OPINION

ഫെഡറിലസത്തിനായുള്ള രാഷ്ട്രീയ കൂട്ടായ്മ; സംസ്ഥാന ധനമന്ത്രിമാര്‍ സമ്മേളിക്കുമ്പോള്‍

ഗോപകുമാർ മുകുന്ദൻ

പതിനാറാം ധനകാര്യക്കമ്മീഷന്റെ പശ്ചാത്തലത്തില്‍ അഞ്ചു പ്രതിപക്ഷ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ കേരളത്തില്‍ സമ്മേളിക്കുകയാണ്. ഫെഡറല്‍ ധനവിന്യാസത്തിന്റെ പ്രവണതകളും അതുണ്ടാക്കുന്ന ദൂരവ്യാപകമായ പ്രതിസന്ധികളും ചര്‍ച്ച ചെയ്യുന്ന സമ്മേളനമായി മാറുകയാണ് ഈ കോണ്‍ക്ലേവ്.

സംസ്ഥാനങ്ങളെ ജനഹിതം അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ വരിഞ്ഞു മുറുക്കി തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കാന്‍ നടക്കുന്ന ശ്രമങ്ങളുടെ ഏറ്റവും വലിയ ഇരയായി കേരളം മാറിയിട്ടുണ്ട്. സുപ്രീംകോടതിയിലെ കേസുകളടക്കം കേരളം നടത്തുന്ന പോരാട്ടങ്ങളുടെ തുടര്‍ച്ചയായി വേണം ഈ ഉദ്യമത്തെയും മനസിലാക്കാന്‍. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ നികുതി വരുമാനം പങ്കിടുന്നതിലും സംസ്ഥാനങ്ങളുടെ വിഹിതം വീതം വെയ്ക്കുന്നതിലും ഭരണഘടന ധനകാര്യ കമ്മീഷനു നല്‍കിയിട്ടുള്ള പ്രാമാണികതയുണ്ട്. ധനകാര്യ കമ്മീഷന്റെ പ്രാധാന്യം അതാണ്.

യൂണിയന്‍ സര്‍ക്കാര്‍ പിരിക്കുന്ന എല്ലാ നികുതികളും സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കണം എന്നതായി വ്യവസ്ഥ. എന്നാല്‍ സെസ്സുകളും സര്‍ച്ചാര്‍ജ്ജുകളും സംസ്ഥാനങ്ങളുമായി പങ്കുവെയക്കേണ്ടതില്ല.സെസ്സുകളും സര്‍ച്ചാര്‍ജ്ജുകളും ഒഴികെ യൂണിയന്‍ സര്‍ക്കാര്‍ പിരിക്കുന്ന എല്ലാ നികുതികളുടെയും പിരിവു ചെലവു കിഴിച്ചുള്ള വരുമാനം സംസ്ഥാനങ്ങളുമായി പങ്കു വെയ്ക്കണമെന്നതാണ് ഇപ്പോഴത്തെ വ്യവസ്ഥ.

തിരിഞ്ഞു നോക്കുമ്പോള്‍

സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരവും പണവും ലഭ്യമാക്കണം എന്നതായിരുന്നു സ്വതന്ത്ര്യാനന്തരമുയര്‍ന്ന പൊതു നിലപാട്.ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയനാണ് എന്നാണു ഭാരതത്തെ ഭരണഘടന നിര്‍വ്വചിച്ചത്.

മൊണ്ടേഗു-ചെംസ്‌ഫോര്‍ഡ് പരിഷ്‌ക്കാരങ്ങളോടെ പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതുമരാമത്ത്, കൃഷി തുടങ്ങിയവ പ്രോവിന്‍ഷ്യല്‍ സര്‍ക്കാറുകളുടെ ഉത്തരവാദിത്തമായി മാറിയിരുന്നു. 1935 ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടനുസരിച്ച് വ്യക്തിഗത വരുമാന നികുതിയുടെ നിശ്ചിത ശതമാനം പ്രോവിന്‍ഷ്യല്‍ സര്‍ക്കാറുകള്‍ക്ക് കൈമാറണം എന്ന വ്യവസ്ഥ വന്ന പശ്ചാത്തലമിതാണ്. എന്നാല്‍ ഉത്തരവാദിത്ത ബാഹുല്യവും പരിമിത വിഭവങ്ങളും ചേര്‍ന്നുണ്ടാക്കിയ അസന്തുലിതാവസ്ഥ ഇന്ത്യന്‍ ഫെഡറല്‍ ഘടനയുടെ മൌലിക ദൌര്‍ബല്യമായി മാറി. ഭരണഘടനാ നിര്‍മ്മാണ അസ്സംബ്ലിയില്‍ ഇതു ചൂടേറിയ ചര്‍ച്ചയായിരുന്നു.

ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 270 പ്രകാരം വ്യക്തിഗത വരുമാന നികുതിയുടെയും 272 അനുസരിച്ച് യൂണിയന്‍ എക്‌സൈസ് തീരുവയുടെ നിശ്ചിത ശതമാനവും പങ്കിടുന്നതിനുള്ള വ്യവസ്ഥ വന്നു. ആര്‍ട്ടിക്കിള്‍ 280 അനുസരിച്ച് ധനകാര്യ കമ്മീഷനും വ്യവസ്ഥ ചെയ്യപ്പെട്ടു. ഏറ്റവും വളര്‍ച്ചയുള്ള കോര്‍പ്പറേറ്റ് നികുതി,കസ്റ്റംസ് തീരുവ എന്നിവയൊന്നും സംസ്ഥാനങ്ങളുമായി പങ്കു വെയ്ക്കപ്പെട്ടില്ല എന്നതു പരാതിയായി തുടര്‍ന്നു.എണ്‍പതാം ഭരണഘടനാ ഭേദഗതിയോടെയാണിത് അഭിസംബോധന ചെയ്യപ്പെട്ടത്. യൂണിയന്‍ സര്‍ക്കാര്‍ പിരിക്കുന്ന എല്ലാ നികുതികളും സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കണം എന്നതായി വ്യവസ്ഥ.എന്നാല്‍ സെസ്സുകളും സര്‍ച്ചാര്‍ജ്ജുകളും സംസ്ഥാനങ്ങളുമായി പങ്കുവെയക്കേണ്ടതില്ല.സെസ്സുകളും സര്‍ച്ചാര്‍ജ്ജുകളും ഒഴികെ യൂണിയന്‍ സര്‍ക്കാര്‍ പിരിക്കുന്ന എല്ലാ നികുതികളുടെയും പിരിവു ചെലവു കിഴിച്ചുള്ള വരുമാനം സംസ്ഥാനങ്ങളുമായി പങ്കു വെയ്ക്കണമെന്നതാണ് ഇപ്പോഴത്തെ വ്യവസ്ഥ.

കഴിഞ്ഞ രണ്ടു ധനകാര്യക്കമ്മീഷന്‍ കാലത്ത് സെസ്സുകളും സര്‍ച്ചാര്‍ജുകളും വഴി കേരളത്തിനു നഷ്ടമായത് 21783 കോടി രൂപയാണ്. ഇന്നത്തെ കണക്കില്‍ 26 മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനുള്ള തുകയാണിത്.

സെസ്സുകളും സര്‍ച്ചാര്‍ജ്ജുകളും

യൂണിയന്‍ സര്‍ക്കാരിന്റെ ആകെ നികുതി വരുമാനത്തില്‍ നിന്നും സെസ്സുകളും സര്‍ച്ചാര്‍ജ്ജുകളും പിരിവു ചെലവും കിഴിച്ചുള്ള വരുമാനമാണ് ഡിവിസിബിള്‍ പൂള്‍ എന്നു പറയുന്നത്.

സെസ്സുകളും സര്‍ച്ചാര്‍ജ്ജുകളും യൂണിയന്‍ സര്‍ക്കാരിന്റെ ആകെ നികുതി വരുമാനത്തില്‍ എത്ര വരും? നികുതിക്ക് പകരമായി സെസ്സുകളും സര്‍ച്ചാര്‍ജ്ജുകളും ചുമത്തിയാല്‍ അതു സംസ്ഥാനങ്ങളുമായി പങ്കിടേണ്ടതില്ലല്ലോ?

2015- 2016 മുതല്‍ 2019 - 2020 വരെ 9181002 കോടി രൂപയായിരുന്നു യൂണിയന്‍ സര്‍ക്കാരിന്റെ ആകെ നികുതി വരുമാനം.അതില്‍ 1179861 കോടി രൂപ സെസ്സുകളും സര്‍ച്ചാര്‍ജ്ജുകളുമായിരുന്നു. 12.86 ശതമാനം. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ കാലത്ത് 15058619 കോടി രൂപയായിരുന്നു ആകെ നികുതി വരുമാനം.അതില്‍ 2554121 കോടി രൂപയും സെസ്സും സര്‍ച്ചാര്‍ജ്ജുകളുമായിരുന്നു. 17 ശതമാനം. ധനകാര്യകമ്മീഷനു മുന്നില്‍ കര്‍ണാടകം വെച്ച നിര്‍ദ്ദേശം ഇവ 5 ശതമാനമായി പരിമിതപ്പെടുത്തണമെന്നാണ്.അങ്ങനെയെങ്കില്‍ പതിനാലാം ധനകാര്യകമ്മീഷന്‍ കാലത്ത് 720810 കോടി രൂപ കൂടി ഡിവിസിബിള്‍ പൂളില്‍ എത്തുകയും 302740 കോടി രൂപ കൂടി സംസ്ഥാനങ്ങള്‍ക്കു ലഭിക്കുകയും ചെയ്‌തേനെ. പതിനഞ്ചാം ധനകാര്യക്കമീഷന്‍ കാലയളവില്‍ 801191 കോടി രൂപ കൂടി divisible Pool ല്‍ എത്തുകയും 738488 കോടി രൂപ സംസ്ഥാനങള്‍ക്കു ലഭിക്കുകയും ചെയ്യുമായിരുന്നു.

ഡിവിസിബിള്‍ പൂളിലെ വന്ന ഈ കുറവു മൂലം പതിന്നാലാം ധനക്കമ്മീഷന്‍ കാലത്ത് ഏതാണ്ട് 7568 കോടി രൂപയും പതിനഞ്ചാം ധനക്കമ്മീഷന്‍ കാലത്ത് ഏതാണ്ട് 14215 കോടി രൂപയും കേരളത്തിനു നഷ്ടമായി എന്നു വേണം മനസിലാക്കാന്‍.കഴിഞ്ഞ രണ്ടു ധനകാര്യക്കമ്മീഷന്‍ കാലത്ത് സെസ്സുകളും സര്‍ച്ചാര്‍ജുകളും വഴി കേരളത്തിനു നഷ്ടമായത് 21783 കോടി രൂപയാണ്. ഇന്നത്തെ കണക്കില്‍ 26 മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനുള്ള തുകയാണിത്.

സെസ്സുകളും സര്‍ച്ചാര്‍ജ്ജുകളും ന്യായമായതെത്ര എന്നൊക്കെ തീരുമാനിക്കണം. എത്രയും ആകാം എന്നത് സംസ്ഥാനങ്ങളുടെ കീശ കവരുന്ന ഏര്‍പ്പാടാണ്.

സംസ്ഥാനങ്ങളുടെ ആകെ റവന്യൂ വരുമാനത്തില്‍ ശരാശരി 65 ശതമാനം കേന്ദ്ര വിഭവക്കൈമാറ്റമാണ്. 2023-2024 ലെ കണക്കുകള്‍ പ്രകാരം കേരളത്തിനു ലഭിച്ച കേന്ദ്ര വിഭവക്കൈമാറ്റം 21 ശതമാനം മാത്രമാണ്. ഇതാണ് വിവേചനത്തിന്റെ വലിപ്പം.

അസ്സല്‍ പിരിവ് ( Net Proceeds)

ആകെ നികുതി വരുമാനത്തില്‍ നിന്നും സെസ്സുകളും സര്‍ച്ചാര്‍ജ്ജുകളും പിരിവു ചെലവും കിഴിച്ചു വരുന്ന നെറ്റ് പ്രൊസീഡ്‌സ് ആണല്ലോ പങ്കു വെയ്ക്കുന്നത്. ഇതെത്രയെന്ന ഒരു കണക്കും പ്രസിദ്ധപ്പെടുത്താറില്ല. ധനകാര്യക്കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള പണം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുണ്ടോ എന്നു നോക്കാന്‍ ഇതറിയണ്ടേ? ശരിക്കുള്ളതിനെക്കാള്‍ കുറഞ്ഞ തുകയാണ് ധനവിന്യാസത്തിനായി ഉപയോഗിക്കുന്നതെന്നാണ് പ്രൊഫ. രാമകുമാര്‍ ഒരു പ്രബന്ധത്തില്‍ കണക്കുകള്‍ വെച്ചു തെളിയിക്കുന്നത്. ഇതു മൂലം പതിനഞ്ചാം ധനകാര്യക്കമ്മീഷന്‍ കാലത്ത് സംസ്ഥാനങ്ങള്‍ക്ക് 1.2 ലക്ഷം കോടി രൂപ നഷ്ടമായി എന്നദ്ദേഹം സ്ഥാപിക്കുന്നുണ്ട്. ഏറ്റവും ചുരുങ്ങിയത് ഇതുകൊണ്ടു മാത്രം 2300-2500 കോടി രൂപ കേരളത്തിനു നഷ്ടപ്പെട്ടിരിക്കണം.

ഡിവിസിബിള്‍ പൂളില്‍ നിന്നും സംസ്ഥാനങ്ങള്‍ക്കു നീക്കി വെയ്ക്കുന്ന വിഹിതം ചുമതലകള്‍ക്കൊത്ത വിധമല്ല എന്നതാണ് മറ്റൊരു പ്രശ്‌നം. ഈ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് എത്ര ശതമാനം നീക്കി വെയ്ക്കണമെന്ന് ആര്‍.മോഹനും രാമകുമാറും ചേര്‍ന്നു കണക്കാക്കിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രനികുതിക്കൈമാറ്റം അടക്കമുള്ള റവന്യൂ വരുമാനവും റവന്യൂചെലവുകളും തമ്മിലുള്ള അനുപാതം പരിശോധിച്ചാണ് ഇവര്‍ നിഗമനം നടത്തുന്നത്.

2015-16 മുതല്‍ 2022-2023 വരെയുള്ള പ്രവണതകളനുസരിച്ചു 49 ശതമാനം സംസ്ഥാനങ്ങള്‍ക്കു നല്‍കിയാലേ കേന്ദ്ര-സംസ്ഥാന ധനഅസന്തുലിതാവസ്ഥ ഇല്ലാതാകൂ എന്നാണ് നിഗമനം. ഡിവിസിബിള്‍ പൂളിന്റെ പകുതി സംസ്ഥാനങ്ങള്‍ക്ക് നല്‍കണം എന്ന വാദം സാധൂകരിക്കുന്ന കണക്കാണിത്.ഇപ്പോള്‍ 41 ശതമാനമാണ് സംസ്ഥാനങ്ങളുടെ വിഹിതം. ഈ ഫെഡറല്‍ വിരുദ്ധ പ്രവണതകള്‍ പതിനാറാം ധനക്കമ്മീഷന്റെ പരിഗണനയ്ക്കു കൊണ്ടു വരിക എന്നതു വലിയ രാഷ്ട്രീയ ഉത്തരവാദിത്തമാണ്.

കേരളത്തോടുള്ള വിവേചനം

പൊതു പ്രശ്‌നങ്ങള്‍ മൂലം ഉണ്ടാകുന്ന വിഭവ ശോഷണം കൂടാതെ കേരളം സവിശേഷമായ വിവേചനം നേരിടുന്നുണ്ട്.പത്താം ധനകാര്യക്കമ്മീഷന്‍ കാലത്തു സംസ്ഥാനങ്ങള്‍ക്കായി നീക്കിവെയ്ക്കപ്പെട്ട നികുതി വിഹിതത്തിന്റെ 3.875 ശതമാനമായിരുന്ന കേരളത്തിന്റെ പങ്ക് 1.925 ശതമാനമായി കുറഞ്ഞു. ഇതിന്റെ ഫലമെന്താണ്?പതിനഞ്ചാം ധനകാര്യക്കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്കാകെ അഞ്ചു കൊല്ലംകൊണ്ടു വീതിച്ചു നല്‍കുന്ന നികുതി വിഹിതം 4224760 കോടി രൂപയാണ്. അഞ്ചു കൊല്ലം കൊണ്ടു കേരളത്തിനു കിട്ടുന്നത് 81326 കോടി രൂപ. പത്താം ധനക്കമ്മീഷന്‍ മാനദണ്ഡപ്രകാരം കേരളത്തിനു നികുതി വിഹിതം ലഭിച്ചിരുന്നുവെങ്കില്‍ 163920 കോടി രൂപ കിട്ടുമായിരുന്നു. 82594 കോടി രൂപയാണ് നഷ്ടം. പ്രതിവര്‍ഷം 16518 കോടി രൂപ.

കേരളം കൈവരിച്ച വികസന നേട്ടങ്ങള്‍ മൂലം ധനവിന്യാസ മാനദണ്ഡങ്ങള്‍ നമുക്കെതിരാകുകയാണ്. രാജ്യത്തെ ജനസംഖ്യയുടെ 3.8 ശതമാനമുണ്ടായിരുന്ന കേരള ജനസംഖ്യ ഇപ്പോള്‍ 2.8 ശതമാനമേ വരൂ. പ്രത്യുല്‍പ്പാദന നിരക്കു കുറഞ്ഞു. അടുത്തകാലം വരെ മരണ നിരക്കും കുറവായിരുന്നു.ഇതോടെ ജനസംഖ്യാ ഘടന മാറി. പ്രായമുള്ളവര്‍ കൂടി. ചെറുപ്പക്കാര്‍ കുറഞ്ഞു. ശാരീരിക അദ്ധ്വാനം വേണ്ട മേഖലകളില്‍ ഇങ്ങോട്ടുള്ള കുടിയേറ്റം വര്‍ദ്ധിച്ചു. വലിയ ചെലവുണ്ടാക്കുന്ന മാറ്റങ്ങളാണിവ. സംസ്ഥാനത്തെ പ്രതിശീര്‍ഷ വരുമാനം വളരെ ഉയര്‍ന്നതാണ്. അതു വലിയ നേട്ടമാണ്. അതേ സമയം ഇത് അസമത്വത്തില്‍ വര്‍ധനവുണ്ടാക്കുന്നുണ്ട്. സര്‍ക്കാര്‍ വലിയതോതില്‍ സാമൂഹ്യ ക്ഷേമ ചെലവുകള്‍ ചെയ്തുകൊണ്ടു മാത്രമേ നീതിയുടെയും തുല്യതയുടെയും രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടു പോകാനാകൂ. നേട്ടങ്ങള്‍ പുതിയ പ്രതിസന്ധികള്‍ ഉണ്ടാക്കുകയാണ്.

ഭൂവിസ്തൃതിയുടെ 1.2 ശതമാനം മാത്രമുള്ള കേരളം 2.8 ശതമാനം മനുഷ്യരുടെ വാസസ്ഥാനമാണ്.ഏതാണ്ടു 40 ശതമാനം മലയോരമാണ്. രാജ്യത്തെ തീര ദൈര്‍ഘ്യത്തിന്റെ പത്തു ശതനമാനവും കാതല്‍ വനവിസ്തൃതിയുടെ 3 ശതമാനവും കേരളത്തിലാണ്. കാലാവസ്ഥാ വ്യതിയാനം വരുത്തുന്ന അവ്യവസ്ഥകള്‍ ഉണ്ടാക്കുന്ന വെല്ലുവിളികള്‍ തുടര്‍ച്ചയായി നേരിടേണ്ടി വരുന്നു. ഈ പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന വര്‍ദ്ധിച്ച ചെലവുകള്‍ക്ക് ഉയര്‍ന്ന നികുതി വിന്യാസം ഉണ്ടായേ മതിയാകൂ. നികുതി വിന്യാസ മാനദണ്ഡങ്ങളില്‍ വരേണ്ട മാറ്റവും മറ്റും സമ്മേളനത്തിന്റെ പ്രധാന ചര്‍ച്ചയാകും എന്നു വേണം കരുതാന്‍.

സംസ്ഥാനങ്ങളുടെ ആകെ റവന്യൂ വരുമാനത്തില്‍ ശരാശരി 65 ശതമാനം കേന്ദ്ര വിഭവക്കൈമാറ്റമാണ്. 2023-2024 ലെ കണക്കുകള്‍ പ്രകാരം കേരളത്തിനു ലഭിച്ച കേന്ദ്ര വിഭവക്കൈമാറ്റം 21 ശതമാനം മാത്രമാണ്. ഇതാണ് വിവേചനത്തിന്റെ വലിപ്പം. ഈ പശ്ചാത്തലത്തില്‍ ധനക്കമ്മീഷന്റെ കേരള സന്ദര്‍ശനത്തിനു മുന്നോടിയായി നടക്കുന്ന ഈ കോണ്‍ക്ലേവിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി