OPINION

കേരളത്തിന്റെ തലസ്ഥാനം ഏത്?

കേരള സംസ്ഥാന രൂപീകരണത്തിന് മുൻപ് തന്നെ തലസ്ഥാനം ഏതായിരിക്കണമെന്നാവശ്യത്തെ ചൊല്ലി ഏറ്റുമുട്ടലും തർക്കങ്ങളും ആരംഭിച്ചിരുന്നു

അമർനാഥ് പി

New capital in a central place would involve an expenditure which the State could not well afford. A compromise was therefore reached by which it was decided to have the capital at Trivandrum and the High Court and the Law College at Ernakulam. This decision had the concurrence of the ministers of both States.

The Story of the Integration of the Indian States-V P. Menon.(1955)

ഏതാണ്ട് 75 കൊല്ലം മുൻപ് 'കേരളത്തിന്റെ തലസ്ഥാനം എറണാകുളമാകണം' എന്ന് ആവശ്യപ്പെട്ടത് കേരള മുൻമുഖ്യമന്ത്രിയും പിന്നീട്  കേന്ദ്രമന്ത്രിയുമായ പനമ്പിള്ളി ഗോവിന്ദ മേനോൻ. എതിർത്ത് ചുട്ട മറുപടി കൊടുത്തത് ഇ ജോൺ ഫിലിപ്പോസ് എന്ന മറ്റൊരു മന്ത്രി. ഇരുവരും കൊമ്പ് കോർത്തത് സ്വതന്ത്ര ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലും.

കേരള സംസ്ഥാന രൂപീകരണത്തിന് മുൻപ് തന്നെ തലസ്ഥാനം ഏതായിരിക്കണമെന്നാവശ്യത്തെ ചൊല്ലി ഏറ്റുമുട്ടലും തർക്കങ്ങളും ആരംഭിച്ചിരുന്നു.1949ൽ രൂപീകരിച്ച തിരു-കൊച്ചി സംസ്ഥാനത്തെ ടി കെ നാരായണ പിള്ള മുഖ്യമന്ത്രിയായ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരായിരുന്നു കൊച്ചിയിൽ നിന്നുള്ള അംഗവും മന്ത്രിയുമായ പനമ്പിള്ളിയും തിരുവിതാംകൂറിൽ നിന്നുള്ള മന്ത്രി ഇ ജോൺ ഫിലിപ്പോസും. ഇരുവരുമായിരുന്നു കേരളത്തിന്റെ തലസ്ഥാനം ഏതാകണമെന്നുന്നയിച്ച്  ഏറ്റുമുട്ടിയത്.

പനമ്പിള്ളി ഗോവിന്ദ മേനോൻ

1949ൽ നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന്റെ ഭാഗമായി നടക്കേണ്ട ചർച്ചയ്ക്കായ് കേരളത്തിൽ നിന്ന് രണ്ട് പ്രതിനിധി സംഘങ്ങൾ ഡൽഹിയിലേക്ക് പോയിരുന്നു. അവർ ആഭ്യന്തര മന്ത്രി സർദാർ പട്ടേലിനെയും നാട്ടുരാജ്യങ്ങളെ സംയോജിപ്പിക്കുന്ന കാര്യങ്ങൾ നിയന്ത്രിക്കുന്ന,  രാജ്യതന്ത്രജ്ഞനായ വി പി മേനോനെയും കണ്ടു. കൊച്ചിയിൽ നിന്ന് പനമ്പിള്ളി ഗോവിന്ദമേനോനും കെ പി മാധവൻ നായരുമായിരുന്നു പ്രതിനിധികൾ. പറവൂർ ടി കെ നാരായണ പിള്ളയും ടി കെ മന്ത്രിസഭയുടെ നിയമോപദേഷ്ടാവായ ഗംഗാധര മേനോനും മന്ത്രി ഇ ജോൺ ഫിലിപ്പോസുമായിരുന്നു തിരുവിതാംകൂറിന്റെ വക്താക്കൾ.

'നിങ്ങൾ ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിൽ നിന്ന് മാറ്റാൻ ശ്രമിച്ച ഭ്രാന്തനായ മുഹമ്മദ് ബിൻ തുഗ്ലക്കിനെപോലെയാണ് സംസാരിക്കുന്നത് ' ഒറ്റ വാക്യത്തിൽ  ഇ ജോൺ ഫിലിപ്പോസ്  തക്ക മറുപടി നൽകി.

സർദാർ പട്ടേലുമായുള്ള പ്രതിനിധികളുടെ സുപ്രധാനമായ കൂടിക്കാഴ്ച നിശ്ചയിച്ചതിന്റെ തലേനാൾ, പ്രതിനിധിസംഘം ഡൽഹിയിലെ  വെസ്റ്റേൺ കോട്ടിൽ മന്ത്രി ജോൺ ഫിലിപ്പോസ് താമസിക്കുന്ന മുറിയിൽ സംയോജന വിഷയങ്ങൾ ചർച്ച ചെയ്യാൻ സമ്മേളിച്ചു. പുതിയ സംസ്ഥാനത്തിന്റെ തലസ്ഥാനം ഏതായിരിക്കണമെന്നതാണ് ആദ്യം ചർച്ചയ്ക്ക് വന്നത്.  തലസ്ഥാന നഗരി എറണാകുളമായിരിക്കേണ്ടതിന്റെ ആവശ്യകത പനമ്പിള്ളി മുന്നോട്ടുവച്ചു. ഒരു മികച്ച അഭിഭാഷകനും പ്രസംഗകനുമായ അദ്ദേഹം ഈ കാര്യത്തിന്റെ എല്ലാ വശങ്ങളും വിശകലനം ചെയ്ത്, വസ്തുനിഷ്ഠമായി അവതരിപ്പിച്ചു.'തലസ്ഥാനം എറണാകുളമാകണം'. അൽപ്പനേരത്തേക്ക്  ആരും മറുപടി പറഞ്ഞില്ല.

വി പി മേനോൻ

'നിങ്ങൾ ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിൽ നിന്ന് മാറ്റാൻ ശ്രമിച്ച ഭ്രാന്തനായ മുഹമ്മദ് ബിൻ തുഗ്ലക്കിനെപോലെയാണ് സംസാരിക്കുന്നത് ' ഒറ്റ വാക്യത്തിൽ  ഇ ജോൺ ഫിലിപ്പോസ്  തക്ക മറുപടി നൽകി. തിരുവനന്തപുരം തലസ്ഥാനമായി തുടരേണ്ട വസ്തുതകൾക്കായിരുന്നു കൂടുതൽ ശക്തി. വാശിയോടെ വാദപ്രതിവാദങ്ങൾ നടന്നു. ടി കെയും ഗംഗാധര മേനോനും ഫിലിപ്പോസിനെ പിൻതാങ്ങി. ഒടുവിൽ അത് നിസംശയം നിരാകരിക്കപ്പെട്ടു. കേരളത്തിന്റെ തലസ്ഥാനം കൊച്ചിയല്ല, തിരുവനന്തപുരം തന്നെ.

സി നാരായണ പിള്ള

ബുദ്ധി രാക്ഷസനായ പനമ്പിള്ളി ഒട്ടും വൈകാതെ തന്റെ വജ്രായുധം പുറത്തെടുത്തു. പനമ്പിള്ളിയെന്ന  ചാണക്യന് മാത്രം സാധിക്കുന്ന കാര്യം. 'തലസ്ഥാനം ഇല്ലെങ്കിൽ വേണ്ട, ഹൈക്കോടതി ആസ്ഥാനം എറണാകുളമാകണം.' അടുത്ത ആവശ്യം പനമ്പിള്ളി മുന്നോട്ടുവച്ചു. കൊച്ചിക്കാരുടെ രണ്ട് അവകാശവാദങ്ങളും നിരുപാധികമായി, ഒറ്റയടിക്ക് നിഷേധിച്ചാൽ ആദ്യമേ അധികാരശക്തി കാണിക്കുന്ന വല്യേട്ടൻ ചമയലാകുമെന്ന്  മനസിലാക്കിയ ടി കെ നാരായണ പിള്ള അത് ആലോചിക്കാവുന്ന കാര്യമാണെന്ന് സമ്മതിച്ചു. പനമ്പിള്ളിക്ക് വേണ്ടതും അതായിരുന്നു. തലസ്ഥാനമാറ്റം പ്രായോഗികമല്ലെന്നും അതിന് കൊച്ചിയിൽ നിന്ന് പോലും പിന്തുണ കിട്ടില്ലെന്നും  ബുദ്ധിമാനായ പനമ്പിള്ളിക്കറിയാമായിരുന്നു.

ഇ ജോൺ ഫിലിപ്പോസ്

ഹൈക്കോടതി പോലെ പ്രാധാന്യമുള്ള ഒരു നിയമസംവിധാനത്തിന്റെ പ്രസക്തി ഒരു അഭിഭാഷകൻ കൂടിയായ പനമ്പിള്ളിക്ക് നന്നായി അറിയാമായിരുന്നു. അത് എങ്ങനെയും കൊച്ചിക്ക് നേടിയെടുക്കാനുള്ള പദ്ധതിയുമായാണ് അദ്ദേഹം തന്റെ കരു നീക്കിയത്. ഈ ദീർഘവീക്ഷണം  മനസിലാക്കാനുള്ള ശേഷി ടി കെ നാരായണ പിള്ളയ്ക്കുണ്ടായില്ല. അങ്ങനെ അസാധ്യമായ കാര്യം പനമ്പിള്ളി നേടിയെടുത്തു.

അന്ന് നടന്ന സംഭവങ്ങളെല്ലാം  ആ സമയത്തെ കോൺഗ്രസ് നേതാവും  മികച്ച വാഗ്മിയും ഒന്നാന്തരം പത്രപ്രവർത്തകനുമായ സി നാരായണ പിള്ള ' പട്ടം മുതൽ പനമ്പിള്ളി വരെ' എന്ന തന്റെ വിഖ്യാതമായ രാഷ്ട്രിയ ചരിത്ര ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

'തിരുവിതാംകൂർ ഡെലിഗേഷനംഗങ്ങൾ ധരിച്ചത് തലസ്ഥാന നഗരിയുടെ മാറ്റം നിരസിക്കപ്പെടുമ്പോൾ ഹൈക്കോടതി മാറ്റത്തെപ്പറ്റിയുള്ള വാദവും അതോടെ അവരവസാനിപ്പിക്കുമെന്നായിരുന്നു ടി കെയും ഫിലിപ്പോസും ഒരു ആഗ്രഹ പ്രകടനമെന്ന നിലയിൽ കവിഞ്ഞ് കൊച്ചിൻ ഡെലിഗേഷന്റെ അഭിപ്രായത്തിന് പ്രാധാന്യം കൽപ്പിച്ചിരുന്നില്ല. എന്നാൽ സംയോജനം സംബന്ധിച്ച ആലോചനകൾ പൂർത്തിയായപ്പോൾ നിശ്ശേഷമസ്തമിച്ചു പോയ ഒരു സംസ്ഥാനത്തിന്റെ പൂർവ തലസ്ഥാനമായ എറണാകുളത്തേക്ക് ഹൈക്കോടതി മാറ്റിയതായിട്ടാണ് ഞങ്ങളറിഞ്ഞത്. ആലോചിക്കാമെന്ന് സമ്മതിച്ച കാര്യം അങ്ങനെ അചഞ്ചലമായ ഒരു യാഥാർത്ഥ്യമായി പരിണമിച്ചു. ടി കെയുടെ ഭരണത്തിന് കളങ്കം ചാർത്തിയ മറ്റൊരു ഭരണ നടപടിയായിരുന്നു അത്. തെക്കൻ തിരുവിതാംകൂറിലെ ജനങ്ങൾ ഇന്നും ഈ അവിവേകം ക്ഷമിച്ചിട്ടില്ല,' സി നാരായണ പിള്ള അമർഷത്തോടെ എഴുതി.

പറവൂർ ടി കെ നാരായണ പിള്ള

പനമ്പിള്ളി ഗോവിന്ദ മേനോൻ എന്ന ബുദ്ധിമാനായ രാഷ്ട്രീയക്കാരന്റെ ചതുരംഗക്കളിയിലൂടെ  തലസ്ഥാനമായില്ലെങ്കിലും സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നീതീപീഠം അങ്ങനെ കൊച്ചിക്ക് ലഭിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