OPINION

പാടൂ, മരണവേദന മായട്ടെ!

മൂന്നു പതിറ്റാണ്ടായി പോപ്പ് സംഗീത രംഗത്ത് നിറഞ്ഞു നിൽക്കുന്നു ഈ അമേരിക്കൻ ഗായകസംഘം

എ പി സജിഷ

അമിതമായി മയക്കു മരുന്ന് ഉപയോഗിച്ച്‌ ബീറ്റിൽസിന്റെ മാനേജർ മരിക്കുന്നത് 1967 ലാണ്. പാശ്ചാത്യ സംഗീതത്തിന്റെ അമരന്മാരായ ബീറ്റിൽസിന്റെ പാട്ടുകൾ അന്ന് പൊടുന്നനെ നിലച്ചു. ആ  ഗായക സംഘം  വിഷാദത്തിൽ മുങ്ങി. അത്  മായ്ക്കാൻ അവർ ഇന്ത്യയിലേക്ക് വന്നു. ആർദ്രമായ ആ സംഗീത ധാരയുടെ പുനർജനി പിന്നെ ഇന്ത്യയിൽ നിന്നാണ്.  പുതിയ പാട്ടുകൾ പിറന്നു. ബീറ്റിൽസ്  പിന്നെയും പടർന്നു 

ബീറ്റിൽസിനെ പോലെ ഒരു മരണത്തിന്റെ വേദനയുടെ ആഴം മായ്ക്കാൻ കൂടിയാണ് 'ബാക്ക് സ്ട്രീറ്റ് ബോയ്സും' ഇന്ത്യയിലേക്ക്  വരുന്നത്

ബീറ്റിൽസിനെ പോലെ ഒരു മരണത്തിന്റെ വേദനയുടെ ആഴം മായ്ക്കാൻ കൂടിയാണ് 'ബാക് സ്ട്രീറ്റ് ബോയ്സും' ഇന്ത്യയിലേക്ക് വരുന്നത്. അനിയന്റെ മരണത്തിന്റെ വേദന മായ്ക്കാൻ നിക് കാർട്ടർ ഇനിയിവിടെ സ്വയം മറന്ന് പാടും. പല തവണ ഹൃദയം തകർന്നിട്ടും  ആസ്വാദകഹൃദയം കീഴടക്കാൻ ബ്രയാൻ ലിറ്ററിൽ വീണ്ടുമെത്തും. പിരിഞ്ഞു പോയിട്ടും തിരികെയെത്തിയ കെവിൻ റിച്ചാഡ്സൺ പാട്ടിന്റെ അലകൾ തീർക്കും. എ ജെ  മാക് ലെനിനും ഹൊവീ ഡോറോയും നിറ സാന്നിധ്യമാകും. പാട്ടിന്റെ വരികളിലെ അർത്ഥങ്ങളിലേക്ക് ഊളിയിട്ടും, അതി തീവ്രമായ ദൃശ്യ ചാരുത പകർന്നും ആ അഞ്ചു പേർ എത്രയെത്ര ഹിറ്റുകൾ നൽകി. മൂന്നു പതിറ്റാണ്ടായി പോപ്പ് സംഗീത രംഗത്ത് നിറഞ്ഞു നിൽക്കുന്നുണ്ട് ഈ അമേരിക്കൻ   ഗായക സംഘം.

ഡിഎൻഎ വേൾഡ് ടൂറിന്റെ ഭാഗമായി മെയ് മാസത്തിലാണ് ബിഎസ്‌ബി എന്ന വിളിപ്പേരുള്ള ബാക് സ്ട്രീറ്റ് ബോയ്സ് ഇന്ത്യയിൽ പാടുന്നത്. മെയ് നാലിന് മുംബൈയും അഞ്ചിന് ഡൽഹിയുമാണ് വേദികൾ.

ജീവിത ദുരന്തം പാട്ടിലും

ഹൃദ്രോഗിയായിട്ടാണ് ബ്രയാൻ ലിറ്ററൽ ജനിക്കുന്നത്. ഹൃദയത്തിൽ അണുബാധയും ഉണ്ടായി. ജനിച്ച് ദിവസങ്ങൾ മാത്രമുള്ളപ്പോൾ ഹൃദയത്തിന് വീണ്ടും തകരാർ കണ്ടെത്തി. മരിക്കുമെന്ന് കരുതിയ കുട്ടി. അഞ്ചു വയസിൽ വീണ്ടും ബാക്ടീരിയ അണുബാധ. പക്ഷേ ആ കുഞ്ഞു  ഹൃദയം നിറയെ സംഗീതമായിരുന്നു. അവൻ പാട്ടുകൾ പാടി.  മുതിർന്നപ്പോൾ ബാക് സ്ട്രീറ്റ് ബോയ്സിലെ മികച്ച ഗായകരിലൊരാളായി. പക്ഷെ, ബ്രയാന്റെ ഹൃദയം വേദനിച്ചു കൊണ്ടിരുന്നു. സംഗീത ഗ്രൂപ്പിൽ തകർത്താടുമ്പോൾ ഹൃദയത്തിനു ശസ്ത്രക്രിയ നടത്തി. ആശുപത്രി മുറിയുടെ നീണ്ട വിരസതയിലൊടുവിൽ അവർ വീണ്ടും ആൽബം പുറത്തിറക്കി. മരണം കാത്തു കിടന്ന  നിമിഷങ്ങൾ ഒപ്പി ബ്രയാൻ പാടി , തന്റെ ജീവിതം പോലെ..."ഷോ മീ ദ മീനിങ് ഓഫ്  ബീയിങ് ലോൺലി "  

മരണം കാത്തു കിടന്ന  നിമിഷങ്ങൾ ഒപ്പി ബ്രയാൻ പാടി ,  തന്റെ ജീവിതം പോലെ " ഷോ മീ ദ മീനിങ് ഓഫ്  ബീയിങ് ലോൺലി   ... "  

ബിഎസ്ബിയുടെ ഏറ്റവും മികച്ച ഹൃദയ ഹാരിയായ ഗാനങ്ങളിലൊന്നാണിത് .  പാട്ടിന്റെ  ദൃശ്യങ്ങളും വേർപാടിന്റെ വേദനകളാണ്. മരണത്തിന്റെ തീവ്ര യാഥാർഥ്യങ്ങളാണ്. വിരഹത്തിന്റെ കണ്ണീരുമുണ്ട്. നോവുകൾ പങ്കു വെച്ച് മക് ലിനും കെവിനും നിക്കിനുമെല്ലാം ഉണ്ട് പാട്ടിന്റെ വരികളിൽ .

 സങ്കടത്തിന്റെ കനൽ എരിഞ്ഞു എന്നെങ്കിലും ഹൃദയം പൊള്ളുന്നുണ്ടെങ്കിൽ, ഈ പാട്ടൊന്നു കേട്ട് നോക്കൂ ,  മനോഹരമായ ഒരു മൂളിപ്പാട്ട് പോലെ ഹൃദയത്തെ തലോടും ഈ ഗാനം . അതിന്റെ ആഴത്തിൽ മുങ്ങി മുങ്ങി ആസ്വാദകനും നെടുവീർപ്പിടാം. ട്രൂപ്പ് അംഗം  ബ്രയാൻ ലിറ്ററിന്റെ പാട്ടും ജീവിതവും അങ്ങനെയാണ്. ഇടയ്ക്കിടെ ആരോഗ്യം വഷളാകും. ശസ്ത്രക്രിയക്ക് ശേഷം 2009  ൽ  ബ്രയാന് പന്നിപ്പനി വന്നതോടെ ബാക് സ്ട്രീറ്റ് ബോയ്സിന്റെ പ്രോഗ്രാം വീണ്ടും റദ്ദാക്കി.

വീണ്ടും പാടി തിമിർത്തെങ്കിലും രോഗം വീണ്ടും ബ്രയാനെ  പിടി മുറുക്കി. ശ്വാസ കോശത്തിലെ തകരാർ അയാളുടെ  ശബ്ദത്തെ ബാധിച്ചു

വീണ്ടും പാടി തിമിർത്തെങ്കിലും രോഗം വീണ്ടും ബ്രയാനെ  പിടി മുറുക്കി. ശ്വാസകോശത്തിലെ തകരാർ അയാളുടെ ശബ്ദത്തെ ബാധിച്ചു. ഒരഭിമുഖത്തിൽ ബ്രയാൻ ഇത് തുറന്നു പറഞ്ഞു. പക്ഷെ, ബ്രയാന്റെ ഒപ്പം തന്നെയായിരുന്നു മറ്റ് ബാക് സ്ട്രീറ്റ് ബോയ്സും. ആ സൗഹൃദ തണലിൽ ബ്രയാൻ പാട്ടിലേക്ക് തിരികെയെത്തി.

ആരോൺ കാർട്ടറിന്റെ മരണം

പോപ്പ് ഗായകനായ ആരോൺ കാർട്ടർ മരിച്ചിട്ട് അധികമായിട്ടില്ല. ഒരു ബാത് ടബ്ബിൽ മുങ്ങി കഴിഞ്ഞ നവംബറിലാണ് ആരോൺ മരിക്കുന്നത്. 34 വയസ് മാത്രം പ്രായം. ലഹരി വിഴുങ്ങിയ ഗായകൻ. കുട്ടിക്കാലത്തു തന്നെ പാട്ടിന്റെ വഴികളിൽ ആസ്വാദകരെ ഉന്മാദിയാക്കിയ ആരോൺ. സഹോദരൻ നിക് കാർട്ടർ അക്കാലത്തു തന്നെ ബാക് സ്ട്രീറ്റ് ബോയ്സിലൂടെ തരംഗമായി മാറുകയായിരുന്നു. ഒരിക്കൽ , കുട്ടിക്കാലത്ത് ഏട്ടന്റെ കൈയിൽ തൂങ്ങിയാണ് ബാക് സ്ട്രീറ്റ് ബോയ്സിന്റെ ഷോയിലേക്ക് ആരോണും എത്തുന്നത്. അന്ന് ഒമ്പത് വയസ് മാത്രം പ്രായമുള്ള കുഞ്ഞു ബാലൻ.  

ആരോൺ കാർട്ടർ

സ്വർണ തലമുടിക്കാരൻ നിക് കാർട്ടർ ബാക് സ്ട്രീറ്റ് ബോയ്സിൽ തകർത്താടുമ്പോഴാണ് അനിയൻ ആരോൺ വേദിയിൽ കൗതുകമായത്. ബോയ്സിലെ ആറാമനായി ആരോണിനെ വാഴ്ത്തി തുടങ്ങി. എന്നാൽ കുട്ടിക്കാലത്തു തന്നെ ആരോണ്‍ സോളോ ആല്‍ബങ്ങളിലേക്ക് വഴി മാറി. ആരോണിന്റെ ദുരൂഹ മരണത്തിൽ നിക് കാർട്ടർ തകർന്നു പോയിരുന്നു. ബാക് സ്ട്രീറ്റ് ബോയ്സിന്റെ ഡി എൻ എ വേൾഡ് ടൂർ നടക്കുന്ന സമയത്താണ് ഈ ദുരന്തം. 

ആരോൺ മരിച്ച പിറ്റേ ദിവസം ബാക് സ്ട്രീറ്റ് ബോയ്സിന് ലണ്ടനിൽ ഷോ ഉണ്ടായിരുന്നു. ഹൃദയം തകരുന്ന വേദനയോടെ ടീമംഗങ്ങൾക്കൊപ്പം നിക് വേദിയിൽ എത്തി. ആരോണിന് ആദരാഞ്ജലിയുമായാണ് ബോയ്സിന്റെ ടൂർ ആരംഭിച്ചത്. ആരോണിനെ കുറിച്ച് റിച്ചാഡ്സൺ സംസാരിച്ചു തുടങ്ങുമ്പോഴേ നിക് കാർട്ടർ വേദിയിൽ നിന്ന് വിതുമ്പി. അന്ന്  പാടിയ പാട്ടുകൾക്ക് നിക്കിന്റെ പതിവ് ചടുലത ഉണ്ടായിരുന്നില്ല. തന്റെ വരികൾ എത്തുമ്പോൾ പലപ്പോഴും നിക്കിന് ശബ്ദം ഇടറി. പ്രത്യേകിച്ച് വേർപാടിന്റെ ശൂന്യത വിവരിക്കുന്ന  ' ഷോ മി ദി മീനിങ് ഓഫ് ബീയിങ് ലോൺലി'യും 'ഇൻകംപ്ലീറ്റും' പാടുമ്പോൾ.

തൊണ്ണൂറിൽ മുളച്ച ഗായക സംഘം

പകരം വയ്ക്കാനില്ലാത്ത രാജാവായി മൈക്കൽ ജാക്സൺ പോപ്പ് സംഗീതത്തിൽ വേരുറപ്പിച്ച കാലം. ത്രില്ലറും, ബില്ലി ജീൻ കിങ്ങും പോലുള്ള വിഖ്യാത ജാക്സൺ ആൽബങ്ങൾ എൺപതുകളിൽ തരംഗമായി കഴിഞ്ഞു. അപാര ശബ്ദ മാസ്മരികതയും നൃത്ത ചുവടുകളുമായി ജാക്സൺ തൊണ്ണൂറുകളിലേക്കും കടന്നു. ഒന്ന് കൂടെ ചുവടുറപ്പിച്ചു, അക്കാലത്താണ്'ഡേയ്ഞ്ചറസ്' ആൽബം പുറത്തിറങ്ങുന്നത്. ലോക സംഗീത ഭൂപടത്തിൽ മൈക്കൽ ജാക്സൺ എന്ന ഒറ്റ പേര് ഇതിഹാസമായി മാറുന്നു. ഈ തൊണ്ണൂറുകളിലാണ് ബാക് സ്ട്രീറ്റ് ബോയ്സിന്റെ വരവ്.

മൈക്കൽ ജാക്സൺ

സംഗീത നിർമാതാവായ ലൂ പേൾമാനാണ് ഒരു സംഗീത ഗ്രൂപ്പ് രൂപീകരിക്കുന്നതായി പരസ്യം നൽകുന്നത്.  പതിനാറിനും പത്തൊമ്പതിനും ഇടയിലുള്ളവരെയാണ് അതിനായി തെരഞ്ഞെടുത്തത്. എത്രയോ യുവ ഗായകർ ഓഡിഷന് വന്നു. എന്നാൽ പതിനാലു വയസുള്ള എ ജെ മാക് ലീൻ  ആണ് ആദ്യം അംഗമാകുന്നത്. നിക് കാർട്ടർക്കും  ഹോവൈ ഡോറോയും കെവിൻ റിച്ചാഡ്സണും പിന്നീട് തിരഞ്ഞെടുക്കപ്പെട്ടു. നിക് കാർട്ടർ ആയിരുന്നു കൂട്ടത്തിൽ ഏറ്റവും ഇളയവൻ.

നിക് കാർട്ടർ സഹോദരനായ ആരോൺ കാർട്ട റിനൊപ്പം

അഞ്ചാമത്തെ ഓഡിഷൻ നടക്കുന്ന വിവരം റിച്ചാഡ്‌സന്റെ ഫോൺ കോളിലൂടെയാണ് കസിൻ ബ്രയാൻ ലിട്രൽ അറിയുന്നത്. പിന്നെ ലിട്രൽ ടീമിന്റെ ഭാഗം.  ബ്രയാൻ ലിട്രലും കെവിൻ റിച്ചാഡ്സണും അക്കാലത്ത് പള്ളികളിലും ഉത്സവങ്ങളിലും പാട്ടു പാടും. ഇരുവരും കസിൻസ് കൂടിയായിരുന്നു. ആദ്യം സെലക്ഷൻ കിട്ടിയ എ ജെ മക്‌ളീൻ ആവട്ടെ, പാട്ടിനൊപ്പം മികച്ച നർത്തകൻ കൂടിയായിരുന്നു .

പേൾ മാനാണ് ഗായക സംഘത്തിന് ബാക് സ്ട്രീറ്റ് ബോയ്സ് എന്ന പേര് നൽകുന്നത്. 1993 ലാണ് ആദ്യ ഷോ.  ഷോപ്പിംഗ് മാളുകളിലും റെസ്റ്റാേറന്റുകളിലുമെല്ലാം സംഗീത പരിപാടികൾ നടന്നു കൊണ്ടിരുന്നു. 1996ലാണ് ബാക് സ്ട്രീറ്റ് ബോയ്സ് എന്ന ആദ്യ  ആൽബം പുറത്തിറങ്ങുന്നത്.

