OPINION

ജനം വോട്ട് ചെയ്തത് കോൺഗ്രസ് പരിവാറിനാണ്, നെഹ്‌റു പരിവാറിനല്ല

ബി ശ്രീജൻ

ജൂൺ 17 രാത്രി ന്യൂഡൽഹിയിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ വയനാട് സീറ്റ് താൻ ഒഴിയുമ്പോൾ സഹോദരി പ്രിയങ്ക ഗാന്ധി വദ്ര മത്സരിക്കണമെന്ന് നിർദേശിച്ചത് പാർട്ടി മുൻ പ്രസിഡന്റും മുഖ്യപ്രചാരകനുമായ രാഹുൽ ഗാന്ധി ആയിരുന്നു. പ്രിയങ്കയുടെയും രാഹുലിന്റെയും അമ്മ, അടുത്തിടെ ലോക് സഭ അംഗത്വം ഉപേക്ഷിച്ച് രാജ്യസഭയിലേക്ക് ചേക്കേറിയ മുതിർന്ന നേതാവ് സോണിയ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ആ നിർണായക തീരുമാനം. 

വോട്ടെണ്ണൽ ദിനത്തിൽ നേടിയ 99 സീറ്റിനൊപ്പം മൂന്ന് സ്വന്തന്ത്രന്മാർ കൂടെ ചേർന്ന് 102 സീറ്റായി കരുത്ത് വർധിപ്പിച്ച ലോക്‌സഭയിലെ മുഖ്യപ്രതിപക്ഷ പാർട്ടിയാണ് ആദ്യ ഉപതിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ജീവാത്മാവും പരമാത്മാവുമായ കുടുംബത്തിലെ, ഇതുവരെ പാർലമെന്റ് അംഗം ആകാത്ത വനിതാ നേതാവിനെ സ്ഥാനാർത്ഥിയായി തീരുമാനിക്കുന്നത്. ഏകാധിപത്യത്തിന്റെ പടുകുഴിയിൽ വീഴാതെ രാജ്യത്തെ ജനാധിപത്യത്തെ താങ്ങി നിർത്താനും വർഗീയ, ഫാസിസ്റ്റ് ശക്തികളിൽനിന്ന് ഭരണഘടനയെ സംരക്ഷിക്കാനും സാധാരണക്കാരായ ഗ്രാമീണരും കർഷകരും തൊഴിലാളികളും ഒത്തുചേർന്നു നടത്തിയ നിശബ്ദ വിപ്ലവത്തിന്റെ ഫലമാണ് കോൺഗ്രസ് നേടിയ 102 സീറ്റും ഇന്ത്യ സഖ്യത്തിന് ലഭിച്ച 237 സീറ്റും. ബിജെപി മുന്നണിക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിച്ചാൽ ഇന്ത്യയുടെ മഹത്തായ ഭരണ ഘടന ഭേദഗതി ചെയ്യാൻ അവർ ശ്രമിച്ചേക്കും എന്ന ആശങ്കയാണ് ഗ്രാമീണരെയും സാധാരണക്കാരെയും ഇന്ത്യ മുന്നണിയിലൂടെ ശക്തമായ പ്രതിരോധം തീർക്കാൻ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങളിലൊന്ന് എന്ന നിഗമനമാണ് വിവിധ പോസ്റ്റ്-പോൾ പഠനങ്ങൾ മുന്നോട്ട് വയ്ക്കുന്നത്. അങ്ങനെയെങ്കിൽ, ആ ജനവിധിയുടെ സത്തയ്ക്ക് ഒട്ടും ചേർന്ന തീരുമാനമല്ല കഴിഞ്ഞ ദിവസം കോൺഗ്രസ് നേതൃത്വം കൈക്കൊണ്ടത്. നെഹ്‌റു കുടുംബത്തിന്റെ സർവാധിപത്യത്തിനു കീഴിലേക്ക് വീണ്ടും നീങ്ങുന്നത് രാജ്യമെമ്പാടും നടന്നു കൊണ്ടിരിക്കുന്ന കോൺഗ്രസിന്റെ പുനരുജ്ജീവന ശ്രമങ്ങളെ പിന്നോട്ടടിക്കുന്ന നീക്കമാണ്. പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ ഉചിതമായ സമയത്ത് താനും പാർലമെന്റിൽ എത്തുമെന്ന് ഭർത്താവ് റോബർട്ട് വദ്ര പ്രഖ്യാപിച്ചതിനെ  ഇതുമായി ചേർത്തുവായിക്കണം. 

ജനവിധിയുടെ സത്തയ്ക്ക് ഒട്ടും ചേർന്ന തീരുമാനമല്ല കഴിഞ്ഞ ദിവസം കോൺഗ്രസ് നേതൃത്വം കൈക്കൊണ്ടത്. നെഹ്‌റു കുടുംബത്തിന്റെ സർവാധിപത്യത്തിനു കീഴിലേക്കു വീണ്ടും നീങ്ങുന്നത് രാജ്യമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന കോൺഗ്രസിന്റെ പുനഃരുജ്ജീവന ശ്രമങ്ങളെ പിന്നോട്ടടിക്കുന്ന നീക്കമാണത്. പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ ഉചിതമായ സമയത്ത് താനും പാർലമെന്റിലെത്തുമെന്ന് ഭർത്താവ് റോബർട്ട് വദ്ര പ്രഖ്യാപിച്ചതിനെ ഇതുമായി ചേർത്തുവായിക്കണം

വിജയത്തിന്റെ രഹസ്യ ചേരുവകൾ  

തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ രാജ്യത്തുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായി പടനയിച്ച നേതാക്കളാണ് രാഹുലും പ്രിയങ്കയുമെന്ന കാര്യത്തിൽ സംശയമില്ല. ഇരുവരെയും താരതമ്യപ്പെടുത്തിയാൽ പ്രിയങ്കയുടെ പ്രചാരണം ഒരുപടി മുന്നിൽ നിൽക്കും. എന്നാൽ ഇവരുടെ നേതൃപാടവമോ പ്രസംഗവൈഭവമോ മാത്രമല്ല കോൺഗ്രസ് നേടിയ മിന്നുംജയത്തിനു പിന്നിൽ. രാപകലില്ലാതെ കഷ്ടപ്പെട്ട മല്ലികാർജുൻ ഖാർഗെ മുതൽ വി ഡി സതീശൻ വരെയുള്ള ഒരു സംഘം നേതാക്കൾക്കു കൂടി അവകാശപ്പെട്ടതാണ് ഈ വിജയം. മാധ്യമശ്രദ്ധ അത്രമാത്രം നേടിയില്ലെങ്കിലും മോദിവിരുദ്ധ അജണ്ടയുമായി അതിശക്തമായ പ്രചാരണം രാജ്യവ്യാപകമായി നയിച്ച നേതാവായിരുന്നു 81 വയസുള്ള മല്ലികാർജുൻ ഖാർഗെ. പ്രിയങ്കയും രാഹുലും കഴിഞ്ഞാൽ ഏറ്റവുമധികം റാലികളിൽ പ്രസംഗിച്ച കോൺഗ്രസ് നേതാവായിരുന്നു രാജസ്ഥാനിലെ സച്ചിൻ പൈലറ്റ്. തെലങ്കാനയിൽ രേവന്ത് റെഡ്ഡിയും കർണാടകയിൽ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഹരിയാനയിൽ ഭൂപീന്ദർ സിങ് ഹൂഡയും മഹാരാഷ്ട്രയിൽ നാനാ പടോളയും ഒക്കെ കോൺഗ്രസ് വിജയത്തിന്റെ ശില്പികളാണ്.

ഇന്ദിര ഗാന്ധി - രാജീവ് ഗാന്ധി യുഗത്തിലെ ശക്തമായ ഏക നേതൃത്വം എന്ന തലത്തിൽനിന്ന് മാറി രാജ്യത്തിന്റെ ഫെഡറൽ ഘടനയോട് ചേർന്നുപോകുന്ന മട്ടിൽ വികേന്ദ്രീകൃത നേതൃത്വരീതി സ്വീകരിച്ചതും പ്രാദേശികതയിൽ ഊന്നിയുള്ള പ്രചാരണത്തിനു മുൻ‌തൂക്കം നൽകിയതുമാണ് കോൺഗ്രസിന്റെ വിജയത്തിന്റെ കാരണങ്ങളായി വിലയിരുത്തപ്പെടുന്ന മറ്റു ഘടകങ്ങൾ. കേരളത്തിൽ വന്ന രാഹുൽ ഗാന്ധി, പിണറായി വിജയൻ ഭരണത്തിനെതിരെ എയ്ത വിമർശനശരങ്ങൾ ഓർക്കുക. ഇടതുമുന്നണിക്ക് അസ്വസ്ഥത ഉളവാക്കിയെങ്കിലും സംസ്ഥാനത്തെ ഭരണവിരുദ്ധവികാരം മുതലെടുക്കാൻ പറ്റിയ തന്ത്രമായിരുന്നു അതെന്ന തിരിച്ചറിവാണ് അത്തരമൊരു നീക്കത്തിലേക്കു കോൺഗ്രസ് നേതൃത്വത്തെ നയിച്ചത്. അതുപോലെ ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ അസമിൽ സി എ എ പിൻവലിക്കുമെന്ന് രാഹുൽ ഗാന്ധി പ്രസംഗിച്ചിരുന്നു. അഗ്നിവീർ പദ്ധതി അവസാനിപ്പിക്കുമെന്ന പ്രചാരണവും കാർഷികമേഖലയിലെ പ്രശ്നങ്ങളുമായിരുന്നു ഹരിയാനയിലെ പ്രധാന വിഷയങ്ങൾ. മഹാരാഷ്ട്രയിലും ബിഹാറിലും സംസ്ഥാന സർക്കാരുകൾക്കെതിരെ ഉണ്ടായിരുന്ന ഭരണവിരുദ്ധവികാരം മുതലെടുക്കാനാണ് പാർട്ടി ശ്രമിച്ചത്. 

ഇന്ത്യപോലെ വൈവിധ്യമാർന്ന, ബഹുസ്വരതയുടെ മൂർത്തീഭാവമായ ഒരു രാജ്യത്ത് ഒരു ദേശീയ പാർട്ടി പ്രവർത്തിക്കേണ്ട രീതി എന്താണെന്ന് പുനർനിർവചിക്കുകയായിരുന്നു കോൺഗ്രസ് ഈ തിരഞ്ഞെടുപ്പിൽ ചെയ്തത്. കഴിഞ്ഞ രണ്ടു പൊതുതിരഞ്ഞെടുപ്പുകളിലും തകർന്നടിഞ്ഞുപോയ പാർട്ടിക്ക് പുനഃരുജ്ജീവന മന്ത്രമായി കാണാൻ കഴിയുന്ന തന്ത്രമായിരുന്നു ഇത്. രാജ്യത്തിൻറെ തെക്കുനിന്ന് വടക്കോട്ട് കാൽനടയായി രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയും കിഴക്കുനിന്ന് പടിഞ്ഞാറേക്ക് നടത്തിയ ഭാരത് ജോഡോ ന്യായ് യാത്രയും പാർട്ടിക്കും രാഹുലിനും പകർന്നുനൽകിയ ഉൾക്കാഴ്ചകൾ ഇത്തരമൊരു തിരഞ്ഞെടുപ്പ് തന്ത്രത്തിനു വിത്തിട്ട ഘടകങ്ങളാണ്. 

രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ

വോട്ടർമാരുടെ മനസറിയാത്ത തീരുമാനം 

അതുകൊണ്ടു തന്നെയാണ് ഇന്ത്യയെ വീണ്ടും കണ്ടെത്താനിറങ്ങിയ നേതാവ്, ഇന്ത്യയുടെ സമൃദ്ധവും വിവിധവുമായ പരമ്പരാഗത സമ്പത്തുകൾ കണ്ടറിഞ്ഞ നേതാവ്, ജനാധിപത്യ മൂല്യങ്ങളുടെ മാറ്റുരച്ചറിഞ്ഞ നേതാവ്, പാർട്ടിയുടെ പാർലമെന്ററി ഓഹരിക്ക് തനിക്കും അമ്മയ്ക്കും ഒപ്പം സഹോദരിക്കും അർഹതയുണ്ടെന്നു ചിന്തിക്കുന്നതിൽ വലിയ അസ്വാഭാവികത തോന്നുന്നത്. ജോഡോ യാത്രയിലൂടെ ഊതിക്കാച്ചിയെടുത്ത നേതാവായിരുന്നു ശരിക്കും രാഹുൽ ഗാന്ധിയെങ്കിൽ പ്രിയങ്കയുടെ പേര് കെ സി വേണുഗോപാൽ നിർദേശിക്കുന്ന മാത്രയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ ഒരേ സമയം പാർലമെന്റിൽ വേണ്ടെന്നും കേരളത്തിൽ നിന്നുള അർഹയായ ഒരു വനിതാ സ്ഥാനാർത്ഥിയെ അവിടെ മത്സരിപ്പിക്കണമെന്നും (അങ്ങനെ ഒരു വനിതാ എം പി പോലുമില്ലാത്ത സംസ്ഥാനം എന്ന ദുഷ്‌പേര് തിരുത്താനും) നിർദേശിച്ചേനെ. നിർഭാഗ്യവശാൽ അതുണ്ടായില്ലെന്നു മാത്രമല്ല പ്രിയങ്കയുടെ പേര് നിർദേശിക്കുന്ന തരത്തിലേക്ക് ‘കേവല സഹോദരൻ’ ആയും ‘സൽപുത്രൻ’ ആയും രാഹുൽ ഗാന്ധി മാറിയ കാഴ്ചയാണ് അവിടെ കണ്ടത്. ഈ മട്ടിലാണ് പോക്കെങ്കിൽ അൻപതോ എഴുപതോ സീറ്റ് കൂടി ലഭിക്കുന്ന നില വന്നാൽ റോബർട്ട് വദ്രയും കോൺഗ്രസ് നേതാവായി രാജ്യസഭയിൽ ഇടം പിടിക്കും. രാഹുൽ ഗാന്ധി തന്നെ വദ്രയുടെ പേര് നിർദേശിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. കെ മുരളീധരനെ കോഴിക്കോട് ആദ്യമായി സ്ഥാനാർത്ഥിയായി തീരുമാനിക്കുമ്പോൾ യോഗത്തിൽനിന്ന് ഇറങ്ങി മൂത്രമൊഴിക്കാൻ പോയിരുന്നു പിതാവ് കെ കരുണാകരൻ. അത്രപോലും മറയില്ലാതെ കുടുംബങ്ങൾക്കു പദവികൾ വീതിച്ചുകൊടുക്കുന്ന തലത്തിലേക്ക് നേതൃത്വം ചുരുങ്ങുന്നത് നേരത്തെ പറഞ്ഞ നിലയിലുള്ള പാർട്ടിയായി വളരുന്നതിൽ കോൺഗ്രസിനു തടസമാകും.  

തന്റെ ഹൃദയത്തിലുള്ള മണ്ഡലത്തെ സംരക്ഷിക്കാൻ സഹോദരിയെ ഏല്പിക്കുന്നതൊക്കെ ടെലിവിഷൻ സീരിയലുകളിൽ വിജയിക്കുന്ന ഫോർമുലയാണ്; രാഷ്ട്രീയത്തിൽ അല്ല. ഈ തിരഞ്ഞെടുപ്പിലെ സങ്കീർണമായ ജനവിധിയെ നിർധാരണം ചെയ്യുന്നതിൽ പാർട്ടി നേതൃത്വത്തിനു പിഴവ് പറ്റാമെന്ന കൃത്യമായ സൂചനയും ഈ തീരുമാനം നൽകുന്നുണ്ട്

രാഷ്ട്രീയത്തിൽ ഇറങ്ങിയ കാലം മുതൽ രാഹുൽ ഗാന്ധിയെ തളർത്തിയിരുന്ന ഘടകം നിർണായകഘട്ടങ്ങളിൽ തീരുമാനങ്ങളെടുക്കാനുള്ള കഴിവില്ലായ്മയാണ്. പല സംസ്ഥാനങ്ങളിലും പാർട്ടിയുടെ തകർച്ചയ്ക്കു വഴിതെളിച്ച അനിശ്ചിതത്വം പ്രസിഡന്റായിരുന്ന കാലത്ത് രാഹുൽ കൈക്കൊണ്ട തീരുമാനങ്ങളിലുണ്ടായിരുന്നു. ആ പ്രശ്നത്തിൽനിന്ന് അദ്ദേഹം ഇപ്പോഴും കരകയറിയിട്ടില്ലെന്നതാണ് കുഴക്കുന്ന വയനാട് സമസ്യക്ക് കണ്ടെത്തിയ ലളിതമായ പരിഹാരത്തിൽനിന്ന് വ്യക്തമാകുന്നത്. തന്റെ ഹൃദയത്തിലുള്ള മണ്ഡലത്തെ സംരക്ഷിക്കാൻ സഹോദരിയെ ഏല്പിക്കുന്നതൊക്കെ ടെലിവിഷൻ സീരിയലുകളിൽ വിജയിക്കുന്ന ഫോർമുലയാണ്; രാഷ്ട്രീയത്തിൽ അല്ല. ഈ തിരഞ്ഞെടുപ്പിലെ സങ്കീർണമായ ജനവിധിയെ നിർധാരണം ചെയ്യുന്നതിൽ പാർട്ടി നേതൃത്വത്തിനു പിഴവ് പറ്റാമെന്ന കൃത്യമായ സൂചനയും ഈ തീരുമാനം നൽകുന്നുണ്ട്. 

ആഴത്തിലുള്ള ഇത്തരം ഘടകങ്ങൾ മാറ്റിവെച്ചു ചിന്തിച്ചാൽ പോലും പ്രിയങ്കയുടെ വരവിനോട് ബിജെപി പ്രതികരിച്ച വിധം കോൺഗ്രസിനെ ആശങ്കപ്പെടുത്തേണ്ടതായിരുന്നു. വദ്ര പറയും മുൻപ് തന്നെ വദ്രയുടെ ‘നിയമസഭാ പ്രവേശനം’ പാലക്കാട് ഉപതിരഞ്ഞെടുപ്പ് വഴിയാകുമെന്ന് ബിജെപി കേരള അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രവചിച്ചു. അമിത് മാളവ്യയാകട്ടെ പ്രിയങ്കയെ ഉത്തർപ്രദേശിൽ മത്സരിക്കാൻ വെല്ലുവിളിച്ചു. കുടുംബാധിപത്യ പാർട്ടിയാണ് കോൺഗ്രസെന്നും ഒരു കുടുംബം ഇന്ത്യയെ കൊള്ളയടിക്കുകയായിരുന്നു ഇക്കാലമത്രയും എന്നതും മോദിയും സംഘവും 2014-ലെ തിരഞ്ഞെടുപ്പിൽ പയറ്റി വിജയിച്ച തന്ത്രമായിരുന്നു. വീണ്ടുമൊരു അവസരം കിട്ടിയാൽ ആ ആരോപണം രാകിമിനുക്കി പ്രതിപക്ഷത്തിനുനേരെ തൊടുക്കാൻ മടിക്കുന്ന ആളല്ല മോദി.  

പ്രിയങ്കയും രാഹുലും

പ്രിയങ്ക പാർട്ടിയെ നയിക്കട്ടെ 

ഈ വാദങ്ങളുടെയൊന്നും അർഥം പ്രിയങ്ക ഗാന്ധി രാഷ്ട്രീയ വനവാസത്തിനു പോകണമെന്നല്ല. ഇപ്പോൾ ലഭിച്ച വിജയത്തിൽനിന്ന് ആയംകൊണ്ട് കോൺഗ്രസിന്റെ ബഹുജനാടിത്തറ വളർത്തുകയാണ് പ്രഥമമായ ലക്ഷ്യമായി കോൺഗ്രസ് കാണേണ്ടത്. ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന്റെയും ബിഹാറിൽ തേജസ്വി യാദവിന്റെയും മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെയും തമിഴ്‌നാട്ടിൽ എം കെ സ്റ്റാലിന്റെയും തോളിലേറി നേടിയ സീറ്റുകൾ മാറ്റിനിർത്തിയാൽ കോൺഗ്രസിന്റെ വളർച്ച അത്ര ശുഭോദർക്കമൊന്നുമല്ല. വരും മാസങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ള ഹരിയാന, മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഡൽഹി സംസ്ഥാനങ്ങളിൽ പാർട്ടിയുടെ അടിത്തറ വിപുലപ്പെടുത്തുകയും ഭരണം പിടിച്ചെടുക്കുകയുമാവണം മുൻഗണന. അതിനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത്, സംസ്ഥാന ഘടകങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ കഴിയുന്ന നേതാവാണ് പ്രിയങ്ക. ഉത്തർപ്രദേശിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആഴത്തിലുള്ള പ്രവർത്തനം പ്രിയങ്ക കാഴ്ചവെച്ചിരുന്നു. അന്ന് അത് ഫലവത്തായില്ലെങ്കിലും ആ അടിത്തറയിൽ നിർമിച്ചെടുത്തത് തന്നെയാണ് അവിടെ കോൺഗ്രസിനുണ്ടായ ഇപ്പോഴത്തെ വിജയം. ബിഹാറിലും പാർട്ടിക്ക് ചെറിയൊരു ഉണർവ് ഉണ്ടായിട്ടുണ്ട്. അവിടങ്ങളിലൊക്കെ താഴെ തട്ട് മുതൽ സംഘടന കെട്ടിപ്പടുക്കുകയെന്നത് ഭഗീരഥ പ്രയത്നമാണ്. പാർലമെന്ററി പ്രവർത്തനം മാറ്റിനിർത്തി ഈ വെല്ലുവിളികൾ ഏറ്റെടുക്കുകയാണ് പ്രിയങ്ക ഗാന്ധി ഇപ്പോൾ ചെയ്യേണ്ടത്. 

ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായി പൊരുതുന്ന രാഹുൽ ഗാന്ധി, സഹോദരന്റെ പോരാട്ടങ്ങൾക്കു കരുത്തായി പാർട്ടിയുടെ അടിത്തറ അരക്കിട്ടുറപ്പിക്കുന്ന പ്രിയങ്ക ഗാന്ധി; കോൺഗ്രസിന് കൂടുതൽ കരുത്തുനൽകുന്ന കോംബോ അതായിരിക്കും.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്