ഒരു പാർലമെന്റ് സമ്മേളന ഇടവേളയ്ക്ക് ശേഷം കേരള രാഷ്ട്രീയത്തിൽ വീണ്ടും തരൂർ യാത്ര നിറയുകയാണ്. അതിന്റെ രാഷ്ട്രീയം ഇത്തവണ കൂടുതൽ പ്രസക്തവുമാണ്. മലപ്പുറം പര്യടനത്തിനിടെ പാണക്കാട് തങ്ങൾമാരെ തരൂർ സന്ദർശിച്ചതോടെ തുടങ്ങിയ വിവാദത്തിന് അദ്ദേഹത്തിന്റെ പെരുന്ന സന്ദർശനം പുതിയ രാഷ്ട്രീയമാനം നൽകിയിരിക്കുകയാണ്. തരൂർ ആലോചിച്ച് ഉറപ്പിച്ച് നടത്തുന്ന നീക്കങ്ങളാണോ ഇതെല്ലാം. അതോ കോൺഗ്രസിന്റെ ഇപ്പോഴത്തെ നേതൃത്വത്തിന്റെ എടുത്ത് ചാട്ടം മൂലം അദ്ദേഹത്തിന് അവിചാരിതമായി ലഭിക്കുന്ന വാർത്ത പ്രാധാന്യമോ? തരൂരിന്റെ ഇപ്പോഴത്തെ നീക്കങ്ങളിൽ അവിചാരിതമായി സംഭവിച്ചതായി ഒന്നുമില്ല എന്ന് തന്നെയാണ് വ്യക്തമാകുന്നത്. ചില ഉദ്ദേശങ്ങൾ ഈ യാത്രകൾക്കും കൂടികാഴ്ചകൾക്കും പിന്നിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തിങ്കളാഴ്ച് നടന്നത്. മന്നം ജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനവും അവിടെ തരൂരും, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നടത്തിയ പ്രസംഗങ്ങളും.
പെരുന്ന രാഷ്ട്രീയം
കേരളം ഭരിച്ച രണ്ട് കോൺഗ്രസ് മുഖ്യമന്ത്രിമാർ മാത്രമാണ് ഇതിന് മുമ്പ് പെരുന്നയിൽ മന്നം ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തിട്ടുള്ളത്. ജി സുകുമാരൻ നായരുമായി ഏറെ അടുപ്പമുള്ള രമേശ് ചെന്നിത്തലയെ പോലും ഇതിനായി അദ്ദേഹം പെരുന്നയിലേക്ക് ക്ഷണിച്ചിട്ടില്ല. കോൺഗ്രസിന്റെ ഇപ്പോഴത്തെ നേതൃത്വത്തിലെ മറ്റു നേതാക്കളുമായി അടുപ്പമില്ലാത്തതോ, പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വച്ചു പുലർത്തുന്ന കടുത്ത വിരോധമോ മാത്രമല്ല ഉദ്ഘാടകനായി ശശിതരൂർ എന്ന തീരുമാനത്തിലേക്ക് എൻഎസ്എസ് ജനറൽ സെക്രട്ടറിയെത്താൻ കാരണം. അത് അദ്ദേഹം കാലങ്ങളായി തുടരുന്ന വിലപേശൽ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. സുകുമാരൻ നായർക്ക് സമ്മർദ്ദവും സ്വാധീനവും ചെലുത്താൻ സാധിക്കുന്ന അധികം നേതാക്കളൊന്നും ഇപ്പോൾ കോൺഗ്രസ് നേതൃനിരയിലില്ല. എഐസിസിയുടെ ഭാഗമായി നിൽക്കുന്ന കെ സി വേണുഗോപാലുമായി എൻഎസ്എസ് നേതൃത്വം അകന്നിട്ട് നാള് കുറച്ചായി. തോൽപ്പിക്കുമെന്ന് വീമ്പ് പറഞ്ഞ് പരാജയപ്പെട്ടതിന് ശേഷം ആ പക പറഞ്ഞ് തീർക്കാൻ ജി സുകുമാരൻ നായർ തയ്യാറായിട്ടില്ല. വി ഡി സതീശനുമായിട്ടുള്ള പോരിന്റെ വീര്യവും നാൾക്കുനാൾ വർധിക്കുന്നതല്ലാതെ കുറയുന്നില്ല. രമേശ് ചെന്നിത്തലയാകട്ടെ കേരള രാഷ്ട്രീയത്തിൽ താക്കോൽ സ്ഥാനത്തില്ല താനും. അപ്പോൾ പിന്നെ കിട്ടാവുന്ന ഏറ്റവും നല്ല നായർ കോൺഗ്രസുകാരൻ ഇവരൊക്കെയായി ഇടഞ്ഞ് നിൽക്കുന്ന ശശി തരൂർ തന്നെ.
