അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നാലെണ്ണത്തിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ തിരിച്ചടി കോണ്‍ഗ്രസിന്. ഭാരത് ജോഡോ യാത്രയിലൂടെ കോണ്‍ഗ്രസിനുണ്ടെന്ന് കരുതിയ മുന്നേറ്റം ഈ സംസ്ഥാനങ്ങളില്‍ പ്രതിഫലിച്ചില്ല. കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം ഉണ്ടായ തെലങ്കാനയില്‍ പ്രാദേശിക നേതാവായ രേവന്ത് റെഡ്ഡിയുടെ മികവും കെ സി ആറിനോടുള്ള ശക്തമായ എതിരഭിപ്രായവുമാണ് കോണ്‍ഗ്രസിനെ സഹായിച്ചത്.
രാജസ്ഥാനിലെയും മധ്യപ്രദേശിലെയും തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് ഗാന്ധി കുടുംബവുമായുള്ള ബന്ധത്തിന്റെ കൂടി അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന നേതാക്കളുടെ പടിയിറക്കം കൂടിയാണ്.
സഞ്ജയ് ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന കാലത്ത് കോണ്‍ഗ്രസിലെത്തിയ നേതാവായിരുന്നു കമല്‍നാഥ്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ജനിച്ച കമല്‍നാഥിനോട് മധ്യപ്രദേശില്‍ നിയോഗിച്ചത് ഇന്ദിരാഗാന്ധിയായിരുന്നു. അതിന് കാരണമായത് ഡൂണ്‍ സ്‌കൂളില്‍ മകന്‍ സഞ്ജയ് ഗാന്ധിയുടെ സുഹൃത്തായിരുന്നു കമല്‍നാഥ് എന്നതും. ഇന്ദിരാഗാന്ധിയുടെ രണ്ട് കൈകളില്‍ ഒന്ന് സഞ്ജയ് ഗാന്ധിയും മറ്റേത് കമല്‍നാഥുമെന്നായിരുന്നു അന്നത്തെ മുദ്രാവാക്യം.' ഇന്ദിരാഗന്ധിയുടെ രണ്ട് കരങ്ങള്‍, ഒന്ന് സഞ്ജയ് ഗാന്ധി, രണ്ടാമത്തെത് കമല്‍നാഥ്'.
അടിയന്തരാവസ്ഥയ്ക്കുശേഷം അധികാരത്തിലെത്തിയ മൊറാര്‍ജി സര്‍ക്കാരില്‍ രൂപപ്പെട്ട അഭിപ്രായ വ്യത്യാസം രൂക്ഷമാക്കുന്നതില്‍ കമല്‍നാഥ് വഹിച്ച പങ്കാണ് അദ്ദേഹത്തെ കോണ്‍ഗ്രസില്‍ പ്രധാനിയാക്കിയതെന്ന് കരുതുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. രാജ്‌നാരായനുമയി ബന്ധം സ്ഥാപിച്ചുകൊണ്ടാണ് കമല്‍നാഥ് ഇ്ന്ദിരയ്ക്കും കോണ്‍ഗ്രസിനും വേണ്ടിയുള്ള രാഷ്ട്രീയകളികള്‍ നടത്തിയത്. രാജ്നാരായന്റെ കൂടി ഉപദേശത്തിന്റെ ഫലമായി 1979 ല്‍ ചരണ്‍ സിങ് കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുകയും ഫലത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് സാഹചര്യമൊരുക്കുകയുമായിരുന്നു. മാസങ്ങള്‍ക്കുശേഷം ചരണ്‍സിങിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചു. പിന്നീട് കമല്‍നാഥിന് തിരിഞ്ഞു നോക്കേണ്ടിവന്നില്ല. 1980ന് ശേഷം ഒമ്പത് തവണയാണ് കമല്‍നാഥ് ലോക്‌സഭയിലെത്തിയത്. നിരവധി തവണ കേന്ദ്രമന്ത്രിയായി.
1984 ല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടശേഷമുണ്ടായ സിഖ് കലാപത്തില്‍ കമല്‍നാഥിന് പങ്കുണ്ടായിരുന്നുവെന്ന ആരോപണം ശക്തമായി തന്നെ ഉന്നയിക്കപ്പെട്ടിരുന്നു. ന്യൂഡല്‍ഹിയില്‍ രഖബ് ഗഞ്ച് സാഹിബ് ഗുരുദ്വാരയ്ക്ക് മുന്നില്‍ അക്രമിക്കൂട്ടത്തെ നയിച്ചത് കമല്‍നാഥാണെന്ന് മാധ്യമ പ്രവര്‍ത്തകനായ സഞ്ജയ് പുരി കലാപത്തെക്കുറിച്ച് എഴുതിയ 'ആന്റി സിഖ് വയലന്‍സ് ആൻഡ് ആഫ്റ്റര്‍ എന്ന പുസ്തകത്തില്‍ ആരോപിക്കുന്നുണ്ട്. അവിടെ നടന്ന ആക്രമണത്തില്‍ രണ്ട് സിഖുകാരാണ് കൊല്ലപ്പെട്ടത്. എങ്കിലും അദ്ദേഹത്തിന് കാര്യമായ ഒന്നും സംഭവിച്ചില്ല. കാരണം ഗാന്ധി കുടുംബവുമായുള്ള ബന്ധം തന്നെയായിരുന്നു.
2018 ല്‍ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് തിരഞ്ഞെടുക്കപ്പെട്ടശേഷമാണ് കമല്‍നാഥ് ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യയും സംഘവും ബിജെപി പോയതോടെ 97 ദിവസം മാത്രമാണ് അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞത് ദേശീയതലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയേല്‍ക്കുകയും ഹിന്ദുത്വം ദേശീയ അജൻഡയാവുകയും ചെയ്തതോടെ, കോണ്‍ഗ്രസിലെ മൃദു ഹിന്ദുത്വത്തിന്റെ മുഖമായി മാറുകയായിരുന്നു കമല്‍നാഥ്. അധികാരലെത്തിയാല്‍ ശ്രീലങ്കയില്‍ സീതാ ദേവിയ്ക്ക് ക്ഷേത്രം പണിയുമെന്നായിരുന്നു കമല്‍നാഥ് പറഞ്ഞത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് കാരണമായതില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്നും അവകാശപ്പെട്ടതോടെ മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പോര് ഹിന്ദുത്വത്തിന്റെ രണ്ട് ധാരകള്‍ തമ്മിലായി മാറി. കമല്‍നാഥിന്റെ കനത്ത തോല്‍വിയോടെ ഒരര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ സമീപനത്തിന് കൂടിയാണ് തിരിച്ചടിയേല്‍ക്കുന്നത്.
ബംഗ്ലാദേശ് രൂപീകരിക്കപ്പെടുന്നതിന് മുമ്പ് കിഴക്കന്‍ പാകിസ്താനില്‍നിന്നുള്ള അഭയാര്‍ത്ഥികളെ സഹായിക്കുന്നതിനുള്ള സാമുഹ്യ പ്രവര്‍ത്തനം നടത്തികൊണ്ടാണ് അശോക് ഗെഹ്ലോട്ട് പൊതുപ്രവര്‍ത്തനത്തിലെത്തുന്നത്. കണ്‍കെട്ട് വിദ്യക്കാരനായിരുന്നു അച്ഛന്‍. ഇന്ദിരാഗാന്ധിയുടെ ശ്രദ്ധയില്‍പ്പെട്ട ഗഹ്ലോട്ട് പിന്നീട് വാര്‍ധയിലെ ഗാന്ധി ആശ്രമത്തില്‍ ഒരു വര്‍ഷം ചെലവഴിച്ചു.
കമല്‍നാഥിനെ പോലെ അടിയന്തരാവസ്ഥകാലമാണ് ഗാന്ധി കുടുംബവും സഞ്ജയ് ഗാന്ധിയുമായി അദ്ദേഹത്തെ അടുപ്പിച്ചത്. അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് തോറ്റെങ്കിലും രാഷ്ട്രീയത്തില്‍ സജീവമായി തുടര്‍ന്നു. 1980 ല്‍ ജോധ്പൂരില്‍നിന്ന് വിജയിച്ചു. സഞ്ജയ് ഗാന്ധിയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് ഗെഹ്ലോട്ടിന് ടിക്കറ്റ് ലഭിച്ചത്. അഞ്ച് തവണ അദ്ദേഹം അവിടെ നിന്ന് പിന്നീട് തിരഞ്ഞെടുക്കപ്പെട്ടു.
1998 ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രിയായി സോണിയ ഗാന്ധി നിശ്ചയിച്ചതും ഗെഹ്ലോട്ടിനെ തന്നെ. പിന്നീട് പല തവണ ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയായി. മുഖ്യമന്ത്രി സ്ഥാനം വേണോ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനാകണോയെന്ന ചോദ്യമുയര്‍ന്നപ്പോള്‍ മുഖ്യമന്ത്രിസ്ഥാനം മതിയെന്ന് പറഞ്ഞ നേതാവുകൂടിയാണ് ഗെഹ്ലോട്ട്. ഗാന്ധി കുടുംബം കോണ്‍ഗ്രസ് നേതൃസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചപ്പോള്‍ പകരക്കാരനായി കണ്ടത് ഗെഹ്ലോട്ടിനെയായിരുന്നു. എന്നാല്‍ അദ്ദേഹം മത്സരത്തിന് തയ്യറായിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പിന്‍വാങ്ങിയാല്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ് സച്ചിന്‍ പൈലറ്റിന്റെ പിടിയിലാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക.
രാജസ്ഥാന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിന്റെ പതിവ് രീതി പാലിച്ചുകൊണ്ട് ഇത്തവണ ബിജെപി അധികാരത്തിലെത്തുമ്പോള്‍ ഗെഹ്ലോട്ടിന്റെ രാഷ്ട്രീയകാലത്തിന് ഇനിയെന്ത് തുടര്‍ച്ചയെന്ന ചോദ്യമാണ് ഉയരുന്നത്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരില്‍ ഒരാള്‍ കൂടി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങേണ്ടിവരുമെന്നതിന്റെ സൂചനയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് നല്‍കുന്നത്.