വരുന്ന മെയ് മാസത്തിൽ കുറുപ്പശ്ശേരി വർക്കി തോമസിന് 77 വയസ്സ് തികയും. ഡൽഹിയിലെ കടുത്ത വേനലിലും കൊടും തണുപ്പിലും ജീവിതം അസാധ്യമെന്ന് പറഞ്ഞു പ്രായമേറിയ നേതാക്കൾ പലരും താമസം കേരളത്തിലേക്ക് മാറ്റുന്ന കാലത്താണ് കെ വി തോമസ് വീണ്ടും ഡൽഹിക്ക് വണ്ടി കയറുന്നത്. അടുത്ത മൂന്ന് വർഷത്തേക്ക് കേരളത്തിന്റെ അംബാസഡർ ആയി തോമസ് മാഷ് ഡൽഹിയിലുണ്ടാവും.
അപ്പോൾ ഇപ്പോഴത്തെ അംബാസഡർ വേണു രാജാമണിക്ക് എന്തു പറ്റും? പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല; അദ്ദേഹം മറ്റൊരു അംബാസഡറായി അവിടെ തന്നെ തുടരും. കെ വി തോമസ് കാബിനറ്റ് റാങ്കിൽ ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധി ആയി വാഴുമ്പോൾ, ചീഫ് സെക്രട്ടറി റാങ്കിൽ വേണു രാജാമണി ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി വിലസും. ഇവർ രണ്ടുപേർക്കും പുറമെ നിലവിലുള്ള നിയമം വഴി അവരോധിക്കപ്പെട്ട വേറൊരു കേരള അംബാസഡറും ഡൽഹിയിലുണ്ട് - മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനായ സൗരഭ് ജെയിൻ. അദ്ദേഹമാണ് ഡൽഹിയിലെ കേരളത്തിന്റെ റസിഡന്റ് കമ്മീഷണർ.
ഏതാനും വർഷം മുൻപ് വരെ ഐ എ എസ് തലത്തിലുള്ള ഒരു ആർ സി യും അദ്ദേഹത്തിന്റെ കീഴിൽ ഏഴോ എട്ടോ ഉദ്യോഗസ്ഥരും ചേർന്ന് കേരള ഹൗസിൽ ഏകോപിപ്പിച്ചിരുന്ന പ്രവർത്തനങ്ങളാണ് ഇനി മൂന്ന് ബോസുമാരും അവരുടെ കീഴിലെ മുപ്പതോളം വരുന്ന ഉദ്യോഗസ്ഥരും ചേർന്ന് നിർവഹിക്കാൻ പോകുന്നത്. ഇതിനു മാത്രം എന്ത് മലമറിക്കാനാണ് ഡൽഹിയിൽ? രാജ്യ തലസ്ഥാനത്ത് ഒരു ചെറിയ സംസ്ഥാനത്തിന് നിർവഹിക്കാനുള്ള കർത്തവ്യങ്ങളിൽ കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ എന്ത് വർധനയാണ് ഉണ്ടായത്? സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചപ്പോൾ സർക്കാരിനോട് കനപ്പെട്ട ചോദ്യങ്ങൾ ചോദിക്കുകയും ആ തീരുമാനം രായ്ക്കുരാമാനം പിൻവലിപ്പിക്കുകയും ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും തോമസ് മാഷിന് വയോജന പെൻഷൻ നൽകാനുള്ള പ്രത്യേക പദ്ധതിയെപ്പറ്റി ഇത്തരം സംശയങ്ങൾ ഒന്നുമേയുണ്ടായില്ല. തേവര സേക്രഡ് ഹാർട്ട് കോളജിൽ 33 വർഷം രസതന്ത്ര അധ്യാപകനായിരുന്നു തോമസ് മാഷ്. ജോലിയുള്ളപ്പോൾ തന്നെ ലീവ് എടുത്ത് രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹം കോൺഗ്രസ് പ്രതിനിധിയായി അഞ്ചു തവണ ലോക് സഭ അംഗവും രണ്ടു തവണ നിയമസഭ അംഗവുമായി. കേന്ദ്ര സഹമന്ത്രിയായും സംസ്ഥാന മന്ത്രിയായും പ്രവർത്തിച്ചു. 2019-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എറണാകുളം സീറ്റ് നൽകാത്തതിനെ തുടർന്നു പാർട്ടിയുമായി പിണങ്ങി. കഴിഞ്ഞ മേയിൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് ബന്ധം പൂർണമായി വിച്ഛേദിച്ച് ഇടതുമുന്നണി സ്ഥാനാർഥിയായ ഡോ: ജോ ജോസഫിനുവേണ്ടി പ്രചാരണത്തിനിറങ്ങി.
പെട്ടി പൊട്ടിച്ചപ്പോൾ ഡോ: ജോ റെക്കോർഡ് ഭൂരിപക്ഷത്തിനു തോറ്റു. തോമസ് മാഷ് വോട്ട് പിടിക്കാനിറങ്ങിയത് തിരിച്ചടിയായെന്ന് ഏരിയാ കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും വിമർശനം ഉയർന്നു. പക്ഷെ, മുഖ്യമന്ത്രി നിറചിരിയോടെ സ്വീകരിച്ച, നിർലോഭം പ്രശംസാ വചനങ്ങൾ ചൊരിഞ്ഞ മുതിർന്ന നേതാവിനെതിരെ വിമർശനം ഉച്ചത്തിൽ പറയാൻ ആർക്കും നാവ് പൊന്തിയില്ല
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്ത എൽ ഡി എഫ് മണ്ഡലം കൺവൻഷനിൽ മുഖ്യാതിഥിയായി എത്തിയ തോമസിനെ കരഘോഷത്തോടെയാണ് സിപിഎം അണികൾ സ്വാഗതം ചെയ്തത്. ആ സ്വീകരണത്തിന് നന്ദി പറഞ്ഞ മാഷ് കേരളത്തിന്റെ അഭിമാനമെന്നും കരുത്തനായ നേതാവെന്നുമൊക്കെ പിണറായിയെ വാഴ്ത്തി. പെട്ടി പൊട്ടിച്ചപ്പോൾ ഡോ: ജോ റെക്കോർഡ് ഭൂരിപക്ഷത്തിനു തോറ്റു. തോമസ് മാഷ് വോട്ട് പിടിക്കാനിറങ്ങിയത് തിരിച്ചടിയായെന്ന് ഏരിയാ കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും വിമർശനം ഉയർന്നു. പക്ഷെ, മുഖ്യമന്ത്രി നിറചിരിയോടെ സ്വീകരിച്ച, നിർലോഭം പ്രശംസാ വചനങ്ങൾ ചൊരിഞ്ഞ മുതിർന്ന നേതാവിനെതിരെ വിമർശനം ഉച്ചത്തിൽ പറയാൻ ആർക്കും നാവ് പൊന്തിയില്ല. കൂലങ്കഷം ആലോചിച്ച ശേഷം ആദ്യം തീരുമാനിച്ചെന്നു പ്രചരിപ്പിക്കപ്പെട്ട സ്ഥാനാർത്ഥിയെ മാറ്റി പുതിയ സ്ഥാനാർത്ഥിയെ കൊണ്ടുവന്നതാണ് പരാജയ കാരണമെന്ന് ജില്ലാ കമ്മിറ്റി അന്തിമ വിധിയെഴുതി; കെ വി തോമസ് വിശുദ്ധനാണെന്ന് പറയാതെ പറഞ്ഞു.
