" Those who keep on talking, may not listen properly.
Those who listen, may not talk much.
Those who talk and listen, may not think properly.
Those who talk, listen and think, may be so laid back,
To do something meaningful in his or her life ! "
-കെ.പി ശശി , സംപ്തംബർ 26 , 2022 , ഫെയ്സ്ബുക്ക്
തളരാത്ത പോരാട്ടത്തിന് ഒരു പര്യായപദമുണ്ടെങ്കിൽ അതാണ് കെ പി ശശി എന്ന കലാപകാരിയായ പ്രിയ സഖാവ്. ഏതാനും കാലങ്ങൾ, അല്ലെങ്കിൽ കുറച്ചു ദീർഘകാലം കലാപകാരിയായിരിക്കാൻ ആർക്കും കഴിഞ്ഞേക്കും. എന്നാൽ ഒരായുഷ്ക്കാലം മുഴുവനും തളർച്ചയെന്തെന്നറിയാതെ, ഒരിടവേളയില്ലാതെ, അന്യായങ്ങൾക്കെതിരെ പോരാടിക്കൊണ്ടേയിരിക്കുക എന്നത് അതീവ ദുഷ്ക്കരമായ കാര്യമാണ്. അത്തരമൊരു ശൈലി ജീവിതവ്രതമാക്കിയ പോരാളിയായിരുന്നു കെ പി ശശി. ഓർമ്മയുടെ അവസാനത്തെ അറ്റംവരെയും പോരാളിയായി തന്നെ ജീവിച്ചു. അതൊരു ബലിയായിരുന്നു. ഏറ്റവും പ്രിയപ്പെട്ടതെന്തോ അത് തന്നെ കാലത്തിന് ബലി നൽകി, സ്വന്തം ജീവിതത്തിന് തീ കൊളുത്തിക്കൊണ്ടുള്ള ഒരു തരം എരിഞ്ഞടങ്ങൽ. ലോകത്തെ മറ്റൊരു ആണവ യുദ്ധത്തിൽ നിന്നും രക്ഷിയ്ക്കാൻ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതിനെ ചുട്ടെരിക്കുന്ന ആന്ദ്രേ താർക്കോവ്സ്കിയുടെ "സാക്രിഫൈസി" ലെ നായകനെപ്പോലുള്ള ഒരു ജീവിതം.
എപ്പോഴാണ് ശശി എന്റെ ജീവിതത്തിലേക്ക് കയറി വന്നത് എന്നോർമ്മയില്ല. ലോകം കീഴ്മേൽ മറിയാൻ പോകുന്നു എന്ന് ഉറച്ചു വിശ്വസിച്ച എൺപതുകളുടെ തുടക്കത്തിൽ തന്നെ ആയിരുന്നിരിക്കണം. അന്നത്തെ തത്വചിന്താ വായനയിൽ ഗുരുതുല്യനായി കണ്ട സഖാവ് കെ ദാമോദരന് കെ പി ശശി എന്ന പേരിൽ ഒരു മകനുണ്ട് എന്ന് പരിചയപ്പെടുത്തിയത് ആലപ്പുഴ ചിങ്ങോലിയിലെ അന്റോണിയോ ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ട് ജീവിതകാലത്ത് ടി എൻ ജോയി ആണെന്നാണ് ഓർമ്മ. ജോയി ആയിരുന്നു അക്കാലത്ത് ന്യു ലഫ്റ്റ് റിവ്യുവിൽ വന്ന താരിക് അലി കെ ദാമോദരനുമായി നടത്തിയ ദീർഘ അഭിമുഖം മലയാളത്തിലാക്കി പ്രസിദ്ധീകരിച്ചത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ചരിത്രത്തെ അത്രമേൽ ആഴത്തിൽ ഞങ്ങളുടെ തലമുറയെ പഠിപ്പിച്ച മറ്റൊരു അഭിമുഖം മറ്റൊന്ന് ഉണ്ടായിട്ടില്ല. സഖാവ് കെ ദാമോദരൻ എഴുതിയതെല്ലാം തേടിപ്പിടിച്ച് വായിക്കുക എന്നത് ഒരു ആവേശം തന്നെയായിരുന്നു. സ്വാഭാവികമായും ജോയിയിൽ നിന്നും ശശിയെക്കുറിച്ച് കേട്ടപ്പോൾ കാണുന്നതിന് മുമ്പ് തന്നെ അതൊരു സൗഹൃദ ബന്ധമായി മാറുകയും ചെയ്തു.
