2022 ഓഗസ്റ്റ് 30-ന് മിഖായേല്‍ ഗോര്‍ബച്ചേവ് (1931-2022) അന്തരിക്കുമ്പോള്‍ എങ്ങനെയാണ് അദ്ദേഹം ചരിത്രത്തില്‍ ഓര്‍മിക്കപ്പെടുക എന്നതിനെക്കുറിച്ചുള്ള എല്ലാ വിശകലനങ്ങളും അവയുടെ വൈവിധ്യത്തിലും വൈരുധ്യങ്ങളിലും നമ്മെ നിരന്തരം ഓര്‍മിപ്പിക്കുക ഗോര്‍ബച്ചേവ് കയ്യൊഴിഞ്ഞ എന്നാല്‍ മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്നിടത്തോളം കാലം പ്രസക്തമായിരിക്കുകയും ചെയ്യുന്നൊരു രാഷ്ട്രീയത്തിനെക്കൂടിയാണ് : വര്‍ഗരാഷ്ട്രീയം.
ഹിറ്റ്ലറുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് അച്ചുതണ്ട് ശക്തികളെ തോല്‍പ്പിക്കുന്നതില്‍ സോവിയറ്റ് യൂണിയന്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചത്.
റഷ്യന്‍ വിപ്ലവത്തിന് ശേഷമുള്ള സോവിയറ്റ് യൂണിയനെന്ന സോഷ്യലിസ്റ്റ് രാഷ്ട്രത്തിന്റെ നിര്‍മാണം സ്വാഭാവികമായും അതിഗുരുതരമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. വലിയ തോതിലുള്ള വ്യാവസായിക അടിത്തറയില്ലാത്ത ദരിദ്രമായ കാര്‍ഷികോത്പാദന മേഖലയുള്ള ഒരു രാജ്യത്ത് സോഷ്യലിസ്റ്റ് രാഷ്ട്ര നിര്‍മാണം ചെറിയ വെല്ലുവിളിയായിരുന്നില്ല. നിലവിലെ ഉത്പാദന ബന്ധങ്ങളില്‍ മാറ്റം വരുത്തുമ്പോള്‍ ഭൂവുടമകളും രാഷ്ട്രീയ-സാമൂഹ്യാധികാരം കയ്യാളുന്ന വിഭാഗങ്ങളും പല തലങ്ങളിലായി ഉയര്‍ത്തിയ കടുത്ത എതിര്‍പ്പും പ്രതിവിപ്ലവസാധ്യതകളും ആഭ്യന്തര രാഷ്ട്രീയ സാഹചര്യത്തെ കലുഷിതമാക്കിയിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ ബാക്കിയായ കടുത്ത ദുരിതങ്ങള്‍ക്കിടയില്‍ തുടങ്ങിയ സോവിയറ്റ് യൂണിയന്റെ നിര്‍മാണം രണ്ടു പതിറ്റാണ്ട് കഴിയുമ്പോള്‍ വീണ്ടുമൊരു ലോകമഹായുദ്ധത്തിലേക്ക് എടുത്തെറിയപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ട രാജ്യമായിരുന്നു സോവിയറ്റ് യൂണിയന്‍. ഹിറ്റ്ലറുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് അച്ചുതണ്ട് ശക്തികളെ തോല്‍പ്പിക്കുന്നതില്‍ സോവിയറ്റ് യൂണിയന്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചത്.
