തമിഴകം എമ്പാടും വിജയ് തരംഗമാണ്. പോക്കിരിയും തുപ്പാക്കിയും മെഴ്സലും മാസ്റ്ററും ഇറങ്ങിയ സമയത്ത് ഇരമ്പിയാര്‍ത്ത ആരാധകരുടെ ആവേശമല്ല, പക്ഷേ ചുറ്റും കാണുന്നത്. സിനിമയില്‍നിന്ന് രാഷ്ട്രീയത്തിലേക്കുള്ള വിജയിന്റെ ട്രപ്പീസ് ചാട്ടം ഉണര്‍ത്തുന്ന കൗതുകവും തന്റെ മുന്‍ഗാമികളായ കമല്‍ഹാസനും വിജയകാന്തിനും ശരത്കുമാറിനും പിഴച്ചിടത്ത് ചുവടുറപ്പിക്കാന്‍ ദളപതിക്ക് ആകുമോയെന്ന വലിയ ചോദ്യവുമാണ് വീടുകളിലും തെരുവുകളിലും വിജയുടെ പുതിയ നീക്കങ്ങള്‍ സജീവ ചര്‍ച്ചയാക്കിയിരിക്കുന്നത്.
ഡി എം കെ എന്ന പാര്‍ട്ടിയോട് തുറന്ന യുദ്ധം പ്രഖ്യാപിക്കാതെ വിജയ്ക്ക് ഒരടി മുന്നോട്ടുപോകാനാകില്ല. യുദ്ധം പ്രഖ്യാപിച്ചതുകൊണ്ട് മാത്രമാകില്ല, തമിഴ് മക്കളുടെ വിശ്വാസം ആര്‍ജിക്കാനുള്ള പ്രവര്‍ത്തനങ്ങളുമുണ്ടാകണം
നിലവില്‍ തമിഴകത്ത് രൂപപ്പെട്ടുവരുന്ന രാഷ്ട്രീയസാഹചര്യം വിജയ്ക്ക് ഒരു പരിധിവരെ അനുകൂലമാണ്. എം ജി ആറിനും ജയലളിതയ്ക്കും ലഭിച്ചതും ശിവാജി ഗണേശന്‍ മുതല്‍ കമല്‍ഹാസന്‍ വരെയുള്ളവര്‍ക്ക് ലഭിക്കാതെ പോയതുമായ, ഒരു നേതാവിന്റെ ഉദയത്തിനാവശ്യമായ ചരിത്രനിമിഷം തമിഴകത്ത് രൂപപ്പെടുന്നുണ്ടെന്നുവേണം കരുതാന്‍. എ ഐ എ ഡി എം കെ നേതൃത്വത്തിലുള്ള ഭിന്നത, ജയലളിതയ്ക്കുശേഷം ശക്തനായ നേതാവിനെ കണ്ടെത്താനാകാത്ത സാഹചര്യം, രണ്ട് വര്‍ഷത്തിനിപ്പുറം ഡി എം കെ സര്‍ക്കാരിനെതിരെ ഉയരുന്ന ജനവികാരം, സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ വിജയ്ക്കുള്ള സ്വാധീനം, അദ്ദേഹത്തിന്റെ പ്രായം, അടുത്ത വീട്ട് പയ്യന്‍ ഇമേജ്, വിജയ് പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കുന്ന തമിഴ്മക്കള്‍ സ്നേഹം, ബി ജെ പിക്കെതിരായ നിലപാട് എന്നീ ഘടങ്ങളെല്ലാം ഒത്തുവരുന്നത് മൂലമുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യം നല്ല രീതിയില്‍ പ്രയോജനപ്പെടുത്താനായാല്‍ അത് വിജയ് എന്ന രാഷ്ട്രീയനേതാവിന്റെ ഉദയമാകും. അങ്ങനെയെങ്കില്‍ തമിഴ് സിനിമയിലെന്ന പോലെ തമിഴ് രാഷ്ട്രീയത്തിലും ശോഭിക്കാന്‍ സാധ്യതയുള്ള ഒരു നക്ഷത്രമായി മാറാന്‍ വിജയ്ക്ക് സാധിക്കും.
നോട്ടം യുവതയുടെ കരുത്തില്‍
ഏറ്റവും മോശമെന്ന് നിരൂപകർ വിലയിരുത്തുന്ന സിനിമകളിൽ നിന്ന് പോലും നിലവില്‍ ബോക്സ് ഓഫിസില്‍ കോടികള്‍ വാരാന്‍ സാധിക്കുന്ന ഏക തെന്നിന്ത്യന്‍ താരമെന്ന നിലയില്‍നിന്നാണ് വിജയ് രാഷ്ട്രീയപ്രവേശനത്തിനൊരുങ്ങുന്നത്. കാലാകാലങ്ങളായി ഡി എം കെയും എ ഐ എ ഡി എം കെയും പണം നല്‍കി വോട്ടും ഭരണവും നേടുന്ന സംസ്ഥാനത്ത് ആ കീഴ്‌വഴക്കത്തെ തന്നെ ചോദ്യം ചെയ്ത വിജയുടെ പൊതുപരിപാടി (വിദ്യാര്‍ഥികളെ ആദരിച്ച ചടങ്ങ്) ഒരു തുടക്കം മാത്രമായിരുന്നു. വോട്ടിന് പണം നല്‍കരുതെന്ന ആഹ്വാനം മുതിര്‍ന്നവരോടായിരുന്നില്ല, വളര്‍ന്നുവരുന്ന തലമുറയോടായിരുന്നു.
സൗജന്യ വിദ്യാഭ്യാസം, ഭക്ഷണം, വായനശാല തുടങ്ങി ഇതുവരെ വിജയ് മക്കള്‍ ഇയക്കം നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കളും യുവജനങ്ങളായിരുന്നു. സാധാരണ സിനിമാ താരത്തോടുള്ള പ്രേക്ഷകസമീപനത്തില്‍നിന്ന് വ്യത്യസ്തമായി അവരുടെ അണ്ണന്‍ (സഹോദരന്‍) എന്ന ഇമേജ് ഉണ്ടാക്കിയെടുക്കുന്നതിലും വിജയ് വിജയിച്ചിട്ടുണ്ട്. ഇതില്‍ നിന്നൊക്കെ തമിഴകത്തെ യുവജനതയിലാണ് വിജയ് പ്രതീക്ഷ വയ്ക്കുന്നതെന്നുവേണം കരുതാന്‍.
അംബേദ്കര്‍, കാമരാജ്, എ പി ജെ അബ്ദുല്‍ കലാം, എം ജി ആര്‍ തുടങ്ങി തമിഴകമണ്ണില്‍ സ്വാധീനം ചെലുത്തിയവരെ കൂടെക്കൂട്ടിക്കൊണ്ട് വിജയ് സംസാരിക്കുന്നതും ലക്ഷ്യം വയ്ക്കുന്നതും യുവതലമുറയെയാണ്. യുവാക്കളിലൂടെ കുടുംബങ്ങളിലേക്കെത്തുക എന്നതാവാം തന്ത്രം. പക്ഷേ, ഇതുമാത്രം മതിയാവില്ല ദ്രാവിഡമണ്ണില്‍ ചുവടുറപ്പിക്കാന്‍.
വെല്ലുവിളികള്‍ ചില്ലറയല്ല
എം ജി ആറിന്റെ കാലത്തെ തമിഴകരാഷ്ട്രീയമല്ല ഇന്നത്തേത്. അന്ന് രാഷ്ട്രീയവും സിനിമയും പരസ്പരപൂരകങ്ങളായിരുന്നു. ചലച്ചിത്രതാരം എന്നതിനേക്കാളുപരി അടിമുടി രാഷ്ട്രീയക്കാരനായിരുന്നു എം ജി ആര്‍. അല്ലാതെ സിനിമയില്‍നിന്ന് ലഭിച്ച പ്രശസ്തി മാത്രം മുതലെടുത്ത് രാഷ്ട്രീയക്കാരനായി മാറുകയായിരുന്നില്ല അദ്ദേഹം. രാഷ്ട്രീയ നയതന്ത്രഞ്ജതയും ആശയവ്യക്തതയും നേതൃപാടവവും തന്നെയാണ് എം ജി ആറിനെ പുരട്ച്ചിതലൈവരാക്കി മാറ്റിയത്.
വിജയിന് വലിയ ജനപ്രീതിയുണ്ടെങ്കിലും രാഷ്ട്രീയ നയതന്ത്രജ്ഞതയുണ്ടോയെന്ന് ഇനി കണ്ടറിയണം. മാത്രമല്ല 70 വര്‍ഷത്തിലേറെയായി രണ്ട് പാര്‍ട്ടികള്‍ മാത്രം അധികാരത്തിലേറുന്ന തമിഴകമണ്ണില്‍ പുതിയൊരു പാര്‍ട്ടിക്ക് ചുവടുറപ്പിക്കണമെങ്കില്‍ അതികായരായ രണ്ട് ആല്‍മരങ്ങളുടെ (ഡി എം കെ, എ ഐ എ ഡി എം കെ) വേര് അറുക്കണം. അത് അത്ര എളുപ്പമാകില്ല. 30 ശതമാനത്തിലേറെ വരുന്ന വോട്ട് ബാങ്കാണ് എക്കാലവും ഡി എം കെയുടെ മുതല്‍ക്കൂട്ട്. ഡി എം കെ വിരുദ്ധ വോട്ടുകളുടെ സമാഹരണത്തിലൂടെയാണ് ഇതുവരെ എ ഐ എ ഡി എം കെ അധികാരം പിടിച്ചത്. വിജയ്കാന്തിന്റെ ഡി എം ഡി കെ ഒരിക്കല്‍ മാത്രം എട്ട് ശതമാനം വരെ വോട്ട് നേടിയ സംസ്ഥാനത്ത് മറ്റ് ചെറുപാര്‍ട്ടികള്‍ക്കെല്ലാം അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ വോട്ട് നേടാനായിട്ടുള്ളൂ. ഡി എം കെ വിരുദ്ധ വോട്ടായിരിക്കും വിജയ്‌യും ലക്ഷ്യം വയ്ക്കുക.
ഡി എം കെ എന്ന പാര്‍ട്ടിയോട് തുറന്ന യുദ്ധം പ്രഖ്യാപിക്കാതെ വിജയ്ക്ക് ഒരടി മുന്നോട്ടുപോകാനാകില്ല. യുദ്ധം പ്രഖ്യാപിച്ചതുകൊണ്ട് മാത്രമാകില്ല, തമിഴ് മക്കളുടെ വിശ്വാസം ആര്‍ജിക്കാനുള്ള പ്രവര്‍ത്തനങ്ങളുമുണ്ടാകണം. രാഷ്ട്രീയത്തില്‍ ദീര്‍ഘകാലത്തേക്ക് സ്വയം ഇന്‍വെസ്റ്റ് ചെയ്യാന്‍ വിജയ് തയാറാകേണ്ടി വരും. മറ്റൊരു പ്രധാനവെല്ലുവിളി, സാമ്പത്തികമാണ്. തമിഴ് രാഷ്ട്രീയം പണാധിപത്യത്തിന്റെ കൂടി മേഖലയാണ്. അവിടെ പണം മുടക്കാനാളില്ലെങ്കില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും നിലനില്‍ക്കാനാകില്ല. ശക്തമായൊരു രാഷ്ട്രീയബദലാണെന്ന വിശ്വാസം നേടിയെടുക്കാനായാല്‍ മാത്രമേ വിജയ് എന്ന രാഷ്ട്രീയ നേതാവിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഫണ്ട് ലഭിക്കൂ. ആ ഘട്ടത്തിലേക്കുള്ള യാത്ര ഏറെ ദുര്‍ഘടം പിടിച്ചതായിരിക്കും.
എന്താകും 'മാസ്റ്റര്‍' പ്ലാന്‍?
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയ്‌യോ പാര്‍ട്ടിയോ മത്സരിക്കില്ലെങ്കിലും തമിഴകത്ത് വിജയ്‌യുടെ സാന്നിധ്യമുണ്ടാകും, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി എം കെയ്ക്ക് ശക്തമായ വെല്ലുവിളിയുയര്‍ത്താന്‍ ശ്രമിക്കുക, 2031 ല്‍ 15 ശതമാനം വോട്ടെങ്കിലും നേടുക ഇതാകാം ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിജയ്‌യുടെ ലക്ഷ്യം. പക്ഷേ 2026 ലെ തിരഞ്ഞെടുപ്പില്‍ മറിച്ചൊന്നും സംഭവിക്കില്ലെന്ന് കരുതാനും വയ്യ. പ്രളയം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍വിരുദ്ധ വികാരം ഇപ്പോള്‍ തന്നെയുണ്ട്. വലിയൊരു അഴിമതി ആരോപണമോ സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധ സാഹചര്യമോ ഉണ്ടായാല്‍ നിലവിലെ സമവാക്യം പാടേ മാറും. അങ്ങനെ ഒരു സാഹചര്യത്തില്‍, ഡി എം കെയ്ക്കും എ ഐ എ ഡി എം കെയ്ക്കുമെതിരെ ശക്തമായ രാഷ്ട്രീയബദലായി വിജയ് ഉയര്‍ന്നുവന്നെന്ന് വരാം.
(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദ ടൈംസ് ഓഫ് ഇന്ത്യ ചെന്നൈ റസിഡന്റ് എഡിറ്ററുമാണ് ലേഖകന്‍)