കൗമാരക്കാരായ അഞ്ചു  പേർ പൊടുന്നനെയാണ് ലോക ശ്രദ്ധയാർജ്ജിച്ച ഗായക സംഘമായി മാറിയത്. ബാക് സ്ട്രീറ്റ് ബോയ്സ് എന്ന ആൽബം  ലോക ശ്രദ്ധയാകർഷിച്ചു. കോപ്പികൾ വിറ്റഴിഞ്ഞു. തൊട്ടടുത്ത വര്‍ഷം ബാക് സ്ട്രീറ്റ് ബാക് എന്ന ആൽബം പുറത്തിറങ്ങി. മില്ലേനിയം എന്ന ആൽബം പുറത്തിറങ്ങിയതോടെ സൂപ്പർ സ്റ്റാർഡം തന്നെ അവർക്ക് ലഭിച്ചു.  തൊട്ടടുത്ത വര്‍ഷം ' എ വെരി ബാക്ക്സ്ട്രീറ്റ് ക്രിസ്മസ് '  
എന്നീ ആൽബങ്ങളും പുറത്തിറങ്ങി. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തൊണ്ണൂറുകളിലെ ഏറ്റവും മികച്ച ബോയ് ബാൻഡ് ആയി അവർ ലോക സംഗീതത്തിൽ നിറഞ്ഞു നിന്നു

പാട്ടിന്റെ വരികളിലെ അഗാധമായ അർഥങ്ങളും ബി എസ്‌ ബി യെ ആളുകൾക്ക് പ്രിയങ്കരമാക്കി. വയലൻസോ, കൂടുതൽ നൃത്ത ചുവടുകളോ ഒന്നുമില്ല. വരികളുടെ അർഥങ്ങൾ ആഴത്തിൽ പതിയുന്ന ദൃശ്യങ്ങളിലൂടെയാണ് ഇവരുടെ ഗാനം ശ്രദ്ധേയമായത്. ദശലക്ഷക്കണക്കിനു റെക്കോർഡുകൾ വിറ്റഴിഞ്ഞിട്ടുണ്ട് ബാക് സ്ട്രീറ്റ് ബോയ്സിന്റെ ആൽബങ്ങൾ.

ലഹരി , വീഴ്ചകൾ , വഴി പിരിയൽ

 ശബ്ദത്തിലും നൃത്തത്തിലും ഒരു പോലെ വഴക്കവുമായി എ ജെ മാക് ലീൻ തിളങ്ങി നിൽക്കുമ്പോഴാണ് ജീവിതം മദ്യത്തിലേക്ക് വഴി മാറുന്നത്. ബാക് സ്ട്രീറ്റ് ബോയ്സിൽ ആദ്യം സെലക്ഷൻ കിട്ടിയ മാക് ലീൻ . രണ്ടു വയസുള്ളപ്പോൾ എ ജെയുടെ മാതാപിതാക്കൾ വേർപിരിഞ്ഞിരുന്നു. അമ്മയുടെയും മുത്തശ്ശിയുടെയും തണലിൽ ആയിരുന്നു ആദ്യം വളർന്നത്. 2001 ൽ മുത്തശ്ശി മരിച്ചതോടെ മക്‌ലീൻ   കടുത്ത മദ്യപാനിയായി. പിന്നെ മയക്കു മരുന്നിലേക്കും വഴി മാറി. മക്‌ലീന്റെ മാറ്റം  ടീമിനെ ഉലച്ചു. കെവിൻ  റിച്ചാർഡ്സൺ ഇതിന്റെ പേരിൽ ഉടക്കി. ബോയ്സ് വേർപിരിയലിന്റെ വക്കിലെത്തി. താൻ ട്രൂപ്പ് വിടുമെന്ന് എ ജെ ഭീഷണിപ്പെടുത്തി. പിന്നീട് മൂന്നു തവണ അയാൾ പുനരധിവാസത്തിന് പോയി. 2019 ൽ അവസാനത്തോടെ വീണ്ടും ചികിത്സക്കായി മാക് ലീൻ  പോയി.

എ ജെ മാക് ലീൻ

വേർ പിരിയുമെന്നു ആദ്യം ഭീഷണിപ്പെടുത്തിയത് മാക് ലീൻ   ആയിരുന്നെങ്കിലും ട്രൂപ് വിട്ടത് കെവിൻ റിച്ചാഡ്സൺ ആണ്. പത്തേക്കർ ഫാമിൽ വളർന്ന റിച്ചാഡ്സൺ ബി എസ്‌ ബിയിൽ ചേരുന്നതിനു മുമ്പേ അച്ഛൻ കാൻസർ ബാധിച്ചു മരിച്ചിരുന്നു. ഡിസ്നിയുടെ മിക്കി മൗസ് ക്ലബിൽ ചേരാൻ ആദ്യം അവസരം കിട്ടിയെങ്കിലും ബാക് സ്ട്രീറ്റ് ബോയ്സ് ആയിരുന്നു അന്ന് റിച്ചാഡ്സൺ തെരഞ്ഞെടുത്തത്. എന്നാൽ 2006 ഇൽ വ്യക്തിപരമായ കാരണങ്ങളാൽ ട്രൂപ്പ് വിട്ടു. കെവിന് പകരക്കാരനായി ആരെയും ബാക് സ്ട്രീറ്റ് ബോയ്സ് തെരഞ്ഞെടുത്തില്ല. അയാൾക്ക് വേണ്ടി എന്നും വാതിലുകൾ തുറന്നിട്ടുണ്ടെന്നു അവർ വ്യക്തമാക്കി. റിച്ചാഡ്സൺ  ഇല്ലാതെ 'അൺ ബ്രേക്കബിള്‍'   എന്ന ആൽബം അവർ പുറത്തിറക്കി.പിന്നീടു  റിച്ചാഡ്സൺ തിരിച്ചു വന്നതോടെ പഴയ ബോയ്സ് വീണ്ടും സജീവമായി.

വേർ പിരിയുമെന്നു ആദ്യം ഭീഷണിപ്പെടുത്തിയത് മാക് ലീൻ   ആയിരുന്നെങ്കിലും ട്രൂപ് വിട്ടത് കെവിൻ റിച്ചാഡ്സൺ ആണ്

റിച്ചാഡ്സണും ബ്രയാനും കുട്ടിക്കാലം മുതൽ പള്ളികളിൽ പാടി തുടങ്ങിയതോടെ ഭക്തി സാന്ദ്രമായാണ് ജീവിതം തുടരുന്നത്. ബ്രയാനെ  രോഗം ഇടയ്ക്കിടെ വേദനയുടെ തടവറയിലാക്കും. അസാമാന്യ പ്രതിഭയായ നിക് കാർട്ടറുടെ ജീവിതം പക്ഷെ ദുരന്ത പൂർണമാണ്. കുട്ടിക്കാലം മുതൽ കുടുംബ തകർച്ച കണ്ടാണ് നിക് വളർന്നത്. പാട്ടായിരുന്നു ആ വേദനയുടെ മുക്തി. മൈക്കിള്‍ ജാക്സന്റെ ശബ്ദത്തോടു  ഏറെക്കുറെ സാമ്യമുണ്ടെന്ന് വരെ നിക്കിനെ പലരും വാഴ്ത്തി.  

ബാക് സ്റ്റ്രീറ് ബോയ്സ്

ഡിസ്നിയുടെ മിക്കി മൗസ് ക്ലബിൽ ചേരാൻ അവസരമുണ്ടായിട്ടും നിക് തെരഞ്ഞെടുത്തത് ബാക് സ്റ്റ്രീറ് ബോയ്സ് ആണ്. സഹോദരങ്ങളായ ലെസ്ലി കാർട്ടറും ആരോൺ കാർട്ടറും നിക്കിന്റെ വഴി തുടർന്ന് പോപ്പ് ഗായകരായി. എന്നാൽ 2001 ൽ സഹോദരി ലെസ്ലി കാർട്ടർ മരിച്ചു. ഇത് കാർട്ടർ കുടുംബത്തെ വല്ലാതെ തകർത്തിരുന്നു. കുഞ്ഞനിയൻ  ആരോൺ കാർട്ടർ സോളോ ആൽബങ്ങളിലൂടെ പ്രിയങ്കരനായി മാറി. എന്നാൽ ലഹരിയുടെ ചുഴിയിലായിരുന്നു ആരോണിന്റെ ജീവിതം. കഴിഞ്ഞ നവംബറിൽ ആരോൺ കൂടി പോയതോടെ കാർട്ടർ കുടുംബത്തിലെ രണ്ട പോപ്പ് ഗായകരാണ് ഇല്ലാതാകുന്നത്. പാട്ടിന്റെ വഴിയിൽ ഇനി നിക് കാർട്ടർ മാത്രം.

ഡിസ്നിയുടെ മിക്കി മൗസ് ക്ലബിൽ ചേരാൻ അവസരമുണ്ടായിട്ടും നിക് തെരഞ്ഞെടുത്തത് ബാക് സ്റ്റ്രീറ് ബോയ്സ് ആണ്. സഹോദരങ്ങളായ ലെസ്ലി കാർട്ടറും ആരോൺ കാർട്ടറും നിക്കിന്റെ വഴി തുടർന്ന് പോപ്പ് ഗായകരായി

ട്രൂപ്പിലെ അഞ്ചാമനായ ഹോവി ഡോറോയും സഹോദരിയുടെ അകാല വിയോഗത്തിന്റെ വേദന പേറുന്നവനാണ്. ബാക് സ്ട്രീറ്റ് ബോയ്സ് ഉന്നതിയിൽ നിൽക്കുന്ന തൊണ്ണൂറുകളിൽ ആണ് സഹോദരി കരോളിൻ ഡോറോയ്ക്ക് ലൂപസ് രോഗം വരുന്നത്. 98 ൽ കരോളിൻ മരിച്ചു. തുടർന്ന് ഒരു ചാരിറ്റി ക്ലബ് രൂപീകരിച്ചു, ഹോവി അതിന്റ പ്രവർത്തനങ്ങളിലും വ്യാപൃതനായി

വരികളിലെ വിസ്മയം

ശബ്ദവും നടനവും വിസ്മയം തീർക്കുന്നതാണ് മൈക്കിള്‍ ജാക്സന്റെ പാട്ടുകൾ. അതിനൊപ്പം പാട്ടിന്റെ വരികൾക്കും അർഥം ഏറെ. ബി എസ്‌ ബിയുടെ പാട്ടുകളിലും വരികളിലെ ഈ അർഥം ഏറെയുണ്ട്. ഏകാന്തതയുടെ, അല്ലെങ്കിൽ വേർപാടിന്റെ നോവുകൾ വിങ്ങുമ്പോൾ ഷോ മി ദി മീനിങ് ഓഫ് ബീയിങ്...നമ്മുടെ മനസിനെ ഉലയ്ക്കും. ' ഇൻ കംപ്ലീറ്റി' ലും വിരഹത്തിന്റെ ആഴം തീവ്രമായി വരച്ചിടുന്നുണ്ട്.

പ്രിയപ്പെട്ട അച്ഛന്റെ വേർപാട് ഓർത്താണ് കെവിൻ റിച്ചാഡ്സൺ " നെവർ ഗോൺ..." എന്ന ആൽബം രചിച്ചത്. മരണം വരെ പ്രിയമുള്ളൊരാളെ സ്നേഹിക്കുന്ന " ഷേയ്പ് ഓഫ് മൈ ഹാർട്ട് " .  പ്രണയിനികളുടെ മനം കവർന്ന " ഐ വിൽ നെവർ ബ്രേക്ക് യുവർ ഹാർട്ട്  ...." തുടങ്ങി ഒട്ടേറെ ഗാനങ്ങൾ ഈ ബാൻഡ് ഹിറ്റാക്കി.   മില്ലേനിയം,  ദിസ് ഈസ് അസ് , ബ്ലാക് ആൻഡ് ബ്ലൂ , നെവർ ജോൺ, അണ്‍ ബ്രേക്കബിൾ , ഡി എൻ എ തുടങ്ങിയ ആൽബങ്ങളും ബാക് സ്ട്രീറ്റ് ബോയ്സിന്റേതായതുണ്ട്.
സിനിമയിലും റിയാലിറ്റി ഷോകളിലും ഭാഗമായ ബോയ് ബാൻഡിനെ കുറിച്ച് ചലച്ചിത്രങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