OPINION

ശശി തരൂരിന്റെ അജണ്ടയും നേതൃത്വത്തിന്റെ വീഴ്ചയും

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ പേരിൽ മാളത്തിലൊളിക്കാൻ തയ്യാറല്ലെന്ന വ്യക്തമായ സന്ദേശമാണ് തരൂർ നൽകുന്നത്

ടി ജെ ശ്രീലാൽ

വിചിത്രമായ രണ്ട് അന്വേഷണങ്ങളാണ് കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ തലമുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടത്. സർക്കാരിന്റെയോ സർക്കാരിന്റെ ഭാഗമായവരുടെയോ അഴിമതിയൊന്നുമല്ല ഈ അന്വേഷണാവശ്യത്തിന് കാരണമായിട്ടുള്ളത്. സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുണ്ടായ ചില ചതിവെട്ടുകളെ കുറിച്ച് അന്വേഷണം വേണമെന്നാണ് ആവശ്യം. ഈ ആവശ്യമുന്നയിച്ചതിൽ ഒരാൾ സാക്ഷാൽ കെപിസിസി പ്രസിഡന്റ് തന്നെ.

രണ്ടാമത്തേത് തുടർച്ചയായി മൂന്ന് തവണ കോൺഗ്രസിനെ പ്രതിനിധീകരിച്ച് ലോക്സഭയിൽ വിജയിച്ചെത്തിയ രണ്ട് എംപിമാരും. കെപിസിസി പ്രസിഡന്റായ തനിക്ക് പോലും കണ്ടെത്താൻ കഴിയാത്ത ചതിവെട്ട് വെട്ടിയ സ്വന്തം പാർട്ടിക്കാരനെ കണ്ടെത്തി നൽകണമെന്നാണ് കെ സുധാകരന്റെ ആവശ്യം. എംപിമാരായ എം.കെ രാഘവനും, ശശി തരൂരും എന്തായാലും അന്വേഷണം ആവശ്യപ്പെട്ട് പോലീസിനെയൊന്നും സമീപിച്ചില്ല. രണ്ട് പേരുടേയും ആവശ്യം പക്ഷെ ഒന്ന് തന്നെ. ഒളിച്ചിരുന്ന് ചതി പ്രയോഗം നടത്തുന്നവരെ അണികൾക്ക് മുന്നിൽ കൊണ്ടുവരണം.

കോൺഗ്രസ് ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നിട്ട് ഒരു മാസം ആകുന്നു. പക്ഷെ തിരഞ്ഞെടുപ്പുയർത്തിയ പ്രതിസന്ധി കോൺഗ്രസിൽ കെട്ടടങ്ങിയിട്ടില്ലെന്ന് മാത്രമല്ല അത് ആളികത്തുക കൂടിയാണ്.

തരൂരിന്റെ അജണ്ട

കോൺഗ്രസ് ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നിട്ട് ഒരു മാസം ആകുന്നു. പക്ഷെ തിരഞ്ഞെടുപ്പുയർത്തിയ പ്രതിസന്ധി കോൺഗ്രസിൽ കെട്ടടങ്ങിയിട്ടില്ലെന്ന് മാത്രമല്ല അത് ആളികത്തുക കൂടിയാണ്. 2000ത്തിൽ സോണിയ ഗാന്ധിക്കെതിരെ മത്സരിച്ച ജിതേന്ദ്ര പ്രസാദയുടെ ഗതി തരൂരിന് വിന്നിട്ടില്ലെങ്കിലും അത്തരം നടപടികളിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിനുള്ള അണിയറ പ്രവർത്തനങ്ങൾ സജീവമാണെന്ന് തന്നെയാണ് എഐസിസിയിലും കെപിസിസിയിലും നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ മനസിലാകുക.

തരൂരിനെ ഹിമാചൽ, ഗുജറാത്ത് തിരഞ്ഞെടുപ്പിൽ നിന്ന് തീർത്തും അകറ്റി നിര്‍ത്തി. ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നും തരൂരിനെ പ്രചാരണത്തിന് ലഭ്യമാക്കണമെന്ന ആവശ്യമുയർന്നിട്ട് പോലും എഐസിസി അദ്ദേഹത്തെ പ്രചാരണത്തിനുള്ള നേതാക്കളുടെ പട്ടികയിൽ നിന്ന് പുറത്താക്കി. ഡൽഹി തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും തരൂരിന് അയിത്തമുണ്ട്. ഏതാണ്ട് പത്തുലക്ഷത്തിലധികം മലയാളി വോട്ടർമാരുണ്ട് ഡൽഹിയിൽ. എന്നിട്ടും തരൂരിനെ അകറ്റി നിര്‍ത്തുകയായിരുന്നു എഐസിസി നേതൃത്വം.

പ്രചാരണത്തിന് അയിത്തം കൽപ്പിച്ച് എഐസിസി അകറ്റി നിര്‍ത്തിയതിന് സംസ്ഥാനത്ത് പരിപാടികൾ സംഘടിപ്പിച്ചാണ് തരൂർ മറുപടി നൽകിയത്.

പ്രചാരണത്തിന് അയിത്തം കൽപ്പിച്ച് എഐസിസി അകറ്റി നിര്‍ത്തിയതിന് സംസ്ഥാനത്ത് പരിപാടികൾ സംഘടിപ്പിച്ചാണ് തരൂർ മറുപടി നൽകിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ പേരിൽ മാളത്തിലൊളിക്കാൻ തയ്യാറല്ലെന്ന വ്യക്തമായ സന്ദേശമാണ് തരൂർ നൽകുന്നത്. ഈ പോരാട്ടത്തിൽ താൻ ഒറ്റയ്ക്കല്ലെന്ന സന്ദേശം കെപിസിസിക്കും എഐസിസിക്കും നൽകാനും തരൂരിനായി. രഹസ്യ ബാലറ്റിൽ മാത്രമല്ല പരസ്യമായും തന്നെ പിന്തുണയ്ക്കാൻ കേരളത്തിൽ നേതാക്കളും അണികളുമുണ്ടെന്ന് തെളിയിക്കാൻ മലപ്പുറം പര്യടനത്തിലൂടെ തരൂരിന് കഴിഞ്ഞു.

മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പങ്കെടുക്കാനാണ് മലപ്പുറത്തെത്തിയതെന്ന് അവകാശപ്പെടുമ്പോഴും എം.കെ രാഘവനെ ഒപ്പം കൂട്ടി തരൂർ നടത്തുന്ന പര്യടനത്തിന് വ്യക്തമായ രാഷ്ട്രീയമുണ്ട്. ലീഗ് നേതൃത്വവുമായുള്ള കൂടിക്കാഴ്ച അതിലൊന്ന് മാത്രമായിരുന്നു. പക്ഷെ കെപിസിസി- എഐസിസി നേതൃത്വത്തിലെ ചില നേതാക്കളുടെ എടുത്തുചാട്ടം പാണക്കാട് എത്തുന്നതിന് മുമ്പ് തന്നെ തരൂരിനെ ലക്ഷ്യത്തിലെത്തിച്ചു. തരൂർ എന്തിനാണ് മലപ്പുറത്ത് എത്തുന്നതെന്ന് തിരിച്ചറിയാൻ ഈ നേതാക്കൾക്ക് കഴിഞ്ഞില്ല. അല്ലെങ്കിൽ കെപിസിസി പ്രസിഡന്റിന്റെ ആർഎസ്എസ് സംരക്ഷണ പ്രസ്താവന ഉയർത്തിയ വിവാദം കെട്ടടങ്ങും മുമ്പ് ഇത്തരമൊരു വിലക്കിന് അവർ തയ്യാറാകുമായിരുന്നോ?

“മതനിരപേക്ഷതയും സംഘപരിവാർ ഉയർത്തുന്ന വെല്ലുവിളിയും” ഇതായിരുന്നു തരൂരിന്റെ പ്രഭാഷണത്തിനായി യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിലെ വിഷയം. ഇത്തരമൊരു വിഷയത്തിൽ തരൂരിനെ പോലെ രാജ്യാന്തരതല പ്രഭാഷകനായ നേതാവിനെ വിലക്കിയാൽ ഉണ്ടായേക്കാവുന്ന വരുംവരായ്കളെ കുറിച്ച് തരൂർ വിരുദ്ധരായ നേതാക്കൾ ആലോചിച്ചില്ല എന്ന് കരുതാൻ പ്രയാസമുണ്ട്, അതും കെപിസിസി പ്രസിഡന്റിന്റെ ആർ.എസ്.എസ് പ്രസ്താവനയ്ക്കെതിരെ കടുത്ത വിയോജിപ്പുള്ള ലീഗ് നേതൃത്വവുമായുള്ള തരൂരിന്റെ കൂടിക്കാഴ്ചയ്ക്ക് തൊട്ട് മുമ്പ്. തരൂരിന്റെ അജണ്ട കെപിസിസി-എഐസിസി നേതാക്കൾ മുന്നിട്ടിറങ്ങി നടത്തികൊടുത്തു. തരൂർ കുഴിച്ച വാരികുഴിയിൽ ആർത്തലച്ച് ചെന്നു വീണു ഈ നേതാക്കൾ.

കേരളത്തിൽ തരൂരിനുള്ള പിന്തുണ മാത്രമല്ല ഈ വിവാദത്തിലൂടെ പരസ്യമായത്, കെപിസിസിയിലെ പടലപിണക്കം കൂടിയാണ്.

തരൂരിന്റെ പര്യടനം തുടക്കത്തിലെ വിജയമാക്കി ഈ നേതാക്കളുടെ അതിബുദ്ധി. പാണക്കാടെത്തുമ്പോൾ മാത്രം ജനശ്രദ്ധയാകർഷിക്കുമായിരുന്ന ഒരു പര്യടനം ഇത്ര ഗംഭീര വിജയമാക്കികൊടുത്തതിന് സംഘാടകനായ എം.കെ രാഘവനും, തരൂരും ഈ നേതാക്കൾക്ക് നന്ദി പറയണം. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനം ഇതോടെ കണ്ണൂർ ജില്ലയിലേക്ക് കൂടി വ്യാപിച്ചു. കോഴിക്കോട്ടെ പരിപാടിയിൽ നിന്ന് കെപിസിസിയുടെ നിർബന്ധത്തിന് വഴങ്ങി പിൻമാറിയ യൂത്ത് കോൺഗ്രസ് കണ്ണൂരിൽ വൻപരിപാടി നടത്തി മുഖംരക്ഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

കേരളത്തിൽ തരൂരിനുള്ള പിന്തുണ മാത്രമല്ല ഈ വിവാദത്തിലൂടെ പരസ്യമായത്, കെപിസിസിയിലെ പടലപിണക്കം കൂടിയാണ്. തരൂരിന്റെ പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയതിൽ പങ്കില്ലെന്ന് തെളിയിക്കാൻ കെപിസിസി പ്രസിഡന്റ് അടുത്ത അനുയായിയും യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമായ റെജിൽ മാക്കുറ്റിയെ തന്നെ അയച്ചു. കെപിസിസി പ്രസിഡന്റിന് എതിർപ്പില്ലെങ്കിൽ പിന്നെ ആരാണ് ഡിസിസിയോട് പരിപാടി റദ്ദാക്കാൻ ആവശ്യപ്പെട്ടത്. സംശയം നീളുന്നത് കെപിസിസിയിൽ നിർണായക സ്വാധീനം ചെലുത്തുന്ന പ്രതിപക്ഷ നേതാവിനും എഐസിസി ജനറൽ സെക്രട്ടറിക്കും പ്രവർത്തക സമിതി അംഗത്വം സ്വപ്നം കാണുന്ന പഴയ പ്രതാപം നഷ്ടമായ നേതാവിനെതിരെയും തന്നെയാണ്.

സ്ഥാന ചലനം വരെ ചൂണ്ടികാട്ടി ഡിസിസി പ്രസിഡന്റിനേയും യൂത്ത് കോൺഗ്രസ് നേതൃത്വത്തേയും ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചത് പോലെ കോട്ടയത്തെ കെ.എം ചാണ്ടി അനുസ്മരണത്തിന്റെ സംഘാടകരേയും എൻഎസ്എസ് ഭാരവാഹികളേയും പിന്തിരിപ്പിക്കാനാകില്ലെന്ന് കൂടി ഈ സംഘം ഓർക്കണം.

ലക്ഷ്യവും മാർഗവും

ദേശീയതലത്തിൽ തരൂരിന് ഭ്രഷ്ട് കൽപ്പിക്കാനുള്ള നീക്കങ്ങൾക്ക് പിന്നിൽ രാഹുൽ പക്ഷത്തെ പ്രമുഖനായ കേരള നേതാവാണെന്നാണ് എഐസിസി ആസ്ഥാനത്തെ പരസ്യമായ രഹസ്യം. കോൺഗ്രസ് പ്രസിഡന്റ് ആരായാലും കടിഞ്ഞാൺ രാഹുൽ ഗാന്ധിയുടെ കൈകളിലായിരിക്കുമെന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നതും ഈ നേതാവിന്റെ സാന്നിധ്യം തന്നെ. പുതിയ പ്രസിഡന്റ് നെഹ്റു അനുസ്മരണ പ്രഭാഷണത്തിന് എത്തിയപ്പോൾ അത് ഉറപ്പിക്കാൻ ഈ നേതാവ് കൂടെ ഉണ്ടായിരുന്നു താനും. ഈ നേതാവടക്കമുള്ളവരുടെ നീക്കങ്ങൾക്ക് തരൂർ നൽകിയ മറുപടിയാണ് മലബാർ പര്യടനം.

പക്ഷെ കേരളത്തിൽ വേരുറപ്പിക്കാൻ വേണ്ടി മാത്രമല്ല തരൂർ ഈ പര്യടനങ്ങൾ നടത്തുന്നത്. എഐസിസിക്ക് ചില സന്ദേശങ്ങൾ നൽകുക കൂടിയാണ് ലക്ഷ്യം. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതിന്റെ പേരിൽ ഒളിച്ചോടില്ലെന്നതാണ് അതിൽ ആദ്യത്തേത്. ഇതിന്റെ പേരിൽ എഐസിസി മാറ്റിനിര്‍ത്തിയാൽ എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്നത് രണ്ടാമത്തേത്. ഇതിൽ രണ്ടാമത്തെ സന്ദേശത്തിന് പ്രധാന്യം കൂടും. കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതേയുള്ളു എന്നത് തന്നെ കാരണം.

കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച തരൂർ ഇനി പ്രവർത്തക സമിതിയിലേക്ക് മത്സരിക്കില്ല. കോൺഗ്രസിനെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയത്. ഒറ്റയ്ക്ക് നിന്ന് പന്ത്രണ്ട് ശതമാനത്തിൽ കൂടുതൽ വോട്ട് നേടി തന്റെ സ്വാധീനം അദ്ദേഹം തെളിയിക്കുകയും ചെയ്തു. ഈ സ്വാധീനം പ്രവർത്തക സമിതിയിലേക്കുള്ള പ്രവേശന ടിക്കറ്റായിട്ടാണ് തരൂർ കാണുന്നത്. കോൺഗ്രസ് പ്രസിഡന്റിന് നാമനിർദ്ദേശം ചെയ്യാൻ കഴിയുന്ന അംഗങ്ങളുടെ കൂട്ടത്തിൽ തന്നെയും ഉൾപ്പെടുത്തണമെന്നാണ് തരൂർ പറയാതെ പറയുന്നത്.

പിന്തുണയ്ക്കുന്നവരുടെ ചേരിയിൽ മാത്രമല്ല നെല്ലും പതിരുമുള്ളത്. എതിർക്കുന്നവരിലും അതുണ്ട്. നേതൃത്വത്തെ ഭയന്ന് ഇപ്പോഴും മറയത്ത് നിന്ന് തരൂരിന് പിന്തുണ നൽകുന്നവരുണ്ടെന്ന് എഐസിസി പ്രസിഡന്റ് തിരഞ്ഞടുപ്പ് കഴിഞ്ഞപ്പോൾ തെളിഞ്ഞതാണ്.

മിന്നുന്നത് എല്ലാം പൊന്നല്ല

തരൂരിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി നേതാക്കൾ എത്തുന്നുണ്ട്, പരസ്യമായും രഹസ്യമായും. എന്നാൽ ഇതിൽ ചിലരെങ്കിലും കത്തുന്ന പുരയിൽ നിന്ന് കഴുക്കോൽ ഊരി സ്വന്തം ശത്രുക്കളെ തല്ലാനുള്ള അവസരമായിട്ടാണ് ഇതിനെ കാണുന്നത്. തരൂരിനെ വിലക്കിയതിനെ പരസ്യമായി വിമർശിച്ച പല നേതാക്കളും സ്വന്തം സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് തരൂരിനും ബോധ്യമുണ്ട്. എന്നാൽ തൽക്കാലം കിട്ടാവുന്ന എല്ലാ പിന്തുണയും നേടുക എന്നതാണ് ലക്ഷ്യം. നിലവിലെ നേതൃത്വത്തിന് ഒപ്പമല്ലാത്തവർ, തനിക്ക് പിന്തുണ നൽകാൻ ഇത്തരക്കാരുടെ പ്രസ്താവനകൾ സഹായിക്കുമെന്നും തരൂർ കണക്ക് കൂട്ടുന്നുണ്ടെന്ന് വേണം അനുമാനിക്കാൻ.

പിന്തുണയ്ക്കുന്നവരുടെ ചേരിയിൽ മാത്രമല്ല നെല്ലും പതിരുമുള്ളത്. എതിർക്കുന്നവരിലും അതുണ്ട്. നേതൃത്വത്തെ ഭയന്ന് ഇപ്പോഴും മറയത്ത് നിന്ന് തരൂരിന് പിന്തുണ നൽകുന്നവരുണ്ടെന്ന് എഐസിസി പ്രസിഡന്റ് തിരഞ്ഞടുപ്പ് കഴിഞ്ഞപ്പോൾ തെളിഞ്ഞതാണ്. എന്നാൽ ഇപ്പോൾ പരസ്യമായി എതിർക്കുന്നവരിൽ ചിലരെങ്കിലും, അവരിരിക്കുന്ന സ്ഥാനം കാരണമോ അത് സംരക്ഷിക്കാൻ വേണ്ടിയോ ആണ് ചെയ്യുന്നത്. കോഴിക്കോട്ട് ഡിസിസി പ്രസിഡന്റിനെ വിരട്ടാൻ സാധിച്ചു. പക്ഷെ കോട്ടയത്ത് കെ.എം ചാണ്ടി കുടുംബ ട്രസ്റ്റിനെ എന്ത് പറഞ്ഞ് വിരട്ടും. എൻഎസ്എസ് നേതൃത്വത്തെ എങ്ങനെ സ്വാധീനിക്കും. ഇത്തരം പരിപാടികൾക്ക് പരസ്യമായി ഇറങ്ങാൻ തരൂർ അനുകൂലികൾക്കും സമ്മർദ്ദത്തിന് വഴങ്ങി എതിർക്കുന്നവർക്കും കൂടുതൽ കരുത്ത് പകരും. തരൂർ വിരുദ്ധർ ഇന്നത്തെ നിലയിൽ മുന്നോട്ട് പോയാൽ വരും ദിവസങ്ങളിൽ കാണാൻ പോകുന്നത് അതാകും.

ഇനി എന്ത് ന്യായം നിരത്തിയാലും ഇനി തരൂരിന് എതിരെ മാത്രം നടപടിയെടുക്കാനാകില്ല. കുറഞ്ഞത് രണ്ട് എംപിമാർക്കും അര ഡസൻ നേതാക്കൾക്കും എതിരെ നടപടി എടുക്കേണ്ടി വരും. ഇന്നത്തെ അവസ്ഥയിൽ കോൺഗ്രസിന് അത് സാധിക്കില്ല.

നടന്നാലും ഇല്ലെങ്കിലും ‘തരൂർ പ്രതിസന്ധി’ രൂക്ഷമായാൽ എന്ത് സംഭവിക്കും. ആ വഴി നടന്നാൽ എത്താൻ സാധ്യതയുള്ള ഒരു സാഹചര്യത്തെ കുറിച്ച് പറയാം. ഇത് നടക്കുമെന്ന് ഉറപ്പിച്ച് പറയുകയല്ല. തരൂരോ ഒപ്പമുള്ളവരോ ഇതുവരെ ചെയ്തതൊന്നും പാർട്ടി വിരുദ്ധ നടപടികളല്ല. അത് സംഘടനയെ ശക്തിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് അദ്ദേഹത്തിന് കോൺഗ്രസ് പാർട്ടിയുടെ ഏത് ഫോറത്തിലും വാദിക്കാം തെളിയിക്കാം. മാത്രവുമല്ല ഇനി എന്ത് ന്യായം നിരത്തിയാലും ഇനി തരൂരിന് എതിരെ മാത്രം നടപടിയെടുക്കാനാകില്ല. കുറഞ്ഞത് രണ്ട് എംപിമാർക്കും അര ഡസൻ നേതാക്കൾക്കും എതിരെ നടപടി എടുക്കേണ്ടി വരും. ഇന്നത്തെ അവസ്ഥയിൽ കോൺഗ്രസിന് അത് സാധിക്കില്ല. പിന്നെ പുകച്ച് പുറത്ത് ചാടിക്കാം. അങ്ങനെ സംഭവിച്ചാൽ തരൂരിനെ സ്വീകരിക്കാൻ ദേശീയ സംസ്ഥാന പാർട്ടികളുടെ നിര തന്നെ കാത്തുനിൽക്കുന്നുണ്ട്. അവർക്കൊപ്പം പോകാതെ തരൂർ സ്വന്തം പാർട്ടിയുണ്ടാക്കിയാൽ കോൺഗ്രസ് എന്ത് ചെയ്യും. പാണക്കാട്ടെ തങ്ങൾമാരേയും, പാല, കാഞ്ഞിരപള്ളി ബിഷപ്പുമാരേയും, ചങ്ങനാശ്ശേരിയിലെ സമുദായ നേതാക്കളേയും തരൂർ വെറുതെ ചെന്ന് കാണുന്നതാണെന്ന് കരുതുന്നവർ കോൺഗ്രസ് നേതൃത്വത്തിൽ ഇപ്പോഴുമുണ്ടെങ്കിൽ അവർക്ക് പരിഹസിച്ചുതള്ളാം. കാരണം അത്ര ഹൈപ്പോതെറ്റിക്കൽ അല്ല സാധ്യതയും സാഹചര്യവും.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