OPINION

എന്‍ഡിടിവിയുമായ് ഇഴ ചേര്‍ന്ന എന്റെ മാധ്യമ ജീവിതം- രക്ഷാ കുമാർ

ആദ്യമായി ജോലി ചെയ്ത സ്ഥാപനം എന്നതിലുപരി എന്‍ഡിടിവി എനിക്ക് ഏറെ പ്രിയമുള്ള ഇടമാണ്. ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ എനിക്ക് ലക്ഷ്യബോധം നല്കിയതിനാലാണത്

രക്ഷാ കുമാർ

കഴിഞ്ഞ ഓഗസ്റ്റില്‍ എന്‍ഡിടിവിയുടെ ന്യൂനപക്ഷ ഓഹരികള്‍ അദാനി ഏറ്റെടുത്തതിനെക്കുറിച്ചും കമ്പനി ഏറ്റെടുക്കാനുള്ള ഓഫര്‍ മുന്നോട്ട് വച്ചതിനെക്കുറിച്ചും അറിയാമായിരുന്ന ആര്‍ക്കും, ഈ ദിവസം വരുമെന്നും അറിയുമായിരുന്നിരിക്കണം. എന്നാല്‍ മരണം പോലെ തന്നെ ആ ദിവസം വന്നെത്തുന്നതുവരെയും നമ്മളെല്ലാം നിഷേധാത്മക മനോഭാവത്തിലായിരുന്നു.

എന്‍ഡിടിവിയില്‍ നിന്നുള്ള പ്രണോയ് റോയിയുടെയും രാധികാ റോയിയുടെയും രാജി രണ്ട് കാര്യങ്ങളാണ് നമ്മെ പഠിപ്പിക്കുന്നത്. ഒന്ന്, സമകാലീന കാലത്ത് ഒരു മാധ്യമ സ്ഥാപനം നടത്തുകയെന്നത് പ്രയാസമാണ്, പ്രത്യേകിച്ച് ഇന്ത്യയില്‍ അത് നരകതുല്യമാണ്. രണ്ട്, ധനപരമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ എല്ലാ കാലവും സാമ്പത്തിക വളര്‍ച്ച തുടര്‍ന്നു കൊണ്ടിരിക്കുമെന്ന നിഗമനം പാടില്ല. ജാഗ്രതാ പൂര്‍ണമായ സമീപനമാണ് അഭികാമ്യം.

മൂന്ന് പതിറ്റാണ്ടോളം ഈ സ്ഥാപനം ഇന്ത്യന്‍ ജനാധിപത്യത്തില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്

നിങ്ങളുടെ വീക്ഷണത്തില്‍ എന്‍ഡിടിവി എന്തുതന്നെയായാലും, മൂന്ന് പതിറ്റാണ്ടോളം ഈ സ്ഥാപനം ഇന്ത്യന്‍ ജനാധിപത്യത്തില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. തൊണ്ണൂറുകളിലെ ഭൂരിഭാഗം കുട്ടികളെയും പോലെ എന്നെയും ടിവി ജേർണലിസത്തിലേക്ക് അടുപ്പിച്ചതും പരിചയപ്പെടുത്തിയതും എന്‍ഡിടിവിയിലെ റിപ്പോര്‍ട്ടര്‍മാര്‍ ആയിരുന്നു. അവരില്‍ പലരും പിന്നീട് എന്റെ സഹപ്രവര്‍ത്തകരായി. നിങ്ങള്‍ ആ തലമുറയിലെ ഇംഗ്ലീഷ് അല്ലെങ്കില്‍ ഹിന്ദി മാധ്യമപ്രവര്‍ത്തകന്‍ ആണെങ്കില്‍, നിങ്ങളും ഒരുപക്ഷേ എന്‍ഡിടിവിയുടെ ഇടനാഴികളിലൂടെ നടന്നിരിക്കാം. അവരില്‍ പലരും പിന്നീട് മറ്റ് സ്ഥാപനങ്ങളുടെ സംരംഭകരായി മാറി. രജ്ദീപ് സര്‍ദേശായിയും അര്‍ണബ് ഗോസ്വാമിയുമൊക്ക ഈ പട്ടികയില്‍ പെടും.

എന്‍ഡിടിവിയില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ അവർ ഓരോരുത്തരും അവരുടെ വാര്‍ത്താ മാധ്യമങ്ങളില്‍ തുടര്‍ന്നിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. രജ്ദീപ് സര്‍ദേശായിയുടെ സിഎന്‍എന്‍-ഐബിഎന്‍ല്‍ ഞാന്‍ ഇന്റേണ്‍ഷിപ് ചെയ്തിരുന്നു. അന്ന് അവിടെ രണ്ട് നയങ്ങളാണ് ഉണ്ടായിരുന്നത്; ഒന്നുകില്‍ എന്‍ഡിടിവിയുടെ വാര്‍ത്താരീതി പിന്തുടരുക, അല്ലെങ്കില്‍ ആ രീതി ഒഴിവാക്കുക. രണ്ടില്‍ ഏതായാലും എന്‍ഡിടിവിയുടെ സ്വാധീനം ഓഫീസ് മതില്‍ക്കെട്ടിന് പുറത്തേക്ക് വ്യാപിച്ചിരുന്നു.

ഞാന്‍ അവിടെ നിന്ന് ഇറങ്ങുന്നത് വരെയെങ്കിലും, മാധ്യമ പ്രവര്‍ത്തനം ഒരു സാമൂഹ്യ സേവനമായാണ് കണ്ടിരുന്നത്

എന്‍ഡിടിവിയുടെ ആസ്ഥാനത്ത് വരേണ്യരും ജാത്യാഭിമാനികളുമായ നിരവധി ആളുകളെ അന്നൊക്കെ നിയമിച്ചിരുന്നു. അത്തരം ഓരോ വ്യക്തിയോടൊപ്പവും അത്ര പ്രബലമല്ലാത്ത പാര്‍ശ്വവല്‍കൃത പശ്ചാത്തലങ്ങളില്‍ നിന്നുവന്ന മൂന്ന് പേര്‍ വീതം ഉണ്ടായിരുന്നു. അവിടെ എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടായിരുന്നു. ചര്‍ച്ചകളും വാദപ്രതിവാദങ്ങളും പ്രോത്സാഹിപ്പിച്ചിരുന്നു. ഞാന്‍ അവിടെ നിന്ന് ഇറങ്ങുന്നത് വരെയെങ്കിലും, മാധ്യമ പ്രവര്‍ത്തനം ഒരു സാമൂഹ്യ സേവനമായാണ് കണ്ടിരുന്നത്. ഓരോ വാര്‍ത്തയിലും നല്‍കുന്ന അടിക്കുറിപ്പുകള്‍ക്ക് പോലും ചര്‍ച്ചകളുണ്ടാകും. ഓരോ വാര്‍ത്തയും ഏത് വിഭാഗത്തിനാണ് പ്രയോജനമാകുക എന്ന ബോധമായിരുന്നു അത്തരം ചര്‍ച്ചകളുടെ അടിസ്ഥാനം. അങ്ങനെയാണ് ന്യൂസ് റൂമുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. അവിടെ വിയോജിപ്പുകള്‍ ഒരിക്കലും വ്യക്തിപരമായിരുന്നില്ല.

ഇന്ത്യന്‍ ജനാധിപത്യ പാഠങ്ങള്‍ കവിത തുളുമ്പുന്ന ചെറിയ വാക്കുകളില്‍ അദ്ദേഹം പറഞ്ഞുതരുമായിരുന്നു

ഞാന്‍ ജോലി ചെയ്തിരുന്നത് ഒരു തുറന്ന ഓഫീസിലായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ഡസ്‌കുകള്‍ ഒരേ നിലയിലായിരുന്നു. അവരുടെ ചര്‍ച്ചകള്‍ ഞങ്ങള്‍ക്കും ഞങ്ങളുടേത് അവര്‍ക്കും കേള്‍ക്കാം. അവിടെ ഇംഗ്ലീഷ്, ഹിന്ദി അന്തരം അങ്ങനെ കുറഞ്ഞ് വരുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. രവിഷ് കുമാറിനൊപ്പം ടീ വെന്‍ഡിങ് മെഷിന്‍ വരെയുള്ള ചായകുടിക്കാനുള്ള നടത്തം പോലും നല്ലൊരു പുസ്തകം വായിക്കുന്നതുപോലെ ആയിരുന്നു. ഇന്ത്യന്‍ ജനാധിപത്യ പാഠങ്ങള്‍ കവിത തുളുമ്പുന്ന ചെറിയ വാക്കുകളില്‍ അദ്ദേഹം പറഞ്ഞുതരുമായിരുന്നു. ജോലിക്കിടയില്‍ തന്നെ ഞങ്ങള്‍ പഠനവും തുടര്‍ന്നത് അങ്ങനെയൊക്കെയാണ്.

ഞാന്‍ എന്‍ഡിടിവിയില്‍ നിന്ന് രാജിവച്ചപ്പോള്‍ ഡോ. പ്രണോയ് റോയിക്ക് ഒരു ഇ-മെയില്‍ അയച്ചു. അദ്ദേഹത്തിന് എന്നെ അറിയില്ലായിരുന്നിരിക്കും, എങ്കിലും എനിക്ക് അത് എഴുതണമെന്ന് തോന്നി. ''ഞാന്‍ താങ്കളെ ആദ്യമായി ടിവിയില്‍ കാണുമ്പോള്‍, എനിക്ക് അഞ്ച് വയസാണ്. വാര്‍ത്തകളുടെ ലോകത്തേക്ക് എന്നെ നയിച്ചതിന് നന്ദി. ടിവി മാധ്യമപ്രവര്‍ത്തനം മികച്ച രീതിയില്‍ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്,'' ഞാന്‍ അന്നെഴുതി. നിര്‍ഭാഗ്യവശാല്‍ ടിവി മാധ്യമങ്ങള്‍ നാശത്തിന്റെ വക്കിലാണ്. അവയെ നമുക്ക് സംരക്ഷിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍...

ആദ്യമായി ജോലി ചെയ്ത സ്ഥാപനം എന്നതിലുപരി എന്‍ഡിടിവി എനിക്ക് ഏറെ പ്രിയമുള്ള ഇടമാണ്. അത് പഠിത്തം കഴിഞ്ഞുള്ള എന്റെ ആദ്യ ജോലി ആയതുകൊണ്ടോ, മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് ഓഫറുകള്‍ വന്നിട്ടും സ്വീകരിക്കാത്തത് കൊണ്ടോ, ഒരുകൂട്ടം ആജീവനാന്ത സുഹൃത്തുക്കളെ സമ്പാദിക്കാന്‍ കഴിഞ്ഞതു കൊണ്ടോ അല്ല. മറിച്ച്, ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍, എനിക്ക് ലക്ഷ്യബോധം നല്കിയതിനാലാണ്. തുടര്‍ച്ചയായി മൂന്ന് വര്‍ഷം എല്ലാ ദിവസവും ഞാന്‍ പുലര്‍ച്ചെ നാല് മണിക്ക് ഓഫീസില്‍ എത്തിയിരുന്നത് അന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന വാര്‍ത്തകളെ പറ്റി രണ്ടുകോടി ജനങ്ങളോട് സംസാരിക്കാനായിരുന്നു.

ഇന്ന് അത്തരത്തില്‍ ഒരു ലക്ഷ്യബോധമാണ് ഞാന്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഞാന്‍ കണ്ട എന്‍ഡിടിവി ഇനിയില്ലെന്ന് അംഗീകരിക്കാന്‍ അത്രയും ബുദ്ധിമുട്ടാണ്. എങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാന്‍ ധൈര്യമുള്ള ഒരു പുതിയ സ്ഥാപനം ഇനിയും കെട്ടിപ്പടുക്കും എന്ന ശുഭ പ്രതീക്ഷ ഇപ്പോഴുമുണ്ട്.

(എന്‍ഡിടിവിയില്‍ ജേർണലിസ്റ്റ് ആയിരുന്ന ലേഖിക ഇപ്പോള്‍ പ്രമുഖ രാജ്യാന്തര മാധ്യമങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു)

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം