സ്ത്രീ ശാക്തീകരണം എന്ന ആശയമാണ് ജന്‍ഡര്‍ ബജറ്റ് മുന്നോട്ട് വയ്ക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ധനമന്ത്രിയായിട്ടുള്ള കന്നി പ്രസംഗത്തില്‍ തന്നെ സ്ത്രീകളുടെ ക്ഷേമം ഉറപ്പ് വരുത്തുമെന്ന് നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ജന്‍ഡര്‍ ബജറ്റിങിന്റെ കാര്യത്തില്‍ ഇന്ത്യ എത്രത്തോളം മുന്നേറി എന്നത് ഇത്തവണത്തെ ബജറ്റിനെ ആസ്പദമാക്കി പരിശോധിക്കാം.
ഈ വര്‍ഷത്തെ ബജറ്റില്‍ പ്രധാനമായും രണ്ട് പദ്ധതികളാണ് സ്ത്രീകളെ കേന്ദ്രീകരിച്ചു കൊണ്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആദ്യത്തേത് 'മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്' പദ്ധതി. 2025 മാര്‍ച്ച് വരെയുള്ള രണ്ട് വര്‍ഷ കാലയളവിലേക്കുള്ള ഒറ്റത്തവണ ചെറുകിട സമ്പാദ്യ പദ്ധതിയാണ് ഇത്. ഒരു സ്ത്രീക്ക് രണ്ട് വര്‍ഷത്തേക്ക് 7.5% സ്ഥിര പലിശനിരക്കില്‍ രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയും. അവര്‍ക്ക് തുക ഭാഗികമായി പിന്‍വലിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. പണപ്പരുപ്പത്തിന്റെ കാലത്ത് ഈ പദ്ധതി സ്ത്രീകള്‍ക്ക് വളരെ ഉപയോഗപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2025 മാര്‍ച്ച് വരെയുള്ള രണ്ട് വര്‍ഷ കാലയളവിലേക്കുള്ള ഒറ്റത്തവണ ചെറുകിട സമ്പാദ്യ പദ്ധതിയാണ് 'മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്'
ജന്‍ഡര്‍ ബജറ്റ് ലക്ഷ്യമിടുന്ന പ്രധാനപ്പെട്ട കാര്യം സ്ത്രീകളുടെ സാമ്പത്തിക സ്ഥിതിയില്‍ പുരോഗമനമുണ്ടാക്കുക എന്നത് തന്നെയാണ്. ഇന്ത്യയെ സംബന്ധിച്ച് സ്ത്രീകള്‍ക്ക് ക്രെഡിറ്റ് ലഭ്യത കുറവാണ്. മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ് പദ്ധതിയിലൂടെ അതില്‍ വലിയ രീതിയില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
ലിംഗനിര്‍ണയം, ഭ്രൂണഹത്യ, ലിംഗവിവേചനം, പെണ്‍കുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസത്തിലും മറ്റ് മേഖലകളിലും പെണ്‍കുട്ടികളുടെ ഉയര്‍ന്ന പങ്കാളിത്തം എന്നിവ ലക്ഷ്യമിട്ട് 2015-ല്‍ ആരംഭിച്ച സുകന്യ സമൃദ്ധി യോജന വിജയമായിരുന്നു. എന്നാല്‍ 18 വയസ് വരെയുള്ള പെണ്‍കുട്ടികള്‍ക്ക് വേണ്ടി മാത്രമായിരുന്നു ആ പദ്ധതി. അതുപോലെ സ്ത്രീ ശാക്തീകരണത്തില്‍ സമ്പത്തിന്റെ പ്രാധാന്യം മനസിലാക്കിയാണ് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പുതിയ നീക്കം.
മറ്റൊന്ന് ദീന്‍ ദയാല്‍ അന്ത്യോദയ യോജന പദ്ധതിയുടെ വിപുലീകരണമാണ്. ഇതിനായി ഇത്തവണത്തെ ബജറ്റില്‍ പ്രത്യേകം ധനസഹായങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ഉപജീവനമാര്‍ഗം കാര്യക്ഷമവും ഫലപ്രദവുമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിയുടെ ഭാഗമായി ഗ്രാമീണ സ്ത്രീകള്‍ക്കിടയില്‍ 81 ലക്ഷം സ്വയം സഹായ സംഘങ്ങള്‍ രൂപംകൊണ്ടിട്ടുണ്ട്. ഇങ്ങനെയുള്ള ഓരോ സംഘങ്ങളിലും വലുതും ചെറുതുമായ ആയിരക്കണക്കിന് ഉത്പാദക സംരഭങ്ങളോ കൂട്ടായ്മകളോ രൂപീകരിച്ച് സാമ്പത്തിക ശാക്തീകരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുക എന്നതാണ് ഉദ്ദേശ്യം.
ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ഉപജീവനമാര്‍ഗം കാര്യക്ഷമവും ഫലപ്രദവുമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം
അസംസ്‌കൃത വസ്തുക്കളുടെ വിതരണത്തിലും ഉത്പന്നങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കാനും ബ്രാന്‍ഡിങ്ങിനും വിപണനത്തിനും സ്ത്രീ കൂട്ടായ്മകളെ സഹായിക്കും. വലിയ ഉപഭോക്തൃ വിപണിയിലേക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കും തുടങ്ങിയ കാര്യങ്ങളിലാണ് ഇത്തവണത്തെ ബജറ്റ് ഉറപ്പ് നല്‍കുന്നത്. ഇത്തരത്തില്‍ അടിത്തട്ടിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും.
മേല്‍പറഞ്ഞ രണ്ട് കാര്യങ്ങള്‍ മാത്രമാണ് സ്ത്രീകളെ കേന്ദ്രീകരിച്ചുകൊണ്ട് ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ സ്ത്രീകള്‍ക്ക് അത്യാവശ്യമായ പല ഘടകങ്ങളെയും പരാമര്‍ശിക്കാതെയാണ് നിര്‍മലാ സീതാരാമന്‍ കടന്നു പോയത്. സാനിറ്ററി നാപ്കിന്‍സ് പോലുള്ള അവശ്യ വസ്തുക്കളുടെ വിലകുറച്ചിട്ടില്ല, കൂടാതെ ഗര്‍ഭശുശ്രൂഷ പോലുള്ള കാര്യങ്ങളെക്കുറിച്ചുള്ള ഒരു കാര്യവും ബജറ്റില്‍ പ്രതിപാദിക്കുന്നില്ല. നികുതി ഇളവുകളെക്കുറിച്ച് പറയുമ്പോഴും സ്വത്തവകാശം സ്ത്രീകളിലേക്ക് കൊണ്ടു വരാന്‍വേണ്ടിയുള്ള പ്രഖ്യാപനങ്ങളൊന്നും ബജറ്റില്‍ ഇല്ല. പ്രീ-ബജറ്റ് ചര്‍ച്ചകളില്‍ പോലും ഉയര്‍ന്നു വന്ന നിര്‍ദേശമായിരുന്നു ഇത്.
സ്ത്രീ കേന്ദ്രീകൃതമല്ലെങ്കിലും സ്ത്രീകളിലേക്ക് കൂടി എത്തിച്ചേരുന്ന ചില പ്രഖ്യാപനങ്ങള്‍ കൂടി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തവണത്തെ ബജറ്റ് കൂടുതലായും ഗ്രാമപ്രദേശങ്ങളെ കേന്ദ്രീകരിച്ചുള്ളതാണെന്ന് പറയാം.
കാര്‍ഷിക മേഖലയ്ക്കാണ് കൂടുതല്‍ ഊന്നല്‍ കൊടുത്തിട്ടുള്ളത്. ധാന്യവിളകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കൂടുതല്‍ ലാഭം കൊയ്യാനുള്ള നീക്കമാണ് നടക്കുന്നത്. എന്നാല്‍ ഇത് കേരളത്തെ സംബന്ധിച്ച് എത്രത്തോളം ഫലപ്രദമാകുമെന്ന് നോക്കിക്കാണണം. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് പരിശോധിക്കുമ്പോള്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ ഊന്നല്‍ കൊടുക്കുന്നതിലൂടെ അത് ഗ്രാമീണ സ്ത്രീകള്‍ക്കും ഉപകാരപ്രദമാകും. കൂടാതെ കരകൗശല മേഖലയെ പ്രോത്സാപ്പിക്കുന്ന പദ്ധതികളും സ്ത്രീ മുന്നേറ്റത്തിന് ആക്കം കൂട്ടും.
ഇന്ത്യയെ സംബന്ധിച്ച് പരിശോധിക്കുമ്പോള്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ ഊന്നല്‍ കൊടുക്കുന്നതിലൂടെ അത് ഗ്രാമീണ സ്ത്രീകള്‍ക്കും ഉപകാരപ്രദമാകും
രാജസ്ഥാന്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ കരകൗശലമേഖലയെ ആശ്രയിച്ച് വരുമാനം ഉണ്ടാക്കുന്ന വനിതാ സംരംഭകരുണ്ട്. അതുകൊണ്ട് തന്നെ അത്തരം പദ്ധതികള്‍ കൂടുതലായും സ്ത്രീകളിലേക്കാണ് എത്തുക. അതുപോലെ തന്നെ ഫാമിങ്, ഫിഷറീസ് മേഖലയിലും സ്ത്രീകളുടെ സാന്നിധ്യമാണ് കൂടുതല്‍. കേരളത്തില്‍ തന്നെ പരിശോധിക്കുകയാണെങ്കില്‍ മത്സ്യ വിപണിയില്‍ സ്ത്രീകളാണ് കൂടുതല്‍ കടന്നു വരുന്നത്. അത് പരോക്ഷമായി സ്ത്രീകളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഹേതുവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ഇത്രയൊക്കെ കാര്യങ്ങള്‍ പറഞ്ഞാലും അത് എത്രത്തോളം സ്ത്രീകളിലേക്ക് എത്തിച്ചേരുമെന്നുള്ള കാര്യം കണ്ടറിയേണ്ടിവരും. ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലേക്ക് നോക്കിയാല്‍ അതിനെ ന്യായീകരിക്കുന്ന ഒരുപാട് ഉദാഹരണങ്ങള്‍ കാണാം. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര വരുമാനത്തില്‍ ഒരു ശതമാനം പോലും(0.66%) സ്ത്രീകള്‍ക്കായി അനുവദിക്കുന്നില്ല എന്നതാണ് സത്യാവസ്ഥ.
രാജ്യത്തിന്റെ മൊത്ത ആഭ്യന്തര വരുമാനത്തില്‍ ഒരു ശതമാനം പോലും(0.66%) സ്ത്രീകള്‍ക്കായി അനുവദിക്കുന്നില്ല എന്നതാണ് സത്യാവസ്ഥ
ഇന്ത്യയുടെ ജിഡിപിയില്‍ 18% മാത്രമാണ് ഇപ്പോഴും സ്ത്രീകളുടെ സംഭാവന. 2020-ല്‍ മൊത്തം ചെലവിന്റെ 4.72% മാത്രമായിരുന്നു ജെന്‍ഡര്‍ ബജറ്റ്, ഇത് 2021-22 കാലഘട്ടത്തില്‍ 4.4% ആയും 2022-23ല്‍ 4.3% ആയും കുറഞ്ഞു. രാജ്യത്തെ സ്ത്രീകളുടെ സമ്പദ് വ്യവസ്ഥയുടെ അരക്ഷിതാവസ്ഥയിലേക്കാണ് ഈ കണക്ക് വിരല്‍ ചൂണ്ടുന്നത്. സ്ത്രീകള്‍ക്കു വേണ്ടിയുള്ള പദ്ധതികള്‍ അവരിലേക്ക് നേരിട്ടെത്താതെ പരോക്ഷമായ സ്വാധീനങ്ങളിലൂടെ സ്ത്രീകള്‍ക്ക് ലഭിക്കുമോ എന്ന കാര്യം ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ്.
(ലേഖിക തിരുവനന്തപുരം എം ജി കോളജില്‍ എക്കണോമിക്‌സ് അസിസ്റ്റന്റ് പ്രൊഫസര്‍ ആണ്)