കെ ദാമോദരന്റെ " മാർക്സ് , ഹെഗൽ , ശങ്കരൻ " കലാകൗമുദിയിൽ ആണെന്നു തോന്നുന്നു പരമ്പരയായി വന്നിരുന്നു. കേരള മാർക്സ് എന്ന് ഒരു കാലത്ത് കേരളം വിളിച്ചിരുന്ന സഖാവ് കെ ദാമോദരന്റെ മകൻ ശശി അദ്ദേഹത്തിന്റെ അവസാനകാല പോരാട്ടങ്ങളുടെ തുടർച്ച ഏറെറടുത്ത് മുന്നോട്ട് കൊണ്ടുപോവുകയാണ് ചെയ്തതെന്ന് ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ കാണാം. കമ്മ്യൂണിസ്റ്റ് അപചയങ്ങളോടുള്ള മല്ലിടലായിരുന്നു അത് . ജീവിതത്തിന്റെ എല്ലാ തുറകളിലേക്കും അതിനെ വ്യാപിപ്പിക്കാൻ ശശിക്ക് കഴിഞ്ഞു. അതിൽ തനിക്ക് വേണ്ടി വ്യക്തിപരമായി നേട്ടമുണ്ടാക്കുക, സ്വന്തം സൃഷ്ടികളുടെ ബാഹുല്യം കൊണ്ട് ലോകത്തെ അമ്പരപ്പിക്കുക തുടങ്ങിയ നോട്ടങ്ങൾ ഒട്ടുമില്ലായിരുന്നു. തൃശൂരിലെ വിബ്ജിയോർ ഡോക്യുമെന്ററി ഫെസ്റ്റിവലിന് അടിത്തറ പാകിയതടക്കമുള്ള കെ പി ശശിയുടെ എല്ലാ ഫീച്ചർ / ഡോക്യുമെന്റി സംരംഭങ്ങളും ഒരു സോഷ്യൽ ആക്ടിവിസ്റ്റിന്റെ ഇടപെടലുകളുടെ ഭാഗമായി രൂപം കൊണ്ട സൃഷ്ടികൾ മാത്രമാണ്.
മലയാളത്തിലെ ഫെമിനിസ്റ്റ് ചലച്ചിത്ര സങ്കല്പങ്ങൾക്ക് " ഇലയും മുള്ളും " എന്ന സിനിമയിലൂടെ ബഹുവിധ സംവാദങ്ങൾക്ക് വഴിയൊരുക്കി. എന്നാൽ മലയാള സിനിമയിൽ അതിന്റെ തുടർച്ചയുണ്ടാക്കാൻ നിന്നില്ല ശശി. അതിലും വലിയ ഉത്തരവാദിത്വങ്ങൾ ഏറെറടുത്ത് ഡോക്യുമെന്ററി സിനിമകൾക്കായി സ്വയം സമർപ്പിച്ചു. ഫീച്ചർ സിനിമകളുടെ ഭാവനാ ലോകത്ത് നിന്നുള്ള ഈ പിന്മാറ്റത്തിന്റെ രാഷ്ട്രീയം ശശിയെ എത്തിച്ചത് കടുത്ത അന്യായങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങളുടെ മധ്യത്തിലേക്കാണ്.
താരിക്ക് അലിയുമായുള്ള കെ ദാമോദരന്റെ അഭിമുഖം (ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ ഓർമ്മക്കുറിപ്പുകൾ , ന്യൂ ലഫ്റ്റ് റിവ്യു) അടിയന്തരാവസ്ഥക്കാലത്താണ് പ്രസിദ്ധീകരിക്കപ്പെട്ടത്. പതിറ്റാണ്ടുകൾക്ക് ശേഷം താരിക് അലി ടി എൻ ജോയ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തി. ഇതിന്റെ പരിസമാപ്തി തിരിച്ച് താരിക്ക് അലിയുമായി കെ ദാമോദരന്റെ അഭിമുഖത്തെ മുൻ നിർത്തി ശശി നടത്തിയ അഭിമുഖമാണ്. സോവിയറ്റ് പതനത്തെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയത്തെയും ആഴത്തിൽ മനസ്സിലാക്കിയ അത്യപൂർവ്വമായ ഒരു ഡോക്യുമെന്റ് ആണ് ആ അഭിമുഖം. ഇന്ത്യയിലെ ഇടത് വലത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ വച്ചുപുലർത്തിയ ചരിത്രപരമായ മൗനങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണത്. അച്ഛനുമായി നടത്തിയ അഭിമുഖത്തിന് മകൻ മറുചോദ്യങ്ങളിലൂടെ നടത്തുന്ന ചരിത്രപരമായ ഇടപെടൽ എന്നു പറയാം.
