തല മൂടുന്നതിനു ശീല മുതലായത് കൊണ്ടു തച്ചുണ്ടാക്കുന്ന വസ്തു എന്നാണ് ശബ്ദ താരാവലി തൊപ്പിക്ക് നൽകിയ നിർവചനം.
നിസ്കാരതൊപ്പിയായി മാറിയ ഒരു കഷണം തുണി തലയിൽ ധരിച്ചവൻ ഈ ഒരു നിർവചനത്തിലൊതുങ്ങുന്ന ബാധ്യതകൾ മാത്രം ഏറ്റെടുത്താൽ മതിയോ..ഈയിടെ സമാപിച്ച വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ലിറ്ററേച്ചർ ക്വിസ് മത്സരത്തിൽ തൊപ്പി ധരിച്ചെത്തിയ കൂളിവയൽ ഇമാം ഗസ്സാലി അക്കാദമിയിലെ രണ്ടു വിദ്യാർത്ഥികളുടെ അസാമാന്യ പെർഫോമൻസും അതുമായി ബന്ധപ്പെട്ട സുഹൃത്ത് ചർച്ചകൾക്കിടയിൽ കേട്ട ചില 'നിഷ്കു'അഭിപ്രായങ്ങളുമാണ് തൊപ്പിയെ കുറിച്ച് ചിന്തിപ്പിച്ചത്.
പിന്നെയെന്തു നോക്കാൻ തലയിലൊരു തൊപ്പിയും അതിനൊരു സപ്പോർട്ട് കിട്ടാൻ വെളുത്ത ജുബ്ബയും മുണ്ടുമായി പിറ്റേ ദിവസം രാവിലെ തന്നെ സാഹിത്യോത്സവ വേദിയിൽ ഞാൻ ഹാജർ..!അത്യന്തം രസകരവും കൗതുകം നിറഞ്ഞതുമായ നിമിഷങ്ങളെ, നോട്ടങ്ങളെ ആസ്വദിച്ച് ഉള്ളിൽ പൊട്ടിച്ചിരിച്ച്, ഇടക്കൊക്കെ സങ്കടം തോന്നി, അങ്ങനെ ആ ദിവസം പൂർത്തിയാക്കി. അരുന്ധതിക്കും സച്ചിദാനന്ദനും സുനിൽ പി ഇളയിടത്തിനുമൊക്കെ ഇടയിലൂടെ തൊപ്പിയിട്ട ഞാൻ അന്തസ്സോടെ നടന്നു പോയി.
ഒന്ന് ആൾക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിയപ്പോഴാണ് ഞാൻ പോലുമറിയാതെ ഞാൻ മറ്റാരോ ആയി മാറി കഴിഞ്ഞുവെന്ന് തിരിച്ചറിയുന്നത്.
തലേ ദിവസം ടി ഷർട്ടും ജീൻസും ജാക്കറ്റും ധരിച്ച് നല്ല സ്റ്റൈൽ ആയി വന്ന എന്നെ മൈൻഡ് ചെയ്യാത്ത മുസ്ലിം പെൺകുട്ടികൾ തട്ടമൊക്കെ നേരെയാക്കി ഒന്നരികിലേക്ക് ചേർന്ന് മുഖത്ത് കൃത്രിമ ഭവ്യത വരുത്തി നടന്നു പോകുന്നു..
സത്യാവസ്ഥ ഓർത്ത് ചിരിച്ചു പോയെങ്കിലും വീണു കിട്ടിയ ബഹുമാനം വെറുതെ നഷ്ട്ടപ്പെടുത്തേണ്ടല്ലോ എന്ന് കരുതി മസില് പിടിച്ചു. അതോടെ 'പണ്ഡിതൻ' എന്ന വിശേഷണം കൂടി കുട്ട്യോള് മനസ്സിൽ നൽകിയിട്ടുണ്ടാവണം. ചിരിക്കാത്ത മുഖം അലങ്കാരമായി കൊണ്ട് നടക്കുന്ന 'പണ്ഡിതർ' ഒരു പാടുള്ള കാലമാണല്ലോ.
മറ്റൊരാളുടെ വേഷം തങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നു എന്ന് ചിന്തിക്കാൻ ഈ പെൺകുട്ടികൾ പഠിച്ചത് എവിടെ നിന്നാവും. മറ്റൊരാളുടെ തൊപ്പി കാണുമ്പോൾ തലയിലേക്ക് കൂടുതൽ ചേരുന്ന തട്ടത്തിൽ നിന്ന് സ്വന്തം ബോധ്യത്തിന്റെ അടയാളമായി ആ തട്ടത്തെ കാണാനോ അങ്ങനെ കാണാൻ കഴിയുന്നില്ലെങ്കിൽ അത് ഉപേക്ഷിക്കാനോ ഉള്ള ആർജവം സാഹിത്യോത്സവങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പോലും ഇല്ലാത്തത് എന്തു കൊണ്ടാവും.
