OPINION

വനിതാ കായിക താരങ്ങളെ തോൽപ്പിച്ചത് ആരാണ്?

പ്രതീക്ഷയുടെ അവസാന തരിമ്പും നഷ്ടപ്പെട്ട് കരഞ്ഞുകൊണ്ട് കരിയർ അവസാനിപ്പിക്കുന്ന സാക്ഷി മാലികിൻറെ ചിത്രം, രാജ്യത്തിൻറെ കായിക ചരിത്രത്തിൽ ചോരയിറ്റുന്ന മുറിപ്പാടായി നിലനിൽക്കും

സൗമ്യ ആർ കൃഷ്ണ

മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി നൽകുകയും, അയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുകയും ചെയ്തിരുന്ന ഗുസ്തി താരങ്ങളിലൊരാളായ സാക്ഷി മാലിക് ഗുസ്തിയിൽനിന്ന് വിരമിച്ചു. പതിനൊന്ന് മാസത്തിന് ശേഷം നടന്ന ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷൻറെ അനുയായി വീണ്ടും ജയിച്ചതോടെയാണ് സാക്ഷിയുടെ രാജി.

വെയിൽ കൊണ്ട് പഴുത്ത ടാറിട്ട റോഡിൽ തുണി വിരിച്ച് സാക്ഷിയടക്കമുള്ളവർ സമരമിരുന്നത് നാല്പത് ദിവസമാണ്. നീതിക്ക് വേണ്ടി ഗംഗയിൽ മെഡൽ ഒഴുക്കാൻ പോയ താരങ്ങളെ പിന്തിരിപ്പിച്ചത് കർഷകരായിരുന്നു. എന്നാൽ എല്ലാ പ്രതിഷേധ സമരങ്ങൾക്കുമൊടുവിൽ കേന്ദ്രം അവരുടെ തനിസ്വരൂപം പുറത്തെടുത്തു. കേന്ദ്ര കായിക മന്ത്രി നൽകിയ വാക്കുകൾ വെള്ളത്തിൽ വരച്ച വരപോലെയായി. ആർക്കെതിരെ സമരം ചെയ്തോ, ആരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടോ അയാളിലേക്ക് തന്നെ അധികാരം വീണ്ടുമെത്തുന്നു. മാസങ്ങൾക്ക് ശേഷം നടന്ന ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷൺ ശരൺ സിങിന്റെ അനുയായി തന്നെ ജയിച്ചു കയറി. ലൈംഗിക പരാതി ഉയർത്തിയ വനിതാ താരങ്ങളുടെ പിന്തുണയോടെ മത്സരിച്ച മുൻ ചാമ്പ്യൻ അനിത ഷെറോൺ തോറ്റു.

പ്രതീക്ഷയുടെ അവസാന തരിമ്പും നഷ്ടപ്പെട്ട് കരഞ്ഞുകൊണ്ട് കരിയർ അവസാനിപ്പിക്കുന്ന സാക്ഷി മാലികിൻറെ ചിത്രം, രാജ്യത്തിൻറെ കായിക ചരിത്രത്തിൽ ചോരയിറ്റുന്ന മുറിപ്പാടായി നിലനിൽക്കും

ആരാണ് സഞ്ജയ് സിങ്?

ഉത്തർപ്രദേശ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായിരുന്നു ഇപ്പോൾ ദേശീയ ഫെഡറേഷൻറെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജയ് സിങ്. സഞ്ജയ് സിങ് മത്സരിച്ച അന്തർദേശീയ മത്സരങ്ങളുടെ പേരുകളോ, നേടിയ മെഡലുകളുടെ വിവരങ്ങളോ ലഭ്യമല്ല. ബ്രിജ് ഭൂഷൺ ശരൺ സിങ്ങെന്ന രാഷ്ട്രീയ ഭീമൻറെ വലംകൈ ആണെന്ന് മാത്രം വ്യക്തം. 11 മാസത്തിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ പഴയ ഫെഡറേഷൻറെ പ്രതിനിധി തന്നെ ജയിച്ചു എന്നാണ് ബ്രിജ് ഭൂഷൺ ഫലം വന്ന ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. ബ്രിജ് ഭൂഷണെ പോലെ തന്നെ ഉത്തർപ്രദേശ് ഗുസ്തി ഫെഡറേഷനിലെ ഭാരവാഹിത്വത്തിന്റെ തഴമ്പ് മാത്രമുള്ള സഞ്ജയ് സിങ് തോൽപ്പിച്ചത് കോമൺവെൽത്ത് മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയ അനിത ഷെരോണിനെയാണ്.

ഗുസ്തി താരങ്ങള്‍

കേന്ദ്ര സർക്കാർ ആരുടെ ഭാഗത്ത്?

1991-ൽ ആദ്യം എംപിയായത് മുതൽ മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം ജയിച്ച രാഷ്ട്രീയക്കാരനാണ് ബ്രിജ് ഭൂഷൺ. 96 -ൽ ടാഡ നിയമപ്രകാരം കേസെടുത്തപ്പോൾ ഭാര്യയെ രംഗത്തിറക്കി അധികാരം നിലനിർത്തി. അയോധ്യയ്ക്കും ശ്രാവസ്തിക്കും ഇടയിൽ അമ്പതിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബ്രിജ് ഭൂഷണ് സ്വന്തമായുണ്ട്. വോട്ട് ബാങ്ക് നിലനിർത്താൻ ബ്രിജ് ഭൂഷൺ ഉപയോഗിക്കുന്ന പ്രധാന മാർഗവും ഈ സ്കൂളുകളാണ്. അന്തരിച്ച വിഎച്ച്പി നേതാവ് അശോക് സിംഗാളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ബ്രിജ് ഭൂഷൺ, ബാബരി മസ്ജിദ് കേസിലടക്കം പ്രതിയായിരുന്നു. എല്ലാം കൊണ്ടും ബിജെപിക്ക് ഒഴിവാക്കാൻ പറ്റാത്ത രാഷ്ട്രീയക്കാരനാണ് അയാൾ.

സെലക്ഷൻ ക്യാമ്പുകൾ ബ്രിജ് ഭൂഷൻറെ സൗകര്യത്തിന് അനുസരിച്ച് നിശ്ചയിക്കുന്നു, ഗുസ്തി താരങ്ങൾക്ക് ലഭിക്കേണ്ട പണം മറ്റ് കാര്യങ്ങൾക്ക് ചിലവഴിക്കുന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്

പരാതി ഉന്നയിച്ചത് രാജ്യത്തിന്റെ അഭിമാനം ലോകത്തിന് മുന്നിൽ ഉയർത്തികാണിച്ച താരങ്ങളായിട്ടും വോട്ട് ബാങ്ക് സംരക്ഷിക്കാൻ ബിജെപി സർക്കാർ കാണിച്ച ജാഗ്രതയാണ് സമരത്തിലുടനീളം വെളിവായത്. നിലവിലെ പുരോഗതികളും അതിന് അടിവരയിടുന്നു. മാറി മാറി സമിതികളെ നിയോഗിക്കുകയും പ്രശ്നം പരിഹരിക്കുമെന്ന് വാക്ക് നൽകി വഞ്ചിക്കുകയും ചെയ്തിട്ടും കായിക താരങ്ങൾക്കൊപ്പമാണെന്നാണ് കേന്ദ്രം ആവർത്തിക്കുന്നത്.

ബ്രിജ് ഭൂഷൺ

സമരം ചെയ്തത് മിന്നും താരങ്ങൾ

കായിക താരങ്ങൾക്കുള്ള ഏറ്റവും ഉയർന്ന ബഹുമതിയായ ഖേൽരത്ന നൽകി രാജ്യം ആദരിച്ചവരാണ് സാക്ഷിയും വിനേഷ് ഫോഗട്ടും. 2018 കോമൺവെൽത്തിലും ഏഷ്യൻ ഗെയിംസിലും വിനേഷ് സ്വർണം നേടി. ഇതോടെ രണ്ട് മത്സരങ്ങളിലും മെഡൽ നേടുന്ന ആദ്യത്തെ വനിതാ ഗുസ്തി താരമായി വിനേഷ്. ഒളിമ്പിക്സിൽ വനിതാ ഗുസ്തി വിഭാഗത്തിലൊരു മെഡൽ രാജ്യത്തിന് സമ്മാനിച്ചത് സാക്ഷി മാലിക്കാണ്. 2016-ൽ റിയോ ഒളിമ്പിക്സിൽ സാക്ഷി രാജ്യത്തിന് വെങ്കല മെഡൽ സമ്മാനിച്ചു.

ഫെഡറേഷനിലെ പ്രശ്നങ്ങൾക്കെന്ത് പരിഹാരമുണ്ടായി?

ബ്രിജ് ഭൂഷണും കൂട്ടരും വാണിരുന്ന ഫെഡറേഷന്റെ പ്രവർത്തനത്തിൽ അടിമുടി പ്രശ്നങ്ങളാണെന്ന് താരങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. വനിതാ താരങ്ങൾ സുരക്ഷിതരായിരുന്നില്ല. സെലക്ഷൻ ക്യാമ്പുകൾ ബ്രിജ് ഭൂഷൻറെ സൗകര്യത്തിന് അനുസരിച്ച് നിശ്ചയിക്കുന്നു, ഗുസ്തി താരങ്ങൾക്ക് ലഭിക്കേണ്ട പണം മറ്റ് കാര്യങ്ങൾക്ക് ചിലവഴിക്കുന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. അന്ന് ഒളിമ്പിക് അസോസിയേഷൻ സമിതി രൂപീകരിച്ച് ഇക്കാര്യം അന്വേഷിക്കുകയും ഫെഡറേഷന്റെ പ്രവർത്തനത്തിൽ സുതാര്യത കുറവുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നിട്ടിപ്പോൾ എന്താണ് മാറിയത്?

നീതി ലഭിക്കില്ലെന്ന് മനസ്സിലായെന്ന് താരങ്ങൾ

പ്രതീക്ഷയുടെ അവസാന തരിമ്പും നഷ്ടപ്പെട്ട് കരഞ്ഞുകൊണ്ട് കരിയർ അവസാനിപ്പിക്കുന്ന സാക്ഷി മാലിക്കിൻറെ ചിത്രം, രാജ്യത്തിൻറെ കായിക ചരിത്രത്തിൽ ചോരയിറ്റുന്ന മുറിപ്പാടായി നിലനിൽക്കും. ഇനിയും 'ഖേലോ ഇന്ത്യ' മുദ്രാവാക്യവുമായി കേന്ദ്രം വരുമ്പോൾ ആ മുറിപ്പാട് കാട്ടി വരും തലമുറ ചോദ്യം ചെയ്യുക തന്നെ ചെയ്യും.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം