OPINION

വോട്ടും വില്പനച്ചരക്കാക്കുന്ന കുതിരക്കച്ചവടക്കാരുടെ ഇന്ത്യ

റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനം പ്രൗഢ ഗംഭീരമായ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കുമ്പോള്‍ നമ്മുടെ ഭരണഘടനാ ശില്‍പികള്‍ വിഭാവന ചെയ്ത ആ സമത്വ സുന്ദര റിപ്പബ്ലിക് എവിടെയാണ്?

രവിശങ്കര്‍ ആര്‍ എസ്

രാജ്യം 74 -ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഉത്സാഹപൂര്‍വ്വം നടത്തുമ്പോള്‍, യഥാര്‍ത്ഥ റിപ്പബ്ലിക് എവിടെയാണെന്ന് തിരയേണ്ട സാഹചര്യമാണ് ഇന്നുള്ളത്. നൂറ്റാണ്ടുകളുടെ അടിമത്തത്തിന്റെയും അസമത്വത്തിന്റെയും ബന്ധനങ്ങളുടെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ അനന്തവിഹായസ്സിലേക്ക് പറന്നുയരുമ്പോള്‍, നാം തന്നെ നമ്മെ ഭരിക്കുന്ന ഒരു സംവിധാനത്തിന്റെ അടിസ്ഥാന ശിലാഫലകം കൂടിയാണ് സ്ഥാപിച്ചത്. ഇന്ത്യയിലെ ജനങ്ങളായ നമ്മള്‍, സ്വയം സംവിധാനം ചെയ്യുകയും സ്വയം സമര്‍പ്പിക്കുകയും ചെയ്ത സുശക്തമായ ഒരു ഭരണഘടനയാണ് നമുക്കുള്ളത്.

ഇന്ത്യ സ്വതന്ത്രയായി രണ്ടു വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഭരണഘടനാ ശില്പി ഡോ. ബി ആര്‍ അംബേദ്ക്കറുടെ നേതൃത്വത്തിലുള്ള കരട് കമ്മിറ്റി തയാറാക്കിയ ഭരണഘടന നിലവില്‍ വന്നതിന്റെ ഓര്‍മയ്ക്കായാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. 1930 ജനുവരി 26ന് ഇന്ത്യയുടെ പൂര്‍ണ സ്വാതന്ത്ര്യം ലക്ഷ്യമിട്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൂര്‍ണ സ്വരാജ് പ്രമേയം പ്രഖ്യാപിച്ച ദിവസം തന്നെയാണ് പിന്നീട് റിപ്പബ്ലിക് ദിനമായി അംഗീകരിക്കപ്പെട്ടത്.

ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനം പ്രൗഢ ഗംഭീരമായ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കുമ്പോള്‍ ഓരോ ഭാരതീയനെയും ആശങ്കയിലാഴ്ത്തുന്ന ഒരു ചോദ്യം ഉയര്‍ന്നുവരുന്നുണ്ട്. നമ്മുടെ ഭരണഘടനാ ശില്‍പികള്‍ വിഭാവന ചെയ്ത ആ സമത്വ സുന്ദര റിപ്പബ്ലിക് എവിടെയാണ്?

ഡേര്‍ട്ടി പൊളിറ്റിക്‌സിന്റെയും സ്യൂഡോ എത്തിക്‌സിന്റെയും കപടനാടകങ്ങളില്‍ ഗതികിട്ടാതെ അലയുന്ന പ്രേതങ്ങളായി പൊതുജനം മാറിയിട്ട് പതിറ്റാണ്ടുകളായി. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ യാന്ത്രികമായി വോട്ടു ചെയ്തു നിര്‍ഗുണ നിരാകാര പരബ്രഹ്‌മമായി മടങ്ങുന്ന മുതിര്‍ന്ന തലമുറ മുതല്‍ രാഷ്ട്രീയത്തില്‍ ഒരു താല്പര്യവുമില്ലാത്ത, ലഹരിയുടെ മാസ്മരികലോകത്ത് അഭിരമിക്കുന്ന അലസത ആദര്‍ശമാക്കിയ ഇളമുറക്കാര്‍ വരെ അനുഭവിക്കുന്ന ഒരു മുരടിപ്പ് ജനാധിപത്യം കാല്പനികമായ ചില ജല്പനങ്ങള്‍ മാത്രമായിരുന്നോ എന്ന ചോദ്യമുയര്‍ത്തുന്നു.

ഒരു സംഘം എംഎല്‍എമാരുമായി ഗുവാഹത്തിയിലെ ഹോട്ടലിലേക്ക് രായ്ക്ക് രാമാനം വിമാനം കയറിയ ഏക്നാഥ് ഷിന്‍ഡെ ഇന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയാണ്.

ഇതിന്റെ സാക്ഷ്യപത്രമായി സമീപകാലത്ത് ഉയര്‍ന്നുവന്ന മലീമസമായ ഒരു രാഷ്ട്രീയ വൈകല്യമാണ് റിസോര്‍ട്ട് രാഷ്ട്രീയം. ഒരു സംഘം എംഎല്‍എമാരുമായി ഗുവാഹത്തിയിലെ ഹോട്ടലിലേക്ക് രായ്ക്ക് രാമാനം വിമാനം കയറിയ ഏക്നാഥ് ഷിന്‍ഡെ ഇന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയാണ്.

കോടികള്‍ വിലയുള്ള കള്ളക്കടത്ത് ഉല്പന്നങ്ങളായി, ലേലത്തിനും വില്പനയ്ക്കും വയ്ക്കാവുന്ന വ്യാപാര ചരക്കുകളായി ജനപ്രതിനിധികള്‍ അധഃപതിച്ചിരിക്കുന്നു. മഹാവികാസ് അഖാഡി സഖ്യത്തിന് മറാഠികള്‍ നല്‍കിയ മാന്‍ഡേറ്റ് പണക്കൊഴുപ്പിന് മുന്നില്‍ ഒലിച്ചുപോയത് നിരാശയോടെ നോക്കി നില്‍ക്കാന്‍ മാത്രമേ ഉദ്ധവ് താക്കറെയ്ക്ക് കഴിഞ്ഞുള്ളു. ഇന്ത്യയില്‍ കൂറുമാറ്റ നിരോധന നിയമം പ്രാബല്യത്തിലായിട്ട് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ഈ പ്രതിഭാസം പലരൂപത്തില്‍ പുനഃരവതരിക്കുന്നത് അത്ഭുതാവഹം തന്നെയാണ്.

1982ലാണ് ആദ്യമായി ഇന്ത്യയില്‍ റിസോര്‍ട്ട് രാഷ്ട്രീയം അരങ്ങേറുന്നത്. ഹരിയാനയില്‍ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍- ബിജെപി സഖ്യം 90 അംഗ നിയമസഭയില്‍ 37 സീറ്റുകള്‍ നേടി. കോണ്‍ഗ്രസ്സാകട്ടെ 36 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഗവര്‍ണര്‍ ജി ഡി തപസേ കോണ്‍ഗ്രസ് പാര്‍ട്ടിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചു. അന്ന് രാത്രി 38 എംഎല്‍എമാരുമായി മുങ്ങിയ ഐഎന്‍എല്‍ഡി നേതാവ് ദേവിലാല്‍ പൊങ്ങിയത് ഡല്‍ഹിയിലെ ഒരു ഹോട്ടലിലാണ്. ഒരു ജലവിതരണക്കുഴലിലൂടെ പുറത്തുകടന്ന എംഎല്‍എയാണ് ഡേര്‍ട്ടി പൊളിറ്റിക്‌സിന്റെ ഈ എപ്പിസോഡിലെ താരം. എന്തായാലും ദേവിലാലിന്റെ ആ ചരിത്ര ദൗത്യം വന്‍ പരാജയമായി. വിലപേശലിനൊടുവില്‍ ചാടിപ്പോയ എംഎല്‍എ ദേവിലാലിന് വലിയ തലവേദനയായി.

തൊട്ടടുത്തവര്‍ഷം, ഇങ്ങ് തെക്ക് കര്‍ണാടകയില്‍ രാമകൃഷ്ണ ഹെഡ്ഗെയുടെ നേതൃത്വത്തിലുള്ള ജനതാപാര്‍ട്ടി ഗവണ്‍മെന്റ് ഇന്ത്യന്‍ പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയില്‍ നിന്ന് അട്ടിമറി നീക്കം മണത്തറിഞ്ഞു. കോണ്‍ഗ്രസ് വില്ലന്മാരില്‍ നിന്ന് രക്ഷനേടാന്‍ 80 ഓളം എംഎല്‍എമാരാണ് അന്ന് ബംഗളൂരിലെ ഒരു റിസോര്‍ട്ടില്‍ അഭയം തേടിയത്. എന്തായാലും ഹെഡ്ഗെയ്ക്ക് സഭയില്‍ തന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞു.

2019ല്‍ കര്‍ണാടകയില്‍ ചരിത്രം ആവര്‍ത്തിച്ചു. കോണ്‍ഗ്രസിലെ പതിമൂന്നും ജനതാദളി(എസ്)ലെ മൂന്നും എംഎല്‍എമാര്‍ രാജിവച്ചതോടെ എല്ലാ പാര്‍ട്ടികളും എംഎല്‍എമാര്‍ക്ക് വേണ്ടി മത്സരിച്ച് മുറികള്‍ ബുക്ക് ചെയ്തു. പ്രതിപക്ഷ കക്ഷികളെ ഭരണത്തിലേറ്റിയ രാഷ്ട്രീയ അന്തര്‍ധാരയ്ക്കൊടുവില്‍ ബിജെപി കര്‍ണാടകയില്‍ അധികാരമേറ്റു.

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അമേരിക്കയിലേക്ക് പോയ എന്‍ ടി രാമറാവു 1984ല്‍ ആന്ധ്രാ പ്രദേശിലെ തന്റെ മുഖ്യമന്ത്രി സ്ഥാനം നടേങ്‌ല ഭാസ്‌കര്‍ റാവുവിനെ ഏല്‍പ്പിച്ചു. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത അതിദ്രുതം വളര്‍ന്നപ്പോള്‍, എന്‍ടിആര്‍ തന്റെ അനുയായികളായ എംഎല്‍എമാരെ ബംഗളൂരിലെ ഒരു റിസോര്‍ട്ടിലേക്ക് മാറ്റി. പിന്നീട് അവരെ ഡല്‍ഹിയിലെത്തിച്ചു. രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് എംഎല്‍എമാര്‍ നാടുകണ്ടത്. 1995ല്‍ അതെ എന്‍ടിആറിന്റെ മരുമകന്‍ ചന്ദ്രബാബു നായിഡു ഒരു അപ്രതീക്ഷിത അട്ടിമറിയിലൂടെ ഏതാനും എംഎല്‍എമാരോടൊപ്പം ഹൈദരാബാദിലെ ഒരു ആഡംബര ഹോട്ടലിലേക്ക് ചേക്കേറുകയും പിന്നീട് ആന്ധ്രാ പ്രദേശിലെ മുഖ്യമന്ത്രിയാവുകയുമാണ് ഉണ്ടായത്. എന്‍ടിആര്‍ പിന്നീട് അധികാരത്തിലേക്ക് മടങ്ങിവന്നതേയില്ല.

1995ല്‍ ഗുജറാത്തിലെ കുതിരക്കച്ചവടം സങ്കര്‍സിംഗ് വഗേലയുടെ വകയായിരുന്നു. 47 എംഎല്‍എമാരോടൊപ്പം മധ്യപ്രദേശിലെ ഖജുരാഹോയിലെ ഹോട്ടലില്‍ തമ്പടിച്ച് അന്നത്തെ മുഖ്യമന്ത്രി യേശുഭായ് പട്ടേലിനോട് വിലപേശിയ വഗേല, താന്‍ രൂപീകരിച്ച രാഷ്ട്രീയ ജനതാപാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ച് രണ്ടുവര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രിയായി.

ഉത്തര്‍പ്രദേശില്‍ 1998ല്‍ കല്യാണ്‍ സിങ് നേതൃത്വം നല്‍കിയ ബിജെപി ഗവണ്‍മെന്റിനെ ഗവര്‍ണര്‍ പിരിച്ചുവിട്ടപ്പോള്‍, ജഗദംബികാ പാലിന്റെ സമയം തെളിഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാരുടെ സ്വഭാവദൂഷ്യം അറിയാമായിരുന്ന ജഗദംബികാ പാല്‍, എംഎല്‍എമാരെ 'നാടുകടത്തി'. സഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ട ദിവസമാണ് അവര്‍ മടങ്ങിയെത്തിയത്. അങ്ങനെ ജഗദംബികാ പാല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

2002ല്‍ കുതിരക്കച്ചവടം തടയാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് 71 എംഎല്‍എമാരെ മൈസൂരിലേക്കാണ് കടത്തിക്കൊണ്ട് പോയത്

ബിഹാറില്‍, 2000ല്‍ അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്- ആര്‍ജെഡി സഖ്യം പ്രതിസന്ധിയിലായപ്പോള്‍ ജെഡിയു നേതാവ് നിതീഷ് കുമാറിന് ഗവണ്‍മെന്റുണ്ടാക്കാന്‍ ക്ഷണം ലഭിച്ചു. പട്‌നയിലെ ഒരു ഹോട്ടലിലേക്കായിരുന്നു അന്ന് കോണ്‍ഗ്രസ് ആര്‍ജെഡി എംഎല്‍എമാര്‍ പലായനം ചെയ്തത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാറിന് ഒരാഴ്ചക്കാലം മാത്രമേ ആ സ്ഥാനത്ത് തുടരാന്‍ കഴിഞ്ഞുള്ളു.

2002ല്‍ കുതിരക്കച്ചവടം തടയാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് 71 എംഎല്‍എമാരെ മൈസൂരിലേക്കാണ് കടത്തിക്കൊണ്ട് പോയത്. അന്ന് മഹാരാഷ്ട്രയില്‍ ഈ നാടകത്തിന്റെ സംവിധാനം ബിജെപി- ശിവസേന സഖ്യമാണ് നിര്‍വഹിച്ചത്. പിന്നീട് വിജയകരമായി ഇത് പരീക്ഷിക്കപ്പെട്ടത് കഴിഞ്ഞ വര്‍ഷം മാത്രമാണ്.

2016ല്‍ ഉത്തരാഖണ്ഡില്‍ 9 കോണ്‍ഗ്രസ് എംഎല്‍എമാര്‍ 27 ബിജെപിക്കാര്‍ക്കൊപ്പം ഗവര്‍ണറെ കണ്ട് ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന്റെ ഭൂരിപക്ഷം നഷ്ടമായെന്ന് അറിയിച്ചു. ജയ്പൂരിലെ ഒരു ഹോട്ടലിലും ഫാം ഹൗസിലുമായി തമ്പടിച്ച ബിജെപിയിലെ 27 എംഎല്‍എമാര്‍ കുതിരക്കച്ചവടത്തിന് ഒടുവില്‍, 2017ല്‍ നിര്‍ണായക സ്ഥാനങ്ങളിലെത്തി. കോണ്‍ഗ്രസ് കഥാവശേഷമായി.

തമിഴ്നാട്ടിലും മുഖ്യമന്ത്രി പനീര്‍ സെല്‍വം രാജിവെച്ചപ്പോള്‍, അപകടം മണത്ത ശശികല, തന്നോടൊപ്പമുള്ള എംഎല്‍എമാരെ ചെന്നൈക്കടുത്തുള്ള ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലേക്ക് കടത്തി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല ജയിലിലേക്ക് പോയപ്പോള്‍ എടപ്പാടി പളനിസാമി തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു.

ഇങ്ങനെ എത്രയോ രാഷ്ട്രീയ കുതിരക്കച്ചവടങ്ങള്‍ 74 റിപ്പബ്ലിക്ക് ദിനങ്ങള്‍ക്കിടയില്‍ രാഷ്ട്രം കണ്ടു. പൊതുജനത്തിന് ഓട്ടക്കാലണയുടെ വിലപോലുമില്ലാത്ത ഇന്ത്യയില്‍, കന്നുകാലി കച്ചവടമെന്നോ താരലേലമെന്നോ എന്തുപേരിട്ട് വിളിക്കണമെന്ന് പോലും നിശ്ചയമില്ലാതെ കോടികള്‍ മറിയുന്ന കച്ചവട വസ്തുക്കളായി ജനപ്രതിനിധികള്‍ അധഃപതിച്ചപ്പോള്‍, വ്യാപാരത്തിനായി ഇന്ത്യയില്‍ വന്ന ബ്രിട്ടിഷുകാരെയും പറങ്കികളെയും വിരുന്നുകാരായി സ്വീകരിച്ച ഭാരത ജനനി അവരായിരുന്നു ഭേദമെന്ന ആത്മഗതം ഉരുവിടുന്നുണ്ടാകാം.

(തിരുവനന്തപുരം മഹാത്മാഗാന്ധി കോളജില്‍ പൊളിറ്റിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി