OPINION

ചുരങ്ങൾ കുരുക്കിട്ട രാവണൻ കോട്ട; വയനാടൻ ജനതയുടെ ദുരിത ജീവിതം 

കെ യു ജോണി

രാവും പകലുമില്ലാതെ നീണ്ട നിലവിളിയുമായി വയനാട്ടു നിന്ന് ചുരത്തിലേയ്ക്ക് പായുന്ന ആമ്പുലൻസുകളുടെ ഗതികേട് നോക്കുക. ഭാഗ്യമുള്ളവർ രക്ഷപ്പെട്ടെന്നു വരാം. അല്ലാത്തവർ ചുരത്തിലെ ട്രാഫിക്ക് കെണികളിൽ കുരുങ്ങി മരിക്കും. ഇന്നലെയും ഒരാൾ മരിച്ചു. മിക്ക ദിവസവും ഇത് തുടരുന്നു.  

വർഷങ്ങളായി ഈ ക്രൂരത വയനാട്ടുകാർ സഹിച്ചു കൊണ്ടിരിക്കുന്നു. ആരെയാണിതിൽ കുറ്റപ്പെടുത്തേണ്ടതെന്ന് ആർക്കും സംശയമില്ല. എല്ലാ ഭരണകൂടങ്ങൾക്കും ഇതിന്റെ ഉത്തരവാദിത്തമുണ്ട്. വയനാട്ടിലെ ആശുപത്രികളുടെ കാര്യം പരിഹാസ്യമെന്നേ പറയേണ്ടു. ജില്ല വന്നിട്ട് 43 വർഷങ്ങളായി. ഇതുവരെ ഒരു യഥാർത്ഥ മെഡിക്കൽ കോളേജ് ഇവിടെ  വന്നിട്ടില്ല. ജനങ്ങൾ മുറവിളി കൂട്ടിയപ്പോൾ മടക്കിമലയിൽ ശ്രീ വിജയപത്മൻ സംഭാവന ചെയ്ത 50 ഏക്കർ കാപ്പിത്തോട്ടം ഏറ്റെടുത്തു. അവിടെ മെഡിക്കൽ കോളേജ് നിർമ്മിക്കുന്നതിനു പകരം പരിസ്ഥിതി പ്രശ്നങ്ങൾ ഉന്നയിച്ച് അതിനെ തഴഞ്ഞു. ആ 50 ഏക്കറിലെ കാപ്പിക്കുരുവും കുറേ മരങ്ങളും ആരോ കൊണ്ടുപോയി. അപ്പോഴാണ് മേപ്പാടിയിലെ വിംസ് ആസ്പത്രി ഒരു പ്രൊപ്പോസലുമായി വന്നത്. നിലവിൽ മെഡിക്കൽ കോളേജായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം സ്റ്റാഫടക്കം സർക്കാർ ഏറ്റെടുക്കണം എന്നായിരുന്നു ആവശ്യം. ചില പ്രായോഗിക പ്രശ്നങ്ങൾ കാരണം അത് വേണ്ടെന്നു വെച്ചു. അടുത്തതായി പേരിയ ചുരത്തിനു സമീപം സ്ഥാപിക്കാൻ പോകുന്ന ഒരു മെഡിക്കൽ കോളേജായി ചർച്ച. ഓർക്കുക വയനാടിന്റെ വടക്കു കിഴക്കേ അതിരിൽ കിടക്കുന്ന പ്രസ്തുത സ്ഥലത്തുനിന്ന് കണ്ണൂരിലേയ്ക്കും മാനന്തവാടിയിലേയ്ക്കും ഏറെക്കുറെ ഒരേ ദൂരം! അതും നടന്നില്ല.

സാമൂഹ്യ പ്രവർത്തകരും ജനങ്ങളും വീണ്ടും മുറവിളി കൂട്ടിയപ്പോൾ കല്പറ്റ കോഴിക്കോട് നാഷണൽ ഹൈവേയിൽ ചേലോട് എസ്റ്റേറ്റിൽ സ്ഥാപിക്കാമെന്ന് ഒരു പ്രൊപ്പോസൽ മിന്നിമറഞ്ഞു. അപ്പോഴും ചുരത്തിന്റെ ആളെക്കൊല്ലി വളവുകളിലേയ്ക്ക് ആംബുലൻസുകൾ നിലവിളിച്ചു കൊണ്ടോടുന്ന കാഴ്ച ജനങ്ങൾ സങ്കടത്തോടെ കണ്ടു കൊണ്ടിരുന്നു. 

സ്ഥലം ഏറ്റെടുത്ത് മെഡിക്കൽ കോളേജ് പണിയുന്നതിലും പ്രായോഗികം നിലവിലുള്ള ജില്ലാശുപത്രി മെഡിക്കൽ കോളേജായി അപ്ഗ്രേഡ് ചെയ്യുക എന്നതായിരുന്നു. ആ ഭാഗ്യം കിട്ടിയത് പഴയ മാനന്തവാടി താലൂക്ക് ആസ്പത്രിയായിരുന്ന, പിന്നീട് ജില്ല ആശുപത്രിയായി വേഷം മാറിയ സ്ഥാപനത്തിനായിരുന്നു. അങ്ങനെ പൊൻകുന്നം വർക്കി, അന്തോണി നീയും അച്ചനായോടാ എന്നു ചോദിച്ചതു പോലെ ജില്ല ആശുപത്രി പുതിയ മെഡിക്കൽ കോളേജായി. ആകെ വന്ന ചെലവ് ആസ്പത്രിക്കുന്നിലേയ്ക്ക് കേറുന്ന വഴിയിൽ സ്ഥാപിച്ച ജില്ല ആശുപത്രി എന്ന ബോർഡ് മാറ്റി മെഡിക്കൽ കോളേജ് എന്ന് എഴുതി വെച്ചത് മാത്രമാണ്. ഈ ഇല്ലായ്മകൾക്കും പ്രാരബ്ധങ്ങൾക്കും നടുവിൽ നിന്ന് ജീവൻ രക്ഷിക്കണമെങ്കിൽ അവിടെ നിന്ന്  110 കി.മീ. അകലെയുള്ള കോഴിക്കോട്ടെ സ്പെഷ്യാലിറ്റി ആശുപത്രികൾ മാത്രമാണ് ശരണം. അവയാകട്ടെ ചൊവ്വാഗ്രഹം പോലെ വിദൂരവുമാണ്.

ആഴ്ചാവസാനങ്ങളിൽ എന്റെ മകനും കുടുംബവും ഞങ്ങളെ കാണാൻ കോഴിക്കോട്ടു നിന്ന് വരാറുണ്ടായിരുന്നു. ഇപ്പോൾ കുറേ നാളായി താമരശ്ശേരി ചുരം (റവന്യു വകുപ്പിട്ട ഈ ചെല്ലപ്പേര് വയനാട്ടുകാർ അംഗീകരിക്കില്ല.) ഒരു കാരക്കോറം ചുരം പോലെ, ഒരു കല്ലട്ടി ചുരം പോലെ, ഒരു കാർപാത്യൻ ചുരം പോലെ ആരേയും എന്തിനേയും വിഴുങ്ങാൻ ഭാവിച്ച് വാളെടുത്ത് നില്‍പാണ്.

ചുരം കയറി മുകളിൽ എത്തണമെങ്കിൽ സുകൃതം ചെയ്യണം. എത്രയോ തവണ മിഷലും രഞ്ജിനിയും ജോണും ജസീക്കയും  നിരാശരായി തിരികെപ്പോയി. എങ്കിൽ പകരം ഞാനും ഷീലയും അങ്ങോട്ടു ചെല്ലാമെന്നു തീരുമാനിച്ചു. അങ്ങനെ അവരെക്കാണാൻ കോഴിക്കോട്ടേയ്ക്കു പുറപ്പെട്ടപ്പോഴൊക്കെ ഞങ്ങളും ചുരത്തിൽ കുടുങ്ങി ജീവൻ കളയാതെ വീട്ടിലേയ്ക്ക് തന്നെ തിരികെപ്പോന്നു. ഇതാണ് കുറേ നാളായി ചുരത്തിലെ അവസ്ഥ. പക്ഷെ ഒരു വയനാടൻ ചുരത്തിന് ഞങ്ങളെ തോല്പിക്കാൻ കഴിയില്ല. ഇങ്ങനെ ജീവിതം വെച്ചു സർക്കസ് കളിക്കാൻ മനസ്സില്ലാതെ ഞങ്ങൾ കോഴിക്കോട്ടേയ്ക്ക് താമസം മാറ്റി പ്രതികാരം ചെയ്തു.

ആർക്കുവേണം വയനാട് !

എന്റെ പ്രലോഭനീയമായ വയനാടൻ ജീൻ പൂളിനെക്കുറിച്ചും ബാണാസുരസാഗർ റിസർവോയറിലെ ബോയിലറിൻ നിന്ന് പുലർച്ചെ പൊന്തുന്ന നീരാവിയെക്കുറിച്ചും ആ ജലസമാധിയിൽ എങ്ങോ വീണു കിടക്കുന്ന സ്വർണ്ണത്താക്കോലിനെക്കുറിച്ചും വയനാടൻ നിമ്നോന്നതങ്ങളിലെ ചാണകം നിറഞ്ഞ തെരുവുകളെക്കുറിച്ചും ഓടിയെത്താത്ത കുതിരപ്പാണ്ടി നിരത്തിനെക്കുറിച്ചും

റ്റെറോഡെക് ടൈലുകൾ പോലെ പുഴ യോരങ്ങളിൽ  വേരു പറിഞ്ഞു കിടക്കുന്ന വൃക്ഷങ്ങളെക്കുറിച്ചും എത്രയെത്ര കഥകൾ ഞാനെഴുതി. അതുകൊണ്ടൊക്കെ വയനാട് രക്ഷപ്പെടുമെന്ന് നിങ്ങൾ ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ ! റൂസ്സോ ഫ്രഞ്ചു വിപ്ലവത്തിന് വഴി മരുന്നിട്ടെന്ന് ചരിത്രകാരൻ എഴുതി വെച്ചിട്ടുണ്ട്. ഭൂമിയിലെ മുഴുവൻ എഴുത്തുകാർ വിചാരിച്ചാലും ചുരത്തിലെ കുരുക്കഴിയില്ല. 

ടൂറിസ്റ്റുകളുടെ കാര്യമാണ് കഷ്ടം. പൂക്കോട്ട് ചിറയിലും എടക്കൽ ഗുഹയിലും കുറുവ ദ്വീപിലും ചെമ്പ്രാ പീക്കിലും കാരാപ്പുഴ ഡാമിലും നിരന്തരം ബ്ലോക്കുകളിലും ക്യൂവിലും കുടുങ്ങി അവർ ശ്വാസം വലിക്കുന്നു.  ഇപ്പോൾ ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും കൂലങ്കുഷമായി ചിന്തിച്ച് ചെയ്യുന്ന ഒരേയൊരു സേവനം ടൂറിസ്റ്റുകളെ കൊണ്ടുവന്നു നിറയ്ക്കുക എന്നത് മാത്രമാണ്. അതിനിടയിൽ ജീവിച്ചു പോകുന്ന വയനാടൻ ജനത എങ്ങനെ ജീവിച്ചാലും വേണ്ടില്ല, സർക്കാരിന് ടൂറിസ്റ്റുകളെ മാത്രം മതി എന്നാണ്. ബ്യൂറോക്രസിയുടെ കണ്ണിൽ പാവപ്പെട്ടവന്റെ ദുരിതങ്ങൾ ഒരിക്കലും ചെന്നെത്തില്ല.

ഭരണകൂടത്തിന്റെ കണ്ണെത്താത്ത ജില്ല 

ഒന്നാം ലോക മഹായുദ്ധത്തിനുശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മധ്യ തിരുവിതാംകൂറിൽ നിന്നും കുടിയേറിയ ക്രൈസ്തവർ വയനാടൻ ഭൂമിയെ കൃഷി ഭൂമികളാക്കി. കുടുംബം എന്ന സങ്കല്പത്തെ വീണ്ടും വിപുലമാക്കി. എന്നാൽ പതിറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ ഇവിടേയും പ്രതിസന്ധികൾ രൂക്ഷമായി. നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലാതെ സ്വന്തം നാട്ടിൽ നിന്നും കുട്ടികൾ ലക്ഷങ്ങൾ കടമെടുത്ത് പഠിക്കാൻ കൂട്ടത്തോടെ  നാടുവിട്ടു പോയി. കാനഡയും ന്യൂസിലൻഡും ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ജർമ്മനിയും അവരുടെ ശരണകേന്ദ്രങ്ങളായി. അവരാരും മടങ്ങിവന്നില്ല. കിട്ടിയ ജോലിയുമായി എല്ലാവരും അവിടെത്തന്നെ പറ്റിക്കൂടി. വീട്ടിൽ അപ്പനും അമ്മയും ഒരിക്കലും വരാത്ത മക്കൾക്കായി കാത്തിരുന്നു. ഇന്ന് വയനാട്ടിലെ കർഷക ഗൃഹങ്ങളിൽ ഇളംതലമുറയുടെ നിഴൽ പോലുമില്ല. മാതാപിതാക്കൾ വാർദ്ധക്യം തള്ളിനീക്കുന്നു.

ഞങ്ങൾക്കുമുണ്ട് ഒരു മകൻ. പന്ത്രണ്ട് കൊല്ലം മുമ്പ് ലണ്ടനിൽ പഠിക്കാൻ പോയതാണ്. ഇപ്പോൾ സിങ്കപ്പൂരിൽ ജോലി ചെയ്യുന്നു. പിന്നീട് തിരിച്ചെത്തിയിട്ടില്ല. അവനെ നോക്കി നോക്കിയിരുന്ന് കണ്ണ് കടയുമ്പോൾ വീഡിയോ കോളിൽ അവൻ പറയുന്നു, “മമ്മി, ഞാനിരുന്ന് പഠിക്കാറുണ്ടായിരുന്ന ആ കസേര ഒന്ന് കാണിക്ക്. ഞാനൊന്ന് കാണട്ടെ. ഞാൻ കിടന്ന കട്ടിലും എന്റെ മേശയും അവിടെത്തന്നെയുണ്ടോ. മുറ്റത്തെ ചെടികളും അടുക്കള വശത്തെ പ്ലാവും മമ്മിയുടെ ബോഗൻ വില്ലകളുമൊക്കെ കാണാൻ കൊതിയാവുന്നു”. ഞങ്ങളുടെ കണ്ണുകൾ നിറയുന്നു. നാല് വർഷം മുമ്പ് അവൻ ഇന്തോനീഷ്യയിലെ റെയ്സ ബല്ലയെ വിവാഹം ചെയ്തു. എന്നിട്ടും തിരിച്ചെത്തിയില്ല.

അവരുടെ കുഞ്ഞുങ്ങളോട് ഞങ്ങളെപ്പറ്റിയും വയനാടിനെക്കുറിച്ചും ചുരത്തെക്കുറിച്ചുമൊക്കെ പറയുമായിരിക്കും. രാപകൽ ഭേദമെന്യേ കാട്ടാനകൾ കയ്യേറിയ നിരത്തുകളെക്കുറിച്ചും കടുവകൾ സന്ദർശിക്കുന്ന ഗ്രാമങ്ങളെക്കുറിച്ചും ചിന്തിച്ചു ചിന്തിച്ച് വയനാടൻ ജനതയ്ക്ക് ഉറക്കം നഷ്ടപ്പെട്ടു. കേറിനിൽക്കാൻ ഇടങ്ങൾ നഷ്ടപ്പെട്ട ഇവർക്ക് ബഫർ സോൺ എന്ന ഡമോക്ലസ്സിന്റെ വാൾ ജീവിതത്തിന്റെ എല്ലാ പഴുതുകളും അടച്ചു. വീണ്ടും അവർ ശരണം കെട്ട് ഓടുക തന്നെയാണ്. ജീവിതം ഒരു പ്രതിസന്ധിയിലാണ്. ഇതൊരു  stalemate ആണെന്നു പറയാം. പണമില്ല. വിളകൾക്ക് വിലയില്ല. ജോലിക്കാരെ കിട്ടാനില്ല.  

പണ്ട് വയനാട് ജില്ലയുടെ ആരംഭകാലത്ത് എനിക്കോർമ്മയുണ്ട് തലസ്ഥാനത്തെ പോലീസ് ആസ്ഥാനത്ത് തപാലുകളും സർക്കുലറുകളും മറ്റും ഓരോ ജില്ലയിലേയ്ക്കും അയയ്ക്കാൻ സ്ഥാപിച്ച Pigeon Hole - ൽ വയനാട് ജില്ലയ്ക്ക് സ്ഥാനമില്ലായിരുന്നു. Despatch clerk തപാലുകൾ തറയിൽ ഒരിടത്ത് കൂട്ടി വെയ്ക്കുകയായിരുന്നു പതിവ്. ഇവിടെ നിന്നയയ്ക്കുന്ന റെയിൽവേ കുറിയർ ഉദ്യോഗസ്ഥർ അവ തറയിൽ കിടപ്പുണ്ടെങ്കിൽ ബാഗിലാക്കി കല്പറ്റയിലെ ജില്ലാ ആപ്പീസിലേയ്ക്ക് കൊണ്ടുവരും (അടിച്ചു വാരുന്നവർ പലപ്പോഴും അതൊക്കെ വെയ്സ്റ്റ് കടലാസ്സെന്നു കരുതി എടുത്തു കളയാറുമുണ്ടായിരുന്നു). 

ഇന്ന് കുറെയൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ട്. തിരുവനന്തപുരത്തുകാർക്ക് വയനാട് എന്നൊരു ജില്ലയില്ല. അത് കേവലം മായയാണ്. വയനാട് ഭൂമിശാസ്ത്രപരമായി കർണാടകയുടെ ഭാഗമാണ്. ഡക്കാൻ പീഠഭൂമിയുടെ തെക്കേയറ്റം. എന്നു വെച്ചാൽ കുടകിന്റെ ഇരട്ട സഹോദരി. ഈ ജില്ലയ്ക്ക് മൈസൂരിനോടും ബംഗ്ളൂരിനോടും ഊട്ടിയോടുമാണ് പ്രണയം. എന്തിനിത്ര കഷ്ടപ്പെട്ട് കോണിയിറങ്ങി കോഴിക്കോട്ടേയ്ക്ക് പോകണം എന്ന് ഈയിടെയായി ജനങ്ങൾ ചോദിച്ചു തുടങ്ങിയിട്ടുണ്ട് ! 

ചുരങ്ങൾ അതിരിട്ട ഹരിതഭൂമി 

ഒന്നും രണ്ടും മൂന്നും ചുരങ്ങളല്ല അഞ്ചു ചുരങ്ങൾ വഴി മാത്രമേ നിങ്ങൾക്ക് കേരളത്തിൽ നിന്ന് വയനാടൻ പീഠഭൂമിയിലേയ്ക്ക് കേറി വരാനാവു. ഇങ്ങനെ പ്രകൃതിയിൽ അനഭിഗമ്യമായ ഒരു പ്രദേശം വേറെയുണ്ടോ എന്നു ചിന്തിച്ചു നോക്കണം. ആദ്യത്തേത് നിങ്ങൾ പറയുന്ന താമരശ്ശേരിച്ചുരം, അടുത്തത് കണ്ണൂർ അതിർത്തിയിലെ പേരിയ ചുരം, മൂന്നാമത്തേത് കോഴിക്കോടൻ ബോർഡറിലെ പക്രന്തളം ചുരം, വേറൊന്ന് തമിൾ നാടൻ അതിർത്തിയിലെ നാടുകാണിച്ചുരം, ഏറ്റവും അവസാനം കൊട്ടിയൂരിൽ ചെന്നിറങ്ങുന്ന  പാൽച്ചുരം.

കേരളീയർ ഓർക്കുക. ഈ ആദിവാസി ജില്ലയിലെ ജനങ്ങൾ രക്ഷപ്പെടാൻ പഴുതുകളില്ലാതെ എലികളെപ്പോലെ അഞ്ചു ചുരങ്ങളിലേയ്ക്കും കിതച്ചു കൊണ്ടോടി പെരുവഴികളിൽ വീണു മരിക്കുന്നു. ഈ സ്തോഭകരമായ നരബലികൾ കണ്ടു കണ്ണ് മഞ്ഞളിച്ച ഞങ്ങൾ പറയാൻ ആഗ്രഹിക്കുന്നത് ഇത്രമാത്രം:  ഇന്നുവരെ ആരേയും വേദനിപ്പിക്കാത്ത ഈ ജനത നിങ്ങളോടുള്ള നാഭീനാള ബന്ധങ്ങൾ മുറിച്ചു കളഞ്ഞ് ഒരു ദുർബ്ബല നിമിഷത്തിൽ യാതൊരു ഗൃഹാതുരത്വവുമില്ലാതെ വിട പറഞ്ഞേയ്ക്കാം. 

(കഥാകൃത്തും നോവലിസ്റ്റുമാണ് ലേഖകൻ. കേരള പോലീസിൽ അസിസ്റ്റന്റ് കമ്മിഷണർ ആയി വിരമിച്ചു) 

ഇസ്രയേല്‍ വധിച്ച ഹിസ്ബുള്ള കമാൻഡർ; ആരാണ് ഇബ്രാഹിം അഖീല്‍?

റഷ്യൻ ചാരന്മാർ വിവരങ്ങൾ ചോർത്തിയേക്കുമെന്ന് ആശങ്ക; സർക്കാർ-സൈനിക ഉദ്യോഗസ്ഥർക്കിടയിൽ ടെലഗ്രാം നിരോധിച്ച് യുക്രെയ്ൻ

അതിഷി ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; ഒപ്പം ചുമതലയേല്‍ക്കുക അഞ്ച് മന്ത്രിമാര്‍ മാത്രം, ഏഴാമത്തെയാളെച്ചൊല്ലി തര്‍ക്കം?

യജമാനദമ്പതികളെ തേടി വളർത്തുപൂച്ച താണ്ടിയത് 1300 കിലോമീറ്റർ; താരമായി റെയ്ൻ ബു

എഡിജിപി സ്ഥാനത്ത് നിന്ന് അജിത്കുമാര്‍ തെറിക്കുമോ? തീരുമാനം ഇന്നറിയാം, മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം രാവിലെ 11ന്