സ്പെഷ്യൽ സലാമുകൾ, സ്പെഷ്യൽ പരിചയപ്പെടലുകൾ ഉണ്ടായിരുന്നു എന്ന് പറയുമ്പോൾ അത് എന്റെയൊരു ലിബറൽ ത്വരയാക്കി കളയരുത്. പതിവിൽ കൂടുതൽ സലാം തൊപ്പി ധരിച്ച ദിവസങ്ങളിൽ എനിക്ക് ലഭിച്ചു. അങ്ങനെയെങ്കിൽ അഭിവാദ്യം ചെയ്തത് എന്നെയോ അതോ ഞാൻ ധരിച്ച തൊപ്പിയെയോ. കൃത്യമായ അടയാളങ്ങൾ കൊണ്ടു നടക്കുന്നവർക്ക് മാത്രമുള്ളതാണോ അഭിവാദ്യം.
അടുത്തത് തൊപ്പിയുടെ അന്തസ്സുമായി ഫിലിം ഫെസ്റ്റിവൽ വേദിയിലേക്ക്.
ചെറുതായി അന്തം വിട്ടിരിക്കുന്നവനോട് ഫിലിം ഏതെന്ന് ചോദിച്ചപ്പോൾ getting home ആണെന്ന മറുപടി. കണ്ടതാണ് ഒന്നു കൂടെ കണ്ടു കളയാം എന്ന് പറഞ്ഞപ്പോഴുള്ള ആശാന്റെ മറുപടി എനിക്കല്ല തൊപ്പിക്കാണ്...'' Nadine Labaki യുടെ അറബിക് മൂവി Capernaum കണ്ടിരുന്നോ..'' എന്ന്..
പ്രായപൂർത്തിയാകാത്ത സഹോദരിയെ വീട്ടുകാർ വിവാഹം ചെയ്തയച്ചതിൽ മനം നൊന്ത് വീട് വിട്ടു പോകുന്ന ദരിദ്ര ബാലന്റെ കഥയാണ് Capernaum പറയുന്നത്. നല്ല ഫിലിം ആണ്..രണ്ടു തവണ കണ്ടിട്ടുണ്ടെന്ന് മറുപടി കൊടുത്തപ്പോൾ ആശാൻ പിൻവാങ്ങി.
അപ്പോഴുണ്ട് അത്ര നേരം അവിടെ ബുക്ക് സ്റ്റാളിലും മറ്റുമായി ചുറ്റി തിരിഞ്ഞ നന്നായി മഫ്‌തയൊക്കെ ധരിച്ച രണ്ടു സ്ത്രീകൾ തൊട്ടു പിന്നിലെ സീറ്റിൽ സ്ഥാനം പിടിച്ചിരിക്കുന്നു. മൊയ്‌ല്യാർക്ക് പറ്റുവെങ്കിൽ പിന്നെ ഞമ്മക്കാണോ എന്ന ലൈൻ..
പടം കഴിഞ്ഞിറങ്ങിയപ്പോൾ സർ, ആപ്കാ സെഷൻ ..? പടച്ചോനെ ഇത്ര പെട്ടെന്ന് ഹിന്ദി മനുഷ്യന്മാർ സംസാരിച്ചു തുടങ്ങിയോ..മോദി സാർ ആളൊരു കില്ലാഡി തന്നെ എന്നൊക്കെ വിചാരിച്ച് തിരിഞ്ഞു നോക്കുമ്പോൾ അവർക്ക് ഞാനെന്ന ഉറുദു കവിയുമായി സംസാരിക്കണം. ഇടക്ക് ആരിത് എന്ന് ചോദിച്ച് സുഹൃത്ത് സെൽഫിയെടുത്ത് പരിചയം പുതുക്കിയിരുന്നു.അവനോട് ഞാൻ ആരാണെന്ന് ചോദിച്ചപ്പോൾ ടിയാൻ ആ പെൺകുട്ടികൾക്കും എനിക്കും തന്ന പണിയാണ് ഉറുദു കവി പട്ടം.
ഭക്ഷണം കഴിച്ച് നിസ്കരിക്കാനായി പള്ളിയിലേക്ക് കയറിയപ്പോൾ എന്നെക്കാൾ മുൻപേ അംഗസ്നാനം വരുത്തിയവർ പള്ളിക്കകത്ത് എന്നെയും കാത്തിരിക്കുന്നു. ഞാൻ ഇമാം ആകണമെത്രെ. ഒടുവിൽ നിർബന്ധത്തിന് വഴങ്ങി എന്റെ 'തൊപ്പിയും ജുബ്ബയും' അവർക്ക് ഇമാം ആയി. എന്നേക്കാൾ വിവരമുള്ളവർ എന്റെ പിന്നിൽ നിന്നു.