കെ പി ശശിയെ കെ ദാമോദരന്റെ ഉറ്റ സഖാവും മുൻ മുഖ്യമന്ത്രിയുമായ സി അച്ചുതമേനോന്റെ മകൻ ഡോ വി രാമൻകുട്ടി ഒരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഓർക്കുന്ന ഹൃദയസ്പർശിയായ കുറിപ്പ് ഞാനിവിടെ പൂർണ്ണമായും ഉദ്ധരിക്കട്ടെ. വലിയൊരു കാലം മുഴുവനും മിഴി തുറക്കുന്ന അവിസ്മരണീയമായ ആ കുറിപ്പ് ശശിയുടെ ജീവിതത്തെ ആഴത്തിൽ അടയാളപ്പെടുത്തുന്നു.
" ശശി "
" അറുപതുകളുടെ ആദ്യകാലത്ത് സ: കെ ദാമോദരൻ്റെ കുടുംബം തിരുവനന്തപുരത്ത് ഞങ്ങളുടെ വീട്ടിൽനിന്ന് നടക്കാവുന്ന ദൂരത്തിലായിരുന്നു താമസിച്ചിരുന്നത്. പദ്മേടത്തി (സ: ദാമോദരൻ്റെ ഭാര്യ) യും കുട്ടികളും ആഴ്ചയിൽ രണ്ടുമൂന്നു തവണയെങ്കിലും വീട്ടിൽ വരുമായിരുന്നു; തിരിച്ചും. അന്ന് മോഹനേട്ടൻ (ഡോ കെ പി മോഹനൻ) കോളെജിലും ഉഷയും മധുവും സ്കൂളിലും പഠിക്കുകയായിരുന്നു എന്നു തോന്നുന്നു. ഞാൻ പ്രൈമറിക്ലാസ്സിലായിരുന്നു. ഇളയകുട്ടികളായ രഘുവും ശശിയും സ്കൂളിൽ പോയിത്തുടങ്ങിയിട്ടില്ലായിരുന്നു എന്നാണ് എൻ്റെ ഓർമ്മ. അന്നത്തെ ശശി എപ്പോഴും പ്രസന്നവദനനായ ഓമനത്തമുള്ള ഒരു കുഞ്ഞായിരുന്നു.
പിന്നീട് ദാമോദരേട്ടൻ രാജ്യസഭാംഗമായപ്പോൾ അവർ ദില്ലിയിലേക്ക് താമസം മാറ്റി. രഘുവും ശശിയുമൊക്കെ അവിടെയാണു പഠിച്ചു വളർന്നത്. അതുകൊണ്ടുതന്നെ തമ്മിൽ കാണുന്നത് വിരളമായി. വർഷങ്ങൾക്കുശേഷമാണ് ശശിയെ പിന്നെ കണ്ടുമുട്ടുന്നത്. അപ്പോഴേക്കും കെ പി ശശി ഇന്ത്യമുഴുവൻ അറിയപ്പെടുന്ന നിലയിലേക്ക് വളർന്നിരുന്നു.
