OPINION

വ്യക്തിനിയമങ്ങളിൽ കോടതികൾക്ക് ഇടപെടാൻ കഴിയുന്ന മാറ്റങ്ങളാണ് വേണ്ടത്, ഏകീകൃത സിവിൽ നിയമമല്ല

മനു സെബാസ്റ്റ്യൻ

ഇന്ത്യയെ പോലൊരു ബഹുസ്വര രാജ്യത്ത് എല്ലാവർക്കും ഒരേ നിയമം, എന്നത് പ്രത്യക്ഷത്തിൽ നല്ലൊരു ആശയമായി തോന്നാം. എന്നാൽ ഇതിലെ പ്രായോഗികതയാണ് ആദ്യം ചിന്തിക്കേണ്ടത്. രാഷ്ട്രീയ ലക്ഷ്യം വെച്ച് മാത്രം ഇത്തരമൊരു പ്രഖ്യാപനം നടത്തുമ്പോള്‍ എങ്ങനെ പ്രാവർത്തികമാകുമെന്നതിൽ സംശയമുണ്ട്. ഇന്ത്യയിലെ വ്യക്തി നിയമങ്ങൾ മത വിശ്വാസവുമായി കെട്ട് പിണഞ്ഞ് കിടക്കുന്നവയാണ്. ഇതിലെ ഭരണഘടനാ മൂല്യങ്ങളെ കണ്ടെത്തി കാലോചിതമായ പരിഷ്കരണം ആവശ്യമെങ്കിൽ നടത്തുന്നതിന് പകരം ഏകീക്യതമായ നിയമം കൊണ്ടുവരണമെന്ന് പറയുന്നതിനെ രാഷ്ട്രീയ നീക്കമായി മാത്രമേ വിലയിരിത്തുനാകൂ.

ഏകീക്യത സിവിൽ കോഡ് സംബന്ധിച്ച് ഡ്രാഫ്റ്റ് പോലും കാണാതെയാണ് ഇപ്പോൾ നടക്കുന്ന ചർച്ചകൾ. ഇതൊരു പുകമറ സ്യഷ്ടിക്കലുമാകാം. ഭരണഘടനയ്ക്കും മുൻപേ തന്നെ പിൻതുടർന്ന് വന്ന വ്യക്തി നിയമങ്ങളെ ഇല്ലാതാക്കി എല്ലാവർക്കും ഓരേ നിയമം എന്നത് വ്യത്യസ്ത സംസ്കാരങ്ങളെ ഉൾകൊള്ളുന്ന രാജ്യത്ത് എങ്ങനെ നടപ്പാക്കാനാകും. പള്ളിയിലും അമ്പലത്തിലും നടക്കുന്ന വിവാഹങ്ങളെല്ലാം ഇനി മുതൽ രജിസ്ട്രാർ ഓഫിസികളിലെത്തി രജിസ്റ്റർ ചെയ്താലേ സാധുവാകൂ എന്ന സ്ഥിതി വന്നാൽ എന്താകും അവസ്ഥ.

പിൻതുടർച്ചാ അവകാശം, ദത്തെടുക്കൽ, ഗോത്രാചാരങ്ങൾ ഇവയൊക്കെ ഭരണഘടനാ മൂല്യങ്ങളുമായി ഒത്തുപോകുന്നതാണോയെന്ന് പരിശോധിക്കേണ്ടതുണ്ട് എന്നതിൽ സംശയമില്ല. അത്തരം പരിശോധന നടത്തി കാലോചിത പരിഷ്കരണം നടപ്പിലാക്കാം

ഓരോ മതത്തിലും വിവാഹം തന്നെ വ്യത്യസ്ത രീതിയിലാണ്. മുസ്ലിം മത വിശ്വാസമനുസരിച്ച് വിവാഹം കരാറാണ്. ഇതൊക്കെ ഏതു രീതിയിലാണ് ഏകീകരിക്കുക. പിൻതുടർച്ചാവകാശം എടുത്താൽ ക്രിസ്ത്യൻ മതവിശ്വാസം അനുസരിച്ച് ഒരു പുരുഷന്റെ അനന്തരാവകാശം ഭാര്യയ്ക്കും മക്കൾക്കുമുള്ളതാണ്. എന്നാൽ ഹിന്ദുമതത്തിലെത്തുമ്പോള്‍ അത്തരത്തിലല്ല. മാതാപിതാക്കൾക്കും പിൻതുടർച്ചാവകാശമുണ്ട്. ഇതിൽ പലതും തിയോളജിക്കൽ ബെയ്സിസിലാണ് നിലനിൽക്കുന്നത്. പിൻതുടർച്ചാ അവകാശം, ദത്തെടുക്കൽ, ഗോത്രാചാരങ്ങൾ ഇവയൊക്കെ ഭരണഘടനാ മൂല്യങ്ങളുമായി ഒത്തുപോകുന്നതാണോയെന്ന് പരിശോധിക്കേണ്ടതുണ്ട് എന്നതിൽ സംശയമില്ല. അത്തരം പരിശോധന നടത്തി കാലോചിത പരിഷ്കരണം നടപ്പിലാക്കാം.