ഇതിനൊപ്പം ആഭ്യന്തര ഉത്പാദനരംഗത്ത് വലിയ മുന്നേറ്റങ്ങളുണ്ടാക്കാനും സോവിയറ്റ് യൂണിയന്‍ കഴിഞ്ഞു, വ്യാവസായിക മേഖലയിലും കാര്‍ഷികമേഖലയിലും വമ്പന്‍ കുതിച്ചുചാട്ടമെന്ന് പറയാവുന്ന ഉത്പാദന വര്‍ധനവുണ്ടായി. ശാസ്ത്ര-സാങ്കേതിക രംഗത്ത് വലിയ നേട്ടങ്ങള്‍ സോവിയറ്റ് യൂണിയന്‍ കരസ്ഥമാക്കി. യുഎസിന്റെ നേതൃത്വത്തിലുള്ള പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളുമായുള്ള രാഷ്ട്രീയ-ശാക്തിക യുദ്ധം നേരിട്ടുള്ള ഏറ്റുമുട്ടല്‍ എന്നതിനുപകരം 'ശീതയുദ്ധം (Cold War)എന്ന് വിശേഷിപ്പിക്കപ്പെട്ട നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന ആഗോള ശാക്തികബലാബലത്തിന് വഴിവെച്ചു. സോവിയറ്റ് യൂണിയനെ തകര്‍ക്കുക എന്നതിന് സകലമാർഗങ്ങളും അമേരിക്കന്‍ നേതൃത്വത്തിലുള്ള ചേരി ഉപയോഗിച്ചുകൊണ്ടിരുന്നു.
ലോകത്തെ വിമോചനപ്പോരാട്ടങ്ങളിലും അമേരിക്കന്‍ ആധിപത്യത്തിന് വഴിപ്പെടാത്ത രാജ്യങ്ങളുടെ ചെറുത്തുനില്പിനും സോവിയറ്റ് യൂണിയന്‍ നല്‍കിയ പിന്തുണയാണ് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ലോകത്തിന്റെ വിമോചന പ്രതീക്ഷകളെ ഒരളവോളം സജീവമാക്കി നിര്‍ത്തിയത്. ആഫ്രിക്കന്‍ രാജ്യങ്ങളിലും പ്രത്യേകിച്ച് ദക്ഷിണാഫ്രിക്കയിലെ വിമോചന സമരത്തിനും സോവിയറ്റ് യൂണിയനും ക്യൂബയും നല്‍കിയ പിന്തുണ ആ പോരാട്ടങ്ങളുടെ വിജയത്തെ നിര്‍ണയിച്ചവയാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സോവിയറ്റ് യൂണിയന്റെ തകര്‍ച്ച വരെയുള്ള കാലഘട്ടത്തില്‍ അമേരിക്കന്‍-നാറ്റോ സൈനിക അധിനിവേശം എന്നത് CIA -യുടെ സജീവ പിന്തുണയില്‍ സംഘടിപ്പിക്കുന്ന പട്ടാള അട്ടിമറികളുടെയും പാവ സര്‍ക്കാരുകളുടെയും രൂപത്തിലായിരുന്നു സംഭവിച്ചത്. സോവിയറ്റനാന്തര കാലത്ത് അമേരിക്കയും സഖ്യകക്ഷികളും നടത്തിയ വിനാശകരമായ അസംഖ്യം അധിനിവേശങ്ങള്‍ അതിനുമുമ്പുള്ള ലോകക്രമത്തിന്റെ ശാക്തിക ബലാബലം എന്തുതരത്തിലായിരുന്നു ലോകസമാധാനത്തിനെ സ്വാധീനിച്ചിരുന്നത് എന്നതിന്റെ തെളിവുകൂടിയാണ്.
എന്നാല്‍ ഇതിനൊപ്പം സോവിയറ്റ് യൂണിയനില്‍ അതിന്റെ രാഷ്ട്രീയ-സാമൂഹ്യവ്യവസ്ഥയിലെ വൈരുധ്യങ്ങള്‍ ഉടലെടുക്കുകയും മൂര്‍ച്ഛിക്കുകയും ചെയ്തുകൊണ്ടിരുന്നു. സോഷ്യലിസ്റ്റ് രാഷ്ട്രത്തിനകത്ത് രാഷ്ട്രീയാധികാരവും സാമൂഹ്യബന്ധങ്ങളുമെല്ലാം വൈരുധ്യങ്ങളില്ലാത്ത ഒന്നായിരിക്കുമെന്ന ധാരണ സോവിയറ്റ് യൂണിയന്റെ ഔദ്യോഗിക നേതൃത്വം പ്രചരിപ്പിച്ചെങ്കിലും സോഷ്യലിസ്റ്റ് രാഷ്ട്രീയ പരീക്ഷണം അതിന്റേതായ രാഷ്ട്രീയ-സാമൂഹ്യ വൈരുദ്ധ്യങ്ങളെ സൃഷ്ടിച്ചുകൊണ്ടിരുന്നു. തൊഴിലാളിവര്‍ഗത്തിന്റെ രാഷ്ട്രീയാധികാരമായിരുന്നു റഷ്യന്‍ വിപ്ലവത്തിലൂടെ സ്ഥാപിക്കപ്പെട്ടതെങ്കിലും രാജ്യത്തിന്റെയോ രാഷ്ട്രീയാധികാരത്തിന്റെയോ ഉത്പാദന മേഖലകളിലെയോ നയങ്ങള്‍ തീരുമാനിക്കുന്നതിലും നടത്തിപ്പിലും സാധാരണ തൊഴിലാളികളുടെയും സോവിയറ്റുകളുടെയും പങ്ക് വളരെ ദുര്‍ബ്ബലമായിരുന്നു. തൊഴിലാളി വര്‍ഗത്തിന് /ജനങ്ങള്‍ക്ക് രാഷ്ട്രീയ-സാമൂഹ്യാധികാരങ്ങളില്‍ വികേന്ദ്രീകൃതമായ പങ്കാളിത്തം ഉറപ്പാക്കുന്നതിന് പകരം അതികേന്ദ്രീകൃതമായ പാര്‍ടി ഭരണ സംവിധാനമാണ് വളര്‍ന്നുവന്നത്.
ഉത്പാദനമേഖലകളിലെ തീരുമാനങ്ങളും നയങ്ങളും ജനങ്ങളുടെ സാമൂഹ്യാവശ്യങ്ങളുമായോ പൊതുസാമ്പത്തിക സ്ഥിതിയുമായോ പൊരുത്തപ്പെടാത്ത വിധത്തില്‍ യാന്ത്രികമായ ഉദ്യോഗസ്ഥ തീരുമാനങ്ങളുമായി മാറിയത് 1970-കളുടെ പകുതിക്ക് ശേഷമുള്ള സോവിയറ്റ് യൂണിയന്റെ മാന്ദ്യവും ഉത്പാദനമേഖലയിലെ മരവിപ്പും സംബന്ധിച്ച കണക്കുകളില്‍ കാണാം. അമേരിക്കന്‍ നേതൃത്വത്തിലുള്ള മുതലാളിത്ത ചേരിയുമായുള്ള നിരന്തരമായ യുദ്ധ സന്നദ്ധതയുടെ സജ്ജത ഒരുക്കിവെക്കുന്നതില്‍ വന്ന കനത്ത ചെലവ് 1980-കളോടെ സോവിയറ്റ് സമ്പദ് വ്യവസ്ഥയെ വല്ലാതെ ബാധിക്കാനും തുടങ്ങി.
ഇതൊക്കെ സംഭവിക്കുമ്പോള്‍ അത്തരം വെല്ലുവിളികളെ നേരിടാന്‍ പകാമായ ജൈവികമായ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയമുള്ളൊരു സംഘടനയായിരുന്നില്ല അപ്പോഴുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. സ്റ്റാലിന്റെ കാലം മുതല്‍ തുടങ്ങിയ പാര്‍ട്ടിക്കുള്ളിലെ 'ശുദ്ധീകരണത്തിന്റെ' നാനാവിധ രൂപങ്ങള്‍ അധികാരത്തോടും നേതാവിനോടും ചേര്‍ന്നുനില്‍ക്കുക മാത്രം ചെയ്യുന്ന, കമ്മ്യൂണിസ്റ്റ് ഉള്‍പ്പാര്‍ട്ടി വിമര്‍ശനവും പൊതുചര്‍ച്ചകളും സാധ്യമല്ലാത്ത തരത്തിലുള്ള ഒരു ഉദ്യോഗസ്ഥ സംവിധാനാമാക്കി പാര്‍ട്ടിയെ മാറ്റിയിരുന്നു. ഇത്തരത്തിലൊരു പുത്തന്‍ അധികാരിവര്‍ഗവും മേലാള വിഭാഗവും സോവിയറ്റ് യൂണിയനില്‍ (മറ്റ് ചെറുകിട സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലും) ഉടലെടുത്തു. അധികാരവും അതിനൊപ്പം നില്‍ക്കുന്നതിന്റെ ഭാഗമായി ലഭിക്കുന്ന രാഷ്ട്രീയ-സാമൂഹ്യ നിലകളുമല്ലാതെ തങ്ങള്‍ പറയുന്ന മാര്‍ക്സിസ്റ്റ് പ്രത്യശാസ്ത്രമോ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയമോ ആയി യാതൊരുവിധ സത്യസന്ധമായ ബന്ധവും അവര്‍ക്കില്ലായിരുന്നു.