ഇന്ത്യ കണ്ട മഹാവിപ്ളവകാരിയുടെ മകന് അനീതികളോട് പൊരുത്തപ്പെടാൻ കഴിയുമായിരുന്നില്ല എന്നതിൽ അദ്ഭുതമില്ല. രാജ്യത്തെവിടെയും ഭരണകൂടങ്ങൾക്കെതിരെയും അവരുടെ ഇരകൾക്കുവേണ്ടിയും ശബ്ദിക്കാൻ ശശി ഉണ്ടായിരുന്നു. കന്ധമാളിലെ ക്രിസ്ത്യാനികളായാലും, ഛത്തീസ്ഗഢിലെ ആദിവാസികളായാലും, ചാലിയാർ മലിനീകരണത്തിനെതിരെയുള്ള ചെറുത്തുനിൽപ്പായാലും, നർമ്മദാ പ്രോജെക്റ്റിനുവേണ്ടി കുടിയൊഴിക്കപ്പെട്ട ഗ്രാമീണരായാലും, വിചാരണകൂടാതെ തടങ്കലിലായ മദനിയായാലും, എയ്ഡ്സിൻ്റെ ഇരകളായാലും അവർക്കൊപ്പം ശശി ഉണ്ടായിരുന്നു. തൻ്റെ പക്കലുള്ള എല്ലാ ആയുധങ്ങളും ശശി അവർക്കെല്ലാം വേണ്ടി എടുത്തുപയോഗിച്ചു- അത് എഴുത്താവട്ടെ, കാർട്ടൂണാവട്ടെ, ഫിലിമാകട്ടെ, പ്രക്ഷോഭമാകട്ടെ. ഒന്നാന്തരം കാർട്ടൂണിസ്റ്റായിരുന്ന ശശി ആ രംഗത്ത് തുടർന്നിരുന്നെങ്കിൽ ഇന്ത്യ അറിയുന്ന പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റായേനെ. എന്നാൽ ശശി പിന്നീട് ഫിലിം നിർമിതിയിലേക്ക് തിരിഞ്ഞു. നർമ്മദാ ആന്ദോളനെക്കുറിച്ചുള്ള ഡോക്യുമെൻ്ററിയും, ‘ഇലയും മുള്ളൂം’, ‘ഏക് അലഗ് മൗസം' തുടങ്ങിയ ഫീച്ചർ ചിത്രങ്ങളും സംവിധാനം ചെയ്തു. പൊതുജനാരോഗ്യ വിദ്യാർത്ഥികളെ ലിംഗനീതിയെക്കുറിച്ച് പഠിപ്പിക്കാൻ ഞങ്ങൾ കുറെക്കാലം ഉപയോഗിച്ചിരുന്നത് ശശിയുടെ ‘ഇലയും മുള്ളും’ ആയിരുന്നു; അതിലും നല്ല ഒരു ടെക്സ്റ്റ്ബുക്ക് ആ വിഷയത്തിൽ കിട്ടാനില്ലായിരുന്നു. എയ്ഡ്സിനെക്കുറിച്ചുള്ള ചിത്രം, എയ്ഡ്സ് ബാധിച്ചവരുടെ ഒറ്റപ്പെടലിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ചലച്ചിത്രകാവ്യം തന്നെയായിരുന്നു. ശശി ചിത്രം നിർമ്മിച്ചത് സമൂഹ മനസ്സാക്ഷിയെ ഉണർത്താൻ വേണ്ടിയായിരുന്നു; ശശിക്ക് വലിയ ഡയറക്ടറാകാൻ വേണ്ടിയായിരുന്നില്ല. നർമ്മദയെക്കുറിച്ചുള്ള ഡോക്യുമെൻ്ററി വീട്ടിൽ കൊണ്ടുവന്ന് എൻ്റെ അച്ഛനെ പിടിച്ചിരുത്തി നിർബന്ധമായി കാണിച്ചത് ഓർക്കുന്നു. പരിസ്ഥിതിവിഷയങ്ങളോട് ഒരു പുതിയ സമീപനത്തിലേക്ക് എത്താൻ അദ്ദേഹത്തെ അത് സഹായിച്ചു എന്നാണ് എൻ്റെ വിശ്വാസം.
മറ്റുള്ളവർക്കു വേണ്ടി പ്രവർത്തിക്കുന്നതിനിടയിൽ സ്വന്തം കാര്യം ശ്രദ്ധിക്കാൻ അദ്ദേഹം മറന്നുപോയി. സാമ്പ്രദായിക രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക് ഉൾക്കൊള്ളാനാകുന്നതായിരുന്നില്ല ശശിയുടെ പ്രതിഷേധരീതികൾ; അവർക്ക് അദ്ദേഹത്തെ മനസ്സിലായതുമില്ല. എങ്കിലും അവരോടൊക്കെയും കലഹിച്ചുകൊണ്ടുതന്നെ ഒരുമിച്ചു പ്രവർത്തിച്ചു എന്നുള്ളതാണ് ശശിയുടെ മഹത്വം. രാജ്യം നേരിടുന്ന മഹാവിപത്തുകൾക്കുമുന്നിൽ ചില്ലറ അഭിപ്രായവ്യത്യാസങ്ങൾ പ്രതിബന്ധമാകരുത് എന്നതായിരുന്നു ശശിയുടെ കാഴ്ചപ്പാട്. യോജിക്കാവുന്നരോട് യോജിച്ചുകൊണ്ട് ഒരു യഥാർത്ഥ പടയാളിയെപ്പോലെ അനീതിക്കെതിരെ ശശി പൊരുതി. ഒറ്റയാനായിരുന്നെങ്കിലും ശശി പക്ഷെ ഒറ്റക്കായിരുന്നില്ല. വിപുലമായ ഒരു സുഹൃദ് വലയം , ഇന്ത്യക്കും പുറത്തും നിറഞ്ഞുനിൽക്കുന്ന ഒരു സുഹൃദ് വലയം, അദ്ദേഹത്തിനുണ്ടായിരുന്നു. അതിൽ ആൺ-പെൺ, പ്രായ വ്യത്യാസങ്ങളൊന്നുമില്ലായിരുന്നു. ദീനക്കിടക്കയില്പോലും ശശി പുതിയ സൗഹൃദങ്ങൾ കണ്ടെത്തിക്കൊണ്ടിരുന്നു. യാതൊരു മുൻവിധികളുമില്ലാതെ മനുഷ്യരെ സ്നേഹിക്കുന്നവർക്കുമാത്രം കഴിയുന്ന ഒന്നായിരുന്നു അത്. ഒന്നും സമ്പാദിച്ചില്ലെങ്കിലും സൗഹൃദങ്ങളുടെയും സ്നേഹത്തിൻ്റെയും കാര്യത്തിൽ ശശി ഒരു വലിയ ധനികൻ തന്നെ ആയിരുന്നു. എഫ് ബിയിൽ തന്നെ അദ്ദേഹത്തെ ഓർമ്മിക്കുന്ന കുറിപ്പുകളുടെ എണ്ണം അതിനു സാക്ഷ്യമാണ്. അവയിൽ കൂടുതലും ചെറുപ്പക്കാരുടേതായിരുന്നു എന്നതാണ് മറ്റൊരു വലിയ പ്രത്യേകത. ശശിയുടെ മനോഹരമായ വ്യക്തിത്വത്തിലേക്ക് ഒരു ചൂണ്ടു പലകയാണ് അത്.
തമ്മിൽ കാണുന്നത് വിരളമായിരുന്നെങ്കിലും ഒരു സഹോദരനെപ്പോലെ ശശി ഹൃദയത്തിലുണ്ടായിരുന്നു. അദ്ദേഹം നിർബന്ധിച്ചതുകൊണ്ട് എൻ്റെ അച്ഛനെക്കുറിച്ച് ഇംഗ്ലീഷിൽ രാഷ്ട്രീയകാഴ്ച്ചപ്പാടുള്ള ഒരു ഓർമ്മക്കുറിപ്പ് ശശിയുമായി ബന്ധപ്പെട്ടിരുന്ന ‘കൗണ്ടർ കറൻ്റ്സ്’ എന്ന നവമാധ്യമപ്ലാറ്റ്ഫോമിൽ ഞാൻ എഴുതിയിരുന്നു. ബാബുവിൻ്റെ (സ: ഉണ്ണിരാജയുടെ മകൻ) മകൻ്റെ കല്യാണത്തിനു തിരുവനന്തപുരത്തു വന്നപ്പോൾ തമ്മിൽ കണ്ടു. ശശിയും ബാബുവും വലിയ സുഹൃത്തുക്കളായിരുന്നു. ശശിയുടെ ചിത്രങ്ങൾക്ക് പലതിനും കാമറ ചലിപ്പിച്ചത് ബാബുവായിരുന്നു. അവസാനദിവസങ്ങളിൽ തൃശൂർ ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തെ സന്ദർശിക്കാനും സാധിച്ചു. പക്ഷെ അപ്പോഴേക്കും ശശി സംവദിക്കാൻ സാധിക്കാത്ത നിലയിലായിക്കഴിഞ്ഞിരുന്നു.
പ്രായം കൊണ്ട് അനിയനാണെങ്കിലും കർമ്മം കൊണ്ട് ഒരുപാട് ബഹുമാനം ശശി നേടിയിരുന്നു. ശശിയുടെ ജീവിതം ഇന്ത്യയിൽ സാമൂഹ്യനീതി ആഗ്രഹിക്കുന്നവർക്ക് എന്നും ഒരു പ്രചോദനമായിരിക്കും. "
-രാമൻകുട്ടി
കെ.പി.ശശിയുടെ പോരാട്ടങ്ങൾ ലോകം എന്നും ഓർക്കും. കൂട്ടമറവികളിൽ നിന്നും വിളിച്ചുണർത്തുന്ന ഓർമ്മപ്പെടലിന്റെ ടാഗുകളായി എത്താൻ സഖാവ് ഇനിയില്ല എന്ന ദുഃഖം മാത്രം ബാക്കിയാകും.
(മുതിർന്ന മാധ്യമ പ്രവർത്തകനും കെ പി ശശിയുടെ സുഹൃത്തുമാണ് ലേഖകൻ)