പാടത്ത് ജോലിക്ക് വരമ്പത്ത് കൂലിയെന്നത് ആപ്തവാക്യമാക്കിയ പാർട്ടിയാണ് സിപിഎം. തോമസ് മാഷ് എട്ടു മാസം കൂലിക്കുവേണ്ടി കാത്തു നിന്നതു തന്നെ പാർട്ടിക്ക് വല്യ ക്ഷീണമാണ്. അതിനു കാരണം മറ്റൊന്നുമല്ല; കൂലി എന്തുവേണമെന്ന തീരുമാനം വൈകിയതാണ്. സാക്ഷാൽ വി എസ് അച്യുതാനന്ദൻ വഹിച്ചിരുന്ന ഭരണ പരിഷ്കാര കമ്മിഷൻ തീറെഴുതി കൊടുക്കാനായിരുന്നു ആദ്യത്തെ ആലോചന. എതിർ സ്ഥാനാർത്ഥിക്ക് കാൽ ലക്ഷം ഭൂരിപക്ഷം ഉണ്ടാക്കി കൊടുത്ത നേതാവിന് അത്രയൊക്കെ കൊടുക്കണോയെന്ന് പാർട്ടി സെക്രട്ടറിയറ്റിൽ ആർക്കോ സംശയം തോന്നിയത് വിഎസിന് സഹായകരമായി. അങ്ങനെയാണ് കാൽ നൂറ്റാണ്ടുകാലം ജീവിച്ച ഡൽഹിയോട് തോമസ് മാഷിനു പ്രത്യേക മമതയുള്ളതിനാൽ അവിടത്തെ പ്രത്യേക പ്രതിനിധി ഉദ്യോഗം ന്യായമായ കൂലിയാവുമെന്ന് പാർട്ടി നിരൂപിച്ചത്. ആവുന്ന പോലെ സംസ്ഥാനത്തെ സേവിക്കാൻ താൻ ശ്രമിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞതോടെ രോഗി ഇച്ഛിച്ച പാൽ തന്നെയാണ് വൈദ്യൻ കല്പിച്ചതെന്നും ഉറപ്പായി. ഇനി ഇപ്പോൾ ആഴ്ചയ്ക്ക് ആഴ്ച കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്കും തിരിച്ചും പറക്കാം. അവിടെ കേരള ഹൗസിലെ സ്ഥിരം സ്വീറ്റ് റൂമിൽ താമസിക്കാം. യാത്ര ചെയ്യാൻ കുറഞ്ഞത് ഇന്നോവ, നയിക്കാൻ സർക്കാർ ശമ്പളം കൊടുക്കുന്ന ഡ്രൈവറും അകമ്പടിക്ക് പേഴ്‌സനൽ അസിസ്റ്റന്റും. പോരാഞ്ഞു പേരിനു പ്രവർത്തിക്കുന്ന ഓഫിസിൽ എപ്പോഴോ ഉണ്ടായേക്കാവുന്ന ജോലി ചെയ്യുന്നതും കാത്ത് വേഴാമ്പലിനെ പോലെ നാലോ അഞ്ചോ ജീവനക്കാർ. വൈകുന്നേരങ്ങളിൽ ഡൽഹിയിലെ പഴയ സഖാക്കളോടൊത്ത് വിരുന്ന്, ഓഫ് സീസൺ സമയത്ത് കുമ്പളങ്ങിയിലെ ഹോം സ്റ്റേയിൽ അവർക്കൊക്കെ സൗജന്യ താമസം. മാഷ് വീണ്ടും സ്റ്റാറാവുന്ന മട്ടാണ്. മാഷ് വരുന്നതോടെ വേണു രാജാമണി തൊഴിൽ രഹിതനാവുമോയെന്നു ചോദിച്ചപ്പോൾ അത് എന്തൊരു അസംബന്ധമാണെന്നായിരുന്നു ഒരു ഉദ്യോഗസ്ഥന്റെ പ്രതികരണം. ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (എക്സ്ടെണൽ കോഓപ്പറേഷൻ) എന്നതത്രേ വേണു രാജാമണിയുടെ തസ്തിക; രാജ്യ തലസ്ഥാനത്ത് സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയാണ് തോമസ്. കുറച്ചുകൂടെ ലളിതമായി പറഞ്ഞാൽ മറ്റു വിദേശ രാജ്യങ്ങളുമായി കേരളം നടത്തുന്ന സഹകരണ ഇടപാടുകളുടെ മധ്യസ്ഥനാണ് വേണു. ഇന്ത്യ മഹാരാജ്യത്തിന്റെ സർക്കാരുമായി കേരള സർക്കാർ നടത്തുന്ന ഇടപെടലുകളുടെ മധ്യസ്ഥൻ തോമസും; അതായത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുൻ എംപിയും ഇപ്പോൾ ദേവസ്വം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എ സമ്പത്ത് വഹിച്ചിരുന്ന ആ പദവി.
മന്ത്രിമാർക്ക് പുത്തൻ കാറുകൾ വാങ്ങാനും ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് പണിയാനും വേണ്ടി ഇലവിതമായ സാമ്പത്തിക നിയന്ത്രണം തോമസ് മാഷിനു വേണ്ടി ഒന്നുകൂടെ ഇളവിതമായ കാഴ്ചക്കും ഇന്നത്തെ മന്ത്രിസഭാ യോഗം സാക്ഷ്യം വഹിച്ചു. ക്ഷേമ പെൻഷൻ മുടങ്ങിയാലും കരാറുകാർക്കുള്ള കുടിശിക മാസങ്ങൾ പിന്നിട്ടു വർഷ കണക്കായെങ്കിലും സർക്കാർ ജീവനക്കാരുടെ നാലു ഗഡു ഡി എ നൽകിയില്ലെങ്കിലും സർവിസ് പെൻഷൻകാരുടെ ശമ്പള പരിഷ്‌കാരണ കുടിശികയെപ്പറ്റി ഒന്നും മിണ്ടിയില്ലെങ്കിലും മന്ത്രിമാർക്കും മുൻ മന്ത്രിമാർക്കും പ്രസ്ഥാനത്തിന്റെ പവറ് കണ്ടു വന്നു ചേരുന്ന ഭാഗ്യന്വേഷികൾക്കും ഒരു കുറവും ഉണ്ടാവാൻ പാടില്ലല്ലോ.
ഇന്ത്യൻ യൂണിയനിൽ അംഗമായ ഒരു കുഞ്ഞു സംസ്ഥാനത്തിന് മറ്റ് രാജ്യങ്ങളുമായി നേരിട്ട് എന്താണ് ഇടപാട്? അതിന് എന്തിനാണ് ഒരു അംബാസഡർ? ഇത്തരം ചോദ്യങ്ങൾ വർഗ്ഗശത്രുക്കൾ ചോദിച്ചേക്കും. ലോക കപ്പ് നേടിയതിന്റെ പിറ്റേന്ന് അർജന്റീന - കേരളം സഹകരണം പ്രഖ്യാപിച്ചും വിയറ്റ്നാമിലെയും ഇസ്രയേലിലെയും ജർമനിയിലെയും അംബാസഡർമാരെയൊക്കെ കണ്ടു കേരളത്തിൽ നിക്ഷേപം നടത്താൻ ക്ഷണിക്കുകയും ഒക്കെ ചെയ്തു കടലാസിലും ഫേസ്ബുക്കിലും കേരള അംബാസഡർ തന്നെ അതിനൊക്കെ അപ്പപ്പോൾ മറുപടി നൽകുന്നുണ്ട്. ചുരുക്കത്തിൽ ചർച്ച തന്നെ ചർച്ച എന്ന അവസ്ഥയാണ് അവിടെ. ചർച്ച കഴിയുമോഴേക്കും ഈ സർക്കാരിന്റെ കാലാവധിയും കഴിയും. അങ്ങനെയാണെങ്കിൽ പിന്നെ റെസിഡന്റ് കമ്മിഷണറുടെ റോൾ എന്താണ്? മിക്കവാറും വേണു രാജാമണിക്കും കെ വി തോമസിനും വേണ്ട സൗകര്യങ്ങൾ ഒരുക്കേണ്ട കെയർ ടേക്കർ വേഷമായിരിക്കും സൗരഭ് ജെയിനിന് ഇനി കെട്ടേണ്ടിവരിക. മന്ത്രിമാർക്ക് പുത്തൻ കാറുകൾ വാങ്ങാനും ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് പണിയാനും വേണ്ടി ഇളവിതമായ സാമ്പത്തിക നിയന്ത്രണം തോമസ് മാഷിനു വേണ്ടി ഒന്നുകൂടെ ഇളവിതമായ കാഴ്ചക്കും ഇന്നത്തെ മന്ത്രിസഭാ യോഗം സാക്ഷ്യം വഹിച്ചു. ക്ഷേമ പെൻഷൻ മുടങ്ങിയാലും കരാറുകാർക്കുള്ള കുടിശിക മാസങ്ങൾ പിന്നിട്ടു വർഷ കണക്കായെങ്കിലും സർക്കാർ ജീവനക്കാരുടെ നാലു ഗഡു ഡി എ നൽകിയില്ലെങ്കിലും സർവിസ് പെൻഷൻകാരുടെ ശമ്പള പരിഷ്‌കാരണ കുടിശികയെപ്പറ്റി ഒന്നും മിണ്ടിയില്ലെങ്കിലും മന്ത്രിമാർക്കും മുൻ മന്ത്രിമാർക്കും പ്രസ്ഥാനത്തിന്റെ പവറ് കണ്ടു വന്നു ചേരുന്ന ഭാഗ്യന്വേഷികൾക്കും ഒരു കുറവും ഉണ്ടാവാൻ പാടില്ലല്ലോ. ആത്മാവിൽ ദരിദ്രരായവർക്ക് മാത്രമല്ല, ആശയത്തിൽ ദരിദ്രരായവർക്കും കൂടിയുള്ളതാണ് സ്വർഗരാജ്യം!