ഇത്തരത്തില്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദുര്‍ബലമാക്കപ്പെട്ട പ്രക്രിയ സ്റ്റാലിന്റെ കാലം മുതലേ ആരംഭിച്ചിരുന്നു. റഷ്യന്‍ വിപ്ലവത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിലും സജീവമായി പങ്കെടുത്ത പാര്‍ടി നേതൃനിരയില്‍ മഹാഭൂരിഭാഗം നേതാക്കളും സ്റ്റാലിന്റെ ഭരണകാലത്ത് കൊല്ലപ്പെട്ടു. നാടുകടത്തലുകള്‍, തടങ്കല്‍പ്പാളയങ്ങള്‍, വധശിക്ഷകള്‍ എന്നിങ്ങനെയായി റഷ്യന്‍ വിപ്ലവത്തിന്റെ ഉയര്‍ന്ന നേതൃത്വം ഏതാണ്ട് മുഴുവനായി ഇല്ലാതാകുന്നതായിരുന്നു കണ്ടത്.
സ്റ്റാലിന് ശേഷമുള്ള സോവിയറ്റ് നേതൃത്വവും അളവില്‍ അത്രത്തോളമില്ലെങ്കിലും സമാനമായ അടിച്ചമര്‍ത്തല്‍ രീതികള്‍ത്തന്നെയാണ് പ്രയോഗിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധം ഭീതിയുടെയും വിധേയത്വത്തിന്റെയും അനുസരണയുടെയും നേതൃപൂജയുടെയും വ്യക്തിമാഹാത്മ്യത്വത്തിന്റെ ആഘോഷങ്ങളുടെയും കെട്ടുകാഴ്ച മാത്രമായി മാറിയപ്പോള്‍ വിപ്ലവവും സോഷ്യലിസ്റ്റ് നിര്‍മാണ പരീക്ഷണവും അതിന്റെ നിലനില്പിനുള്ള ജൈവികമായ ശേഷിയെത്തന്നെയായിരുന്നു ഇല്ലാതാക്കിയത്.
1985-ല്‍ ഗോര്‍ബച്ചേവ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും അതുവഴി സോവിയറ്റ് യൂണിയന്റെ തലവനുമായി അധികാരമേല്‍ക്കുമ്പോള്‍ സോവിയറ്റ് യൂണിയന്‍ സാമ്പത്തിക മാന്ദ്യത്തിന്റെയും സോവിയറ്റ് സമൂഹം ഒരുതരത്തിലുള്ള രാഷ്ട്രീയ-സാമൂഹ്യ മുരടിപ്പിന്റെയും ജീര്‍ണതയിലേക്ക് കടന്നുകൊണ്ടിരുന്നു. ഇതിനോട് പ്രതികരിക്കാതിരിക്കുക എന്നത് ആ രാജ്യത്തെ സംബന്ധിച്ച് ആത്മഹത്യാപരമായിരുന്നു. എന്നാല്‍ അതെങ്ങനെ വേണം എന്നതിന് ഉത്തരം കണ്ടെത്താനാകാത്തവിധത്തില്‍ മാര്‍ക്സിസ്റ്റ്/കമ്മ്യൂണിസ്റ്റ് സംവാദരഹിതമായിരുന്നു സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.