സംസ്ഥാന-ഹൈക്കമാന്‍ഡ് നേതാക്കളാകെ തരൂരിന് എതിരായതിനാൽ അദ്ദേഹത്തെ ഒപ്പം കൂട്ടാൻ അധികം കഷ്ടപ്പെടേണ്ടിയും വന്നില്ല. പണ്ട്, വന്നു കണ്ട് വണങ്ങാത്തതിന് ചാർത്തി കൊടുത്ത ‘ഡൽഹി നായർ’ പദവി ഒന്ന് മാറ്റി പറയേണ്ടി വന്നുവെന്ന് മാത്രം. പരസ്യമായി ഏറ്റ് പറഞ്ഞ് അതും വാർത്തയാക്കി രാഷ്ട്രീയ മെയ് വഴക്കം തെളിയിക്കാനുമായി. ഡൽഹി നായർ പ്രയോഗം കേരള പുത്രനെന്നാക്കി മാറ്റി പറയേണ്ടി വന്നെങ്കിലും അതിലൂടെ തന്നോട് ഇടഞ്ഞ് നിൽക്കുന്ന കോൺഗ്രസിലെ നായർ നേതാക്കൾക്ക് ഒരു രാഷ്ട്രീയ സന്ദേശം നൽകുകയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ചെയ്തിരിക്കുന്നതെന്ന് വ്യാഖ്യാനിക്കുന്നവരും കുറവല്ല. കോൺഗ്രസിനോട് അയിത്തമില്ല. പക്ഷെ സഹകരിക്കണമെങ്കിൽ അനിഷ്ടങ്ങൾക്കെല്ലാം പരിഹാരക്രിയ നടത്തണം. എൻഎസ്എസിന്റെ ഈ സന്ദേശം വരും ദിവസങ്ങളിൽ കോൺഗ്രസിൽ ചെറുതല്ലാത്ത ആഭ്യന്തരകലഹത്തിന് വഴിവച്ചേക്കും. പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ എൻഎസ്എസിനെ അനുനയിപ്പിച്ച് ഒപ്പം നിറുത്തണമെന്നും ഇനിയും വ്യക്തിപരമായ വിരോധങ്ങൾ കൊണ്ട് നടക്കരുതെന്നുമുള്ള ഉപദേശവും ഉഗ്രശാസനവുമൊക്കെ ഉണ്ടായേക്കും. ശശി തരൂരിനെ ഒപ്പം നിറുത്തിയാൽ ഉണ്ടാകാവുന്നതിനെക്കാൾ വലിയ നേട്ടവും അതു തന്നെ.
തരൂർ രാഷ്ട്രീയം
എഐസിസി, കെപിസിസി നേതൃത്വവുമായുള്ള ഏറ്റുമുട്ടലിൽ തരൂരിന് ഇതുവരെ ലഭിച്ച ഏറ്റവും നല്ല വടി മന്നം ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനം തന്നെയാണ്. ആ വടിയെടുത്ത് തരൂർ സാമാന്യം നന്നായി തന്നെ വി ഡി സതീശനേയും കോൺഗ്രസ് നേതൃത്വത്തേയും തല്ലുകയും ചെയ്തു. കഴിവും പ്രവർത്തന മികവുമാണ് നേതൃത്വത്തിലേക്ക് എത്താനുള്ള മാനദണ്ഡമെന്ന് മന്നത്ത് പത്മനാഭനെ ഉദ്ധരിച്ച് തരൂർ കോൺഗ്രസ് നേതൃത്വത്തോട് പറഞ്ഞു. തീർന്നില്ല. രാഷ്ട്രീയത്തിൽ ഉദ്ദേശിച്ച മാറ്റം വരുന്നില്ലെന്ന് കണ്ടപ്പോൾ ഒരു മടിയും കൂടാതെ പുതിയ രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകാൻ മന്നം ഇറങ്ങിയെന്ന തരൂരിന്റെ പ്രസംഗം സംസ്ഥാന നേതൃത്വം മാത്രമല്ല കേന്ദ്രനേതൃത്വം കൂടി കേൾക്കാൻ വേണ്ടിയാണ്. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത് പാർട്ടിയിൽ പല മാറ്റങ്ങളും വരുത്താൻ ഉദ്ദേശിച്ചാണ്. അതിന്റെ പേരിൽ തന്നെ മാറ്റിനിറുത്താനും ഒറ്റപ്പെടുത്താനും ശ്രമിക്കുന്നവർക്കുള്ള മറുപടിയാണ് തരൂരിന്റെ ഈ ഓർമപ്പെടുത്തൽ. ഒരു നായർ മറ്റൊരു നായരെ അംഗീകരിക്കില്ലെന്ന് പറഞ്ഞ് മന്നത്തിന്റെ പേരിൽ തരൂർ എയ്തിട്ടത് ഒന്നോ രണ്ടോ നേതാക്കളെയല്ല. ഇങ്ങനെ തനിക്ക് പറയാനുള്ളത് മുഴുവൻ എൻഎസ്എസ് ആസ്ഥാനത്ത് മന്നത്തിന്റെ പേരിൽ തരൂർ പറഞ്ഞു. ഇടത് സർക്കാരിനെതിരെ പ്രതികരിക്കുന്നില്ലെന്ന ആരോപണത്തിന് മന്നത്തിന്റെ പേരിൽ തന്നെ രാഷ്ട്രീമായി മറുപടി പറയാനും കൂട്ടത്തിൽ തരൂർ മറന്നില്ല.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച തരൂർ ഇനി പ്രവർത്തക സമിതിയിലേക്ക് മത്സരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മത്സരിച്ചാൽ വിജയിക്കുകയുമില്ല.
മല്ലികാർജ്ജുന്‍ ഖാർഗയെ എഐസിസി പ്രസിഡന്റായി തിരഞ്ഞെടുത്ത നടപടിക്ക് അംഗീകാരം നൽകാൻ അടുത്തമാസം 24ന് കോൺഗ്രസ് പ്ളീനറി സമ്മേളനം ചേരുകയാണ്. മല്ലികാർജ്ജുന്‍ ഖാർഗയെക്കാൾ അദ്ദേഹത്തിനെതിരെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിനാണ് ഈ പ്ളീനറി സമ്മേളനം നിർണ്ണായകം. സമ്മേളനത്തിൽ പുതിയ പ്രവർത്തക സമിതിയിലെ അംഗങ്ങളേയും തീരുമാനിക്കും എന്നതാണ് അതിന് കാരണം. എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ ഏതാണ്ട് ഒറ്റപ്പെട്ട സ്ഥിതിയിലാണ് ശശി തരൂർ. ഇതിന് മാറ്റം വരണമെങ്കിൽ പ്രവർത്തക സമിതിയിലെത്തണം. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച തരൂർ ഇനി പ്രവർത്തക സമിതിയിലേക്ക് മത്സരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മത്സരിച്ചാൽ വിജയിക്കുകയുമില്ല. രാജ്യത്താകെയുള്ള കോൺഗ്രസ് പ്രവർത്തകർ വോട്ട് ചെയ്യുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് പോലെയല്ല ഹൈക്കമാന്‍ഡ് നേരിട്ട് ക്ഷണിച്ച പ്രകാരം എത്തുന്ന പ്ളീനറി സമ്മേളന പ്രതിനിധികളെ ആശ്രയിച്ച് മത്സരിക്കുന്നത്. തച്ചുതകർത്തുകളുമെന്ന ഉത്തമ വിശ്വാസം തരൂരിനുണ്ട്. എന്നാൽ ഹൈക്കമാന്‍ഡിന്റെ പിന്തുണയില്ലാതെ മത്സരിച്ച തനിക്ക് കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ രേഖപ്പെടുത്താത്ത വോട്ട് നൽകി പ്രവർത്തക സമിതിയിലെത്താനുള്ള പിന്തുണ പ്രവർത്തകർ നൽകി കഴിഞ്ഞുവെന്നാണ് തരൂരിന്റെ നിലപാട്. അതുകൊണ്ട് തന്നെ പ്രവർത്തക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പുവരെ തരൂരിന് തന്റെ സാന്നിധ്യവും നിലപാടുകളും ഇത്തരത്തിൽ ആവർത്തിക്കേണ്ടി വരും. പ്രവർത്തക സമിതിയിലേക്ക് ഇടം ലഭിക്കാതെ പോയാൽ ഇന്നത്തെ നിലയിൽ പാർട്ടിയിൽ തുടരാൻ തരൂരിന് എളുപ്പമല്ല. ഇതെല്ലാം മുന്നിൽ കണ്ടാണ് തരൂർ സംസ്ഥാനത്ത് ഒരേ സമയം പാർട്ടിക്കാരും വിമതനുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
ദേശീയ പാർട്ടികളും ദേശീയതലത്തിൽ പ്രാധാന്യമുള്ള പ്രാദേശിക പാർട്ടികളും ഇതിനോടകം തന്നെ തരൂരിനെ അവരുടെ പാളയത്തിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയത്തിൽ മാറ്റം വരുത്താൻ മന്നത്ത് പത്മനാഭൻ പുതിയ പാർട്ടിയുണ്ടാക്കിയ കാര്യം ജയന്തി ആഘോഷത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ തരൂർ ഓർമ്മിപ്പിച്ചതിന്റെ പ്രസക്തി ഏറുന്നത്.
പ്രവർത്തക സമിതിയിൽ നിന്ന് അനാരോഗ്യം കാരണം എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും ഒഴിവായേക്കും. രമേശ് ചെന്നിത്തല മാത്രമാണ് ഇപ്പോൾ കേരളത്തിൽ നിന്ന് പകരം പറഞ്ഞു കേൾക്കുന്ന പേര്. കെ സി വേണുഗോപാൽ ഹൈക്കമാന്‍ഡിന്റെ ഭാഗമാണ്. അങ്ങനെ വരുമ്പോൾ തനിക്ക് സാധ്യത ഏറെയാണെന്നാണ് തരൂർ കണക്കു കൂട്ടുന്നത്. ഈ കണക്ക് പിഴയ്ക്കാതിരിക്കാനുള്ള കരുക്കളാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം തരൂർ നീക്കുന്നത്. കേരളത്തിലെ എല്ലാ വിഭാഗത്തിന്റെയും പിന്തുണ തനിക്കുണ്ടെന്ന് തെളിയിക്കുകയാണ് തരൂർ. യുഡിഎഫിലെ രണ്ടാമത്തെ പ്രബല കക്ഷിയായ മുസ്ലീം ലീഗിന് സ്വീകാര്യൻ. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് തന്നെ അത് മാധ്യമങ്ങളിലൂടെ വ്യക്തമാക്കുന്നതിനുള്ള അവസരമാണ് മലപ്പുറം പര്യടനത്തിനിടെ തരൂർ ഒരുക്കി നൽകിയത്. പിന്നാലെ കാന്തപുരം എ പി അബൂബക്കർ മുസല്യാരുമായും ക്രൈസ്തവ മത മേലധ്യക്ഷൻമാരുമായും നടത്തിയ കൂടിക്കാഴ്ചകളുടെ ലക്ഷ്യവും വ്യത്യസ്തമായിരുന്നില്ല. തരൂരിന്റെ സന്ദർശനം വിവാദമാക്കി പാർട്ടി വിരുദ്ധമാക്കി ഈ നീക്കം ചെറുക്കാനായിരുന്നു സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം. ആ ശ്രമം പക്ഷെ തരൂരിന് അനുകൂല സാഹചര്യം സംസ്ഥാനത്താകെ ഉണ്ടാക്കുകയാണ് ചെയ്തത്. ഈ നീക്കത്തിന്റെ ഭാഗം തന്നെയാണ് മന്നം ജയന്തി ആഘോഷവും. ഇതാണ് തുടക്കത്തിൽ പറഞ്ഞത് തരൂരിന്റെ ഇപ്പോഴത്തെ നീക്കങ്ങളിൽ അവിചാരിതമായി സംഭവിച്ചതായി ഒന്നുമില്ല എന്ന്.
കളിയും കഥയും എങ്ങോട്ട്?
തരൂരിന്റെ പയറ്റും സംസ്ഥാന-ഹൈക്കമാന്‍ഡ് നേതാക്കളുടെ മറുപയറ്റും അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഫെബ്രുവരി 26 ഓടെ ഇതിന്റെ ക്ളൈമാക്സ് എങ്ങനെയാകുമെന്നതിന്റെ വ്യക്തമായ സൂചന ലഭിക്കും. പ്രവർത്തക സമിതിയിൽ ഇടം ലഭിച്ചില്ലെങ്കിൽ തരൂർ എന്ത് നടപടി സ്വീകരിക്കും. ഇപ്പോൾ ഉറച്ച പിന്തുണ നൽകുന്ന എം കെ രാഘവനടമുള്ളവരിൽ ആരെല്ലാം അന്ന് കൂടെ നിൽക്കും. ഇങ്ങനെ നിരവധിയായ ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാകും 26ന് ലഭിക്കുക. ദേശീയ പാർട്ടികളും, ദേശീയതലത്തിൽ പ്രാധാന്യമുള്ള പ്രാദേശിക പാർട്ടികളും ഇതിനോടകം തന്നെ തരൂരിനെ അവരുടെ പാളയത്തിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയത്തിൽ മാറ്റം വരുത്താൻ മന്നത്ത് പത്മനാഭൻ പുതിയ പാർട്ടിയുണ്ടാക്കിയ കാര്യം ജയന്തി ആഘോഷത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ തരൂർ ഓർമ്മിപ്പിച്ചതിന്റെ പ്രസക്തി ഏറുന്നത്. വിശ്വപൗരനായ ഈ കേരള പുത്രന്റെ ഓർമ്മപ്പെടുത്തൽ കോൺഗ്രസ് പാർട്ടി എത്ര ഗൗരവത്തോടെ എടുക്കും. സംസ്ഥാന നേതൃത്വത്തിൽ നിന്ന് തരൂരിന് എന്ത് പിന്തുണ ലഭിക്കുമെന്നത് ഇതിനോടകം തന്നെ വ്യക്തമായതാണ്. എഐസിസിയുടെ പുതിയ പ്രസിഡന്റും പഴയ പ്രസിഡന്റുമാരും ഇക്കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ഇനി അറിയേണ്ടത്. അതാകും ഈ പോരിന്റെ ക്ളൈമാക്സ് തീരുമാനിക്കുക.