OPINION

'മുന്നിലിരിക്കുന്ന കൊച്ചുപുഴു ഒരിക്കൽ ചിത്രശലഭമായി പറക്കും'; അധ്യാപക ദിനത്തിലെ ഒരു ഓർമപ്പെടുത്തൽ

എല്ലാ നാണക്കേടും മാറ്റിവച്ചുവേണം അധ്യാപകന്‍ ക്ലാസ്സിലേക്കു കേറാൻ

ജി സാജൻ

എന്റെ അച്ഛൻ ഒരു അധ്യാപകൻ ആയിരുന്നു എന്ന് ഞാൻ പണ്ട് എഴുതിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അധ്യാപകരെക്കുറിച്ചു പറയുമ്പോൾ ആദ്യം ഓർക്കുക അച്ഛനെയാണ്. അച്ഛൻ പറയാറുള്ള ചെറിയൊരു കഥ.

അന്ന് അച്ഛൻ (പി എൻ ഗോപാലൻ നമ്പൂതിരി) ധനുവച്ചപുരം എൻഎസ്എസ് കോളേജിൽ അധ്യാപകനായിരുന്നു. എല്ലാ ആഴ്ചയും തിരുവനന്തപുരത്തു നിന്ന് രാമപുരത്തേക്ക് വരും. വൈകിട്ട് അഞ്ചു മണിക്ക് ഒരു പാലാ ബസ് ഉണ്ട്. ക്ലാസ് കഴിഞ്ഞ് തമ്പാനൂർ ബസ് സ്റ്റേഷനിൽ എത്തുമ്പോഴേക്കും ബസ് പുറപ്പെടാനുള്ള സമയമാകും. കൂപ്പൺ എടുക്കാനൊന്നും സമയമുണ്ടാവില്ല. കൂപ്പൺ ഉള്ളവർക്കാണ് ആദ്യം കയറാൻ പറ്റുക. അച്ഛൻ തിരക്കിൽ ഏറ്റവും പിറകിൽ നിൽക്കുകയാണ്. എങ്ങനെ കേറി പറ്റും. അപ്പോഴാണ് ബസ് കണ്ടക്ടർ അച്ഛനെ കാണുന്നത്.കണ്ടക്ടർ മറ്റുള്ളവരോടായി ഉറക്കെ പറഞ്ഞു:

“ആ പിറകിൽ നിൽക്കുന്ന സാറിനെ കടത്തിവിടൂ. സാറിന് കൂപ്പൺ ഉണ്ട്.”

കണ്ടക്ടറിന് ആള് തെറ്റിപ്പോയതാണോ? തന്റെ കയ്യിൽ കൂപ്പൺ ഇല്ലല്ലോ. അച്ഛൻ ഒന്ന് സംശയിച്ചു... എങ്കിലും കണ്ടക്ടർ പറഞ്ഞതനുസരിച്ചു തിരക്കിലൂടെ ഉള്ളിലേക്ക് കയറി.

“ഏറ്റവും മുൻപിലെ സീറ്റ് ആണ് സാറിന്റേത്” - കണ്ടക്ടർ പറഞ്ഞു.

ദീർഘ യാത്രയല്ലേ. അച്ഛൻ സന്തോഷത്തോടെ മുൻപിൽ പോയി ഇരുന്നു. കുറച്ചു കഴിഞ്ഞു കണ്ടക്ടർ അച്ഛന്റെ അടുത്തേക്ക് വന്നു. ഒരല്പം ലജ്ജയോടെ ആ ചെറുപ്പക്കാരൻ അച്ഛനോട് പറഞ്ഞു, “ സാർ... സാറിനു ഓർമ്മയുണ്ടോ എന്നറിയില്ല... ഞാൻ സാറിന്റെ ഒരു ശിഷ്യനാണ്.”

അധ്യാപകരിൽ ഏറ്റവും പ്രധാനം പ്രൈമറി സ്കൂൾ അധ്യാപകർ ആണെന്ന് എനിക്ക് തോന്നുന്നു.

ഇതിൽ വലുതായൊന്നും സംഭവിച്ചില്ല. എന്നാൽ വലിയ എന്തോ ഒന്ന് അവർക്കിടയിൽ രൂപപ്പെടുന്നത് നമുക്ക് കാണാം. ബന്ധങ്ങളുടെ ഒരു അദൃശ്യ ചങ്ങല. സത്യത്തിൽ ഏറ്റവും നല്ല തൊഴിലുകളിൽ ഒന്നാണ് അധ്യാപനം. അച്ഛൻ ആദ്യം തുടങ്ങിയത് സ്കൂൾ അധ്യാപകനായാണ്. പിന്നീടാണ് എൻഎസ്എസ് കോളേജിൽ മലയാളം അധ്യാപകനാവുന്നത്. നിലമേൽ കോളേജിലെ മലയാളം വിദ്യാർഥികൾ അധ്യാപകർക്ക് കൊടുത്ത ഒരു ചെറിയ ഉപഹാരം എന്റെ ഓർമ്മയിൽ വരുന്നു. മലയാള കവിതകളിൽ ഗുരു ശിഷ്യ ബന്ധത്തെക്കുറിച്ചുള്ള ചില വരികളടങ്ങുന്ന ഒരു കുഞ്ഞു പുസ്തകം .

അതിൽ അച്ഛനെ വിശേഷിപ്പിച്ചത് 'ഗുരു ശിഷ്യരെങ്കിലും നമ്മൾ ഒരേ വീട്ടുകാർ' എന്നർത്ഥം വരുന്ന ഒരു കവിതയിലെ വരികളാണ്. വൈലോപ്പിള്ളിയുടെ ഹെഡ് മാസ്റ്ററും ശിഷ്യനും എന്ന കവിതയിൽ നിന്നുള്ള വരികൾ. രോഗാവസ്ഥയിൽ കിടക്കുന്ന അധ്യാപകനെ കാണാൻ ശിഷ്യൻ എത്തുന്നു. യാത്ര പറഞ്ഞു പിരിയാൻ നേരം ഗുരു ശിഷ്യനോട് പറയുന്നു:

“ഗുരുശിഷ്യന്മാർ പണ്ടേയൊരു വീട്ടുകാർ,

അറിവുരുളയുരുട്ടി ഞാൻ നിന്നെയൂട്ടീലേ മുന്നം

പകരമെനിക്കു ചോർ കുഴച്ചു തരൂ, കേമൻ

മകനാ, ലൂട്ടപ്പെട്ടെൻ മാനസം കുളിരട്ടെ”

പിന്നീട് ഒന്നാലോച്ചിച്ച് വീണ്ടും പറയുന്നു:

“പോയ കാലത്തിൻ മേനി

പറഞ്ഞിട്ടെന്തു , ണ്ടെനി-

ക്കായപോൽ പഠിപ്പിച്ചു ,

ഭരിച്ചു, വിരമിച്ചു.”

മറ്റൊരു അധ്യാപകന് കുട്ടികൾ കൊടുത്തത് “പല നാളടുത്താലു/മങ്ങയെയൊരു താക്കോൽ /പഴുതിലൂടെന്നപോൽ / മാത്രമേ കണ്ടു ഞാൻ. “ എന്ന വരികളാണ്. ഇതിലും വലിയ ബഹുമാനമുണ്ട്. അറിവിന്റെ പ്രവാഹത്തെ കുറിച്ചുള്ള അദൃശ്യമായ ചില ചിന്തകൾ ഉണ്ട്.

എന്നാൽ അധ്യാപകരിൽ ഏറ്റവും പ്രധാനം പ്രൈമറി സ്കൂൾ അധ്യാപകർ ആണ് എന്ന് എനിക്ക് തോന്നുന്നു. പലതരം കവികളെക്കുറിച്ചു ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഒരു കവിതയുണ്ട്. അതിൽ പ്രൈമറി സ്കൂൾ അധ്യാപകരെ കുറിച്ച് ഇങ്ങനെ പറയുന്നു. ..

“അപൂർവം ചില കവികൾ

പ്രൈമറി സ്കൂൾ അധ്യാപകരെ പോലെയാണ് ..

ഗ്രാമത്തിനു വെളിയിൽ

അവർ അറിയപ്പെടില്ല

എങ്കിലും നിത്യം മുന്നിൽ

വന്നിരിക്കുന്ന

പിഞ്ചുകുഞ്ഞുങ്ങളുടെ

ദൈവദീപ്തമായ കണ്ണുകൾ അവരെ

ശുദ്ധീകരിച്ചുകൊണ്ടിരിക്കും

വിശ്വ പ്രസിദ്ധിയുടെയോ

അനശ്വരതയുടെയോ

വ്യാമോഹങ്ങളും ഉത്കണ്ഠകളും

ഇല്ലാതെ ഒരു ദിവസം

അവർ സംതൃപ്തിയോടെ ദൈവത്തിലേക്ക്

പെൻഷൻ പറ്റും”

നാം ഇപ്പോൾ ലോകത്തിനു മുന്നിൽ നെഞ്ചുവിരിച്ചു നിവർന്നു നിൽക്കുന്ന കേരളം സൃഷ്ടിച്ചതിൽ നമ്മുടെ അധ്യാപകർക്ക് വലിയ പ്രധാനപ്പെട്ട പങ്കുണ്ട്

പ്രൈമറി സ്കൂൾ അധ്യാപകരെക്കുറിച്ചോർക്കുമ്പോൾ എന്റെ മനസ്സിൽ നിറയുന്നത് കെ ടി ആർ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന കെ ടി രാധാകൃഷ്ണൻ മാഷിനെയാണ്. ഈ മാഷ് എന്നെ സ്കൂളിൽ പഠിപ്പിച്ചിട്ടൊന്നുമില്ല. എന്നാൽ ഈ മാഷിൽ നിന്ന് പഠിച്ചതുപോലെ ഞാൻ മറ്റു അധികം അധ്യാപകരിൽ നിന്ന് പഠിച്ചിട്ടുമില്ല. പരിഷത്തിന്റെ ജനറൽ സെക്രട്ടറിയും പ്രസിഡന്റും ഒക്കെ ആയിരുന്നു ഈ മാഷ്. എന്നാൽ അതിനപ്പുറം പഠനം പാൽപ്പായസം പോലെ മധുരമുള്ളതാവണം എന്ന് വിശ്വസിക്കുകയും അതനുസരിച്ചു വിദ്യാഭ്യാസ രീതിയിൽ കാര്യമായ മാറ്റമുണ്ടാക്കാൻ പരിശ്രമിക്കുകയും ചെയ്ത അനേകായിരം അധ്യാപകരുടെ നേതാവുമായിരുന്നു കെ ടി ആർ.

നിങ്ങളിൽ ആരെങ്കിലും ഈ പറയുന്ന ലോവർ പ്രൈമറി വിഭാഗം കുട്ടികൾക്ക് ക്ലാസെടുത്തിട്ടുണ്ടോ? എനിക്ക് ഒരിക്കൽ അത്തരത്തിൽ ഒരു അക്കിടി പറ്റി.

നെയ്യാറ്റിൻകരയിലെ ഒരു സ്കൂളിലേക്ക് പരിഷത് സുഹൃത് വിജയകുമാർ വിളിച്ചിട്ടു പോയതാണ് ...ബസ്സിൽ പകുതി വഴി ആയപ്പോഴാണ് ഇഷ്ടൻ പറയുന്നത് രണ്ടാം ക്ലാസ് കുട്ടികളാണ് എന്ന്..ഞാൻ അക്ഷരാർത്ഥത്തിൽ ദൈവത്തെ വിളിച്ചു പോയി...ഈ പിഞ്ചു പിള്ളേരോട് എന്ത് പറയാൻ ...മനസ്സിൽ ദൈവത്തെയും സി പി അരവിന്ദാക്ഷൻ മാഷെയും (ഇത് വേറൊരു അവതാരമാണ്..വഴിയേ എഴുതാം..) ധ്യാനിച്ച് റോഡരുകിൽ നിന്ന് ഒരു തീപ്പെട്ടിയും മെഴുകുതിരിയും വാങ്ങി സായുധനായി ഞാൻ ക്ലാസ്സിലേക്ക് കയറി... കുട്ടികളിൽ നിരീക്ഷണ പാടവം വളർത്താൻ തീപ്പെട്ടി കൊണ്ട് മെഴുകുതിരി കത്തിച്ചു ഒരു പരീക്ഷണം നടത്താം എന്നായിരുന്നു മനസ്സിലിരിപ്പ്…

ക്ലാസ് തുടങ്ങി മൂന്നു മിനിറ്റിനകം എന്റെ ഗ്യാസ് തീർന്നു. പിള്ളേർ ഒരുവക ശ്രദ്ധിക്കുന്നില്ല. അവർ വേറെ ഏതോ ലോകത്താണ്. എനിക്കാണെങ്കിൽ പാട്ടുപാടി അവരെ ആകർഷിക്കാനും കഴിവില്ല. ഞാൻ ഇരുന്ന് വിയർക്കുന്നത് നോക്കി എന്നെ ക്ഷണിച്ച അധ്യാപകർ അകലെ നിൽക്കുന്നതും കാണാം. അടുത്ത ഒരു മണിക്കൂർ ഞാൻ എങ്ങനെ അവിടെ പിടിച്ചു നിന്നോ എന്തോ. എന്തായാലും അടുത്ത ബസ്സിന് ഓടി രക്ഷപ്പെട്ടു. പിന്നീട് ഈ കേസ് എടുത്തിട്ടില്ല, എന്റെ മാഷേ. പിന്നീട് കെ ടി രാധാകൃഷ്ണൻ മാഷെ കണ്ടപ്പോൾ ഞാൻ ചോദിച്ചു

”മാഷെ..മാഷ്... ഈ ലോവർ പ്രൈമറി മാഷല്ലേ... എങ്ങനെയാ പിള്ളേരെ മാനേജ് ചെയ്യുന്നേ?”കെടിആർ എന്നെ നോക്കി ചിരിച്ചു. ”എഡോ... അതിന് താൻ കുരങ്ങനെ പോലെ ചാടണം... തവളെയെപ്പോലെ കളിക്കണം... തനിക്കുള്ള എല്ലാ നാണക്കേടും മാറ്റിവച്ചു വേണം ക്ലാസ്സിലേക്കു കേറാൻ.” ഇത്രയും നല്ല കാര്യം എഴുതിയതിനാൽ അധ്യാപനത്തെ സംബന്ധിച്ച് എന്നെ വേദനിപ്പിച്ച ഒരു കാര്യവും പറയാം. എന്റെ വ്യക്തിപരമായ അനുഭവമല്ല. ഞാൻ ഇവിടെ പലതവണ പരിചയപ്പെടുത്തിയ പ്രസാദ് കൈതക്കൽ എഴുതിയ അനുഭവം ആണ്.

അധ്യാപകർ സ്കൂൾ കുട്ടികളെ അടിക്കരുത് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞപ്പോൾ അതിന് താഴെ അധ്യാപകർ എഴുതിയ ശകാരങ്ങൾ കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി

വളരെ പാവപ്പെട്ട ഒരു തൊഴിലാളി കുടുംബമായിരുന്നു പ്രസാദിന്റേത്. പഠിക്കാൻ മിടുക്കനായിരുന്നു. സ്കൂളിൽ അവൻ അഞ്ചാംക്ലാസ് വരെ ഒന്നമതായിരുന്നു. ഒരു ദിവസം ഒരു സംഭവം ഉണ്ടായി. പ്രസാദിനെ ഹെഡ് മാസ്റ്റർ മുറിയിലേക്ക് വിളിപ്പിച്ചു. അവിടെ ചെന്നപ്പോൾ സഹപാഠി ഇളയത് അവിടെ നിൽപ്പുണ്ട്. കൂടെ പി ടി മാഷുമുണ്ട്. ചെന്നയുടൻ പി ടി മാഷ് പ്രസാദിന്റെ കയ്യിലെ വാച്ച് ചൂണ്ടിക്കാട്ടി ഈ വാച്ച് നിനക്ക് എവിടന്ന് കിട്ടി എന്ന് ചോദിച്ചു. ഇത് എന്റെ കൊച്ചച്ചൻ തന്നതാണ്, പ്രസാദ് പറഞ്ഞു. പി ടി മാഷ് തിരിഞ്ഞ് ഇളയതിനോട് ചോദിച്ചു. ഇതാണോ നിന്റെ കാണാതായ വാച്ച്?

ഇളയത് നോക്കിയിട്ട് പറഞ്ഞു, അതെ. പിന്നെ സംഭവിച്ചത് അപ്രതീക്ഷിതമായിരുന്നു. പി ടി മാഷ് തിരിഞ്ഞ് പ്രസാദിന്റെ കവിളിൽ ഒറ്റ അടി. എന്നിട്ട് അലറി, ഊരി കൊടുക്കടാ.

പ്രസാദിന് ഒന്നും മനസ്സിലായില്ല. അവൻ കരഞ്ഞുകൊണ്ട് വാച്ച് ഊരിക്കൊടുത്തു.

കരച്ചിൽ നിർത്താതെ സ്കൂളിൽ നിന്ന് വീട്ടിലേക്കോടി. നേരെ കൊച്ചച്ചന്റെ അടുത്തേക്ക്. കാര്യം കേട്ടപ്പോൾ, ഒന്ന് ആലോചിച്ച് കൊച്ചച്ചൻ പറഞ്ഞു, പി ടി സാർ പറഞ്ഞത് ശരിയായിരിക്കും, എനിക്കിത് റോഡിൽ നിന്ന് കിട്ടിയതാണ്. ഈ സംഭവത്തോടെ പ്രസാദ് ക്ലാസ്സിലെ ഏറ്റവും മോശം കുട്ടിയായി. പഠിത്തം തീർന്നു. പിന്നീട് പ്രസാദ് എങ്ങനെ ജീവിച്ചു എന്നതറിയാൻ പ്രസാദിന്റെ പുത്തോലയും കരിയോലയും എന്ന പുസ്തകം വായിക്കൂ.

എന്നാൽ, തന്റെ ജീവിതത്തെ മാറ്റിമറിച്ച ഈ സംഭവത്തെക്കുറിച്ച് പ്രസാദ് പറയുന്നത് ലോകത്തുള്ള എല്ലാ അധ്യാപകരും വായിക്കണം. പ്രസാദ് ഇവിടെ ആരെയും കുറ്റപ്പെടുത്തുന്നില്ല. ഇളയതിനെയോ കൊച്ചച്ചനെയോ, തന്നെ അടിച്ച അധ്യാപകനെ പോലുമോ. പകരം ആ സാർ ഈ പ്രശ്നം മറ്റൊരു വിധത്തിൽ പരിഹരിച്ചെങ്കിൽ എന്ന് ആഗ്രഹിക്കുക മാത്രമാണ് ചെയ്യുന്നത്. അടുത്ത കാലത്ത് അധ്യാപകർ സ്കൂൾ കുട്ടികളെ അടിക്കരുത് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞപ്പോൾ അതിന് താഴെ അധ്യാപകർ എഴുതിയ ശകാരങ്ങൾ കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി. സമൂഹത്തിലെ ആന്തരിക വൈരുധ്യം മനസ്സിലാകാതെ ഒരു അധ്യാപകനും ക്ലാസ്സിലേക്ക് പോകരുത്. ഇതേക്കുറിച്ച് മനോഹരമായ ഒരു കഥ അശോകൻ ചരുവിൽ എഴുതിയിട്ടുണ്ട്. ഉത്തർപ്രദേശിൽ നിന്നുള്ള ദൃശ്യം നമ്മുടെ കണ്ണ് നനയിച്ചിട്ട് ഏറെ കാലമായില്ലല്ലോ.

നാം ഇപ്പോൾ ലോകത്തിനു മുന്നിൽ നെഞ്ചുവിരിച്ചു നിവർന്നു നിൽക്കുന്ന കേരളം സൃഷ്ടിച്ചതിൽ നമ്മുടെ അധ്യാപകർക്ക് വലിയ പ്രധാനപ്പെട്ട പങ്കുണ്ട്. അത് ദിവസവും അവർ ഓർക്കേണ്ടി വരും. താൻ മുന്നിൽ കാണുന്ന ഈ കൊച്ചുപുഴു ഒരിക്കൽ ഒരു ചിത്ര ശലഭമായി പറക്കും എന്ന അറിവാണ് ഓരോ അധ്യാപകനും വേണ്ടത് എന്ന ചിന്തയുമായി ഈ ചെറിയ കുറിപ്പ് നിർത്താം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