നിലവിലുണ്ടായിരുന്ന സോഷ്യലിസ്റ്റ് ചട്ടക്കൂടിലും ഏതാണ്ട് യാന്ത്രികമായി മാത്രം ആവര്‍ത്തിച്ചിരുന്ന മാര്‍ക്സിസ്റ്റ് നിരീക്ഷണങ്ങളിലും ഊന്നിനിന്നുകൊണ്ടാണ് ഗോര്‍ബച്ചേവ് തുടക്കത്തില്‍ തന്റെ പരിഷ്‌കരണ പദ്ധതികള്‍ തുടങ്ങിയത്. ഗ്ളാസ്നോസ്റ്റ് (തുറന്ന നയം), സമൂലമായ സാമ്പത്തിക പരിഷ്‌ക്കരണം, സോവിയറ്റ് രാഷ്ട്രീയാധികാരഘടനയുടെ ജനാധിപത്യവത്ക്കരണം എന്നിവ വലിയ മാറ്റങ്ങള്‍ക്കുവേണ്ടിയുള്ള പദ്ധതികളായി പ്രഖ്യാപിക്കപ്പെട്ടു. ഇവയാണ് പെരിസ്‌ട്രോയിക്ക (പുനഃനിര്‍മ്മാണം) എന്ന പേരില്‍ അറിയപ്പെട്ടത്.
സാമ്പത്തിക പരിഷ്‌ക്കരണ കാലത്ത് സോവിയറ്റ് യൂണിയന്‍ വലിയ ഉത്പാദനക്കുറവ് നേരിട്ടിരുന്നില്ല. എന്നാല്‍ പരിഷ്‌ക്കരണം ഏതു ഗതിയിലാകണം എന്നത് സംബന്ധിച്ച ആശയക്കുഴപ്പം പാര്‍ട്ടിക്കുള്ളില്‍ നിലനിന്നും. സോവിയറ്റ് സമൂഹത്തിലെ ബുദ്ധിജീവികളും പാര്‍ട്ടിയിലെയും സമൂഹത്തിലെയും അധികാരവിഭാഗവുമടങ്ങുന്ന 'പുത്തന്‍ വര്‍ഗത്തിനുള്ളില്‍' ഇത് സംബന്ധിച്ച ചര്‍ച്ചകളില്‍ മേല്‍ക്കൈ നേടിയത് മുതലാളിത്തത്തിന്റെയും സ്വതന്ത്ര കമ്പോളത്തിന്റെയും വാദഗതിക്കാരായിരുന്നു. അതായത് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വമടങ്ങുന്ന മേലാളവിഭാഗമാണ് സോഷ്യലിസ്റ്റ് സമ്പ്രദായത്തിന്റെ അവസാനിപ്പിക്കാന്‍ മുന്നില്‍ നിന്നത്. ജനങ്ങളുടെ ആവശ്യങ്ങള്‍ വാസ്തവത്തില്‍ സ്വതന്ത്ര കമ്പോളത്തിനു വേണ്ടിയായിരുന്നില്ല. അത് സോവിയറ്റ് യൂണിയനിലെ ജഡജീര്‍ണ്ണമായ മുരടിപ്പിനെ മറികടക്കാനുള്ള വലിയ ആവശ്യവും ഒപ്പം തീര്‍ത്തും ജനാധിപത്യവിരുദ്ധമായ, സുരക്ഷാ രാഷ്ട്രം (Security State) എന്ന അവസ്ഥയെ സ്വാഭാവികമാക്കിയ രാഷ്ട്രീയ-സാമൂഹ്യാവസ്ഥകളില്‍ നിന്നുമുള്ള കുതറിമാറലിനും വേണ്ടിയുള്ള കടുത്ത അഭിവാഞ്ഛയായിരുന്നു. അതിനെ മുതലാളിത്ത സംസ്ഥാപനത്തിനുള്ള ഉപകരണമാക്കി മാറ്റിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെയും സോവിയറ്റ് ഭരണ വ്യവസ്ഥയിലെയും ഉന്നതരായിരുന്നു എന്നത് എങ്ങനെയാണ് ഒരു വിപ്ലവം വഞ്ചിക്കപ്പെടുക എന്നതിന്റെ കൃത്യമായ രേഖാചിത്രമാണ്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ വലിയ സ്വകാര്യ ബാങ്കുകളും വ്യവസായ സ്ഥാപനങ്ങളും വ്യാപാര സാധ്യതകളുമെല്ലാം കയ്യടക്കിയത് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഉദ്യോഗസ്ഥവൃന്ദത്തിലുമുള്ള പ്രമുഖരായിരുന്നു. പുറത്തുനിന്നുവന്ന മൂലധന മുതലാളിമാരായിരുന്നില്ല സോവിയറ്റ് യൂണിയനെ തകര്‍ത്തത്. അതിനുള്ളിലെത്തന്നെ പുത്തന്‍ വര്‍ഗമായിരുന്നു.
ഗോർബച്ചേവിന്റെ തുറന്ന നയവും പുനർനിര്‍മാണവും (ഗ്ളാസ്നോസ്റ്റ്, പെരിസ്‌ട്രോയിക്ക) സോവിയറ്റ് യൂണിയനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടായിരുന്നോ എന്നതില്‍ ഇപ്പോഴും തര്‍ക്കങ്ങളുണ്ട്. എന്നാല്‍ ഒന്നുറപ്പാണ്, സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി 1985-ല്‍ അധികാരമേറ്റ ഗോര്‍ബച്ചേവ് കേവലം ആറു വർഷം കൊണ്ട് ആ രാജ്യത്തെ പിരിച്ചുവിടുമ്പോഴേക്കും മാര്‍ക്സിസ്റ്റ് -കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാളായിരുന്നു. വാസ്തവത്തിലത് ഗോര്‍ബച്ചേവിന്റെ മാത്രം പ്രശ്നമായിരുന്നില്ല, സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രശ്നമായിരുന്നു. തുറന്ന ജനാധിപത്യ സംവാദങ്ങള്‍ സാധ്യമാകാത്തവിധത്തില്‍ അടഞ്ഞുപോയൊരു ഭരണാധികാര സംവിധാനത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ ചട്ടക്കൂടിനുള്ളില്‍ കയറ്റിയിരുത്തുമ്പോള്‍ പിന്നെ സംഭവിക്കുന്നത് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു അധികാരിവര്‍ഗം ഉണ്ടാവുകയാണ്. ഇതാണ് സോവിയറ്റ് യൂണിയനിലും സംഭവിച്ചത്. ഇതാകട്ടെ ഗോര്‍ബച്ചേവിന്റെ കാലത്ത് തുടങ്ങിയതല്ല. സ്റ്റാലിന്റെ കാലത്തുതന്നെ ഭീകരമായ മാനങ്ങളാര്‍ജ്ജിച്ച ഈ പ്രവണത അതിന്റെ സ്വാഭാവികമായ പരിണതിയിലേക്കെത്തിയത് മുതലാളിത്തത്തിന്റെയും സ്വതന്ത്ര കമ്പോളത്തിന്റെയും ലോകത്ത് ഇരിപ്പുറപ്പിച്ചാണ് എന്ന് മാത്രം.
തുറന്ന ജനാധിപത്യ സംവാദങ്ങള്‍ സാധ്യമാകാത്തവിധത്തില്‍ അടഞ്ഞുപോയൊരു ഭരണാധികാര സംവിധാനത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ ചട്ടക്കൂടിനുള്ളില്‍ കയറ്റിയിരുത്തുമ്പോള്‍ പിന്നെ സംഭവിക്കുന്നത് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു അധികാരിവര്‍ഗം ഉണ്ടാവുകയാണ്. ഇതാണ് സോവിയറ്റ് യൂണിയനിലും സംഭവിച്ചത്.