കാലഹരണപെട്ട വ്യക്തി നിയമങ്ങളെ മാറ്റാനെന്ന പേരിൽ ഏകീക്യത നിയമം കൊണ്ടുവരൽ അപ്രായോഗികമാണ്

പലപ്പോഴും ജെൻഡർ ജസ്റ്റിസ് ഇല്ലാതാകുന്ന തരത്തിലുള്ള വ്യക്തി നിയമങ്ങളുണ്ട് നിലവിൽ. അതിൽ മാറ്റം വരുത്തണം. എന്നാൽ കാലഹരണപെട്ട വ്യക്തി നിയമങ്ങളെ മാറ്റാനെന്ന പേരിൽ ഏകീക്യത നിയമം കൊണ്ടുവരൽ അപ്രായോഗികമാണ്. നാനാത്വത്തിൽ ഏകത്വം എന്ന തത്വത്തെ തന്നെ അട്ടിമറിക്കുന്ന രീതിയിലാകും ഇത്. വ്യക്തി നിയമങ്ങളുടെ കാര്യത്തിൽ പലപ്പോഴും ജുഡീഷ്യറികൾക്ക് അതിൽ ഇടപെടൽ സാധ്യമാകാതെ വരുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 13 ന്റെ പരിധിയിൽ അത് വരില്ല എന്നതുകൊണ്ടാണ്. ഇത്തരം നിയമപരമായ പ്രശ്നങ്ങളിലെ പരിഹാരമുണ്ടാക്കുകയാണ് പ്രായോഗികമായിട്ടുള്ള കാര്യം. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തന്നെ വ്യക്തി നിയമങ്ങളിൽ പുനർ വിചിന്തനം വേണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാ വിരുദ്ധമായവ നീക്കം ചെയ്യേണ്ടതുണ്ട്. അതിൽ കോടതികളുടെ ഇടപെടൽ സാധ്യമാകും വിധം നിയമങ്ങൾ പരിഷ്കരിക്കുകയും വേണം.

മുസ്ലിം സമുദായത്തെ ലക്ഷ്യം വെയ്ക്കുന്നുവെന്നതിലും സംശയമില്ല. പക്ഷെ ഹിന്ദു അൺഡിവൈഡഡ് ഫാമിലി സിസ്റ്റത്തിനുൾപെടെ ഇത് ബാധകമാകും.

മറിച്ച് പാർലമെന്റ് നിയമം പാസാക്കി എല്ലാവർക്കും ഒരേ നിയമ മെന്ന് പറഞ്ഞാൽ അത് എത്രത്തോളും ജനങ്ങൾ അംഗീകരിക്കുമെന്നും ഉൾകൊള്ളുമെന്നുമറിയില്ല. ഇതൊരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി മുന്നോട്ട് വെയ്ക്കുന്നതാകാം. മുസ്ലിം സമുദായത്തെ ലക്ഷ്യം വെയ്ക്കുന്നുവെന്നതിലും സംശയമില്ല. പക്ഷെ ഹിന്ദു അൺഡിവൈഡഡ് ഫാമിലി സിസ്റ്റത്തിനുൾപെടെ ഇത് ബാധകമാകും. അതുപോലെ ഗോത്രവർഗക്കാരെ സംബന്ധിച്ച് അവരുടെ ആചാരാനുഷ്ഠാനങ്ങളെ ബാധിക്കും.

ഒരു വ്യക്തിയുടെ മതവിശ്വാസമെന്നത് എവിടെ ആരംഭിക്കുന്നു എവിടെ അവസാനിക്കുന്നു എന്നത് നിർവചിക്കാനാവുന്നതല്ല

മതസ്വാതന്ത്യമെന്നത് ഭരണഘടന ഉറപ്പ് നൽകുന്ന മൗലിക അവകാശമാണ്. എല്ലാ പൗരന്മാർക്കും അവരുടെ മതം, ലിംഗഭേദം, ജാതി മുതലായവ പരിഗണിക്കാതെ ഒരുപോലെ ബാധകമാകുന്ന നിയമങ്ങൾ നിർദേശിക്കുന്നതെങ്ങനെ. ഇത് മതപരമായ ആചാരങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ ലംഘനമാകും. ഒരു വ്യക്തിയുടെ മതവിശ്വാസമെന്നത് എവിടെ ആരംഭിക്കുന്നു എവിടെ അവസാനിക്കുന്നു എന്നത് നിർവചിക്കാനാവുന്നതല്ല. കാലോചിതമായി നിയമങ്ങളിൽ പരിഷ്കരണം വേണമെന്നതിൽ സംശയമില്ല. എന്നാൽ അതിലെ പ്രായോഗികതയെന്ത് എന്നതാണ് ചിന്തിക്കേണ്ടത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും