ ജീവിക്കുന്നുണ്ടെങ്കിൽ അത് കേരളത്തിലാണ്. അതിന് കാരണം ഭരണകൂടത്തിൽ ലീഗിനുണ്ടായ ദീർഘമായ പ്രാതിനിധ്യവും അവകാശങ്ങൾ ചോദിച്ച് വാങ്ങാനുള്ള അവരുടെ ശേഷിയും തന്നെയാണ്. അതിൽ ലീഗ് ഏറ്റവും കടപ്പെട്ടിരിക്കുന്നത് യശശ്ശരീരനായ സിഎച്ചിനോടാണ്.
രാജ്യത്തെ ജനങ്ങളിൽ പതിനഞ്ച് ശതമാനത്തിലേറെ വരുന്ന ഒരു ന്യൂനപക്ഷ സമുദായത്തിന് ന്യായമായി കിട്ടേണ്ട പരിഗണന ഒരിക്കലും മുസ്ലീങ്ങൾക്ക് കിട്ടിയതായി കാണുന്നില്ല. അതിനുള്ള അന്തരീക്ഷം ഒരുക്കുന്നതിൽ ലീഗും മറ്റു ന്യൂനപക്ഷ പ്രസ്ഥാനങ്ങളും പരാജയമായി.
എന്നാൽ ദേശീയതലത്തിൽ മുസ്ലീങ്ങൾ നേരിടുന്നത് കൂടുതൽ ഗുരുതരമായ പ്രതിസന്ധികളും പിന്നാക്കം പോക്കുമാണ് എന്നതാണ് കുറേക്കാലമായി നമ്മുടെ അനുഭവം. രാജ്യത്തെ ജനങ്ങളിൽ പതിനഞ്ച് ശതമാനത്തിലേറെ വരുന്ന ഒരു ന്യൂനപക്ഷ സമുദായത്തിന് ന്യായമായി കിട്ടേണ്ട പരിഗണന ഒരിക്കലും മുസ്ലീങ്ങൾക്ക് കിട്ടിയതായി കാണുന്നില്ല. അതിനുള്ള അന്തരീക്ഷം ഒരുക്കുന്നതിൽ ലീഗും മറ്റു ന്യൂനപക്ഷ പ്രസ്ഥാനങ്ങളും പരാജയമായി.
എഴുപതുകളുടെ മധ്യത്തിൽ ലീഗിന് ഏഴ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിയമസഭാ പ്രതിനിധ്യവും ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിൽ മന്ത്രിസ്ഥാനവും ഉണ്ടായിരുന്ന കാലത്ത്, ആ പാർട്ടി അത്തരമൊരു മുന്നേറ്റത്തിന് തിരികൊളുത്തും എന്ന പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ അടിയന്തിരാവസ്ഥയിൽ രാജ്യമെങ്ങും -- പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ -- മുസ്ലീങ്ങൾക്കെതിരെ നടന്ന ഭരണകൂടത്തിന്റെ നരനായാട്ട് ലീഗ് കണ്ടില്ലെന്ന് നടിച്ചു. അവർ കോൺഗ്രസിനും ഇന്ദിരയ്ക്കും അകമഴിഞ്ഞ പിന്തുണ നൽകി. 1977ലെ തിരഞ്ഞെടുപ്പിൽ ഉത്തരേന്ത്യൻ മുസ്ലീം സമുദായം ഇന്ദിരയെ മാത്രമല്ല, ലീഗിനെയും കൈവെടിഞ്ഞു. അതിനുശേഷം ഒരിക്കലും ലീഗിന് അവിടങ്ങളിൽ ഒരു തിരിച്ചുവരവ് ഉണ്ടായിട്ടില്ല. ഇനി അതിനുള്ള സാധ്യതയുമില്ല.
ലപ്പുറത്തെ പഴയ പാരമ്പര്യങ്ങളുടെ പുതപ്പിൽ ഇനിയുള്ള കാലത്ത് സുഷുപ്തിയിൽ കഴിയാൻ ലീഗിന് സാധിക്കുമോ? അത്തരമൊരു പാർട്ടിയെ ചുമക്കാൻ സമുദായം എത്രകാലം തയ്യാറാകും? ഇത്തരം ചോദ്യങ്ങളാണ് ഈ ജൂബിലി വേളയിൽ പ്രസക്തമാകുന്നത്.
മുസ്ലീം സമുദായത്തിലും ഇന്ന് പുത്തൻ ശക്തികൾ ഉയർന്നുവരികയാണ്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ഒരു പുതുതലമുറ നേതൃത്വം അവർക്കിടയിൽ ഉയർന്ന് കഴിഞ്ഞു. പുതിയ കാലത്തിന്റെ രാഷ്‌ട്രീയവും ആദർശങ്ങളും സമുദായത്തിൽ പ്രതിധ്വനിക്കുന്നു. വനിതകളുടെ ശാക്തീകരണമാണ് അതിൽ ഏറ്റവും ശ്രദ്ധേയമായ ഘടകം. എന്നാൽ ലീഗിന്റെ നേതൃത്വം കാലികമായ അത്തരം രാഷ്ട്രീയ-സൈദ്ധാന്തിക പ്രശ്നങ്ങളോട് മുഖംതിരിഞ്ഞ് നില്കുന്നതായാണ് നിരീക്ഷകർക്ക് തോന്നുന്നത്. മലപ്പുറത്തെ പഴയ പാരമ്പര്യങ്ങളുടെ പുതപ്പിൽ ഇനിയുള്ള കാലത്ത് സുഷുപ്തിയിൽ കഴിയാൻ ലീഗിന് സാധിക്കുമോ? അത്തരമൊരു പാർട്ടിയെ ചുമക്കാൻ സമുദായം എത്രകാലം തയ്യാറാകും? ഇത്തരം ചോദ്യങ്ങളാണ് ഈ ജൂബിലി വേളയിൽ പ്രസക്തമാകുന്നത്.