'ഗാന്ധിജിയുടെ അന്ത്യം' എന്ന പേരിൽ തകഴി ശിവശങ്കരപ്പിള്ള എഴുതിയ ഒരു കഥയുണ്ട് . രാജ്യവിഭജനകാലത്ത് മതജ്വരം ബാധിച്ച് മനുഷ്യർ പരസ്‌പരം കൊല്ലുന്നിടത്തുനിന്നും ശാന്തിതേടി അലയുന്ന ഒരമ്മയുണ്ട് ആ കഥയിൽ . 'ഞങ്ങളുടെ ഗ്രാമം ഭൂമുഖത്തുനിന്നും തുടച്ചുമാറ്റപ്പെട്ടു . ആരെല്ലാം മരിച്ചു, ആരെല്ലാം രക്ഷപ്പെട്ടു , ആർക്കെല്ലാം എന്തുസംഭവിച്ചു എന്ന് അറിഞ്ഞുകൂടാ', എന്നാണ് കഥ തുടങ്ങുന്നത് . പലായനം അഞ്ചുദിനരാത്രങ്ങൾ കഴിഞ്ഞപ്പോൾ കഥാപുരുഷന്റെ കയ്യിൽ ഒരു മെലിഞ്ഞ കൈ വന്നു പിടിക്കുന്നു , ഒരു വിളിയും , 'മോനേ! '.
ചൂളം വിളിപോലെ ആ ശബ്ദം ചെവിക്കുള്ളിൽ കയറി . പഞ്ചാബിലെ ഗ്രാമത്തിൽ തനിക്കുണ്ടായിരുന്ന അമ്മ വിളിക്കുന്ന അതേ വിളി . 'എന്തോ' എന്ന് കഥാപുരുഷൻ വിളികേട്ടു . അയാളുടെ അമ്മ ഒരു പക്ഷേ കലാപത്തിൽ കൊല്ലപ്പെട്ടിരിക്കണം . ഒരു വൃദ്ധയുടെ ശുഷ്കിച്ച് അസ്ഥി മാത്രമായ കൈകൾ അയാളെ കെട്ടിപ്പിടിച്ചു . ആ സ്ത്രീ പൊട്ടിക്കരഞ്ഞുകൊണ്ട് 'മോനേ , മോനേ ' എന്നു വിളിച്ചു . എന്നിട്ടു പറയുന്നു , ' ഞങ്ങൾക്ക് ബാപ്പുവിൻ്റെ നാട്ടിൽ പോകണം , അവിടെ പേടിക്കണ്ട'.
2022 ഒക്ടോബർ രണ്ടാം തീയതി രാവിലെ തകഴിയുടെ കഥ ഞാൻ ഒന്നുകൂടി വായിച്ചു . ഏതോ ഒരമ്മ എൻ്റെ കയ്യിൽ പിടിമുറുക്കുന്നതുപോലെ തോന്നി, തട്ടമുയർത്തി അവർ എന്നെ നോക്കി . ഭയമുള്ള കണ്ണുകളോടെ ചോദിച്ചു 'ബാപ്പുവിന്റെ നാട്ടിൽ ശാന്തിയുണ്ടോ മോനേ ?'
തകഴിയുടെ കഥയിൽ പലായനം ചെയ്യുന്ന ആൾക്കൂട്ടത്തിൽ വാളേന്തിയ ഒരാൾ ഉണ്ടായിരുന്നു . അമ്മ ബാപ്പു എന്നുപറയുമ്പോൾ അയാൾ ക്രോധാകുലനായി വാളുയർത്തി 'ഹരശങ്കര മഹാദേവാ ' എന്നു പറയുമായിരുന്നു.
അപ്പോൾ കഥാപുരുഷൻ പറയുന്നു , 'പാകിസ്താനിൽ ഈ വിളി അള്ളാഹു അക്ബർ എന്നായിരുന്നു' .
തകഴിയുടെ കഥ പലായനത്തിലെ ദുരിതങ്ങളല്ല പരാമർശിക്കുന്നത്, മറിച്ച് അവയുടെ അടിത്തട്ടിൽ ദുരിതങ്ങളെ അടവെച്ച് വിരിയിക്കുന്ന മതവൈരത്തെയാണ്. അഭയാർത്ഥി ക്യാമ്പിൽ എത്തിച്ചേരണ്ടായിരുന്നു എന്ന് അമ്മ പറയുന്നുണ്ട്. ആയമ്മ ജീവിതത്തിൽ കണ്ട മുസ്ലീങ്ങളെല്ലാം സ്നേഹനിധികളായിരുന്നു , അവരറിഞ്ഞ ഹിന്ദുക്കളും . പക്ഷേ , ഈ നാടിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നോർത്ത് ഉഴലുന്ന അമ്മയാണ് 1948 ലെ തകഴിയുടെ അമ്മ.
അഭയാർത്ഥിക്യാമ്പിൽ രാത്രിയിൽ അമ്മയോട് കഥാപുരുഷൻ ചോദിക്കുന്നുണ്ട്, 'ഞാനൊരു മുസ്‌ലീമായിരുന്നു എങ്കിൽ അമ്മ എന്നെ ഇത്രമാത്രം സ്നേഹിക്കുമായിരുന്നോ ?' എന്ന് .
എല്ലാവരും തനിക്കൊരുപോലെയാണെന്നും ഒറ്റയ്ക്കാകുമ്പോൾ മതവിശ്വാസികൾ നല്ലവരാണെന്നും ,സംഘം ചേരുമ്പോഴാണ് മതം അപകടകാരിയാകുന്നതെന്നും അമ്മ പറയുന്നുണ്ട് .
നാം ജീവിക്കുന്ന 2022 ൽ തകഴി എഴുതിയ കഥപോലെ തോന്നിക്കുന്നതുകൊണ്ടാണ് ഈ ഒക്ടോബർ രണ്ടാം തീയതി ഇക്കഥ ഒന്നുകൂടിയെടുത്ത് വായിച്ചത്.
വാളെടുത്ത് ഹരശങ്കര മഹാദേവാ എന്നുവിളിച്ചയാളിനെ പത്തുദിവസം കാണാനില്ലായിരുന്നു . ഇനി ഞാൻ തകഴിയെ ഉദ്ധരിക്കാം :
' അടുത്ത ദിവസം അയാൾ വന്നുചേർന്നു . വ്യാപകമായ ഒരു സംഹാരകർമ്മം നടത്തിയ ലക്ഷണമുണ്ട് . ക്രൂരമായ സംതൃപ്തി അയാളുടെ മുഖത്ത് കളിയാടിയിരുന്നു . ഞങ്ങളോട് ചെയ്തതിന് പ്രതികാരം ചെയ്ത സംതൃപ്തിയാകാം . അമ്പതു 'മ്ലേച്ഛ'ന്മാരെ അയാൾ കൊന്നൊടുക്കിപോലും! അയാൾ എന്നോടു പറഞ്ഞു .
ഹിന്ദുധർമ്മത്തെ രക്ഷിക്കാനുള്ള ഒരു സംഘടനയിൽപ്പെട്ടവനാണയാൾ.'
തകഴിയുടെ കഥാപുരുഷൻ ഗാന്ധിജി കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപുള്ള ദിവസം ബിർള മന്ദിരത്തിൽ പോയി അദ്ദേഹത്തെ കാണുന്നുണ്ട് .
' എൻ്റെ സ്നേഹനിർഭരമായ നമസ്‌കാരം ഞാൻ അർപ്പിച്ചു . മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഹൃദയലാഘവം എനിക്കനുഭവപ്പെട്ടു . ഞാൻ മുന്നിൽ കണ്ടത് പ്രഭാവലയമുള്ള മനുഷ്യനെയല്ല . ഞാൻ ചിരിക്കുമ്പോൾ ചിരിക്കുന്ന , ഞാൻ കരയുമ്പോൾ കരയുന്ന ഒരു മനുഷ്യൻ '
അഭയാർത്ഥിക്യാമ്പിൽ തിരിച്ചുചെന്നപ്പോൾ അമ്മ ചോദിച്ചു , മോനേ , നീ ബാപ്പുവിനെക്കണ്ടോ ? നൂറ്റിയിരുപത്തഞ്ചുകൊല്ലം ജീവിച്ചിരിക്കില്ലേ ?
കഥ വായിച്ചു കഴിഞ്ഞ് ഞാൻ 'തകഴിയുടെ കഥകൾ' തിരിച്ച് പുസ്തകഷെൽഫിൽ തിരികേ വെച്ചപ്പോൾ മതാതീതനായി, ആഗോളപൗരനായി ഗാന്ധിജി രണ്ടുപേരുടെ തോളിൽ കയ്യിട്ടു നടന്നുപോകുന്നതുപോലെ എനിക്കു തോന്നി , ഇരുപത്തെട്ടുപശുക്കളുമായി നടന്നുപോകുമ്പോൾ മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ട നസീർ എന്ന അൻപതുകാരൻ , മുടി മറയ്ക്കാത്തതിന് കൊല്ലപ്പെട്ട ഇറാനിയൻ പെൺകുട്ടി ഹാദിസ് നജാഫി. അവരുടെ കൂടെ തല ഉയർത്തി , തകഴിയുടെ അമ്മയും.