രൂപഭാവാദികളോ, വേഷ ഭൂഷാദികളോ ഒന്നുമല്ല ഒരാളുടെ ഇസ്ലാമിനെ നിർണയിക്കുന്നത് എന്ന് ഇനിയും തിരിച്ചറിയപ്പെടാത്തത് എന്തു കൊണ്ടാണ്. ഇസ്ലാം ജനിതകമോ, പാരമ്പര്യമോ ആയ ഒരു പിന്തുടർച്ചയുമല്ല. പേരും രൂപവും ആണ് ഒരാളെ മുസ്‌ലിം എന്ന വിശേഷ ഗുണത്തിന് അർഹനാക്കുന്നതെങ്കിൽ പിന്നെ, പ്രവാചക നിയോഗം തന്നെ അർത്ഥശൂന്യമാകുമായിരുന്നു. കാരണം, പ്രവാചകൻ അഭിമുഖീകരിച്ച ജനത നീളൻ വസ്ത്രം അണിയുകയും, തൊപ്പിയും തലപ്പാവും ധരിക്കുകയും, സമൃദ്ധമായി നീളൻ താടി വളർത്തിയവരുമായിരുന്നു. അവരുടെ ഭാഷ അറബിയായിരുന്നു. അവരുടെ പേരും അറബി പേരുകളായിരുന്നു. അവർക്കിടയിൽ എഴുന്നേറ്റ് നിന്നുകൊണ്ട്, അവരോടാണ് പ്രവാചകൻ അഭ്യർത്ഥിച്ചത്, ‘നിങ്ങൾ മുസ്‌ലീങ്ങളാകൂ’ എന്ന്. ആ അറബികൾക്കിടയിൽ ഏകനായ ദൈവത്തിന് കീഴ്പ്പെട്ടവരെ അഥവാ, മുസ്‌ലീമുകളെ തിരിച്ചറിയാൻ മൂന്നു വഴികളേ ഉണ്ടായിരുന്നുള്ളൂ ദൈവദൂതനോടുള്ള അനുസരണവും ജീവിത വിശുദ്ധിയും സ്വഭാവഗുണവും.
ഒരു സത്യം പറയാതിരിക്കാൻ കഴിയില്ല. വേഷം പ്രലോഭിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നത് പ്രായം മുപ്പത്തി അഞ്ചിന് മുകളിലുള്ളവരെയാണ്. തറപ്പിച്ച നോട്ടങ്ങളും മുൻ വിധി നിറഞ്ഞ പെരുമാറ്റവും അലങ്കാരമായി തന്നെ കൊണ്ടു നടക്കുന്നതിൽ ന്യൂ ജനറേഷൻ തീരെ ഇല്ലെന്ന് പറയാം.
ഫൈൻ ആർട്സ് വിദ്യാർത്ഥിനി ശ്വേത പറയുന്നത് നോക്കൂ..'' ബസ്സിൽ പോക്കറ്റടി നടന്നാൽ മുഷിഞ്ഞ വേഷക്കാരനെയാണ് ആദ്യം സംശയിക്കുന്നത്. വേഷവും ശരീരവും നിലപാടുകളെ നിർണയിക്കുന്നില്ല എന്ന് എനിക്ക് കൃത്യമായ ബോധ്യമുണ്ട് ''...
മതം പുറത്തു ഒരിടത്തും കാണാറില്ലെന്ന് ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ് അനിരുദ്ധ് പറയുന്നു. എന്തെങ്കിലും വ്യത്യസ്ത അടയാളങ്ങൾ അയാളിലെ മതത്തെ പ്രത്യേകിച്ച് മുസ്ലിം വിശ്വാസിയെ നിർണയിക്കുന്നില്ലെന്ന് മനസ്സിലായിട്ടുണ്ട്. അയാളുടെ ജീവിത കുടുംബ പശ്‌ചാത്തലം വേഷത്തെ സ്വാധീനിക്കും. അപ്പോൾ ആ വേഷമാണ് അദ്ദേഹത്തിന്റെ നിലപാട് എന്ന് എങ്ങനെ നിർണയിക്കാനാവും.
ചുരുക്കത്തിൽ...
നിങ്ങളുടെ വേഷം, അത് ഏത് തന്നെയായാലും ഒന്നിനെയും നിർണയിക്കുന്നില്ല. ഇനി വേഷത്തിന്റെ പേരിൽ നിങ്ങൾക്ക് എന്തെങ്കിലും ആദരവ് ലഭിക്കുന്നുണ്ടെങ്കിൽ അതില്പരം ഒരു കപടത നിങ്ങളേറ്റു വാങ്ങാനില്ല.
(മാധ്യമ പ്രവർത്തകനാണ് ലേഖകൻ)