തുറന്ന നയത്തിന്റെ കാലത്ത് സോവിയറ്റ് യൂണിയനില്‍ നടന്ന രണ്ടു വലിയ ഖനി സമരങ്ങള്‍ രാഷ്ട്രീയാധികാരവുമായി തൊഴിലാളിവര്‍ഗം എത്രമാത്രം അകറ്റിനിര്‍ത്തപ്പെട്ടിരുന്നു എന്നതിന്റെ തെളിവായിരുന്നു. സോവിയറ്റ് യൂണിയനിലെ എല്ലാ സ്ഥാപനങ്ങളെയും അതിന്റെ ഉള്ളില്നിന്നും ഇല്ലാതാക്കുക എന്നതായിരുന്നു മുതലാളിത്തവാദികള്‍ പാര്‍ട്ടിക്കുളിലും ഭരണത്തിലും ചെയ്തത്. അപ്പോഴൊന്നും അതിനെതിരെ സോവിയറ്റ് ജനതയില്‍ നിന്നും സുസംഘടിതമായ ഒരെതിര്‍പ്പും ഉണ്ടാക്കാനാകാത്ത വിധത്തില്‍ ദുര്‍ബലമായിരുന്നു കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം. മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്ര വിശകലനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരുന്ന നേതാക്കള്‍ അഭ്യാസത്തികവോടെ സ്വതന്ത്ര വിപണിയുടെ വക്താക്കള്‍ മാത്രമല്ല വമ്പന്‍ കമ്പനികളുടെയും ബാങ്കുകളുടെയുമൊക്കെ തലവന്മാരും നടത്തിപ്പുകാരുമൊക്കെയാകുന്നത് സോവിയറ്റ് ജനത നിസ്സഹായതയോടെ കണ്ടുനിന്നു എന്നതാണ് യാഥാര്‍ത്ഥ്യം. വിവിധ സോവിയറ്റ് റിപ്പബ്ലിക്കുകളിലെ പാര്‍ട്ടി തലവന്മാര്‍ തൊഴിലാളിവര്‍ഗ സാര്‍വ്വദേശീയതയുടെ രാഷ്ട്രീയമൊക്കെ വലിച്ചറിഞ്ഞ് വംശീയതയുടെയും അതിദേശീയതയുടെയും വൈതാളികന്മാരായി മാറി. എത്രമാത്രം പൊള്ളയും ജീര്‍ണ്ണിച്ചതുമായിരുന്നു സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ടി എന്നതിന്റെ ദുരന്തസാക്ഷ്യങ്ങളായിരുന്നു അതെല്ലാം. അതായത് ഗോര്‍ബച്ചേവ് സോവിയറ്റ് യൂണിയനെ തകര്‍ക്കുകയായിരുന്നില്ല, മറിച്ച് അടിമുടി ജീര്‍ണ്ണമായിപ്പോയൊരു സംവിധാനം അതിന്റെ തകര്‍ച്ചയുടെ കാര്‍മ്മികത്വത്തിന് പറ്റിയൊരു നേതാവിനെ കണ്ടെത്തുകയായിരുന്നു എന്നുവേണം പറയാന്‍.
അമേരിക്കന്‍ നേതൃത്വത്തിലുള്ള മുതലാളിത്ത ചേരി ഗോര്‍ബച്ചേവിനെ ആഘോഷിച്ചതില്‍ അത്ഭുതമില്ല. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ വര്‍ഗ്ഗരാഷ്ട്രീയം അപ്രസക്തമായെന്നും ലോകത്ത് ഇനിയുള്ളത് നാഗരികതകളുടെ സംഘട്ടനങ്ങള്‍ മാത്രമാണെന്നും അമേരിക്കന്‍ ഏകധ്രുവലോകത്തിന്റെ യുഗമാണെന്നുമുള്ള വലതുപക്ഷ വ്യാഖ്യാനങ്ങള്‍ ഏതാണ്ടിന്നുവരേയും ശക്തമായിത്തന്നെ നില്‍ക്കുന്നു. ലോകത്തെ സര്‍വ്വകലാശാലകളില്‍ നിന്നും വര്‍ഗ വൈരുധ്യങ്ങള്‍ എന്തുകൊണ്ടില്ല എന്നും സ്വത്വരാഷ്ട്രീയം എന്തുകൊണ്ട് പ്രസക്തമാകുന്നു എന്നുമുള്ള ഗവേഷണ, പഠനങ്ങള്‍ക്ക് മലവെള്ളം പോലെ പണം നല്‍കി. നൂറുകണക്കിന് പഠനങ്ങള്‍ വര്‍ഗ സമരത്തിന്റെ ചരിത്രപരമായ അന്ത്യത്തിന് സൈദ്ധാന്തിക വ്യാഖ്യാനങ്ങള്‍ ചമയ്ക്കുകയും ചെയ്തു. ഗോര്‍ബച്ചേവ് പാശ്ചാത്യലോകത്തെ പ്രധാന പ്രഭാഷകരിലൊരാളായി. തുറന്ന വിപണിയുടെ ഒപ്പമാണ് ജനാധിപത്യമെന്ന തട്ടിപ്പ് വിറ്റഴിക്കാന്‍ മുതലാളിത്തത്തിന് പുത്തന്‍ അപ്പോസ്തലന്മാരെ ആവശ്യമുണ്ട്.
സോവിയറ്റ് യൂണിയനടക്കം തകര്‍ന്നുപോയ എല്ലാ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളും ജീവിതഗുണനിലവാരത്തിന്റെ കാര്യത്തില്‍ പിറകോട്ടാണ് പോയത്. സോഷ്യലിസ്റ്റ് വ്യവസ്ഥ തകര്‍ന്നതോടെ പാശ്ചാത്യ രാജ്യങ്ങളുടെ ലാളനയും വാത്സല്യവും നഷ്ടപ്പെട്ടു. പുതിയ സാമ്പത്തിക-രാഷ്ട്രീയ പ്രഭുക്കളുടെ ഭരണത്തില്‍ വിപണിയുടേയും ധനികാധികാര താത്പര്യങ്ങളുടെയും കളിപ്പാവകളായി കഴിഞ്ഞുകൂടുക മാത്രമാണ് ലോകത്തെ മറ്റനേകം കോടി മനുഷ്യരുടെയുംപോലെ അവരുടെയും ഇന്നത്തെ ജീവിതം.
ചരിത്രത്തില്‍ ഗൃഹാതുരത്വം ഒരു ജഡബാധ്യതയാണ്. അത് കഴിഞ്ഞ കാലത്തെ നിഷ്‌ക്കരുണമായി വിലയിരുത്തുന്നതില്‍നിന്നും നമ്മെ തടഞ്ഞുനിര്‍ത്തും. വൈകാരികമായ ചാര്‍ച്ചകളും താത്ക്കാലികമായ നേട്ടങ്ങളും അത്തരത്തിലുള്ള ചരിത്രവായനയില്‍ നിന്നും നിങ്ങളെ തള്ളിമാറ്റും. ഗോര്‍ബച്ചേവ് അത്തരത്തിലൊരു ഗൃഹാതുരതയിലെ വില്ലനാണ്. യഥാര്‍ത്ഥ പ്രശ്നം ഗോര്‍ബച്ചേവിനെ സാധ്യമാക്കിയ സംവിധാനമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെടുകയും സോവിയറ്റ് യൂണിയന്‍ പിരിച്ചുവിടപ്പെടുകയും ചെയ്ത രാത്രികളില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ല എന്ന മട്ടില്‍ ഉറങ്ങാന്‍ പോയ അന്നുവരെ കമ്മ്യൂണിസ്റ്റുകാരെന്ന് പറഞ്ഞിരുന്ന അനേകലക്ഷം മനുഷ്യരാണ്.
ഗോര്‍ബച്ചേവിനെ ഓര്‍ക്കുകയെന്നാല്‍ കാണുന്നതിനെ മാത്രം വിശ്വസിക്കാതിരിക്കുക എന്നാണ്. ഗോര്‍ബച്ചേവിനെ ഓര്‍ക്കുകയെന്നാല്‍ വഞ്ചിക്കപ്പെട്ടൊരു വിപ്ലവത്തെ ഓര്‍ക്കുകയെന്നാണ്.